
ഉവ്വുവ്വ്. വെല്ലപ്പ്‌ഴും വരണോര്‍ക്കൊക്കെ ശേലന്നെ. മിറ്റടിച്ചൂട്ടി കളായാന്‍ ഞാന്‍ പെടണപാട് ആര്‍ക്കും മന്‍സ്സിലാവില്യാ. ഇരുമ്പന്‍പുളി ഇണ്ടാവ്ണ കാലത്ത് അത് വീണ് മിറ്റം മുഴുവന്‍ അളിപിള്യാവും. അല്ലാത്തേപ്പ്യാണെങ്കെ അയിന്റെ എല. അടിച്ചാലും അടിച്ചാലും തീരില്യാ. എന്നാ ഈ സാനം കൊണ്ട് വല്ല ഉപകാരണ്ടാ? അതൂല്യാ വെല്ലപ്പോഴും കായല്‍ മീന്‍ കിട്ട്യാ അതിലിടാന്‍ കുഞ്ഞീത് ഒരു പത്തെണ്ണം മതി. അയിന്നിണിതിനെ എല്ലാക്കാലോം സഹിക്കണേന്നാലോയ്ക്കുമ്പോ വെട്ട്യാക്കളയാന്‍ തോന്നും.
ഇതെന്തൂട്ടണീപ്പെണ്ണ് അച്ചങ്കുഞ്ഞ് പറയണോണം പറയ്ണേ? ഞങ്ങടോടെ നെറച്ചും പൂത്ത്‌നിന്ന ഇരുമ്പന്‍പുളീണ്. ഒരൂസം നോക്കുമ്പോ അയിന്റെ നെറ്യാ വെട്ട്യേക്ക്‌ണു ആ മന്‍ഷ്യന്‍. കൃഷിക്കാരനാണു പോലും കൃഷിക്കാരന്‍!
അയിനെങ്ങീന് അച്ചങ്കുഞ്ഞത് വെട്ടാണ്ടിരിക്ക്യാ. വേനലില്‍ ഒരു ചെറുകാറ്റങ്ങാനും വന്നാ മതി. പ്‌ടും.. ദേ കെടക്കണു ഒരു പുളിവാറലും കൊറേ എലേം. അടുത്ത സീന്‍ പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. അടുത്ത കാറ്റ്.. പ്‌ടും.. അടുത്ത എലകള്‍.. പിന്നീം പഴേ സീന്‍..പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. ഞങ്ങള് തോറ്റെന്റെ തെയ്യാമ്മിച്ച്യേയ്.
മതീരീ മതീരീ.. മൂത്തോര് വര്‍ത്താനം പറയണോട്‌ത്ത് നിനക്കെന്തൂട്ടാ കാര്യം? മിണ്ടാണ്ടിരിക്കറ്‌വടെ.
ഇവര്യോക്കെ കുശുമ്പ് കാരണം ഇപ്പോ പത്തെണ്ണം തെകച്ചിണ്ടാവാറില്യറീ.
എന്തൂട്ട്‌ണ്‌ണധികമെന്റെ ചേച്ച്യേ. പത്തെണ്ണം പോരെ മീനിലിടാന്‍. ഇവിട്യാണെങ്കെ കടല്‍മീനിലൊന്നും ഇടണത് ആ മനുഷ്യനിഷ്ടല്ല. വല്ലപ്പ്‌ഴും ഇട്ട്‌പോയാ.. പിന്നെ ഞാന്‍ തന്നെ കൂട്ട്യാ തീര്‍ക്കണം.
നീയെന്തൂട്ടണ്ടീ പറയണെ തെയ്യാമ്മേ?! ഇരുമ്പന്‍പുളി കായല്‍ മീനിലു മാത്രേ ഇടള്ളൊന്നാ? പിന്നൊന്നും അതോണ്ട് ചെയ്യീല്ലാന്നാ?
വേറെന്തൂട്ടാ ചിയ്യാ? അപൂര്‍വ്വായിറ്റ് പരിപ്പും ഇരുമ്പന്‍പുളീം വയ്ക്കും. പരിപ്പ് ഇമ്മക്ക് പറ്റില്ലെയ്ന്റെ പൊന്നേ. ഗ്യാസ്‌ണ്.. ഗ്യാസ്..
