Saturday, July 26, 2008

ഏതു മതക്കാരെയാണ്‌ കൂടുതല്‍ ബാധിക്കുക?

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത്‌ മതത്തില്‍ പെട്ടവരെയാണ്‌ കൂടുതല്‍ ബാധിക്കുക?

വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍

Tuesday, July 22, 2008

ഇന്ത്യന്‍ പാര്‍ലമെന്റ് : ഇരുപത്തഞ്ചു കോടി..ഒരു തരം..ഇരുപത്തഞ്ചു കോടി.. രണ്ട് തരം..

പെണ്ണമ്മിച്ച്യേയ് ഓടിവായോ.. ദേ പാ‍ര്‍ലമെന്റ് ലേലം വിളിക്കുണു.

ഹ ഹ കൊള്ളാം. കെട്ടു കെട്ടായിറ്റ് കാശ് സിനിമേലും കൊഴല്‍പ്പണോ കള്ളനോട്ടോ പിടിക്കുമ്പ്‌ളല്ലാണ്ട് ഇന്ത്യന്‍ ജനത്തിനു കാണാന്‍ ഒരു യോഗണ്ടായീലോ.
രണ്ട് കോട്യേ മേശപ്പൊറത്ത് നെരത്ത്യോള്ളോന്ന്. അപ്പോ ബാക്കി ഇരുപത്തിമൂന്നു കോടീരെ ബേഗോളെവെടെറീ കുഞ്ഞോളേ?

ഇതു വോട്ട് ചെയ്യാനള്ള കാശല്ലാന്ന്. വോട്ടീന്ന് വിട്ടു നില്‍ക്കാന്ള്ള കാശാന്ന്.


മിഷ്യന്‍ ഞാറാഴ്ച കോഴി മൊട്ട ലേലം വിളിക്കണപോലീന്റ് അമേരിക്കന്‍ ഞാറാഴ്ചയ്ക്കു വേണ്ടീള്ള ഈ ലേലം വിളി

************
ഒരു മിഷ്യന്‍ ഞായര്‍ ലേലം വിളി

കോഴിമൊട്ട നൂ‍റുര്‍പ്യ ഒരുതരം..

ഇരുനൂറ്

കോഴിമൊട്ട ഇരുനൂറുര്‍പ്യ ഒരുതരം..

...
...

ആയിരം

കോഴിമൊട്ട ആയിരുര്‍പ്യ ഒരുതരം..
(വിശ്വാസികള്‍ ശ്രദ്ധിക്കുക. ഈ മൊട്ട അള്‍ത്താരയില്‍ വച്ച് ഇന്നത്തെ കുര്ബാ‍നക്കിടെ വെഞ്ചിരിച്ചതാണ്.)

ഇരുപത്തയായിരം
കോഴിമൊട്ട ഇരുപത്തയായിരുറുപ്യാ ഒരുതരം ഇരുപത്തയായിരുറുപ്യാ രണ്ടുതരം .. ഇരുപത്തയായിരുറുപ്യാ മൂന്നുതരം

പാണേങ്ങാടോടത്തെ അമേരിക്കന്‍ പ്രാഞ്ചി ലേലത്തില്‍ പിടിച്ചു.

നീ ഈ മൊട്ട എന്തൂട്ടാ ചിയ്യാന്‍ പോണേരാ പ്രാഞ്ച്യേ..

പുഴുങ്ങ്യാ തിന്നും. ഓമ്ലേറ്റും ബുള്‍സൈയും എനിക്കത്ര പഥ്യല്യാ.

*****************
അവസാനം കണ്ട വാര്‍ത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് കണക്കില്‍ 'കൊള്ളാത്തത്ര' തുകയ്ക്ക് 'കങ്കാരു' ഗവണ്മെന്റ് ലേലത്തില്‍ പിടിച്ചു. സ്കോര്‍ 275-256
ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടും എന്നതത്രേ ജനാധിപത്യം

Saturday, July 19, 2008

അലക്കി തേച്ച തെറി

അയ്യോറീ കുഞ്ഞോളെ, ഞാനൊരു കാര്യം മറന്നു. ആ കുഞ്ഞോന്റെ പേന്റ് തേച്ച് വെയ്ക്കണന്ന് ഒരു നൂറുവട്ടം പറ്ഞ്ഞീട്ടാണ് പോയേക്കണെ. ആ അന്തോണീരെ പെങ്ങള്‍ടെ കല്യാണാണ് നാളെ. ഇന്നാത്രെ വെള്ളടി പാര്‍ട്ടി. നീയൊന്നത് തേച്ചേരീ ക്ടാവേ. അതു മറന്നട്ടണ് ഞാനീ എറച്ചി നുറ്‌ക്കാനിര്ന്നേ

ഹൌ എനിക്ക് പറ്റില്യാ. അല്ലെങ്കെ ഈ സില്‍മ കഴിയട്ടെ.

അവനിപ്പോ വരൂറീ. ഇനീപ്പോ തേച്ച് വച്ചില്ലെങ്കെ ഇന്നല്‍‌ത്തെ ദേഷ്യാന്നും പറഞ്ഞ് മൂക്കൊലിപ്പിക്കാന്‍ തൊടങ്ങും.

രോമം! ഒരു സില്‍മ മുഴുവന്‍ കാണാന്‍ ഒരൂസം പോലും സമ്മേയ്ക്കരുത്. ഏത്‌ണ്‌നി തേയ്ക്കണ്ടേ? ഇദാ?

അല്ലറീ.. ഇന്നലെ അലക്കീറ്റില്ലെ ആ കട്ട്യള്ളത്. ശരിക്കൊണങ്ങീറ്റില്യാത്. അതൊണങ്ങാന്‍ ഒരാഴ്ച വേണം. നീ നന്നായങ്ങട് തേച്ചാമതി ഒണങ്ങിക്കോളും. ഞാനതാ മെഷ്യനിലിട്ടാണലക്യേ അതോണ്ട് നെറച്ചും ചുളിഞ്ഞട്ടൂണ്ട്.

ഈ നീല ജീന്‍സ്നീണ് പാന്റ്ന്ന് പറയണത്? ജീന്‍സ് ഇണ്ടാക്യേക്കണത്തന്നെ തേക്കണ്ടും അലക്കാണ്ടും ഇടാനിണ്. ഈ മന്‍ഷ്യത്തി ഒരൂസിടുമ്പ്‌ഴയ്ക്കും അത് അലക്കണതെന്തിനണ്?

അതവ്ടെ വെയര്‍പ്പ് മണടിച്ച് കെടക്കാര്‍ന്നു. തുണ്യോള് തേച്ച് വൃത്ത്യാക്കിന്നച്ചട്ട് ഒന്നുംവരില്യാ.

ഉവ്വുവ്വ്. അങ്ങനെ തേച്ച് വൃത്ത്യാക്കീത്‌ണ് എന്റെ റ്റൈ & ഡൈ ടെ ഷോള്. ആയിരുര്‍പ്യ കൊടുത്ത് സ്പെഷ്യലായി ചെയ്യിച്ച ചുളുക്കുകളിണ് പെണ്ണമ്മിച്ചി കുത്തിരുന്നു തേച്ച് മിനിക്കീത്. ദേ എന്നെക്കൊണ്ടൊന്നും പറേയ്ക്കണ്ടാ.

ഒരു അബദ്ധൊക്കെ ഏതു പെണ്ണമ്മയ്ക്കും പറ്റും. നീ വാചകടിക്കാണ്ട് അത് തേക്കാമ്പറ്റൂങ്കെ തേയ്ക്ക്. അല്ലെങ്കേന്‍‌റ്റ് പോ.. എന്നെ വെറ്‌തെ ദേഷ്യം പിടിപ്പിക്കണ്ട്.

ദേ ജീന്‍സിന്റെ പോക്കറ്റില് കുഞ്ഞുമോഞ്ചേട്ടന്റെ പേഴ്സ്. കുഞ്ഞുമോഞ്ചേട്ടന്‍ ഇന്നലെ മുഴുവന്‍ ഇവടെ തപ്പിനടക്കിണ്ടാര്‍ന്നതിതല്ലേ. പാ‍വം അത് ആരോ പോക്കറ്റടിച്ചൂന്നും പറഞ്ഞ് പോണ്ടാര്‍ന്നു അവസാനം.

ഹോ! തമ്പുരാന്റെ.. ഇനീപ്പോ തുള്ളി തുള്ളി വരും. നീ വേഗം അതില്‍ത്തെ കാശും കടലാസോളും എട്‌ത്ത് പോറത്തിട്ടോണക്കറീ

പെണ്ണമ്മിച്ച്യോട് ഒരു നൂറ് പ്രാവശ്യം പറഞ്ഞട് പോക്കറ്റിലിള്ള സാധനങ്ങള് പുറത്തെടുക്കാണ്ട് അലക്കാരിക്കോന്ന്. ഇതിപ്പോ എത്രാമ്ത്തെ പ്രാവ്ശ്യണ്?

ഇപ്പോ എന്റ്യായാ കുറ്റം. ഈ പേഴ്സൊക്കെ എട്ത്ത് പൊറത്ത് വച്ചാ അവനെന്തൂട്ടാ വരാ? എന്റെ അപ്പന്റീം ആങ്ങളമാര്ടീം ദേ ഇപ്പോ ഈ മനുഷ്യന്റീം ഊരിട്ട ഷര്‍ട്ടിന്റെ പോക്കറ്റില് അഞ്ച് പൈസീന്റാവില്യാ. പിന്നെന്തിനിണീ പോക്കറ്റൊക്കെ തപ്പണേ. അത്കാരണം അങ്ങനൊരു ശീലല്യാണ്ടായി

ഓ! ആകെ ഇരുപത്തഞ്ച് രൂപീനള്ളേ പിച്ച! ദേ ഒരു കടലാസ്. ഇത് വല്യ അത്യാവശ്യ കടലാസാനെങ്കെ ഇന്നിവടൊരങ്കംവെട്ട് നടക്കും.

നേരം കളയാണ്ട്. അത് തേച്ചൊണക്കറീ.

അയ്യോ ഇതാ ജോയേട്ടന്റെ കത്താ.

ഏതു ജോയീ? ആ താഴത്തിന്റോടത്തെ എളേതാ? എന്നാ അവന്‍ സൌദീന്നയച്ചതാവും. അവന്‍ പോയോട് കൂടി ഇവരടെ ഗ്യാങ്ങിനെ മൂപ്പിത്തിരി കുറഞ്ഞണ്ടാര്‍ന്നു. നീയതാ വായിച്ചേ. അവന്റെ വര്‍ത്താനൊന്തൂട്ടാന്നറിയട്ടെ.

അയ്യേ മറ്റൊള്ളോരടെ കത്ത് വായിക്കണത് മര്യാദ്യല്ലാന്ന് പെണ്ണമ്മിച്ച്യന്നെല്ലേ പറയാറ്.

ഇതവന്റെ വിശേഷറിയാനല്ലേ. എന്നെ കാണിക്കാന്‍ വച്ചതന്യാവും നീ വായിക്കറീ

ഞാന്‍ വായിക്കാം പക്ഷേ ഈ പാപത്തില്‍ എനിക്ക് പങ്കില്ല. ഞാന്‍ കൈയഴികി.

എന്റെ തലക്കിരിക്കട്ടത്. നീ വായിക്കിണ്ടാ എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.

ടാ മൈ‌‌‌!
(നിശബ്ധത)

എന്തൂട്ടണ്ടീ മൈ.. ആവൂ എന്റെ നാവേ. മര്യാദയ്ക്ക് ഒറക്കെ വായിക്കരീ. ഇന്ന് കുമ്പസാരിച്ചട്ടൊള്ളോ. ഇന്നന്നെ എന്റെ നാവിന് കടം വരുത്തല്ലെട്ട്രീ‍

ടാ മൈ --മാരേ

ഞാനിവടെ --ത്തിടാ കു---ളെ ഇവടൊ- ജയിലാ-ടാ -ര-- . ഒരു തുള്ളി -ള്ള് പോലും -ട്ടാനില്യാ- -ല-- മക്കളേ.
ഹൊ കു-ച്ച് തെറി എ-ഴുതിയ- മനസ്സി-നൊരു കുളി-മ്മ.

