Monday, May 26, 2008

എതിര്‍ലിംഗമില്ലാപദങ്ങള്‍

എതിര്‍ലിംഗപദങ്ങള്‍ ഇല്ലാത്ത സ്ത്രീലിംഗ പദങ്ങളെ കുറിച്ച് (കന്യക, പതിവ്രത, ചാരിത്യം, മച്ചി, വേശ്യ മുതലായവ) ഫെമിനിസ്റ്റുകള്‍ പ്രസംഗിക്കാറുണ്ടല്ലോ. ഈ വാക്കുകളുടെ ഉത്പത്തി, സാമൂഹിക പ്രാധാന്യം എന്നിവയെ കുറിച്ച് ഫെമിനിസ്റ്റുകള്‍ക്ക് രണ്ടമതൊരു ചിന്തയുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ എതിര്‍ലിംഗ പദമില്ലാത്ത പുലിംഗ പദങ്ങളെ കുറിച്ച് ചിന്തിച്ചാലോ.

വെറുതെ ആലോചിച്ചപ്പോള്‍ കിട്ടിയ വാക്കുകള്‍

വിടന്‍ - എതിര്‍ലിംഗം വിട ആയാല്‍ എന്തായാലും ഉദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടില്ല.

ക്ഷുരകന്‍ - ക്ഷുരക എന്നൊരു വാക്കാവാമോ? അപ്പോള്‍ വ്യത്യസ്തനാമൊരു ബാര്‍ബറിലെ ക്ഷുരകപ്രവീണന്‍ എന്നതിന്റെ അര്‍ത്ഥം ഇത്തിരി പ്രശ്നമാവില്ലേ? (വ്യത്യസ്തനാമൊരു ബാര്‍ബറില്‍ ഷൌരപ്രവീണന്‍ എന്നാണ്)

മനുഷ്യന്‍ - മനുഷി. മനുഷ്യത്തി എന്നു പറഞ്ഞു കേട്ടിരിക്കുന്നു. നിഘണ്ടുവിലുണ്ടോ?

മുനി - മുനിയ്ക്ക് എന്തോ എതിര്‍ലിംഗ പദം ഉണ്ടെന്ന ഓര്‍മ്മയില്‍ ഒന്നു തപ്പി നോക്കിയപ്പോള്‍ കണ്ടത് രസകരം.മുനികുമാരി, മുനി കന്യക എന്നൊക്കെ ശകുന്തളയെ കുറിച്ച് പറയുന്നുണ്ട്. പണ്ട് കാലത്ത് മുനികളായി സ്ത്രികള്‍ ഇല്ലാതിരുന്നത് കൊണ്ടാണൊ അത്? അങ്ങനെയെങ്കില്‍ തര്‍ക്കശാസ്ത്ര വിശാരദളായ (യാജ്ഞവത്ക്യ മുനിയുടെ ഭാര്യമാര്‍) മൈത്രേയിയേയും ഗാര്‍ഗ്ഗിയേയും എന്തായിരിക്കും വിളിച്ചിരിക്കുക?

പുരുഷാര്‍ത്ഥം - ധര്‍മ്മം, അര്‍ത്ഥം കാമം, മോക്ഷം. ഇതിനെല്ലാം കൂടെ മനുഷ്യാര്‍ത്ഥം എന്ന് കൊടുത്താലോക്ക്

പുരുഷവാക്ക്, പുരുഷായുസ്സ്,പുരുഷാരവം

പുലി - സിംഹം- സിംഹിണി, കൊമ്പന്‍-‍പിടി, കാള-പശു, എരുമ-പോത്ത്, നായ-പട്ടി പോലെ പുലിയ്ക്ക് ഒരു വാക്കുണ്ടോ? ഈയിടെ പുലിയത്തി എന്ന് പറഞ്ഞു കേള്‍ക്കുന്നു. ആണ്‍പുലി, പെണ്‍പുലി എന്നാണ് ക്ലാസ്സിക്കല്‍ പ്രയോഗം. വെറും പുലി എന്നാല്‍ ആണ്‍പുലി എന്നു പൊതുവെ വിവക്ഷ. മൃഗങ്ങളെപ്പോലെ വ്യതസ്ത നാമങ്ങള്‍ പക്ഷികളുടെ എതിര്‍ലിംഗങ്ങള്‍ക്കില്ല. പൊതുവെ പക്ഷികള്‍ക്ക് പൂവന്‍-പിട എന്നും ആണ്‍ -പെണ്‍ എന്നുമാണു.

