Thursday, March 12, 2009

മീനച്ചൂടില്‍ അരയറാണി ബിയര്‍ - ഞങ്ങളവതരിപ്പിക്കുന്നു, പുതിയ നിക്ഷേപ പദ്ധതി “മീനമൂല”

റേഡിയോ റ്റൂണിങ്ങ് -ഉച്ച മയക്കസമയത്തെ റേഡിയോ ഗാനങ്ങള്‍

ആകാശവാണി തൃശ്ശൂര്‍ ചലച്ചിത്രഗാനങ്ങള്‍

ആദ്യ ഗാനം പാടുന്നത് ഗാനചന്ദ്രന്‍

(പാട്ട്)

$$$$ടങ് ട്ട ഡാങ്$$$$

മീന ചൂടില്‍ കുളിര്‍മ്മയ്ക്കും സമ്പാദ്യത്തിനുമായി അരയറാണി ബിയറിന്റെ മീനമൂല (സ്ത്രീശബ്ദം)

മീനമൂലയോ അതെന്താ?

അതേ ചേട്ടാ.. അരയാണി ബിയറിന്റെ മീനമൂല! മനസ്സിന്റെ കുളിര്‍മ്മയ്ക്കും ഭാവി സമ്പാദ്യത്തിനുമായി മീനമൂല

ബിയറില്‍ നിന്നും സമ്പാദ്യമോ?

അതേ ചേട്ടാ സമ്പാദ്യം തന്നെ. ചേട്ടന്‍ ഇഷ്ടം പോലെ അരയറാണി ബിയര്‍ കുടിച്ചോളൂ. ലാഭകരമായ 'മീനമൂല' നിക്ഷേപസ്കീമീല്‍ അംഗമാകുന്നതോടെ വീടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുന്നു.

ആഹാ! ഇന്നു തന്നെ ഞാന്‍ സ്വന്തമാകും അരയറാണി മീനമൂല സ്കീം!

മീനചൂടില്‍ നിന്നും രക്ഷ നേടാന്‍ അരയറാണി ബിയര്‍; നിക്ഷേപത്തിനായി മീനമൂല നിക്ഷേപ പദ്ധതി. ഇന്നു തന്നെ അംഗമാകൂ കുടിച്ച് കൂത്താടി നിക്ഷേപിക്കൂ. ഇടവമൂലയുടെ കുംഭകോണില്‍ മീനമൂല. ഐശ്വര്യം വാങ്ങി കൂട്ടൂ.. അരയറാണി ബിയറിന്റെ മീനമൂല.

$$$$ടങ് ട്ട ഡാങ്$$$$

ഈ നിക്ഷേപപദ്ധതി ആശയത്തിന്റെ പ്രചോദനങ്ങള്‍

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം ഒന്ന്

വല്യേ പെരുന്നാളിനും ചെറ്യേ പെരുന്നാളിനും ഇടയ്ക്ക് മേടത്തിലെ പൂരത്തിനു മുന്‍പ് വല്യേ മാറ്റമില്ലാതെ ഞങ്ങടോടെ അരങ്ങേറുന്ന ഒരു രംഗം


പെണ്ണമ്മിച്ചിയുടെ അടുക്കള. ഒരടുപ്പത്ത് ചാള വറന്നു കൊണ്ടിരിക്കുന്നു. മറ്റേ അടുപ്പിലെ ചെറിയ തീയില്‍ ഇരിക്കുന്ന അവിയലിലേയ്ക്ക് തൈരു ശ്രദ്ധയൊടെ ഒഴിക്കുന്ന പെണ്ണമ്മിച്ചി

(പുറത്തു നിന്നും ഒരു പെണ്‍സ്വരം )

പെണ്ണമ്മെച്ച്യേയ്... പെരന്നാളൊക്കെ കഴിഞ്ഞില്ലേ. പഴേ കുപ്പ്യോന്നും കൊട്‌ക്കണില്ലേ. പെണ്ണമ്മിച്ച്യേയ്

ട്യേ കുഞ്ഞോളേ ആ രാധോടെ പര്യാപ്പോറത്തയ്ക്ക് വരാന്‍ പറയറീ. ഇമ്മടെ ഇടവ മൂലേരപ്രത്ത്‌ള്ള ആ കുറ്റി കാണിച്ചോട്ക്ക് ഞാനീ ചാള ചിഞ്ചട്ടീനെട്‌ത്തട്ട് ദേ വര്‌ണു.

