Tuesday, June 9, 2009

കടത്തികൊണ്ട് പോകപ്പെട്ട രാഹുല്‍‌മാര്‍ (Changeling)

ഞങ്ങടോടത്തെ പെണ്ണുങ്ങള്‍ക്ക് വളര്‍ത്ത് മൃഗങ്ങളെ തീരെ ഇഷ്ടമല്ല. കുഞ്ഞാപ്പിക്കാണെങ്കില്‍ അറപ്പാണ്. അവളുടെ രണ്ടാം ക്ലാസ്സിലെ വലിയ സ്കൂള്‍പൂട്ടിന്റെ സമയത്ത് ഞങ്ങടോടെ എവിടന്നോ ഒരു കുഞ്ഞി പൂച്ച കയറി വന്നു. വെളുത്ത ഉടലും കറുത്ത ചെവിയുമൊക്കെയായി നല്ല ഓമനത്തമുള്ള ഒന്ന്. വല്യമ്മിച്ചി കിട്ടിയ സ്പീഡില്‍ അതിനെ ഓടിച്ച് വിടാന്‍ നോക്കി. എന്തോ അത് പോയില്ല. ഒരൂസം നോക്കുമ്പോള്‍ അത് കുഞ്ഞാപ്പിയുടെ കിടക്കയില്‍ കയറി കിടക്കുന്നു. ആദ്യമാദ്യം അതിനെ അടിച്ചോടിച്ചെങ്കിലും പിന്നെ പിന്നെ അവളും അതും നല്ല കൂട്ടായി. അവളുടെ കിടപ്പു വരെ അതിന്റെ കൂടെയായി. പൂച്ചരോമം വയറ്റില്‍ പോയാല്‍ ക്യാന്‍സര്‍ വരുമെന്നൊക്കെ പറഞ്ഞ് വല്യമ്മിച്ചി പേടിപ്പിച്ച് നോക്കിയെങ്കിലും അവള് മൈന്‍‌ഡ് ചെയ്തില്ല. മിക്കവാറും നേരം അതിനോടായി കിന്നാരം. അതിനൊരു പേരുമിട്ടു; അപ്പു. ഒരൂസം മീന്‍‌കാരന്‍ വന്നപ്പോള്‍ വല്യമ്മിച്ചിയുടെ കൂടെ അവളും അപ്പുവും കൂടി നടേപ്പൊറത്ത് വന്നു. വല്യമ്മിച്ചി മീനും വാങ്ങി അകത്തു കയറി കൂടെ കുഞ്ഞാപ്പിയും. അപ്പൂവിനെ അവള്‍ കുറേ വിളിച്ചു. അതുപക്ഷേ കൂസാതെ പടിയില്‍ തന്നെ ഇരുന്നു. ഒരഞ്ച് മിനുട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അപ്പൂനെ കാണാനില്ല. അവള്‍ നോക്കാത്ത സ്ഥലമില്ല. പിന്നെ കരച്ചിലായി, ഏങ്ങലടിയായി, അവസാനം പനി വരെ വന്നു. അവളുടെ സങ്കടം കണ്ട് പെണ്ണമ്മിച്ചി അങ്ങടിയായ അങ്ങടിയും എല്ലാ വീടുകലും അരിച്ച് പെറുക്കി. എവിടെ കിട്ടാന്‍! അവിടെ ഒരു ചെക്കന് പൂച്ചയെ പിടിച്ച് കൊണ്ട് പോയി കൊന്നു തിന്നുന്ന സ്വഭാവമുണ്ടായിരുന്നു, അവന്‍ പിടിച്ച് കൊണ്ട് പോയിട്ടുണ്ടാകും എന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. അതല്ല വേറൊരുത്തന് നല്ല ക്യൂട്ടായ പൂച്ചകളെ പിടിച്ചു കൊണ്ടുപോയി വളര്‍ത്തണ സ്വഭാവം ഉണ്ടെന്നും അപ്പു അവന്റെ വീട്ടില്‍ ഉണ്ടെന്നും കുട്ടന്‍ പറഞ്ഞു. ഇതൊന്നും കുഞ്ഞാപ്പി വിശ്വസിച്ചില്ല. അപ്പു വഴി തെറ്റി പോയതാവുമെന്നും ഒരൂസം വരുമെന്നും അവള്‍ കുറേ കാലം വിശ്വസിച്ചു. ഇപ്പോഴും വെളുപ്പും കറുപ്പുമുള്ള ഏത് പൂച്ചയെ കണ്ടാലും അവള് പോയി അപ്പൂന്നൊന്ന് വിളിച്ച് നോക്കും. അതിനു ശേഷം വളര്‍ത്ത് മൃഗങ്ങള്‍ എന്ന് കേട്ടാല്‍ ഞങ്ങടോടത്തെ എല്ലാ അമ്മിച്ചിമാരും ചൂലെടുക്കും.

