Wednesday, June 25, 2008

ഉജ്ജാല, സൂപ്പര്‍വൈറ്റ്, നീലം പിന്നേയോ..സ്വാതന്ത്ര്യസമരം!

പെണ്ണമ്മിച്ച്യേ.. പെണ്ണമ്മിച്ച്യേ..

കെടന്നലറല്ലടീ എന്തൂട്ട്‌ണ് കാര്യം?

ഇന്നലിവ്ടെ ഇളയമ്മിച്ചി വന്നാ?

ആ അവളിന്നലെ പള്ളിവിട്ട് ഈ വഴി വന്നണ്ടാ‍ര്‍ന്നു. അവള്‍ടെ മാപ്ല ഇപ്പോ കേറിരുപ്പാന്ന്.

കേറിരിക്കേ കുത്തിരിക്കേ എന്തൂട്ടേങ്കിലും ചെയ്യട്ടെ. ഞാന്‍ ഒരു നൂറുവട്ടം പറഞ്ഞട്ട്‌ള്ള്‌ത്‌ണ് എന്റെ വെള്ള ഡ്രസ്സോള് ഇളയമ്മിച്ചീരേല് തിരുമ്പാന്‍ കൊട്ക്കല്ലേന്ന്. ഇതിപ്പോ എന്തൂട്ടാ നെറം? വെള്ള്‌യാണോ അതോ നീല്യാണോ?

അത് സാര്‌ല്യറീ. അതിനുജ്ജാല കണ്ടാ പ്രാന്ത്‌ണ്ണ്. രണ്ട് പ്രാവശ്യം തിരുമ്പുമ്പോ അതാ പൊക്കോളും

എന്തൂട്ടാ പുത്തന്‍ നിറം. നിനക്കൊരു പുത്യേ ചുരിദാറ് കിട്ടീലേറീ കുഞ്ഞോളേ..

അമ്മയ്ക്കുള്ളൊരു സാരിയ്ക്കും
അച്ചനുള്ളോരു ഷര്‍ട്ടിനും
ഉണ്ണിയ്ക്കുള്ളോരുടുപ്പിനും
ഉജ്ജാലത്തനെയുത്തമം


ദേ കുഞ്ഞുമോഞ്ചേട്ടാ എന്നെ പ്രാന്തു പിടിപ്പിക്കല്ലേട്ടാ. നാളെ മോന്റെ ആ പുത്യേ വെള്ള കോട്ടന്‍ ഷര്‍ട്ട് ഞാന്‍ ഇളയമ്മിച്ചീരേല് എട്‌‌ത്തോട്ക്കും നോക്കിക്കോ

ചതിക്കല്ലേരീ. ഞാന്‍ പാടീതും പറഞ്ഞതൊക്കെ മാച്ചു.. മാച്ചു..
അയ്യേ ഇതെന്തൂട്ടാണീ തോര്‍ത്തിലൊരു ചീഞ്ഞമണം

ആ.. അതാ കഞ്ഞളത്തിന്റ്യാടാ. കഞ്ഞളം മുക്ക്യേന് ശേഷ്‌ണ് മഴ വന്നത്. ശരിക്കൊണങ്ങീല്യാ.

ഹ ഹാ നന്നായി പോയ്

തുള്ളി നീലം ഹായ് റീഗല്‍
തുള്ളി നീലം ഹായ്
വെണ്മയെത്രയോ ആഹാ
വെണ്മയെത്രയോ


ക്ടാങ്ങളേ നിങ്ങളത്രയ്ക്കങ്ങട് കള്യാക്കൊന്നും വേണ്ടാ. കൊറച്ച് നീലം കൂടീന്ന്‌ച്ചട്ട് ലോകൊന്നിടിഞ്ഞ് വീഴീല്യാ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു വല്യേ അദ്ധ്യായം തന്നെ നീലത്തിന്റെ പേരില്ണ്. അറിയോറാ കുഞ്ഞോനെ നിനക്ക്?

