Wednesday, November 25, 2009

ലന്തന്‍ബത്തേരിക്കാരുടെ മുടിയിലെ തഴുതാമ

അങ്ങനെ പെണ്ണമ്മിച്ചിയുടെ കൈ ഒടിഞ്ഞു. അല്ലെങ്കിലും കുളിമുറി കഴുകാന്‍ സോപ്പ്പൊടിയിട്ട് ‘ഡാന്‍സ്‘ കളിക്കുന്നത് ആള്‌ടെ സ്ഥിരം പരിപടിയാണ്. അവ്ടെ അടങ്ങീരിക്കട്ടെ ഒരാറാഴ്ച. പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാനാണു ഉണ്ണിമോള്‌ടെ കല്‍പ്പന. ബാക്കീള്ളോര്‍ക്കാണിപ്പോ പണി. ‘കുഞ്ഞോളേ ആ കണ്ണാടിങ്ങട് എട്‌ക്കറീ..‘ ‘ആ നീലച്ചട്ട്യള്ള പുസ്തകെട്‌ക്കറീ..‘ വിളിച്ച് കൂവണ കേട്ടാ തോന്നും കാല്‌ണ് ഒടിഞ്ഞേക്കണേന്ന്‍. സന്ദര്‍ശക പ്രവാഹം കാരണം ചായീണ്ടാക്കി ഫ്ലാസ്കില്‍ നിറയ്ക്കലാണിപ്പോ കുഞ്ഞുമോളുടെ ടൈം പാസ്.

ഞാറാഴ്ച കുഞ്ഞച്ചന്‍ വിസിറ്റ്

ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?

ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണം‌ന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്‌ത്തോ.

ങേ! ഇതെന്തൂട്ട്‌ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്‌പുസ്തകൊക്യായിറ്റ്‌ണ് നോവല് വായന?

ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്‌പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.

അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ

(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)

എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്‌ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്‌ണ്‌ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്‌ണു! പോരേ പൂരം!

ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്‌ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.

ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്‍ക്ക് നീ കൊട്‌ക്കണ പെട്ടി മരു‌ന്നല്ലേരാ?

പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്‌ട് തന്നാല്‌ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്‌രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്‌ണ്. പോരാണ്ട് മൂലക്കുരൂന്നും.

പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്‌ണ്ട്. ലോകത്ത്‌ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.

ആ ദദന്നീന്ന് സാധനം.

അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന്‍ ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളു‌മാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്‌ടെ ബൊക്കെ കാണാന്‍ എന്തു രസാര്‍ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന്‍ പൂക്കള്. പിന്നെ ഒറിജിനല്‍ റോസാപൂക്കള്, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്‍മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്‌ണ്ടാ!

പെണ്ണമ്മിച്ച്യെ വെറ്‌തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്‌പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റാ‍യിക്കൂടേ?

ആണോ കൊച്ചീക്കാരെ?

******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്‌ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്.
******************************

കുറിപ്പ്

(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്‍ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”

(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.

Saturday, November 14, 2009

മിമിക്സും കലാഭവനും പിന്നെ പെണ്ണുങ്ങളും

കല്യാണത്തിന്റെ തിരക്കുകളൊക്കെയായൊരുന്നെങ്കിലും പെണ്ണമ്മിച്ചി ഐഡിയ സ്റ്റാര്‍സിംഗറും പാരിജാതവും ഒറ്റ മുടക്കമില്ലാതെ കാണുമായിരുന്നു. സ്റ്റാര്‍സിംഗറില്‍ നല്ല ഭാഗങ്ങള്‍ വരുമ്പോള്‍ അത് കുഞ്ഞുമോളെ വിളിച്ച് കാണിച്ചില്ലെങ്കില്‍ പെണ്ണമ്മിച്ചിയ്ക്ക് സമാധാനമില്ല. കുഞ്ഞുമോള്‍ക്കാണെങ്കില്‍ ചൂടുള്ള പഴം പുഴുങ്ങിയത് വായിലിട്ട പോലെ വര്‍ത്തമാനം പറയുന്ന രഞ്ജിനി ഹരിദാസിനെ കാണരുത്! മാത്രല്ല മൊബൈല്‍ സൌഹൃദങ്ങള്‍ വിളിക്കുന്ന സമയ്‌ണ്. അപ്പ്‌ഴ്‌ണ് ഒരു സ്റ്റാര്‍ സിംഗറ്!

