Thursday, July 17, 2008

ആന്റണി..ആന്തണി..അന്തോണി

നാളെന്തൂട്ടാ കൂട്ടാന്‍ വയ്ക്കാറീ കുഞ്ഞോളേ?

ദേ തൊടങ്ങി. ഞാനൊരു നൂറ് വട്ടം പറഞ്ഞണ്ട് ഈ ചോദ്യം എന്നോണ് മിണ്ടര്‌തെന്ന്. എന്തൂട്ടേങ്കിലും വയ്ക്ക്

കാലത്തേറ്റാ നീയാ പൂവും. കൂ‍ട്ടാന്‍ തീരുമാനിച്ച പണ്യെളുപ്പങ്ങ്‌ട് തീരും. അല്ലെങ്കെപിന്നെ കെടന്ന് തിരിയലാണ്.

കുഞ്ഞുമോനില്ലേ പെണ്ണമിച്ച്യേ

ആരിണ്ത് അന്തോണ്യാ?

കുഞ്ഞുമോഞ്ചേട്ടന്‍ കക്കൂസേലാണ് അന്തോണ്യേട്ടാ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞട്ട് നോക്ക്യാ മതി. ‘ഇടവേളകള്‍ ആനന്ദകരമാക്കാന്‍ കക്കൂസ‘ ന്നള്ളത്‌ണ് ആശാന്റെ സ്ലോഗന്‍

ട്യേ ക്ടാവേ.. ഞാന്‍ നിന്നോട് നൂറുവട്ടം പറഞ്ഞീട്ടുണ്ട്ട്രീ എന്നെ അന്തോണീന്ന് വിളിക്കല്ലേന്ന്.

അതെന്തേരാ അന്തോണ്യേ. ഞാനും നിന്നെ അങ്ങന്യനെല്ലേ വിളിച്ചേ?

പെണ്ണമ്മിച്ച്യോട് പറഞ്ഞട്ട് വല്ല കാര്യണ്ടാ? മിണ്ടാണ്ടിരിക്കണതാണ് നല്ലത്.

ടാ അന്തോണ്യേ.. ആന്റണി എന്നത് ഒറിജിനലും അന്തോണി എന്നത് ബോധല്യാത്ത മലയാളികള് വിളിക്കണതാണെന്നുമല്ലേ നീ മനസ്സിലാക്കി വച്ചെക്കണെ?

ഓ.. അതേന്റെ പൊന്നമ്മിച്ചി. എന്തേപ്പ അങ്ങന്യല്ലേ? ട്യേ കുഞ്ഞോളേ ചെവി പൊത്തിക്കോ ദിപ്പോ തൊടങ്ങും ചരിത്രം.

അതെരാ സ്വന്തം പേരിന്റെ ചരിത്രം അനേഷിക്കാണ്ട് നടക്ക‌ണ നിന്നേപോലത്തെ കന്നാല്യോളോട് പറഞ്ഞട്ട് കാര്യൊന്നൂല്യാ. എന്നാലും കേട്ടോ.

ഞങ്ങടോടത്തെ അന്തോണ്യുട്ടിക്ക് എഴുത്തിന്റെ കൊറേശ്യ അസ്കിതീണ്ടാര്‍ന്നു. ആളൊരിക്കല്‍ ഒരു സായിപ്പിന് ഒരു സംശയം ചോയ്ച്ച് എഴ്‌ത്തെഴുതി. എഴ്ത്തിന്റെ താഴെ ANTONY എന്നു വെടുപ്പായിറ്റ് എഴുതി. സായിപ്പ് കൃത്യായിറ്റ് മറുപടി അയച്ചു. Dear Anthoney.. അന്തോണ്യുട്ടിയ്ക്ക് ആകെ അരിശം, സംശയം.. അവന്റെ പേരിന്റെ സ്പെല്ലിങ്ങ് തെറ്റിച്ച് അവനന്നെ എഴുതീതാണൊ അതോന്നി സായിപ്പ് മന:പൂര്‍വ്വം ചൊറിഞ്ഞതാണോന്ന്.