നീലത്തിന്റെ പേരില്‍ സ്വാതന്ത്ര്യ സമരാ? ദേ ഗുഡടി. ഞങ്ങളൊന്നും പഠിച്ചട്ടില്യാ

ആ നിങ്ങള് പഠിക്കില്യാ‍. നിങ്ങക്ക് കള്യാക്കനല്ലേ അറിയൂ. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് തൊടങ്ങ്യ സമരണ്. നീലം കര്‍ഷകര്ടെ. കൊറേകാലം കഴിഞ്ഞ് കോണ്‍ഗ്രസ്സൊക്കെ വന്നെപ്പിന്നീന് ആ സമരം തീര്‍ന്നേ. ഗാന്ധിജി നേതാവാവണതൊക്കെ അതോടു കൂടീണ്. എനിക്ക് മുഴ്ന്‍ ഓര്‍മ്മീല്യാ. നിങ്ങള് വേണേ വായിച്ചോക്ക്.

നീലം അയിന് ചെടീല്ണ് ഇണ്ടാവണെ?

അതേ.. അതേ.. കുഞ്ഞുമോന്‍ ചേട്ടാ. പയറുവര്‍ഗ്ഗത്തില്‍ പെട്ട Indigofera tinctoria യില്‍ നിന്നൊക്കീന് ഇന്‍ഡിഗോ ഡൈയിണ്ടാക്കണെ. സത്യന്യാവും ഈ പറയ്ണേ.

ആവൂ.. ഗവേഷകേര ഗവേഷണത്തിനൊരു ഗുണണ്ടായി. ആ പറഞ്ഞ സാനത്തിനീന് മലയാളത്തീല് നീലമരീന്ന് പറയ്യാ. ഇനി വരുമ്പോ കുഞ്ഞച്ചനോട് കൊറച്ച് കൊണ്ട്‌രാന്‍ പറയണം. എണ്ണ കാച്ചാന്‍ ബെസ്റ്റിണ്.

******************************
അടുക്കള ചരിത്രം (കാര്യം നിസ്സാരം)

ഞങ്ങടൊടത്തെ എല്ലാ പെണ്ണുങ്ങളും അലക്കില്‍ കൈവെഷം കഴിച്ചീട്ടുണ്ടെന്നാണ് ഞങ്ങടോടത്തെ ആണുങ്ങള്‍ പറയണേ. ഞങ്ങള്‍ കുട്ടികള്‍ക്കും അത് ശരിയല്ലേ എന്ന് തോന്നാതിരുന്നീട്ടില്ല. ഞങ്ങടെ ഇളയമ്മിച്ചി അലക്കണ അന്ന് ഒരു കുപ്പി ഉജ്ജാല ഉറപ്പായും തീര്‍ത്തണ്ടാവും. ഇളയമ്മിച്ചി അലക്ക്യ വെള്ളഷര്‍ട്ടിട്ട് പോയ കുട്ടനെ കളര്‍ ഷര്‍ട്ടിട്ട് വന്നു എന്നും പറഞ്ഞ് ക്ലാസ്സീന് പുറത്താക്കിയിട്ടുണ്ട്, മൂന്ന് തവണ! പെണ്ണമ്മിച്ചിയ്ക്കാണെങ്കില്‍ കഞ്ഞിവെള്ളം ഒരു വീക്‍നെസ്സാണ്. കുടിക്കാവുന്നിടത്തോളം കുടിക്കും. ബാക്കി ഒക്കെ തുണിയില്‍ മുക്കും. അടിവസ്തത്തില്‍ വരെ ചാന്‍സ് കിട്ടിയാല്‍ മുക്കും! നല്ല വെയില്ത്താണ് തോര്‍ത്തൊക്കെ ഉണങ്ങുന്നതെങ്കില്‍ അതുകൊണ്ട് ആദ്യം മുഖം തുടയ്ക്കുമ്പോള്‍ കാര്യം പോക്ക്‌‌ണ്. അച്ചങ്കുഞ്ഞ് ആദ്യമത് വെള്ളതിലിട്ട് ഒന്ന് പിഴിയും. മഞ്ഞാന്റിക്കാണെങ്കില്‍ അഞ്ച് കഷ്ണം തുണി അലക്കാന്‍ അരക്കിലോ നിര്‍മ്മ വേണന്നാണ് മഞ്ഞച്ചന്‍ പറയണത്. ഉണ്ണിമോളേച്ചി, അവള് ആള് ഫെമിനിസ്റ്റാ, പയറണെ അധികാര രാഷ്ട്രീയം കാണിക്കാനാണ് ആണുങ്ങള്‍ അലക്കിനെ കുറിച്ച് ഇങ്ങനെ കുറ്റം പറയണതത്രേ. അലക്കിന്റെ ശരിയ്ക്കുള്ള ക്രെഡിറ്റ് പെണ്ണുങ്ങള്‍ക്ക് കിട്ടാതിരിക്കാനാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കണേന്ന്. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അവള് പറയണത് ആര്‍ക്കും മനസ്സിലാവാറില്ല. എന്നാ‍ലും അവള്ണ് ഞങ്ങടെ ഹീറോ.

