
ഈ നട്ടപ്പറ വെയിലത്ത് ടാറിട്ട റോട്ടേയ്ക്കോടെ നടക്കാനാ? ഒരു മരം കൂടീല്യാ. കുഞ്ഞോളേച്ചിയ്ക്ക് പ്രാന്ത്‌ണ്ടാ?
വെലങ്ങനില്ക്ക് നിങ്ങളെ കൊണ്ടന്നതെന്തിനാ? മരതകമിന്നല് പഠിച്ചപ്പോ ഞാനെന്തൂട്ടാ പറഞ്ഞേരാ മോനച്ചാ?
മരീചികയെ കുറിച്ച് പഠിക്കാനാന്ന്.
ആഹാ.. ഇവിടീം പഠിത്തണ്? ഞാനില്ലീ പണിക്ക്.
നീ വാടീ പൊന്നൂസേ നല്ല രസാ. മോനച്ചന്‍ ഗ്യാരണ്ടി.
ഓക്കെ. വരാത്തൊരൊക്കെ വണ്ടീലിരുന്നോട്ടെ. പക്ഷേ കുന്നിന്റെ മോളിലെത്തോണോര്‍ക്ക് മാത്രേ ചോക്കോബാറ് കിട്ടൂ. മോനച്ചന്‍ പറ മരീചകയുടെ ഏറ്റവും സാധാരണമായ ഉദാഹരണമെന്തൂട്ട്‌ണ്?
ചൂടുപിടിച്ചു കിടക്കുന്ന ടാറിട്ട റോട്ടില്‍ വെള്ളം പോലെ തോന്നണത്.
കറക്റ്റ്. അപ്പോ എല്ലാരും വഴിയില്‍ സൂക്ഷിച്ച് നോക്കി നടക്ക്. വെള്ളം പോലെയോ ഓയല് പോലെയോ എന്തെങ്കിലും ആരെങ്കിലും കണ്ടാല്‍ മറ്റുള്ളോരെ കാണിച്ച് കൊടുക്ക്.
കുഞ്ഞുമോളേച്ച്യേ.. ദേ റോട്ടില് വെള്ളം!
അതിന്നലെ മഴ ചാറ്യേന്റെ വെള്ളണ്. അതല്ല. വേറെ കാണുന്നുണ്ടോന്ന് നോക്ക്.
ദേന്നാ.. അവിടെ ദൂരെ വെള്ളം പോലെ.
ഓക്കെ. ഇമ്മക്കത് പോയി നോക്കാം.
ഇവിടെത്ത്യേപ്പോ വെള്ളം കാണാനില്ലല്ലോ. അപ്പോ ഇത് മരീചികയായിരുന്നുല്ലേ?
അപ്പോ മരീചിക വെറും തോന്നലാണോ കുഞ്ഞോളേച്ച്യേ? അത് ശരിയ്ക്കും ഇല്ലേ?
നമുക്കീ ചോദ്യം എല്ലാരോടും ചോയ്ക്കാം.
പൊന്നൂസെന്തുപറയുന്നു? മരീചിക തോന്നലാണോ?
ആ അതേയതേ തോന്നലാണ്. മരുഭൂമിയിലെ സഞ്ചാരികളെ പറ്റിക്കുന്ന ഭൂതത്തിന്റെ തട്ടിപ്പാണെന്ന് ഞങ്ങടെ അമ്മാമ്മ പറഞ്ഞന്നണ്ട്. അവിടെ കൊളാന്നച്ചട്ട് ആള്‍ക്കാര് അവടയ്ക്ക് ചെല്ലുമ്പോ കൊളം പിന്നീം മുന്നില്‍ക്ക് പൂവൂത്രേ. അങ്ങനെ മുന്നില്‍ക്ക് പോയി പോയി കുറേ പോയാലും കുളം പിന്നിം കൊറേ ദൂരെന്നെ. അവസാനം ആള്‍ക്കാര് വെള്ളം കിട്ടാണ്ട് തളര്‍ന്ന് വീഴുമ്പോ ഭൂതം പിടിച്ച് തിന്നും. ഇതൊക്കെ ഭൂതത്തിന്റെ ട്രിക്കാണ്‌ന്ന്.
