Wednesday, February 25, 2009

അജ്ഞതയെന്ന തെറ്റ് ; അറിവെന്ന പാപം (The Reader)

ദേ കുഞ്ഞോളെ നിന്റെ ഫോണിപ്പോ രണ്ടാമ്മത്തെ പ്രാവശ്യാണടിക്കണേ.

ആ..അതു ഉണ്ണിമോളാ. അവള്‍ടെ ബെറ്റ് ജയിച്ചേന്റെ പത്രാസ് കാണിക്കാന്‌ണ്.

നീ ഫോണെടുക്കെടീ. ഇതിലൊക്കെ എന്തൂ‍ട്ട് പത്രാസ്. അവള് പിടിച്ച സിനിമ്യോന്നല്ലല്ലോ.

ഹലോ..

ട്യേ കുഞ്ഞോളേ സ്പീക്കര്‍ മോഡിലിഡടീ. നിനക്കെന്താടീ നാവില്ല്യാത്തേ. നീയ് കേറ്റിന്റെ ഓസ്കാര്‍ പ്രസംഗം കേട്ട്‌റീ?

ഓഹ് ഞാനൊന്നും കേട്ടില്ല. കേറ്റിനാന്നറിഞ്ഞപ്പോ ഞാനേന്‍‌റ്റ് പോയി

ഞാന്‍ കേട്ടൂറീ ഉണ്ണ്യോളെ. ഏറ്റോം നല്ല പ്രസംഗം കേറ്റിന്റ്യായിരുന്നു. വികാരോം ആത്മാര്‍ത്ഥതയും കട്ടയ്ക്ക് കട്ടയ്ക്ക്.റഹ്മാനും പൂക്കുട്ട്യോക്കെ വികാരം പരമാവധി നിയന്ത്രിച്ച് പരമസ്വാത്വികരെ പോലെ.

എട്ടാം വയസ്സില്‍ തൊട്ട് ഷാമ്പൂ കുപ്പീം പിടിച്ച് കണ്ണാടീടെ മുന്നില്‍ അവരു ഓസ്കാര്‍ പ്രസംഗം നടത്താറുണ്ടായിരുന്നൂന്ന് കേട്ടപ്പോ എനിക്ക് വരെ ശ്വാസം മുട്ടി.

ആ എന്നാലും അഞ്ചാം തവണ കിട്ടീലോ അതന്നെ വല്യേ കാര്യം

അഞ്ചല്ല ആറാം തവണ. നാല് തവണ ബെസ്റ്റ് നടി, ഒരു തവണ ബെസ്റ്റ് സഹനടി അങ്ങിനെ ആറ് നോമിനേഷനാണ് തട്ടിപോയത്. ആ കുശുമ്പത്തി കുഞ്ഞോളോട് എന്റെ ഇമെയില് ഇന്യേങ്കിലും വായിച്ചോക്കാന്‍ പറ. എന്നട്ട് ബ്ലോഗിലിട്.

