Monday, May 26, 2008

എതിര്‍ലിംഗമില്ലാപദങ്ങള്‍

എതിര്‍ലിംഗപദങ്ങള്‍ ഇല്ലാത്ത സ്ത്രീലിംഗ പദങ്ങളെ കുറിച്ച് (കന്യക, പതിവ്രത, ചാരിത്യം, മച്ചി, വേശ്യ മുതലായവ) ഫെമിനിസ്റ്റുകള്‍ പ്രസംഗിക്കാറുണ്ടല്ലോ. ഈ വാക്കുകളുടെ ഉത്പത്തി, സാമൂഹിക പ്രാധാന്യം എന്നിവയെ കുറിച്ച് ഫെമിനിസ്റ്റുകള്‍ക്ക് രണ്ടമതൊരു ചിന്തയുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ എതിര്‍ലിംഗ പദമില്ലാത്ത പുലിംഗ പദങ്ങളെ കുറിച്ച് ചിന്തിച്ചാലോ.

വെറുതെ ആലോചിച്ചപ്പോള്‍ കിട്ടിയ വാക്കുകള്‍

വിടന്‍ - എതിര്‍ലിംഗം വിട ആയാല്‍ എന്തായാലും ഉദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടില്ല.

ക്ഷുരകന്‍ - ക്ഷുരക എന്നൊരു വാക്കാവാമോ? അപ്പോള്‍ വ്യത്യസ്തനാമൊരു ബാര്‍ബറിലെ ക്ഷുരകപ്രവീണന്‍ എന്നതിന്റെ അര്‍ത്ഥം ഇത്തിരി പ്രശ്നമാവില്ലേ? (വ്യത്യസ്തനാമൊരു ബാര്‍ബറില്‍ ഷൌരപ്രവീണന്‍ എന്നാണ്)

മനുഷ്യന്‍ - മനുഷി. മനുഷ്യത്തി എന്നു പറഞ്ഞു കേട്ടിരിക്കുന്നു. നിഘണ്ടുവിലുണ്ടോ?

മുനി - മുനിയ്ക്ക് എന്തോ എതിര്‍ലിംഗ പദം ഉണ്ടെന്ന ഓര്‍മ്മയില്‍ ഒന്നു തപ്പി നോക്കിയപ്പോള്‍ കണ്ടത് രസകരം.മുനികുമാരി, മുനി കന്യക എന്നൊക്കെ ശകുന്തളയെ കുറിച്ച് പറയുന്നുണ്ട്. പണ്ട് കാലത്ത് മുനികളായി സ്ത്രികള്‍ ഇല്ലാതിരുന്നത് കൊണ്ടാണൊ അത്? അങ്ങനെയെങ്കില്‍ തര്‍ക്കശാസ്ത്ര വിശാരദളായ (യാജ്ഞവത്ക്യ മുനിയുടെ ഭാര്യമാര്‍) മൈത്രേയിയേയും ഗാര്‍ഗ്ഗിയേയും എന്തായിരിക്കും വിളിച്ചിരിക്കുക?

പുരുഷാര്‍ത്ഥം - ധര്‍മ്മം, അര്‍ത്ഥം കാമം, മോക്ഷം. ഇതിനെല്ലാം കൂടെ മനുഷ്യാര്‍ത്ഥം എന്ന് കൊടുത്താലോക്ക്

പുരുഷവാക്ക്, പുരുഷായുസ്സ്,പുരുഷാരവം

പുലി - സിംഹം- സിംഹിണി, കൊമ്പന്‍-‍പിടി, കാള-പശു, എരുമ-പോത്ത്, നായ-പട്ടി പോലെ പുലിയ്ക്ക് ഒരു വാക്കുണ്ടോ? ഈയിടെ പുലിയത്തി എന്ന് പറഞ്ഞു കേള്‍ക്കുന്നു. ആണ്‍പുലി, പെണ്‍പുലി എന്നാണ് ക്ലാസ്സിക്കല്‍ പ്രയോഗം. വെറും പുലി എന്നാല്‍ ആണ്‍പുലി എന്നു പൊതുവെ വിവക്ഷ. മൃഗങ്ങളെപ്പോലെ വ്യതസ്ത നാമങ്ങള്‍ പക്ഷികളുടെ എതിര്‍ലിംഗങ്ങള്‍ക്കില്ല. പൊതുവെ പക്ഷികള്‍ക്ക് പൂവന്‍-പിട എന്നും ആണ്‍ -പെണ്‍ എന്നുമാണു.