നിര്‍ത്തറീ ശവീ. എന്തൂട്ട്‌ണ് നീ വായിക്കണേ.

പെണ്ണമ്മിച്ചി എന്തിനണ്‌ എന്നെ തെറി പറയണേ. അലക്കി തേച്ച കടലാസ്സീന്നു മാഞ്ഞ് പോയ അക്ഷരങ്ങള്‍ക്ക് പകര്ണ് ഡാഷ് ഡാഷ് എന്ന് വായിച്ചതൊക്കെ. എന്നാലും എനീക്ക് കാര്യം മനസ്സിലായി.

നിനക്കെന്തൂട്ട് മനസ്സ്ലായി?

മുട്ടന്‍ തെറ്യോളണ് എഴുതി വച്ചേക്കണെന്റെ പെണ്ണമിച്ച്യേയ്. സ്നേഹം പ്രകടിപ്പിക്കണ ഒരോ രീത്യോളേ! കുഞ്ഞുമോഞ്ചേട്ടന്റെ ഗ്യാങ്ങ് മുഴുവനിങ്ങന്യാ. മിണ്ടണേന്റെടയ്ക്ക് മുട്ടീന് മുട്ടിന് ‘മൈ’ വാക്ക് പറയും.

‘മൈ’ വാക്കാ? അതെന്തൂട്ട്‌ണ്?

ഈ ‘എഫ്’ വാക്ക് പോലെ ‘മൈ’ വച്ച് തൊടങ്ങണ തെറി.

ഹ ഹ എന്റെ കുഞ്ഞോളേ നിന്റമ്മ നിന്നൊരു പച്ചക്കറ്യായിറ്റാ വളര്‍ത്ത്യേക്കണേല? അവളെ കുറ്റം പറഞ്ഞട്ടും കാര്യല്യാ. മിണ്ട്യാ തെറി മാത്രം പറയണ അപ്പനെ കണ്ട് വളര്‍ന്നോള്‍ക്ക് തെറി വെറുത്ത് പോയില്ലെങ്കിലല്ലേ അതിശയണ്ടാവണ്ടൂ. പക്ഷേച്ചാ‍ തെറി പറയണ്ടോടത്ത് തെറ്യന്നെ പറയണം.

എനിക്കിംഗീഷില് തെറി കേട്ടാ വല്യേ ഫീലിംഗില്ല. ചെലതൊക്കെ പറ്യൂം ചെയ്യും. ‘എഫ് ’വാക്കാ,ഷിറ്റാ, ബാസ്റ്റാര്‍ഡാ‍ ഒന്നും കൊഴപ്പല്യാ. പക്ഷേ മലയാളം തെറി കേള്‍ക്കാനും പറയാനും വല്യേ പാടാ.

ജീവിക്കണ ഭാഷേടെ ഒരു ലക്ഷണണ് തെറി. മിക്ക വാക്കും എങ്ങനെ തെറി ആയി എന്നതിനൊരു ചരിത്രം കാണും. ഈ എഫ് വാക്ക് ഇത്ര വലിയ തെറ്യാനെ കുറിച്ച് പല പല കഥകളൂണ്ട്. ഇംഗ്ലീഷിനോട് നിനക്ക് ഹൃദയബന്ധല്യോത്തോടാ ഇംഗ്ലീഷ് തെറ്യോള് നിനക്ക് ഫീലിക്കാത്തെ. തെറീല്യാത്ത ഭാഷോള് ഒരു കാലത്തും മന്‍‌ഷ്യമാരു വികാരപ്രകടനത്തിന്‍ ഉപയോഗിച്ചണ്ടാവില്യാ. ഉദാഹരണത്തിന് സംസ്കൃതോം ഹീബ്രോക്കെ.

എന്നൊച്ചാ?

എന്നൊച്ചാ വര്‍ത്താനം പറയണ ഭാഷായിറ്റ് ഉപയോഗിച്ചണ്ടാവില്യാന്ന്. പലതരത്തിലും അറിവ് ശേഖരിച്ച് വയ്ക്കാന്‍ മാത്രാവും ആ ഭാഷോളിണ്ടായേക്ക്‌ണേ. നല്ല ദേഷ്യം വരുമ്പോ എനിക്ക് ദേഷ്യവര്ണ്ട്ട്ടാ എന്നല്ലേ നീ പറയാ? കുഞ്ഞോനാന്നച്ചാലാ ഒരു ‘മൈ’വാക്കാ പറയും. ഏത്ണ് ഷോക്കിംഗ്?

ഉം.. അത് കുഞ്ഞുമോഞ്ചേട്ടന്റെ തെറ്യന്നെ. പിന്നെ തിരിച്ച് അതിലും കൂടീതലക്കണം. അങ്ങനെ പറ്റാത്തോണ്ട് മിണ്ടാണ്ടിക്യന്നെ നല്ലത്.

തണ്ടന്‍ തെറിയ്ക്ക് മുണ്ടന്‍ തെറീന്നും, തെറിയ്ക്കുത്തരം മുറിപത്തല്ന്നൊക്കെ നീ കേട്ടട്ടില്ലേ.

ഉം.പിന്നൊരു കാര്യം. ഹീബ്രൂ ഇപ്പോ ആള്‍ക്കാര് സംസാരിക്കണിണ്ടല്ലോ.

അത് ഇപ്പഴലേ. ഇപ്പഴ്ത്തെ ഹീബ്രൂ ശരിയ്ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാഷീന്. അതോണ്ട് ഇന്നത്തെ ഹീബ്രൂ തെറ്യൊക്കെ യിദ്ദീഷീന്നാണെടുത്തേക്കണെ.

മലയാളത്തിലൊക്ക്യള്ള തെറിയ്ക്ക് പകരം സംസ്കൃതത്തിലെ വാക്കോള് പറഞ്ഞാല് നല്ല രസായിരിക്കും. നീ‍ നേരത്തെ വായ്ച്ചില്ലെ, അതേപോലെ തെറി അലക്കി തേച്ച് മിനുക്കി പറയണ പോലീണ്ടാവും. ചിലോടത്ത് ‘മൈ’ വാക്കിന് പകരം രോമ‌ന്ന് പറഞ്ഞാ‍ നിന്റെ റ്റൈ & ഡൈ ഷോള് തേച്ച് മിനുക്യാ പോല്യാവേം ചെയ്യും.

അപ്പോ തെറി പഠിക്കണംന്നാ പെണ്ണമ്മിച്ചി പറയണേ?

കൊറച്ച് പഠിച്ചിരിക്കണത് നല്ലതനീണ്. നെന്നെ കല്യാണം കഴിക്കാന്‍ പോണോന്‍ മുട്ടന്‍ തെറി പറഞ്ഞാ നിനക്കും രണ്ടെണ്ണം പറയാന്‍ കിട്ടണ്ടെ. അതോണ്ട് പൊന്നുമോള്‍ നേരം കിട്ടുമ്പോ മൂന്നാല് ചെറ്യേ തെറ്യൊക്ക്യാങ്ങട് പഠിച്ച് വച്ചോ ഒരു കൊഴപ്പൂ‍ല്യാ

**************
വായനക്കാരോട് - ഈ പോ‍സ്റ്റ് എഴുതി കഴിഞ്ഞാണ് ക്ലസ്റ്റര്‍ യോഗത്തിനിടെ ഉണ്ടായ മര്‍ദ്ദനത്തില്‍ ജെയിംസ് അഗസ്റ്റ്യന്‍ എന്ന അദ്ധ്യാപകന്‍ മരിച്ചതറിഞ്ഞത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ആ കുടുംബത്തിന് ശക്തി കൊടുക്കണേ തമ്പുരാനെ.
അതിനിടയാക്കിയ എല്ലാ സമൂഹ്യവിരുദ്ധര്‍ക്കും അലക്കി തേയ്ക്കാത്ത, വിയര്‍പ്പുമണവും അഴുക്കും, വിസര്‍ജ്ജ്യങ്ങളുമുള്ള തെറികള്ടെ ചെരുപ്പുമാല.

Thursday, July 17, 2008

‘ജീവന്റെ‘ ട്രാജഡി - ഒരു തിരക്കഥ

(കുഞ്ഞുമോള്‍ അകത്തേയ്ക്ക് കയറി വരുമ്പോള്‍ കാണുന്നത്

അടുക്കളയുടെ മുക്കിലിട്ടിരിക്കുന്ന ഉരലിന്റെ മുകളിലെ കാലിച്ചാക്കുകള്‍ക്ക് മുകളില്‍ പെണ്ണമ്മിച്ചി താടിയ്ക്ക് കയ്യും കൊടുത്ത് താഴേക്ക് നോക്കി, ഒരു കാല് മറ്റേ കാലിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കാല് വിറപ്പിക്കുന്നുണ്ട്.

ആറടി പൊക്കമുള്ള കുഞ്ഞച്ചന്‍ അല്പം കുനിഞ്ഞ് നിന്ന് ഘോരഘോരം എന്തോ പറയുന്നു. പെണ്ണമ്മിച്ചി ഒന്നുമേ മിണ്ടുന്നില്ല.

കുഞ്ഞുമോഞ്ചേട്ടന്‍ അടുക്കള ബെഞ്ചില്‍ ഇരിക്കുന്നു. കയ്യില്‍ ചുവന്ന പ്ലാസ്റ്റിക് ബക്കറ്റ്. ബക്കറ്റ് തിരിച്ചിട്ട് അതിന്റെ മൂട്ടില്‍ ഒരു പ്രായിലക്കിണ്ണം കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊട്ടുന്നു. കൊട്ടുന്നതിന്റെ ഒപ്പം ഡുംഡും ഡക്കട ഡും ഡും ഡക്കട എന്ന് വായകൊണ്ടും ഒച്ചയുണ്ടാക്കുന്നു.

ഊണുമേശയില്‍ കൈവച്ച് ഒരു പുസ്തകം വായിക്കുന്നു എന്ന വ്യാജേന അച്ചങ്കുഞ്ഞിരിക്കുന്നു. കണ്ണാടിയ്ക്ക് മുകളിലൂടെ കണ്ണുമിഴിച്ച് അടുക്കളയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.

അടുക്കളയോടടുക്കുമ്പോള്‍ കുഞ്ഞുമോള്‍ കേക്കുന്നത് കുഞ്ഞച്ചന്റെ വാക്കുകള്‍)


എന്തായിരുന്നു ഇവടെ കെടന്ന് ഒരോരുത്തര്ടെ തുള്ളല്. പള്ളീന്നാ ഓടി വരണൂ.. പാഠപുസ്തകം സംഘടിപ്പിക്കുന്നൂ.. ഫോട്ടോസ്റ്റാറ്റെടുക്കുന്നൂ.. കുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുന്നൂ. വികാര്യച്ചനോട് തല്ല് പിടിക്കുന്നു. ആയ്.. അയ് എന്താര്‍ന്നു കൂത്ത്.. ഇപ്പെന്തായി?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്തൂട്ട്‌ണ് ഇവടെ പ്രശ്നം? -(കുഞ്ഞുമോള്‍)

ഓ നീയിതൊന്നും അറിഞ്ഞില്ലേറീ കുഞ്ഞോളേ? - (കുഞ്ഞച്ചന്‍)

പിന്നീല്യാ. ഈ മൊതല്‌ണ് പെണ്ണമ്മിച്ചീനെ ചാട്ട്‌മെ കേറ്റണ ഒന്നാമത്തെ ആണി. - (കുഞ്ഞുമോഞ്ചേട്ടന്‍)

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്നാ അവള്‍ക്കും കൊടക്കടാ ആ ‘ജീവന്റെ കാപ്പി‘.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

ജീവന്റെ കാപ്പ്യാ? അതെന്തൂട്ട്‌ണ്. - (കുഞ്ഞുമോള്‍)

ഈ ദിത് ആദ്യം പിടിക്ക്യങ്ങട്. കാര്യങ്ങളൊക്കെ പറഞ്ഞെരാം. ദീ കാപ്പീന് ജീവന്റെ കാപ്പി ചൂടാറനേറ്റും മുന്ന് ഊതൂതി കുടിച്ചോ. പെണ്ണമ്മിച്ചി വിതരണം ചെയ്യാന്‍ ഇടുത്ത് വച്ച ലഘുലേഖിലേ ..

