Wednesday, June 11, 2008

സരോജം ഇന്റര്‍നാഷ്ണല്‍

പെണ്ണമ്മിച്ച്യേയ് അപ്പോ ഇതുംകൂടി പറയ്. ചായക്കടേല് ഒറ്റയ്ക്ക് പോയിന്റാ?

ഉവ്വറീ അതും തിരുവന്തരത്ത് പഠിക്കുമ്പ്‌ഴ്‌ണ്.ഞങ്ങള് താമസ്സിച്ചിരുന്ന വീടിന്റെ അട്‌ത്ത് ഒരു ചായക്കട ഇണ്ടാര്‍ന്നു. സരോജം റ്റീഷാപ്പ്. കൃത്യം പന്ത്രണ്ട് മണ്യാവുമ്പോ അവടെ ബോര്‍ഡു വയ്ക്കും ഊണു തയ്യാര്‍. ഞങ്ങള് പെണ്‍കുട്ട്യോളൊന്നും ആ ഭാഗത്ത്‌ക്ക് നോക്കന്നില്യാ. ചെക്കമാരിരിക്കിണ്ടാവും എപ്പോളും. ഒരൂസം വൈന്നേരം വീട്ടിലാരൂല്യാ. അതിഭയങ്കര ബോറടി. അപ്പോ ഒരു പൂതി.. ഒരു ചായ കൂടിച്ചാലാ?

ഗുഡടീ.. ഇത്രേം ചെക്കന്മാര്ടെ എടേക്കോടെ പോയിറ്റ് പെണ്ണമ്മിച്ചി ചായ കുടിച്ചാ..വിശ്വസിക്കില്യാട്ടാ.

അല്ലറീ നീ കേക്ക്.. ഞാന്‍ രണ്ട് ചാല് ആ ചായക്കടേടെ മുന്ന്യേക്കോടെ നടന്നു നോക്കി. അപ്പോളില്ലേറീ അവടെ ആരൂല്യാ. കാശു വാങ്ങണ ആളും ചായീണ്ടാക്കണ ആളും മാത്രം! ഓട്യാ‍ കേറി. നോക്കുമ്പോണ്ടല്ലോ ഒരു ഭാഗത്ത് ഉള്ളില്‍ക്ക് കേറി ഒരു ബഞ്ച്. അവിടിരുന്നാ പെട്ടെന്നാരും കാണില്യാ. അവിടെ കേറിരുന്ന് ഒരു ചായക്യാ പറഞ്ഞു. രണ്ടാള്‍ക്കും ഒരവിശ്വാസം! ചായടിക്കണാളു ചോദിക്യാ കടുപ്പള്ളതാണോ കടുപ്പം കുറഞ്ഞതാണോന്ന്.. കൊറയ്ക്ക്കാന്‍ പറ്റോ കടുപ്പം കൂടീതന്നെ പോരട്ടെന്ന് ഞാനും.

അന്നാണ് ആദ്യായിറ്റിട്ട് സമോവറ് കാണണെ.പിന്നെ ക്രിസ്മസ്സ് അപ്പൂപ്പന്റെ നീണ്ട താണ്ടിപോലുള്ള ചായ അരിപ്പീം. അതിലിങ്ങനെ ചായപ്പൊടി ഇട്ട് വച്ചേക്കണ്. ഒരു കൈപ്പാട്ടേലു ചായ ആറ്റണ കാണാനൊക്കെ ബഹുരസ്ണ്.

ദേ പിന്നീം.. അറയ്ക്കില്ലേ പെണ്ണമ്മിച്ചിയ്ക്ക് വൃത്തീല്യാത്ത കൈപ്പാട്ടേലു ഒക്കെ ചായക്കുടിക്കാന്‍..

ഇതിനീണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയണെ. സത്യ്യം പറ നിനക്ക് ആ ശെല്‍‌വന്റെ ഉന്തുവണ്ടീല്‍ത്തേ ഗ്രീന്‍പീസും മൊട്ടകൊത്തിപൊരിം അവടന്ന് കഴിക്കാന്‍ തോന്നീട്ടില്ലേ?

തോന്നിയാലും പറ്റില്ലല്ലോ. മിഡില്‍ക്ലാസ്സ് ഈഗോ..

കുഞ്ഞുമോനില്ലാത്ത എന്തൂട്ടീഗോണു നിനക്കു? കുഞ്ഞുമോന്‍ കൊണ്ടരണ ബൊട്ടീം കൊള്ളീം വരെ നീ മണുമണുന്നന്നെ അടിക്കൂലോ..

അത്..

അതന്ന്യണ്.. ഇമ്മള് അതൊന്നും ചെയ്തൂടാ എന്നൊരു തോന്നല്‍ ഇമ്മള്‍ക്കെന്നെ ഉണ്ട്. നിന്റെ വല്യമ്മിച്ചീ‍ലെ പുറത്ത് പോയാ ദാഹിച്ച് ചത്താലും പച്ച വെള്ളാ വാങ്ങി കുടിക്കില്യാ. എത്ര കരഞ്ഞാലും വാങ്ങി തരൂല്യാ. അമ്മീല്യാത്ത പെണ്‍കുട്ടോള് അച്ചടക്കത്തില് വളരണത്രേ. ഒരു ഗ്ലാസ്സ് സോഡസര്‍വ്വത്ത് വാങ്ങി കുടീച്ചാ മാനാ ഇടിഞ്ഞ് വീഴൂ‍ലോ.

അതുവിട് എന്നട്ട് സരോജത്തിലെന്തിണ്ടായി?

എന്തുണ്ടാവാന്‍! നല്ല കടുപ്പുള്ള ചായവന്നു. ഒറ്റവലി. ഹൌ കഷായത്തിനു പോലും ഇത്രേം കയ്പ്പുണ്ടാവില്യാ! ചായക്കടക്കാരന്റെ മൊകത്തൊരു ചിരി.ചായേരെ കാശ് കൊടുക്കാന്‍ നില്‍ക്കുമ്പോ കൂടെ പഠിക്കണ ആണ്‍കുട്ടോള് അവടെ. പിന്നെ കള്യാക്കല്.. വാശി.. വാശിപ്പുറത്ത് വീട്ടിലുള്ള എല്ലാവരേം കൂ‍ട്ടി ദിവസോം ചായക്കടേല് പോക്ക്.. അങ്ങനെ സരോജം റ്റീഷാപ്പിനു സരോജം ഇന്റര്‍നാഷ്ണല്‍ എന്ന പേരിടല്..അതൊക്കെ ഒരു കാലം!

4 comments:

Siju | സിജു said...

ആദ്യത്തെ പ്രാവശ്യമായതു കൊണ്ടല്ലേ കയ്പ്പ്.. പിന്നെ അഡിക്റ്റായിക്കോളും :-)

വല്യമ്മായി said...

ഇങ്ങനൊരീസം കോളേജ് കാന്റീനിലൊന്ന് കേറ്‌യേന്ണ് ഞാനീ ജീവിതം മുഴോന്‍ അനുഭവിക്ക്ണ്.

മോളമ്മ said...

സിജു -സത്യാണ്. പിന്നെ ചായക്കട ചായ ഒരിഷ്ടം തന്ന്യാര്‍ന്നു.

വല്യമ്മായപ്പോ ഒരു കുഞ്ഞു വിപ്ലവക്കാരി ആര്‍ന്നൂലേ. തൃശ്ശൂക്കാര്യോള്ളൊന്നും അത്ര പാവലാ‍ാ.. :)

പിരിക്കുട്ടി said...

aha


angane okkeya appol karyangalu.....