
കുഞ്ഞോളേ നടന്നടന്ന് വയ്യാണ്ടായറീ, ഇമ്മക്കൊരു കാപ്പി കുടിക്കാം
ഈ ചൂടത്ത്‌ണ് കാപ്പി? ഇമ്മക്ക് ഡിലൈറ്റില്‍ കേറി ഫ്രൂട്ട്‌സലാഡ് തട്ടാം.
ഫ്രൂട്ട്‌സലാഡ് തിന്നണങ്കെ ഇന്ത്യന്‍ കോഫീഹൌസീന്നന്നെ വേണം. ഇമ്മക്ക അങ്കട് നടക്കാറീ. നിനക്ക് ഫ്രൂട്ട്‌സലാഡും എനിക്കു കാപ്പിയും.. ആഹാ!
എന്റെ പെണ്ണമ്മിച്ച്യേ വട്ടുണ്ടാ, ഈ കാക്ക കൊള്ളാത്ത വെയിലത്ത് കറന്റ് ബുകിസ്ന്റവടന്ന് കോഫീ ഹൌസു വര്യാ? ഞാനില്ല. വേണങ്കെ ഓട്ടര്‍ഷ വിളിക്ക്.
ഇമ്മക്ക് നടന്ന് പൂവാറീ. ദേ വെയിലു ചാഞ്ഞു. ഇമ്മള് നടക്കുമ്പോഴേക്കും വെയിലാറും. ഞാന്‍ പഴേ കഥകള്‍ പറഞ്ഞരാം.
വേണ്ട.. വേണ്ടാ.. പണ്ട് വല്യച്ചാച്ചന്റെ കൂടെ പല്ലെടുക്കാന്‍ വന്നപ്പോ ഐ.സി.എച്ചീന്ന് ഫ്രൂട്ട്‌സലാഡ് വാങ്ങീതന്നതും എല്ലായ്പ്പോഴും പല്ലെടുക്കുമ്പോള്‍ ഫ്രൂട്ട്‌സലാഡ് തീറ്റ സ്ഥിരാക്കീതുമായ ആ ഓള്‍ഡ് സ്റ്റോറിയല്ലേ. എനിക്ക് കേക്കണ്ട.
ഐ.സി.എച്ച് അല്ലറീ.. കോഫീ ഹൌസ്. പഴേ കഥ്യന്നെ പക്ഷേ നീ കേട്ടണ്ടാവില്യാ.
പണ്ട് ഞാന്‍ തിരുവന്തരത്ത് പഠിക്കണു. ഒരൂസം തീവണ്ടി ആപ്പീസീന്ന് പുറത്ത് കടക്കുമ്പോ മഴ. മഴാന്ന്വൊച്ചാ പെരുംമഴ. ഇമ്മടെ തമ്പാനൂര്‍ ഗണപതീലേ.. ആളു മൊത്തം വെള്ളത്തില്‍! റോട്ടില്‍ എറങ്ങീട്ടാണ് ചുവന്ന് കലങ്ങിയ വെള്ളം ഞാന്‍ കണ്ടേറീ. എന്തായാലും എറങ്ങീലേ.. സാരി പൊക്കി പിടിച്ച് നടന്നു. റെയില്‍ വേ പരിസരം കഴിഞ്ഞപ്പോഴാണു മനസ്സിലാവണെ റോഡേതാ.. കാനയേതാ.. ഫുട്ട്‌പാത്തേതാന്ന് അറിയാത്ത പോലീന് വെള്ളന്ന്. അങ്ങടൂല്യാ.. ഇങ്ങടൂല്യാ.. ഒരോ ആന വണ്ടി പൂവുമ്പഴും തിരമാല പോലെ വെള്ളടിക്കും മേത്തയ്ക്ക്.. പിന്നെന്തൂട്ട് സാരി പൊക്കിപിടുത്തം? അരവരെ വെള്ളം. താഴേക്ക് നോക്കിപ്പോളില്ലേ..നിറയെ പാറ്റ..