കുഞ്ഞച്ചാ ലേഘുലേഖ്യല്ല പാഠപുസ്തകം. ഏഴാം ക്ലാസില്‍ത്തെ ‘മതമില്ലാത്ത ജീവന്‍’. -കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)

അയ്യോ സോറീട്ടാ.. തെറ്റുപറ്റിപ്പോയി ക്ഷമിക്കിസ്റ്റാ.. ആ.. പാഠപുസ്തകന്നെ. അത് ഇനി ഉപകാരല്‌ല്ലോ.അതോണ്ട് എന്തൂട്ടേങ്കിലും ഉപകാരിണ്ടാവാന്‍ വേണ്ടീറ്റ് ഞങ്ങളത് കത്തിച്ച് കാപ്പ്യാണ്ടാക്കി. അടുത്ത സമരത്തിനെറങ്ങാന്‍ നിനക്കൊക്കെ ജീവന്‍ വേണ്ടേ?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

കാപ്പിഗ്ലാസ്സ് കയ്യില്‍ പിടിച്ച് മിഴിച്ച് നില്‍ക്കുന്ന കുഞ്ഞുമോള്‍. ആദ്യം പെണ്ണമ്മിച്ചിയെ നോക്കുന്നു. അവിടെ നോ മിണ്ടാട്ടം. നോ അനക്കം. പിന്നെ അച്ചങ്കുഞ്ഞിനെ നോക്കുന്നു.
അച്ചങ്കുഞ്ഞ് വേഗം കണ്ണാടിക്കൂടെയുള്ള നോട്ടം പിന്‍‌വലിച്ച് വാ തുറക്കുന്നു.


അന്ന് കുഞ്ഞോളിവടെ ഇണ്ടാര്‍ന്നില്ലട കുഞ്ഞച്ചാ

ഇവളിവടെ അന്നിണ്ടാര്‍ന്നില്യാച്ചാലും പിന്നെ പെണ്ണമ്മിച്ചീനെ കൊണ്ട് നടന്നതൊക്കെ ഇവളന്യീണ് - കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട്.. ഡും ഡും ഡക്കട..)

കുഞ്ഞുമോള്‍ നിശബ്ദ - കൈയിലിരിക്കുന്ന ഗ്ലാസ്സിലേയ്ക്ക് നോക്കി പറയാനുള്ള വാക്കുകള്‍ ആലോചിക്കുന്നു. ഗ്ലാസ്സ് തിരിക്കുന്നു. പെണ്ണമ്മിച്ചിയുടെ അടുത്തിരിക്കുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പി ക്ലോസപ്പ്.


ആ അപ്പോ ഈ മന്‍‌ഷ്യന്റെ തൊള്ളേല് നാവ്ണ്ട്‌ല്ലേ - കുഞ്ഞച്ചന്‍ അടുക്കളേന്ന് ഊണുമേശയുടെ അവിടേയ്ക്ക് നടന്നടുക്കുന്നു.

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..


ആ മുസലിയാര് വാലുപൊക്കണ കണ്ടപ്പഴേ ഞാനച്ചങ്കുഞ്ഞിനോട് പറഞ്ഞില്ലേ ഇതൊക്കെ സംഭവിക്കൂന്ന്. അപ്പോ എന്താര്‍ന്നു ബുജിക്കളി. ഉപന്യാസെഴുതല്.. അയക്കല്..എന്റമ്മോ. വോട്ട് ബാങ്ക് കളഞ്ഞട്ടൊരു കളീം ആര്‍ക്കൂലാ മോനെ ദിനേശാ.. കമ്യൂണിസ്റ്റായാലും ഇപ്പോ വിത്യാസല്യാന്ന് മനസ്സിലായീലോ? നാളെ മേലാക്കം ചക്കിം ചങ്കരനും കമ്യൂണിസ്റ്റോള്‍ടെ കാര്യം പറഞ്ഞിറങ്ങുമ്പോ രണ്ടല്ല ഒരു പത്ത് വട്ടാ ആലോയ്‌ച്യോ. ഒരു തരക്കേടൂല്യാ.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

അത്.. (അച്ചങ്കുഞ്ഞ് എന്തോ ബുജി വാചകം ഓര്‍ത്തട്ട് പെട്ടെന്ന് വിഴുങ്ങി. കുഞ്ഞച്ചന്റേം കുഞ്ഞുമോഞ്ചേട്ടന്റേം മുന്നില്‍ ഇപ്പോ അത് വെലപ്പോവില്ല്യാന് അച്ചങ്കുഞ്ഞിന് മനസ്സിലായി. അടുത്ത കള്ളടിയില്‍ അത് പുറത്തെടുക്കും ഒറപ്പ്. അപ്പോ മറ്റ് രണ്ടാളും തലേം കുലുക്കി കേട്ടിരിക്കുകയും ചെയ്യും. അച്ചങ്കുഞ്ഞ് വീണ്ടും തല പുസ്തകത്തിലേയ്ക്കിട്ടു)

നിങ്ങക്കൊക്കെ ഒരു ഞാറാഴ്ച പള്ളി കഴിഞ്ഞ് ഇവടെ പുസ്തകോം വായിച്ചിര്ന്നാ മതി. നിങ്ങടെ ഒരോ കാര്യം കാരണം ഞാന്‌ണ് പള്ളിക്കമ്മിറ്റീലും വിന്‍സന്റിപ്പോളിലൊക്കെ നാണം കെടണെ. നിങ്ങടെ യൂണിറ്റിലെ കുടുംബസമ്മേളനം കഴിഞ്ഞട്ടാര്‍ന്നു ഞങ്ങടവടത്തെ. ആ വികാര്യച്ചന്‍ എന്നെ എന്തോരിട്ട് വാരീന്നറിയോ? മിണ്ടാന്‍ പറ്റോ? സ്വന്തം ചേച്ച്യായി പോയിലേ

(നോട്ടം വീണ്ടും പെണ്ണമ്മിച്ചിയില്‍ മുട്ടി നില്‍ക്കുന്നു. പെണ്ണമ്മിച്ചി പഴേപോലെ ഒരനക്കവും കുലുക്കവുമില്ലാതിരിക്കുന്നു
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)


അയ്‌ശരി അപ്പോ കള്യാക്കീതാണ് കുഞ്ഞച്ചന്‍ വെഷമം? അല്ലാണ്ട് പാഠപുസ്തകത്തിലെ കൊഴപ്പങ്ങളല്ല - (കുഞ്ഞുമോള്‍ വളരെ പതിയെ ചുണ്ടിനു താഴെ.)

എന്തൂട്ട്.. എന്തൂട്ടണ്ടീ നീ പറഞ്ഞേ?.. അതേതേ പാഠപുസ്തകത്തില് കൊഴപ്പല്യാത്തോണ്ടണല്ലോ ഇപ്പോ പാഠപുസ്തകം മാറ്റാന്‍ പോണെ. -(കുഞ്ഞച്ചന്‍>

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


അതൊക്കെ സര്‍ക്കാരും മറ്റുള്ളവരും തമ്മിലിള്ള ഒത്തുകളീന്ന്. അങ്ങനെ വല്യകാര്യായിറ്റൊന്നും മാറ്റണില്യാ. ചെറിയ ചില തിരുത്തോള് അത്രന്നെ - (കുഞ്ഞുമോള്‍)

അതേ ഒത്തുക്കളീന്ന്. ഇപ്പോ വെളിവില്‍ ഇത്ര ഒത്തുക്കളീണ്ടാര്‍ന്നങ്കേ പാഠപുസ്തകം ഇണ്ടാക്കുമ്പോ എന്തോരം ഒത്തുക്കളീണ്ടാവും? ഇതോണ്ടൊന്നും ഞങ്ങള് വിടില്യാ. ആ പുസ്തകം പിന്‍‌വലിപ്പിച്ചേ അടങ്ങൂ - (കുഞ്ഞച്ചന്‍)

ഒരു ഒത്തുക്കളീല്യാ.(കടുത്ത സ്വരത്തില്‍) പിന്നെ കൊറേ പിന്‍‌വലിപ്പിക്കും. ഇനിപ്പോ ആര്‍ക്കും എന്തും പറയാലോ. (ചങ്ക് തിങ്ങി) - ( കുഞ്ഞുമോള്‍ പതിയെ സ്കൂട്ടാവാന്‍ തുടങ്ങുന്നു. കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..

കുഞ്ഞച്ചന്‍ പെണ്ണമ്മിച്ചിയെ നോക്കി അടുത്ത വാചകം പറയാന്‍ നാവുയര്‍ത്തുമ്പോഴേക്കും പെണ്ണമ്മിച്ചി കൊടുങ്കാറ്റ് പോലെ എഴുന്നേല്‍ക്കുന്നു. എഴുന്നേല്‍ക്കലില്‍ കാപ്പി തട്ടിമറിഞ്ഞ് പോയി.)


(പെണ്ണമ്മിച്ചി ഉറക്കെ) ഇവടാരും ഒരു സര്‍ക്കാരിനും ഒപ്പാരം പറഞ്ഞട്ട്‌ല്യാ. എനിക്ക് ശരീന്ന് തോന്നീത് ചെയ്തു. അതിപ്പഴും ശര്യന്നെ. പുസ്തകം പിന്‍‌വലിക്കാതിരിക്കാന്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും. പിന്നെ സര്‍ക്കാര്‌! അവരെ അടുത്ത എലക്ഷനില്‍ കണ്ടോളാം. അയിനിപ്പോ നീയും അവനും ഇത്ര കെടന്നങ്ങട് മദിക്ക്‌ണ്ടാ.

(ഒറ്റശ്വാസത്തിലതും പറഞ്ഞ് കൊടുങ്കാറ്റ് പോലെ തന്നെ പാഞ്ഞു പോയി മുറിയില്‍ കയറി വാതിലടച്ചു. മിക്കതും അവിടിന്നു പലതും പൊട്ടാനുള്ള ചാര്‍സുണ്ട്

കുഞ്ഞച്ചനും കുഞ്ഞുമോഞ്ചേട്ടനും അട്ടഹസിക്കുന്നു. കൊട്ടിത്തകര്‍ക്കുന്നു
ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


(കുഞ്ഞോള്‍ ആത്മഗതം പതിയെ) - അപ്പോ അട്ത്ത എലക്ഷനില്‍ കമ്യൂണിസ്റ്റോള്‍ക്ക് പത്തമ്പത് വോട്ട് നഷ്ടം. എന്നാലെന്താ മലപ്പൊറത്തെ ഒരു വോട്ട് ബാങ്ക് കിട്ടീലേ!!
*************
വായനക്കരോട് - ഇന്ത്യന്‍ നാഷണല്‍ കങ്കാരൂസ് മുതല്‍ തക്കാളി സേവാ സംഘ് വരെ സര്‍വ്വകക്ഷികളും ചേര്‍ന്നട്ടള്ള കൂട്ടികക്ഷി ഗവണ്മെന്റ് ഭരിക്കണ ഞങ്ങടോടെ ഇതൊക്കെ നിത്യസംഭവം.

