Tuesday, August 19, 2008

‘ഇടവ'മൂല

ട്യേയ് പെണ്ണമ്മേ ഇതെന്തൂട്ടണ്ടീ ഈ കാണണിവടെ? ഒരു ചെരുപ്പ് കടേല്‍ക്കിള്ള ചെരുപ്പിണ്ടല്ലോ നിന്റെ ഉമ്മാറ്ത്ത്?

അയിന്റെ പാതീം മുക്കാലും കളയാനിള്ളതാണ്. ആ ഉമ്മാറ്ത്തെ മുറി കുഞ്ഞോളെടുത്തേപ്പോ പഴേ ചെരുപ്പിടാന്‍ സലല്യാണ്ടായി.

അല്ലറിവളെ ഈ ചെരുപ്പ് കൂട്ടീട്ടേക്കണ സലല്ലേ നിങ്ങടെ വീടിന്റെ കന്നി മൂല്യായിറ്റ് വരാ? ഭയങ്കര ഐശ്വര്യക്കേടാണ് കന്നിമൂലേല് ശുദ്ധില്യാത്ത സാധനങ്ങല് ഇടണത്. നീയതൊക്കെ അവടന്ന് മാറ്റീറ്റ് അവിടൊരു സ്റ്റൂളില് ഒരു ഈശോന്റെ പടാ വയ്ക്ക്. എല്ലാ ഏന്നക്കേടങ്ങടാ മാറും.

ഓ! ഒരിത്തിരി ഏന്നക്കേടീ വീടിനിരിക്കട്ടെ അല്ലെങ്കിലെന്തൂട്ടാണ് രസം? അതെന്തൂട്ട്‌ണ് ഒരു പുത്യേ മൂല, കന്നിമൂല്യാ? കന്നി, എടവം വൃശ്ചികൊക്കെ മലയാളമാസല്ലെ അയിനൊക്കിപ്പോ മൂലീം ഇണ്ടാ?

ഇവളീതേത് ലോകത്താ? ചിങ്ങം, കന്നി, ത്‌ലാം അതില്‍‌ത്തെ കന്ന്യോന്നല്ല ഈ കന്നിമൂല. ഇത് വാസ്തൂണ്.. വാസ്തൂ. വാസ്തൂല്, തെക്ക് പടിഞ്ഞാറ് മൂലീന് കന്നിമൂലാത്രേ! നീയ് ഇതേവരെ വാസ്തൂന്ന് കേട്ട്‌ട്ടില്ലേ?

അതീ മനോരമക്കാര് ആളെ പറ്റിക്കാന്‍ എഴുതണ സാനല്ലേ?

ആളെ പറ്റിക്കാനാ? ഇവള്‍ക്ക് എന്ത് പറഞ്ഞാലും പറ്റിക്കലാണ്. ഇത് പറ്റിക്കലൊന്നല്ല. ശാസ്ത്രാണ്.. ശാസ്ത്രം. വാസ്തുശാസ്ത്രം!

അയ്‌ശരി. ഇതെന്നു തൊട്ടാണ് ശാസ്ത്രായേ ഞാനറിഞ്ഞില്ലാട്ടാ!!അതുപോട്ടെ, ചേച്ചിയ്ക്കിപ്പോ ഈ കന്നിമൂലാന്നൊക്കെള്ള സംഗതിയോള് എവടനാണ് കിട്ട്യേ?

ഇമ്മടെ കുഞ്ഞോനില്ലേ അവന്റെ കമ്പനി പുത്യേ ആള്‍ക്കാര് ഏറ്റെത്തേപ്പോ അവര് വാസ്തു നോക്കിച്ചൂന്ന്. കന്നിമൂല ക്ഷയിച്ചിരുന്നോണ്ടാന്ന് പഴേ ആള്‍ക്കാര്‍ക്ക് ഗതി പിടിക്കാഞ്ഞത്‌ന്ന്. പഴേ ആള്‍ക്കാര്‍ക്ക് ചാത്തന്‍സേവീം ഇണ്ടാര്‍ന്നൂത്രേ!