രണ്ടാഴ്ച മുന്നുള്ള ഒരു സ്റ്റാര്‍സിംഗര്‍ സമയം

കുഞ്ഞോളേ ഓടി വാടി. ദേ നോക്ക്റീ ഒരു പെങ്കുട്ടി തകര്‍ക്കണത്

ഓ പിന്നേ തകര്‍ക്ക്‍ണു. എനിക്കൊന്നും കാണാണ്ടാ

ഇത് പാട്ടല്ലറീ മിമിക്സ്‌ണ്.. നോക്ക് റീ കുഞ്ഞോളേ ..

കുഞ്ഞോള് കണ്ട വീഡിയോ താഴെ
ഓ പിന്നേ ഇതെന്തൂട്ട്‌ണ് ഇത്ര വല്യേ കാര്യം! ഞങ്ങടെ കൂടെ പഠിച്ചിരുന്ന കുമാരി അവടത്തെ എല്ലാ സാറന്മാരേം ഇതിലും ചെത്തായിറ്റ് കാണിക്കും.


നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ വായനക്കാരേ?

അനുകരണം ഒരു കലയാണ് എന്ന് മലയാളിയെ മനസ്സിലാക്കിച്ചത് മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോയാണ്. മിമിക്സ് ഇഷ്ടമില്ലാത്ത മലയാളി എന്തൂട്ട് മലയാളിയാണ്! നസീറും മധുവും മിമിക്സ് സ്റ്റേജുകളില്‍ തകര്‍ക്കുമ്പോള്‍ ഷീലയേയും ശാരദയേയും കൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ? മിമിക്സും കലഭവനും തകര്‍ക്കുന്ന കാലത്ത് ഒരു പെണ്ണ് മിമിക്സില്‍ വരുമെന്നു ഞാന്‍ കരുതിയിട്ടില്ല. ക്ലാസ്‌മുറികളില്‍ സാറന്മാരേയും ജയനേയുമൊക്കെ ചില മിടുക്കി കുട്ടികള്‍ അനുകരിക്കുന്നത് കണ്ടീട്ടുണ്ട്. കുഞ്ഞുമോള് ബിരുദത്തിനു പഠിക്കുമ്പോള്‍ അവളുടെ ക്ലാസില്‍ ഒരു കുമാരിയുണ്ടായിരുന്നു. അവരുടെ എല്ലാ മാഷുമാരേയും സംസാരം സഹിതം അനുകരിച്ചു കാണിക്കും. ആ പെണ്‍‌കുട്ടികളോ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിയ പെണ്‍‌കുട്ടികളോ ഒന്നും തന്നെ പക്ഷേ സ്റ്റേജിലോ ടി.വി ഷോകളിലോ ആരേയും കണ്ടീട്ടില്ല. കഥകളിയിലും ചവിട്ടു നാടകത്തിലും ഒക്കെ സംഭവിച്ചത് തന്നെയാണിത്. പെണ്‍വേഷങ്ങളെല്ലാം ആണുങ്ങള്‍ തന്നെ കെട്ടുക (കെട്ടേണ്ടി വരിക) അല്ലെങ്കില്‍ ഒരു പക്ഷേ അങ്ങിനെ അനുകരിച്ചു കാണിക്കാന്‍ പറ്റിയ പെണ്‍സെലിബ്രിറ്റികള്‍ മലയാളത്തില്‍ അധികം ഉണ്ടായിരുന്നു കാണില്ല. നടികളാകട്ടെ ശബ്ദം ഡബ്ചെയ്തു പോന്നു. സീമയും ശോഭനയും സുഹാസിനിയും ഒരൊറ്റ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ സംസാരിച്ചു. പിന്നെങ്ങനെ അനുകരിക്കും?