ആന്റണി..ആന്തണി..അന്തോണി

നാളെന്തൂട്ടാ കൂട്ടാന്‍ വയ്ക്കാറീ കുഞ്ഞോളേ?

ദേ തൊടങ്ങി. ഞാനൊരു നൂറ് വട്ടം പറഞ്ഞണ്ട് ഈ ചോദ്യം എന്നോണ് മിണ്ടര്‌തെന്ന്. എന്തൂട്ടേങ്കിലും വയ്ക്ക്

കാലത്തേറ്റാ നീയാ പൂവും. കൂ‍ട്ടാന്‍ തീരുമാനിച്ച പണ്യെളുപ്പങ്ങ്‌ട് തീരും. അല്ലെങ്കെപിന്നെ കെടന്ന് തിരിയലാണ്.

കുഞ്ഞുമോനില്ലേ പെണ്ണമിച്ച്യേ

ആരിണ്ത് അന്തോണ്യാ?

കുഞ്ഞുമോഞ്ചേട്ടന്‍ കക്കൂസേലാണ് അന്തോണ്യേട്ടാ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞട്ട് നോക്ക്യാ മതി. ‘ഇടവേളകള്‍ ആനന്ദകരമാക്കാന്‍ കക്കൂസ‘ ന്നള്ളത്‌ണ് ആശാന്റെ സ്ലോഗന്‍

ട്യേ ക്ടാവേ.. ഞാന്‍ നിന്നോട് നൂറുവട്ടം പറഞ്ഞീട്ടുണ്ട്ട്രീ എന്നെ അന്തോണീന്ന് വിളിക്കല്ലേന്ന്.

അതെന്തേരാ അന്തോണ്യേ. ഞാനും നിന്നെ അങ്ങന്യനെല്ലേ വിളിച്ചേ?

പെണ്ണമ്മിച്ച്യോട് പറഞ്ഞട്ട് വല്ല കാര്യണ്ടാ? മിണ്ടാണ്ടിരിക്കണതാണ് നല്ലത്.

ടാ അന്തോണ്യേ.. ആന്റണി എന്നത് ഒറിജിനലും അന്തോണി എന്നത് ബോധല്യാത്ത മലയാളികള് വിളിക്കണതാണെന്നുമല്ലേ നീ മനസ്സിലാക്കി വച്ചെക്കണെ?

ഓ.. അതേന്റെ പൊന്നമ്മിച്ചി. എന്തേപ്പ അങ്ങന്യല്ലേ? ട്യേ കുഞ്ഞോളേ ചെവി പൊത്തിക്കോ ദിപ്പോ തൊടങ്ങും ചരിത്രം.

അതെരാ സ്വന്തം പേരിന്റെ ചരിത്രം അനേഷിക്കാണ്ട് നടക്ക‌ണ നിന്നേപോലത്തെ കന്നാല്യോളോട് പറഞ്ഞട്ട് കാര്യൊന്നൂല്യാ. എന്നാലും കേട്ടോ.

ഞങ്ങടോടത്തെ അന്തോണ്യുട്ടിക്ക് എഴുത്തിന്റെ കൊറേശ്യ അസ്കിതീണ്ടാര്‍ന്നു. ആളൊരിക്കല്‍ ഒരു സായിപ്പിന് ഒരു സംശയം ചോയ്ച്ച് എഴ്‌ത്തെഴുതി. എഴ്ത്തിന്റെ താഴെ ANTONY എന്നു വെടുപ്പായിറ്റ് എഴുതി. സായിപ്പ് കൃത്യായിറ്റ് മറുപടി അയച്ചു. Dear Anthoney.. അന്തോണ്യുട്ടിയ്ക്ക് ആകെ അരിശം, സംശയം.. അവന്റെ പേരിന്റെ സ്പെല്ലിങ്ങ് തെറ്റിച്ച് അവനന്നെ എഴുതീതാണൊ അതോന്നി സായിപ്പ് മന:പൂര്‍വ്വം ചൊറിഞ്ഞതാണോന്ന്.

അതെങ്ങനീണ് പേരിന്റെ സ്പെല്ലിംഗ് തെറ്റ്യാ ചൊറിയണേ?

ഇവളെക്കൊണ്ട് തോറ്റെന്റെ തമ്പുരാനെ! ഇപ്പോ അന്തോണി എന്തണ്ടീ നിന്നോട് ചൂടായെ? ഒരാള്‍ക്ക് വല്ലാണ്ട് ചൊറിച്ചിലുണ്ടാക്കണ കാര്യണ് ഈ പേര് തെറ്റിവിളി. ഒന്നോര്‍ത്തോക്ക് ഒരാള് നിന്നെ ഏത് നേരോം കഞ്ഞോളേന്ന് വിളിച്ചാലാ?

ശര്യാക്കും ഞാനയാളെ..

ആ അതന്യേണ്. കെ.എല്‍ മോഹനവര്‍മ്മേരെ ഓഹരീല് അനിയന്‍‌ത്തമ്പുരാന്‍ എന്നൊരു കഥാപാത്രം ഈ കാര്യം ശരിയ്ക്കങ്ങണ്ട് ചെയ്യിണ്ട്. ഇമ്മടെ അച്ചന്‍‌കുഞ്ഞിനൂണ്ട് ആ സൂക്കേട്‌ണ്ട്.

ശര്യാട്ടാ. ആ സിന്യേച്ചീനെ എപ്പഴും സുമ്യേന്നാ വിളിക്യാ ഭരതേട്ടനെ ധര്‍മ്മന്‍ന്നും. അമ്പടാ.. ഞാങ്കരുതി ഓര്‍മീല്യാണ്ടാന്ന്.

ഉവ്വറീ ഓര്‍മ്മല്യാണ്ടേ. മന:പൂര്‍വ്‌ണ്. ആ മന്‍‌ഷ്യന് ഭരതനെ കണ്ടൂടാ.

അപ്പോ പറഞ്ഞു വന്നതെന്തൂട്ടച്ചാ അന്തോണീന്നള്ള പേരിന്റെ കാര്യം. ആ കത്ത് കിട്ട്യേന്ന് ശേഷ്ണ് അന്തോണ്യുട്ടി ആള്‍ടെ പേരിന്റെ ഒറവിടം തപ്പി എറങ്ങീത്. അപ്പഴണ് മനസ്സിലാവണെ ഈ പേരിന്റെ യഥാര്‍ത്ഥ സ്ഥലം റോമാണെന്ന്, ലത്തീനില്‍ന്ന്‌ണ് ഈ പേരിന്റെ ഉത്ഭവം

ഒഹ് അതിലിപ്പോ എന്തൂട്ട്‌ണ് കാര്യം? മാര്‍ക്ക് ആന്റണിടെ കാര്യം എല്ലാവര്‍ക്കും അറിയണതല്ലേ?

കണ്ടാ കണ്ടാ മാര്‍ക്ക് ആന്റണീ‍ണ്. മാര്‍ക്ക് അന്തോണിയല്ല. ഞാനിതൊക്കെ അന്വേഷിച്ചണ്ടാര്‍ന്നു.

ആ അതേ അത് മാര്‍ക്കസ് അന്റോണിയസ് എന്ന മാര്‍ക്ക് ആന്റണി. ആന്റണി എന്ന പേരിന്റെ തൊടക്കം അവടന്നാവണം. പക്ഷേച്ചാ ക്രിസ്ത്യാന്യോള്‍ടെ എടേല് ഫെയ്മസായീത് ആ പേരിലെ രണ്ട് വിശുദ്ധന്മാരടെ പേരീന്നാണ്. ഒന്ന് ഈജിപ്തിലെ വിശുദ്ധ ആന്റണി. പിന്നെ മറ്റത് പാദുവായിലെ വിശുദ്ധ ആന്റണി.

ഇമടെ അന്തോണീസു പുണ്യാളനല്ലേ ത്. ഏയ്.. ഏയ്.. ആരും ആന്റണി പുണ്യാളന്നൊന്നും പറയുല്യാ.

ആ അദന്നെ അപ്പോ ഇമ്മക്ക് പിന്നീം അന്തോണീ‍ല്‍ക്ക് പൂവാം അല്ലേരാ അന്തോണ്യേ?

പറഞ്ഞ് തൊലക്കങ്ങ്‌ണ്ടട്.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തീന് കേട്ടട്ട്‌ല്ലേ നിങ്ങള്. അദ്ദേഹത്തിന്റെ കാലം തൊട്ട് കൃസ്ത്യന്‍ സംസ്കാരത്തിന്റെ തൊടക്കം വരീള്ള കാലത്ത് ഗ്രീക്ക് സംസ്കാരം അന്നു നിലവിലിണ്ടാര്‍ന്ന ഇന്ത്യ-ഇറാന്‍ തുടങ്ങിയ സംസ്കാരങ്ങളില്‍ വളരെയധികം കൂടിക്കലന്നിരുന്നു. ഇതിനീണ് ഹെലിനിസ്റ്റിക് സംസ്കാരം എന്ന് പറയണത്.

എന്റെ പൊന്നേ, സിന്ധും മെസപ്പട്ടോമിയൊന്നും പോരാണ്ട് ഇങ്ങനീം ഉണ്ടാ വേറെ കൊറെ. ഇതൊന്നും ഇമ്മള് പഠിച്ചിട്ടില്ലലോറീ കുഞ്ഞോളേ.

ലോകത്ത്‌ള്ള എല്ലാ‍ക്കാര്യോം സ്കൂളില്‍ പഠിപ്പിക്കാണങ്കേ നീയൊക്കെ ആരായേനേ!

അപ്പോ ഇമള് പറഞ്ഞ് വന്നത് അന്തോണീരെ കാര്യം. ഈ ആന്റണിനള്ള പേര് ഹെലിനിറ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂലാണ് ആന്തണി ആവണത്. കാരണെന്താച്ചാല് ഗ്രീക്ക്‌ക്കാര്‍ക്ക് പൂവിനുള്ള വാക്കാര്‍ന്നു ആന്തോസ്. അപ്പോ അവരു ആന്റണി എന്നള്ളതിനിം ആന്തോസ് അന്നള്ളതിനും ചേര്‍ത്ത് ആന്തണി എന്നാക്കിന്നാണ് ഇമ്മടെ അന്തോണ്യുട്ടി കണ്ട്പിടിച്ചത്. ശരിയ്ക്കുള്ള മാര്‍ക്കാന്റണിടെ പേരിലെ ആന്റണീടെ അര്‍ത്ഥം വിലമതിക്കാനാവത്തത്, അമൂല്യം എന്നൊക്കീന്.

നിക്കട്ടെ.. നിക്കട്ടെ ചരിത്രം. ഒരു ചോദ്യണ്ട്. ഇമ്മടെ അവടെ ഭരിച്ചതും ക്രിസ്തുമതം കൊണ്ടന്നതും ബ്രിട്ടീഷുകാരല്ലെ? അവരുക്കു ഈ ഗ്രീക്ക് പേരായിറ്റ് എന്തൂട്ടാണ് ബന്ധം?

ബ്രിട്ടിഷുകാര്‍ക്കിടേല് ആദ്യം പ്രചരിച്ചത് ആന്റണീന്നള്ള പേരന്യാണ്. പക്ഷേ ഇമടവടെ വന്നത് പാതിരിമാര് തര്‍ജ്ജമ്മ ചെയ്ത പുസ്തകങ്ങളിലെ പേരു വഴിയീണ്.പുത്യനെയമം ആദ്യം എഴുതീത് ഏതു ഭാഷേലാ? ആരാണ് ആദ്യം ഉത്തരം പറയണെ?