നിങ്ങടൊടീണ്ടാ ഇങ്ങനെ കൈവെഷം കഴിച്ച അമ്മിച്ചിമാര്?

അരങ്ങ് ചരിത്രം (കളിയില്‍ അല്പം കാര്യം)

പണ്ടത്തെ നനുത്ത മിനുസമുള്ള നീലത്തില്‍ നിന്ന് സൂപ്പര്‍വൈറ്റിന്റെ വെണ്മയിലേക്കുള്ള വളര്‍ച്ച കേരളസ്ത്രീകളുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. അവിടവിടെ കട്ടപ്പിടിച്ചിരുന്ന നീലം നല്‍കിയിരുന്നത് ഇരുണ്ട മനം മടിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു. അങ്ങനെ മലയാളിസ്ത്രീകള്‍ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന നാളുകളിലേയ്ക്കാണ് സൂപ്പര്‍വൈറ്റ് ഒരു രക്ഷകനെ പോലെ പറന്ന് വന്നത്. കേരളത്തിലെ ആദ്യ ബ്രാന്റ് വിജയം സൂപ്പര്‍വൈറ്റിന്റേതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ സൂപ്പര്‍ വൈറ്റ് കേരളസംസ്ഥാനബ്രാന്റ് മാതാവ് എന്നറിയപ്പെടുന്നു. പിന്നീടാണ് ഇടിത്തീ പോലെ ജ്യോതി ലബോര്‍ട്ടറീസിന്റെ ഉജ്ജാല കേരളവനിതകളെ പിടിച്ച് കുലുക്കിയത്. തങ്ങള്‍ക്ക് വേണ്ടി നീലം ഉണ്ടാക്കാന്‍ ജ്യോതി, ഒരു ലബോറട്ടറി തന്നെ ഉണ്ടാക്കിയിരിക്കുന്നതറിഞ്ഞ കേരളമങ്കകള്‍ കോരിത്തരിച്ചു. സൂപ്പര്‍വൈറ്റിന്റെ എറിഞ്ഞ് കളഞ്ഞ് ഉജ്ജാ‍ല മങ്കഹൃദയങ്ങളെ കൈയടക്കാന്‍ പിന്നെ ഒട്ടും വൈകിയില്ല. ഇതിനിടയില്‍ നീലത്തിനുള്ള നിലക്കാത്ത ഓളം കണ്ടറിഞ്ഞ് റീഗല്‍ തുള്ളിനീലം മുതല്‍ പൊട്ടാസിയം പെര്‍മാഗ്നേറ്റ് വരെ വിപണിയില്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ സൂപ്പര്‍വൈറ്റിന്റെ സൂപ്പര്‍ പവറിനും ഉജ്ജാലയുടെ ഉജ്ജലതയ്ക്കും മുന്നില്‍ അവയെല്ലാം നിഷ്പ്രഭരായിപ്പോയി.പെണ്ണമ്മിച്ചിയെ പോലുള്ള വനിതാരത്നങ്ങളെ മുന്നില്‍ കണ്ട് ഉജ്ജാലയിപ്പോള്‍ കഞ്ഞിപ്പൊടി അവതരിപ്പിച്ചിരിക്കുന്നു.

അടുത്തതെന്തൂട്ടണാവോ തമ്പുരാനെ!