ഇടയന്‍ - ഇടയത്തി. ഇടയ എന്നൊരു വാക്കില്ല. ഇടയകന്യക, ഇടയസ്ത്രീ എന്നൊക്കെയുള്ള വാക്കുകള്‍ ഉണ്ട്. പണ്ട് ഇടയന്മാരുടെ ജോലി സ്ത്രീകള്‍ ചെയ്തിരുന്നില്ലെന്നാവാം.

വിദ്വാന്‍ - വിദുഷി. മലയാളം, ഹിന്ദി പരീക്ഷകള്‍ സ്ത്രീകള്‍ പാസ്സായാലും പദവി വിദ്വാന്‍ (പണ്ഡിറ്റും അങ്ങനെ തന്നെ). വിദ്വാത്തി എന്നൊരു ഗ്രാമ്യവാക്ക് കേട്ടീട്ടുണ്ട്.

രാഷ്ട്രപതി - ഈയിടെ കോലാഹലം സൃഷ്ടിച്ച വാക്ക്. പ്രതിഭാപാട്ടേല്‍ ഇപ്പോഴും രാഷ്ട്രപതിയായി തുടരുന്നു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തമാശയുണ്ട്. രാഷ്ട്രം സ്ത്രീ എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് രാഷ്ടത്തിന്റെ പ്രഥമ പൌരന്‍ രാഷ്ട്രത്തിന്റെ ഭര്‍ത്താവായ സംരക്ഷകന്‍ എന്നനിലയ്ക്ക് രാഷ്ട്രപതി ആവുന്നത്. രാഷ്ട്രത്തിന്റെ പ്രൌരത്വത്തില്‍ പ്രഥമസ്ഥനത്ത് ഒരു പൌര വരുമ്പോള്‍ സങ്കല്‍പ്പം തന്നെ മാറ്റേണ്ടി വരുന്നു. ഒന്നുകില്‍ രാഷ്ട്രം സ്ത്രീയല്ലാതാവണം (പുരുഷനാവണം),എന്നീട്ട് സംരക്ഷകനു പകരം സ്ത്രീ സംരക്ഷകയാവണം - രാഷ്ട്രപത്നി. അല്ലെങ്കില്‍ രാഷ്ടം സ്ത്രീയായി സംരക്ഷണം മാതാവിനെ (സ്ത്രീയെ) ഏല്‍പ്പിക്കണം- രാഷ്ടമാതാവ്. എന്തായാലും ഒരു സങ്കല്‍പ്പം പൊളിയും. ഫെമിനിസ്റ്റുകള്‍ എന്ത് പറയുന്നു?

രാഷ്ട്രപതി - രാഷ്ട്രത്തിന്റെ അധികാരി. പതി എന്നാല്‍ അധികാരി

കണ്ണന്‍ (ഒരു തരം മീന്‍) - മാനത്തു കണ്ണി?

ഇംഗ്ലീഷില്‍ ബുള്‍ഷിറ്റ് എന്ന പ്രയോഗത്തിനും മലയാളത്തിലെ കാളമൂത്രം എന്ന പ്രയോഗത്തിനും പകരം എന്തുണ്ട്?


വായനക്കാര്‍ക്ക് പുതിയ വല്ല വാക്കുകളും നിര്‍ദ്ദേശിക്കാനുണ്ടോ?

(തിരുത്തലുകള്‍ എല്ലാം നീല നിറത്തില്‍ കൊടുത്തിരിക്കുന്നു.)