അതെങ്ങനീണ് പേരിന്റെ സ്പെല്ലിംഗ് തെറ്റ്യാ ചൊറിയണേ?

ഇവളെക്കൊണ്ട് തോറ്റെന്റെ തമ്പുരാനെ! ഇപ്പോ അന്തോണി എന്തണ്ടീ നിന്നോട് ചൂടായെ? ഒരാള്‍ക്ക് വല്ലാണ്ട് ചൊറിച്ചിലുണ്ടാക്കണ കാര്യണ് ഈ പേര് തെറ്റിവിളി. ഒന്നോര്‍ത്തോക്ക് ഒരാള് നിന്നെ ഏത് നേരോം കഞ്ഞോളേന്ന് വിളിച്ചാലാ?

ശര്യാക്കും ഞാനയാളെ..

ആ അതന്യേണ്. കെ.എല്‍ മോഹനവര്‍മ്മേരെ ഓഹരീല് അനിയന്‍‌ത്തമ്പുരാന്‍ എന്നൊരു കഥാപാത്രം ഈ കാര്യം ശരിയ്ക്കങ്ങണ്ട് ചെയ്യിണ്ട്. ഇമ്മടെ അച്ചന്‍‌കുഞ്ഞിനൂണ്ട് ആ സൂക്കേട്‌ണ്ട്.

ശര്യാട്ടാ. ആ സിന്യേച്ചീനെ എപ്പഴും സുമ്യേന്നാ വിളിക്യാ ഭരതേട്ടനെ ധര്‍മ്മന്‍ന്നും. അമ്പടാ.. ഞാങ്കരുതി ഓര്‍മീല്യാണ്ടാന്ന്.

ഉവ്വറീ ഓര്‍മ്മല്യാണ്ടേ. മന:പൂര്‍വ്‌ണ്. ആ മന്‍‌ഷ്യന് ഭരതനെ കണ്ടൂടാ.

അപ്പോ പറഞ്ഞു വന്നതെന്തൂട്ടച്ചാ അന്തോണീന്നള്ള പേരിന്റെ കാര്യം. ആ കത്ത് കിട്ട്യേന്ന് ശേഷ്ണ് അന്തോണ്യുട്ടി ആള്‍ടെ പേരിന്റെ ഒറവിടം തപ്പി എറങ്ങീത്. അപ്പഴണ് മനസ്സിലാവണെ ഈ പേരിന്റെ യഥാര്‍ത്ഥ സ്ഥലം റോമാണെന്ന്, ലത്തീനില്‍ന്ന്‌ണ് ഈ പേരിന്റെ ഉത്ഭവം

ഒഹ് അതിലിപ്പോ എന്തൂട്ട്‌ണ് കാര്യം? മാര്‍ക്ക് ആന്റണിടെ കാര്യം എല്ലാവര്‍ക്കും അറിയണതല്ലേ?

കണ്ടാ കണ്ടാ മാര്‍ക്ക് ആന്റണീ‍ണ്. മാര്‍ക്ക് അന്തോണിയല്ല. ഞാനിതൊക്കെ അന്വേഷിച്ചണ്ടാര്‍ന്നു.

ആ അതേ അത് മാര്‍ക്കസ് അന്റോണിയസ് എന്ന മാര്‍ക്ക് ആന്റണി. ആന്റണി എന്ന പേരിന്റെ തൊടക്കം അവടന്നാവണം. പക്ഷേച്ചാ ക്രിസ്ത്യാന്യോള്‍ടെ എടേല് ഫെയ്മസായീത് ആ പേരിലെ രണ്ട് വിശുദ്ധന്മാരടെ പേരീന്നാണ്. ഒന്ന് ഈജിപ്തിലെ വിശുദ്ധ ആന്റണി. പിന്നെ മറ്റത് പാദുവായിലെ വിശുദ്ധ ആന്റണി.

ഇമടെ അന്തോണീസു പുണ്യാളനല്ലേ ത്. ഏയ്.. ഏയ്.. ആരും ആന്റണി പുണ്യാളന്നൊന്നും പറയുല്യാ.