സ്വാതന്ത്ര്യ സമരചരിത്രം (പ്രശ്നം ഗുരുതരം)

1776 മുതല്‍ ബീഹാറിലേയും ബംഗാളിലേയും കര്‍ഷകരെ, ഭക്ഷ്യധാന്യങ്ങളുടെ കൃഷി നിര്‍ത്തി, നീലം കൃഷി ചെയ്യാന്‍ ബ്രിട്ടിഷുക്കാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം തുച്ഛമായിരുന്നു. 1857 ലെ ഒന്നാം സ്വതന്ത്ര്യ സമരക്കാലത്ത് റ്റിറ്റു മീറിന്റെ നേത്ര്വത്തതില്‍ നീലം കര്‍ഷകര്‍ പ്രക്ഷോഭം നടത്തി. എന്നാല്‍ ശിപായി ലഹള അടിച്ചമര്‍ത്തപ്പെട്ട കൂട്ടത്തില്‍ നീലം കര്‍ഷകരുടെ സമരത്തിനും നേതൃത്വം നഷ്ടപ്പെട്ടുവെങ്കിലും സമരം തുടര്‍ന്നു.പിന്നീട് ഗാന്ധിജി തന്റെ സത്യാഗ്രഹ സമരരീതി ആരംഭിക്കുന്നത് ബീഹാറിലെ ചമ്പാരണിലെ നീലം കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനായിട്ടാണ്. ഈ സത്യാഗ്രഹസമരം വിജയിക്കുകയും നീ‍ലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മോചിക്കപ്പെടുകയും ചെയ്തു. ആ സമയമായപ്പോഴേയ്ക്കും കൃത്രിമ നീലം (synthetic Indigo,ഉജ്ജാലയും സൂപ്പര്‍വൈറ്റും പോലെ) ഉണ്ടാക്കുന്ന രീതി നിലവില്‍ വന്നിരുന്നു എന്നത് മറ്റൊരു കാര്യം. ആദ്യമായി സത്യാഗ്രഹം പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത മണ്ണ് എന്ന നിലയ്ക്കാണ് ചരിത്രത്തില്‍ ചമ്പാരണിന്റെ സ്ഥാനം. ഈ കര്‍ഷക സമരം ഇന്‍ഡിഗോ സമരം എന്ന പേരില്‍ അറിയപ്പെടുന്നു.

എന്നു വച്ചാല്‍ പണ്ടത്തെ ബന്ദിന്റേയും, ഇന്നീ കാണുന്ന ഹര്‍ത്താലിന്റേയും അമ്മത്തൊട്ടിലാണ് ഈ ചമ്പാരണ്‍ എന്ന ചെമ്പകപ്പൂകാട്.


**************

ഈ പാരാവരം മൊത്തെന്തിന്നണ്ടീ എഴുതണെ കുഞ്ഞോ‍ളേ? ആദ്യം എഴുതീതന്നെ ധാരാളല്ലേ ഞങ്ങളെ നാറ്റിക്ക്യാന്‍

ഈ പെണ്ണമ്മിച്ചിയ്ക്ക് ഒരു ചുക്കറിയില്യാ. ഇത് വിമര്‍ശനബോധനശാസ്ത്രത്തിന്റെ കാല്‌ണ്. നാളേ ഏതേങ്കിലും ഉസ്കൂള്‍ കുട്ട്യോള് നീലം സമരം തപ്പി വന്നാ അവരും വായിക്കില്ലേ പെണ്ണമ്മിച്ചീരെ ഒരോരോ അലക്കോള്.

**************

വായനക്കാരോട് - ഇനി മേലാക്കം ഉജ്ജാലേനെ കുറിച്ച് മിണ്ട്യാ.. ആ.. പറഞ്ഞില്ല്യാന്ന് വേണ്ടാ.
നീലം കര്‍ഷക സമരത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ Indigo Struggle, Champaran എന്നൊക്കെയുള്ള താക്കോല്‍ വാക്കുകള്‍ (key words) കൊടുത്ത് ഇംഗ്ലീഷില്‍ വായിക്കുക. മലയാളത്തില്‍ കണ്ട ഒന്നുരണ്ട് സൈറ്റുകള്‍ കാര്യങ്ങള്‍ ശരിയായല്ല കൊടുത്തിരിക്കുന്നത്.