ഇടയന്‍ - ഇടയത്തി. ഇടയ എന്നൊരു വാക്കില്ല. ഇടയകന്യക, ഇടയസ്ത്രീ എന്നൊക്കെയുള്ള വാക്കുകള്‍ ഉണ്ട്. പണ്ട് ഇടയന്മാരുടെ ജോലി സ്ത്രീകള്‍ ചെയ്തിരുന്നില്ലെന്നാവാം.

വിദ്വാന്‍ - വിദുഷി. മലയാളം, ഹിന്ദി പരീക്ഷകള്‍ സ്ത്രീകള്‍ പാസ്സായാലും പദവി വിദ്വാന്‍ (പണ്ഡിറ്റും അങ്ങനെ തന്നെ). വിദ്വാത്തി എന്നൊരു ഗ്രാമ്യവാക്ക് കേട്ടീട്ടുണ്ട്.

രാഷ്ട്രപതി - ഈയിടെ കോലാഹലം സൃഷ്ടിച്ച വാക്ക്. പ്രതിഭാപാട്ടേല്‍ ഇപ്പോഴും രാഷ്ട്രപതിയായി തുടരുന്നു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തമാശയുണ്ട്. രാഷ്ട്രം സ്ത്രീ എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് രാഷ്ടത്തിന്റെ പ്രഥമ പൌരന്‍ രാഷ്ട്രത്തിന്റെ ഭര്‍ത്താവായ സംരക്ഷകന്‍ എന്നനിലയ്ക്ക് രാഷ്ട്രപതി ആവുന്നത്. രാഷ്ട്രത്തിന്റെ പ്രൌരത്വത്തില്‍ പ്രഥമസ്ഥനത്ത് ഒരു പൌര വരുമ്പോള്‍ സങ്കല്‍പ്പം തന്നെ മാറ്റേണ്ടി വരുന്നു. ഒന്നുകില്‍ രാഷ്ട്രം സ്ത്രീയല്ലാതാവണം (പുരുഷനാവണം),എന്നീട്ട് സംരക്ഷകനു പകരം സ്ത്രീ സംരക്ഷകയാവണം - രാഷ്ട്രപത്നി. അല്ലെങ്കില്‍ രാഷ്ടം സ്ത്രീയായി സംരക്ഷണം മാതാവിനെ (സ്ത്രീയെ) ഏല്‍പ്പിക്കണം- രാഷ്ടമാതാവ്. എന്തായാലും ഒരു സങ്കല്‍പ്പം പൊളിയും. ഫെമിനിസ്റ്റുകള്‍ എന്ത് പറയുന്നു?

രാഷ്ട്രപതി - രാഷ്ട്രത്തിന്റെ അധികാരി. പതി എന്നാല്‍ അധികാരി

കണ്ണന്‍ (ഒരു തരം മീന്‍) - മാനത്തു കണ്ണി?

ഇംഗ്ലീഷില്‍ ബുള്‍ഷിറ്റ് എന്ന പ്രയോഗത്തിനും മലയാളത്തിലെ കാളമൂത്രം എന്ന പ്രയോഗത്തിനും പകരം എന്തുണ്ട്?


വായനക്കാര്‍ക്ക് പുതിയ വല്ല വാക്കുകളും നിര്‍ദ്ദേശിക്കാനുണ്ടോ?

(തിരുത്തലുകള്‍ എല്ലാം നീല നിറത്തില്‍ കൊടുത്തിരിക്കുന്നു.)