അരമായാ

ഗ്രീക്ക്

ആ.. ഗ്രീക്ക്‌ലിണ്.. കോയിന്‍ ഗ്രീക്കില് (Koine Greek) ഹെലിനിസ്റ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂല്ണത്. മലയാളത്തില്‍ക്ക് മിക്ക ബൈബിള്‍ ഗ്രന്ഥങ്ങളും കാനോനീകവും അല്ലാത്തതുമായ ചില പുസ്തകങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടത് നേരിട്ട് ഗ്രീക്കീന്നണ്. അങ്ങനീണ് ഇമ്മടെ നാട്ടില് ഗ്രീക്ക് പേരോള് ഇംഗ്ലീഷ് പേരോളേക്കാള്‍ അധികം ഉപയോഗിക്കപ്പെട്ടത്. അല്ലണ്ട് നീ കരുതണ പോലെ ആന്റണി ഇംഗ്ലീഷും അന്തോണി ഇംഗ്ലീഷ് അറ്യാത്ത മലയാള്യോള് പറയണതും അല്ല. ആന്റണി ഇംഗ്ലീഷും ആന്തണി ഗ്രീക്കും അന്തോണി അതിന്റെ മലയാളവും ആണ്.

അപ്പോ ഇന്നിംണ്ടാ ഇങ്ങനത്തെ ബൈബിള്‍- ക്രിസ്ത്യന്‍ പേരോള്?

ഇന്നിംണ്ട്. അതൊക്കേ മക്കള് രണ്ടാളും കൂടിം അന്വേഷിച്ച് കണ്ട് പിടിക്കീട്ടാ. ഇന്നിം പൊന്നാരിച്ച് നിന്നാലേ എന്റെ കൂട്ടാന്‍ വയ്ക്കല് നടക്കില്ല.

അമര്‍.. അക്ബര്‍.. ആന്തണീ..
ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ ബറബംബംബാ..

Monday, July 14, 2008

പാവങ്ങളുടെ മുന്തിരി (Averrhoa bilimbi)

ഇതെന്തൂട്ടണ്ടീ തെയ്യാമ്മേ ഈ കാണ്‌ണേ നിന്റോടെ? മുന്തിരിക്കൊല പോലീണ്‌ല്ലോ ഇരുമ്പന്‍ പുളി ഇണ്ടായികെടക്കണത്. എന്തൂട്ടാ ശേല്!

ഉവ്വുവ്വ്. വെല്ലപ്പ്‌ഴും വരണോര്‍ക്കൊക്കെ ശേലന്നെ. മിറ്റടിച്ചൂട്ടി കളായാന്‍ ഞാന്‍ പെടണപാട് ആര്‍ക്കും മന്‍സ്സിലാവില്യാ. ഇരുമ്പന്‍പുളി ഇണ്ടാവ്ണ കാലത്ത് അത് വീണ് മിറ്റം മുഴുവന്‍ അളിപിള്യാവും. അല്ലാത്തേപ്പ്യാണെങ്കെ അയിന്റെ എല. അടിച്ചാലും അടിച്ചാലും തീരില്യാ. എന്നാ ഈ സാനം കൊണ്ട് വല്ല ഉപകാരണ്ടാ? അതൂല്യാ വെല്ലപ്പോഴും കായല്‍ മീന്‍ കിട്ട്യാ അതിലിടാന്‍ കുഞ്ഞീത് ഒരു പത്തെണ്ണം മതി. അയിന്നിണിതിനെ എല്ലാക്കാലോം സഹിക്കണേന്നാലോയ്ക്കുമ്പോ വെട്ട്യാക്കളയാന്‍ തോന്നും.

ഇതെന്തൂട്ടണീപ്പെണ്ണ് അച്ചങ്കുഞ്ഞ് പറയണോണം പറയ്ണേ? ഞങ്ങടോടെ നെറച്ചും പൂത്ത്‌നിന്ന ഇരുമ്പന്‍പുളീണ്. ഒരൂസം നോക്കുമ്പോ അയിന്റെ നെറ്യാ വെട്ട്യേക്ക്‌ണു ആ മന്‍ഷ്യന്‍. കൃഷിക്കാരനാണു പോലും കൃഷിക്കാരന്‍!

അയിനെങ്ങീന് അച്ചങ്കുഞ്ഞത് വെട്ടാണ്ടിരിക്ക്യാ. വേനലില്‍ ഒരു ചെറുകാറ്റങ്ങാനും വന്നാ മതി. പ്‌ടും.. ദേ കെടക്കണു ഒരു പുളിവാറലും കൊറേ എലേം. അടുത്ത സീന്‍ പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. അടുത്ത കാറ്റ്.. പ്‌ടും.. അടുത്ത എലകള്‍.. പിന്നീം പഴേ സീന്‍..പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. ഞങ്ങള് തോറ്റെന്റെ തെയ്യാമ്മിച്ച്യേയ്.

മതീരീ മതീ‍രീ.. മൂത്തോര് വര്‍ത്താനം പറയണോട്‌ത്ത് നിനക്കെന്തൂട്ടാ കാര്യം? മിണ്ടാണ്ടിരിക്കറ്‌വടെ.
ഇവര്യോക്കെ കുശുമ്പ് കാരണം ഇപ്പോ പത്തെണ്ണം തെകച്ചിണ്ടാവാറില്യറീ.

എന്തൂട്ട്‌ണ്‌ണധികമെന്റെ ചേച്ച്യേ. പത്തെണ്ണം പോരെ മീനിലിടാന്‍. ഇവിട്യാണെങ്കെ കടല്‍മീനിലൊന്നും ഇടണത് ആ മനുഷ്യനിഷ്ടല്ല. വല്ലപ്പ്‌ഴും ഇട്ട്‌പോയാ.. പിന്നെ ഞാന്‍ തന്നെ കൂട്ട്യാ തീര്‍ക്കണം.

നീയെന്തൂ‍ട്ടണ്ടീ പറയണെ തെയ്യാമ്മേ?! ഇരുമ്പന്‍പുളി കായല്‍ മീനിലു മാത്രേ ഇടള്ളൊന്നാ? പിന്നൊന്നും അതോണ്ട് ചെയ്യീല്ലാന്നാ?

വേറെന്തൂട്ടാ ചിയ്യാ? അപൂര്‍വ്വായിറ്റ് പരിപ്പും ഇരുമ്പന്‍പുളീം വയ്ക്കും. പരിപ്പ് ഇമ്മക്ക് പറ്റില്ലെയ്ന്റെ പൊന്നേ. ഗ്യാസ്‌ണ്.. ഗ്യാസ്..

ട്യേ കുഞ്ഞോളേ.. നീയാ മൊറടെത്ത് അയിലെ പഴുത്ത പുള്യോക്കെ മണ്ണ് പറ്റാണ്ടിങ്കട് പൊട്ടിക്കറീ ക്ടാവേ. ഇവള്‍ക്കിതോണ്ട് എന്തൂട്ടൊക്കെ ഇണ്ടാക്കാന്‍ പറ്റൂന്ന് കാണിച്ചോടക്കട്ടെ.

ഇതെന്തൂട്ടാണ് പഴുത്തപുള്യോണ്ട് ചെയ്യാന്‍ പോണെ? പഴുത്ത പുള്യോണ്ട് എനിക്കാകിള്ള ഗുണം ഇരുമ്പു കറകള് കളയാന്ണ്.

അത് ഇരുമ്പന്‍ പുളീല് ഓക്സാലിക് ആസിഡ് ഇള്ള കാരണാണ് തെയ്യാമ്മിച്ച്യേ. ഓക്സാലിക്കാസിഡ് ഇരുമ്പിനെ ഓക്സീകരിക്കും. അങ്ങനീന് കറ പോണെ.

പഴുത്ത പുള്യോണ്ടള്ളത് അവള് പൊട്ടിച്ച് കൊണ്ടന്നട്ട് നോക്കാം. ആദ്യം പച്ചപുള്യോണ്ട്ള്ളത്. നീയ് ഇരുമ്പന്‍പുളിയച്ചാരം എന്താ ഇണ്ടാക്കാത്തേരീ?

ഓ.. അത് പെട്ടെന്ന് അങ്ങട് അളിപിള്യായാവും. ഒന്നു രണ്ടൂസത്തക്ക് വേണ്ടി ഇതൊക്കെ ഇത്ര പണിപ്പെട്ട് ഇണ്ടാക്കാന്‍ ആരെക്കൊണ്ടാവാന്ന്ന്?

ആ അത് നിനക്ക് ഇണ്ടാക്കാന്‍ അറിയാണ്ട്ണ്. ആദ്യം നീ പുളിപൊട്ടിക്ക്. ഏറ്റോം ചെറ്ത് നോക്കി ഒരു പത്തമ്പതെണ്ണാ ഇങ്ങട് പൊട്ടിച്ചോ. ഞാന്‍ ഇടാക്ക്യരാം. എത്രനാള്‍ വേണങ്കെ ഇരിക്കും ഒരു അളിപിളീം ആവാണ്ട്.

ഇത്രമത്യാ?

ആ മതി. എന്നട്ടത് കഴുകി പഴുന്തുണ്യോണ്ടൊന്ന് വെള്ളൊപ്പി എടുത്ത് മൊറത്തില്‍ കടലാസിട്ട് നെരത്ത്. എന്നട്ട് പത്ത് മിന്‍‌റ്റാ വെയല്‌ത്തിക്ക്യാ വെക്ക്. അവിടിരിക്കട്ടെ.
കുഞ്ഞോള്‍ടെ പൊട്ടിക്കല് കഴിഞ്ഞോറീ?

കൊറേയൊക്കെ പൊട്ടിച്ചു. ഇദ് മതി.

ആ എന്ന മതി. അവസാനം വീഞ്ഞുണ്ടാക്കുമ്പോ മോന്താനത്രയ്ക്കെന്യേ കിട്ടള്ളോട്ടാ.

ഇരുമ്പന്‍പുള്യോണ്ട് വീഞ്ഞാ. ഇതുനല്ല കൂത്തന്നെ.

നീയിങ്ങട് കൊണ്ടാടീ. ഞാന്‍ കാണിച്ചെരാം.

ആദ്യം ഒരു പഴുന്തുണീ ഇടുത്ത് ഇതൊക്യാങ്ങട് തൊടച്ചേന്‍.

അയ്യേ അപ്പോ കഴുകണ്ടേ?

വീഞ്ഞിണ്ടാക്കാന്‍ കഴുകൊന്നും വേണ്ടാ. ചെറ്യേ ചെറ്യേ അണുക്കളൊക്കെ അല്ലേ മുന്തിരീനെ വീഞ്ഞാക്കണത്?

നീയൊരു വല്യേ ഭരണീങ്ങ്‌ട് എടുത്തോറീ തെയ്യാമേ. ആ പഞ്ചാര ഭരണീം ഇങ്ങടെടുത്തോ. ഇണ്ടെങ്കെ രണ്ട് കഷ്ണം പട്ടെം ഗ്രാബും കൂടി എട്ക്ക്.

അപ്പോ ഈസ്റ്റ് വേണ്ടെ?

ആ ഇണ്ടെങ്ക് എടുത്തോ. അങ്ങ്‌ന്യാച്ചാ ചെറ്യ ഭരണീക്കൂടീട്ക്ക്
ആദ്യം ഈ ചെറ്യേ ഭരണീല് ഒരു നിര പുളീടറി കുഞ്ഞോളെ. എന്നട്ട് ഒരു നിര പഞ്ചാര. പകുതി നെറയുമ്പോ രണ്ട് ഗ്രാംബൂം ഒരു കുഞ്ഞേ കഷ്ണം പട്ട്‌മ് ഇട്ട്‌ട്ട് ബാക്കി നെറച്ച് മാറ്റിവച്ചോ.

ഈസ്റ്റ് ഒരു ടീസ്പൂണ്ള്ളൊ. അതു മത്യാ?

ആ മതീരീ. ദേ കുഞ്ഞോള് അട്‌ക്യപ്പോലെ ഈ വല്യേ ഭരണി നീയും അട്‌ക്കിക്കോ. പകുത്യാവുമ്പോ പട്ടേരീം ഗ്രാംബൂന്റേം ഒപ്പം ആ ഈസ്റ്റും ഇട്ടോട്ത്തോ. ഞാനാ ഒണക്കാന്‍ വച്ചതെട്‌ത്തോണ്ടരട്ടേ.