ട്യേ കുഞ്ഞോളേ.. നീയാ മൊറടെത്ത് അയിലെ പഴുത്ത പുള്യോക്കെ മണ്ണ് പറ്റാണ്ടിങ്കട് പൊട്ടിക്കറീ ക്ടാവേ. ഇവള്‍ക്കിതോണ്ട് എന്തൂട്ടൊക്കെ ഇണ്ടാക്കാന്‍ പറ്റൂന്ന് കാണിച്ചോടക്കട്ടെ.
ഇതെന്തൂട്ടാണ് പഴുത്തപുള്യോണ്ട് ചെയ്യാന്‍ പോണെ? പഴുത്ത പുള്യോണ്ട് എനിക്കാകിള്ള ഗുണം ഇരുമ്പു കറകള് കളയാന്ണ്.
അത് ഇരുമ്പന്‍ പുളീല് ഓക്സാലിക് ആസിഡ് ഇള്ള കാരണാണ് തെയ്യാമ്മിച്ച്യേ. ഓക്സാലിക്കാസിഡ് ഇരുമ്പിനെ ഓക്സീകരിക്കും. അങ്ങനീന് കറ പോണെ.
പഴുത്ത പുള്യോണ്ടള്ളത് അവള് പൊട്ടിച്ച് കൊണ്ടന്നട്ട് നോക്കാം. ആദ്യം പച്ചപുള്യോണ്ട്ള്ളത്. നീയ് ഇരുമ്പന്‍പുളിയച്ചാരം എന്താ ഇണ്ടാക്കാത്തേരീ?
ഓ.. അത് പെട്ടെന്ന് അങ്ങട് അളിപിള്യായാവും. ഒന്നു രണ്ടൂസത്തക്ക് വേണ്ടി ഇതൊക്കെ ഇത്ര പണിപ്പെട്ട് ഇണ്ടാക്കാന്‍ ആരെക്കൊണ്ടാവാന്ന്ന്?
ആ അത് നിനക്ക് ഇണ്ടാക്കാന്‍ അറിയാണ്ട്ണ്. ആദ്യം നീ പുളിപൊട്ടിക്ക്. ഏറ്റോം ചെറ്ത് നോക്കി ഒരു പത്തമ്പതെണ്ണാ ഇങ്ങട് പൊട്ടിച്ചോ. ഞാന്‍ ഇടാക്ക്യരാം. എത്രനാള്‍ വേണങ്കെ ഇരിക്കും ഒരു അളിപിളീം ആവാണ്ട്.
ഇത്രമത്യാ?
ആ മതി. എന്നട്ടത് കഴുകി പഴുന്തുണ്യോണ്ടൊന്ന് വെള്ളൊപ്പി എടുത്ത് മൊറത്തില്‍ കടലാസിട്ട് നെരത്ത്. എന്നട്ട് പത്ത് മിന്‍റ്റാ വെയല്‌ത്തിക്ക്യാ വെക്ക്. അവിടിരിക്കട്ടെ.
കുഞ്ഞോള്‍ടെ പൊട്ടിക്കല് കഴിഞ്ഞോറീ?
കൊറേയൊക്കെ പൊട്ടിച്ചു. ഇദ് മതി.
ആ എന്ന മതി. അവസാനം വീഞ്ഞുണ്ടാക്കുമ്പോ മോന്താനത്രയ്ക്കെന്യേ കിട്ടള്ളോട്ടാ.
ഇരുമ്പന്‍പുള്യോണ്ട് വീഞ്ഞാ. ഇതുനല്ല കൂത്തന്നെ.
നീയിങ്ങട് കൊണ്ടാടീ. ഞാന്‍ കാണിച്ചെരാം.
ആദ്യം ഒരു പഴുന്തുണീ ഇടുത്ത് ഇതൊക്യാങ്ങട് തൊടച്ചേന്‍.
അയ്യേ അപ്പോ കഴുകണ്ടേ?
വീഞ്ഞിണ്ടാക്കാന്‍ കഴുകൊന്നും വേണ്ടാ. ചെറ്യേ ചെറ്യേ അണുക്കളൊക്കെ അല്ലേ മുന്തിരീനെ വീഞ്ഞാക്കണത്?
നീയൊരു വല്യേ ഭരണീങ്ങ്‌ട് എടുത്തോറീ തെയ്യാമേ. ആ പഞ്ചാര ഭരണീം ഇങ്ങടെടുത്തോ. ഇണ്ടെങ്കെ രണ്ട് കഷ്ണം പട്ടെം ഗ്രാബും കൂടി എട്ക്ക്.