9 comments:

തറവാടി said...

ഞാനും എഴുതാം ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല ;)

നാടന്‍ ,
കണ്ണന്‍ ( മത്സ്യം)
ബലവാന്‍ , ശ്കതിമാന്‍ ( ശക്തിമതി ഉണ്ടോ? )


ഒര്‍മ്മയില്‍ ഇതേയുള്ളു :)

നന്ദു said...

ഇത് പ്രപഞ്ചത്തിൽ ചെന്നു പെട്ടതുപോലായിപ്പോയി..
കോടീ കോടീ നക്ഷത്രങ്ങളിലൊന്ന് ഭൂമി,
ഈ സൂര്യനെപ്പോലെ താപമുള്ള അനേകം സൂര്യന്മാരുണ്ടാവാം ആ സൂര്യന്മാർക്കൊക്കെ സുന്ദരിമാരായ ഭൂമി മാരുണ്ടാകാം അതിലൊക്കെ നമ്മളേക്കാൾ കേമന്മാരായ മനുഷ്യരുണ്ടാകാം ഇങ്ങനെ ചിന്തിച്ചാൽ അന്തമില്ലാന്നു പറേന്ന പോലെ ഇതുപോലോരൊരൊ വാക്കുകൾ തപ്പി നടന്നാലൊരു രക്ഷെമുണ്ടാവില്ല.

ഇല്ലാത്തതിനൊക്കെ ഇനി പുതൂതായി ഓരൊ വാക്ക് കണ്ടുപിടീക്കുക പറഞ്ഞു പറഞ്ഞ് പ്രചാരത്തിലാക്കുക അല്ലതെ വേറേ വഴിയില്ല..

രാജ് നീട്ടിയത്ത് said...

വിദുഷി?

രാജേഷ്‌ ആര്‍. വര്‍മ്മ said...

വിടന്‍ - ദുര്‍‌വൃത്തനായ പുരുഷന്‍ എന്ന അര്‍ത്ഥത്തിലാണെങ്കില്‍ സ്ത്രീയ്ക്ക് കുലട, പുംശ്ചലി തുടങ്ങി പല വാക്കുകളുമുണ്ട്.

ക്ഷുരകന്‍ - ക്ഷുരകസ്ത്രീ, അമ്പട്ടത്തി, ബ്യൂട്ടീഷ്യന്‍ :-). വ്യത്യസ്തനാമൊരു ബാര്‍ബറില്‍ ക്ഷൗരപ്രവീണന്‍ എന്നല്ലേ?

മനുഷ്യന്‍ - മനുഷി, മാനുഷി

മുനി - മുനിതന്നെയാണെന്നു തോന്നുന്നു. മൗനവ്രതമുള്ള സ്ത്രീകളെ അധികം കാണാനില്ലാത്തതുകൊണ്ടായിരിക്കാം ഈ വാക്കു പുരുഷന്മാര്‍ക്കു മാത്രമുള്ളതാണെന്നു തോന്നാന്‍ കാരണം.

പുരുഷാര്‍ത്ഥം - മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ പുരുഷന്‍ എന്നു പണ്ടു ധാരാളം ഉപയോഗിച്ചിരുന്നു. (എന്തുകൊണ്ട് എന്ന ചോദ്യം വേറെ.) ഉദാ: പുരുഷമേധം എന്നു പറഞ്ഞാല്‍ നരബലി. ഇത് ആണിനെ തന്നെ ആവണമെന്നില്ല. പുരുഷവാക്ക് എന്നു പറഞ്ഞാല്‍ തത്ത (മനുഷ്യനെപ്പോലെ സംസാരിക്കുന്നത്), പുരുഷായുസ്സ് നൂറുകൊല്ലം

പുലി - "പുലിപ്പാലിനു കാട്ടില്പ്പോയ മണികണ്ഠകുമാരനതാ പുലിപ്പുറത്തു കയറി വരുന്നു."

