Saturday, June 6, 2009

പാഷനും തൃഷ്ണയും പട്ടീരെ മൂടും

{അതിരാവിലെ എട്ടുമണി. കുഞ്ഞുമോള്‍ കിടക്കപ്പായയില്‍ നിന്നും എണീറ്റ് ആ ഉറക്കപ്പിച്ചില്‍ തന്നെ പത്രം വായിക്കുന്നു. പെണ്ണമ്മിച്ചി ചോറും കൂട്ടാനും ഉണ്ടാക്കുന്ന തത്രപ്പടില്‍. കുഞ്ഞുമോഞ്ചേട്ടന്‍ കുളി വിത് ബാക്ഗ്രൌണ്ട് മ്യൂസിക്.

“മൈനാകം കടലില്‍ നിന്നുയരുന്നുവോ..”

പെട്ടെന്ന് പെണ്ണമ്മിച്ചിയുടെ അലര്‍ച്ച}

എന്തൂട്ട് പണ്യാ മനുഷ്യനേ നിങ്ങളീ കാണിക്കണേ, ആ ക്ടാവ് എന്തോരം താലോലിച്ച് നോക്കണ ചെടീന്നീ കെടന്ന് വെട്ടണെ. ട്യേ കുഞ്ഞോളേ ഓടി വാടീ..ദേ അച്ചങ്കുഞ്ഞ് ദേ നിന്റെ ഫേഷന്‍ ഫ്രൂട്ടിന്റെ ചെടി വെട്ട്ണു.

ഫേഷനല്ലടീ പാഷന്‍. ‘ഫേഷന്‍ ഫേബ്രിക്സി’ന്റെ അല്ല ‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ . അഞ്ചാറ് മാസായി ഇതു പടര്‍ന്ന് പന്തലിച്ച് നിക്ക്ണു, ഇതേ വരെ ഒരു കായൂല്യാ പൂവൂല്യാ. ഫലം തരാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടുമെന്നല്ലേറീ കര്‍ത്താവീശോ മിശിഹാ പറഞ്ഞേക്കണത്. വെട്ടി തീയിലിടണേനും മുന്നേ ഒന്നു വെട്ടി പേടിപ്പിച്ച് നോക്കീത്‌ണ്.

എന്തൂട്ട് പ്‌ഫാ! ആയാലും പ്‌ഭാ! ആയാലും വേണ്ടില്ല. എന്തോരം വിറ്റാമിനും എന്തൂട്ടൊക്ക്യോ ആലക്കലോയിഡും(1) ഇള്ള കായീന്. എന്താണ്ട് ഗവേഷിക്കാനാന്ന് പറഞ്ഞ് വളര്‍ത്തണതാണാക്ടാവ്.എന്റെ തബ്‌രാനേ, അത് കട‌ക്ക‌ല്‍ന്നാ വെട്ടാന്‍ നോക്കണ കണ്ടാ. ഇന്നാ ക്ടാവ് നിങ്ങളെ ശര്യാക്കും. അതവടെ നിക്കണൊണ്ട് നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ? നിങ്ങടൊരു വെട്ടി പേടിപ്പിക്കല്.

{പത്രം വലിച്ചെറിഞ്ഞ് ഓടിവന്ന കുഞ്ഞോള്‍}

അയ്യോ അതിലു നെറച്ചും പൂവ്‌ണ്ട്. വെട്ടല്ലെ.. വെട്ടല്ലേ. പാഷന്‍ ഫ്രൂട്ട് ജൂസ് കൊടുത്താല്‍ ആസ്മയ്ക്ക് നല്ലതാന്ന് (2)ഇന്നാളൊരു പഠനം കണ്ടില്ലേ. സിയാപ്പീക്കൊന്നു പരീക്ഷിച്ച് നോക്കാന്‌ണ്.

