Saturday, July 4, 2009

സോദാമികളെ ഇതിലെ.. ഇതിലെ..

എന്റെ ഒടയതബ്രാനേ എന്തൂട്ടക്രമാണീ കേക്കണേ പെണ്ണമ്മേ. ലോകാവസാനായീന്ന് പറയണത് വെറ്‌ത്യല്ലാട്ടാ.

എന്തേ?! എന്തേണ്ടായേ ചേച്ച്യേ?

നീയപ്പോ അറിഞ്ഞില്ലേരീ കുണ്ടമാര്‌ടെ പരിപാട്യോളൊക്കെ കുറ്റല്ലാണ്ടാക്കീത്രേ!

ആ അറിഞ്ഞു. അങ്ങനെ വേണം ജഡ്‌ജിമാരായാ. സര്‍ക്കാര് മനസ്സില് കാണുമ്പോ മാനത്ത് കാണണോരാവണം ജഡ്ജിമാര്. ജഡ്ജികള്‍ ദ ഗ്രേറ്റ്. പത്തെണ്ണൂറ് വര്‍ഷം നിലനിന്ന വൃത്തിക്കെട്ട നെയമാണിലാണ്ടായേ. ഇമ്മക്കാഘോഷിക്കേണ്ടേ ചേച്ച്യേയ് ഇടക്കറി കുഞ്ഞോളെ ഇമ്മടെ ഇരുബന്‍പുളി വൈന്‍.

ഈ പെണ്ണമ്മിച്ചിക്കൊരു നാണോം മാനോല്യാലോ. ഹോമോസെക്ഷ്യുവാലിറ്റി നെയമ വിധേയാക്യേന് ഇവടെ കെടന്ന് കുതരകേറണതെന്തിനാ? എന്റെ സംശയം ആ ജഡ്ജിമാരു കുണ്ടമാരാനാ

ഫ! ശവി! നാണണ്ട്രാ നെനക്ക് അവന്റെ ഒരു കു&**$! എന്റെ നാവേ! ഞാനിന്ന് കുമ്പസാരിച്ചതാട്ടാ. വെറ്‌തെ എന്റെ നാവിന് നീ കടം വരത്തല്ലറാ കന്നാലീ. ആ വിധി നീ വായിച്ചാ? പോട്ടെ ചുരുങ്ങീത് പത്രവാര്‍ത്തോളെങ്കിലും വായിച്ചാ? എവടെ! ആ സെന്ററില് കൊറേണ്ണം ജോലീം കൂലീമില്ലാണ്ട് ഇരുന്ന് പറയണതന്നെ അവന്റെ വേദാന്തം. നീയും നിന്റെ കൂട്ടുക്കാരും ജയിലില്‍ കെടന്ന് ഗോതബുണ്ട തിന്നണ ക്രിമനല്‍ കുറ്റംണ് ഇപ്പോ ക്രിമനല്‍ കുറ്റല്ലാണ്ടാക്കീത്. ഇദ്‌ണ് പറയണേ.. മനുഷ്യനൊരു നല്ല കാര്യം ചെയ്യാന്‍ പൂവരുത്. പോണോരൊക്കെ മോശക്കാരവും.

അയ്യേ ഞാനത്തരക്കാരനൊന്നല്ല. എന്റെ മാതാവേ! ഈ പെണ്ണമ്മിച്ചിയ്ക്കെന്താ പ്രാന്തായാ? ബൈ ദി ബൈ മിസ്സീസ് പെണ്ണമ്മിച്ചി, ജയിലിപ്പോ ഗോതബുണ്ടയല്ല ഗോതബ് ചപ്പത്തിയാന്ന് ‘മായാവി’ പറഞ്ഞണ്ട്.