പടം വിക്കിയില്‍ നിന്ന്. നാട്ടിലെ നീലമരി അല്‍പ്പം വ്യത്യാസമുണ്ട്. മറ്റൊരു സ്പീ‍ഷീസ് ആയിരിക്കണമിത്.

11 comments:

കണ്ണൂരാന്‍ - KANNURAN said...

പുതിയ വിവരങ്ങൾ... നന്ദി.

പാഞ്ചാലി said...

വിശാലമായ ക്യാന്‍വാസ് ആണല്ലോ! വളരെ ഇഷ്ടപ്പെട്ടു!
"റോബിന്‍ ബ്ലൂ" പെണ്ണമ്മച്ചിക്കു ഓര്‍മയില്ലേ? സൂപ്പര്‍ വൈറ്റ് വരുന്നതിനു മുന്പ്, റോബിന്‍ ബ്ലൂ ഉപയോഗിച്ചിരുന്നത് ഓര്‍ക്കുന്നു.

ഗുപ്തന്‍ said...

എന്തൊക്കെ വിഷയങ്ങളാണ്! ഈ പേജ് എന്റെ ഏറ്റവും ഇഷ്ടമുള്ള ബ്ലൊഗുകളില്‍ ഒന്നായിരിക്കുന്നു.

ഈ ഉജാല തുണിയൂടെ വെള്ള നശിപ്പിക്കുന്നതുകൊണ്ട് പഴയ നീലത്തിന്റെ ഒരു കോമ്പിനേഷനിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചിരുന്നു വീട്ടില്‍ ആരോ. അതു നന്നായിരുന്നു എന്നാണ് ഓര്‍മ. ഇപ്പോള്‍ മടുത്തിട്ടാവണം വീണ്ടും ഉജാലയുടെ കുപ്പികള്‍ കാണുന്നു.

ഫസല്‍ ബിനാലി.. said...

ഉള്ള വസ്ത്രം പുതുക്കീടും
ശോഭിക്കും വെള്ള വസ്ത്രവും
നമുക്കോ ലാഭമേകീടും
ഉജാല ഗൃഹ ലക്ഷ്മി താന്‍..

വിസ്തൃതവും ലളിതവും ഉപകാരപ്രദവുമായ പോസ്റ്റ്
ആശംസകളോടെ

പാമരന്‍ said...

'റാണീപാല്‍', 'ടിനോപാല്‍' ഒക്കെ ണ്ടേര്‍ന്നു സൂപ്പര്‍വൈറ്റിനും മുന്പ്‌..

മുസാഫിര്‍ said...

ഹ ഹ തുള്ളി നീലം മുതല്‍ ഒന്നാം സ്വതന്ത്ര സമരം വരെ.സ്ത്രീ സ്വാതന്ത്രം സിന്ദാബാദ്.
ഈ ശബ്ദം എവിടെയോ കേട്ട പോലെയുണ്ടല്ലോ കുഞ്ഞോളേ .

ബഹുവ്രീഹി said...

പെണ്ണമ്മച്ചീ,

ബ്ലോഗ് ഉജാലവല്‍ക്കരിച്ച്വോ? :)

(ഉജാലീകരിക്കലാണോ ഉജാലവല്‍ക്കരിക്കലാണോ ശരി? എന്തെങ്കില്വാവട്ടെ)

അലക്കുപോസ്റ്റ് കഴിഞ്ഞ് ഉജാലയുടെയും റീഗല്‍ തുള്ളിനീലത്തിന്റെയും പ്രൊമോഷന്‍?

സൂത്രത്തില്‍ തമാശ പറഞ്ഞ് ഞങ്ങളെ ചരിത്രം പഠിപ്പിച്ചു അല്ലെ? ടീച്ചര്‍മാരായാല്‍ ഇങ്ങനെ വേണം.

അടുത്ത പോസ്റ്റും കാത്തിരിക്കുന്നു. അമ്മച്ചിഭാഷ്യം കടമെടുത്ത് ഉത്കണ്ഠ ഇങ്ങനെ ആത്മഗതിക്കാം

“അടുത്തതെന്തൂട്ടണാവോ തമ്പുരാനെ!“
;-)

Rare Rose said...