രണ്ട് ഭരണീം ഒരു തുണീട്ട് മൂടി നല്ലോണങ്ങട് കെട്ട്യാ വയ്ക്ക്. എന്നട്ടാ പാത്യേമ്പോറത്തിന്റെ അടീല്‍ക്യാ വച്ചോ. അവ്ടീരിക്കട്ടെ. ഇനി അയിനെ കുറിച്ചോര്‍ക്കേ വേണ്ടാ. ഞാന്‍ രണ്ടാഴ്ച കഴിഞ്ഞ് വര്‌മ്പോ ബാക്കി നോക്കാം.
ഈ കുഞ്ഞേ പുളി നീ എണ്ണേലങ്കട് വാട്ടീട്ത്തേന്‍. എന്നട്ട് നാരങ്ങച്ചാരം ഇടണപോലെ അങ്ങട് അച്ചാരട്.നല്ലോണം എണ്ണൊഴിച്ച് വച്ചാ കൊല്ലങ്ങളോളം ഒരു കേടൂണ്ടാവില്യാ.

ട്യേ കുഞ്ഞോളെ ഈ പുളീനെ ഇരുമ്പന്‍പുളീന്ന് വിളിക്കാന്‍ എന്തൂട്ട്‌ണ് കാരണം?

അതിലിരുമ്പ് ഇള്ളോണ്ട്.

ബുദ്ധീലെങ്കിലും ബോധണ്ട്‌ട്ടാ ഇവള്‍ക്ക്.തെയ്യാമേ നൂറുഗ്രാം ഇരുമ്പന്‍ പുളീല് ഒരു മില്ലിഗ്രാം ഇരുമ്പ്‌ണ്.

ഓ അത്ര്യക്കൊള്ളോ?

അത്ര്യക്കൊള്ളോന്നാ.. മുന്തിരീള്ളത് അരമില്ലീഗ്രാമിനേക്കാളും താഴീന്. മുന്തിരീല്‌ള്ള ചെല വിറ്റാമിനോളും ചെറ്യേ അളവില്‍ ഇയിലിണ്ട്. വൈനിണ്ടാക്കാനും പറ്റും. പേരക്കേനെ പാവങ്ങള്‍ടെ ആപ്പിള്‍ന്ന് വിളിക്കണപോലെ ശരിയ്ക്കും ഇരുമ്പന്‍പുളീനെ പാവങ്ങള്‍ടെ മുന്തിരീന്ന് വിളിക്കണ്ടത്‌ണ്.

ഒറിജിനലി ഇരുമ്പന്‍ പുളി ഇന്ത്യോനേഷ്യക്കാരനാണ്.Averrhoa bilimbi എന്ന്‌ണ് ഇയിന്റെ ശാസ്ത്ര നാമം.

അങ്..ആ..വെറ്‌ത്യല്ലാ തെക്കന്മാര് ഇലുമ്പി പുളി എന്ന് പറയണത്‌ല്ലേ.

*************(രണ്ടാഴ്ച കഴിഞ്ഞൊരൂസം)

ആ പാത്യമ്പൊറത്തിന്റടീന്ന് ആ വല്യേ ഭരണീടത്തട്ട് ഒന്ന് കുലുക്കി വയ്ക്കറീ തെയ്യാമേ. ഇനി ഒരു പത്ത് മുപ്പതൂസം കഴിഞ്ഞ് പിഴിഞ്ഞ് അരിച്ചെടുത്താ വൈനായി.

ചെറ്യേ ഭരണി തൊറക്കട്ടെ പെണ്ണമ്മിച്ച്യേ.

സൂക്ഷിച്ച് തൊറക്ക്‌റീ.

ആയ് എന്തു രുച്യാ ഈ ഇരുമ്പന്‍പുളിയ്ക്ക്. നല്ല മദരം.

നിക്കറീ ക്ടാവേ അതു മുഴുവന്‍ തിന്നിണ്ടാക്കല്ലേ. അതോണ്ട് വേറെ ഒരു സാനം ഇണ്ടാക്കാന്. ഇയിന്റെ ചാറ് കുടിച്ചോക്ക്യേരീ തെയ്യാമ്മേ.

ആ കൊള്ളാട്ട ചേച്ച്യേ. ആള്‍ക്കാര്‍ക്ക് രസ്‌നയ്ക്ക് പകരം കൊട്‌ക്കാം.

ഇത് മെയിനായിറ്റ് ഉപയോഗിക്യാ പീനെ കൊളാ‍ഡേല് കൈതചക്ക ജ്യൂസിനു പകരം ഒഴിക്കാന്ണ്റീ തെയ്യാമ്മേ.

നീയ് കൊറച്ച് പഞ്ചാര കരിച്ചട്ട് ആ മദരള്ള പുളി അതിലിട്ടാ വെയ്ക്ക്. പിന്നെ സൈകര്യം പോലെ എട്ത്ത് ഫ്രൂട്ട്‌സലാഡിലാ കേക്കിലാ ഒക്കീടാം. ഇനിമേലാല് ഒരൊറ്റ പുളി വെറ്‌തെ പഴുപ്പിച്ച് കളയരുത്‌ട്ട്രീ‍. പച്ചയാണെങ്കിലും കൊഴപ്പല്യാ. ഒരൂസം മുഴ്‌വന്‍ വെള്ളത്തിലീട്ട് വച്ചട്ട് പിന്നീണ്ടാക്യാ മതി.

ഇത്രോക്കെ മെനക്കെടാന്‍ ആര്‍‌ക്ക്‌ണ് നേരം. ഞാനൊരു കാര്യാ ചെയ്യാം. കുഞ്ഞോനീവഴി വരുമ്പോ അവന്റേല് പൊട്ടിച്ച് കൊടത്തയ്ക്കാം. ചേച്ച്യത് സൌകര്യമ്പോലെ വീഞ്ഞാ, മദരപുള്യാ, അച്ചാരാ എന്തൂട്ടാന്ന്‌ച്ചാ ഇണ്ടാക്കീറ്റ് എനിക്കിങ്ങ്‌ട് കൊടത്തയച്ചാ മതി.

അയ്യറീ മനമേ.. എണീക്കറീ ക്ടാവേ ഇമ്മക്ക് പൂവാ. ആ മദര‍പുള്യൊക്കെ ഇങ്ങ്‌ട് എട്ത്തോ. ഇമ്മടോടെ ചെന്നട്ടിണ്ടാക്കം. ഇവളൊന്നും ഒരു നടയ്ക്ക് പോണതല്ല.
**************
വായനക്കാര്‍ക്ക് ചില മുന്നറിയിപ്പുകള്‍ - ഇരുമ്പന്‍ പുളിയില്‍ ഓക്സാലിക്കാസ്ഡ് ഉള്ളത് കൊണ്ട്,ഓക്സലേറ്റ് മൂലമുണ്ടാകുന്ന മൂത്രാശയ കല്ല് എന്ന അസുഖം വരാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് കാണുക. ഇരുമ്പന്‍ പുളിയില്‍ 6% ഓക്സാലിക് ആസിഡ് ഉണ്ട്. ഓക്സാലിക് ആസിഡ് ഉള്ള മറ്റ് പച്ചക്കറികളും പഴവര്‍ഗങ്ങളും ഈ സൈറ്റില്‍ കാണാം ഏതു തിന്നണം എന്നൊക്കെ സ്വയം തീരുമാനിക്കുക.

Monday, July 7, 2008

ചുട്ടുക്കരിക്കപ്പെടേണ്ടിയിരുന്ന റോസാപ്പൂവിന്റെ പേരെന്താണ്? (The Name of the Rose)

ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തെ കുറിച്ച് പുസ്തകമെഴുതുകയും ദരിദ്രനായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? കുറച്ച് പേര്‍ അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി വണങ്ങും അതിനിരട്ടി പേര്‍ അദ്ദേഹത്തെ പാഷാണ്ഡനായി കാണും, തീര്‍ച്ചയായും പേപ്പല്‍ കൊട്ടാരത്തിന്റെ അപ്രീതിയുണ്ടാകും, പുസ്തകം എഴുതിയ വൈദീകന്‍ ഒളിച്ച് താമസിക്കാന്‍ നിര്‍ബന്ധിതനാകും, പുസ്തകത്തെ പ്രതി ചൂടന്‍ സംവാദങ്ങള്‍ നടക്കും, എങ്കിലും അവസാന തീരുമാനം പേപ്പല്‍ ആസ്ഥാനത്തിന്റേതായിരിക്കും.

ക്രിസ്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നോ അഥവാ ക്രിസ്തു ദരിദ്രജീവിതമായിരുന്നോ നയിച്ചിരുന്നത് എന്നു ചോദിക്കുമ്പോള്‍, ക്രിസ്തു പാവപ്പെട്ടവനായിരുന്നോ അല്ലയോ എന്നതല്ല ചോദ്യം മറിച്ച് പള്ളി ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം എന്ന മറുചോദ്യമാണ് കിട്ടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ ഇല്ലാതാക്കണമെന്നും അതിന്റെ ഏക്കറുകണക്കിനുള്ള ഫലഭൂയിഷ്ഠമായ ഭൂമി അടിമപണിക്കാര്‍ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നത് പള്ളിയുടെ അത്യാവശ്യ ദ്രവ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി അവിശ്വാസികളുള്ള യുദ്ധം പ്രതിഫലമായി വാങ്ങുകയും ചെയ്യുമെന്നു സഭ ഭയക്കുന്നത്രേ.

Your eminence, venerable brothers.. at last we met for this long-awaited debate. We have all journeyed great distances in order to put an end to the dispute... that has so gravely impaired the unity of our Holy Mother church.
Good people thought the Christendom... are directing their gaze at these venerable walls...anxiously awaiting our answer to the vexed question: Did Christ...or did he not...own the clothes that he wore?

Beloved brotheren of Franciscan order.Our Holy Father, the pope, has authorized me and these, his faithful servants...to speak on his behalf. The question is not whether Christ was poor...but whether the church should be poor. You Franciscan wish to see the clergy renounce its possessions...and surrender its riches... the abbeys dissipate their sacred treasures...and hand over their fertile acres to the serfs...Thereby depriving the church of the resources needed...to combat unbelievers and wage war on the infidel. You forget that even the greatest monument to Our Lord ...is but a pale reflection of his infinite majesty and glory ...

ക്രിസ്തുവിനൊരു പേഴ്സ് സ്വന്തമായിരുന്നെന്നും, സന്ന്യാസമഠത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അസ്വാഭിവമരണങ്ങള്‍ക്ക് കാരണം പാഷാണ്ഡതയെന്നും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയ്ക്ക് വീണ്ടുമൊരു അസ്വാഭിവക മരണം! സാത്താനാ‍ല്‍ പ്രേരിതരായി അത് ചെയ്തവരെല്ലാം, അവന്റെ (Adso of Melk) പേരറിയാ റോസാപ്പൂ‍വുള്‍പ്പെടെ, പിടിക്കപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടവരെല്ലാം ചുട്ടുക്കരിക്കപ്പെടുമെന്നുറപ്പുള്ള മതവിചാരണ. അവന്‍ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ അയാള്‍ (William of Baskerville), ഒരിക്കലിതുപോലൊരു മതവിചാരണയെ എതിര്‍ത്തതിനു പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ കിടക്കുകയും ചെയ്തയാള്‍ തന്നെ, ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. അവളെ ഉമിത്തീയില്‍ നിന്ന് രക്ഷിക്കാന്‍ ദയക്കാവില്ലെന്ന് ഉത്തമബോധ്യമുള്ളൊരാള്‍

Then try using your head instead of your heart...and we might make some progress.
...
But pity won't save her from the fire

ആത്മീയത എന്നാല്‍ എന്താണ്? അതിലേയ്ക്ക് പ്രാര്‍ത്ഥനയുടെ ഒറ്റവഴി മാത്രമെയുള്ളൂ? പ്രാര്‍ത്ഥന മാത്രമല്ലാതെയും ചിലവഴികളുണ്ടെന്ന് കാണിച്ച് തന്നവരിലൊരാളാണ് ഒക്കാമിലെ വില്യം (William of Ockham). തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കുന്നതിന്റെയും, ചിന്തയുടേയും, അക്ഷരത്തിന്റേയും ആത്മാര്‍ത്ഥമായ വഴികള്‍ നടന്നെത്തുന്നത് ആത്മീയതിലേയ്ക്ക് തന്നെ. ബാസ്കര്‍വില്ലിലെ വില്യമും ചിന്തകളുടേയും അക്ഷരത്തിന്റെയും, വഴിയെ ആത്മീയതയിലേയ്ക്ക് നടക്കുന്നവനാണ്.

