Sunday, June 22, 2008

കുഞ്ഞാടുകളുടെ നിശബ്ദത (The Silence of the Lambs)

പച്ചയായ മേച്ചില്‍ പുറങ്ങള്‍, വെളുത്ത് പതുപതുത്ത കുഞ്ഞാടുകള്‍ പഞ്ഞിത്തുണ്ടുകള്‍ പോലെ. തെളിനീരുറവ. സാധാരണ കണ്ണുകള്‍ക്ക് വെളിപ്പെടുന്നതിത്രമാത്രമാകാം. പക്ഷേ സൂ‍ക്ഷിച്ച് നോക്കിയാല്‍ കാണാം പറന്നു നടക്കുന്ന മരണത്തിന്റെ തലയുള്ള ചിത്രശലഭങ്ങളെ, മരണത്തെ ഉള്ളിലൊളുപ്പിച്ചുറങ്ങുന്ന പ്യൂപ്പകളെ. മരണം ഉറപ്പിക്കുന്ന അറവുശാലയെ. ദു:സ്വപ്നത്തിലെ നിലവിളികേട്ട് പേടിച്ചുണരുന്ന കുട്ടിയാണീ (Clarice Starling)കാഴ്ച്ചകള്‍ കാണുന്നതെങ്കിലോ? നിലവിളിയുടെ ഉറവിടം തേടിച്ചെല്ലുമ്പോള്‍ കാണുന്നത് അറക്കപ്പെടുന്ന കുഞ്ഞാടുകള്‍! അവയുടെ ചോര വീണ് അവളുടെ നെഞ്ച് മരവിക്കും. അവരെ രക്ഷിക്കാന്‍ അവളുടെ നിഷ്കളങ്കത മുറവിളി കൂട്ടും.എന്നാല്‍ തുറന്നിടുന്ന വാതിലിലൂടെ രക്ഷപ്പെടാനറിയാതെ ആകെ കുഴങ്ങി,മിഴിച്ച് നോക്കുന്ന കുഞ്ഞാടുകള്‍ അവളുടെ നെഞ്ച് കലക്കും, രക്തം കട്ടപ്പിടിപ്പിക്കും. അവയ്ക്ക് ഓടാനറിയില്ല! തനിക്കറിയാം. അവയെ എടുത്ത് ഓടി രക്ഷപ്പെടണം. ഒന്നിനെയെങ്കിലും രക്ഷപ്പെടുത്തണം. പക്ഷേ പത്ത് വയസ്സുക്കാരിയ്ക്ക് താങ്ങാവുന്ന ഭാരമല്ല ഒരാട്ടിങ്കുട്ടിയ്ക്കുള്ളത്.

it was very cold, very cold. I thought, I thought if I could save just one, but … he was so heavy. So heavy. I didn't get more than a few miles..

മറ്റൊരു പുല്‍മേട്ടില്‍ അവള്‍ വളര്‍ന്നു; രക്ഷിക്കാനാകാതെ പോയ ആട്ടിന്‍‌കുട്ടിയെ ഓര്‍ത്തുകൊണ്ട്, അവന്റെ നിലവിളികള്‍ കേട്ട് ഞെട്ടിയുണര്‍ന്ന് കൊണ്ട്. ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിക്കാനായില്ലെങ്കില്‍ ഈ ദു:സ്വപ്നങ്ങളില്‍ നിന്നൊരു മോചനം തനിക്കുണ്ടാവില്ലയെന്ന് മനസ്സിലാക്കികൊണ്ട്, കൊല്ലപ്പെടുമെന്നുറപ്പുള്ളപ്പോഴും നിശബ്ദരായിരിക്കുന്ന, സ്വയം രക്ഷപ്പെടുത്താനോ തുറന്ന് കിട്ടുന്ന വാതിലൂടെ ഓടി രക്ഷപ്പെടാനോ അറിയാത്ത കുഞ്ഞാടുകളെ ഓര്‍ത്ത് വേദനിച്ചുകൊണ്ട് അവള്‍ വളര്‍ന്നു. അവരുടെ നിശബ്ദത അവളെ പേടിപ്പിച്ചു. രക്ഷിക്കപ്പെടേണ്ട കുഞ്ഞാട് വളരെ ദൂരെയല്ലാതെ കരയുന്നതറിയിച്ച് മരണത്തിന്റെ തലയുള്ള ചിത്രശലഭ പ്യൂപ്പ അവളെ തേടിയെത്തി. ഒരാട്ടിന്‍ കുട്ടിയെ, ഒന്നിനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍..