ഉവ്വേ.. ചെയ്തോളാമേ..
**************
മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ദ റീഡര്‍ എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഡയലോഗുകളും ഉണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് മനുഷ്യനും ദൈവത്തെ പോലെ നന്മ തിന്മകളെ അറിഞ്ഞു എന്നതായിരുന്നു മനുഷ്യന്‍ ആദ്യമായി ചെയ്ത പാപം. അറിവിന്റെ ഫലം തിന്നപ്പോഴാണ് മനുഷ്യനു നന്മയും (ശരിയും) തിന്മയും (തെറ്റും) എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യനു താന്‍ നഗ്നനാനെന്നു ബോധ്യം വന്നതും നാണം വന്നതും അറിവിന്റെ ഫലം തിന്നതിനു ശേഷമാണു. അറിവില്ലാതിരിക്കുമ്പോള്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ പ്രാപ്തനല്ലായിരുന്നു. ഇത്രയും ബൈബിള്‍ പറയുന്നു. അപ്പോള്‍ തനിക്കു അറിവില്ല എന്ന വസ്തുതയാണോ അതോ താന്‍ തെറ്റു ചെയ്തു എന്ന വസ്തുതയാണൊ കൂടുതല്‍ നാണം ഉണ്ടാക്കുന്നത്? (തെറ്റെന്തു എന്ന് അറിയാന്‍ കഴിവില്ലാത്ത അഞ്ജാതയുടെ കാലത്ത് )ആദ്യത്തേതാണ് കൂടുതല്‍ അപമാനകരം എന്നും അജ്ഞത മൂലവും അജ്ഞത ഒളിപ്പിക്കാനുമായി ഹന്ന ഷ്മിറ്റ്‌സ് (കേറ്റ് വിന്‍സ്ലെറ്റ്) ചെയ്യുന്ന തെറ്റുകള്‍ കാലത്തിനനുസരിച്ച് എത്ര മാത്രം ഗൌരവമാര്‍ന്നതുമാണെന്നാണ് 'ദ റീഡര്‍' എന്ന സിനിമ.

നാസി ഭരണക്കാലത്ത് ഹിറ്റ്‌ലര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ജര്‍മന്‍ ജനത നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ തലമുറ ,അക്കാലത്തെ ജൂതക്കൂട്ടക്കൊലകള്‍ക്കും (ഹോളൊകോസ്റ്റ്) രണ്ടാം ലോകയുദ്ധ തോല്‍‌വിക്കും ശേഷമുള്ള കാലയളവില്‍ മാനസ്സികമായി വല്ലാതെ സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനുശേഷം വന്ന ജര്‍മന്‍ തലമുറ തങ്ങളുടെ മുന്‍‌തലമുറയെ, തങ്ങളുടെ മാതാപിതാക്കളെ, ഗുരുക്കന്മാരെ, നാസിഭരണത്തില്‍ പങ്കാളികളായി എന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നത് ഒരു കടമയായി കണ്ടു പോന്നു. എന്നാല്‍ മൂന്നാം തലമുറ ജര്‍മന്‍ക്കാരില്‍ ചിലരെങ്കിലും നാസി തലമുറയെ അടച്ചാക്ഷേപിക്കണമോ അതോ അവരെ മനസ്സിലാക്കേണ്ടതുണ്ടോ എന്നൊരു മാനസീക സംഘര്‍ഷം അനുഭവിച്ചിരുന്നു. അത്തരമൊരു അവസ്ഥയിലുള്ള പ്രധാന കഥാപാത്രം മിഖായേല്‍ ബെര്‍ഗിനു (ഡേവിഡ് ക്രോസ്സ് & റാല്‍ഫ് ഫിയാനെസ്സ്) നാസി കാലത്ത് ഒരു കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹന്ന ഷ്മിറ്റ്‌സിനോടുണ്ടാകുന്ന പ്രേമബന്ധമാണു സിനിമയുടെ പശ്ചാത്തല കഥ.

‘ദ്‌യ ഫോര്‍ലേസേര്‍ ’എന്ന ജര്‍മന്‍ വാക്കിനര്‍ത്ഥം ഉറക്കെ വായിക്കുന്നവന്‍ അഥവാ പാരായണക്കാരന്‍ എന്നാണ്. ചുരുങ്ങിയ കാലത്തേതെങ്കിലും തീവ്രമായതും മിഖായിലിന്റെ ലൈംഗീക ജീവിതത്തില്‍ എക്കാലത്തും ഇടപ്പെടുന്നതും ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതുമായ പ്രേമക്കാലത്ത് മിഖായേല്‍ ഹന്നയ്ക്കു വേണ്ടി ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൊടുത്തിരുന്നു. തന്റെ പ്രിയപ്പെട്ട സമ്പാദ്യങ്ങള്‍ വിറ്റുപോലും ഹന്നയ്ക്കായി പുസ്തകങ്ങള്‍ വാങ്ങുന്നതിലും അവള്‍ക്കൊപ്പം പുറത്ത് ചിലവിടുന്നതിലും മിഖായേല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഒന്നും വിട്ടു പറയാത്ത പ്രകൃതക്കാരിയായിരുന്നു ഹന്ന. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ പോലും ഹന്നയുടെ വൈകാരികതലം മിഖായേലിന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