ഇടവമൂലേരപ്രത്ത്‌ള്ള കുറ്റ്യാ?

ആ ഒഴിഞ്ഞ കുപ്പ്യോളും പ്ലാസ്റ്റിക്കൊക്കെ ഇടണ സ്ഥലം

ആ മനസ്സിലായി മീന മൂല. ഇമ്മടെ മീനക്കുട്ടി ആരും കാണാണ്ട് മൂത്രം മുള്ളണ സ്ഥലാത്.

(ക്യാമറ കട്ട്)
സീന്‍ പര്യാപുറം

പഴയ മൂട് പോയ വെള്ളകുറ്റി. അതില്‍ നിറഞ്ഞ് കിടക്കുന്ന വെയിലേറ്റു 'തിളങ്ങുന്ന' ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍. കുറ്റിയ്ക്ക് പുറത്തും കുറേ എണ്ണം ഇരിക്കുന്നു.

രാധ - അമ്പാമ്പോ ഇത്തവണത്തെ പെരന്നാള് മൊത്തം നിങ്ങടൊട്യാര്‍ന്നല്ലോ. കുടിച്ച് കുന്തം മറച്ചിലായിരുന്നല്ലേ.

കുഞ്ഞുമോള്‍ - അവരു കുന്തമറഞ്ഞാലല്ലേ രാധേച്ച്യേ ഞങ്ങക്ക് ജോര്‍ജ്ജൂട്ടീണ്ടാക്കന്‍ പറ്റാ. ദേ ഇത്തവണ പറ്റ്‌ക്കാന്‍ സമ്മേയ്ക്കില്ലാട്ടാ ഒരു ബിയറു കുപ്പിയ്ക്ക് ഒന്നരു‌ര്‍പ്യ വച്ചങ്ങട് തരണം. പൂരം എക്സിബിഷനില്‍ പൊടിക്കാന്‌ള്ളത്ണ്.

പെണ്ണമ്മിച്ചി - അതന്നെ.. അതന്നെ.. നീ ഒന്നരു‌ര്‍പ്യേങ്കിലും തരണം. കഴിഞ്ഞ പ്രാവശ്യം എഴുവത്തഞ്ച് പൈസ തന്ന് നീ പറ്റിച്ചു. ആ സൈമണ്‍ ഒന്നര രൂപ തരാന്ന് പറഞ്ഞത്‌ണ്

രാധ - എന്തൂട്ട് വര്‍ത്താനെന്റെ പെണ്ണമ്മേച്ച്യേ. സൈമണ് ആ മൂന്ന് ചക്രള്ള വണ്ടീണ്ട്. ഒരു കുന്ന് സാനങ്ങള് കൊള്ളും അതില്. ഒറ്റപ്രാവശ്യം കൊണ്ടന്ന് കൊടുത്താ പകുതീം അവന് ലാഭാ. പിന്നെ കക്കൂം ചെയ്യും. എന്റീ തലേലെടക്കണതല്ലേ എനിക്ക് കൊണ്ടോട്‌ക്കാന്‍ പറ്റൂ. പെണ്ണങ്ങള് കൊടോട്‌ത്താ ആ കൊക്കാലക്കാര്‍ക്ക് ഒരു വെലീല്യാ. കാശ് കൊറച്ചേ തരൂ എപ്പ്‌ഴും. ആ പോട്ടെ.. പെണ്ണമ്മിച്ച്യായോണ്ട് 80 പൈസ തരാം.