ആ അദന്നെ അപ്പോ ഇമ്മക്ക് പിന്നീം അന്തോണീ‍ല്‍ക്ക് പൂവാം അല്ലേരാ അന്തോണ്യേ?

പറഞ്ഞ് തൊലക്കങ്ങ്‌ണ്ടട്.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തീന് കേട്ടട്ട്‌ല്ലേ നിങ്ങള്. അദ്ദേഹത്തിന്റെ കാലം തൊട്ട് കൃസ്ത്യന്‍ സംസ്കാരത്തിന്റെ തൊടക്കം വരീള്ള കാലത്ത് ഗ്രീക്ക് സംസ്കാരം അന്നു നിലവിലിണ്ടാര്‍ന്ന ഇന്ത്യ-ഇറാന്‍ തുടങ്ങിയ സംസ്കാരങ്ങളില്‍ വളരെയധികം കൂടിക്കലന്നിരുന്നു. ഇതിനീണ് ഹെലിനിസ്റ്റിക് സംസ്കാരം എന്ന് പറയണത്.

എന്റെ പൊന്നേ, സിന്ധും മെസപ്പട്ടോമിയൊന്നും പോരാണ്ട് ഇങ്ങനീം ഉണ്ടാ വേറെ കൊറെ. ഇതൊന്നും ഇമ്മള് പഠിച്ചിട്ടില്ലലോറീ കുഞ്ഞോളേ.

ലോകത്ത്‌ള്ള എല്ലാ‍ക്കാര്യോം സ്കൂളില്‍ പഠിപ്പിക്കാണങ്കേ നീയൊക്കെ ആരായേനേ!

അപ്പോ ഇമള് പറഞ്ഞ് വന്നത് അന്തോണീരെ കാര്യം. ഈ ആന്റണിനള്ള പേര് ഹെലിനിറ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂലാണ് ആന്തണി ആവണത്. കാരണെന്താച്ചാല് ഗ്രീക്ക്‌ക്കാര്‍ക്ക് പൂവിനുള്ള വാക്കാര്‍ന്നു ആന്തോസ്. അപ്പോ അവരു ആന്റണി എന്നള്ളതിനിം ആന്തോസ് അന്നള്ളതിനും ചേര്‍ത്ത് ആന്തണി എന്നാക്കിന്നാണ് ഇമ്മടെ അന്തോണ്യുട്ടി കണ്ട്പിടിച്ചത്. ശരിയ്ക്കുള്ള മാര്‍ക്കാന്റണിടെ പേരിലെ ആന്റണീടെ അര്‍ത്ഥം വിലമതിക്കാനാവത്തത്, അമൂല്യം എന്നൊക്കീന്.

നിക്കട്ടെ.. നിക്കട്ടെ ചരിത്രം. ഒരു ചോദ്യണ്ട്. ഇമ്മടെ അവടെ ഭരിച്ചതും ക്രിസ്തുമതം കൊണ്ടന്നതും ബ്രിട്ടീഷുകാരല്ലെ? അവരുക്കു ഈ ഗ്രീക്ക് പേരായിറ്റ് എന്തൂട്ടാണ് ബന്ധം?

ബ്രിട്ടിഷുകാര്‍ക്കിടേല് ആദ്യം പ്രചരിച്ചത് ആന്റണീന്നള്ള പേരന്യാണ്. പക്ഷേ ഇമടവടെ വന്നത് പാതിരിമാര് തര്‍ജ്ജമ്മ ചെയ്ത പുസ്തകങ്ങളിലെ പേരു വഴിയീണ്.പുത്യനെയമം ആദ്യം എഴുതീത് ഏതു ഭാഷേലാ? ആരാണ് ആദ്യം ഉത്തരം പറയണെ?