You still wake up sometimes, don't you? You wake up in the dark and hear the screaming of the lambs.
Yes.
And you think if you save poor Catherine, you could make them stop, don't you? You think if Catherine lives, you won't wake up in the dark ever again to that awful screaming of the lambs.
I don't know. I don't know

മനുഷ്യന്‍ ഇറച്ചി തീറ്റക്കാരനാണ്. കുഞ്ഞാടുകളുടെ ഇറച്ചിയാണ് പഥ്യം. ഇറച്ചി തിന്നാനും തോലെടുക്കാനുമായി കുഞ്ഞാടുകള്‍ വളര്‍ത്തപ്പെടുന്നു. കൊല്ലപ്പെടുന്നു. ചിലര്‍ക്ക് പഥ്യം മനുഷ്യന്റെ ഇറച്ചിയാണ് (Hannibal Lecter). കാനിബാളുകള്‍. ശാരീരികമായി മനുഷ്യ ഇറച്ചി തീറ്റക്കാരേക്കാള്‍ അപകടകരികളാണ് മാനസീകമായ മനുഷ്യ ഇറച്ചി തീറ്റക്കാര്‍. ആദ്യത്തെവരെ തിരിച്ചറിയാന്‍ എളുപ്പമാണ്. രണ്ടാമത്തെ കൂട്ടരുടെ രാപ്പനി കൂടെ കിടക്കുമ്പോള്‍ പോലും തിരിച്ചറിഞ്ഞു എന്ന് വരില്ല. കൊന്നു തിന്നു കഴിയുമ്പോള്‍ പോലും അവരുടെ ആട്ടിന്‍‌തോലുകളാല്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കും. ഇവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷപ്പെടുത്തുന്നത് ശ്രമകരമാണ്. കൊല്ലപ്പെടുത്തുന്ന ആടുകളുടെ തോലുകൊണ്ട് തന്നെ കുപ്പായമുണ്ടാക്കി ആടായി ചമയാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. മോഹമാണിവര്‍ക്ക് കുഞ്ഞാടാവാന്‍!(Buffalo Bill) മോഹത്തിന്റെ ചിത്രശലഭം ഇപ്പോള്‍ പ്യൂപ്പയാണ്. മരണത്തിന്റെ തലയുള്ള ചിത്രശലഭപ്യൂപ്പ കൊക്കൂണിനുള്ളില്‍ മനോഹരമായ ചിറകും പ്രതീക്ഷിച്ചിരിപ്പാണ്.

First principles, Clarice. Simplicity. Read Marcus Aurelius. Of each particular thing ask: what is it in itself? What is its nature? What does he do, this man you seek?
He kills women...
No. That is incidental. What is the first and principal thing he does? What needs does he serve by killing?
Anger, um, social acceptance, and, huh, sexual frustrations, sir...
No! He covets. That is his nature. And how do we begin to covet, Clarice? Do we seek out things to covet? Make an effort to answer now.
No. We just...
No. We begin by coveting what we see every day. Don't you feel eyes moving over your body, Clarice? And don't your eyes seek out the things you want?

നൂറു കുഞ്ഞാടുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതിനെ തേടിയലഞ്ഞ് കണ്ടെത്തുന്നവന്‍ ദൈവപുത്രന്‍. നൂറു കുഞ്ഞാടുകളെ നഷ്ടപ്പെടുമ്പോള്‍ ഒന്നിനെയെങ്കിലും കണ്ടെത്തി രക്ഷപ്പെടുത്തുന്നവനാണ് മനുഷ്യപുത്രന്‍. സഹജവാസന അഥവാ മനുഷ്യത്വം എന്ന് പറയുന്ന ഇതൊന്നില്ലാത്തവര്‍ എങ്ങനെ മനുഷ്യരാകും? സത്യസന്ധത ഒരിക്കലും നൂറുശതമാനമാകില്ല. ആകാന്‍ പാടില്ല. ദൈവമാണ് പിന്നെ അവര്‍. മനുഷ്യരുടെ കൂടെ ജീവിക്കാന്‍ യോഗ്യരല്ല. പക്ഷേ ഒന്നിനോടെങ്കിലും, ഒരു കുഞ്ഞാടിനോടെങ്കിലും, അല്‍പ്പമെങ്കിലും സത്യസന്ധരായിരിക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ?

ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് (The Silence of the Lambs) സംവിധാനം ജൊനാഥന്‍ ഡിമ്മേ (Jonathan Demme) .

******************************************
എന്റെ പൊന്നു പെണ്ണമിച്ച്യേയ് നല്ലൊരു സൈക്യാട്രിക് ത്രില്ലര്‍ മൂവീനീണ് ഇങ്ങനെ കൊന്ന് കൊലവിളിച്ച് ഒരു ഫിലോസഫിക്കല്‍ ബോറടിയായി എഴുതി വച്ചേക്കണെ?

അയ്യറീ, അഞ്ച് എണ്ണപ്പെട്ട ഓസ്കാറുകള്‍ സ്വന്താക്യ പട്ണ്. പത്ത് ഭാവേങ്കിലും ഇണ്ടാവണം അങ്ങന്യൊരു പടത്തിന്. എന്നട്ട് സൈക്യാറ്റ്രിക് ത്രില്ലറാണു പോലും. അത് നിന്നെ പോലുള്ള ഇന്‍ഡി ഫാന്‍സ്‌ന്. ഇത്തവണ ക്ലറീ സ്റ്റാര്‍ളിങ്ങിന്റെ കണ്ണ്യേക്കോടെ നോക്യേപ്പോ എനിക്കിതാ തോന്നീത്. അടുത്ത തവണ ലക്‍‌റ്റര്‍‍ന്റെ കണ്ണ്യേക്കോട്യായാവും കാണാ. സഭ വളര്‍ത്തണ കുഞ്ഞാടോളെ കുറിച്ചൊക്കെ നിനക്ക് ചിന്തിച്ച്യോക്കൂട്‌റീ കുഞ്ഞോളെ?

മ്ം എന്തൊക്കെ പറഞ്ഞാലും അന്തോണ്യേട്ടനേക്കാള്‍ ഈ പടത്തില്‍ കിടു ജോഡി ചേച്ചീന്

കെട്ടുന്നെങ്കില്‍ ജോഡീനെ എന്നു പറഞ്ഞു നടന്നിരുന്നൊരു കൂട്ടാരനിണ്ടെനിക്ക്. ജോഡിയെ കിട്ടാത്തതോണ്ട് ഇപ്പളും കെട്ടീട്ടില്യാ. ജോഡിയല്ലെങ്കില്‍ നിക്കോള്‍ കിഡ്മാനായാലും മതീന്ന് ഈയടുത്ത് പറയണിണ്ടാര്‍ന്നു.

പെണ്‍പ്രാധാന്യമുള്ള ഇതേ പോലൊരു സില്‍മ മലയാളത്തിലിണ്ടാവണെങ്ങെ ഇനി എന്തോരം കാലം കഴിയണം?

എപ്പഴും തല പടിഞ്ഞാട്ട് തിരിച്ചു വയ്ക്കല്ലറീ കുഞ്ഞോളെ. കുഞ്ഞാടിനെ രക്ഷിക്കുന്ന കഥ മറ്റൊരു തരത്തില്‍ പറയുന്ന മീരാജാസ്മിനും, ഉര്‍വ്വശിയും അഭിനയിച്ചു തകര്‍ത്ത അച്ചുവിന്റെ അമ്മ മോശാ? ഇമ്മള് ഈയടുത്ത് കണ്ട പഞ്ചാഗ്നീല് ഗീതേരെ കഥാപാത്രം ഇന്ദിര തീരെ മോശാ? ഗീതേരെ അഭിനയം അത്ര മോശാ? മലയാളത്തിന്റെ ഇട്ടാവട്ടത്ത് നിന്നട്ട് നോക്കിയാല്‍ അത്ര തെറ്റില്ലാത്ത കഥയും അഭിനയാണെന്നാണ് എന്റെ അഭിപ്രായം. അന്നു ഗീതേരെ പ്രധാന കഥാപാത്രത്തിന്റെ കൂടെ അഭിനയിച്ച അതേ മോഹന്‍ലാല്‍ പിന്നീട് മോഹനവര്‍മ്മേടെ ഓഹരി സില്‍മ്യാക്കാന്‍ നോക്യേപ്പോ സമ്മേയ്ച്ചില്ല.