ഈ ചേച്ചീരെ ഒരു കാര്യം. നൂറുതവണ ഞാന്‍ പറഞ്ഞണ്ട് ഈ ചാത്തന്‍ കീത്തന്‍ എന്നൊക്കിള്ള അന്ധവിശ്വാസം എന്നോട് വെളമ്പരുതെന്ന്. ഈ അന്ധവിശ്വാസം നിര്‍ത്താര്‍ണ്ട് ആ കുഞ്ഞോന്‍ ഈ ജന്മത്ത് ഗതിപിടിക്കൂല അവന്റൊരു കന്നിമൂലം ത്‌ലാ മൂലേം. മിണ്ടാണ്ട് പൊക്കോ അവട്‌ന്ന്. ഇത്രനാളും കന്നിമൂലരെ കൊഴപ്പം കൊണ്ടാര്‍ന്നൂലോ അവനിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടന്നത്?

അതേരീ, അതൊക്കെ കാരണാത്രേ. അവനെന്തായാലും ഒരു വാസ്തു നോക്കണ ആളെ കൊണ്ടന്ന് ഞങ്ങടെ കന്നിമൂല കണ്ട് പിടിച്ച് അവിടെ ശുദ്ധ്യാക്കി ഇട്ടു. ഇനി അയിന്റെ കൊറവോണ്ടൊരു ഗതികേട് വരണ്ടാന്ന് ഞാനങ്ങട് വിചാരിച്ചു.

ബെസ്റ്റ്. ഇനി നിങ്ങടോടെ സ്വര്‍ണ്ണ മഴ്യായിര്ക്കും. ഒരു രണ്ട് ഗ്രാം സ്വര്‍ണ്ണം എനിക്ക് തന്നോള്ളോട്ട ചേച്ച്യേ. എന്റെ ഒരു പല്ലിന്റെ ഓട്ടടയ്ക്കാനിടാര്‍ന്നു.

നിനക്കെന്തു പറഞ്ഞാലും തമാശീം പരിഹാസോം. എന്റെ ക്ടാവും ഒരൂസം നന്നാവൂറീ. അപ്പോ നീ നോക്കിക്കോ.

ആ അപ്പോ നോക്കാം. ആദ്യമവനോട് ഇച്ചിരെ ആത്മവിശ്വാസത്തില്‍ ഒരു ജോലീല് ഒറച്ച് നിക്കാമ്പറ. പിന്ന്യോക്കെ തന്നെ ശര്യായ്ക്കോളും. ഒരു കന്നിമൂലക്കാര് വന്നേക്ക്‌ണു.
ചേച്ചിയ്ക്ക് ഇക്കൊല്ലത്തെ അവസാനത്തെ ചക്ക വേണങ്കെ വാ. ആ വടക്കേലെ പ്ലാവില് രണ്ടെണ്ണ് കൂടീണ്ട്. എന്നെകൊണ്ട് ഒറ്റയ്ക്ക് പൊട്ടിക്യാന്‍ പറ്റില്യാ.

ഒവ്! ഈ പ്ലാവ് മുക്കാലും മഠത്തിന്റെ പറമ്പില്‍ക്കാണലോടീ ചാഞ്ഞ് കെടക്കണെ.
ഇതെന്തൊട്ടണ്ടീ പെണ്ണമ്മേ ഇത്ര വിശാലായിറ്റ് ഒരു പറമ്പ് വെറ്‌തേ കെടക്കുമ്പോ നീയീ ചവരൊക്കെ ഈ പ്ലാവിന്റെ മൂട്ടീലന്നെ കൂട്ടീട്ടേക്കണേ. അടിച്ച്‌വാരി ആ മഠത്തിന്റെ പറമ്പില്‍‌ക്ക്യാ ഇട്ടൂടങ്ങട്? എന്റെ പറമ്പിലൊരു ചവറ് ഞാനിടില്യാ. ഒക്കീം ആ പാറായീരെ പറമ്പില്‍ക്കിടും.

എന്റെ തമ്പുരാനെ! ചേച്ചീരെ ആ വൃത്തിക്കെട്ട ശീലം ഇതേ വരെ നിര്‍ത്തീലേ? ഇന്നാള് ഞാനവടീള്ളപ്പഴല്ലേ ആ പാറായിരെ കാര്യസ്ഥന്‍ വന്ന് ചേച്ചിനെ ചീത്ത പറഞ്ഞത്?

ഓ! വല്ലപ്പൊഴൊക്കെ അവര് ചീത്ത പറയും അതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? ഇമ്മക്ക് ഇമ്മടെ പറമ്പ് വൃത്ത്യായിറ്റ് കെടക്കണം അത്രന്നെ.