തേങ്ങേരെ മൂട്‌ണ്. ശ്വാസം മുട്ടും ആസ്മീം മാറണങ്കെ ഡോക്ടറു പറയണ മരുന്ന് കൃത്യായിട്ട് കഴിക്കണം. ഇതെങ്ങ്‌ന്യാ.. ഒന്നെണീറ്റ് നിക്കാറാവുമ്പ്‌ഴ്‌ക്കും ഇംഗ്ലീഷ് മരുന്നാ നിര്‍ത്തി, കണ്ണീക്കണ്ട സിസ്റ്റുമാരും അച്ചന്മാരും തരണ പഞ്ചാരഗുളികേം പഞ്ചാരവെള്ളൊം കഴ്‌ച്ചാലൊന്നും ശ്വാസം‌മുട്ട് പൂവില്ല

അതല്ലാന്ന്.. അച്ചങ്കുഞ്ഞേ, ശ്വാസം മുട്ട് പോയില്ലെങ്കിലും വിറ്റാമിന്‍ സി കൊറച്ചവളുടെ വയിറ്റീ ചെല്ലൂല്ലോ. പിന്നെ ബയോടെകിലെ സ്നേഹിയ്ക്ക് ആന്റി കാന്‍സര്‍ന്റിം (3) ബ്ലഡ് പ്രഷറിന്റീം (4) ഒരു പഠനത്തിന്റെ ട്രയലു നോക്കാനും വേണം‌ന്ന് പറഞ്ഞ്‌ട്‌ന്ന് ഞാനിന്നാള് പെണ്ണമ്മിച്ച്യോട് പറഞ്ഞണ്ടാര്‍ന്നില്ലേ.

അയ്ശരി, അപ്പോ ഉറക്കല്യാത്തോര്‍ക്കള്ള സിറപ്പിണ്ടാക്കണ പണി നിര്‍ത്ത് ക്ടാങ്ങളേന്ന് പറഞ്ഞപ്പോ നീയൊക്കെ കൂടി ഗവേഷണാ തൊടങ്ങീലേ. എന്റെ പൊന്നബ്രാനെ ഈ ബുദ്ധി ആയുര്‍വേദ ഗുണ്ടഡി ചികിത്സേല് വന്നെങ്കെ എന്തോരം ഗുണണ്ടായേനെ! (5)
സത്യം‌പറഞ്ഞാ ഞാനതില് പൂവൊന്നും കണ്ടില്ല. അയിന്റെ ചോട്ടില്‍ നിക്കണ കുരുമൊളകിന് കൊറച്ച് വെളിച്ചം കിട്ടട്ടെ എന്ന്വച്ച് വെട്ടീതാണ്. ഇത്രക്കെ വിശേഷള്ള ചെട്യാച്ചാ വെട്ട്‌ണില്യാ. അവിട്യാ നിക്കട്ടെ

ഈ മനുഷ്യന്റെ ഒരു കാര്യം. ജാതീം കുരുമൊളകും തേങ്ങേരെ മൂടും. ഒരു കായേങ്കിലും ഇണ്ടായിട്ടാണെങ്കെ വേണ്ടില്ലില്ലാര്‍ന്നു. മിറ്റത്തു നെറച്ചും എലീം കൊമ്പും മാത്രണ്ട്. ഒരു തുണി ഒണങ്ങി കിട്ടണങ്കെ പെരപ്പെറത്ത് കൊണ്ടോയിടണം.

{അത്യാഹിതം സംഭവിച്ചു എന്ന് കരുതി കുളിമുറിയില്‍ നിന്നും അര്‍ദ്ധനഗ്നനായി തോത്തുമുണ്ടില്‍ ഓടിവന്ന കുഞ്ഞോന്‍ സീനുകളെല്ലാം കണ്ട് മനസ്സിലാക്കിയ ശേഷം}

