Friday, May 23, 2008

വാക്കുകള്‍ - ‍ഉണങ്ങിയ ഗോതമ്പുമണികള്‍

വാക്കുകള്‍ ഉണങ്ങിയ ഗോതബുമണികള്‍ പോലെയാണ്.  ഉണക്കാനിട്ടിരിക്കുന്ന ഗോതുമ്പുമണി ഒരുപിടിയെടുത്ത് വായിലിടണം. അതിന്റെ മൊരുമൊരുപ്പും വഴങ്ങായ്കയും കൊണ്ട് വായിലൊതുങ്ങില്ലാന്ന് തോന്നും. രണ്ട് തവണ കടിക്കുമ്പോഴെക്കും നൂറെല്ലാം ഇറങ്ങി വന്നു വായ്ക്കകം മധുരം കൊണ്ട് നിറയും. മിക്കവരും ആ സമയം ഗോതബു മിഴുങ്ങുകയാണ് പതിവ്. പക്ഷേ അപ്പോള്‍ ചവച്ചിറക്കാതെ പിന്നേയും ചവച്ചരച്ച് നൂറുമാത്രം ഇറക്കി നോക്കു. കുറേ കഴിയുമ്പോള്‍ യാതൊരു സ്വാദും ഇല്ലാതെ ബബിഗം പോലെ വലിച്ച് നീട്ടാവുന്ന ഒരു പദാര്‍ത്ഥം അവശേഷിക്കും. ചിലസമയത്ത് അതും ചവച്ച് നടക്കല്‍ ഒരു സുഖം തോന്നും വേറെ ചിലപ്പോള്‍ മിഴുങ്ങതെ തുപ്പിക്കളയാനും തോന്നും.
 
വാക്കുകളും ഇങ്ങനെയല്ലെ. ഉദാഹരണത്തിന് പോഞ്ഞേറ്/പോഞ്ഞാറ് എന്ന് കേട്ടീട്ടേ ഇല്ലാത്ത വടക്കന് വായില്‍ കൊള്ളാത്ത ഒന്നാണാവാക്ക്. പിന്നീട് നൊസ്റ്റാള്‍ജിയ എന്നര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അര്‍ത്ഥസമ്പുഷ്ടമധുരപാലായി അയാള്‍ ആ വാക്കു സ്വീകരിക്കുന്നു. പിന്നേയും പറഞ്ഞു നോക്കിയാലോ. പോഞ്ഞാറ്.. പോഞ്ഞാറ് .. പോഞ്ഞാറ്.. എന്തൊരു വികൃത പദം! ചെറുപ്പത്തില്‍ ഞങ്ങളുടെ ഒരു കളിയായിരുന്നു ഇങ്ങനെ വാക്കുകള്‍ പറഞ്ഞ് നോക്കുക. പല പദങ്ങളും വെറുത്ത് പെട്ടെന്ന് തന്നെ തുപ്പിക്കളയും.  മിഠായി.. മിഠായി.. മിഠായി..  പത്താം പ്രാവശ്യം പറയുമ്പോള്‍ മിഠായിയുടെ മധുരമൊക്കെ പോയി വേറെ എന്തൊ അപരിചിതമായ പദമായി അത് മാറിയിട്ടുണ്ടാകും.  എന്നാല്‍ തുപ്പിക്കളായാന്‍ പെട്ടെന്ന് തോന്നാത്ത ചില വാക്കുകള്‍ ഉണ്ട് അതിലൊന്നാണ് മഴ. മിക്കവരും തുപ്പിക്കളയാത്ത മറ്റൊരു വാക്കാണ് അമ്മ.
 
ഇത് വായിക്കുന്നവര്‍ക്ക് പല തവണ പറഞ്ഞ് നോക്കിയിട്ടും ഇഷ്ടം തോന്നുന്ന വാക്കുകളേതാണ്?
 

6 comments:

reshma said...

ചായ:)

മോളമ്മ said...

രേഷ്മയ്ക്ക് ചായ വലിയ ഇഷ്ടമാണെന്ന് തോന്നുന്നല്ലോ?

സത്യം.. സത്യം.. എന്നു കുറേ തവണ പറയുമ്പോള്‍ അസത്യമാവുന്ന മാജിക് പ്രേംനസീര്‍ കാണിക്കാറില്ലേ :)


ഒരോ തവണ പറയുമ്പോഴും ഒരോ സ്ഥലം മുന്നില്‍ വിരിയിക്കുന്ന വാക്കാണ് തീവണ്ടി.

aneeshans said...

ആദ്യവായനയില്‍ തന്നെ മനസ്സിലേക്ക് ഇടിച്ച് കയറുന്ന എന്തോ ഒന്ന് നിങ്ങളുടെ എഴുത്തിനുണ്ട്. നാട്ട് പ്രയോഗങ്ങളാവാം, ഒട്ടും സംസ്കരിക്കാതെ എഴുതുന്നതുമാവാം. ആദ്യമായാണ് ഇവിടെ. ബാക്കി കൂടെ വായിക്കട്ടെ/

sree said...

ഒരോ തവണ പറയുമ്പോഴും ഒരോ സ്ഥലം മുന്നില്‍ വിരിയിക്കുന്ന വാക്കാണ് തീവണ്ടി.

അതിഷ്ടമായി! അപ്പോ ചില വാക്കുകള്‍ ഉണങ്ങുന്നില്ലാല്ലെ?

മോളമ്മ said...

ഉണങ്ങിയ ഗോതമ്പുമണിയെ ഉണങ്ങിയപൂവ് എന്ന പോലെ ആണോ ശ്രീ കണ്ടത്? എങ്കില്‍ ഉപമ ഏശിയില്ലാ. :(

sree said...

ഉപമ നന്നായിതന്നെ ഏശി മോളമ്മേ...ഉണങ്ങുക, ഉണങ്ങുക എന്നു പലവുരു പറഞ്ഞു നോക്കു... ;)