പെണ്ണമ്മിച്ചി - പറ്റില്ലറീ രാധേ. നിനക്ക് 80 പൈസയ്ക്ക് തന്ന അച്ചങ്കുഞ്ഞും കുഞ്ഞോനും കൂടി എന്റെ മെക്കട്ട് കേറാന്‍ വരും. തൃശ്ശൂരു കൊടുത്താ രണ്ടു‌ര്‍പ്യ കിട്ടുംന്ന് പറഞ്ഞീട്ട്.

രാധ- എന്നാപോട്ടെ 90 പൈസ തരാം. ഇന്നിം കൂട്ടാന്‍ പറ്റില്യ പെണ്ണമ്മേച്ച്യേ.

കുഞ്ഞുമോള്‍ - അതു പറ്റില്യ. കൊട്‌ക്കണ്ട പെണ്ണമ്മിച്ച്യേ ഞാന്‍ സ്കൂട്ടറില്‍ കൊട് കൊട്‌ത്തോളാം

പെണ്ണമ്മിച്ചി - നീയ് എണ്ണിയെട്ക്കടീ രാധേ. ഒരു രൂപ തരണം അതിലും കൊറക്കാനൊന്നൂല്യ. അവള്‍ടൊരു സ്കൂട്ടറ്. അതോടിക്കാന്‍ പെട്രോള് നീ മുള്ളോ?

രാധ - ബിയര്‍ കുപ്പികള്‍ മാത്രം എണ്ണുന്നു മറ്റുള്ള കുപ്പികള്‍ ഗ്രീന്‍ ലേബല്‍, സീസര്‍, ഓസിആര്‍ ഒക്കെ മാറ്റി ഇടുന്നു.

കുഞ്ഞുമോള്‍ - അതെന്താ ആ വല്യേ കുപ്പികള്‍ ഇട്ക്കാത്തെ?

രാധ - അതിനു വെല കിട്ടില്ലറീ കുഞ്ഞോളേ. ഞാനിത്രേ വഴി കൊടോയാ 25 പൈസീന് കിട്ടാ. അലുമിനിയം ക്യാനോള് എട്ക്കാം. 50 പൈസ വച്ച് തരാം.

പെണ്ണമ്മിച്ചി - അതു പറ്റില്യാട്ടാ രാധേ നീ ആ കുപ്പ്യോളും എട്ക്കണം 10 പൈസ തന്നാല്‍ മതി. ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. പക്ഷേ ആ കുപ്പ്യോളും അതിലുള്ള പ്ലാസ്റ്റിക്കും നീ കൊണ്ടോണം. അല്ലെങ്കെ ചെറ്യേ പെരുന്നാള്‍ക്ക് കുപ്പ്യോളിടാന്‍ സ്ഥലണ്ടാവില്യാ.

രാധ - സ്ഥലണ്ടോന്ന് നോക്കട്ടെ. ദേ 68 ബിയറു കുപ്പീന്റ്. 58 ക്യാന്‍. 25 വല്യേ കുപ്പി. പിന്നെ ഈ ടിന്നോള്‍ക്കും പ്ലാസ്റ്റികിനും ഒക്കെ കൂടി 5 രൂപ തരാം. അപ്പോ 68ഉം 24ഉം 92. പിന്നെ ഏഴെ അമ്പതും 99.50 ഇന്നാ ഈ നൂറാപിടിച്ചോ?ഞാനായിറ്റ് പറ്റീച്ചൂന്ന് പറയ്‌ല്ലല്ലോ.

(വല്യമ്മിച്ചി പര്യേപ്പൊറത്തേയ്ക്ക് )

വല്യമ്മിച്ചി - ഇതെന്തൂട്ട്ണ് നടേപ്പൊറത്തെ വാതിലൊക്കെ തൊറന്നിട്ട്ട്ട് ഈ പെണ്ണങ്ങള് മന്ദലമയങ്ങി ഇവടെ നിക്കണത്

പെണ്ണമ്മിച്ചി -അയ് ചേച്ച്യെന്താ ഈ നേരത്ത് അപ്പോ അച്ചങ്കുഞ്ഞില്ലേ ഉമ്മാറത്ത്

വല്യമ്മിച്ചി -ആ അങ്ങോരൊരു പുസ്തകോം പിടിച്ചിരുന്നാ വല്ലതറിയോ?