അപ്പോ ഈസ്റ്റ് വേണ്ടെ?
ആ ഇണ്ടെങ്ക് എടുത്തോ. അങ്ങ്‌ന്യാച്ചാ ചെറ്യ ഭരണീക്കൂടീട്ക്ക്
ആദ്യം ഈ ചെറ്യേ ഭരണീല് ഒരു നിര പുളീടറി കുഞ്ഞോളെ. എന്നട്ട് ഒരു നിര പഞ്ചാര. പകുതി നെറയുമ്പോ രണ്ട് ഗ്രാംബൂം ഒരു കുഞ്ഞേ കഷ്ണം പട്ട്‌മ് ഇട്ട്‌ട്ട് ബാക്കി നെറച്ച് മാറ്റിവച്ചോ.
ഈസ്റ്റ് ഒരു ടീസ്പൂണ്ള്ളൊ. അതു മത്യാ?
ആ മതീരീ. ദേ കുഞ്ഞോള് അട്‌ക്യപ്പോലെ ഈ വല്യേ ഭരണി നീയും അട്‌ക്കിക്കോ. പകുത്യാവുമ്പോ പട്ടേരീം ഗ്രാംബൂന്റേം ഒപ്പം ആ ഈസ്റ്റും ഇട്ടോട്ത്തോ. ഞാനാ ഒണക്കാന്‍ വച്ചതെട്‌ത്തോണ്ടരട്ടേ.
രണ്ട് ഭരണീം ഒരു തുണീട്ട് മൂടി നല്ലോണങ്ങട് കെട്ട്യാ വയ്ക്ക്. എന്നട്ടാ പാത്യേമ്പോറത്തിന്റെ അടീല്‍ക്യാ വച്ചോ. അവ്ടീരിക്കട്ടെ. ഇനി അയിനെ കുറിച്ചോര്‍ക്കേ വേണ്ടാ. ഞാന്‍ രണ്ടാഴ്ച കഴിഞ്ഞ് വര്‌മ്പോ ബാക്കി നോക്കാം.
ഈ കുഞ്ഞേ പുളി നീ എണ്ണേലങ്കട് വാട്ടീട്ത്തേന്‍. എന്നട്ട് നാരങ്ങച്ചാരം ഇടണപോലെ അങ്ങട് അച്ചാരട്.നല്ലോണം എണ്ണൊഴിച്ച് വച്ചാ കൊല്ലങ്ങളോളം ഒരു കേടൂണ്ടാവില്യാ.
ട്യേ കുഞ്ഞോളെ ഈ പുളീനെ ഇരുമ്പന്‍പുളീന്ന് വിളിക്കാന്‍ എന്തൂട്ട്‌ണ് കാരണം?
അതിലിരുമ്പ് ഇള്ളോണ്ട്.
ബുദ്ധീലെങ്കിലും ബോധണ്ട്‌ട്ടാ ഇവള്‍ക്ക്.തെയ്യാമേ നൂറുഗ്രാം ഇരുമ്പന്‍ പുളീല് ഒരു മില്ലിഗ്രാം ഇരുമ്പ്‌ണ്.
ഓ അത്ര്യക്കൊള്ളോ?
അത്ര്യക്കൊള്ളോന്നാ.. മുന്തിരീള്ളത് അരമില്ലീഗ്രാമിനേക്കാളും താഴീന്. മുന്തിരീല്‌ള്ള ചെല വിറ്റാമിനോളും ചെറ്യേ അളവില്‍ ഇയിലിണ്ട്. വൈനിണ്ടാക്കാനും പറ്റും. പേരക്കേനെ പാവങ്ങള്‍ടെ ആപ്പിള്‍ന്ന് വിളിക്കണപോലെ ശരിയ്ക്കും ഇരുമ്പന്‍പുളീനെ പാവങ്ങള്‍ടെ മുന്തിരീന്ന് വിളിക്കണ്ടത്‌ണ്.
ഒറിജിനലി ഇരുമ്പന്‍ പുളി ഇന്ത്യോനേഷ്യക്കാരനാണ്.Averrhoa bilimbi എന്ന്‌ണ് ഇയിന്റെ ശാസ്ത്ര നാമം.