ഓഹരി പിന്നെ റ്റി.വി സീരിയലായി ഈയടുത്ത്. അത്ര മെച്ചല്യാര്‍ന്നു ലെനേരെ അഭിനയം

*****************************************

വായനക്കാരോട് - ഇന്‍ഡിയെ കണ്ട് കാശ് പോയവര്‍ നിശബ്ദതയെ വിലയ്ക്കു വാങ്ങൂ. പിന്നെ നിങ്ങള്‍ക്ക് നിശബ്ദനായിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നും പെണ്ണമ്മ ഗ്യാരണ്ടി.

സിനിമാത്തരം: 1.ത്വരഗം

പടം വിക്കിയില്‍ നിന്ന്

14 comments:

മൂര്‍ത്തി said...

‘ഫിലോസഫിക്കല്‍ ബോറടി’ വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ പറഞ്ഞ് നശിപ്പിക്കുന്നില്ല.

"'I'm having an old friend for Lunch" :)

ഗുപ്തന്‍ said...

പെണ്ണമ്മച്ച്യേ ആ ഗാരണ്ടി ഒരു മൂന്നുവര്‍ഷം വൈകിപ്പോയി. മുന്നുവര്‍ഷമായി എന്റെ ഷെല്‍ഫില്‍ നിന്ന് ഇറങ്ങിവന്ന് ഇടക്കിടെ എന്നെ തട്ടിയും മുട്ടിയും നോക്കാറുണ്ട് ഹാനിബാള്‍ ലെക്റ്റര്‍. തിന്നില്ല :)

മലയാളത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ - പഞ്ചാഗ്നിയിലെ ഗീതയെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. അച്ചുവിന്റെ അമ്മ അരപ്പൈങ്കിളി- മിക്കപ്പോഴും സംവിധായകന്‍ എന്ന ഷോവനിസ്റ്റിന്റെ കയ്യില്‍ അകാലചരമം അടയുന്നവരാണ്.. കന്മദത്തിലെ മഞ്ജു വാര്യരെ ഒരു തല്ലുകൊണ്ട് കീഴ്പെടുത്തുന്ന നായകന്‍ മനം‌പുരട്ടലുണ്ടാക്കിയ അനുഭവമാണ്. അഗ്നിസാക്ഷിയിലെ ന്നായികയെ നോവലിനെ കുരുതികൊടുത്തും ഭര്‍ത്താവിന്റെ പാദങ്ങളില്‍ മനസ്സുചേര്‍ക്കുന്നവളാക്കി ശ്യാമപ്രസാദ്. ആ നായികയെക്കാള്‍ സ്ത്രീത്വമുണ്ടെന്ന് തോന്നി ഒരേകടലിലെ മീരയ്ക്ക്. ആ രണ്ടുകഥാപാത്രങ്ങളെ ഓര്‍ത്താല്‍ തോന്നും എത്ര കുഞ്ഞാടുകളെയാണ് ഈ സംവിധായക ലെക്റ്റര്‍മാര്‍ കൊന്നുതിന്നുന്നതെന്ന്.

ചിതല്‍ said...

ഇപ്പോള്‍ അടുത്താണ് കണ്ടത്...ഈ പീടികത്തിണ്ണ....

ഒന്നുമില്ല..
ഇപ്പോള്‍ സ്ഥിരം വായിക്കാറുണ്ട് എന്ന് പറഞ്ഞതാ....

വെള്ളെഴുത്ത് said...

അപ്പോള്‍ ഒരു പെണ്ണിന്റെ കഥയോ..? പൂന്തേനരുവി..

ശിവ said...

ഈ ബ്ലോഗ് പോസ്റ്റില്‍ കമ്മന്റ് അനുവദിക്കാതിരുന്നതിന്റെ പ്രതിക്ഷേധം അറിയിക്കുന്നു.

പാമരന്‍ said...

സൈലന്‍സും ഹാന്നിബാളും കണ്ടിരുന്നു.. ഇത്രയ്ക്കാഴത്തിലേക്കെറങ്ങിയിരുന്നില്ല.. നല്ല 'ബോറടി'.. :)

ബഹുവ്രീഹി said...

peNNammacchi,

ezhuthinte Saili bahurasam. nalla pOstukaL. parichayamuLLa bhaasha. nalla nErampOkkaayi!!

otayiruppin oru vidhappeTTa pOstukaLokke vaayicchu.

favourites il oru blogum kooTiyayi. :)

മോളമ്മ said...