നീ എത്തരക്കാരനല്ലാന്ന്? ഗേയാ? ആണെങ്കില്‍ തന്നെ അതിലെന്തൂട്ട്‌ണ് അയ്യേ? എടാ. നീ, ഗേയും കുണ്ടനൊന്നവണ്ടാ ആദ്യം പോയി ഐ.പി.സി. 377 എന്തൂട്ടാണെന്നു വായിക്ക്. വായിച്ചോട്ക്രി കുഞ്ഞോളേ?

“377. Unnatural Offences - Whoever voluntarily has carnal intercourse against the order of nature with any man, woman or animal, shall be punished with
imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.
Explanation - Penetration is sufficient to constitute the carnal intercourse necessary to the offence described in this section."

എന്ന്വച്ചാ പ്രകൃതീരെ കല്പനയ്ക്കെതിരായ എന്തു രതിയും കുറ്റാര്‍ന്നു ഇത്രനാളും‌ന്ന്.

എന്ന്വച്ചാ?

എന്ന്വച്ചാ കുട്ടികളീണ്ടാക്കാത്ത എന്തുതരം രതിയും കുറ്റാര്‍ന്നൂന്ന്. അത് ആണും ആണും എന്നില്ല, നീയും നിന്റെ ഭാര്യായിട്ടായാലും അത് കുറ്റാര്‍ന്നു ഇന്നലെ വരെ. 10 കൊല്ലം ഗോതബുണ്ട, സോറി ചപ്പാത്തി തിന്നു കെടക്കാന്‍ വേറെവിടീം പോണ്ടാന്ന്. കേട്ട്റാ കുതരേ. ഇങ്ങനൊരു വിധി ഇപ്പഴെങ്കിലും വന്നേനു ആ ജഡ്ജിമാര്‍ക്ക് പറയണം സ്തുതി. അപ്പഴാണവന്റൊരു വര്‍ത്താനം. അവരു എന്ത്ട്ടാണ് പറഞ്ഞേന്ന് വായിച്ചോടക്കറീ കുഞ്ഞോളേ.

“We declare that Section 377 IPC, insofar it criminalises consensual sexual acts of adults in private, is violative of Articles 21, 14 and 15 of the Constitution. The provisions of Section 377 IPC will continue to govern non-consensual penile non-vaginal sex and penile non-vaginal sex involving minors. By 'adult' we mean everyone who is 18 years of age and above. A person below 18 would be presumed not to be able to consent to a sexual act. This clarification will hold till, of course, Parliament chooses to amend the law to effectuate the recommendation of the Law Commission of India in its 172nd Report which we believe removes a great deal of confusion. Secondly, we clarify that our judgment will not result in the re-opening of criminal cases involving Section 377 IPC that have already attained finality.“

അല്ലാ എനിക്കറിബാടില്ലാത്തൊണ്ട് ചോയ്ക്ക്യാ കല്യാണം കഴിച്ചോര് ചെയ്യാത്ത എന്തൂട്ട് കാര്യങ്ങ്‌ള്ണ് സ്വവര്‍ഗ്ഗരതിക്കാര് ചെയ്യണേ, അവരെ ഇത്ര തൊട്ടൂടാത്തോരാക്കാനായിറ്റ്? നിങ്ങള് പറയ്‌ന്ന്..