അങ്..ആ..വെറ്‌ത്യല്ലാ തെക്കന്മാര് ഇലുമ്പി പുളി എന്ന് പറയണത്‌ല്ലേ.
*************(രണ്ടാഴ്ച കഴിഞ്ഞൊരൂസം)
ആ പാത്യമ്പൊറത്തിന്റടീന്ന് ആ വല്യേ ഭരണീടത്തട്ട് ഒന്ന് കുലുക്കി വയ്ക്കറീ തെയ്യാമേ. ഇനി ഒരു പത്ത് മുപ്പതൂസം കഴിഞ്ഞ് പിഴിഞ്ഞ് അരിച്ചെടുത്താ വൈനായി.
ചെറ്യേ ഭരണി തൊറക്കട്ടെ പെണ്ണമ്മിച്ച്യേ.
സൂക്ഷിച്ച് തൊറക്ക്‌റീ.
ആയ് എന്തു രുച്യാ ഈ ഇരുമ്പന്‍പുളിയ്ക്ക്. നല്ല മദരം.
നിക്കറീ ക്ടാവേ അതു മുഴുവന്‍ തിന്നിണ്ടാക്കല്ലേ. അതോണ്ട് വേറെ ഒരു സാനം ഇണ്ടാക്കാന്. ഇയിന്റെ ചാറ് കുടിച്ചോക്ക്യേരീ തെയ്യാമ്മേ.
ആ കൊള്ളാട്ട ചേച്ച്യേ. ആള്‍ക്കാര്‍ക്ക് രസ്‌നയ്ക്ക് പകരം കൊട്‌ക്കാം.
ഇത് മെയിനായിറ്റ് ഉപയോഗിക്യാ പീനെ കൊളാഡേല് കൈതചക്ക ജ്യൂസിനു പകരം ഒഴിക്കാന്ണ്റീ തെയ്യാമ്മേ.
നീയ് കൊറച്ച് പഞ്ചാര കരിച്ചട്ട് ആ മദരള്ള പുളി അതിലിട്ടാ വെയ്ക്ക്. പിന്നെ സൈകര്യം പോലെ എട്ത്ത് ഫ്രൂട്ട്‌സലാഡിലാ കേക്കിലാ ഒക്കീടാം. ഇനിമേലാല് ഒരൊറ്റ പുളി വെറ്‌തെ പഴുപ്പിച്ച് കളയരുത്‌ട്ട്രീ. പച്ചയാണെങ്കിലും കൊഴപ്പല്യാ. ഒരൂസം മുഴ്‌വന്‍ വെള്ളത്തിലീട്ട് വച്ചട്ട് പിന്നീണ്ടാക്യാ മതി.
ഇത്രോക്കെ മെനക്കെടാന്‍ ആര്‍ക്ക്‌ണ് നേരം. ഞാനൊരു കാര്യാ ചെയ്യാം. കുഞ്ഞോനീവഴി വരുമ്പോ അവന്റേല് പൊട്ടിച്ച് കൊടത്തയ്ക്കാം. ചേച്ച്യത് സൌകര്യമ്പോലെ വീഞ്ഞാ, മദരപുള്യാ, അച്ചാരാ എന്തൂട്ടാന്ന്‌ച്ചാ ഇണ്ടാക്കീറ്റ് എനിക്കിങ്ങ്‌ട് കൊടത്തയച്ചാ മതി.
അയ്യറീ മനമേ.. എണീക്കറീ ക്ടാവേ ഇമ്മക്ക് പൂവാ. ആ മദരപുള്യൊക്കെ ഇങ്ങ്‌ട് എട്ത്തോ. ഇമ്മടോടെ ചെന്നട്ടിണ്ടാക്കം. ഇവളൊന്നും ഒരു നടയ്ക്ക് പോണതല്ല.
**************
വായനക്കാര്‍ക്ക് ചില മുന്നറിയിപ്പുകള്‍ - ഇരുമ്പന്‍ പുളിയില്‍ ഓക്സാലിക്കാസ്ഡ് ഉള്ളത് കൊണ്ട്,ഓക്സലേറ്റ് മൂലമുണ്ടാകുന്ന മൂത്രാശയ കല്ല് എന്ന അസുഖം വരാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് കാണുക. ഇരുമ്പന്‍ പുളിയില്‍ 6% ഓക്സാലിക് ആസിഡ് ഉണ്ട്. ഓക്സാലിക് ആസിഡ് ഉള്ള മറ്റ് പച്ചക്കറികളും പഴവര്‍ഗങ്ങളും ഈ സൈറ്റില്‍ കാണാം ഏതു തിന്നണം എന്നൊക്കെ സ്വയം തീരുമാനിക്കുക.