പെണ്ണമിച്ചി -ആ അറിയണ്ടതൊക്കറിയും. ട്യേ കുഞ്ഞോളേ നീ ഈ കുപ്പി പെറുക്കീട്ട് കൊട്‌ക്ക്‍ട്ടാ. ഞാനാ ചാള വറ്‌ത്ത് മുഴുവനാക്കട്ടെ.

(പെണ്ണമ്മിച്ചീരെ പിന്നാലേ പോകുന്ന വല്യമ്മിച്ചി പെണ്ണമ്മിച്ചിയോട് കുശുശുക്കുന്നു.)

വല്യമ്മിച്ചി - നിനക്ക് വട്ട്‌ണ്ടാ പെണ്ണമ്മേ ആ കുപ്പ്യോള് കുഞ്ഞോന്റേലു കൊട്‌ത്തയച്ചാ ഒരെണ്ണത്തിനു രണ്ടുര്‍പ്യ വച്ച് കിട്ടില്ലേറീ

പെണ്ണമ്മിച്ചി -ആ കിട്ടും കിട്ടും പക്ഷേ എനിക്കെന്തൂട്ടാ ലാഭം ആ കാശിനു അവന്‍ കള്ളുകുടിക്കും. ഇതിവള്‍ക്ക് കൊടുത്താ അവക്കതൊരു ഉപകാരാവും, എനിക്ക് കാശും കിട്ടും.

വല്യമ്മിച്ചി - എന്നാപ്പിന്നെ നിനക്കത് അവള്‍ക്ക് വെറ്‌ത്യാ കൊടുത്തൂടേ? അല്ലെങ്കിലും ഇവട്‌ത്തെ ഓലീം മടലൊക്കെ നീയവള്‍ക്ക് വെറ്‌ത്യല്ലേ കൊടക്കണേ. അല്ലാച്ചാ ആ കുപ്പ്യൊളൊക്കെ ആ കാനാലില്‍ക്കാ എറിഞ്ഞൂടേ? എന്നട്ടവള്‍ക്ക് പെരന്നാളിന്റെ സന്തോഷത്തിന് ഒരു നൂറുര്‍പ്യാ കൊടുക്കണം.

പെണ്ണമ്മിച്ചി - കുപ്പി കച്ചോടം അവള്‍ടെ ജോല്യല്ലേ ചേച്ച്യേ. പെരന്നാളിന്റെ സന്തോഷൊക്കെ അവള്‍ക്ക് കൊടുക്ക്‍ണ്ട്. ദാനത്തിനേക്കാലും നല്ലതല്ലെ ഒരു ജോലി ചെയ്ത് ജീവിക്കാന്‍ സഹായിക്കല്. അതോണ്ടല്ലേ കുഞ്ഞോള്‍ടെ സ്കൂട്ടറില് കൊടുത്ത് വിടാണ്ട് ഇതൊക്കെ കൂട്ടീട്ട് രാധയ്ക്കന്നെ കൊടക്കണത്. അല്ലെങ്കെ ആ ഭാര്യേ തല്ലി സൈമണ് കൊടുത്താലും ഒന്നരുര്‍പ്യ കിട്ടില്ലേ. അല്ലീപ്പോ ആര്‍ക്കും വേണ്ടാത്ത ഓലീം മടലും ഇനീപ്പോ ഞാനവള്‍പ്പ് കാശ്‌ന് കൊട്‌ക്കണാ? അതെട്ത്തോണ്ട് പോയി ഇവടെ വൃത്ത്യാക്കിടണേന് അവള്‍ക്ക് അങ്ങ്‌ട് കൊടക്കണം കാശ്. പിന്ന്യേയ് ഒരു കാര്യം ചേച്ച്യോട് പറയാന്‍ മറന്നൂട്ടാ. ഇമ്മള്‍ക്കിന്നാള് 'എടവമൂലേനെ കുറിച്ച് പറഞ്ഞന്ന ആ പ്രൊഫസറിവിടെ പെരന്നാള്‍ക്ക് വന്നണ്ടാര്‍ന്നൂട്ടാ. വല്യേ പെരന്നാളായോണ്ട് കള്ള് കുട്യൊക്കെ ആ പ്ലാവിന്റെ മൂട്ടിലാര്‍ന്നു. അപ്പോ അയാളീ കുപ്പ്യോള് കൂട്ടീട്ടേക്കണ കണ്ടൂട്ടാ. അയാള് അതിശയിച്ച് ചോയ്ക്യാ ഈ മീനമൂലേനെ കുറിച്ച് നിങ്ങള്‍ക്കാരാ പറഞ്ഞന്നേന്നു! ഞാന്‍ പറ്ഞ്ഞു, ഇവിടെ മീനോം മേടോം മൂല്യോന്നൂല്യാന്ന്. അപ്പോ അയാള്‍ പറയ്‌ണേ എടവമൂലേരവ്ടെ ഇങ്ങനെ കാലിക്കുപ്പ്യോള് കൂട്ടീടണത് ഭയങ്കര ഐശ്വര്യാന്ന്. അയിനീന് മീനമൂലാന്ന് പറയാന്ന്.