അരമായാ

ഗ്രീക്ക്

ആ.. ഗ്രീക്ക്‌ലിണ്.. കോയിന്‍ ഗ്രീക്കില് (Koine Greek) ഹെലിനിസ്റ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂല്ണത്. മലയാളത്തില്‍ക്ക് മിക്ക ബൈബിള്‍ ഗ്രന്ഥങ്ങളും കാനോനീകവും അല്ലാത്തതുമായ ചില പുസ്തകങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടത് നേരിട്ട് ഗ്രീക്കീന്നണ്. അങ്ങനീണ് ഇമ്മടെ നാട്ടില് ഗ്രീക്ക് പേരോള് ഇംഗ്ലീഷ് പേരോളേക്കാള്‍ അധികം ഉപയോഗിക്കപ്പെട്ടത്. അല്ലണ്ട് നീ കരുതണ പോലെ ആന്റണി ഇംഗ്ലീഷും അന്തോണി ഇംഗ്ലീഷ് അറ്യാത്ത മലയാള്യോള് പറയണതും അല്ല. ആന്റണി ഇംഗ്ലീഷും ആന്തണി ഗ്രീക്കും അന്തോണി അതിന്റെ മലയാളവും ആണ്.

അപ്പോ ഇന്നിംണ്ടാ ഇങ്ങനത്തെ ബൈബിള്‍- ക്രിസ്ത്യന്‍ പേരോള്?

ഇന്നിംണ്ട്. അതൊക്കേ മക്കള് രണ്ടാളും കൂടിം അന്വേഷിച്ച് കണ്ട് പിടിക്കീട്ടാ. ഇന്നിം പൊന്നാരിച്ച് നിന്നാലേ എന്റെ കൂട്ടാന്‍ വയ്ക്കല് നടക്കില്ല.

അമര്‍.. അക്ബര്‍.. ആന്തണീ..
ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ ബറബംബംബാ..

5 comments:

Sanal Kumar Sasidharan said...

nalla kari :)

അനോണി ആന്റണി said...

രാവിലേ ആരാ എന്നെ വിളിച്ച് കരയണതെന്ന് ആലോചിച്ച് പാഞ്ഞു വന്നതാ. വന്നപ്പഴല്ലീ പ്യാടിക്കാനൊന്നുമില്ലെന്ന് മനസ്സിലായത്.

ആന്റണി ആന്റോണിയസില്‍ നിന്നും ആന്റോണിയസ് ആന്റണില്‍ നിന്നും വന്നെന്നും ആന്റണ്‍ എന്നാല്‍ വിലമതിക്കാന്‍ ആവാത്തത് എന്നാണ്‌ അര്‍ത്ഥമെന്നും ജനസംസാരം.

സായിപ്പ് എന്റെ ന്റ എടുത്ത് ലന്തയുടെ ന്ത കേറ്റി വിളിക്കും
റഷ്യക്കാരന്‍ വൈറ്റമിന്‍-ഈ എന്നു പറയുമ്പോലെ ആന്റണ്‍ ഈ ആക്കും ആന്റണ്‍ ആണ്‌ അവര്‍ക്ക് ഈ പേര്‍ ചെഖോവിന്റെ ആന്റണ്‍
അറബിക്ക് ആന്റണി എന്ന പേരു താനി എന്നാണ്‌ ആന്‍ വേറേ താനി വേറേ ആക്കും. കൊട വേറേ കൊടക്കാല്‍ വേറേ.

വിളികള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ആന്റണിമാര്‍ ബാക്കി.

ചെല്ലം കൂട്ടാന്‍ ആന്റണിയെ ആന്‍ഡി ആക്കുന്ന പരിപാടി നാട്ടിലില്ല, ആളുകള്‍ ആന്റീ എന്നു വിളിച്ചാലോ എന്നു ഭയന്നാകും. പക്ഷേ ടോണിമാര്‍ ധാരാളം


(അനോണി ആന്റണിയെ സംസ്കൃതീകരിച്ചെടുത്ത മലയാളത്തില്‍ അജ്ഞാതനന്തോണിയും തിരുവന്തോരം മലയാളത്തില്‍ അണ്ണന്‍‌കൊണ്ണി അന്തോണിയുമാക്കാം എന്ന് പണ്ഡിതര്‍)

വൊര്‌ സംശയവൊണ്ട്:
അച്ചന്‍‌കുഞ്ഞ്, കുഞ്ഞച്ചന്‍, മോളമ്മ, മോനച്ചന്‍ കുഞ്ഞുകുഞ്ഞ് .. വേറൊരുനാട്ടിലും കണ്ടിട്ടില്ലാത്ത തനിമലയാള രീതി. എന്താ ഇങ്ങനെ പേരുകള്‍ ഇടാന്‍ കാര്യം?