അയ്..അറയ്ക്കിണില്ലേ പെണ്ണമ്മിച്ചിയ്ക്ക് അതൊക്കെ ഓര്‍ക്കാന്‍!
പാറ്റ മാത്രല്ലറീ, സാനിറ്ററി പാഡ്, പ്ലാസിക് കവര്‍ എന്നു വേണ്ടാ പറയാന്‍ കൊള്ളാത്ത സകല വൃത്തിക്കേടും ഉണ്ടാര്‍ന്നു അതില്‍. ഒരു കണക്കിന് റോഡ് മുറിച്ച് കടന്ന് നോക്കുമ്പോള്‍ മുന്നില്‍ ചുവന്ന കോട്ടപ്പോലെ കോഫീഹൌസ്. രണ്ടാമതൊന്നലോചിച്ചില്ല അങ്ങടാ കേറീ. പഴേ കാല്ണ്. ഒരു പെണ്ണ് ഒറ്റയ്ക്ക് ചായക്കടേലൊന്നും കേറില്യാ. ആളോളൊക്കെ എന്നെ നോക്കി. ഞാനൊരു കസേരേലാ ഇരുന്ന് ഒരു കാപ്പിയ്ക്ക്യാ പറഞ്ഞു!
ഹൌ..അപാര ധൈര്യവാത്തി! ഒന്നു പോയേന്റെ പെണ്ണമ്മിച്ച്യേയ്..
ആ കാലം നിന്നക്കൊന്നും സങ്കല്‍പ്പിക്കാന്‍ പറ്റാണ്ട്ണ്! അങ്ങനെ പഠിക്കാന്‍ പോണ പെണ്‍കുട്ട്യോളൊന്നും ഒറ്റയ്ക്ക് എവ്വിടീം കേറില്യാ. എന്നട്ട് ഞാനില്ലേറീ ആര്ക്കും മൊഖം കൊടുക്കാണ്ടിരിക്കാന്‍ ചുമരിലെ ചെറിയ ചതുരങ്ങളിലൂടെ ബസ്‌സ്റ്റാന്റില്‍ക്ക് നോക്കി ഇരുന്നു. നീ പോയിണ്ടാ തമ്പാനൂരെ കോഫീ ഹൌസില്‍?
മ്മ്.. നല്ല രസാ ആ ചതുരങ്ങളിലൂടെ ഉള്ള കാഴ്ച. ഒരോ മനുഷ്യരും ഓരോ ജീവിതായിറ്റ് വിടരൂല്ലേ!
അതേ.. അങ്ങനെ വിറച്ചിരിക്കുമ്പോള്‍ കാപ്പി വന്നു. ആദ്യ സിപ്പ്..ആ മണം.. ആ ഫീല്‍.. ഇതേ വരെ മറ്റൊന്നിനും തരാനായിട്ടില്ല. തനിച്ചായത് ഏറ്റവും അധികം ആസ്വദിച്ചതും അന്നാണ്.
ഹോ എങ്കില്‍ ഇതു അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മനോരമയ്ക്കയക്കാര്‍ന്നില്ലേ. അവരല്ലേ ഇന്നാള് ഇന്ത്യന്‍ കോഫീ ഹൌസിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചത്.
ഒഹ് അവര്‍ക്കു പെണ്ണുങ്ങള്‍ടെ ഓര്‍മ്മകളൊന്നും വേണ്ടാര്‍ന്നു.
അപ്പോ പെണ്ണമ്മിച്ചി അയച്ചണ്ടാര്‍ന്നാ?
ഇല്ലറീ അവരുടേതില്‍ പെണ്ണുങ്ങള്‍ടെ കാണാഞ്ഞത് കൊണ്ട് പറഞ്ഞ്‌ത്‌ണ്.
എനിക്കിഷ്ടല്ല ഐ.സി.എച്ച്. തൃശ്ശൂരത്തെ ഐ.സി.എച്ച് നും ശംഖുമുഖത്തേതിനും ഒരേ രുചിയാണു. ഒരേ ചുവന്ന കട്ട്ലറ്റ്. ഒരേ ചുവന്ന മസാല. ഹോ മഹാ ബോറ്! ലോകത്തെലാട്‌ത്തും ഐ.സി.എച്ചിന് ചുവന്ന മസാലയാവും.
