Wednesday, June 11, 2008

കണ്ണാടിവീടുകളില്‍ താമസിക്കുന്നവര്‍

“കണ്ണാടിവീടുകളില്‍ താമസിക്കുന്നവര്‍ കല്ലു സൂക്ഷിക്കരുത്. പരസ്പരം എറിയാന്‍ തോന്നിയാല്‍ തകരുന്നത് വീടുതന്നെയാണ്.“

ചില്ലു വീടുകളില്‍ താമസ്സിക്കുന്നവരും കണ്ണാടി വീടുകളില്‍ താമസ്സിക്കുന്നവരും തികച്ചും വ്യത്യസ്തരാണ്. ചില്ലുവീടുകള്‍ സുതാര്യവും പുറം‌ലോകവുമായി ബന്ധമുള്ളതുമാണെങ്കില്‍ കണ്ണാടി വീടുകള്‍ ഉണ്ടാക്കി അതില്‍ താമസ്സിക്കുന്നവര്‍ കണ്ണാടിയില്‍ തങ്ങളുടെ പ്രതിബിംബം കാണാന്‍ മാത്രം ഇഷ്ടപ്പെടുന്നവരാണ്. കല്ലെറിഞ്ഞാല്‍ പക്ഷേ രണ്ടും തകര്‍ന്നുപോകും. ചില്ലുവീട്ടില്‍ വളര്‍ന്നൊരു പെണ്‍കുട്ടിയെ കണ്ണാടിവീട്ടിലെയ്ക്ക് പറിച്ചു നട്ട കഥ പ്രതിപാദിക്കുന്ന നോവലാണ് ഡ്രീംസ് ആന്‍ഡ് ഡെസ്റ്റിനി.

ലൈംഗീക ജീവിതം ഇല്ലാതാവുന്ന ദാമ്പത്യജീവിതത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് തുടരാന്‍ സാധിക്കുന്നതെങ്ങിനെ എന്നൊരു ചോദ്യമാണ് പ്രധാനമായും നോവല്‍ മുന്നോട്ട് വയ്ക്കുന്നത്. അതിനുള്ള ചില ഉത്തരങ്ങള്‍ നോവല്‍ തന്നെ തരുന്നുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തുമ്പോള്‍ തകര്‍ന്നു വീഴുന്ന ചില കണ്ണാടികൂടുകളുടെ പശ്ചാത്തലം നോവലിനെ സുന്ദരമാക്കുന്നു. കണ്ണാടിവീടുകളിലെ താമസക്കാര്‍ പരസ്പരം കല്ലെറിയുമ്പോള്‍ നായകന്റെ ആത്മഗതമാണ് മുകളിലെ ഉദ്ദരണി.

സുന്ദരിയായ പെണ്‍കുട്ടിയുടെ വിഷാദം നിറഞ്ഞ മുഖമുള്ള കവര്‍പേജും ഡ്രീംസ് & ഡെസ്റ്റിനി എന്ന സുന്ദരമായ തലക്കെട്ടും പുസ്തകത്തിന്റെ എഴുത്തുകാരിയെ പരിചയമില്ലായിരുന്നീട്ടും പുസ്തകം എടുത്ത് വായിക്കാന്‍ പ്രേരിപ്പിച്ചു. പതിനഞ്ചു വര്‍ഷത്തിനിപ്പുറം മുഴുവന്‍ കഥയും ചില വരികളും ഓര്‍മ്മവരികയും ചെയ്തീട്ടും എഴുതിയ ആളുടെ പേര് അനിത എന്നതില്‍ കൂടുതല്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മ വരുന്നെങ്കില്‍ ദയവായി അറിയിക്കുക.

4 comments:

ഗുപ്തന്‍ said...

ഇവിടെ എത്താന്‍ വൈകി എന്നൊരു തോന്നല്‍. ഈ കുറിപ്പിലെ പുസ്തകം വായിച്ചിട്ടില്ല.

പക്ഷെ പഴയതാളുകള്‍ മറിച്ചുനോക്കിയപ്പോള്‍ ഇഷ്ടം തോന്നിയ പലതും. വളരെ റീഡബിള്‍ ആണ് ഈ കുറിപ്പുകളിലെ ശൈലി. ഒക്കെ ഒന്നു വായിക്കട്ടെ. തുടരൂ.

അഭിനന്ദനങ്ങള്‍.

മലമൂട്ടില്‍ മത്തായി said...

നല്ല പോസ്റ്റുകള്‍, ഇന്നാണ് കണ്ടത്. മുഴുവനും വായിച്ചു. ത്രിശൂര്കാര്‍ ആണെന് അറിഞ്ഞതില്‍ സന്തോഷം :-) പിന്നെ മണിസ് കാഫെ ബിന്ദു തിയേറ്ററിനു മുന്‍പില്‍ തന്നെ അല്ലെ ഇപ്പോഴും? പണ്ടു സ്കൂള്‍ വിട്ടു വീട്ടില്‍ പോയിരുന്നത് അതിന് മുന്‍പില്‍ കൂടി ആയിരുന്നു, മസാല ദോശയുടെ മണം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അതുപോലെ നടുവിലാലില്‍ നല്ല അട കിട്ടുന്ന ഒരു ഹോടെലും ഉണ്ടായിരുന്നു, പേര്‍ ഓര്‍മ വരുന്നില്ല.

മോളമ്മ said...

ഗുപ്തന്‍ - ലേറ്റായി വന്താലും ... :)

മത്തായിക്കുട്ട്യേ- മണീസ് സ്വപ്നേരെ അപ്രത്ത്‌ള്ളത്ണ്. ബിന്ദു പടിഞ്ഞാറേ കോട്ടേല്‍ത്തെ ആണ്. അയിന്റപ്രത്ത് ഇപ്പോ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയാ‍ണ്. മണീസില്യന്യാണ് നല്ല വാഴെലേലിട്ട് പുഴ്യങ്ങ്യ അടക്കിട്ടാ. ഹൌ അയിന്റെ മണം!!

മലമൂട്ടില്‍ മത്തായി said...

എന്റെ ഈശ്വരന്മാരെ, നാട്ടില്‍ പോയിട്ട്‌ കാലം കുറെ ആയി, ബിന്ദുവും സപ്നയും തമ്മില്‍ മാറിപോയിരിക്കുന്നു. എന്തായാലും ഈ സെപ്റ്റംബറില്‍ നാട്ടില്‍ പോകുമ്പോള്‍ മണിസില്‍ നിന്നും അട തിന്നിട്ടു തന്നെ കാര്യം.