ഇടയന്‍ - ഇടച്ചി, ഇടയസ്ത്രീ, ഇടയത്തി, ഗോപിക, ഗോപാലിക, ഗോപസ്ത്രീ, ഗോപി

വിദ്വാന്‍ - രാജ് പറഞ്ഞതുപോലെ വിദുഷി തന്നെ. മലയാളം വിദ്വാന്‍ എന്നതു ബിരുദത്തിന്റെ പേരല്ലേ? അതിനു സ്ത്രീലിംഗം വേണ്ട. പെണ്ണിനെ Mistress of Arts എന്നു പറയില്ലല്ലോ.

പതി സംസ്കൃതത്തില്‍ പുല്ലിംഗമായിരിക്കാം. മലയാളത്തില്‍ ഏകാധിപതിയും മറ്റും സ്ത്രീകളെക്കുറിച്ചും ഉപയോഗിക്കാറുണ്ടല്ലോ. പതി എന്നതിന്‌ (ഭര്‍ത്താവ് എന്നതില്‍ നിന്നാവാം) ഉടമ എന്നും അര്‍ത്ഥമുണ്ട്.

Anonymous said...

ലിംഗം= സൂചകം; എന്തിന്റെ? എല്ലാം കലര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍നിന്നു എന്തിനേയെങ്കിലും വേര്‍തിരിച്ചു കാണിക്കാനുള്ള അടയാളം; ലീനമായ അവസ്ഥയെ ഇല്ലാതാക്കുന്നത്(പോക്കുന്നത്)-ലീനം ഗമയതി.
പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു വേര്‍തിരിവാണ് ആണ്‍,പെണ്‍,നപുംസകമെന്നതുകൊണ്ട് ആ അര്‍ഥത്തില്‍ പ്രചാരമായി എന്നു മാത്രം.
(സാകാരാരാധന ആദ്യം ആരംഭിച്ചത് ശൈവതത്വത്തിന്റെയാണ്.അരൂപിയായ ബ്രഹ്മത്തിന്റെ ശൈവതത്ത്വത്തെ സൂചിപ്പിക്കുന്ന അടയാളം എന്ന അര്‍ത്ഥത്തിലാണ് ശിവലിംഗം എന്ന സങ്കല്പം ഉണ്ടായത്. അല്ലാതെ അത് സെക്സ് സിംബല്‍ ആയല്ല. ഇതറിയാത്തവരും മറ്റുചിലരും ചേര്‍ന്ന് എത്ര പേരെ തെറ്റിദ്ധരിപ്പിച്ചു? ‘വരേണ്യം’, ‘ഗീര്‍വാണം’ എന്നീ പദങ്ങളും ഇക്കൂട്ടത്തില്‍പെടും.
രാജേഷ്.ആര്‍.വര്‍മ്മ എഴുതിയതാണ് ശരി; പുലി എന്നു പറയുമ്പോള്‍ ആ മൃഗവിഭാഗം എന്നേ ഉദ്ദേശിക്കുന്നുള്ളൂ.പെണ്‍പുലിക്കേ പാലുള്ളൂ എന്ന് പറയേണ്ടതില്ലല്ലൊ.
സംസ്കൃതത്തില്‍ നാമപദങ്ങളുടെ ലിംഗനിര്‍ണ്ണയത്തിനു ആണോ പെണ്ണോ എന്നു നോക്കിയാല്‍ പോര. ഭാര്യ എന്ന അര്‍ഥത്തിലുള്ള ‘ദാര,കളത്ര’പദങ്ങള്‍ (ധര്‍മദാരങ്ങള്‍-ഒരാളാണെങ്കിലും ആദരപൂര്‍വം ബഹുവചനമായേ പറയൂ) സ്തീലിംഗമല്ല!
ദേവതാ എന്ന സ്ത്രീലിംഗപദം തന്നെ കൃഷ്ണനേയും ശിവനേയും സൂചിപ്പിക്കാം- വിശേഷണവിശേഷ്യങ്ങള്‍ ഒരേ ലിംഗവചനങ്ങളാകണമെന്ന നിയമമുള്ളതുകൊണ്ട് പൂര്‍ണ്ണമായും സ്തീലിംഗവിശേഷണങ്ങളുപയോഗിച്ചുകൊണ്ട് പരദേവതയായ കൃഷ്ണനെ സ്തുതിക്കുന്ന ശ്ലോകങ്ങള്‍ ഉണ്ട്.
ഇന്ന് നടപ്പിലുള്ള സമ്പ്രദായത്തില്‍ അച്ഛന്റെയോ ഭര്‍ത്താവിന്റെയോ ജാതിപ്പേര്‍ തന്റെപേരിനോടുചേര്‍ത്തു പറഞ്ഞു ഒരു സ്ത്രീ.എന്തോ ഒരു വാരിയര്‍ എന്ന്. അതെന്താ നിങ്ങള്‍ വാരസ്യാരല്ലേ എന്നു ഒരു കോമഡിക്കാരന്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്.