അറിവ് സംരക്ഷിക്കപ്പെടേണ്ടതെന്തിനു വേണ്ടിയാണ്? ഒളിച്ച് സൂക്ഷിക്കുന്ന അറിവിന്റെ രാഷ്ട്രീയം എന്താണ്? എല്ലാക്കാലത്തും അധികാരത്തിന്റെ കൂടെയായിരുന്നു അറിവ്‌. ഒളിച്ച്‌ വച്ച അറിവ്‌ സംരക്ഷിക്കുന്നത്‌ അതു ഒളിച്ച്‌ വച്ചവരുടെ അധികാരത്തെ തന്നെയാണ്‌. ‘സംരക്ഷിക്കപ്പെടുന്ന വിശ്വാസമാണ്‌‘ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരം. അതുകൊണ്ട്‌തന്നെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ചില അറിവുകള്‍ ഒളിച്ചു വയ്ക്കേണ്ടതത്യാവശ്യമാണ്‌. അവയെല്ലാം വെറും സംരക്ഷണമേ അര്‍ഹിക്കുന്നുള്ളൂ. വായനയോ ഗവേഷണമോ അര്‍ഹിക്കുന്നില്ല എന്നവര്‍ വാദിച്ചു.

Adso, Do you realize...we're in one of the greatest libraries in the whole of the Christendom... ... How many more rooms? huh, How many more books? No one should be forbidden to consult these books freely perhaps they thought to be too precious, too fragile. No. its not that, Adso. Its because they often contain a wisdom different from ours... and ideas that could encourage us to doubt...the infallibility of the word of the God

The preservation of knowledge. "Preservation," I say, not "search for" because there is no progress in the history of knowledge... merely a continuous and sublime recapitulation

വികാരങ്ങളെ നിയന്ത്രിക്കേണ്ടതും വിശ്വാസസംരക്ഷണത്തിനു ആവശ്യമാണെന്ന്‌ പൗരോഹ്യത്തിന്റെ കാവലാളുകള്‍ കരുതുന്നു. വിശ്വാസത്തെ ഇല്ലാതാക്കുമെന്ന വിചാരത്തില്‍ അവര്‍ ചിരിയെ, ഹാസ്യത്തെ ഭയക്കുകയും ചെയ്യുന്നു. കുരങ്ങന്മാര്‍ മാത്രമേ ചിരിയ്ക്കൂ എന്നും ചിരിയ്ക്കുന്നവരുടെ മുഖത്തിന്റെ ആകൃതി മാറുമെന്നു അവര്‍ വിശ്വസിപ്പിച്ചു.കോമഡിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ രണ്ടാം പോയെറ്റ്റിക് (Aristotle's Second Book of Poetics) പുസ്തകത്തിന്റെ ഒളിച്ചുവയ്പ്പിനു പിന്നിലെ വില്ലനും ചിരിതന്നെ. തങ്ങളുടെ യുക്തിക്കു ചേരാതിരുന്ന ഇത്തരം ചിന്തകളെ യുക്തിസഹമായി നേരിട്ടവര്‍ പാഷാണ്ഡരെന്ന് മുദ്രകുത്തി ശിക്ഷിക്കപ്പെട്ടു.

Laughter is a devilish wind which deforms, uh, the lineaments of the face and makes men look like monkeys.
Monkeys do not laugh. Laughter is particular to men.
As is sin. Christ never laughed.
Can we be so sure?
There is nothing in the Scriptures to say that he did.
And there's nothing in the Scriptures to say that he did not. Why, even the saints have been known to employ comedy, to ridicule the enemies of the Faith. For example, when the pagans plunged St. Maurice into the boiling water, he complained that his bath was too cold. The Sultan put his hand in... scalded himself.

But what is so alarming about laughter?
Laughter kills fear, and without fear there can be no faith, because without fear of the Devil there is no more need of God.

അധികാരത്തെ കുറിച്ച്‌ ചിന്തയില്ലാത്തവരാകട്ടെ അറിവുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിട്ടാന്‍ യത്നിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസത്തിന്റെ പിശാചിനെ തകര്‍ക്കാനും എല്ലാ യാതനകളും എല്ലായ്പ്പോഴും സഹിക്കേണ്ടിവരുന്ന പേരറിയാ റോസപ്പൂക്കളെ രക്ഷിക്കാനും ഒളിച്ചു വയ്ക്കപ്പെട്ട അറിവുകളും പുസ്തകങ്ങളും കണ്ടുപിടിച്ചേ തീരൂ.

If only I could find the book and prove that Bernardo Gui was wrong.

ചിലര്‍, മറ്റുള്ളവര്‍ ചിരിക്കാതിരിക്കാന്‍ ചിരിയെ കുറിച്ചുള്ള സകല അറിവും ചുടാന്‍ ശ്രമിച്ച് സ്വയം ചുട്ടുക്കരിക്കപ്പെടും മറ്റു ചിലരാകട്ടെ ചിരിയെ സംരക്ഷിക്കാനും ചിരിക്കുന്ന അറിവുകള്‍ തുറന്നിടാനുമായി തീയിലെടുത്തു ചാടും. അഗ്നിശുദ്ധീ‍കരിച്ചിറങ്ങുന്ന അവരുടെ കൈയാല്‍ അറിവും ചുട്ടുക്കരിക്കപ്പെടുമായിരുന്ന റോസാപ്പൂക്കളും സംരക്ഷിക്കപ്പെടും.

അഗ്നിക്കിരയാക്കാനുള്ളതല്ല അറിവ് അഗ്നിയാക്കേണ്ടതാണെന്ന് ബോധ്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം; ഷോണ്‍ കോര്‍ണറി (Sean Connery) യും ക്രിസ്റ്റ്യന്‍ സ്ലേറ്ററും (Christian Slater ) അഭിനയിച്ച സിനിമ ദി നേം ഓഫ് ദി റോസ് (The Name of the Rose). സംവിധാനം ജീന്‍ ജാക്കസ് അനാദ് (Jean-Jacques Annaud).

*****************************************
ഞാനെഴുതാണെങ്കെ ആഡ്ജോടെ വ്യൂവില്‍ നിന്നാവും എഴ്താ. വിശപ്പ് - ശരീരത്തിന്റെ, ബുദ്ധിയുടെ, ആത്മാ‍വിന്റെ വിശപ്പ്. വിശപ്പിന്റെ തൃത്വം, അയിന്റെ അഗ്നി, ആ ലൈനില്‍.

ആ നോട്ടവും കൊഴപ്പല്യാത്ത്‌ത്‌ണ്. പക്ഷേ മാസ്റ്റര്‍ പീസോളൊക്കെ സമകാലീന സംഭവങ്ങളായിറ്റ് താരതമ്യം ചെയ്യുമ്പഴണൊരിത് കിട്ടാറീ ക്ടാവേ.

ഇതിലെന്തൂട്ടാ ഒക്കാമിലെ വില്യത്തിനെ കുറിച്ച് എഴുതി വച്ചേക്കണെ

ഷോണ്‍ കോര്‍ണറിരെ കഥാപാത്രത്തിന്റെ പകുതി ഉമ്പെര്‍ട്ടോ എക്കൊ ഇണ്ടാക്കേക്കണത് ഒക്കാമിലെ വില്യമിന്റെ ജീവിതത്ത്‌നെ ബേസീതാണ്. ബാക്കി പകുതി ഏതാവും?

ബാസ്ക്കര്‍വില്ലിലെ വേട്ടനായ- ഷെര്‍ലക്ക് ഹോംസ്!!

അദന്നെ.

****************************************

സിനിമാത്തരം: 1.ത്വരഗം

Friday, July 4, 2008

മരീചിക (Mirage) മനസ്സിന്റെ മായയോ?

ഒക്കെ ഗയ്സ് നമ്മള്‍ ഇവടന്നങ്ങോട്ട് വെലങ്ങന്‍‌കുന്നിന്റെ മോളില്‍‌ക്ക് നടന്ന് കേറാന്‍ പൂവാണ്, പൊന്നൂസേ സൂക്ഷിച്ചിറങ്ങറീ.

ഈ നട്ടപ്പറ വെയിലത്ത് ടാറിട്ട റോട്ടേയ്ക്കോടെ നടക്കാനാ? ഒരു മരം കൂടീല്യാ. കുഞ്ഞോളേച്ചിയ്ക്ക് പ്രാന്ത്‌ണ്ടാ?

വെലങ്ങനില്ക്ക് നിങ്ങളെ കൊണ്ടന്നതെന്തിനാ? മരതകമിന്നല് പഠിച്ചപ്പോ ഞാനെന്തൂട്ടാ പറഞ്ഞേരാ മോനച്ചാ?

മരീചികയെ കുറിച്ച് പഠിക്കാനാന്ന്.

ആഹാ.. ഇവിടീം പഠിത്തണ്‌? ഞാനില്ലീ പണിക്ക്.

നീ വാടീ പൊന്നൂസേ നല്ല രസാ. മോനച്ചന്‍ ഗ്യാരണ്ടി.

ഓക്കെ. വരാത്തൊരൊക്കെ വണ്ടീലിരുന്നോട്ടെ. പക്ഷേ കുന്നിന്റെ മോളിലെത്തോണോര്‍ക്ക് മാത്രേ ചോക്കോബാറ് കിട്ടൂ. മോനച്ചന്‍ പറ മരീചകയുടെ ഏറ്റവും സാധാരണമായ ഉദാഹരണമെന്തൂട്ട്‌ണ്?

ചൂടുപിടിച്ചു കിടക്കുന്ന ടാറിട്ട റോട്ടില്‍ വെള്ളം പോലെ തോന്ന‌ണത്.

കറക്റ്റ്. അപ്പോ എല്ലാരും വഴിയില്‍ സൂക്ഷിച്ച് നോക്കി നടക്ക്. വെള്ളം പോലെയോ ഓയല് പോലെയോ എന്തെങ്കിലും ആരെങ്കിലും കണ്ടാല്‍ മറ്റുള്ളോരെ കാണിച്ച് കൊടുക്ക്.

കുഞ്ഞുമോളേച്ച്യേ.. ദേ റോട്ടില് വെള്ളം!

അതിന്നലെ മഴ ചാറ്യേന്റെ വെള്ളണ്. അതല്ല. വേറെ കാണുന്നുണ്ടോന്ന് നോക്ക്.

ദേന്നാ.. അവിടെ ദൂരെ വെള്ളം പോലെ.

ഓക്കെ. ഇമ്മക്കത് പോയി നോക്കാം.

ഇവിടെത്ത്യേപ്പോ വെള്ളം കാണാനില്ലല്ലോ. അപ്പോ ഇത് മരീചികയായിരുന്നുല്ലേ?

അപ്പോ മരീചിക വെറും തോന്നലാണോ കുഞ്ഞോളേച്ച്യേ? അത് ശരിയ്ക്കും ഇല്ലേ?

നമുക്കീ ചോദ്യം എല്ലാരോടും ചോയ്ക്കാം.