പിന്നൊരു സ്കൂള്‍‌പ്പൂട്ടിനാണ് ഞങ്ങളെല്ലാരും കൂടി കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍‌താടികള്‍ കാണാന്‍ പോയത്. അന്ന് വാവാച്ചിയ്ക്കും കാക്കോത്തിയ്ക്കുമായി ഞങ്ങടോടത്തെ പെണ്ണുങ്ങളെല്ലാം കയ്യും കണക്കുമില്ലാതെ കരഞ്ഞു. കണ്ണ്‍ നിറഞ്ഞതൊക്കെ കണ്ണട വച്ച് അഡ്ജസ്റ്റ് ചെയ്ത് കുഞ്ഞച്ചന്‍ പറഞ്ഞു. “എന്തൂട്ട് പടാണിത്.ഇമ്മാതി പടങ്ങള്‍ക്ക് മേലാല്‍ വിളിച്ചാലുണ്ടല്ലോ. മനുഷ്യന്റെ കയ്യിലേ കാശും പോയി, ബാക്കീണ്ടാര്‍ന്ന സമാധാനോം പോയി.”

മറ്റൊരു സ്കൂള്‍പ്പൂട്ടിനാണ് ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുലിനെ ക്രിക്കറ്റ് കളിച്ച് കൊണ്ട് നില്‍ക്കേ കാണാതായത്. അഭയക്കേസിനെക്കാളും തീവ്രതയോടെ വല്യമ്മിച്ചിയും കുഞ്ഞോളേച്ചിയും കുഞ്ഞാപ്പിയും, എന്നു വേണ്ട പത്രത്തിന്റെ ഉപയോഗം ഉണക്കമാന്തളിന്റെ ഉപ്പുകളയുന്നത് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന മറ്റെല്ലാ പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ ചരമകോളവും അപകടങ്ങളും മാത്രമേ വായിക്കൂ എന്ന് കളിയാക്കിയിരുന്ന എല്ലാ ആണുങ്ങളും ആ വാര്‍ത്തയെ പിന്തുടര്‍ന്നു. ഞാറാഴ്ചകളിലൊക്കെ രാഹുലിന്റെ അമ്മ മിനിയുടെ ദു:ഖം ഞങ്ങടോടേയും ദു:ഖമായി. 2009 ഏപ്രിലില്‍ റോജോ കുറ്റക്കാരനല്ലായെന്നും തങ്ങള്‍ക്ക് കേസു തെളിയിക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞപ്പോള്‍ എന്നെങ്കിലും രാഹുല്‍ തിരിച്ച് വരും എന്ന് വല്യമ്മിച്ചി ആത്മഗതം നടത്തി.

മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ചേഞ്ചിലിങ് (Changeling)എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

ഇതിനുമൊക്കെ ഒരുപാട് മുന്‍പേ കാലിഫോര്‍ണിയായില്‍ മറ്റൊരു കുട്ടി, വാള്‍ട്ടര്‍, കടത്തികൊണ്ട് പോകപ്പെടുയും കുട്ടിയെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വരുത്തിയ വലിയ പിഴവുകളും തെറ്റുകളും ലോസ് ആഞ്ചത്സ് പോലീസില്‍ അക്കാലത്ത് നടന്നിരുന്ന വമ്പന്‍ അഴിമതികളും സ്ത്രീകളോടും ദുര്‍ബലരവിഭാഗങ്ങളോടുമുള്ള രണ്ടാം തരം സമീപനവും പുറത്ത് കൊണ്ട് വന്നു. പോലീസിനാല്‍ മാനസിക രോഗിയായി പീഡിപ്പിക്കപ്പെട്ട ക്രിസ്തീന പിന്നീട് പോലീസിനെതിരെ കേസു ക്കൊടുക്കുകയും കേസ് ജയിക്കുകയും ചെയ്തെങ്കിലും വാള്‍ട്ടര്‍ മരിച്ചോ ഇല്ലയോ എന്നറിയാതെ തന്റെ ജീവിതം തീര്‍ത്തു. ഈ യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അക്കാലത്തെ പുരുഷാധികാരം രണ്ടാംതരമായി കണ്ടിരുന്ന സ്തീയുടെ അവസ്ഥയെ കേന്ദ്രീകരിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് (Clint Eastwood) സംവിധാനം ചെയ്ത സിനിമായാണ് ചേഞ്ചിലിങ് . ക്രിസ്തീന കോളിന്‍സിന്‍‌സായി ആഞ്ചലീന ജോളി ( Angelina Jolie) വല്യമ്മിച്ചിയെ വരെ ഉറങ്ങാതെ രണ്ടര മണിക്കൂര്‍ പിടിച്ചിരുത്തി കളഞ്ഞു.