അങ്ങിനെ ഇരിക്കെയാണു പ്രസീദയുടെ വരവ്, കാസര്‍കോഡ് കാദര്‍ഭായിയില്‍. പ്രസീദയെ നോക്കിയിട്ട് അച്ചന്‍ ചോദിക്കുന്ന ചോദ്യം “ഇത് പെണ്‍കു‌ട്ടിയല്ലേടോ” എന്നാണ്. ‘മിമിക്രി ചരിത്രത്തില്‍ അതൊരു മഹാസംഭവമായിരിക്കും’ എന്ന് സൈനുദ്ദീനിന്റെ കഥാപാത്രം പറഞ്ഞീട്ടും, മോഹന്‍ലാലിനേയും സുരേഷ്ഗോപിയേയും അഭിനയിച്ചു കാണിക്കുന്ന പ്രസീദയോട് കൊള്ളാം നന്നായിട്ടുണ്ട് പെണ്‍‌കുട്ടികളുടെ ട്രൂപ്പ് തുടങ്ങുമ്പോള്‍ വിളിക്കാം എന്നും പറഞ്ഞയക്കുകയാണ്. ആ പ്രസീദ എവിടെയാണാവോ?

പിന്നീട് തെസ്നീഖാന്‍ വന്നു. ചില ഷോകളില്‍ മുഖം കാണിച്ച് പച്ചപിടിക്കാതെ പോയി. പിന്നെയാണ് സിനിമാല ഫേം സുബിയുടെ വരവ്. സുബി തകര്‍ത്തു. അനുകരണത്തില്‍ സുബിയ്ക്ക് ശരിയ്ക്കും ബ്രേക്ക് ആയത് രഞ്ജിനി ഹരിദാസിനെ അനുകരിച്ചതായിരിക്കണം. അതിന്റെ ക്രെഡിറ്റ് രഞ്ജിനിയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയാം. കാരണം അത്രയും അനന്യമായ ഒരു സംസാര രീതി രഞ്ജിനി ഉണ്ടാക്കിയിരുന്നു. കേരളം മുഴുക്കെ അതിനു ധാരാളം ആരാധകരേയും വിമര്‍ശകരേയും കിട്ടി .
കൈരളിയുടെ നാല് പെണ്ണുങ്ങള്‍ പരിപാടിയില്‍ സുബിയുടെ ജയന്‍ തകര്‍ത്തു. മഞ്ജുപിള്ളയും തെസ്നിഖാനും മോശമില്ലാതെ അനുകരിക്കുന്നുണ്ട്.
ഈക്കാലട്ടത്തില്‍ തന്നെ വന്ന കൊള്ളാവുന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റ് ദേവിചന്ദനയാണ്.

ഇതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇപ്പോള്‍ വിന്ദുജയുടെ പ്രകടനം. ഡബ്ബിംങ്ങിനാല്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ നമ്മുടെ ഷീലയും സീമയുമൊക്കെയാണ് വിന്ദുജയുടെ തൊണ്ടയില്‍ നിന്നിറങ്ങിവരുന്നത്. ശാരദയും കെ.ആര്‍.വിജയയും ശോഭനയും മഞ്ജുവാര്യരും ഭാമയുമൊക്കെ വിന്ദുജമാരുടെ തൊണ്ടയിലും ഭാവങ്ങളിലും വന്നു നിറയുമെന്ന് സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ.

കലാഭവനില്‍ ഇപ്പോള്‍ മിമിക്സ് പഠിക്കാനെങ്കിലും പെണ്ണുങ്ങളുണ്ടോ ആവോ?