മൂന്നു വ്യത്ഥസ്ത കാലങ്ങളില്‍, മൂന്നു പ്രത്യേക വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന ഹന്നയായി ‘ദ റീഡറില്‍’ അഭിനയിച്ചു കൊണ്ടാണ് കേറ്റ് വിന്‍സ്ലെറ്റ്, അഞ്ച് തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നും വഴുതിപോയ ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

1.ഭൂതക്കാലം ഒളിച്ചു വയ്ക്കുന്ന അഥവാ അങ്ങിനെയൊന്നില്ലെന്നു കരുതുന്ന, ആരും മാപ്പു ചോദിക്കേണ്ടവരല്ല എന്ന് തുറന്ന് പറയുന്ന സുന്ദരിയായ, മാനസികമായി ശക്തയായ ഹന്ന.
2.പിന്നീട് വെളിവാക്കപ്പെടുന്ന ഭൂതക്കാലത്തിനു മുന്‍പില്‍ പകച്ചു പോയ ഹന്ന ഹോളൊകോസ്റ്റ് കുറ്റവിചാരണയില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ വിചാരണയെ നേരിടാന്‍‍ ശ്രമിച്ചുവെങ്കിലും തന്റെ നിരക്ഷരത വെളിപ്പെടുമെന്ന ഘട്ടത്തില്‍ ഏറ്റവുമധികം നാണിക്കുകയും അധീരയാവുകയും ജീവിതത്തെ തന്നെ നഷ്ടപ്പെടുത്തികൊണ്ട് അറിവില്ലായ്മ മറച്ചു വയ്കുകയും ചെയ്യുന്ന നിസ്സഹായായ ഹന്ന.
3.മിഖായേല്‍ ജയിലിലേക്ക് അയച്ചു കൊടുക്കുന്ന പുസ്തകങ്ങളുടെ ശബ്ദരേഖറ്റേപ്പുകളിലൂടെ തനിയെ ആര്‍ജ്ജിക്കുന്ന സാക്ഷരതയും അതിനുശേഷം വായനയിലൂടെ നേടിയ അറിവും മുഖേന തന്റെ ഭൂതക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും തന്റെ തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന വയസ്സായി ക്ഷീണിച്ച മാനസ്സികമായി തകര്‍ന്ന ഹന്ന. തെറ്റിനെ മനസ്സിലാക്കാനായി അറിവിന്റെ വെളിച്ചം തന്ന പുസ്തകങ്ങളുടെ മുകളില്‍ കയറി തൂങ്ങി മരിക്കുന്ന ഹന്ന.

[എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)]

have you spent a lot of time thinking about the past?
you mean with you?
No, no.. I Didn't mean with me.
before the trail I never thought about the past, I never had to.
now.. what you feel now?
It doesn't matter what I feel, doesn't matter what I think, the dead are still dead
I wasn't show what you would learnt
well, I haven't learnt kid. I have learnt to read

നാസി ക്യാമ്പില്‍ ജൂതസ്ത്രീകള്‍ കൊള്ളാവുന്നതിലും അധികമാകുമ്പോള്‍ ചിലരെ കൊല്ലാനയക്കാന്‍ തിരഞ്ഞെടുക്കുമായിരുന്നു. ക്യാമ്പിലെ ഏറ്റവും മനുഷ്യപ്പറ്റുള്ള ഗാര്‍ഡായിരുന്ന ഹന്ന, തിരഞ്ഞെടുക്കന്നവരെ കൊണ്ട് പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുക പതിവായിരുന്നു. അറിവ് പകരുന്നതിനു കിട്ടുന്ന ഫലം അവിടെയും മരണമാണ്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ മകള്‍ എഴുതിയ പുസ്തകമാണു ഹന്നയുടെ കുറ്റവിചാരണയ്ക്ക് വഴിയൊരുക്കിയത്. എഴുത്തുകാരി,ഹന്നയുടെ മരണശേഷം അവളുടെ സമ്പാദ്യം സ്വീകരിക്കാതെ വയസ്സായ ജൂതരുടെ സാക്ഷരതയ്ക്കായി നീക്കി വയ്ക്കുന്നിടത്തും അറിവ് എന്നത് പരമ പ്രധാനമെന്ന് സിനിമ വെളിപ്പെടുത്തുന്നു.