അനോണി ആന്റണി said...

പതി എന്നതിനു ഭര്‍ത്താവ് എന്നുമാത്രമല്ല അര്‍ത്ഥം. ഉടമ, അധികാരി, രക്ഷാധികാരി, പരമാധികാരി എന്നൊക്കെയാണ്‌ അതിന്റെ മറ്റൊരര്ഥം. ( സ്ത്രീയുടെ രക്ഷാധികാരി എന്ന അര്‍ത്ഥത്തിലാണ്‌ അവളുടെ പതി എന്നു പറയുന്നത് എന്നും ഇത് തെറ്റാണെന്നും ഉപയോഗിക്കരുതെന്നും പറയൂ സ്ത്രീകളേ)

സഭാപതി എന്നാല്‍ സഭയെ മൊത്തമായി കെട്ടിയവനല്ല, സഭയുടെ മേല്‍ അധികാരമുള്ള ആള്‍- കോമണ്‍ ജെന്‍ഡര്‍

ഗിരിപതി എന്നാല്‍ മലയെ വിവാഹം ചെയ്ത ആളല്ല.
ഗണപതി ഭൂതഗണങ്ങളുടെ കെട്ടിയവനാണോ? തള്ളേ!
സേനാപതിയോ, മൂപ്പര്‍ ഇത്തരക്കാരനാണോ? ഛെ.

കോടിപതി, ഭൂപതി, വിദ്യാപതി, അധിപതി, എന്നൊക്കെ പറയുമ്പോലെയേ പ്രജാപതിയും രാഷ്ട്രപതിയും വരുന്നുള്ളു. പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി തന്നെ തീര്‍ച്ചയായും.


ബൈ ദ വേ ഇല്ലനക്കരി എന്ന് ഞങ്ങടെ തിരുവന്തോരത്ത് കേട്ടിട്ടില്ല, പൊഹയറ (പുക+..) എന്നാണ്‌ ഞങ്ങള്‍ പറയാറ്‌. ഇല്ലനക്കരി എന്നത് ഇല്ല (വീട്) + നാ (വൃത്തികെടുത്തുന്ന) + കരി (എന്നാകാം) ( ഇല്ലം പ്രോപ്പര്‍ മലയാളം, നായും കരിയും ആദിദ്രാവിഡവാക്കുകള്‍, പക്ഷേ മലയാളത്തില്‍ ഇഷ്ടമ്പോലെയുണ്ട് ( കരിഞ്ഞു നാറുന്നു....) . ഇത് ശരിയാകണമെന്നൊന്നുമില്ല കേട്ടോ, ഒരു രസത്തിനു വര്‍ക്ക് ചെയ്തു നോക്കിയതാ.

മോളമ്മ said...

തറവാടി, നാടന്‍ പൊതുവെ ആണിനും പെണ്ണിനും ഉപയോഗിക്കാറില്ലേ. നാടന്‍ പെണ്ണ് , തനി നാടന്‍ സ്ത്രീ.
'ന്‍' എന്ന ചില്ല് വരുന്നതു കൊണ്ടാണ് പുലിംഗപ്രതിതി കിട്ടുന്നത്.

