Saturday, November 14, 2009

മിമിക്സും കലാഭവനും പിന്നെ പെണ്ണുങ്ങളും

കല്യാണത്തിന്റെ തിരക്കുകളൊക്കെയായൊരുന്നെങ്കിലും പെണ്ണമ്മിച്ചി ഐഡിയ സ്റ്റാര്‍സിംഗറും പാരിജാതവും ഒറ്റ മുടക്കമില്ലാതെ കാണുമായിരുന്നു. സ്റ്റാര്‍സിംഗറില്‍ നല്ല ഭാഗങ്ങള്‍ വരുമ്പോള്‍ അത് കുഞ്ഞുമോളെ വിളിച്ച് കാണിച്ചില്ലെങ്കില്‍ പെണ്ണമ്മിച്ചിയ്ക്ക് സമാധാനമില്ല. കുഞ്ഞുമോള്‍ക്കാണെങ്കില്‍ ചൂടുള്ള പഴം പുഴുങ്ങിയത് വായിലിട്ട പോലെ വര്‍ത്തമാനം പറയുന്ന രഞ്ജിനി ഹരിദാസിനെ കാണരുത്! മാത്രല്ല മൊബൈല്‍ സൌഹൃദങ്ങള്‍ വിളിക്കുന്ന സമയ്‌ണ്. അപ്പ്‌ഴ്‌ണ് ഒരു സ്റ്റാര്‍ സിംഗറ്!

രണ്ടാഴ്ച മുന്നുള്ള ഒരു സ്റ്റാര്‍സിംഗര്‍ സമയം

കുഞ്ഞോളേ ഓടി വാടി. ദേ നോക്ക്റീ ഒരു പെങ്കുട്ടി തകര്‍ക്കണത്

ഓ പിന്നേ തകര്‍ക്ക്‍ണു. എനിക്കൊന്നും കാണാണ്ടാ

ഇത് പാട്ടല്ലറീ മിമിക്സ്‌ണ്.. നോക്ക് റീ കുഞ്ഞോളേ ..

കുഞ്ഞോള് കണ്ട വീഡിയോ താഴെ
ഓ പിന്നേ ഇതെന്തൂട്ട്‌ണ് ഇത്ര വല്യേ കാര്യം! ഞങ്ങടെ കൂടെ പഠിച്ചിരുന്ന കുമാരി അവടത്തെ എല്ലാ സാറന്മാരേം ഇതിലും ചെത്തായിറ്റ് കാണിക്കും.


നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ വായനക്കാരേ?

അനുകരണം ഒരു കലയാണ് എന്ന് മലയാളിയെ മനസ്സിലാക്കിച്ചത് മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോയാണ്. മിമിക്സ് ഇഷ്ടമില്ലാത്ത മലയാളി എന്തൂട്ട് മലയാളിയാണ്! നസീറും മധുവും മിമിക്സ് സ്റ്റേജുകളില്‍ തകര്‍ക്കുമ്പോള്‍ ഷീലയേയും ശാരദയേയും കൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ? മിമിക്സും കലഭവനും തകര്‍ക്കുന്ന കാലത്ത് ഒരു പെണ്ണ് മിമിക്സില്‍ വരുമെന്നു ഞാന്‍ കരുതിയിട്ടില്ല. ക്ലാസ്‌മുറികളില്‍ സാറന്മാരേയും ജയനേയുമൊക്കെ ചില മിടുക്കി കുട്ടികള്‍ അനുകരിക്കുന്നത് കണ്ടീട്ടുണ്ട്. കുഞ്ഞുമോള് ബിരുദത്തിനു പഠിക്കുമ്പോള്‍ അവളുടെ ക്ലാസില്‍ ഒരു കുമാരിയുണ്ടായിരുന്നു. അവരുടെ എല്ലാ മാഷുമാരേയും സംസാരം സഹിതം അനുകരിച്ചു കാണിക്കും. ആ പെണ്‍‌കുട്ടികളോ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിയ പെണ്‍‌കുട്ടികളോ ഒന്നും തന്നെ പക്ഷേ സ്റ്റേജിലോ ടി.വി ഷോകളിലോ ആരേയും കണ്ടീട്ടില്ല. കഥകളിയിലും ചവിട്ടു നാടകത്തിലും ഒക്കെ സംഭവിച്ചത് തന്നെയാണിത്. പെണ്‍വേഷങ്ങളെല്ലാം ആണുങ്ങള്‍ തന്നെ കെട്ടുക (കെട്ടേണ്ടി വരിക) അല്ലെങ്കില്‍ ഒരു പക്ഷേ അങ്ങിനെ അനുകരിച്ചു കാണിക്കാന്‍ പറ്റിയ പെണ്‍സെലിബ്രിറ്റികള്‍ മലയാളത്തില്‍ അധികം ഉണ്ടായിരുന്നു കാണില്ല. നടികളാകട്ടെ ശബ്ദം ഡബ്ചെയ്തു പോന്നു. സീമയും ശോഭനയും സുഹാസിനിയും ഒരൊറ്റ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ സംസാരിച്ചു. പിന്നെങ്ങനെ അനുകരിക്കും?