സിനിമ മുന്നോട്ട് വയ്ക്കുന്നത് പ്രധാനമായും മൂന്ന് ആശങ്ങളാണ്.

1. അജ്ഞത വരുത്തുന്ന തെറ്റുകള്‍ എത്രത്തോളം ഭീകരമെന്നത് അറിയാത്ത അവസ്ഥയും അറിയുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം. - താന്‍ അജ്ഞയാണെന്നത് വെളിവാക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഹന്ന സിമന്റ് ഫാക്ടരിയിലെ ജോലി ഉപേക്ഷിച്ച് നാസി സര്‍ക്കാരില്‍ ഗാര്‍ഡായി ജോലിക്ക് കയറുന്നത്. അതാണ് പിന്നീട് ഹന്നയെ ഒരു കൂട്ടക്കൊലയിലെ കൂട്ടുപ്രതിയാക്കുന്നത്. വിചാരണയെ നേരിടുമ്പോള്‍ പോലും ഗാര്‍ഡ് എന്നാല്‍ തടവുകാര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതെ കാക്കേണ്ടവള്‍ എന്ന് മാത്രമായിരുന്നു ഹന്ന ധരിച്ചിരുന്നത്. ആ ഹന്നയില്‍ നിന്ന് മരിച്ചവരെല്ലാം ഇപ്പോഴും മരിച്ചവര്‍ തന്നെ എന്ന ഹന്നയിലേക്കുള്ള രൂപാന്തരീകരണം അറിവിന്റെ വെളിച്ചത്തിലൂടെയാണ് നടക്കുന്നത്.

2. തെറ്റിനെ നിര്‍വചിക്കുന്നത് തെറ്റാണ് ചെയ്യുന്നതെന്ന അറിവും കാലവുമാണ്- നാസി ക്യാമ്പില്‍ നിന്നും സ്ത്രീകളെ തിരഞ്ഞെടുത്ത് കൊല്ലാനയക്കുന്നവര്‍ക്ക് അറിയാമായിരുന്നു അവരെ കൊല്ലാനാണ് അയക്കുന്നതെന്ന്. തീപ്പടര്‍ന്ന പള്ളിയില്‍ പൂട്ടിയിടപ്പെട്ടവര്‍ മരിക്കുമെന്നും അത് പൂട്ടിയവര്‍ക്കറിയാമായിരുന്നു. വര്‍ത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും കൊല തെറ്റാണ്.

3.സദാചാരം - നിയമം, ശരിതെറ്റുകള്‍ - നിയമവിരുദ്ധത - അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവത്ത സദാചാരമല്ല, അതിര്‍വരമ്പില്‍ കുടുസ്സായിക്കിടക്കുന്ന നിയമമാണ് സമൂഹത്തെ പ്രവര്‍ത്തന നിരതമാക്കുന്നതെന്ന നീതിബോധം.

society think they are operate by something called morality but they don't they are operate by something called law. you are not guilty of anything merely by working at Auschwitz. 8000 people worked at Auschwitz. precisely 19 have been convicted on 600 murder to prove murder you have to prove the intent that is the law. the question is never was it wrong, was it illegal and not by our law, not. By the laws of time