മൂര്‍ത്തി - ആ ഡയലോഗ് ഉള്‍പ്പെടുത്തണം എന്നുണ്ടായിരുന്നു. പിന്നെ അവസാനം വിട്ടുപോയി. ഓര്‍ത്തെടുത്ത് എഴുതിയതിനൊരു ബിഗ് താങ്ക്‍സ്.

ഗുപ്താ - പഞ്ചാഗ്നിയെ കുറിച്ച് എഴുതണം‌ന്നുണ്ട്. കാണേണ്ട ഒരു പടമാണ്. അച്ചുവിന്റെ അമ്മ ഒരു മുക്കാല്‍ പൈങ്കിളി ചേരുവ തന്നെയാണ്. എന്നാലും ആശയം, രണ്ടാളുടേയും അഭിനയം ഒക്കെ വളരെ നല്ലത്. അഗ്നിസാക്ഷി തരം 5 (മാറമ്പല) കന്മദം- തരം 6 (റിഡക്ഷന്‍) , ഒരെകടല്‍ - തരം 2. അനസൂ‍യ. പാഠം ഒന്ന് ഒരു വിലാപം പോലെയുള്ള സിനിമകളൊക്കെ സ്ത്രീ പ്രാധാന്യമുള്ളതുണ്ട്. പക്ഷേ അതൊക്കെ സ്ത്രീ എല്ലയ്പ്പോഴത്തേയും പോലെ ഇരയുടെ ഭാഗത്താണ്. പഞ്ചാഗ്നീ, അച്ചുവിന്റെ അമ്മ എന്നിവയുടെ പ്രത്യേകത അതില്‍ സ്ത്രീ തന്നെ രക്ഷകയായി വരുന്നു എന്നതാണ്. അതുകൊണ്ടാണ് ഇതുമായി താരതമ്യപ്പെടുത്തിയത്.

ചിതല്‍ - പീടികത്തിണ്ണയല്ല, അടുക്കളത്തിണ്ണ. ഇരിക്ക്‌ട്ടാ. ഒരു ഗ്ലാസ്സ് കട്ടനെടുക്കട്ടെ? :)

വെള്ളെഴുത്തേ - ആ സിനിമ കണ്ടീട്ടില്ല :( . പാട്ട് കേട്ടീട്ടേ ഉള്ളൂ. കല്യാണത്തിന് മുന്‍പൊന്നും സിനിമയ്ക്ക് പോക്കില്ലാര്‍ന്നു. അപ്പന്റെ കൂടെ ആകെ പോയി കണ്ടേക്കണ പടം ജീസസാണ്. ഇനി പറ്റുമ്പോ‍ കാണണമത്

ശിവ - പ്രതിഷേധം മനസ്സിലാക്കുന്നു. വരവു വച്ചിരിക്കുന്നു. സാധിക്കുമെങ്കില്‍ ആ വിഷയത്തില്‍ മറ്റൊരു പോസ്റ്റിട്ട് പ്രതികരിക്കാന്‍ ഒരവസരം തരാന്‍ ശ്രമിക്കുന്നതാണ്.

പാമരന്‍ - ഇനി ആ സിനിമ ബഫലോ ബില്ലിന്റെ കണ്ണ്യേക്കോടെ കണ്ടൊക്ക്യേ. അതും നല്ല രസമാണ്.

ബഹുവ്രീഹി - (അതൊരു സമാസമല്ലേ!) എടയ്ക്കിടയ്ക്ക് വായോ കട്ടനടിക്കാം.

(കണ്ട്‌റീ കുഞ്ഞോളേ, നീ കള്യാക്കീതല്ലേ. ഇപ്പോ ഇഷ്ടപ്പെട്ടൊരിണ്ടല്ലോ. ഡിങ്ക..ഡിങ്കാ..)

റോബി said...

'കുഞ്ഞാടുകളുടെ നിശബ്ദത' ഒരു ശരാശരി ത്രില്ലര്‍ മാത്രമായിരുന്നു എനിക്ക്.
പിന്നെ ഫെമിനിസ്റ്റ് പടങ്ങളാണെങ്കില്, ജോഡിയുടെ തന്നെ The Accused. ഒരു പക്ഷെ അമേരിക്കന്‍ സിനിമയില്‍ തന്നെ മെച്ചപ്പെട്ട മറ്റൊരു ഫെമിനിസ്റ്റ് ചിത്രം Thelma and Louise ആയിരുന്നു.