നന്നായോള്ളോ! നിനക്കിതന്നെ വരണം. മിനിഞ്ഞാന്ന് അതീന്ന് ഞാനൊരു പൂവ് പൊട്ടിച്ചേന് എന്നെ നീയെന്തൊക്കെ പറഞ്ഞു!
ബൈ ദി ബൈ മിസ്സീസ്സ് പെണ്ണമ്മിച്ചി, മിസ്റ്റര്‍ അച്ചങ്കുഞ്ഞ് പറഞ്ഞതാണ് കറക്റ്റ്. “പാഷന്‍ ഫ്രൂട്ട് മ്‌ഹും നല്ല പേര്” എന്ന് തൃഷ്ണയിലെ(6) സ്വപ്നയെന്ന ചരക്ക്(7) ഗോപനെന്ന കൊച്ചെറുക്കനോട് (8) പറയുന്ന അതേ പാഷന്‍ ഫ്രൂട്ട്.
“മൈനാകം കടലില്‍ നിന്നുയരുന്നുവോ..” എന്ന ബിച്ചു തിരുമല വരികള്‍ക്ക് ശ്യാമിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ നടന്ന് വരുന്ന മമ്മൂട്ടി.

ആ പാഷനല്ലട കുഞ്ഞോനേ ഈ പാഷന്‍. ഇത് പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ പാഷന്‍ തന്നീണ്. എം.ടി ചെലപ്പൊ തൃഷ്ണ എന്ന് പേരിന് പറ്റ്യോരു ഡയലോഗിണ്ടാക്കീതാവും(9). സംഗതി പക്ഷേ പീഡാനുഭവത്തിലാണ് കെടക്കണേ.

പ്രേമപീഡേലെ പീഡ തന്ന്യലേ പീഡാനുഭവത്തിലേ പീഡ?

അതന്നെ. തെക്കേ അമേരിക്കയില്‍ പോയ സ്പാനീഷ് കത്തോലിക്കാ മിഷണറിമാര്, അവ്ടത്തെ നാട്ടാര് വേദാനാസംഹാരിയായി ഉപയോഗിച്ചേര്‍ന്ന ഈ പഴത്തിന്റെ പൂവിന് പാഷന്‍ ഫ്ലവര്‍ എന്ന് പേരിട്ടത്. ആ പൂവിന്റെ കായ പാഷന്‍ ഫ്രൂട്ട്. ഈ പൂവ് കണ്ടപ്പോ അവര്‍ക്ക് കര്‍ത്താവിന്റെ പീഡാനുഭവം അതില്‍ കാണാന്‍ പറ്റീത്രേ! അതീനാണ് ഇതിനു പാഷന്‍ ഫ്രൂട്ട് എന്ന പേരിണ്ടായത്. അതിന്റെ ഏറ്റോം മോളിലത്തെ മൂന്നു കേസരതുമ്പോള് കര്‍ത്താവിന്റെ കയ്യിലും കാലിലും തറച്ച മൂന്ന് ആണ്യോള്‍, അയിന്റെ താഴെ ഉള്ള കേസരങ്ങള് അഞ്ച് തിരുമുറിവോള്, അയിന്റെ താഴീള്ള നൂല് പോലത്തെ പൂഭാഗം മുള്‍ക്കിരീടം, താഴെ ഉള്ള ദളങ്ങളും പുറമിതളുകളും കര്‍ത്താവിന്റെ 10 ശിഷ്യന്മാര്‍, ചെടിടെ ചുറ്റുവള്ളികള്‍ ചാട്ടവാര്‍.(10) എങ്ങനീണ്ട് അവ‌്‌ര്‌ടെ കാഴ്ച?

10 ശിഷ്യമാരാ? 12 അല്ലേ അച്ചങ്കുഞ്ഞേ?

അത് പണ്ടല്ലേരാ. പീഡാനുഭവസമയത്ത് യൂദാസ് ഒറ്റിക്കൊടുത്തില്ലേ, പത്രോസ് തള്ളീം പറഞ്ഞു. അപ്പോ 12-2 =10 എപ്പടീ?