സിനിമ മൂലരൂപം, ‘ദ്‌യ ഫോര്‍ലേസേര്‍’ എന്ന ജര്‍മന്‍ നോവലിനു ലഭിച്ച പ്രധാന വിമര്‍ശനം മിഖായേലിനു ഹന്നയുടെ നാസിക്കാലത്തെ പ്രവത്തിയോട് തോന്നുന്ന കുഴമറിച്ചിലാണ്. ഹന്നയുടെ പ്രവര്‍ത്തികളെ അജ്ഞതയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയം സിനിമയില്‍ മുകളിലെ ഡയലോഗിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചീട്ടുണ്ട്. നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് അപരാധികളായി നടന്ന ഒരു തലമുറയോട് അതുകൊണ്ട് മാത്രം നിങ്ങള്‍ ‘നിയമത്തി’ന്റെ മുന്നില്‍ അപരാധികളാകുന്നില്ലെന്ന് സിനിമ പറയുന്നു. സദാചാരം - ശരിതെറ്റുകള്‍ എന്നിങ്ങനെ വിശാലമായ, നിര്‍വചിക്കാനാവത്ത തലത്തിലെത്തുന്നതിനു മുന്‍പേ നിയമം, നിയമ വിരുദ്ധത എന്നിവ ‘അറിയാനും’ അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞിരിക്കണം. എന്നാല്‍ ഹന്നയ്ക്കു ലഭിയ്ക്കുന്ന അറിവിലൂടെ അവള്‍ മരണത്തിലേയ്ക്ക് നടന്ന് കയറുന്നിടത്തും ഹന്നയുടെ കുറ്റവിചാ‍രണയ്ക്ക് വഴിയൊരുക്കിയ പുസ്തകം എഴുതിയ സ്ത്രീയുമായുള്ള മിഖായേലിന്റെ കണ്ടുമുട്ടലിലും ശരിതെറ്റുകളെ നിര്‍വചിക്കുന്നതില്‍ നിയമത്തിലുപരി ‘അറിവി’നും അതുവഴി ഒരാളില്‍ ഉണ്ടാകുന്ന ധാര്‍മ്മികതയ്ക്കും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.

********************

ഹോ എന്തൊരു ബോറാണല്ലേ, ഉണ്ണിമോളെഴുതിയാ എപ്പോഴും ഇങ്ങനീണ്. ഭയങ്കര സീരിയസ്. ഇനി കുഞ്ഞോള്‍ടെ ചേഞ്ചിലിങ്ങ് നോക്കിക്കോ ചെത്തായ്‌രിക്കും

പടത്തിനു കടപ്പാട് - വിക്കിപീഡിയ
********************
സിനിമാത്തരം - 1.ത്വരഗം

10 comments:

ഗുപ്തന്‍ said...

ഓ.ടോ. കേറ്റ് വിന്‍സ്‌ലറ്റിനെക്കുറിച്ച് വെറുതെ ഒന്നു നോക്കി ..

1991 -ല്‍ ആദ്യ ഫിലിം.

അതിനുശേഷം മികച്ച ബ്രിട്ടിഷ് നടിക്കുള്ള നാല് എമ്പയര്‍ അവാര്‍ഡുകള്‍; ഏഴ് ബാഫ്റ്റാ നോമിനേഷന്‍ -അതില്‍ മൂന്നു വിജയം; ആറ് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ -അതില്‍ ഒരു വിജയം ; ആറ് അക്കാദമി അവാര്‍ഡ് നോമിനേഷന്‍ അതിലൊരു വിജയം. പിന്നെ തുരുതുരാ അവാര്‍ഡുകള്‍ വേറേ

അതിനിടയില്‍ നാലു പ്രണയം, അതിലൊരാളുടെ മരണം ,രണ്ടു വിവാഹം- അതിലൊരു വിവാഹമോചനം, രണ്ടു പ്രസവം --ഇത്രയൊക്കെ വന്നു കയറിയില്ലായിരുന്നെങ്കില്‍ ബാക്കി നടിമാര്‍ തെണ്ടിപ്പോയേനേ :))

പാഞ്ചാലി said...