മോളമ്മേ...,..ഈ ശൈലി അങ്ങിഷ്ടായി.....ഉജാലയും സ്വാതന്ത്ര്യ സമരവും നല്ല രസത്തില്‍ അങ്ങു കലര്‍ത്തി നല്ലൊരു പോസ്റ്റ്....അങ്ങനെ അറിയാതെ ഇത്തിരി വിവരം കൂട്ടാനും ഈ പോസ്റ്റ് സഹായിച്ചു........:)

Kiranz..!! said...

ബഹുവേ..ബ്ലോഗ്..ഉജാലയല്ല,ഉജ്ജ്വലവല്‍ക്കരിച്ചു പെണ്ണമ്മച്ചീം ഫാമിലീം..!

ഉജ്ജാലേന്നു മിണ്ടില്ല..വാഷിംഗ് പൌഡര്‍ നിര്‍മ്മ,വാഷിംഗ് പൌഡര്‍ നിര്‍മ്മ..(നല്ലൊരു പാട്ടാര്‍ന്നു.പെണ്ണമച്ചി അതിനേപ്പറ്റിയൊമൊന്നെഴുതി നോക്ക്യേ )

ചിതല്‍ said...

ഈ സത്യാഗ്രഹസമരം വിജയിക്കുകയും നീ‍ലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മോചിക്കപ്പെടുകയും ചെയ്തു. ആ സമയമായപ്പോഴേയ്ക്കും കൃത്രിമ നീലം (synthetic Indigo,ഉജ്ജാലയും സൂപ്പര്‍വൈറ്റും പോലെ) ഉണ്ടാക്കുന്ന രീതി നിലവില്‍ വന്നിരുന്നു എന്നത് മറ്റൊരു കാര്യം..
...........

അപ്പോള്‍ പറഞ്ഞ് വന്നത് ഇതും ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയത് പോലെ ബ്രിട്ടിഷുകാര്‍ ഒഴിവാക്കി പോയതാണ്(ഇനി വല്യലാഭമൊന്നുമില്ല എന്ന് കരുതി) എന്നാണോ ?

മോളമ്മ said...

കണ്ണൂരാനെ - ഇതൊക്കെ ഇമ്മിണി പഴേ കാര്യങ്ങളാ. :)

പാഞ്ചായിയേ, ഗുപ്താ, പാമരാ - റോബിന്‍ ബ്ലൂവും, റാണിപ്പാലും, ടിനോപ്പാലുമൊക്കെ ഓര്‍മ്മവന്നു. പിന്നെ ഇതു കൂടാതെ കന്യാസ്തീയമ്മകള് ഉപയോഗിച്ചേര്‍ന്ന റോസ് നെറത്തിലൊരു പൊടീണ്ടാര്‍ന്നു. വെള്ളസാര്യക്കോ ഉജ്ജാല നീല അല്ലാണ്ടെ നല്ല ഓഫ് വൈറ്റില്‍ വെട്ടിതിളങ്ങും. പക്ഷേ അയിന്റൊന്നും പരസ്യങ്ങള് ഓര്‍മ്മയില്ല. അതൊന്നും സൂപ്പര്‍വൈറ്റ്, ഉജ്ജാല പോലെ അത്ര വലിയ ബ്രാന്‍ഡ് ആയില്ല എന്നോര്‍മ്മ.

ഫസല്‍ - ഇത് ആരെങ്കിലും പാടണേ എന്ന് വിചാരിച്ചാര്‍ന്നു. നന്ദി. ഒരെണ്ണം കൂടി ഇണ്ടാര്‍ന്നു. ഓര്‍മ്മീണ്ടാ?