ആഹാ എന്തൊരു പാഷന്‍! എന്തൊരു പീഡ! അപ്പോ പാറേലും വെള്ളത്തിലും ദോശേലും മൊട്ടാബ്ലേറ്റിലൊക്കെ പടച്ചതമ്പ്‌രാനെ കാണാന്‍ തൊടങ്ങീത് ഇബട്യൊന്നൊടങ്ങ്യാണല്ലേ!

അങ്ങിനെ പറയാന്‍ പാട്‌ല്യാ. പൂവിലും പുല്ലും തൂണിലു തുരുമ്പിലും കര്‍ത്താവുറങ്ങുന്നു എന്ന് പറയണം

തേങ്ങേരേ മൂട്‌ണ്. വെറ്‌തെ ഗുണ്ടടിക്കാണ്ട് ഒന്നു പോയേന്റെ മനുഷ്യാ.

അല്ലറീ പെണ്ണമ്മേ, പട്ടീരെ മൂട്ണ്. പാഷന്‍ ഫ്ലവറിലെ പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞ് ഉത്ഥാനം നടന്നത് പട്ടിരെ മൂട്ടിലാര്‍ന്നു. സംശയണ്ടങ്കെ ദേ നോക്ക്. പട്ടീരെ മൂട്ടീന് കര്‍ത്താവ് ഇറങ്ങി വരണത്!(11)


**************************
1a. പ്രധാനമായും രണ്ട് തരം പാഷന്‍ ഫ്ര്യൂട്ട് (Passiflora edulis) ആണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. പര്‍പ്പിളും (Passiflora edulis L) മഞ്ഞയും (P. edulis f. flavicarpa).ഹാര്‍മാല ആല്‍ക്കലോയിഡുകളും ഫ്ലേവണൊയിഡുകളും കരോട്ടിനോയിഡുകളും ഈ ചെടിയില്‍ (കുറഞ്ഞ അളവില്‍ )കണ്ടു വരുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ മരുന്നുപയോഗ ഗവേഷണത്തില്‍ ധാരാളമായി ഉപയോഗിച്ച് വരുന്നു.
1b. C.O. Chichester, Advances in Food Research, vol.27, Elsevier.

2.R.R Watson et al, Nutri. Res., 28(3),166-171 (2008) "Oral administration of the purple passion fruit peel extract reduces wheeze and cough and improves shortness of breath in adults with asthma"

3.C. A. Rowe et al, J. Med.l Food, 7(4),402-407 (2004) "Inhibition of Neoplastic Transformation of Benzo[α]pyrene-Treated BALB/c 3T3 Murine Cells by a Phytochemical Extract of Passionfruit Juice"

4.R.R Watson et al, Nutri. Res., 27(7),408-416(2007) "Oral administration of purple passion fruit peel extract attenuates blood pressure in female spontaneously hypertensive rats and humans."

5. തെക്കേ അമേരിക്കന്‍ നാട്ടു വൈദ്യത്തില്‍ ഉറക്കമില്ലയ്മക്കും വേദനാസംഹാരിയായും ഉപയോഗിച്ചിരുന്നതിനാല്‍ വ്യാപകമായ തോതില്‍ പാഷന്‍ഫ്രൂട്ട് സിറപ്പ് ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടു. എന്നാല്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ഈ സിറപ്പിനു വലിയ സ്വാധീനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിറപ്പുണ്ടാക്കി വില്‍ക്കുന്നത് പാശ്ചാത്യരാജങ്ങളില്‍ നിരോധിച്ചു. ഇപ്പോള്‍ ധാരളം ഗവേഷണങ്ങള്‍ അതിലെ ആല്‍ക്കലോയിഡുകളിലും മറ്റും നടക്കുന്നു. കൂടുതല്‍