കേരളത്തിലെ നക്സലിസത്തെ കാല്പനികവത്കരിച്ചതില്‍ പഞ്ചാഗ്നിക്ക് വലിയ പങ്കുണ്ട്. അതുപോലെയുള്ള പൈങ്കിളി ചിത്രങ്ങളെക്കുറിച്ച് ഇനിയും നമ്മള്‍ സംസാരിക്കേണ്ടതുണ്ടോ..?

എന്തേ സൂസന്ന, മങ്കമ്മ, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളെക്കുറിച്ച് ആരും മിണ്ടിയില്ല? ടി.വി.ചന്ദ്രന്റെ എല്ലാ സിനിമകളിലും സ്ത്രീത്വത്തിന്റെ രാഷ്ട്രീയം വിഷയമാകുന്നില്ലേ?

മോളമ്മ said...

റോബി - നിശ്ബ്ദത ഒരു ശരാശരി ത്രില്ലര്‍ മാത്രമായിക്കണ്ട ആള് റോബി മാത്രല്ലാന്ന് മനസ്സിലയില്ലേ? ഫെമിനിസ്റ്റ് ചട്ടക്കൂടില്‍ ഒതുക്കിയിടേണ്ട ഒന്നാണോ നിശബ്ദത? ആ ഒരു വീക്ഷണവും കൊടുക്കാമെന്നു മാത്രം.

റ്റി.വി ചന്ദ്രന്റെ കഥകള്‍ കഥകളുടെ വ്യത്യസ്തത കൊണ്ട് വളരെ വളരെ ശ്രദ്ധേയമാണ്. ഇഷ്ടപ്പെട്ട മലയാള സംവിധായകന്‍ ആര് എന്നു ചോദിക്കുമ്പോള്‍ പലര്‍ക്കും അടൂര്‍ എന്ന് മതത്തിനും മുന്‍പ് വരുന്ന പേര് റ്റി.വി ചന്ദ്രന്റേതാകുന്നതതുകൊണ്ടാണ്.

പക്ഷേ, റോബി ഇവിടെ പറഞ്ഞ പടങ്ങളെല്ലാം ഇരകളൂടേയും അവരുടെ ((മിക്കവാറും തന്നെപുരുഷനിലൂടെ ഉള്ള) അതിജീവനത്തിന്റേയും കഥകള്‍ പറയുന്നവയാണ്. ആ വീക്ഷണത്തില്‍ അവയെല്ലാം പുതിയ കുപ്പിയിലെ പഴയ വീഞ്ഞല്ലേ? അങ്ങനെ നോക്കുമ്പോഴല്ലേ ഇവിടെ പരാമര്‍ശിച്ച പടങ്ങള്‍ വ്യത്യസ്തമാകുന്നത്?

പഞ്ചാഗ്നിയിലെ പൈങ്കിളിയെ വിട്. അദ്വൈതം എന്ന തട്ടുപ്പൊളിപ്പന്‍പടം ചെയ്തതിനോട് താരതമ്യപ്പെടുത്തിയാല്‍ പഞ്ചാഗ്ന്നി എന്തു ചെയ്തു? ആദ്യം വന്നു എന്നത് മാത്രം.. പക്ഷേ നക്സലുകള്‍ എല്ലാം പ്രത്യ്യശാസ്ത്രത്തിന്റെ സ്വാധീനത്താലാണ് കൊലകള്‍ ചെയ്യ്തത് എന്ന് ചിന്തിക്കുന്നത് വിഡ്ഡിത്തമല്ലേ? അനീതിയോട് പ്രത്യയശാസ്ത്രങ്ങളില്ലാതെ തന്നെ എതിര്‍ത്തിരുന്നവരും (പ്രത്യേകിച്ചും സ്ത്രീകള്‍ )പ്രത്യയശാസ്ത്രങ്ങള്‍ അറിയാതെ വിപ്ലവാഗ്നിയില്‍ പെട്ടിരുന്നു എന്നത് നിഷേധിക്കാനാകുമോ?

റോബി said...

