Monday, February 1, 2010

സുഖപ്രസവം - ഒരു ഓക്സിമോറന്‍

അമ്മിച്ച്യേയ് ജിന്‍സി പ്രസവിച്ചൂട്ടാ, പെണ്‍‌കുട്ടി.

സുഖപ്രവസവായിരുന്നോടീ?

ആ.. പിന്നല്ലേ! ചിക്കന്‍ ബിരിയാണി കഴിക്കണ സുഖാര്‍ന്നൂത്രേ! 17 മണിക്കൂര്‍ പ്രസവവേദന ആറു സ്റ്റിച്ചും! ‘ഭയങ്കര’സുഖാര്‍ന്നൂന്നണ് അവള്‍ പറഞ്ഞേ.

********************************

ഞങ്ങടോടെ മൂന്നു ഗര്‍ഭിണികളാണ് “ഓര്‍മ്മയുണ്ട് മിണ്ടിക്കൂടാ“, “മധുരിച്ചിട്ട് തുപ്പാനും കയ്ചീട്ട് ഇറക്കാനും വയ്യ“ എന്നൊക്കെയുള്ള ഈ ‘സുഖകരമായ’ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിയാപ്പീക്ക് ആദ്യമാസങ്ങളിലെ കുടല് പറിഞ്ഞ് പുറത്ത് വരുന്നത് പോലുള്ള ശര്‍ദ്ദി, ക്ഷീണം. (അതേന്ന് മൂന്നേ മൂന്ന് മാസായിട്ടേ ഉള്ളൂ കല്യാണം കഴിഞ്ഞീട്ട്). വല്യാപ്പിയ്ക്ക് ഇത് ഏട്ടാം മാസം കൂടെ ഹെര്‍ണിയ. കക്കൂസില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥ.വേറൊരുത്തിയ്ക്ക് ഉള്‍വയറാത്രേ!! എന്തൂട്ടാണാവോ ആ സംഗതി. എന്തായാലും രാത്രിയായാ എരിപൊരി സഞ്ചാരമാണ്. ഉറക്കവുമില്ല. ഇതൊക്കെ കഴിഞ്ഞ് ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?

* ഓക്സിമോറന്‍

9 comments:

പാഞ്ചാലി :: Panchali said...

സത്യം..!

റ്റോംസ് കോനുമഠം said...

സുഖപ്രവസവായിരുന്നോടീ?

suraj::സൂരജ് said...

ക്ലിനിക്കിലോട്ട് രണ്ടാം വര്‍ഷം കേറുമ്പം പേഷ്യന്റിന്റെ ഹിസ്റ്ററി ചോദിച്ചുതൊടങ്ങണ കാലത്ത് Vaginal Deliveryയും Cesarean Sectionനും മലയാളത്തില്‍ ഇപ്പ എങ്ങനെ ചോദിക്കുംന്ന് മെഡിക്കോകള്‍ക്കിടയില്‍ മുളയ്ക്കുന്ന സംശയത്തില്‍ നിന്നാണെന്ന് തോന്നുന്നു ഈ Vaginal Delivery സമം “സുഖപ്രസവം” എന്ന പരിഭാഷാ അതിക്രമം ഉണ്ടായത്.... ആദ്യ ലേബര്‍ റൂം പോസ്റ്റിംഗില്‍ ഈ “മരണവെപ്രാളം” കണ്ട ഏഴ് സുഹൃത്തുക്കള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു - കൊന്നാലും ചത്താലും ശരി, “സുഖപ്രസവം” വേണ്ടായേന്ന് ! ;))

“പണ്ടൊക്കെ പെണ്ണുങ്ങള് പെറുന്ന” കഥയും കൊണ്ട് അമ്മാച്ചമ്മാര് കണ്ട്രാക്ക് വിടാന്‍ വരുമ്പം പറയാന്‍ അവരൊര് കുറ്റീം റെഡിയാക്കിവച്ചിരുന്നു : “നിങ്ങ ഒന്ന് പെറ്റേച്ചും വാ കെട്ടിയോനേ, എന്നിട്ട് പറ ഡയലാഗ്” എന്ന് !