പൊന്നൂസ് പറഞ്ഞ കഥ വിശ്വസിക്കുന്നൂന്ന് വയ്ക്ക്. അപ്പോ ഇവിടിപ്പോ നമ്മള് കണ്ട മരീചിക ഭൂതത്തിന്റെ ട്രിക്കാ?
അത്.. പിന്നെ.. ഇമ്മളിത്ര ആള്‍ക്കാരില്ലേ.. അപ്പോ ഭൂതം വരില്യാ. ഒറ്റയ്ക്കാണെങ്കിലെ ഭൂതം വരള്ളോ.
അയ്ശരി.. ഭൂതത്തിനെ കണ്ട ആരെങ്കിലും ഉണ്ടൊ ഇപ്പോ നിങ്ങടെ നാട്ടില്?
പണ്ടൊള്ളൊരൊക്കെ കണ്ടണ്ട്ന്ന് അമ്മാമ്മ പറഞ്ഞണ്ട്.
അപ്പോ എന്താ ഇപ്പോ ഇള്ളോര് കാണാത്തെ?
അത് .. പിന്നെ..
ഓക്കെ. പൊന്നൂസ് ഉത്തരം ആലോചിക്ക്
കുഞ്ഞിക്ക് എന്താണഭിപ്രായം? മരീചിക തോന്നലാണോ?
അതേയതേ. പണ്ട് പണ്ട് പാണ്ഡവര്‍ക്ക് മായന്‍ ഇണ്ടാക്കി കൊടുത്ത കൊട്ടാരത്തില്‍ ഇങ്ങനെ വെള്ളാന്ന് കരുതി കൌരവര്‍ മുണ്ടുപൊക്കി നടന്നൂന്നും പിന്നെ ശരിയ്ക്കുള്ള വെള്ളം കണ്ട് അതു തറയാന്ന് കരുതി നടന്ന് അതില്‍ വീണൂന്നും അപ്പോ ഭീമന്‍ കളിയാക്കി ചിരിച്ചെന്നും അമര്‍ചിത്രകഥേല് വായിച്ചണ്ട്.അങ്ങനെ പരിഹസിച്ചതിന്റെ പകരം വീട്ടീത്‌ണ് ചൂതുകളി.
മായന്റെ കൊട്ടാരത്തിലെ പ്രതിഭാസം മരീചികയായിരുന്നോടാ മോനച്ചാ?
അല്ല. അത് സ്ഫടിക നിര്‍മ്മിതമായ തറകളായിരുന്നു. ആ സ്ഫടിക തറകളില്‍ പ്രകാശം പ്രതിഫലനം ചെയ്താണ് വെള്ളത്തിന്റെ അല്ലെങ്കില്‍ കുളത്തിന്റെ പ്രതീതി ഉണ്ടായത്.
അപ്പോ മോനച്ചന്റെ അഭിപ്രായം എന്താണ്? മരീചിക നമ്മുടെ തോന്നലാണോ?
അല്ല. മരീചിക ഒരു പ്രകാശിക പ്രതിഭാസമാണ്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം പോലെയും, തടസ്സപ്പെട്ട പ്രകാശം ഉണ്ടാക്കുന്ന നിഴലിനെ പോലെയും ഉള്ള യഥാര്‍ത്ഥ പ്രതിഭാസമാണ് മരീചിക.
ഞാന്‍ വിശ്വസിക്കില്ല മോനച്ചന്‍ ചേട്ടാ. എന്നട്ടിപ്പോ നമ്മള് അടുത്ത് വന്ന് നോക്ക്യേപ്പോ കാണാത്തതെന്താ?
അപ്പോ കണ്ണാടിയില്‍ കാണുന്ന രൂപം നമ്മള്‍ മാറുമ്പോള്‍ പിന്നേയും കാണാത്തതെന്താ പൊന്നൂസേ?
അത്.. കണ്ണാടിയില്‍ കാണുന്നത് നമ്മുടെ പ്രതിബിംബം അല്ലേ? ഇമള്ള് മാറിയാ അതും പൂവും.