സ്വന്തമായി വളര്‍ത്തിയ ഒരു കുഞ്ഞു പൂച്ചയുടെ തിരോധാനം അല്ലെങ്കില്‍ നമുക്കൊരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനെ കടത്തി കൊണ്ട് പോയത് പോലും നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. സ്വന്തം വീട്ടിലും വളരുന്ന കുഞ്ഞുകളെ ഓര്‍ത്തായിരിക്കും ഈ ആധി. അപ്പോള്‍ സ്വന്തം കുഞ്ഞിനെ കാണാതാകാവുകയും അതിനു പകരം മറ്റൊരു കുഞ്ഞിനെ സ്വന്തം കുഞ്ഞായി അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു അമ്മയുടെ മനസ്സ് എന്തായിരിക്കും. ആ അമ്മയായി മാറാന്‍ ആഞ്ജലീന ജോളിയ്ക്ക് കഴിഞ്ഞു. 2009 ലെ മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും നേടി. കുഞ്ഞുമോള്‍ ആഞ്ജലീനയ്ക്ക് വേണ്ടി ബെറ്റും വച്ചു. പക്ഷേ അതിലും മികച്ച അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് ഇത്തവണ അവാര്‍ഡ് നേടി.

പ്രധാനമായും സ്ത്രീകള്‍ക്കെതിരെ (ആണ്‍)അധികാരം നടത്തുന്ന അവമതികളും അതിനെതിരെ നിസ്സഹായായ ഒരു സ്ത്രീയുടെ പോരാട്ടവുമാണ്, കുഞ്ഞു നഷ്ടപ്പെട്ട ഒരമ്മയുടെ കഥയേക്കാള്‍ ചേഞ്ചിലിങ് കേന്ദ്രീകരിക്കുന്നതെന്നതിനാന്‍ ക്രിസ്റ്റീന കോളിന്‍സ് പോലീസ് അധികാരികളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങളും പീഡനങ്ങളാണ് സിനിമയുടെ അധികം ഫ്രൈമുകളും. എന്നാല്‍ കുഞ്ഞ് മരിച്ചു എന്ന് കേള്‍ക്കാന്‍ മനസ്സിനെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന അമ്മയോട് അതിനു പകരം അവനെ തിരിച്ചു കിട്ടി എന്ന് പോലീസ് അറിയിക്കുമ്പോള്‍ എന്തൊക്കെ വികാരങ്ങളാണോ അമ്മയ്ക്കുണ്ടാകുന്നത് അതെല്ലാം ഡയലോഗില്ലാത്ത ഒറ്റൊരു ഫ്രേം കൊണ്ട് ആഞ്ജലീന പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു.

മാനസീകാരോഗ്യകേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെടുന്ന നിസ്സഹയായ സ്ത്രീയായും അധികാരത്തിനെതിരെ പോരാടാന്‍ ഉറച്ച മനസ്സുള്ളവളായും തന്റെ മകന്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയുള്ളവളായും അഭിനയത്തില്‍ വളരെ മികച്ചു നിന്ന ക്രിസ്റ്റീന കോളിന്‍സ് എന്ന കഥാപാത്രം ആഞ്ജലീനയുടെ കാരിയറിലെ ബെസ്റ്റ് എന്ന് തന്നെ പറയാവുന്നതാണ്.

********************************
ബെറ്റ് തോറ്റു. മോരിലെ പുളീം പോയി. അതാണ് എഴുതത്രങ്ങട് ഗുമ്മാവത്തെ. അല്ലാണ്ട് കുഞ്ഞുമോള്‍ക്ക് ഉണ്ണിമോള്‍ടത്ര എഴുതാനറിയാണ്ടൊന്നല്ല.

********************************
പടം -വിക്കിയില്‍ നിന്ന്
സിനിമാത്തരം -2 അനസൂയ

5 comments:

മൂര്‍ത്തി said...

ഗുമ്മില്യാന്നൊന്നും പറയാന്‍ പറ്റില്യടീവളെ..നന്നായ്‌ണ്ട്...നീയെഴുതിക്കോ..ഞങ്ങള് വായിച്ചോള്‍‌ണ്ട്..

Visala Manaskan said...

ഏയ്.. യാതൊരു ഗുമ്മ്‌ കൊറവും തോന്നില്യ. ചതിക്കല്ലേ!