6. ഈ വീഡിയോയിലെ ഏഴാം മിനിട്ടു തുടങ്ങി കാണുക. തൃഷ്ണ- സംവിധാനം-ഐ.വി.ശശി. കഥ, തിരക്കഥ, സംഭാഷണം- എം.ടി വാസുദേവന്‍ നായര്‍. ഗാനങ്ങള്‍ -ബിച്ചുതിരുമല.സംഗീതം-ശ്യാം

7. ചരക്ക് - സെക്സിയായ പെണ്ണ്

8. കൊച്ചെറുക്കന്‍ - കൊച്ചുപുസ്തകം വായിക്കുന്ന പ്രായത്തിലുള്ള/അവസ്ഥയിലുള്ള ചെറുക്കന്‍

9. പാഷന്‍ ഫ്രൂട്ടിലെ പാഷന്‍ ഒട്ടനവധി പേരെ തെറ്റിദ്ധരിപ്പിച്ചീട്ടുണ്ട്. കൂടുതല്‍

10. വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്, ഇലയും, കായും, വേരും പീഡനുഭവത്തിനകത്ത് വരും. വായനക്കാര്‍ക്കും ശ്രമിച്ചു നോക്കാവുന്നതാണ്. കൂടുതല്‍.

11. ഈ പടത്തിനു കടപ്പാട് Bay of Fundie

12. മറ്റുചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

**************************
തൃഷ്ണ സിനിമാത്തരം -4 തൊലിക്കല്‍

8 comments:

ഭക്ഷണപ്രിയന്‍ said...

പെണ്ണമ്മച്ചിയെയുമ് കുഞ്ഞു മോളേം ഒക്കെ കണ്ടിട്ട് കുറെ ആയല്ലോ . എന്നാ ഇലക്ഷന്‍ തിരക്കിലാരുന്നോ?
ഞാന്‍ ഈ പാഷന്‍ ഫ്രുടിന്റെ രണ്ടു തൈ വീട്ടില്‍ വച്ചിട്ടുണ്ട്. പക്ഷേ പൂ കാണാനും കാ തിന്നാനുമുള്ള ഭാഗ്യം ഇതു വരെ ഉണ്ടായില്ല . വീട്ടുകാരും നാട്ടുകാരും അണ്ണാനും കിളീമൊക്കെ ഇഷ്ടം പോലെ തിന്നുന്നുണ്ട്. ഇതു പൂക്കേം കായ്കേം ചെയ്യുന്ന സമയത്ത് അവധിക്കു ചെല്ലാന്‍ പറ്റിയിട്ടില്ല.
പൂകള്‍ ഇത്ര മനോഹരമാണെന്ന് കാട്ടിത്തന്നതിന് നന്ദി.
പിന്നെ പാഷന്‍ എന്നാല്‍ കാമം , ആഗ്രഹം എന്നൊക്കെയാണ് അര്‍ത്ഥം എന്നാണ് ഞാന്‍ കരുതിയത്‌. പുതിയ അറിവുകള്‍ പകര്‍ന്നതിനും നന്ദി.
ഒരു സംശയം സെക്സി ആയ ആണിനെ എന്ത് വിളിക്കും? പരുഞ്ഞു തരില്ലേ? അത് പെണ്ണുങ്ങള്‍ മാത്രമറിയുന്ന രഹസ്യമാണോ?

Umesh::ഉമേഷ് said...

അടിപൊളി മോളമ്മേ. വെൽക്കം ബായ്ക്ക്!

മോളമ്മ said...

ഭക്ഷണപ്രിയാ- തെരക്കാര്‍ന്നൂന്നേ. എലക്ഷനും ഇണ്ടാര്‍ന്നു കൂട്ടത്തില്‍. ചോദ്യത്തിനൊക്കീള്ള ഉത്തരം പെങ്കുട്ട്യോള് റെഡിമണ്യാക്കി വച്ചണ്ട്. ദേ ഇവടെ ഇട്ടണ്ട്.

ഉമേഷേ - ;)

ദേവന്‍ said...

വ. ലതാണ്‌ പോസ്റ്റ് മോളമ്മാസ്.