പൊന്നൂസേ , എല്ലാ പ്രകാശിക പ്രതിഭാസങ്ങളും അവയുടെ പ്രകാശ സ്രോതസ്സ് മാറ്റപ്പെറ്റുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ഇല്ലാതാവുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യും. അപ്പോള്‍ മോനച്ചന്‍ പറയ്. മരീചിക എന്ന പ്രകാശപ്രതിഭാസത്തില്‍ എന്താണ് സംഭവിക്കുന്നത്?
പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction). താഴ്ഭാഗം ചൂടുപിടിച്ചും മേല്‍ഭാഗം താരതമ്യേനെ തണുത്തും കിടക്കുന്ന വായുവില്‍ പ്രകാശത്തിനു സംഭവിക്കുന്ന അപവര്‍ത്തനമാണ് മരീചികയുടെ കാരണം.
പൊന്നൂസിനോര്‍മ്മയുണ്ടോ നമ്മള്‍ അപവര്‍ത്തനം എങ്ങനെയാണ് പഠിച്ചതെന്ന്?
ഉവ്വ്. ഒരു ഇസ്കെയില്‍ വെള്ളത്തില്‍ ഇട്ടാല്‍ അത് ഒടിഞ്ഞത് പോലെ തോന്നും.
അതായത് ഇസ്കെയിലിന്റെ സ്ഥാനം വെള്ളത്തില്‍ കാണുമ്പോള്‍ അല്പം മാറിയതായി നമുക്ക് തോന്നും അല്ലേ?
ഉം.. അതാണ് ഒടിഞ്ഞതായി തോന്നണത്.

അതുപോലെ താപവ്യതിയാനമുള്ള വായുവില്‍ പ്രകാശത്തിന്റെ അപവര്‍ത്തനം മൂലം ഒരു വസ്തുവില്‍ നിന്നും വരുന്ന പ്രകാശ രശ്മികള്‍ അല്‍പ്പം വളഞ്ഞാണ് നമ്മുടെ കണ്ണില്‍ തട്ടുന്നത്. ആ രശ്മികളുടെ നേര്‍രേഖയില്‍ നാം നോക്കുമ്പോള്‍ കാണുന്നത് വസ്തുവിനെ അല്ല വസ്തുവിന്റെ അപവര്‍ത്തന പ്രതിബിംബത്തെ ആണ്. അത്തരത്തില്‍ ഉണ്ടാകുന്ന പ്രതിബിംബങ്ങള്‍ ആണ് നമ്മള്‍ റോട്ടില്‍ കണ്ടത്.
അവിടെ നമ്മള്‍ വെള്ളം പോലെ അല്ലേ കണ്ടത്, വസ്തുക്കള്‍ അല്ലല്ലോ?
വസ്തുകളുടെ അപവര്‍ത്തനം മൂലമുണ്ടായ പ്രതിബിംബം എപ്പോഴും പ്രതിഫലനം മൂലം കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തിന്റെയത്ര വ്യക്തമായിരിക്കണം എന്നില്ല. എന്നാല്‍ ആ പ്രതിബിംബങ്ങള്‍ ആണ് അവിടെ വെള്ളമുണ്ട് എന്ന പ്രതീതി ജനിപ്പിച്ചത്. നമ്മള്‍ റോട്ടില്‍ കണ്ട്ത് ആകാശത്തിന്റെ അവ്യക്തമായ പ്രതിബിംബമായിരുന്നു. മരുഭൂമിയിലിലെ മണ്ണല്‍ പരപ്പിലും പലപ്പോഴും സഞ്ചാരികള്‍ കാണുന്നത് ആകാശത്തിന്റെ പ്രതിഫലനമാണ്, വെള്ളമോ കുളമോ ഒക്കെയായി തെറ്റിദ്ധരിക്കപ്പെടുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവും നിഴലുമൊന്നും മനസ്സിന്റെ തോന്നല്ലല്ലാത്തത് പോലെ മരീചികയും മനസ്സിന്റെ വെറും തോന്നലല്ല. പൊന്നൂസിനു മനസ്സിലായോ?