മിക്കവാറും തന്നെ പുരുഷനിലൂടെ ഉള്ള എന്ന വാചകം ബ്രാക്കറ്റിലിട്ടതെന്തിനാണ്? വേണമെങ്കില്‍ മാത്രം വാ‍യീച്ചോളൂഎന്നാണോ?...:)

The Accused, Thelma and Louise,സൂസന്ന, മങ്കമ്മ, ആലീസിന്റെ അന്വേഷണം എന്നിങ്ങനെ ഞാന്‍ പരാമര്‍ശിച്ചവയില്‍ അതിജീവനത്തിന്റ്റെ വിഷയം അവതരിപ്പിച്ചത് The Accused,ആലീസിന്റെ അന്വേഷണം എന്നിവയായിരുന്നു...അതും ഒരു പരിധിവരെ മാത്രം. ഇവയൊക്കെ പുതിയ വീഞ്ഞാണെങ്കില്‍ പഴയ വീഞ്ഞ് ഏതൊക്കെയാണ്?

അമേരിക്കന്‍, കേരളാ സിനിമയുടെ പരിധിക്ക് പുറത്ത് അന്വേഷിച്ചാല്‍ അല്പം കൂടി വ്യത്യസ്തങ്ങാളാ‍യ സ്ത്രീപക്ഷ സിനിമകള്‍ കിട്ടും.

മോളമ്മ said...

റോബി- ആ വാചകം ബ്രാക്കറ്റില്‍ ഇട്ടത് റോബി രണ്ടാമത് പരമര്‍ശിച്ച പടങ്ങളും ഉള്ളത് കൊണ്ടാണ്. ഇതൊക്കെ പഴയ വീഞ്ഞെന്നല്ലേ പറഞ്ഞത്, പുതിയത് എന്നല്ലല്ലോ? പഴയ വീഞ്ഞിന് വീര്യം കൂടുമെങ്കിലും എന്നും ഒന്നന്നെ അല്ലെ. അതല്ലേ കോക്റ്റെയിലുകള്‍ ഈ ബ്ലോഗിന്റെ ഭാഗമകുന്നത്. :)

ഇവടങ്ങനെ സ്ത്രീപക്ഷ, പുരുഷപക്ഷ സിനിമാന്നൊന്നൂല്യാ. ഗര്‍ഷോമും, കഥാവശേഷനും അങ്ങനെ വല്ലതുമാണോ? നല്ല സിനിമ എന്നു പോലും ഇല്ല ഒരു സിനിമ സമൂഹത്തിനോട് പറഞ്ഞതെന്ത്?/പറയുന്നതെന്ത്? അത് മാത്രാമാണ് വിഷയമാവുന്നത്. സിനിമയ്ക്കൊരു സ്ത്രീപക്ഷമുണ്ടെങ്കില്‍ അതിന് ചെലപ്പോ പ്രാധ്യന്യം കൊടുത്തെന്നു വരുമെന്ന് മാത്രം.

nalan::നളന്‍ said...

ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥാമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ്

എന്നാലും ചാരിറ്റി നടത്തുന്ന കോടീശ്വരന്മാരെയും,
ആത്മീയതെയെ ഫിലോസിഫൈ ചെയ്യുന്ന ബോറടിവിദഗ്ദരെയും ഇങ്ങിനെ കളിയാക്കേണ്ടിയിരുന്നില്ല.

മോളമ്മ said...

ഇതു കളിയാക്കലാണോ നളന്‍?
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം“
എന്നൊക്കെ പണ്ട് പണ്ടേ ശ്രീനാരായണ ഗുരു പറഞ്ഞീട്ടുള്ളതല്ലേ? നിന്നെപോലെ നിന്റെ അയല്‍കാരനേയും സ്നേഹിക്കുക എന്നേ ഈശോ പോലും പറഞ്ഞീട്ടുള്ളൂ‍. ചാരിറ്റി, ദയ, കരുണ ഒക്കെ അവനവന്റെ ഉറക്കം സുഖമാക്കാനല്ലാതെ പിന്നെ എന്തിനാണ്?

ആത്മീയത മതവുമായി ബന്ധപ്പെട്ട് മാത്രമാണെന്ന ബോധ്യം സാമാന്യജനങ്ങള്‍ക്കുണ്ടായിട്ട് അധികം കാലമായില്ല. ഒക്കാമിലെ വില്യമിനേയും, ഗ്രീഗര്‍ മെന്റലിനേയും എന്തിന് സ്നാപക യോഹന്നാനെ വരെ അവര്‍ മറന്ന് പോയിരിക്കുന്നു.