(നിശബ്ദത..)
*************************
ഇന്ത്യയെ തിളക്കിയ വിധി

രേഖകള്‍ പ്രകാരം 1290 ഇല്‍ ഇംഗ്ലണ്ടിലാണ് സോദാമി കുറ്റമായി പ്രഖ്യാപിച്ചത്. സോദാമിയുടെ വേരുകള്‍ ബൈബിളിലെ സോദാം നിവാസികളുടെ പ്രകൃതി വിരുദ്ധ(ദൈവനിഷേധ) ലൈഗീകതയ്ക്ക് ദൈവം കൊടുത്ത ശിക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും സോദാമി നിയമത്തിന്റെ കീഴില്‍ കുട്ടികളുടെ ജനനത്തിനു (പ്രകൃതി വിരുദ്ധ എന്ന് പറയപ്പെടുന്ന)വേണ്ടിയല്ലാത്ത എല്ലാത്തരം രതികളും ഉള്‍പ്പെടുന്നു.ഇതു ആണും പെണ്ണും തമ്മിലും ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും നടന്നാലും, പങ്കാളിയുടെ മനസ്സോടെയാണെങ്കിലും ഐ.പി.സി 377 ന്റെ കീഴില്‍ ഇന്ത്യയില്‍ കുറ്റകൃത്യമായിരുന്നു. ഈ സെക്ഷന്‍ മൂലം ഏറ്റവും ക്ലേശമനുഭവിക്കേണ്ടത് സ്വവര്‍ഗ്ഗ രതിക്കാണ്. (ആണും പെണ്ണും തമ്മിലാണെങ്കില്‍ പ്രകൃതി നിശ്ചയിച്ച പ്രകാരമുള്ള രതിയെ നടക്കൂ എന്ന് ഇന്ത്യന്‍ നിയമവും ജനങ്ങളും ധരിച്ചു വശായിരിക്കണം.കുടുംബം എന്ന സുസ്ഥിര വ്യവസ്ഥയുടെ ആനുകൂല്യവും ഇക്കൂട്ടര്‍ക്കുണ്ട്.) അതിനാല്‍ ഈ നിയമം ഭേദഗതി ചെയ്യണം എന്ന ആവശ്യം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് സ്വാഭാവികമായും സ്വവര്‍ഗ്ഗ രതിക്കാരില്‍ (കൃത്യമായി അവര്‍ക്കു വേണ്ടിയുള്ള സംഘടനകളില്‍നിന്നും) നിന്നുമായി. കഴിഞ്ഞ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് ആരോഗ്യമന്ത്രി ആയിരുന്ന അന്‍പുമണി രാമദോസ് ഹോമോസെക്ഷ്വാലിറ്റി ലീഗലൈസ് ചെയ്യുന്നതിനുള്ള യുദ്ധങ്ങള്‍ ആരംഭിച്ചെങ്കിലും അച്ചന്മാരുടേയും, ശാന്തിമാരുടേയും മൌലവിമാരുടേയും പിടിയിലായ ഇന്ത്യയില്‍ ഒരു ചുക്കും നടന്നില്ല. പുതിയ യു.പി.എ ഗവണ്മെന്റ് വന്നപ്പോള്‍ നിയമമന്ത്രി വീരപ്പമൊയ്‌ലി ഐ.പി.സി 377 ഭേദഗതി ചെയ്യുന്നതിനു മുന്നോടിയായി ആഭ്യന്തര മന്ത്രി പി. ചിദംബരവും ആരോഗ്യമന്ത്രി ഗുലാം നബി ആസാദുമായി ചരിത്രപ്രധാനമായേക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടു. സ്വാഭാവികമായും മേലേ പറഞ്ഞ അച്ചന്മാരും, ശാന്തിമാരും, മൌലവിമാരും അലങ്കോലിട്ടു. ആ സന്ദര്‍ഭത്തിലാണ് രണ്ടു ചുണജഡ്ജിമാര്‍ ( HON’BLE CHIEF JUSTICE AJIT PRAKASH SHAH and HON’BLE DR. JUSTICE S.MURALIDHAR, ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ വിധിയില്‍, സ്വകാര്യതയിലെ ഉഭയസമ്മതപ്രകാരമുള്ള രതിയെ കുറ്റകരമാക്കുന്ന ഐ.പി.സി. 377 ഭരണഘടനയുടെ 21, 14, 15 ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്നും പ്രസ്താവിച്ച് സോദാമിയെ അതുവഴി സ്വവര്‍ഗ്ഗ രതിയെ നിയമപരമാക്കുന്നത്. തിളങ്ങുന്ന ഇന്ത്യ! കുതിക്കുന്ന ഇന്ത്യ!