ഉവ്വാ. ഇനി അമ്മാമ്മ മരുഭൂമിയിലെ ഭൂതത്തിന്റെ കഥ പറയുമ്പോ ഞാനിതൊക്കെ പറഞ്ഞ് കൊടുക്കും.
ഗുഡ് ഗേള്‍. ചോക്കോബാറ് പിടി.
മരീചിക ഒരു പ്രകാശിക മിഥ്യാബോധം (Optical illusion) ആണെന്നും ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അതും തെറ്റാണെന്ന് മനസ്സിലായല്ലോ. വ്യക്തമായും ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഒരു പ്രാകാശ പ്രതിഭാസമാണ് മരീചിക. അത് തോന്നലോ, മിഥ്യാബോധമോ അല്ല.
മരീചിക എന്ന പ്രകാശിക പ്രതിഭാസം അധോവൃത്തി (inferior mirage), ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നത് ഹോംവര്‍ക്കായി ചെയ്യണം. അവയുടെ പടങ്ങളും ശേഖരിക്കണം. പിന്നെ മരീചിക എന്ന ബിംബം മലയാള സാഹിത്യത്തില്‍ എങ്ങനെയാണ് കാണപ്പെടുന്നത് എന്ന് വായിച്ചു മനസ്സിലാക്കണം. ഓക്കെ?
ഓക്കെ.
അപ്പോ അടുത്ത ക്ലാസ്സ് മാരീചനെ കുറിച്ച്. എവിടെ വേണം?
സൂവില്‍ മതി.. സൂവില്‍മതി..
ഒക്കെ അടുത്ത തവണത്തെ യാത്ര കാഴ്ച ബംഗ്ലാവില്‍ക്ക്. എല്ലാവരും കൊറച്ചേരം അമ്പസ്താനി കളിക്ക്. ഒരു അഞ്ചരയാവുമ്പോ ഇമ്മക്ക് തിരിച്ചിറങ്ങാം.
*********************************
വായനക്കാരോട് - ഇതു അപ്പര്‍പ്രൈമറി കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. മരീചിക മനസ്സിന്റെ തോന്നല്‍ അല്ല എന്ന് മുതിര്‍ന്ന വായനക്കാര്‍ക്കെല്ലാം അറിയുന്നുണ്ടായിരിക്കും.
വിമര്‍ശനാത്മക ബോധനശാസ്ത്രത്തില്‍ (Critical pedagogy)ഒരു കുട്ടി ശാസ്ത്രം പഠിക്കുന്ന രീതി മനസ്സിലാക്കാനും ഒരുപരിധി വരെ ഈ പോസ്റ്റ് സഹായിക്കും.
പടങ്ങള്‍ വിക്കിയില്‍ നിന്ന്
10 comments:
തകര്‍പ്പന്‍പാഠം ...ഈ സീരീസ് വളരെ നന്നാവുന്നുണ്ട്.
ഭൂമിയീല്‍ ആകാശം പ്രതിഫലിക്കുന്നതിനു തുല്യമായ പ്രതിഭാസങ്ങള്‍ ആകാശത്തും ഉണ്ടായിട്ടുള്ളതായിട്ട് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു നഗരം പോലും ഒരിക്കല്‍ ആകാശത്ത് തലകീഴായി കണ്ടതായി എവിടെയോ വായിച്ചിട്ടുണ്ട്.
അവിടെ പക്ഷെ റിഫ്രാക്ഷന്‍ ആയിരിക്കാനിടയില്ല കാരണം എന്നുതോന്നുന്നു. നീരാവിയുടെ പടലം കണ്ണാടിപോലെ ആയിത്തീരുന്നതുകൊണ്ടുള്ള റിഫ്ലെക്ഷന്‍ ആയിരിക്കാം.
എന്തായാലും അത്തരം പ്രത്തിഭാസങ്ങളെയും മിറാഷ് എന്നുതന്നെയാണ് വിളിക്കുന്നത്.