അച്ചന്‍ എന്നതിന്റെ "ലോര്‍ഡ്" എന്ന അര്‍ത്ഥത്തിലാണു പേരില്‍ വരുന്നത് (മങ്ങാട്ടച്ചന്‍, പാലിയത്തച്ചന്‍ എന്ന പോലെ) എന്നു തങ്കച്ചനും പാപ്പച്ചനും പറയുന്നു. എന്തരോന്തോ.

കണ്ണൂസ്‌ said...

ദേവസ്യ, പ്രാഞ്ചി, ഉലഹന്നാന്‍, ഔസേപ്പ്, പൈലി, വറീത് ഇതൊക്കെ അങ്ങിനെ തന്നെയാക്കണം സായിപ്പന്‍‌മാര്. അല്ല പിന്നെ!

Pramod.KM said...

കണ്ണൂസേട്ടന്‍ പറഞ്ഞ പേരുകള്‍ ജൂതരില്‍ നിന്നും സ്വീകരിച്ചതായിരിക്കില്ലേ?

മോളമ്മ said...

സനാതനാ - :)

ആന്റണി - ഈ ബ്ലോഗ് ഒരു രസം തന്നെ . ഇന്നാള് മാരീചന്റെ പേര് എഴുത്യേപ്പോ മാരീചന്‍ വന്നു. ഇന്നു ആന്റണീടെ പേരു എഴുതിയപ്പോ ആന്റണി വന്നു. :)
“ആന്റണി ആന്റോണിയസില്‍ നിന്നും ആന്റോണിയസ് ആന്റണില്‍ നിന്നും വന്നെന്നും ആന്റണ്‍ എന്നാല്‍ വിലമതിക്കാന്‍ ആവാത്തത് എന്നാണ്‌ അര്‍ത്ഥമെന്നും ജനസംസാരം.“ - ശരിയ്ക്കും ആദ്യം റഷ്യേലാണോ ഈ പേരിണ്ടായേ? മാര്‍ക്ക് ആന്റണീ‍ടെ ( ബിസി 83-ബിസി 30) കാലത്തിനും മുന്ന് റഷ്യേലിണ്ടാര്‍ന്നു? ശരിയ്ക്കും? അതൊരു പുതിയ അറിവന്നെ! അന്തോണ്യുട്ടി പറഞ്ഞത് ആന്തണി എന്ന പേര് യൂറോപ്പില് പ്രചാരത്തിലായത് പതിനേഴാം നൂറ്റാണ്ടിലായിരിക്കും എന്നാലും ഗ്രീസില്‍ അത് പണ്ടേ ഇണ്ടാര്‍ന്നൂന്നാ. പക്ഷേ ആന്റണ്‍ ആദ്യം റഷ്യേല് ഇണ്ടാര്‍ന്നതറിഞ്ഞീട്ടില്ല ആ ഇഷ്ടന്‍. പോയീ പറയട്ടെ.

ആന്റണി ഇമ്മടെ നാട്ടിലള്ള ആന്റോ വിളി മറന്ന് പോയി ആന്‍ഡിയ്ക്കു പകരം ആന്റോ ആണ് ഇമ്മടവടെ.