14 comments:
എന്റെ ദൈവം കര്‍ത്താവേ! ഇതോണ്ട് കള്ള് കുടിക്കാനും പറ്റോ? പശൂനെ കെട്ടാന്‍ വേണ്ടി മാത്രണ് ഞങ്ങറോടെ ഈ മരം നിര്‍ത്ത്യേക്കണേ. പുളി ഇട്ക്കണത് പശൂന് വെള്ളം കൊട്ക്കണ ചെമ്പ് മോറാനും. ഇഞ്ഞിപ്പ ഞാന്‍ കാണിച്ച് തരാട്യെ.. :)
പണ്ടിത് ഇഷ്ടം പോലെ തിന്നിട്ടുണ്ട്..പല്ല് പുളിക്കുംന്ന് മാത്രം..
അടുത്തത് അരിനെല്ലിക്കയെക്കുറിച്ചായിക്കോട്ടെ...
ഹ ഹ ഹ എന്റെ വീട്ടിലും ഉണ്ട് ഈ സാധനം.മീങ്കറി വെക്കാനും അച്ചാറിടാനും മാത്രേ ഞാന്‍ ഇതു ഉപയോഗിക്കൂ...നല്ല രസകരമായ പോസ്റ്റ്
പിഞ്ചിലേ പറിച്ച് തിന്നുമ്മിച്ച് വയറുനെറേ വെള്ളോ കുടിച്ചൂട്ണം എന്തർ രസാ പെണ്ണമച്ച്യേ :)
ഒല്ലൂരെ കാട്ടൂക്കാരമാര്‍ടെ വീട്ടിലാഇര്ന്ന് ഒരു ശാസ്ത്ര-പാചകക്ലാസ്
അറ്റ്ന്‍ഡ് ചെയ്തമാതിര്യായി..എന്താരസം!
ഇതിനു ചിലുമ്പി എന്നാ എന്റെ നാട്ടില്...
പിന്നെ ഓക്സാലിക്കാസിഡ് ഇരുമ്പിനെ ന്യൂട്രലൈസ് ചെയ്യും എന്നു പറയുന്നത് തീര്‍ത്തും ശരിയല്ല കേട്ടോ. തുരുമ്പ് എന്നാല്‍ Iron oxide(Fe2O3). Oxalic acid തുരുമ്പുമായി പ്രതിപ്രവര്‍ത്തിച്ച് Iron oxalate ഉണ്ടാക്കുമ്. ഈ Iron oxalate വെള്ളത്തില്‍ ലയിക്കും. അങ്ങനെയാണ് കറ പോകുന്നത്.
(ഓക്സലേറ്റ് ഉള്ളതിനാല്‍ അധികം കഴിച്ചാല്‍ ചിലപ്പോള്‍ മൂത്രാശയക്കല്ല്
വരാം. ശരിയല്ലേ ദേവേട്ടാ, സൂരജേ...)
ഹായ്, കോയക്കപ്പുളി! വായില്‍ കപ്പലോടിക്കാനുള്ള വെള്ളമായി; മനുഷ്യനെ വെറുതെ കൊതിപ്പിക്കാന്‍ ഓരോന്ന് പോസ്റ്റിക്കോളും... :)
മോളമ്മേ,
പോസ്റ്റ് നന്നായി. അതിനെക്കാള്‍ തലക്കെട്ട് ഇഷ്ടമായി.
റോബീ,
ആ ചോദ്യത്തിനു മറുപടി ഇത്തിരി നീളുമെന്ന് തോന്നിയതുകൊണ്ട് കമന്റ് ഒരു പോസ്റ്റാക്കി ദാ ഇവിടെ കൊണ്ടിട്ടു.
http://vidyaa.blogspot.com/2008/07/blog-post_14.html
ഒറ്റശ്വാസത്തില്‍ സൂരജിനെയും എന്നെയും വിളിച്ചാല്‍ അശ്വിനീദേവകള്‍ കോപിക്കുമേ :)
:) എനിക്കു വല്യ ഇഷ്ടാ.