Gopakumar V S (ഗോപന്‍ ) said...

ശരിയാ, നല്ല ഓക്സിമോറൺ...

ദേവന്‍ said...

ഞങ്ങടവിടെ സുഖത്തിന്റെ എടവാട് ഇല്ല. "പെറ്റതാണോ അതോ ഓപ്രേറ്റ് ചെയ്തോ?" എന്നാ ചോദ്യം. ഓപ്രേറ്റ് ചെയ്താല്‍ അത് പേറാവത്തില്ലേ എന്നു ചോദിച്ചാ.

പിന്നെ ഈ സുഖത്തിന്റെ കാര്യം തള്ളിക്കളയണ്ട. പ്രസവ‌വേദന വേവ് ആയിട്ടാണല്ലോ വരുന്നത്. രണ്ട് വേവിന്റെ ഇടയില്‍ ഒരു സുഖമുണ്ട് അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ സുഖമെന്ന് പെറ്റവരു ചിലരുപറയുന്നു. (ഒള്ളതാണോന്ന് അറിയത്തില്ല, ഞാന്‍ പെറ്റിട്ടില്ലല്ലോ. അതൊക്കെ തമിഴന്മാര്‌- "ഉന്നൈ പെറ്റ അപ്പന്‍ താനെടാ നാന്‍" എന്ന് ഉന്നെ പെറ്റ തായെടാ എന്നു പറയുന്നതുപോലെ പറയും. എത്ര നോണ്‍ സെക്സിസ്റ്റ് ഭാഷ!)

shaji said...

എന്റെ ഭാര്യ രണ്ടാമത്തെ മകളെ പ്രസവിച്ചതിനു ശേഷം കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ ചോദിച്ചു ഇനി നമുക്കൊരു ആണ്‍കുട്ടി വേണ്ടേ? അപ്പൊ പറയാ ഇനി എനിക്കൊന്നും വയ്യ ഈ വേദന സഹിക്കാന്‍. പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല.

ഷാജി ഖത്തര്‍.

Inji Pennu said...

എനിക്ക് തോന്നുന്നത് 'normal' delivery is translated to ‘സുഖ’പ്രസവം. പക്ഷെ സി-സെക്ഷൻ ഒരുകാലത്ത് ട്രെന്റ് ആ‍യിരുന്നു. ഡോക്ടർമാർക്ക് കൂടുതൽ കാശ് കിട്ടുന്ന ഇടപാടല്ലേ? സിസേറിയന്റെ ബില്ല് കാണുമ്പോൾ സുഖപ്രസവം എതാണെന്ന് പ്രത്യേകം പറയേണ്ടി വരില്ല. ഇപ്പോൾ പിന്നേയും വജൈനൽ ആണ് ട്രെന്റ്. എന്തായാലും വജൈനൽ സുഖമാണെന്ന് പറയാൻ മറ്റൊരു കാരണമുണ്ട്. പ്രസവ സമയത്തെ മനുഷ്യനെ കൊല്ലുന്ന വേദനയേ മിക്കവാറും ഉള്ളൂ. സി സെക്ഷനു പിന്നേയും സ്റ്റിച്ച് മാങ്ങാത്തൊലി അങ്ങിനെ പിന്നേയും കിടക്കും ഒരു ഒന്നു ഒന്നര മാസത്തിനുള്ള വകുപ്പുകൾ വേറെ.

ഭൂമിയിൽ ഒരു ദൈവം ഉണ്ടെങ്കിൽ അത് എപ്പിഡ്യൂറലാകുന്നു!

പ്രദീപ്‌ said...

ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?
ഹഹ ഹ

Kiran said...

സത്യം.. ഞാനിതെഴുതിയത് കണ്ടില്ല, ഇത് പോലൊരു ചോദ്യം ഞാനും ചോദിക്കുകയുണ്ടായി. പിന്നെ ആണ് കൂടുതല്‍ ഓര്‍ത്തത്‌..
http://rithumaarumpol.blogspot.com/2010/05/blog-post_29.html