Thursday, November 12, 2009

Feminism VS Maleism

സിയാപ്പീരെ കല്യാണ തെരക്കായോണ്ട് ഞങ്ങടെ ബ്ലോഗ് വായന്യോന്നും നടക്കാറില്ല്യാട്ടാ. കൊറേ കാലത്തിനു ശേഷം ദിന്നിപ്പോ മലയാളബ്ലോഗില്‍ കയറി നോക്കുമ്പോള്‍ ദേ കെടക്ക്ണു, തങ്കലിപികളില്‍ സൂക്ഷിക്കേണ്ട ഒരു മൊതില്. വാചകമേളക്കാരു കാണുന്നതിനു മുന്‍പ് ഇമ്മളതങ്ങട് പൊക്കി.

..”റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ(സ്ത്രീകള്‍) മാന്യമായി ചെയ്യുന്നില്ല.“


എന്തൂട്ടാ വാചകം! ഇത്തരം മൊതിലുകള്‍ കാലാകാലങ്ങളില്‍ ഞങ്ങടോടീം ഇണ്ടാവാറ്ണ്ട്. “പെണ്ണങ്ങള്‍ക്ക് തെങ്ങുമേ കേറാന്‍ പറ്റോ“ എന്നുള്ള കുട്ടന്‍ സ്റ്റൈല്‍ തുടങ്ങി “അതൊക്കെ പോട്ടെ..ഒരു കാറ് മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു പെണ്ണിന് പറ്റോ” എന്ന ഉണ്ണിയച്ചന്‍ സ്റ്റൈലും “പെണ്ണങ്ങള്‍ക്ക് ചെലക്കാനല്ലാണ്ട് എന്തൂട്ടറിയാം” എന്ന കുഞ്ഞച്ചന്‍ സ്റ്റൈലും ഒരു പെണ്ണെഴുതണ രാഷ്ട്രീയ വിമര്‍ശനം ആരെങ്കിലും വായിക്ക്യോ” എന്ന അച്ചങ്കുഞ്ഞ് സ്റ്റൈല് വരെ, ഞങ്ങടോടത്തെ ആണ്‍മൂരാച്ചികള്‍ക്ക് ഇല്ലാത്തതൊന്നും ഇല്ല. കാലാകാലങ്ങളില്‍ അവരോരുടെ ഉള്ളിലുള്ള ആണ്‍ മൂരാച്ചിയെ പുറത്തിടുക എന്നത് മന:പൂര്‍വ്വവും അല്ലാതെയും സംഭവിക്കും. അത്തരത്തില്‍ ഒരു മൊതല്, ഭാവിയില്‍ ഒരു മൊതല്‍ക്കൂട്ടാക്കാന്‍.

ബെര്‍ലീന്‍ മതിലും ജര്‍മ്മനിയുമാണല്ലോ കറണ്ട് ഹോട്ട് റ്റോപ്പിക്. രണ്ടൂസായി അതാണ് ഞങ്ങടോടെ തീമേശ വര്‍ത്താനം. അതില്‍ നിന്നൊരു രംഗം.

സഭയെ സഭയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പുനരുദ്ധരിക്കുക എന്ന അജണ്ടയുമായി നടക്കുന്ന പെണ്ണമ്മിച്ചി : അയിന്റെടയ്ക്ക് നിങ്ങളറിഞ്ഞ ക്ടാങ്ങളെ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭേരെ മാര്‍പ്പാപ്പിപ്പോ ഒരു പെണ്ണ്ണ്ണ്. ഇന്നലിമ്മടെ സുറായീരെ റോസിലി പറഞ്ഞപ്പഴാ ഞാനറിയണേ. എന്റെ തമ്പ്രാനെ ഇമ്മടെ പള്ളീരെ അള്‍ത്താരേമേ ഒരു പെണ്ണ് നിന്ന് കുര്‍ബാന ചെല്ലണ കണ്ടട്ട് ചത്താ മത്യാര്‍ന്നു.