പൊന്നൂസെന്തുപറയുന്നു? മരീചിക തോന്നലാണോ?

ആ അതേയതേ തോന്നലാണ്. മരുഭൂമിയിലെ സഞ്ചാരികളെ പറ്റിക്കുന്ന ഭൂതത്തിന്റെ തട്ടിപ്പാണെന്ന് ഞങ്ങടെ അമ്മാമ്മ പറഞ്ഞന്നണ്ട്. അവിടെ കൊളാന്നച്ചട്ട് ആള്‍ക്കാര് അവടയ്ക്ക് ചെല്ലുമ്പോ കൊളം പിന്നീം മുന്നില്‍ക്ക് പൂവൂത്രേ. അങ്ങനെ മുന്നില്‍ക്ക് പോയി പോയി കുറേ പോയാലും കുളം പിന്നിം കൊറേ ദൂരെന്നെ. അവസാനം ആള്‍ക്കാര് വെള്ളം കിട്ടാണ്ട് തളര്‍ന്ന് വീഴുമ്പോ ഭൂതം പിടിച്ച് തിന്നും. ഇതൊക്കെ ഭൂതത്തിന്റെ ട്രിക്കാണ്‌ന്ന്.

പൊന്നൂസ് പറഞ്ഞ കഥ വിശ്വസിക്കുന്നൂന്ന് വയ്ക്ക്. അപ്പോ ഇവിടിപ്പോ നമ്മള് കണ്ട മരീചിക ഭൂതത്തിന്റെ ട്രിക്കാ?

അത്.. പിന്നെ.. ഇമ്മളിത്ര ആള്‍ക്കാരില്ലേ.. അപ്പോ ഭൂതം വരില്യാ. ഒറ്റയ്ക്കാണെങ്കിലെ ഭൂതം വരള്ളോ.

അയ്ശരി.. ഭൂതത്തിനെ കണ്ട ആരെങ്കിലും ഉണ്ടൊ ഇപ്പോ നിങ്ങടെ നാട്ടില്?

പണ്ടൊള്ളൊരൊക്കെ കണ്ടണ്ട്ന്ന് അമ്മാമ്മ പറഞ്ഞണ്ട്.

അപ്പോ എന്താ ഇപ്പോ ഇള്ളോര് കാണാത്തെ?

അത് .. പിന്നെ..

ഓക്കെ. പൊന്നൂസ് ഉത്തരം ആലോചിക്ക്

കുഞ്ഞിക്ക് എന്താണഭിപ്രായം? മരീചിക തോന്നലാണോ?

അതേയതേ. പണ്ട് പണ്ട് പാണ്ഡവര്‍ക്ക് മായന്‍ ഇണ്ടാക്കി കൊടുത്ത കൊട്ടാരത്തില്‍ ഇങ്ങനെ വെള്ളാന്ന് കരുതി കൌരവര്‍ മുണ്ടുപൊക്കി നടന്നൂന്നും പിന്നെ ശരിയ്ക്കുള്ള വെള്ളം കണ്ട് അതു തറയാന്ന് കരുതി നടന്ന് അതില്‍ വീണൂന്നും അപ്പോ ഭീമന്‍ കളിയാക്കി ചിരിച്ചെന്നും അമര്‍ചിത്രകഥേല് വായിച്ചണ്ട്.അങ്ങനെ പരിഹസിച്ചതിന്റെ പകരം വീട്ടീത്‌ണ് ചൂതുകളി.

മായന്റെ കൊട്ടാരത്തിലെ പ്രതിഭാസം മരീചികയായിരുന്നോടാ മോനച്ചാ?

അല്ല. അത് സ്ഫടിക നിര്‍മ്മിതമായ തറകളായിരുന്നു. ആ സ്ഫടിക തറകളില്‍ പ്രകാശം പ്രതിഫലനം ചെയ്താണ് വെള്ളത്തിന്റെ അല്ലെങ്കില്‍ കുളത്തിന്റെ പ്രതീതി ഉണ്ടായത്.

അപ്പോ മോനച്ചന്റെ അഭിപ്രായം എന്താണ്? മരീചിക നമ്മുടെ തോന്നലാണോ?

അല്ല. മരീചിക ഒരു പ്രകാശിക പ്രതിഭാസമാണ്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം പോലെയും, തടസ്സപ്പെട്ട പ്രകാശം ഉണ്ടാക്കുന്ന നിഴലിനെ പോലെയും ഉള്ള യഥാര്‍ത്ഥ പ്രതിഭാസമാണ് മരീചിക.

ഞാന്‍ വിശ്വസിക്കില്ല മോനച്ചന്‍ ചേട്ടാ. എന്നട്ടിപ്പോ നമ്മള് അടുത്ത് വന്ന് നോക്ക്യേപ്പോ കാണാത്തതെന്താ?

അപ്പോ കണ്ണാടിയില്‍ കാണുന്ന രൂപം നമ്മള്‍ മാറുമ്പോള്‍ പിന്നേയും കാണാത്തതെന്താ പൊന്നൂസേ?

അത്.. കണ്ണാടിയില്‍ കാണുന്നത് നമ്മുടെ പ്രതിബിംബം അല്ലേ? ഇമള്ള് മാറിയാ അതും പൂവും.

പൊന്നൂസേ , എല്ലാ പ്രകാശിക പ്രതിഭാസങ്ങളും അവയുടെ പ്രകാശ സ്രോതസ്സ് മാറ്റപ്പെറ്റുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ഇല്ലാതാവുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യും. അപ്പോള്‍ മോനച്ചന്‍ പറയ്. മരീചിക എന്ന പ്രകാശപ്രതിഭാസത്തില്‍ എന്താണ് സംഭവിക്കുന്നത്?

പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction). താഴ്ഭാഗം ചൂടുപിടിച്ചും മേല്‍ഭാഗം താരതമ്യേനെ തണുത്തും കിടക്കുന്ന വായുവില്‍ പ്രകാശത്തിനു സംഭവിക്കുന്ന അപവര്‍ത്തനമാണ് മരീചികയുടെ കാരണം.

പൊന്നൂസിനോര്‍മ്മയുണ്ടോ നമ്മള്‍ അപവര്‍ത്തനം എങ്ങനെയാണ് പഠിച്ചതെന്ന്?

ഉവ്വ്. ഒരു ഇസ്കെയില്‍ വെള്ളത്തില്‍ ഇട്ടാല്‍ അത് ഒടിഞ്ഞത് പോലെ തോന്നും.

അതായത് ഇസ്കെയിലിന്റെ സ്ഥാനം വെള്ളത്തില്‍ കാണുമ്പോള്‍ അല്പം മാറിയതായി നമുക്ക് തോന്നും അല്ലേ?

ഉം.. അതാണ് ഒടിഞ്ഞതായി തോന്നണത്.

അതുപോലെ താപവ്യതിയാനമുള്ള വായുവില്‍ പ്രകാശത്തിന്റെ അപവര്‍ത്തനം മൂലം ഒരു വസ്തുവില്‍ നിന്നും വരുന്ന പ്രകാശ രശ്മികള്‍ അല്‍പ്പം വളഞ്ഞാണ് നമ്മുടെ കണ്ണില്‍ തട്ടുന്നത്. ആ രശ്മികളുടെ നേര്‍‌രേഖയില്‍ നാം നോക്കുമ്പോള്‍ കാണുന്നത് വസ്തുവിനെ അല്ല വസ്തുവിന്റെ അപവര്‍ത്തന പ്രതിബിംബത്തെ ആ‍ണ്. അത്തരത്തില്‍ ഉണ്ടാകുന്ന പ്രതിബിംബങ്ങള്‍ ആണ് നമ്മള്‍ റോട്ടില്‍ കണ്ടത്.

അവിടെ നമ്മള്‍ വെള്ളം പോലെ അല്ലേ കണ്ടത്, വസ്തുക്കള്‍ അല്ലല്ലോ?

വസ്തുകളുടെ അപവര്‍ത്തനം മൂലമുണ്ടായ പ്രതിബിംബം എപ്പോഴും പ്രതിഫലനം മൂലം കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തിന്റെയത്ര വ്യക്തമായിരിക്കണം എന്നില്ല. എന്നാല്‍ ആ പ്രതിബിംബങ്ങള്‍ ആണ് അവിടെ വെള്ളമുണ്ട് എന്ന പ്രതീതി ജനിപ്പിച്ചത്. നമ്മള്‍ റോട്ടില്‍ കണ്ട്ത് ആകാശത്തിന്റെ അവ്യക്തമായ പ്രതിബിംബമായിരുന്നു. മരുഭൂമിയിലിലെ മണ്ണല്‍ പരപ്പിലും പലപ്പോഴും സഞ്ചാരികള്‍ കാണുന്നത് ആകാശത്തിന്റെ പ്രതിഫലനമാണ്, വെള്ളമോ കുളമോ ഒക്കെയായി തെറ്റിദ്ധരിക്കപ്പെടുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവും നിഴലുമൊന്നും മനസ്സിന്റെ തോന്നല്ലല്ലാത്തത് പോലെ മരീചികയും മനസ്സിന്റെ വെറും തോന്നലല്ല. പൊന്നൂസിനു മനസ്സിലായോ?

ഉവ്വാ. ഇനി അമ്മാമ്മ മരുഭൂമിയിലെ ഭൂതത്തിന്റെ കഥ പറയുമ്പോ ഞാനിതൊക്കെ പറഞ്ഞ് കൊടുക്കും.

ഗുഡ് ഗേള്‍. ചോക്കോബാറ് പിടി.

മരീചിക ഒരു പ്രകാശിക മിഥ്യാബോധം (Optical illusion) ആണെന്നും ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അതും തെറ്റാണെന്ന് മനസ്സിലായല്ലോ. വ്യക്തമായും ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഒരു പ്രാകാശ പ്രതിഭാസമാണ് മരീചിക. അത് തോന്നലോ, മിഥ്യാബോധമോ അല്ല.

മരീചിക എന്ന പ്രകാശിക പ്രതിഭാസം അധോവൃത്തി (inferior mirage), ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നത് ഹോംവര്‍ക്കായി ചെയ്യണം. അവയുടെ പടങ്ങളും ശേഖരിക്കണം. പിന്നെ മരീചിക എന്ന ബിംബം മലയാള സാഹിത്യത്തില്‍ എങ്ങനെയാണ് കാണപ്പെടുന്നത് എന്ന് വായിച്ചു മനസ്സിലാക്കണം. ഓക്കെ?

ഓക്കെ.

അപ്പോ അടുത്ത ക്ലാസ്സ് മാരീചനെ കുറിച്ച്. എവിടെ വേണം?

സൂവില്‍ മതി.. സൂവില്‍മതി..

ഒക്കെ അടുത്ത തവണത്തെ യാത്ര കാഴ്ച ബംഗ്ലാവില്‍‌ക്ക്. എല്ലാവരും കൊറച്ചേരം അമ്പസ്താനി കളിക്ക്. ഒരു അഞ്ചരയാവുമ്പോ ഇമ്മക്ക് തിരിച്ചിറങ്ങാം.

*********************************
വായനക്കാരോട് - ഇതു അപ്പര്‍പ്രൈമറി കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. മരീചിക മനസ്സിന്റെ തോന്നല്‍ അല്ല എന്ന് മുതിര്‍ന്ന വായനക്കാര്‍ക്കെല്ലാം അറിയുന്നുണ്ടായിരിക്കും.
വിമര്‍ശനാത്മക ബോധനശാസ്ത്രത്തില്‍ (Critical pedagogy)ഒരു കുട്ടി ശാസ്ത്രം പഠിക്കുന്ന രീതി മനസ്സിലാക്കാനും ഒരുപരിധി വരെ ഈ പോസ്റ്റ് സഹായിക്കും.
പടങ്ങള്‍ വിക്കിയില്‍ നിന്ന്