ഞാന്‍ കയ്യും വീശിയല്ല വന്നത്. പാഷന്‍ ഫ്രൂട്ടിന്റെ അല്പഞ്ജാതനായ മച്ചാന്‍ (എന്തരു കസിന്‍) അമ്മൂമ്മപ്പഴവുമായിട്ടാ.
ദാണ്ട് പടം :
വീട്ടിലെ വേലിക്കന്‍ നിന്നെടുത്തതാ. പാവങ്ങളുടെ മുന്തിരി പോലെ ഇതിനെ പാവങ്ങളുറ്റെ പാഷന്‍ ഭ്രൂട്ട് ആക്കിക്കോ.

ജയരാജന്‍ said...

ഈ പൂവിനെ ഞങ്ങൾ “സൂര്യകാന്തിപ്പൂ” എന്നാണ് വിളിച്ചിരുന്നത്. എന്റെ വല്യമ്മ(അമ്മമ്മ)യുടെ വീട്ടുവളപ്പിൽ ഒരു ചെടിയുണ്ടായിരുന്നു. ഇതിൽ മുകൾഭാഗത്തുള്ള അഞ്ചിതളുകൾ പാണ്ഡവരെയും താഴെയുള്ള നൂറ്റൊന്നിതളുകൽ കൌരവരെയും സൂചിപ്പിക്കുന്നു എന്നാണ് പറയാറ്. ഈ 101-ന്റെ കണക്ക് ശരിയാണോ എന്നറിയാൻ എണ്ണിനോക്കുന്നത് കുഞ്ഞുന്നാളിലെ പ്രധാനവിനോദങ്ങളിലൊന്നായിരുന്നു.
പക്ഷേ ഇത് പാഷൻഫ്രൂട്ടിന്റെ പൂവാണെന്ന് അന്ന് അറിയില്ലായിരുന്നു. ഇഷ്ടം പോലെ പൂവിടാറുണ്ടെങ്കിലും അന്നൊന്നും അതിൽ പഴം കണ്ടിട്ടുമില്ല.
ആദ്യമായി പാഷൻ ഫ്രൂട്ട് എന്ന് കേൾക്കുന്നത് പെരിയ നവോദയയിൽ വെച്ചാണ്; അവിടെ ഒരു ബിൽഡിങ്ങിന്റെ പുറത്ത് ഇതിന്റെ വള്ളി പടർന്ന് കയറിയിട്ടുണ്ടായിരുന്നു. നെറയെ കായും ഉണ്ടാകും. പക്ഷേ മൂക്കുമ്പോഴേക്കും ആമ്പിള്ളേർ അടിച്ചുമാറ്റും.
പിന്നെയും കുറെ കഴിഞ്ഞ് അമ്മാവന്റെ വീട്ടുവളപ്പിൽ നിന്നാണ് പാഷൻ ഫ്രൂട്ട് കഴിക്കുന്നത്. അവിടെ ഒരു ചെറിയ പ്ലാവിന് പടർന്നു കയറിയ ഇതിൽ നെറയെ കായകളുണ്ടായിരുന്നു. വവ്വാലിന് കൊടുക്കാതെ ചെറിയ മഞ്ഞനിറം വരുമ്പോൾ തന്നെ അധികവും പറിച്ചെടുക്കും. നല്ല മൂത്ത പഴം മുകളറ്റം തുരന്ന്, പഞ്ചസാര ഇട്ട് കലക്കി, സ്പൂൺ കൊണ്ട് കോരിക്കുടിച്ചതിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ‌പോയപ്പോൾ ആ പ്ലാവ് ഉണങ്ങി, പാഷൻഫ്രൂട്ട് പടരാൻ മരമില്ലാതെ വാടി നിൽക്കുകയായിരുന്നു. ഇപ്പോ എന്തായോ എന്തോ? :(

പാഞ്ചാലി said...