അങ്ങിനെ ഇരിക്കെയാണു പ്രസീദയുടെ വരവ്, കാസര്‍കോഡ് കാദര്‍ഭായിയില്‍. പ്രസീദയെ നോക്കിയിട്ട് അച്ചന്‍ ചോദിക്കുന്ന ചോദ്യം “ഇത് പെണ്‍കു‌ട്ടിയല്ലേടോ” എന്നാണ്. ‘മിമിക്രി ചരിത്രത്തില്‍ അതൊരു മഹാസംഭവമായിരിക്കും’ എന്ന് സൈനുദ്ദീനിന്റെ കഥാപാത്രം പറഞ്ഞീട്ടും, മോഹന്‍ലാലിനേയും സുരേഷ്ഗോപിയേയും അഭിനയിച്ചു കാണിക്കുന്ന പ്രസീദയോട് കൊള്ളാം നന്നായിട്ടുണ്ട് പെണ്‍‌കുട്ടികളുടെ ട്രൂപ്പ് തുടങ്ങുമ്പോള്‍ വിളിക്കാം എന്നും പറഞ്ഞയക്കുകയാണ്. ആ പ്രസീദ എവിടെയാണാവോ?

പിന്നീട് തെസ്നീഖാന്‍ വന്നു. ചില ഷോകളില്‍ മുഖം കാണിച്ച് പച്ചപിടിക്കാതെ പോയി. പിന്നെയാണ് സിനിമാല ഫേം സുബിയുടെ വരവ്. സുബി തകര്‍ത്തു. അനുകരണത്തില്‍ സുബിയ്ക്ക് ശരിയ്ക്കും ബ്രേക്ക് ആയത് രഞ്ജിനി ഹരിദാസിനെ അനുകരിച്ചതായിരിക്കണം. അതിന്റെ ക്രെഡിറ്റ് രഞ്ജിനിയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയാം. കാരണം അത്രയും അനന്യമായ ഒരു സംസാര രീതി രഞ്ജിനി ഉണ്ടാക്കിയിരുന്നു. കേരളം മുഴുക്കെ അതിനു ധാരാളം ആരാധകരേയും വിമര്‍ശകരേയും കിട്ടി .
കൈരളിയുടെ നാല് പെണ്ണുങ്ങള്‍ പരിപാടിയില്‍ സുബിയുടെ ജയന്‍ തകര്‍ത്തു. മഞ്ജുപിള്ളയും തെസ്നിഖാനും മോശമില്ലാതെ അനുകരിക്കുന്നുണ്ട്.
ഈക്കാലട്ടത്തില്‍ തന്നെ വന്ന കൊള്ളാവുന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റ് ദേവിചന്ദനയാണ്.

ഇതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇപ്പോള്‍ വിന്ദുജയുടെ പ്രകടനം. ഡബ്ബിംങ്ങിനാല്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ നമ്മുടെ ഷീലയും സീമയുമൊക്കെയാണ് വിന്ദുജയുടെ തൊണ്ടയില്‍ നിന്നിറങ്ങിവരുന്നത്. ശാരദയും കെ.ആര്‍.വിജയയും ശോഭനയും മഞ്ജുവാര്യരും ഭാമയുമൊക്കെ വിന്ദുജമാരുടെ തൊണ്ടയിലും ഭാവങ്ങളിലും വന്നു നിറയുമെന്ന് സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ.

കലാഭവനില്‍ ഇപ്പോള്‍ മിമിക്സ് പഠിക്കാനെങ്കിലും പെണ്ണുങ്ങളുണ്ടോ ആവോ?

7 comments:

പാത്തുമ്മയുടെ നായര്‍ said...

സൂപ്പര്‍. മിമിക്സ് ആണുങ്ങള്‍ക്കും മീന്‍‌മിക്സ് പെണ്ണുങ്ങള്‍ക്കുമുള്ളതാണെന്നുള്ള ധാരണകള്‍ വിന്ദുജകള്‍ തിരുത്തട്ടെ.

പ്രസീദ പിന്നീട് തിരക്കുള്ള സീരിയല്‍ നടിയായില്ലേ. തടിച്ച് ടിവി സ്ക്രീനില്‍ കൊള്ളാതായപ്പോളോ മറ്റോ ഔട്ടാകുകയും ചെയ്തു.