മീനിനു പൊതുവെ ലിംഗം തിരിച്ചു പേരു കേട്ടിട്ടില്ല. വെള്ളൂരി, മുള്ളന്‍, പരല്‍, ഏട്ട, മുശു.. കണ്ണന്‍ പക്ഷെ പുലിംഗത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒബ്ജെക്ഷന്‍ വരുന്ന വരെ ലിസ്റ്റിലിടുന്നു. അപ്പോള്‍ മാനത്തു കണ്ണി, വെള്ളൂരി പെണ്ണുങ്ങളാണോ? :)

ബലവതിയും, ശക്തിവതിയും പ്രയോഗത്തിലുണ്ട്.

നന്ദു - ഭാഷാസ്നേഹമാണ് പോസ്റ്റിന്റെ പ്രാധാന ഹേതു. അവസാനം പറഞ്ഞത് ചെയ്യാവുന്നതാണ്.

രാജ്, രാജേഷ് - സ്കോളര്‍ എന്ന അര്‍ത്ഥത്തില്‍ പുരുഷന്മാര്‍ക്കും വിദുഷി ഉപയോഗിച്ചു കണ്ടീട്ടുണ്ട്. അത് തെറ്റാണോ? തെറ്റല്ലെങ്കിലും വിദുഷി, വിദ്വാന്റെ സ്ത്രിലിംഗമായി എടുക്കാം അല്ലെ?

രാജേഷ് - വിടന്‍ എന്നത് വേശ്യ എന്നതിന്റെ പുലിംഗമായി കാണാമോ? എങ്കിലല്ലേ കുടില, പുംശ്ചലി ഒക്കെ വിടന്റെ സ്ത്രീലിംഗമാവൂ. അങ്ങനെയാണെങ്കില്‍ വേശ്യയ്ക്ക് പുലിംഗമില്ലാ എന്ന് പറയുന്നത് ശരിയല്ലാ അല്ലെ?

ഷുരകന്‍ - വ്യതസ്തനാമൊരു ബാര്‍ബറിനെ തെറ്റികേട്ടതാണ്. അപ്പോള്‍ ഷുരക മതി. സ്ത്രീ, പെണ്‍ ചേര്‍ത്തതൊന്നും എടുക്കില്ല. എതിലിംഗപദം ഇല്ലാതാകുമ്പോള്‍ എടുക്കുന്നതാണ് അത്. അംബട്ടന്‍ ഒരു ജാതി അല്ലെ? എല്ലാ അംബട്ടന്മാരും ഇപ്പോള്‍ ഷുരകന്മാരല്ല.

മനുഷന്‍ - മനുഷി ഒക്കെ. മാനുഷി, മാനുഷ്യന്റെ എതിര്‍ലിംഗമല്ലേ.

മുനി- മൌനവ്രതമുള്ള ധാരാളം സ്ത്രീകളുണ്ട് കന്യാസ്ത്രീകളായി മിണ്ടാ മഠങ്ങളില്‍ . പക്ഷേ അവരൊക്കെ കന്യാസ്തീകള്‍ മാത്രം മുനികളല്ല.

മനുഷന്‍ = പുരുഷന്‍, എന്നതു ഉദ്ദേശിച്ച് തന്നെ ആണ് അത് എഴുതിയത്. കാലം മാറി സ്ത്രീയും മനുഷി ആയപ്പോള്‍ അതിനും ഒരു വാക്ക് വേണ്ടെ? പുരുഷവാക്കും പുരുഷായുസ്സും പട്ടികയില്‍ ചേര്‍ക്കാം എന്ന് തോന്നുന്നു.