തങ്കച്ചനും പാപ്പച്ചനും പറഞ്ഞത് ശര്യാവും. പക്ഷേ അന്തോണ്യുട്ടിയ്ക്ക് വേറേ തിയറിയാ. മദ്ധ്യകേരളത്തില്‍ അമ്മ എന്നും അച്ചന്‍ എന്നും എല്ലാ പേരിനൊപ്പവും ചേര്‍ക്കണ പതിവ്‌ണ്ട്ത്രേ.അമ്മയാണ് കൂടുതല്‍. മാധവിയമ്മ, കല്യാണ്യമ്മ. കുട്ടിയമ്മ, രാമനച്ചന്‍. തമിഴിലും ഇണ്ട് ബഹീമാനിച്ച് അമ്മ ചേര്‍ക്കണത്. മയിലമ്മ, ഭാരതിയമ്മ. തമിഴ് സ്വാധീനവും ഒരു കാരണമവാം. പീന്നെ ഈ മോനച്ചന്‍, കുഞ്ഞുമോള്‍, ഉണ്ണിമോള്‍ റ്റൈപ്പ് പേരുകള്‍ വന്നത്, പണ്ട് കാലത്ത് മോനേ, മോളേ എന്നു വിളിച്ച് തുടങ്ങി അങ്ങനെ നിലനിന്ന കേസുകളായിരിക്കുമത്രേ. എന്തായാലും അടുത്ത ഗവേഷണം ഇതിലാക്കാന്‍ അന്തോണ്യുട്ടോട് പറയാം.

ഞങ്ങടോടത്തെ കാര്യം പറഞ്ഞാ. പെണ്ണമ്മിച്ചീരെ കുടുംബത്ത് മൂന്നാമത്തെ പെണ്ണാര്‍ന്നു പെണ്ണമ്മിച്ചി. അപ്പോ ദേഷ്യം വന്നട്ട് അപ്പനിട്ട പേരാണത്രേ പെണ്ണ്. പിന്നെ സ്കൂളില്‍ ചേര്‍ത്തപ്പോ അന്നത്തെ രീതിയ്ക്ക് പെണ്ണമ്മയായി - കൈലും കൊണ്ട് വരിണ്ട് തല്ലാന്‍.
ബാക്കിള്ളോരൊക്കെ ചെറുതെ താലോലിച്ച് വിളിച്ച പേരോളാണ്. അവര്‍ക്കൊക്കെ ശരിയ്ക്കള്ള പേര് വേറീന്റ്. തുടക്കം മുതല്‍ എങ്ങനെയോ കുഞ്ഞ്, ഉണ്ണി റ്റൈപ്പുള്ള പേരോള് ആയി വിളിപേരോള്. ഇപ്പോ രണ്ട് പൊടികള്‍ ഇണ്ടായിന്റ് ഒന്ന് കുഞ്ഞി (ചെക്കന്‍) മറ്റത് കുഞ്ഞിപ്പെണ്ണ്.


അയ് അതെന്തിനാ കണ്ണൂസേ ഈ പേരോളൊക്കെ സായിപ്പന്മാര് മാറ്റണെ? അതൊന്നും അവര്‍‌ടെ പേരോളല്ലല്ലോ/ ആയിരുന്നില്ലല്ലോ. അല്ലാ.. ആര്ടെ ആയാലും ഇപ്പോ മാറ്റണതെന്തിനാ?
ഉലഹന്നാന്‍ - പ്രമോദ് പറഞ്ഞപോ‍ലെ ജൂതഭാഷയായ ഹീബ്രൂന്നാണ്. യോഹന്നാന്‍ ഗ്രീക്കിലാക്കിയപ്പോള്ള് Y എന്ന അക്ഷരം ഗ്രീക്കില്‍ ഇല്ലായിരുന്നത് കൊണ്ട് J കൊടൂത്തു. അങ്ങനെ അതിന്റെ ചുരുക്കം ജോണ്‍ ആയി. സായിപ്പ് കേട്ടത് ജോണ്‍ തന്നെ ആയിരിക്കും. പ്രാഞ്ചി - തനി തൃശ്ശൂരാണ്.ഇപ്പോഴും തൃശ്ശൂര്‍ക്കാര്‍ക്ക് fa ഉച്ചരിക്കാ മട്യാന്യാണ്. ബാക്കി ഒരോന്നിനും ഇങ്ങനെ ചരിത്രണ്ട്. എല്ലാം പറഞ്ഞ ബോറടിക്കും.

പ്രമോദേ -ദേവസ്യ, ഉലഹന്നാന്‍, ഔസേപ്പ്- ജൂതരുടേതാണ്. പൌലോസ്, പ്രാഞ്ചി - റോമന്‍. വര്‍ഗ്ഗീസ് - ഗ്രീസ്/മാസിഡോണിയ