ഓ! ചേച്ച്യേ ഞാനൊരു കാര്യം പറയാന്‍ മറന്നു. ഇന്നാള് കുഞ്ഞോള്‍ടെ ഒരു പ്രൊഫസ്സറ് ഇവടെ വന്നില്ലേ? ആളൊരു എഞ്ചിനീയറും കൂട്യാത്രേ. ആള് പറയണെ.. ഇമ്മള് അടിച്ച് വാരി വല്ലോരടേം പറമ്പില്‍ക്കിടണത് ഐശ്വര്യക്കേടാത്രേ!

അമ്പടീ.. ഇതു നീ എന്നെ കള്യാക്കാന്‍ പറയണതല്ലേ. തൊടങ്ങ്യവള്‍ടെ പരിഹാസം.

അല്ലാന്ന്.. കാര്യായിറ്റ്ണ്. എനിക്കിതിലൊന്നും വിശ്വാസല്ല്യാത്തോണ്ട് ഞാനതത്ര ശ്രദ്ധിച്ചില്ല. ഇതിപ്പോ ചേച്ചി കന്നിമൂലാ‍ന്ന് പറഞ്ഞപ്പ്‌ഴ്‌ണ് ഞാനിതോര്‍ത്തതന്നെ. പണ്ട് ചേച്ച്യന്നെല്ലേ പറയാറ് അടിച്ച് വാരി അടുപ്പിലിടരുതെന്ന്? ഞാനെന്നും അടുപ്പിലിടുമ്പോ ചേച്ച്യെന്നെ കണ്ണുപ്പൊട്ടണ ചിത്തേം പറയാറ്‌ണ്ട്, ഇല്ല്യേ?

ആ.. അടിച്ചു വാരി അടുപ്പിലിടാന്‍ പാടില്യാന്ന് പണ്ട് ഇമ്മടെ അമ്മ പറയാര്‍ന്നു.

അതുപോല്യെന്നെത്രേ ഇമ്മടെ പറമ്പിലെ ചവറ് അടിച്ചു വാരി വല്ലോന്റെ പറമ്പില്‍‌ക്കിട്ടാല് ഐശ്വര്യം മുഴുവന്‍ അവര്‍ക്ക് പോവൂന്ന്. ആ‍ പാറായിക്കാര്‍ക്കിപ്പോ എന്തോരം സ്വത്താന്ന വിചാരം. ഒക്കിം ചേച്ചിങ്ങനെ അടിച്ച് വാരീട്ട് ഐശ്വര്യം വരുത്തീറ്റാവും.

പിന്നീ ചവറൊക്കെ എന്തു ചെയ്യും?

അതിന്‌ണ് ‘എടവമൂല’. വീടിന്റെ വടക്ക് കിഴക്കേ മൂലേല് ഒരു കുഴിയെടുത്ത് ചവറൊക്കെ അവടെ കൂട്ടിടണം.. മഴക്കാലത്ത് അതവടെ കെടന്ന് ചീഞ്ഞോളും. വേനക്ക് എടക്കൊന്നു തീയിട്ട് കൊടുക്കാ. ഈ കുഴീല്‍ത്തെ മണ്ണ് എടുത്ത് ചെട്യോള്‍ക്കിട്ടാ ബെസ്റ്റാത്രേ! ഞാന്‍ നോക്ക്യേപ്പോ ഞങ്ങടോടത്തെ ചവറ് കുഴി വടക്ക് കിഴക്കെന്യണ്. പിന്നെ എനിക്കിതിലൊന്നത്ര വിശ്വാസോംമില്യാ. അപ്പോ പിന്നെ മൈന്റാക്കീല്യാ ചേച്ചിയ്ക്ക് വേണങ്കെ കുഴീടെ കണക്കൊക്കെ ഞാന്‍ ആ പ്രൊഫസറോട് ചോയ്ച്ച് പറഞ്ഞരാം.

അപ്പോ ഫ്ലാറ്റിലൊക്കെന്തൂട്ടാ ചിയ്യണെ?

ഫ്ലാറ്റിലൊക്കെ എല്ലാവര്‍ക്കും കൂടീറ്റൊരു ‘എടവമൂലീ’ട്ത്രേ. അയിനെ കമ്പോസ്റ്റ് കുഴീന്നും വെവരല്യാത്തോര് പറയും.

ആ.. ശര്യാണ്, കമ്പോസ്റ്റ് കുഴീന്ന് ഞാന്‍ കേട്ടണ്ണ്ട്. അന്നാ നീയൊന്നു ചോയ്ക്കറീ പെണ്ണമ്മേ. ചെലപ്പോ അതൊക്ക്യാവും ഐശ്വര്യക്കേട്.