പതി - ആണു ഏറ്റവും അധികം സന്തോഷിപ്പിച്ച വാക്ക്, രാജേഷിനും ആന്റണിയ്ക്കും വളരെ നന്ദി. പതി മലയാളത്തില്‍ എടുത്താല്‍ മതി. അപ്പോള്‍ അധികാരി.വളരെ വ്യക്തം. ഇതു ശ്രദ്ധിച്ചിരുന്നില്ല.

പുലി - ചിലയിടത്ത് സ്ത്രീലിംഗമായി വെറും പുലി കണ്ടിരുന്നു. ഈയടുത്ത് പുലിയ്ക്ക് കൂടുതല്‍ ശ്രദ്ധകിട്ടിയ സാഹചര്യത്തില്‍ മറ്റു മൃഗങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോഴാണു എതിര്‍ലിംഗത്തെ ശ്രദ്ധിച്ചത്.

ഇടയന്‍ -ഇടയത്തി ഒക്കെ. അങ്ങനെ ഒരു വാക്കു കേട്ടീട്ടിലായിരുന്നു.

അനോണിമസ് - ലിംഗം എന്നതിന്റെ മലയാളത്തിലെ സാമാന്യ അര്‍ത്ഥിലാണ് എടുത്തത്. സംസ്കൃതം ഒരു പിടിയുമില്ല. നിഘണ്ടു ആവട്ടെ കയ്യിലുമില്ല. ശിവലിംഗത്തിന്റെ അര്‍ത്ഥം ഞെട്ടിച്ചു. തെറ്റിദ്ധരിപ്പിക്കപ്പെട്ടവരില്‍ ഞങ്ങളും പെടും. പ്രകൃതി - പുരുഷ എന്നൊക്കെ പറഞ്ഞ് പറ്റിക്കുകയായിരുന്നോ പാവം സ്ത്രീ ജനങ്ങളെ ഇത്രകാലം ആളുകല്‍?

ആന്റണി- പതി ക്ലിയറാക്കിയതിനു വളരെ നന്ദി. ഇല്ലനക്കരിയുടെ ന ചേര്‍ന്ന വിശദീകരണം ഇഷ്ടപ്പെട്ടു.

എല്ലാവര്‍ക്കും നന്ദി.

രാജേഷ്‌ ആര്‍. വര്‍മ്മ said...

വിദുഷി എന്നത്‌ ആണുങ്ങള്‍ക്കു ഉപയോഗിച്ചു കാണുന്നത്‌ ഇതു രണ്ടാമത്തെത്തവണയാണ്‌. ഇതൊരു പ്രാദേശികപ്രയോഗമായിരിക്കുമോ? നിഘണ്ടുവില്‍ സ്ത്രീലിംഗം തന്നെ.

വിടന്‍, മനുഷ്യന്‍ - മോളമ്മ പറഞ്ഞതാണു ശരി. ഒരേ റൂട്ട്‌ ഉള്ള വാക്കു വേണമല്ലോ. അതാലോചിക്കാതെ എഴുതിയതാണ്‌. പിന്‍വലിച്ചിരിക്കുന്നു.

ഈ അനോണിമസ്‌ (ആന്റപ്പനല്ല. മറ്റെയാള്‍) പറയുന്നതൊക്കെ സ്വല്‍പം ഉപ്പുപുരട്ടി മിഴുങ്ങിയാല്‍ മതി. റെഫറന്‍സൊന്നുമില്ലാതെ ഇങ്ങനെ ആയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ എഴുതുന്നതാണെന്നു തോന്നുന്നു. അല്ലെങ്കില്‍ത്തന്നെ വിഷയവുമായി ബന്ധമില്ല.

മോളമ്മ said...

രാജേഷ് - ചില ലിങ്കുകള്‍ നോക്കൂ. 1,2. പുരുഷലിംഗമായി ‘വിദുഷി‘ ചില പുസ്തകങ്ങളിലും കണ്ട ഓര്‍മ്മയുണ്ട്. നിഘണ്ടുവില്‍ സ്ത്രീലിംഗമാണെങ്കില്‍ പിന്നെ വാദമില്ല.