കുഞ്ഞുമോള്‍ - പെണ്ണമ്മിച്ച്യേ അതു ഇമ്മ്ടെ മീനു ...

പെണ്ണമ്മിച്ചി - നീയൊന്നു മിണ്ടാണ്ടിരിക്കറീ. അവ്‌ള്‍ ചേച്ചീനെ കള്യാക്കാന്‍ പറയ്‌ണ്‌ത്ണ്. ഇനി അയ്‌ന്റെ പിന്നാലെ പോണ്ടാ. വീട്ടില്‍‌ത്തെ ഒഴിഞ്ഞ കുപ്പ്യോക്കെ വല്ലോര്‍‌ടെ പറമ്പില്‍ക്കെറിഞ്ഞ് അവര്‍ക്ക് ഐശ്വര്യണ്ടാക്കണ്ട് പോയൊരു മീനമൂലിണ്ടാക്കാന്‍ നോക്ക്.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം രണ്ട്

സാമ്പത്തീക മാന്ദ്യകാലത്തെ ഫോര്‍വേഡ് മെയില്‍

അമേരിക്കന്‍ വേര്‍ഷന്‍

If you purchased $1,000 of Delta Airlines stock 1 year ago, you would have $49 today.


If you purchased $1,000 of AIG stock 1 year ago, you would have $33 today.

If you purchased $1,000 of Lehman Brothers stock 1 year ago, you would have $0.0 today.

But, if you purchased $1,000 worth of beer 1 year ago, drank all the beer, returned the aluminum cans for a recycling refund, you would have $214.


ഇന്ത്യന്‍ വേര്‍ഷന്‍


If you purchased Rs1, 00,000 of Delta Airlines stock 1 year ago, you would Have Rs 4,900 today.

If you purchased
Rs1, 00,000 of AIG stock 1 year ago, you would have Rs 3,300 today.

If you purchased
Rs1, 00,000 of Lehman Brothers stock 1 year ago, you would Have Rs 0.0 today.

But, if you purchased
Rs1, 00,000 worth of beer 1 year ago, drank all the Beer, returned the aluminum cans for a recycling refund, you would have Rs21, 400!!!


അമേരിക്കേല് കിട്ടണത്ര കാശൊന്നും ഇമ്മടവടെ കിട്ടിലെങ്കിലും ബിയറു കുപ്പി ഒന്നിനു കൊക്കാല രണ്ടുര്‍പ്യ കിട്ടും.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം മൂന്ന്

സാമ്പത്തിക മാന്ദ്യ കാലത്ത് യാതൊരു തട്ടും തടവുമില്ലാതെ കൂടുതല്‍ ഉശിരായി ഒടുന്ന ബിസ്സിനസ്സ് കള്ള്കച്ചവടമത്രേ

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം നാല്

അരയറാണി - കിങ് ഫിഷര്‍ - ഗാന്ധി കണ്ണട

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************