വായിൽ വെള്ളം വരണൂ പെണ്ണമ്മച്ചീയേ!
പിന്നേ ആ വൈരം പുളി കൊണ്ട് ഇമ്മാതിരി ഉണ്ടാക്കാൻ പറ്റണ സാധനങ്ങളു കൂടി ഒന്നു എഴുതുവോ ?
പെണ്ണമ്മച്ചീ, ഈ പുളിയുടെ കാര്യം പറഞ്ഞാൽ മുഖത്ത് “ഭീഭത്സം“ പോലൊരു രസം വരും.
സംഗതി ആ രസത്തിന്റെ രസം വേറെയാണെങ്കിലും ഈ പുളി തിന്നാൽ (തിന്നണമെന്നില്ല്യ , തിന്നുന്ന കാര്യം ആലൊചിച്ചാൽ തന്നെ മതി) ഏകദേശം ഇതുപോലെതന്നെയാവും രസം. കാണ്ണൊ?
ഇതു പോലിരിക്കും
രസത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ, തക്കാളികൊണ്ട് രസമുണ്ടാക്കാം, പുളീ കൊണ്ട് രസമുണ്ടാക്കാം, അപ്പൊ പിന്നെ എന്തുകൊണ്ട് ഈ പുളികൊണ്ട് രസമുണ്ടാക്കിക്കൂട? നല്ല രസമായിരിക്കും. പരൂഷിച്ചാലോ?
ഡേവ്രാഗ് മച്ഛാന്റെ പോസ്റ്റും ഖൽഖൻ.
നല്ല ലേഖനം. വീഞ്ഞ് കുടിച്ചില്ലെലും കേള്‍ക്കാന്‍ രസമുണ്ട്. ഇരുമ്പന്‍പുളി നെടുകെ നീളത്തില് മുറിച്ചു അച്ചാര്‍ പൊടി ഒക്കെ നന്നായി ചേര്‍ത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നേരക്കെ വിരിച്ചു നല്ല വെയിലത്ത് വച്ചു നന്നായി ഉണക്കി കുപ്പിയില്‍ അടച്ചു വച്ചാല്‍ അടിപൊളി.
ദേവേട്ടെന്റ്റെ പോസ്റ്റ് വായിച്ചപ്പോള്‍ പക്ഷെ ഒരു ഭയം.("ആനയിലുമ്പി സ്ഥിരം സലാഡില്‍ പ്രത്യക്ഷപ്പെടാറുള്ള ഹവായി ദ്വീപുകളില്‍ വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്." പക്ഷെ നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു പറച്ചില്‍ ഒന്നും കേട്ടിട്ടില്ല അല്ലെ? ഹവായി ദ്വീപുകളില്‍ ഉള്ളത് നമ്മുടെ നാട്ടിലെ തരം തന്നെ ആണോ?)
ബിക്കു - പണ്ടൊക്കെ വെണ്ണൂറിട്ട് പാത്രം മോറുമ്പോ ഇരുമ്പന്‍ പുളി പഴുത്തത് രണ്ട്മൂന്നെണം ഇട്ക്കാറ്ണ്ട്. ഇപ്പോ ഇമ്മളൊക്കെ വിമ്മിഷ്ടപ്പെടല്ലേ. അപ്പോ പിന്നെ ഇയിന് ആ ഉപയോഗല്യാണ്ടായി.
മൂര്‍ത്തി -വെറ്തെ തിന്നൂന്ന് പറയണ കേക്കൂമ്പഴേ പല്ലു പുളിക്കുണു. അരിനെല്ലിക്കേനെ കുറിച്ചെഴുതാന്നു വച്ചപ്പോ സനാതനന്‍ കുട്ടി പറയുണി ഇതെന്താ പുളിവാരാണോ. അപ്പൊ പിന്ന്യാവാന്നു കരുതി.
കാന്താരികുട്ടി - കുട്ട്യോളെ വല്ലപ്പൊഴും പേടിപ്പിക്കാനും പുളിവാറല് ബെസ്റ്റാ. പക്ഷേ അടിക്കരുത്. വെറുതെ പേടീപ്പിക്യേ ചെയ്യാവൂ.