Friday, May 23, 2008

വാക്കുകള്‍ - ‍ഉണങ്ങിയ ഗോതമ്പുമണികള്‍

വാക്കുകള്‍ ഉണങ്ങിയ ഗോതബുമണികള്‍ പോലെയാണ്.  ഉണക്കാനിട്ടിരിക്കുന്ന ഗോതുമ്പുമണി ഒരുപിടിയെടുത്ത് വായിലിടണം. അതിന്റെ മൊരുമൊരുപ്പും വഴങ്ങായ്കയും കൊണ്ട് വായിലൊതുങ്ങില്ലാന്ന് തോന്നും. രണ്ട് തവണ കടിക്കുമ്പോഴെക്കും നൂറെല്ലാം ഇറങ്ങി വന്നു വായ്ക്കകം മധുരം കൊണ്ട് നിറയും. മിക്കവരും ആ സമയം ഗോതബു മിഴുങ്ങുകയാണ് പതിവ്. പക്ഷേ അപ്പോള്‍ ചവച്ചിറക്കാതെ പിന്നേയും ചവച്ചരച്ച് നൂറുമാത്രം ഇറക്കി നോക്കു. കുറേ കഴിയുമ്പോള്‍ യാതൊരു സ്വാദും ഇല്ലാതെ ബബിഗം പോലെ വലിച്ച് നീട്ടാവുന്ന ഒരു പദാര്‍ത്ഥം അവശേഷിക്കും. ചിലസമയത്ത് അതും ചവച്ച് നടക്കല്‍ ഒരു സുഖം തോന്നും വേറെ ചിലപ്പോള്‍ മിഴുങ്ങതെ തുപ്പിക്കളയാനും തോന്നും.
 
വാക്കുകളും ഇങ്ങനെയല്ലെ. ഉദാഹരണത്തിന് പോഞ്ഞേറ്/പോഞ്ഞാറ് എന്ന് കേട്ടീട്ടേ ഇല്ലാത്ത വടക്കന് വായില്‍ കൊള്ളാത്ത ഒന്നാണാവാക്ക്. പിന്നീട് നൊസ്റ്റാള്‍ജിയ എന്നര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അര്‍ത്ഥസമ്പുഷ്ടമധുരപാലായി അയാള്‍ ആ വാക്കു സ്വീകരിക്കുന്നു. പിന്നേയും പറഞ്ഞു നോക്കിയാലോ. പോഞ്ഞാറ്.. പോഞ്ഞാറ് .. പോഞ്ഞാറ്.. എന്തൊരു വികൃത പദം! ചെറുപ്പത്തില്‍ ഞങ്ങളുടെ ഒരു കളിയായിരുന്നു ഇങ്ങനെ വാക്കുകള്‍ പറഞ്ഞ് നോക്കുക. പല പദങ്ങളും വെറുത്ത് പെട്ടെന്ന് തന്നെ തുപ്പിക്കളയും.  മിഠായി.. മിഠായി.. മിഠായി..  പത്താം പ്രാവശ്യം പറയുമ്പോള്‍ മിഠായിയുടെ മധുരമൊക്കെ പോയി വേറെ എന്തൊ അപരിചിതമായ പദമായി അത് മാറിയിട്ടുണ്ടാകും.  എന്നാല്‍ തുപ്പിക്കളായാന്‍ പെട്ടെന്ന് തോന്നാത്ത ചില വാക്കുകള്‍ ഉണ്ട് അതിലൊന്നാണ് മഴ. മിക്കവരും തുപ്പിക്കളയാത്ത മറ്റൊരു വാക്കാണ് അമ്മ.
 
ഇത് വായിക്കുന്നവര്‍ക്ക് പല തവണ പറഞ്ഞ് നോക്കിയിട്ടും ഇഷ്ടം തോന്നുന്ന വാക്കുകളേതാണ്?
 

Saturday, May 17, 2008

സ്വാമി സലോമി സ്നാപകാനന്താദാസന്‍

"ഇവ്ന്യോക്കെ തല്യാക്കൊല്ലണം തെണ്ട്യോള്. ഇന്നലെ ഒര്ത്തന്‍ നഗ്നപൂജ ദേ ഇന്നിപ്പോ വെടിവെപ്പ് സാമ്യോളാത്രേ. അല്ലെങ്കില്‍ ഇവന്യോക്കെ എന്തിനാണ് പറയണ്ത് ഇയിന്റോക്കെ പിന്നാലെ പോണോറ്റങ്ങളെ ആദ്യം തല്ലണം"
 
അയ്.. കുഞ്ഞോനിന്ന് ഫോമിലാണലോടീ കുഞ്ഞോളേ ഭയങ്കര ദേഷ്യത്തിലാണലോ എന്തൂട്ട്‌ണ് കാര്യം?
 