രസായിട്ടുണ്ട്, വെരി നൈസ്.

അല്ലെങ്കിലും മിസ്സാവല്‍ ഭയങ്കര സങ്കഡാ. വല്യ വല്യ സാധനങ്ങളോ പുച്ച്യോ പട്ട്യോ ഒന്നും ആവണംന്നില്ല. ഒരു അഞ്ചു രൂപ കാണാണ്ടായാലും പോരെ. എന്താ ഒരു ചങ്ക് കഴപ്പ് !

പണ്ട് ഹനുമാന്‍ സുബ്രേട്ടന്‍ അച്ഛന്റെ അസിസ്റ്റന്റായി ചെത്താന്‍ വന്നാര്‍ന്ന കാലത്ത് എലിപ്പെട്ടി വച്ച് തെങ്ങിന്റെ മോളിന്ന് ഒരു അണ്ണാന്‍ കുഞ്ഞിനെ പിടിച്ചോണ്ട് വന്നു വളര്‍ത്ത്യാര്‍ന്നു, മണി.

രാവിലെ അമ്മ എരുമേനെ കറന്ന് വരുമ്പോള്‍ ഒരലിന്റെ സൈഡില്‍ ഇച്ചിരി പാലൊഴിച്ച് കൊടുക്കും. അത് പോരെങ്കില്‍ മണി അമ്മേടെ ഉപ്പീറ്റിയില്‍ രണ്ട് കയ്യോണ്ടും പരങ്ങി പിടിക്കും. ഭയങ്കര പെറ്റായിരുന്നു. സ്കൂളില്‍ പോകുമ്പോള്‍ എനിക്ക് ‘റ്റാറ്റാ‘ തന്നിരുന്നു, തിരിച്ചുവരുമ്പോള്‍ ‘ഹായ്’ എന്ന് കൈ പൊക്കി കാണിച്ചിരുന്നൂ..എന്നൊക്കെ പിള്ളേരോട് വെറുതെ ഗുണ്ട് അലക്കിയിരുന്നു, അത് വെറുതെ.

ഒരു ദിവസം ആസാമിന്ന് ഞങ്ങടെ ബന്ധു, ഒരു ശവി ചെക്കന്‍ വന്നിട്ട്, അവരുടെ കൂടെ കളിക്കാന്‍ ചെന്ന അണ്ണാന്‍ കുഞ്ഞിനെ മുട്ടിപ്പലകോണ്ട് അടിച്ച് കൊന്നൂന്നെയ്. അവന്‍ എലിയാന്ന് വിചാരിച്ചൂത്രേ!

ഞങ്ങള് മണീ..മണീ..ന്ന് വിളിച്ച് വിളിച്ച് നടക്കാ.

അമ്മ ഈ കാര്യം മിണ്ടീല്യ. അണ്ണാന്റെ ഫ്രന്‍സിനെ കണ്ടപ്പോള്‍ അവരുടെ കൂടെ ഓടിപ്പോയതാവും എന്നാ പറഞ്ഞെ.

അന്ന് അണ്ണാനെ കൊന്നതാണെന്നെങ്ങാനും അറിഞ്ഞാര്‍ന്നെങ്ങെ‍, അവനെ കത്തീട്ത്ത് കുത്ത്യേനെ.. ഉറപ്പായിട്ടും.

സിനിമയെപ്പറ്റി പറയാന്‍ ഞാന്‍ വളര്‍ന്നില്ല. :(

പാമരന്‍ said...

പടം കണ്ടാരുന്നു. 'ക്ലിന്‍റു്‌ ഈസ്റ്റ്വുഡ്‌' എന്നല്ലേ ശരി? ഈയിടെയായി സായിപ്പിന്‍റെ കട്ട ഫാനായിരിക്കുവാ..

Anonymous said...

കിടിലന്‍ ബ്ലോഗായിട്ടുണ്ട്ട്ടാ...ഈ ഭാഷ ഇമ്മട സാറാ ജോസഫിന്റെ വരികളില്‍ മാത്രെ വേറെ കിട്ടീട്ടുള്ളൂ...കലക്കീട്ടാ

മോളമ്മ said...

മൂര്‍ത്തീ - അദ്മതി, അദ്മതി

വിശാലോ - അദ്ദാണ്, ആ ഒരു ഇദ്ദാണ് സഹിക്കാന്‍ പറ്റാത്തെ. പാവം മണി :(

പാമരന്‍ - അദ്ദന്നീന്.തിരുത്തി, നന്ദി. സായിപ്പിന്റെ അഭിനയോം സൂപ്പറാണല്ലേ.

അനോണിയോസ്- എന്തൂട്ട്! എന്തൂട്ട്!