ഷാമ്പെയിന്‍ ബോട്ടിലല്ല, ഷാമ്പൂ ബോട്ടിലായിരുന്നു, ബാത്ത്റൂമില്‍ കണ്ണാടിക്ക് മുന്‍പില്‍, കേറ്റ് മൈക്രൊഫോണായി പിടിച്ചിരുന്നത്.

കേറ്റിനു തികച്ചും കിട്ടേണ്ട ഒസ്കാര്‍ തന്നെയായിരുന്നു ഇത്!

വിവരം പങ്കുവച്ചതിന് നന്ദി!

പാമരന്‍ said...

"സിനിമ മൂലരൂപം, ‘ദ്‌യ ഫോര്‍ലേസേര്‍’ എന്ന ജര്‍മന്‍ നോവലിനു ലഭിച്ച പ്രധാന വിമര്‍ശനം മിഖായേലിനു ഹന്നയുടെ നാസിക്കാലത്തെ പ്രവത്തിയോട് തോന്നുന്ന കുഴമറിച്ചിലാണ്. ഹന്നയുടെ പ്രവര്‍ത്തികളെ അജ്ഞതയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയം സിനിമയില്‍ മുകളിലെ ഡയലോഗിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചീട്ടുണ്ട്."

ഹും, ഈ 'അറിവില്ലായ്മ' എന്നത്‌ ഇത്ര വല്യ സാധനം ആണോ? മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരിയാവുന്നത്‌ 'അറിവില്ലായ്മ' കൊണ്ടാണെന്ന്‌ എനിക്കു ദഹിച്ചു കിട്ടിയില്ല. അറിവില്ലെന്ന കാര്യം പുറത്തറിഞ്ഞാലുണ്ടാകുന്ന ഹ്യുമിലിയേഷന്‍ കാരണം മാത്രം ജീവപര്യന്തം ഏറ്റുവാങ്ങിയത്‌ ഞാന്‍ സഹിച്ചു! :)

Anonymous said...

ഇതെന്തൂട്ട് എഴുത്തുണ് ത് ന്റെ പെണ്ണമ്മച്ച്യെ, ഒര് ജാതി എഴുത്തെന്നെട്ടസ്റ്റാ, ഇന്നാട്ടാ ഇത് കണ്ടെ, രൊറ്റിരിപ്പിനു മുഴുവങ്ക്ട് വായിച്ചു അല്ല പിന്നെ, അപ്പൊ ഇന്നെന്തൂട്ടാ കൂട്ടാന്‍..

Ashly said...

Kate-the wonderful actress, deserves this award.

I watched this movie few weeks before the award declaration, and was sure, she is going to win it.

Melethil said...

ന്നാലും ന്റെ അന്നയ്ക്കു കിട്ടാത്തെ പോയ അവാര്‍ഡ് ആണല്ലോ അത്!

Nat said...

കേറ്റിന്റെ അഭിനയം കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല.... നല്ല സിനിമ.... നല്ല റിവ്യൂ...

Roby said...

അടിപൊളി എഴുത്ത്‌.
ഞാനിതു മറ്റൊരു രീതിയിലാണു കണ്ടത്‌.
ഹന്ന കുറ്റം ഏറ്റെടുക്കാൻ കാരണം അജ്ഞതയെക്കുറിച്ചുള്ള ജാള്യതയെക്കാളുപരി കുറ്റബോധമാണെന്ന രീതിയിൽ. മോളമ്മ ബൈബിൽ കഥ വെച്ച്‌ വിശദീകരിച്ചപ്പോൾ ഈ ആംഗിൾ മനസ്സിലായി.
എന്റെ ഷോർട്ട്‌ റിവ്യൂ ഇവിടെയുണ്ട്‌ഇവിടെയുണ്ട്‌.

Siju | സിജു said...