നല്ല പോസ്റ്റ് മോളമ്മേ!വളരെ ഇന്‍ഫൊര്‍മേറ്റീവ്!

പ്രൈമറിക്ലാസ്സിലായിരിക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ കൊണ്ടുവരുന്ന പഴങ്ങളില്‍ ഏറ്റവും ഡിമാന്റ് പാഷന്‍ ഫ്രൂട്ടിനായിരുന്നു!

പിന്നെ കരിഞ്ഞചപ്പാത്തിയില്‍ ക്രിസ്തുദേവനെ കണ്ടത് അറിഞ്ഞില്ലെങ്കില്‍ ഒന്നു നോക്കണേ!

Visala Manaskan said...

ദെന്തിറ്റദ്????

ഇങ്ങിനെ ഒരു ട്രാക്റ്ററ് ഈ പാടത്ത് ഇറങ്ങിയത് അറിഞ്ഞില്ല്യാര്‍ന്നു.

മോളി ചേടത്ത്യാരേ... എഴുതിയേക്കണതെല്ലാം ഒന്നീന്ന് തുടങ്ങി, വായിക്ക്യാണ്ടിരിക്കാന്‍ പറ്റില്ല അങ്ങനത്തെ കലക്കാണ് ട്ടാ. ജ്ജാതി അക്രമ പെരുക്കന്നെ!

മോളമ്മ said...

ഈ പാഷന്‍ ഫ്രൂട്ട് ചില്ലറക്കാരനൊന്നല്ല ദേവാ. 500 സ്പീഷിസ് ഉണ്ട്. എന്തോരം പഠനങ്ങളാ! ഏറ്റവും കൌതുകകരമായി തോന്നിയത് ബനാന പാഷന്‍ ഫ്രൂട്ടാ. എന്തായാലും അമ്മൂമ്മപഴം എന്ന പേര് നല്ലപ്പേര്. പാഷന്‍ ഫ്രൂട്ടിനെ ഇനി പീഡിതപഴം എന്ന് വിളിച്ച് കൂടെ എന്ന് ഉണ്ണിമോന്‍ ചോയ്ക്കണു :)

തബ്രാനെ ഇയിന്റെ ഹിന്ദു വേര്‍ഷനും ഇണ്ടാ. കട്ടയ്ക്ക് കട്ടയ്ക്ക് നിക്കാന്‍ പണ്ടും ആള്‍ക്കാരിണ്ടാര്‍ന്നൂല്ലേ. മഞ്ഞ പാഷന്‍ ഫ്രൂട്ടിനു ആണ്‍പൂവും പെണ്‍പൂവും വേറെ വേറെയാണു. അതുകൊണ്ട് തേനീച്ചകളോ പക്ഷികളോ സഹായിച്ചാലേ കായയുണ്ടാകൂ. അതുകൊണ്ടായിരിക്കും മഞ്ഞയില്‍ കുറേ കാലം കായയുണ്ടാകാഞ്ഞത്. അതേ സമയം പര്‍പ്പിള്‍ സ്വയമായി പോളിനേറ്റ് ചെയ്യുന്ന ഇനമാണ്.

പാഞ്ചാലേയ്- കണ്ടു, കണ്ടു ചപ്പാത്തിലെ കര്‍ത്താവിനെ. ക്യൂട്ടെക്സിടുമ്പോ കര്‍ത്താവിനെ കണ്‍ടാ എന്തൂട്ടാ ചിയ്യാന്നാണ് ഇപ്പോ ആലോചിക്കണെ. :)

അല്ലാ ആരിത്? കൊടകരക്കാരനാ! എന്തൂട്ടാ പറയ്സ്റ്റാ. ട്രാക്ടറേങ്കെ ട്രാക്ടറ്, പച്ചേങ്കെ പച്ച. തൃശ്ശൂര്‍ക്കാരാവുമ്പോ മീശക്കാരായില്ലെങ്കിലും മോശക്കാരാവാന്‍ പറ്റോ? :)