അതു ഇന്നല്ത്തേം ഇന്നത്തേം സാമ്യോള്‍ടെ പെര്‍ഫൊമന്‍സ് കണ്ടട്ടാണ്.  കുഞ്ഞുമോഞ്ചേട്ടന്‍ പറേണത് കാര്യാണ് സാമ്യോളല്ല അയിന്റെ പിന്നാലെ പോണോരീന് ആദ്യം തല്ലണ്ടത്.
 
എന്തൂട്ട്.. എന്തൂട്ട്.. എന്തൂട്ട്‌ണ്ടാ കുഞ്ഞോനെ നീ പറ്യണെ? ആദ്യം സാമ്യോള്‍ടെ അടുത്ത് പോരെ തല്ലണംന്നാ. ട്യേയ് കുഞ്ഞോളെ നീയാ ചെരമുട്ടി എട്‌ത്തേരീ ഇവനനെ കൊടുക്കട്ടെ ആദ്യം തലക്കിട്ട് രണ്ട്.
 
അയ്ന് ഞാനെന്തൂട്ട് ചെയ്തട്ട്‌ണ്. ഞാനൊന്നും ഇതേവരെ ഒരു സാമീന്റെം അടുത്തയ്ക്ക് പോയീറ്റില്യാ.
 
അയ്യട മനമേ.. നീയൊന്നൂടെ പറഞ്ഞേനത്. നാണട്‌ട്രാ നിനക്ക്. നീയല്ലേരാ ഏതാണ്ട് പ്രാര്‍ത്ഥനാക്കാരി സലോമി പറഞ്ഞതും കേട്ട് നിന്റെ കല്യാണം 27 വയസ്സിനു മുന്നേ നടത്താന്‍ നിന്റെ അമ്മേനെ എട്ടിലും ഏഴിലും ഇട്ട് പെറീപ്പിച്ചത്?
 
അതും ഇതും തമ്മിലെന്തൂട്ട്‌ണ്?  സലോമ്യേച്ചി സാമ്യോന്നല്ല. അവരു പ്രാര്‍ത്ഥിച്ചു പറേണത് അച്ചട്ടാ.
 
ഫ്‌ഫാ താന്തോന്നി! അവന്റൊരു പ്രാര്‍ത്ഥന. ഇതന്യാണ്ടാ ഈ സന്തോഷന്റേം ഭദ്രന്റേം പിന്നാലെ പോണോരു ചെയ്യണത്. എന്നട്ടവന്റൊരു ഉപദേശി പ്രസംഗം.  ആദ്യം നിന്റെ കണ്ണിലെ കരട് എടത്തട്ടണ്ടാ മറ്റുള്ളോരടെ കണ്ണിലെ എടുക്കാന്‍ കര്‍ത്താവീശോമിശിഹാ പറഞ്ഞേക്കണെ.
 