പണ്ട് വല്യച്ചാച്ചനും, പിന്നീട് അച്ചന്‍കുഞ്ഞും പുറത്തിറങ്ങിയാല്‍ കോഫീഹൌസീന്നേ വല്ലതും വാങ്ങി തരുമായിരുന്നുള്ളൂ. ഒട്ടും പേടിക്കാണ്ട് അവടന്ന് കഴിക്കാം എന്നാര്‍ന്നു വിശ്വാസം. ഇപ്പോ ആര്‍ക്കും വേണ്ടാണ്ടായ അത്?
ബുജികള്‍ക്ക് വൈന്നേരം ഗ്യാസടിക്കാനള്ള സ്ഥലാന്നാണ് കുഞ്ഞുമോഞ്ചേട്ടന്‍ പറേണെ.
അവനും അവന്റെ ഗഡ്യോള്‍ക്കും നവരത്നേലല്ലേ പറ്റ്. അപ്പോ ഇതു മോശക്കാരനാവും. അതിശയല്യാ..
***************************************
കണ്ട കണ്ടാ ഇപ്പോ സ്പീഡിലെത്തീലെറീ നമ്മളിവടെ. നീ ഓഡര്‍ ചെയ്യ് ഞാന്‍ കൈകഴുകട്ടെ.
“മഹാരാജാവേ, ഒരു കാപ്പി.. ഒരു ഫ്രൂട്ട്‌സലാഡ്..”
6 comments:
നാലഞ്ച് ബെഞ്ചും മേശയും കൂട്ടിയിട്ട് ഊണ്‍ തയ്യാര്‍ എന്നൊരു ബോറ്‌ഡും തൂക്കിയിട്ട ഇടങ്ങളിലേക്ക് ഒറ്റക്ക് കേറീട്ടുണ്ടോ പെണ്ണമ്മച്ചീ? രസികന്‍ കുറിപ്പ്.
കുറിപ്പ് കൊള്ളാം..
നായ്ക്കനാലില്‍ കാലന്‍ കേശവന്റെ ഹോട്ടല്‍ ഇപ്പോഴും ഉണ്ടോ? :)
രേഷ്മയ്ക്കു വേണ്ടി ഒരു പോസ്റ്റ് ഇട്ടീട്ടുണ്ണ്ട്.
മൂര്‍ത്തി- നായ്ക്കനാലിലെ പഴയ കടകളൊക്കെ പോയി. നടുവിലാലെ ചിലതൊക്കെ ഇപ്പഴും ഉണ്ടെന്ന് തോന്നണു. മണീസാണ് ഇപ്പോഴും പഥ്യം. :)
മൂര്‍ത്തി തൃശ്ശൂര്‍ക്കാരനാ?
ഐസിഎച്ച് എന്നു മാത്രം പറഞ്ഞാല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ കോഫീ ഹൌസാ ഓര്‍മ്മ വരിക..
ഇന്ത്യന്‍ കോഫി ഹൌസ് എവിടെ കണ്ടാലും ഒരു നൊസ്റ്റാള്‍ജിക്കാണ്, കേറി ഒരു നാരങ്ങവെള്ളം കുടിക്കാതെ പോരാന്‍ പറ്റില്ല
അല്ലാണ്ട് പിന്നെ..
ത്രിവേണി പുട്ട്യേപിന്നെയാണ് മണിസില്‍ പോയി തുടങ്ങിയത്,പിന്നെ അനുപമ,കോഫിഹൗസ്,രാഗത്തിന്റെ കുറ്ച്ചിപ്രത്ത് മുകളിലേക്ക് കേറിയിട്ട് വേരൊരു ഹോട്ടല്‍,പത്തന്‍സ്,ഭാരത് .............
ഇങ്ങനത്തെ പോസ്റ്റിട്ട് മനുഷ്യനെ വെഷമിപ്പിക്കര്ത്ട്ടാ
Post a Comment