ഇതാദ്യം വായിച്ചിട്ട് ഒന്നുമങ്ങോട്ട് മനസ്സിലായില്ലായിരുന്നു.
പിന്നെ പോയി ഡിവിഡി വാങ്ങി സിനിമ കണ്ടു. ഇപ്പൊ വായിച്ചപ്പോ എല്ലാമങ്ങട് ക്ലിയറായി.

മാസം ഒന്നാറാകായല്ലോ.. ചേഞ്ചിലിങ്ങും ഫ്രോസണ്‍ റിവറും എവിടെ..

മോളമ്മ said...

ഗുപ്ത്‌സ്- എട്ടു വയസ്സില്‍ അഭിനയം ഒരു അഭിനിവേശമാക്കിയ പെണ്ണല്ലേന്ന്. ഹൌ എന്നാലും ഇപ്പഴും എന്തൊരു സൌന്ദര്യാണെന്നാലോചിക്കുമ്പോഴാണു കുശുമ്പു വരണത്.

പാഞ്ചാലി - ഉണ്ണിമോള്‍ക്ക് ആവേശം കേറീട്ട് പകുതി കണ്ടീട്ടുണ്ടാവില്യാന്നേ. പിന്നെ കള്‍‌സെന്നൊരു വിചാരേള്ളൂ അവള്‍ക്കും കെട്ട്യോന്നും :). തിരുത്തിയിട്ടുണ്ട് . നന്ദി.

പാമരന്‍ - ഓ ഈ വാക്ക് എത്ര ആലോചിച്ചൂന്നറിയോ. ഉണ്ണിമോള്‍ മാറ്റര്‍ മാത്രാണു അയച്ചു തന്നതു. കൃത്യസമയത്തു ഈ വാക്കു കിട്ടിയിരുന്നെങ്കില്‍ “പാമരയുടെ തെറ്റുകള്‍ ”എന്നാക്കെ ആയേനെ ഇതിന്റെ ടൈറ്റില്‍ .

റോബിയുടെ പോസ്റ്റ് ഉണ്ണിമോള്‍ക്ക് അയച്ചീട്ടുണ്ടായിരുന്നു. പ്രസക്തമായ മറ്റൊരു വീക്ഷണമാണത്.

റോബിയും പാമരനും പറഞ്ഞത് പോലത്തെ ചിന്തകള്‍ പിന്നീട് ഞങ്ങടോടെ പലരും പറഞ്ഞു. ഉണ്ണിമോള് വന്നപ്പോ ഒന്നാന്തരം അടി തന്നെ നടന്നു ഈ വിഷയത്തില്‍. അവള്‍ പറയണത് ഹോളോകോസ്റ്റ് എന്നത് ഇപ്പോഴും ഉമിത്തീ ആയി അടിയില്‍ കിടക്കുന്നതു കൊണ്ടാണ് ചിന്തകളിലെ വ്യത്യാസമെന്നാണു. അവളൊരു പോസ്റ്റ് എഴുതാം എന്ന് സമ്മതിച്ചണ്ട് എന്നക്കണാവോ?

അന്നക്കുട്ട്യേ - ഇന്ന് പരിപ്പും മുരിഞ്ഞക്കായീം മാങ്ങീം പിന്നെ മാന്തളു വറുത്തതും ഒരുരുള തരട്ടെ?

ആഷ്ലി - അതന്നെ!

മേലേതില്‍ - അന്നയ്ക്ക് ഇമ്മക്ക് അടുത്ത തവണ വാങ്ങിച്ച് കൊടക്കാം. പാവല്ലേ കേറ്റ് :)

നതാഷാ- ശോ! അഭിനയം കണ്ടട്ട് ഒന്നും തോന്നിയില്ലെങ്കില്‍ എന്താപ്പോ പറയാ.

സിജു - ഒന്നു പറയണ്ടിസ്റ്റാ. ബെറ്റ് തോറ്റില്ലേ. പിന്നെന്തൂട്ടെഴുത്ത്! എന്തായാ‍ലും ഗുമ്മില്ലാത്ത ഒരെണ്ണം ഇവടെ എഴുതീന്റ്