മുസാഫിറേ - കുഞ്ഞോള്ക്ക് (ഞാന്‍) തെണ്ടലിത്തിരി കൂടുതലാ. ആലുവാ ശിവരാത്രിയ്ക്കൊക്കെ പോയീന്റ്. അവടെ വച്ച് കണ്ടണ്ടാവും :). ഈ കമന്റ് ആ ഉണ്ണിമോളെ ഒന്ന് കാണിച്ചോട്‌ക്കണം. അവള് തലകുത്തി നിന്ന് പ്രസംഗിച്ചട്ട് ഇന്നേവരെ ഒരാള്‍ ഇങ്ങനെ സിന്ദാബാദ് വിളിച്ചട്ട്‌ല്യാ. അയിന് ആള്‍ക്കാര്‍ക്ക് വല്ലോം മനസ്സിലായിറ്റ് വേണ്ടേ. ഇപ്പ കണ്ടാ. ഒരു വസ്തു പറയാണ്ട് ഒരാളെങ്കെ ഒരാള് സിന്ദാബദ് വിളിച്ചില്ലേ. അദ്‌ണ് കാര്യം. )

ബഹുവ്രീഹി സമാസമേ - കാത്തിരിന്ന് വായിക്കാന്‍ ഒരാളുണ്ടെന്നൊക്കെ അലക്യാ പിന്നെ പെണ്ണമ്മിച്ചീനെ പിടിച്ചാ കിട്ടില്യാട്ടാ. ആളിച്ചിരി പൊങ്ങച്ചക്കാരീന്ന്. (അവട്‌ നിന്ന് എന്റെ നാത്തൂന്ണ് പൊങ്ങച്ചം എന്നേക്കാ‍ള്‍ കൂടുതല്ന്ന് വിളിച്ച് കൂവ്‌ണ്‍ണ്ട്. നാത്തൂന്ന്നച്ചാ എന്റെ അമ്മീന്. നാത്തൂന്‍ പോര്ന്ന്‌ച്ചാ അവരെ കണ്ട് പഠിക്കണം. ഉജ്ജാലീകരിച്ചു എന്ന് ഇമ്മക്കങ്ങടെടുക്കാം.

റോസാക്കുട്ട്യേ - അപ്പോ ആള്റെഡി ഇത്തിരി വിവരമുള്ള ആളാണല്ലേ. :)

കിരണ്‍സേ - ആളിത്തിരി ചൂടില്‌ണ്ന്ന്. മതമില്യാത്ത ജീവന്‍‌ന്നാ ജീവനില്യാത്ത മതന്നാ ഒക്കെ പറയിണ്ട്. നിര്‍മ്മാന്നൊക്കെ പറഞ്ഞ് ചെന്നാ ഇമ്മക്കലക്ക് കിട്ടും. ഒന്ന് തണുക്കുമ്പോ പറഞ്ഞോക്കാം. :)

ചിതലേ -അതൊരു നല്ല ചോദ്യമാണ്. വിമര്‍ശനാത്മക ബോധനശാസ്തം വഴി കുട്ടികള്‍ ഇങ്ങനെ ചോദ്യം ചോദിക്കാനാണ് പ്രാപ്തരാവേണ്ടത്.
ചോദ്യത്തിന്റെ ആദ്യഭാഗം വിശദീകരിക്കാതെ രണ്ടാം ഭാഗം വിശദീകരിച്ചാല്‍ ശരിയാവില്ല എന്നാലും. കൃത്രിമ നീലം കണ്ടുപിടിച്ചെങ്കിലും സമരമൊന്നുമില്ലാതിരുന്നെങ്കില്‍ കുറഞ്ഞ വേതനത്തില്‍ ഇത്തരം കൃഷി ചെയ്യാന്‍ തന്നെ കൃഷിക്കാര്‍ നിര്‍ബന്ധിതരായേനെ. എപ്പോഴും കൂടുതല്‍ ലാഭം കിട്ടാനാണല്ലോ കമ്പനി നോക്കുക. അതുകൊണ്ട് നീലം കൃഷി നിര്‍ത്താലാക്കാന്‍ ഒരു തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യത്തിന് കര്‍ഷകരുടെ സമരത്തിന് വലിയൊരു പങ്കുണ്ട്. കൃത്രിമ നീലം നിര്‍മാണം വളരെ ചെറിയ ഒരു ഘടകമായി വര്‍ത്തിച്ചു എന്ന് മാത്രം. സമരങ്ങളെ അങ്ങനെ ലാഘവ ബുദ്ധിയോടെ കാണുന്നത് ശരിയല്ല.