ഹ ഹ സനനാതനാ - ഇരുമ്പന്‍ പുളിം വെള്ളൂം ബെസ്റ്റായിന്റ്.. ഒരു പപ്പത്തണ്ടും പൊട്ടിച്ച് കൈയില് പിടിച്ചോ. അല്ലെങ്കെ ട്രൌസറിടാന്‍ കൊത്യാവും. :)
ഭൂമിപുത്രി - എന്നുവച്ചാ സീത്യല്ലേ - ഒല്ലൂരെ കാട്ടൂക്കന്മാരോടെ വന്നണ്ടാ?
റോബീ - ആസിഡ് ബേസ് ന്യൂട്രലൈസഷന്‍ എന്നു വായിക്കുംന്നോര്‍ത്തില്ല. ശരിയാണ്, റിഡോക്സ് റിയാക്ഷനാണ്. തിരുത്തിന്റ്.
എന്നാലും റോബീ, ദേവാ ഞങ്ങടെ പാവം ഇരുമ്പന്‍ പുളീനെ ഇങ്ങനെ മോശക്കാരനാക്കേണ്ടിയിരുന്നില്ല. ദേ പ്രിയൊക്കെ പേടിച്ചിരിക്കണ കണ്ടാ. പാപം കിട്ടും നോക്കിക്കോ. സ്പിനാച്ച് അല്ലെങ്കില്‍ പാലകിലുള്ളത്ര ഓക്സലേറ്റേ ഇതിലുമുള്ളൂ. മലയാളികള്‍ ഇത്ര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണെന്ന് അറിഞ്ഞില്ലേ. ഇനി മുതല്‍ മുന്നറിയിപ്പ് കൊടുക്കുന്നതായിരിക്കും. :)
സൂ - ഇനി ഇതൊണ്ട് ജാമുണ്ടാക്കൂ.
ആഷകുട്ട്യേ - നക്ഷത്ര പുളി അഥവാ വൈരം പുളി വച്ച് ഇരുമ്പന്‍ പുളിയൊണ്ട് ചെയ്യണതൊക്കെ ചെയ്യാം. പക്ഷേ കുറച്ച് കൂടുതല്‍ മധുരമുള്ളത് കൊണ്ട് വൈന്‍ ഇണ്ടാക്കാനാണ് ബെസ്റ്റ്. ഒരു യു.എസ്. പേന്റന്റ് വരീണ്ട് ഈ സംഗതിയ്ക്ക് .മുറിച്ചീട്ട് ഇടുന്നതാണ് നല്ലത്. അല്ലങ്കില്‍ കൂടുതല്‍ സമയമെടുക്കും. നന്നായി പഴുത്തത് മീനിലിട്ടാ മീന്‍കൂട്ടാന്‍ മധുരിക്കും. കുഞ്ഞോള് പണ്ട് ഇറ്റലീലാര്‍ന്നപ്പോ പുളികിട്ടാണ്ട് ഇട്ടണ്ട്ന്ന് പറയണു. നല്ല പഴുത്തത് ജാമിണ്ടാക്യാ നല്ലതാണ്. പിന്നെ പേരക്കയോ, സബ്രിജില്ലയോ ചേര്‍ത്ത് ജൂസിണ്ടാക്യാ. കിവിപഴം ചേര്‍ത്തിണ്ടാക്യാ ജൂസിന്റെ പോലിരിക്കും.
ഹ ഹ ഹയ്യോ ബഹുവീഹി , അപ്പോ പുളിക്കുമ്പോ ഇണ്ടാവണ രസാണ്‌ലേ ഭീഭത്സം. യുറേക്കാ.. ഇരുമ്പന്‍ പുളി രസം! മനോരമേലെ തങ്കത്തിനു പാചകകുറിപ്പ് അയച്ചാലോ?
പ്രിയേ - അത്ര പ്രശ്ന്മൊന്നുമില്ല. ദിവസോം മൂന്നു നേരം തിന്നണില്ലല്ലോ. അങ്ങനെ പേടിച്ചാ ഒളിക്കാന്‍ കാട്‌ണ്ടാ?
ഞങ്ങളാട ഒക്കെ ഈന്റെ അച്ചാറിണ്ടാക്കല്ണ്ട്പ്പാ,പാവം കോയക്കപുളീക്ക് വേറെ വേറെ പേരുപറഞ്ഞ് പേടിപ്പിക്കലേന്ന് :)
Post a Comment