മുകളില്‍ ഞാനിട്ട കമന്റില്‍ തെറ്റുണ്ട്. തലകീഴായ ഇമേജസ് റിഫ്ലെക്ഷനില്‍ ഉണ്ടാകുന്നതാകാം എന്ന് എവിടെയോ പണ്ട് വായിച്ചതാണ്. മള്‍ട്ടിപ്പിള്‍ റിഫ്രാക്ഷനാണ് ഈ അതിനും കാരണം. ജലത്തിനുമീതെ മിറാഷ് കാണപ്പെടുന്ന ഫാറ്റ മൊര്‍ഗാനയിലൂം പ്രതി മള്‍ടിപ്പിള്‍ റിഫ്രാക്ഷന്‍ തന്നെ. കുറെക്കൂടെ വിശദമായി ഈ പേജിലെ അപ്പന്‍ഡിക്സ് സെകഷനില്‍
അസാധാരണ വ്യക്തതയുള്ള ഒരു മിറാഷിന്റെ ഫോട്ടോഗാലറി ഇവിടെ ... ഞാനോടീട്ടാ.. ഇനി അടുത്ത പോസ്റ്റില്‍ കാണാം.....
പെണ്ണമ്മച്ചി പഠിപ്പിച്ചേ അടങ്ങൂന്നന്ന്യാണ്!
വിലങ്ങന്‍ കുന്ന് പഴയ കോളേജ് സ്മരണകളുടെ ഒരു ഭാഗമാണ്.
ഇതൊക്കെ കഷടപ്പെട്ട് ബുദ്ധിമുട്ടി കുത്തിയിരുന്നു പഠിച്ചതായിരുന്നു. സര്‍വ്വവും മറന്നു. എല്ലാം മരീചിക.
ഇതന്ന്യല്ലെ ഈ അക്കരെപ്പച്ച?
ഗുപ്താ - അധോവൃത്തി (inferior mirage), ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍ എന്നത് നേരത്തെ ഇംഗ്ലീഷില്‍ കൊടുക്കാഞ്ഞത് കുഴപ്പിച്ചു അല്ലെ? ക്ഷമിച്ചു കള. നമ്മള്‍ സാധാരണ കാണുന്നത് inferior mirage അത് ഉണ്ടക്കുന്നത് താഴെ ചൂടുള്ളതും മുകളില്‍ തണുത്തതുമായ വായുവില്‍ നടക്കുന്ന പ്രകാശത്തിന്റെ അപവര്‍ത്തനം മൂലം. എന്നാല്‍ താഴെ തണുത്തതും മുകളില്‍ ചൂടുള്ളതുമായ വായുവിലും അപവര്‍ത്തനം നടക്കും. അപ്പോളുണ്ടാകുന്നതാണ് ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍. സാധാരണ പോളാര്‍ ഭാഗത്താണ് ഇവ കൂടുതലായി കാണാന്‍ കഴിയുക. inferior mirage നെ അപേക്ഷിച്ച് superior mirage നൂ വ്യക്തത കൂടുതലായിരിക്കും. കാരണം തണുത്ത വായുവിനു പിന്നേയും മുകളിലേയ്ക്ക് പോകാനുള്ള പ്രവണത ഇല്ലാത്തത് മൂലം അപവര്‍ത്തനവും തന്മൂലമുണ്ടാകുന്ന പ്രതിബിംബവും കൂടുത്തല്‍ സ്ഥിരതയുള്ളതാണ്. Fata Morgana, superior mirage നെക്കാള്‍ കുറച്ചു കൂടി കോപ്ലെക്സ് ആണ്.
ബഹുവ്രീഹി - വെലങ്ങന്റവിടെ പണ്ട് ഏതു കോളേജ്? ഇപ്പോ അമലേല്‍ത്തെ പിള്ളേരാണവടപ്പിടി. ഇന്നാളു സാമൂഹികവിരുദ്ധര്‍ കൈയേറുന്നു എന്നു പറഞ്ഞ് ചെറ്യേ ബഹളൊക്കീണ്ടായി. ഇതാണോ അക്കര പച്ച? അല്ലല്ല. അതു വെറും തോന്നല്‍ :). അക്കരെ നില്‍ക്കുമ്പോ ഇക്കര പച്ച.