രാജ് said...

സുബി സൂപ്പർ ബോറാണ്. ദേവി ചന്ദന (ബേബിയല്ലല്ലോ?) സീരിയലുകളിൽ വരുന്നതിനു മുമ്പ് തകർപ്പൻ പെർഫോർമൻസായിരുന്നു എന്നാണ് ഓർമ്മ.

കുമാരന്‍ | kumaran said...

:)

cALviN::കാല്‍‌വിന്‍ said...

രഞ്ജിനി ഒക്കെ താരമാവും മുൻപേ സുബി മംഗ്ലീഷ് പറയുന്ന അവതാരകരെ ഇതേ പോലെ അനുകരിച്ചിരുന്നു. അതല്ലാതെ സുബി രഞിനിയെ ഇമിറ്റേറ്റ് ചെയ്തത് പോലെ തോന്നിയില..

ഷീലയെ ഇമിറ്റേറ്റ് ചെയ്തത് നന്നായിട്ടുണ്ട്.

nalan::നളന്‍ said...

മിമിക്രിയെ പൊതുവേ രണ്ടാംകിടയായിട്ടാണു ചിത്രീകരിച്ചുപോന്നിട്ടുള്ളത്, അഭിനയവുമായി താരതമ്യം ചെയ്യുമ്പോള്‍ അനുകരണത്തിനു രണ്ടാം സ്ഥാനം വരുന്നത് മനസ്സിലാക്കാം. എന്നാല്‍ സംഗീതത്തിലെ ഗായകന്റെ റോളിനെക്കാള്‍ ക്രീയേറ്റിവിറ്റി മിമിക്രിക്കാര്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്. യേശുദാസിനേക്കാള്‍ ക്രീയേറ്റിവിറ്റി ഉള്ളവരാണു കലാഭവന്‍ ആര്‍ട്ടിസ്റ്റുകള്‍. അതുപോലെ ചിത്രയേക്കാള്‍ ക്രീയേറ്റിവിറ്റി സുബിയ്ക്കുണ്ട്.
- ഒരു സുബി ആന്‍ഡ് രഞ്ചിനി ഹരിദാസ് ഫാന്‍

ചേച്ചിപ്പെണ്ണ് said...

അമ്മച്ചീ ഈ എഴുത്ത്‌ നന്നായീട്ടോ , പഴയ ലക്കങ്ങളിലെ തൃശൂര്‍ ആസെന്റ്റ്‌ മനസ്സിലാക്കി എടുക്കാന്‍ ലേശം
ബുദ്ധി മുട്ടായിരുന്നെ ...
ഇനി ഇങ്ങനെ തന്നെ എഴുതണേ ,,,

മോളമ്മ said...

പ്രസീദ സീരിയലില്‍ അഭിനയിച്ചതൊന്നും കണ്ടില്ല നായരേ. നഷ്ടായി.:(

അതേ രാജേ, ദേവി ചന്ദനയാണ്. തെറ്റിപ്പോയി. സുബിയെ ഞങ്ങടോടത്തെ ആണുങ്ങള്‍ക്കും ഇഷ്ടല്ല. അതെന്താണാവോ! പക്ഷേ പെണ്ണമ്മിച്ചി കട്ടഫാനാണ്.

കുമാരന്‍ :))

കാല്‍‌വിന്‍ - പണ്ടും സുബി മംഗ്ലീഷ് അവതാരകരെ ഇമിറ്റേറ്റ് ചെയ്തിരുന്നു ശരിയാണ്. പക്ഷേ ഇപ്പോള്‍ രഞ്ജിനിയെ സൂപ്പറായിറ്റ് ചെയ്യുന്നില്ലെ.

നളന്‍, മിമിക്രി രണ്ടാം കിടയാണെന്ന് പറയുന്നവരെ തല്യാ കൊല്ലണം. ഇത്രയ്ക്കും ആരാധകരുള്ള ഒരു കലാരൂപത്തെ താഴ്ത്തിക്കെട്ടാന്‍ ഇവരാര്!

ചേച്ചിപ്പെണ്ണേ - തൃശ്ശൂര്‍ ഭാഷ മനസ്സിലാക്കാന്‍ പാടാണല്ലേ.:( മനസ്സിലാവണ രീതിയില്‍ എഴുതാന്‍ ശ്രമിക്കാട്ടാ. എന്നാലും ഈ വര്‍ത്തമാനം പറയണത് എങ്ങനെ അച്ചടി ഭാഷയിലാക്കും! ഗണ്‍ഫ്യൂഷന്‍.