Thursday, February 11, 2010

അയിത്തം - മല്ലൂസ് Vs പാണ്ടീസ്

പെണ്ണമ്മിച്ചി & വല്യമ്മിച്ചി -1

പെണ്ണമ്മിച്ചി: ദേ പിന്നീം തമിഴ്‌നാട്ടില് ഒരു അയിത്തമതിലും കൂടി പൊളിച്ച് മാറ്റീന്ന്. വെള്ളം എടക്കണേനു വരെ പലോടത്തും അയിത്താത്രേ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടന്യല്ലേന്നാണിപ്പോ സംശ്യം.

വല്യമ്മിച്ചി: കര്‍ത്താവേ! തമിഴ്‌നാട്ടിലൊക്കെ ഇപ്പഴും അയിത്തണ്ടാ! (മൂക്കത്ത് കയ്യ് വച്ച്)ഈ പാണ്ടികള്‍‌ടെ ഒരു കാര്യം!
ആ ട്യേ പെണ്ണമ്മേ, വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പഴാ വേറൊരു കാര്യം ഓര്‍ത്തേ. നിന്നോട് ഒരു കാര്യം ചോയ്‌ക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീറ്റ് കൊറേ ദൂസായ്. നീയെന്തിനാ ആ കനാലുമത്തെ രാധയ്ക്ക് ഇവടന്ന് വെള്ളം കൊടക്കണെ? അതും മോട്ടറടിച്ചട്ട്!. സൂക്ഷിച്ചോട്ടാ.. വിശ്വസിക്കാന്‍ കൊള്ളാത്ത ജാതികളാ. കണ്ണുതെറ്റ്യാ ആ മോട്ടറും, എന്തിന് ആ കെണറ് വരെ, അവറ്റ എട്‌ത്തോണ്ട് പൂവും!!!

(ഠാങ്!! എസ്കേപ്പ്...)

Monday, February 1, 2010

സുഖപ്രസവം - ഒരു ഓക്സിമോറന്‍

അമ്മിച്ച്യേയ് ജിന്‍സി പ്രസവിച്ചൂട്ടാ, പെണ്‍‌കുട്ടി.

സുഖപ്രവസവായിരുന്നോടീ?

ആ.. പിന്നല്ലേ! ചിക്കന്‍ ബിരിയാണി കഴിക്കണ സുഖാര്‍ന്നൂത്രേ! 17 മണിക്കൂര്‍ പ്രസവവേദന ആറു സ്റ്റിച്ചും! ‘ഭയങ്കര’സുഖാര്‍ന്നൂന്നണ് അവള്‍ പറഞ്ഞേ.

********************************

ഞങ്ങടോടെ മൂന്നു ഗര്‍ഭിണികളാണ് “ഓര്‍മ്മയുണ്ട് മിണ്ടിക്കൂടാ“, “മധുരിച്ചിട്ട് തുപ്പാനും കയ്ചീട്ട് ഇറക്കാനും വയ്യ“ എന്നൊക്കെയുള്ള ഈ ‘സുഖകരമായ’ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിയാപ്പീക്ക് ആദ്യമാസങ്ങളിലെ കുടല് പറിഞ്ഞ് പുറത്ത് വരുന്നത് പോലുള്ള ശര്‍ദ്ദി, ക്ഷീണം. (അതേന്ന് മൂന്നേ മൂന്ന് മാസായിട്ടേ ഉള്ളൂ കല്യാണം കഴിഞ്ഞീട്ട്). വല്യാപ്പിയ്ക്ക് ഇത് ഏട്ടാം മാസം കൂടെ ഹെര്‍ണിയ. കക്കൂസില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥ.വേറൊരുത്തിയ്ക്ക് ഉള്‍വയറാത്രേ!! എന്തൂട്ടാണാവോ ആ സംഗതി. എന്തായാലും രാത്രിയായാ എരിപൊരി സഞ്ചാരമാണ്. ഉറക്കവുമില്ല. ഇതൊക്കെ കഴിഞ്ഞ് ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?

* ഓക്സിമോറന്‍