കേട്ട്‌റീ കുഞ്ഞോളെ, നീയിവിടില്യാര്‍ന്നല്ലോ. ഇവനെന്താര്‍ന്നു അങ്കന്നാ.. നീയൊന്നു കാണണാര്‍ന്നു. ഇവന്റെ ചേച്ചി ഉണ്ണിമോള്‍ടെ കല്യാണാലോചന നട്‌ക്കുണു. അയിന്റെടേല് ഒരൂസം ഇവന്‍ വന്നട്ട് പറയാ ഇപ്പോ കെട്ടണം അവന്ന്ന്. കാരണം കേക്ക്‌ണറീ അതാണ് തമാശ നമ്മടെ കുഞ്ഞമ്മിച്ചിരെ ഒരു പ്രാര്‍ത്ഥനക്കാരിണ്ട്. ഒരു സലോമി. അവളെന്തും ആ പ്രാര്‍ത്ഥനാക്കര്യോട് ചോയ്ച്ചട്ടേ ചെയ്യള്ളൊ. ഹിന്ദുക്കള് ജ്യോതിഷപ്രശ്നം നോക്കണ പോലീന് കുഞ്ഞമ്മിച്ചി ഈ പെണ്ണിന്റെ വാക്കും കേട്ട്‌ള്ള നടത്തം. ആ പെണ്ണ് മുള്ളണ്ടാന്ന് പറഞ്ഞാ ഇവളാ മുള്ളില്യാ. കുഞ്ഞച്ചനും, അച്ചന്‍‌കുഞ്ഞും, ഞാനും കൊറെ ഉപദേശിച്ചു നോക്കി എവടെ. അവളിപ്പോഴും അതന്നെ. എന്നട്ട് അവളും ഇവനും കൂടെ സലോമിനെ കാണാന്‍ പോയി. ഇവന്റെ നല്ലക്കാലം അറിയാന്‍. അവരു പറഞ്ഞൂത്രെ 27 വയസ്സിനു മുന്നേ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ നടക്കില്യാന്ന്. ജോലിയൊക്കെ അത് കഴിഞ്ഞേ നന്നാവൂന്ന്.  അത് കേട്ടപാതി കേക്കാത്തപാതി ഇവനാ ഉണ്ണിമോള്‍ടെ കല്യാണം കഴിപ്പിക്കാന്‍ അങ്കണ്ടാക്കാന്‍ തൊടങ്ങി.അവളടുക്കോ. അവളാണെങ്കില്‍ പടത്തേ പരീഷേന്നും പറഞ്ഞ് അലച്ചില്‍. ഇവന്‍ ദിവസോം ചേച്ചീരെ നെഞ്ചത്ത് കേറ്റം.  അവസാനം ഉണ്ണിമോള്‍ടെ കല്യാണൊറച്ചേപ്പോ അവളിവന്റെ കാല് പിടിച്ച് പറഞ്ഞു അവള്‍ടെ പരീക്ഷ കഴിയട്ടേന്ന്. ഇവന്‍ കേക്കോ? എന്റെ കൊച്ചിന് പ്രാന്തു പോലെയായി. മിണ്ടാട്ടല്യാ.. മിര്‍ക്കാട്ടല്യാ.. എല്ലാവരും എന്തോരം തീ തിന്നൂന്നാ. ഇന്നട്ടും ഈ ശവി ഒരൂസാ മാറ്റാന്‍ സമ്മേയ്ച്ചില്ല കല്യാണം. അവസാനം അവള്‍ടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ഇവന്റെ കല്യാണം അതും ഇവന്റെ ഇരുപത്തേഴാം ബെര്‍ത്തെഡേഡെ തലേസം.  എന്നട്ടിപ്പോ എന്തായി. ഇവന്റെ ജോലി ശര്യായാ? ഉവ്വാ? ഇവന്‍ ഗതി പിടിച്ചാ? അവനും അവന്റെരു സലോമിം.സ്വന്തം കാല്‍ മണ്ണലില്‍ പൂഴ്ത്തീറ്റ് മറ്റുള്ളോരെ മന്താ മന്താന്നു വിളിക്കാന്‍ എന്തെളുപ്പാലേരാ?
 
കുഞ്ഞുമോഞ്ചേട്ടന്‍ സ്കൂട്ടായി പെണ്ണമിച്ച്യേയ്..

Saturday, May 10, 2008

ഇല്ലനക്കരി

എന്താണ് ഇല്ലനക്കരി എന്ന് പലര്‍ക്കും അറിയില്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്.

പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബിന് (പാതിയമ്പുറം) മുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.

ഒരുപക്ഷെ ഈ വാക്ക് ഇല്ലം എന്നതില്‍ നിന്ന് തന്നെ വന്നതായിരിക്കാം. എന്നാല്‍ ഇല്ലം അടുക്കളയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇല്ലനം അല്ലെങ്കില്‍ ഇല്ലന എന്നതിന് തമിഴിലോ സംസ്കൃതത്തിലോ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? (തമിഴില്‍ ഇല്ലാന എന്നു പറഞ്ഞാല്‍ ഇല്ലെങ്കില്‍ എന്നര്‍ത്ഥം അതല്ലാതെ എന്തെങ്കിലും ഉണ്ടോ). ഈ വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?