ഞാന്‍ പോയി കുത്തിയിരുന്നു വിക്കി മൊതല്‍ തപ്പാവുന്നതു മുഴുവന്‍ തപ്പി എല്ലാം ഒരുവിധം പിടിച്ചെടുത്തപ്പം ആണ്ടെവരണ് വിശദീകരണം... ലേറ്റായിപ്പോയി. :) എനിവേ താങ്ക്സ് ഫൊര്‍ ദ പുഷ്
ഞാന്‍ ഉദ്ദേശിച്ചത് മരുപ്പച്ചയായിരുന്നു. അക്കരപ്പച്ചയല്ല.! സ്വാറി. തെറ്റിയപ്പോള്‍ എഴുതിയതാണ് എന്നതാണോ എഴുതിയപ്പോള്‍ തെറ്റിയതാണ് എന്നതാണോ ശരി? ;-)
പെണ്ണമ്മച്ചീ, പണ്ട് സമരദിവസങ്ങളില്‍ ഇടക്കൊക്കെ കറങ്ങാറുള്ള സ്ഥലങ്ങളായിരുന്നു വിലങ്ങനും പൊന്മലയും ഒക്കെ. ഗുരുവായൂരടുത്തുള്ള ശ്രീകൃഷ്ണയായിരുന്നു കളരി.
വിലങ്ങനില്‍ സാമൂഹ്യവിരുദ്ധരോ?
ഏഴിലെ സാമൂഹ്യപാഠപുസ്തകത്തെ വിമര്‍ശിക്കുന്നവരെയാണോ സാമൂഹ്യവിരൂദ്ധര്‍ എന്നു പറയുന്നത്?
പാഠം കൊളളാം. അവതരിപ്പിച്ചിരിക്കുന്ന രീതിയും സൂപ്പര്‍.. തീരെ മനസിലാവാത്ത ഒരു കാര്യം എന്താന്നു വെച്ചാല്‍ ദാ ഇതാണ്...ഈ വാചകം..
അപ്പോ അടുത്ത ക്ലാസ്സ് മാരീചനെ കുറിച്ച്. എവിടെ വേണം?
സൂവില്‍ മതി.. സൂവില്‍മതി.. ന്നാലും...ഇതിത്തിരി കടുത്തു പോയി....... മോളമ്മേ....
ഈ ബഹുവ്രീഹി സമാസം പെണ്ണമ്മിച്ചീരേന്നു ഒരലക്ക് വാങ്ങിച്ചട്ടേ അടങ്ങൂ. മരുപച്ച എന്തൂട്ടണ്ട്? അത്ണ് ഒയാസിസ് (Oasis). ശരിയ്ക്കും ഉള്ള സംഭവം. മരുഭൂമിയിലെ ചില ജലസ്രോതസുകളുടെ അരികലായി കാണുന്ന പച്ചപ്പ് ആണ് സംഗതി.
ഹ ഹ അല്ലല്ല. സാമൂഹ്യപാഠമായി ബന്ധൊന്നില്യാ. അവിടെ കള്ളുകുടീം ചീട്ട്‌കളീം കൂടുണു. ചോയ്ക്കാന്‍ ചെന്നേനു അവടത്തെ സെക്യൂരിറ്റിക്ക് അലക്കും കിട്ടി. ഇപ്പോ പോലീസ് ഉണ്ട് എന്ന് ഒരൂസം വാര്‍ത്തേല് കണ്ടു. അത്‌ണ് പറഞ്ഞേ.
അയ്യയ്യോ ഇതെന്തു കൂത്ത്! മാരീചനും ബ്ലോഗര്‍ ഐഡിയോ? എന്റെ പൊന്നമ്പ്‌രാനെ! ഇനീപ്പോ എന്തൂട്ടാ ചിയ്യാ? ക്ടാങ്ങളൊട് ഇത് പറഞ്ഞാലൊന്നും മന്‍സിലാവില്യാ.
Post a Comment