പള്ളിയേ ശരണം എന്ന് പറഞ്ഞ് നടക്കുന്ന കുഞ്ഞച്ചന്‍: ഉവ്വാ എന്നട്ട് വേണം എല്ലാ പെണ്ണങ്ങളും കൂടി സഭരേ നാറാണക്കല്ലെളക്കാന്‍. ആണായ ക്രിസ്തൂന്റെ പ്രതിപുരുഷനെങ്ങന്യാ പെണ്ണാവാന്റെ ചേച്ച്യേ?

പെണ്ണമ്മിച്ചി: കുറച്ച് ആലോചിച്ച്. ഈ പ്രതിപുരുഷന്റെ എതിര്‍ലിംഗം എന്തൂട്ടാടീ കുഞ്ഞോളെ? ആ എന്തൂട്ടേങ്കിലാവട്ടെ. ഈ പ്രതിപുരുഷന്‍ എന്നതൊരു പ്രതിനിധി മാത്രല്ലേരാ. അതൊരു സ്ത്രീ, ഒരു പ്രതിസ്ത്രീ ആയാലെന്തൂ‍ട്ടാടാ കുഞ്ഞച്ചാ കൊഴപ്പം?

പള്ളിയെ പൊളിച്ച് കളയണം എന്ന് പറയുന്ന അച്ചങ്കുഞ്ഞ്: ഹെന്റെ പെണ്ണമ്മേ പള്ളി എന്നതേ ഒരു ബൂര്‍ഷ്വാഅധികാരസെറ്റപ്പാണ്. അവടെ കുര്‍ബാന ചെല്ലാന്‌ള്ള സ്വതന്ത്ര്യം കിട്ടീട്ട് സ്ത്രീയ്ക്ക് എന്തൂട്ട് കിട്ടാന്‌ണ്.

എല്ലാം കേട്ട് നില്‍ക്കുന്ന കുഞ്ഞോള്‍ വക: അതായത് അച്ചങ്കുഞ്ഞേ ഇപ്പോഴത്തെ ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഒരു സ്ത്രീ. ജര്‍മ്മനിയിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ ഒന്നിന്റെ നേതാവ് ഒരു സ്ത്രീ. അതും പോരാണ്ട് അവര്‌ടെ വിദേശകാര്യ മന്ത്രി ഒരു ഗേ. അധികാരത്തില്‍ നിന്നു വളരെ വളരെ ദൂരെ നിന്നിരുന്ന ഒരു സമൂഹം അധികാരത്തിലേയ്ക്ക് വരാണല്ലോ.

പെട്ടെന്ന് കുഞ്ഞച്ചന്‍: അ‌ അ അ‌ ആ.. അയ്ശരി അപ്പോ അതാണ് കാര്യം. ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. അങ്ങനെ വരട്ടെ. ഞാനും വിചാരിച്ചു..

കുറിപ്പ്:

ബിഷപ്പ് Margot Kaessmann വിവാഹമോചിതയാണ്.

Tuesday, November 10, 2009

Coffee and Cigarettes (2003)ടാ കുഞ്ഞോനെ ഒരു ചോദ്യം. ഒരു സിനിമ, ഒരു സംവിധായകന്‍, പതിന്നൊന്ന് വ്യത്യസ്ത കുഞ്ഞ്യേകഥകള്‍, കഥ നടക്കണത് കാപ്പികടേല് കാപ്പിമേശയ്ക്ക് ചുറ്റും. എല്ലാവര്‍ക്കും പൊതുവായിട്ടിള്ളത് കാപ്പികുടീം സിഗററ്റ് വലീം വര്‍ത്തോനോം. സിനിമേരെ പേരെന്തൂട്ടാ?

ഈ പെണ്ണമ്മിച്ചീരെ ഒരു കാര്യം! അത് രഞ്ജിത്തിന്റെ പുത്യേ സിനിമ്യല്ലേ കേരള കഫേ. 11 കഥീല്യ, 10 കഥ. പിന്നെ 10 വ്യത്യസ്ത സംവിധായകരും.

അപ്പോ ഇതെന്തൂട്ടാറാ?