ഏറ്റു. തല്‍ക്കാലം ദേ ചക്ക കെട്ട്യ ഈ കയറ് പിടി. ഞാന്‍ തോട്ടി വച്ച് കുത്താന്‍ പൂവാട്ടാ.

ഏലസാ ഏലസാ
അവസാന ചക്ക ഏലസാ
ഇടവ മൂല ഏലസാ
ഏലസാ ഏലസാ
**********************************

വായനക്കാരോട്- ദയവായി ആരും 'പെണ്ണമ്മ സ്പെഷന്‍ ഇടവമൂലയ്ക്ക് വേണ്ടി മറ്റ് വാസ്തുശാസ്ത്രക്കാരനെ സമീപിക്കരുത്. അതു പെണ്ണമ്മ സ്പെഷലാണ്. അവരുടെ ഉപദേശം ശാസ്ത്രീയമായിരിക്കണമെന്നില്ല. പെണ്ണമ്മ സ്പെഷല്‍ ഉപദേശം വേണ്ടവര്‍ കത്തുകളയക്കേണ്ട വിലാസം:
മിസ്സീസ് പെണ്ണമ്മ അച്ചന്‍‌കുഞ്ഞ്
പെണ്ണമ്മ ഭവനം
പയറങ്ങാടി പി.ഒ
തൃശ്ശൂര്‍ -1

Saturday, August 2, 2008

മരിക്കൂ.. കോടീശ്വരനാകൂ‍!!

ഇന്നും നീയ് സീര്യല് കാണാനിരിക്ക്‌ണ്. ന്യൂസേതെങ്കിലും വയ്ക്കറീ കുഞ്ഞോളെ. സുര്‍ജിത്ത് സിങ്ങ് മരിച്ചതിന്റെ വാര്‍ത്തോ‍ള് കാണട്ടെ.

രോമം! ഇനി ചെവിതല കേള്‍പ്പിക്കില്ല. ഇന്നലെ വരെ സുര്‍ജിത്ത് വെറ്ക്കപ്പെട്ടാനായിരുന്നൂന്ന് പറഞ്ഞോരീപ്പോ കരയണ കേക്കാം സുര്‍ജിത്ത് ആനയായിരുന്നു.. സുര്‍ജീത്ത് ചേനയായിരുന്നു. സുര്‍ജിത്തിന്റത്ര വിശുദ്ധന്‍ ഈ ഭൂലോകത്ത് വേറൊരാളില്ലായിരുന്നു. സുര്‍ജിത്തിന് മിനിമം അഞ്ച് ചില്ല് കൂ‍ടെങ്കിലും പണിയണ്ടതാര്‍ന്നു.. നാണല്യലോ ഇവറ്റോള്‍ക്ക്. ഇതൊക്കെ കേള്‍ക്കാന്‍ കൊറേ പെണ്ണമ്മിച്ച്യോളും.

ഔവ്! നീ കലിപ്പിലാണല്ലോറീ. 'മരണം കൂടുതല്‍ ബന്ധുക്കളെ ഉണ്ടാക്കുന്നു' എന്നാറീ ക്ടാവേ. നീയാ വാര്‍ത്ത വയ്ക്കറീ

ഐഡിയ! ഒരു സെലിബ്രിറ്റി മരിച്ചാല്‍ അതോണ്ട് ഇപ്പോഴത്തെ മാധ്യമങ്ങള്‍ എന്തോരം കാശിണ്ടാക്കിണ്ടാവും. പണ്ടാര്‍ന്നെങ്കെ ദൂരദര്‍ശന്റെ ഒര്രു മോങ്ങല്ല് മാത്രം. ഇപ്പഴാണെങ്കിലോ..എന്റമ്മോ ആദ്യാഴ്ച ഓര്‍മ്മക്കുറിപ്പുകളുടെ ഒഴുക്ക്. ലേഖനം, ഡോക്യുമെന്റി, പാട്ട്, കൂത്ത്.. എസ്.എം.എസ് അയക്കൂ ആദരാഞ്ജലി രേഖപ്പെടുത്തൂ.. പിന്നെല്ലാ കൊല്ലവും ഓര്‍മ്മ പുതുക്കല്‍. ഇതിന്റീടയ്ക്ക് കാണിക്കണ പരസ്യങ്ങളെന്നെ എത്ര വരും? അപ്പോ‍ പെണ്ണമ്മിച്ച്യേ ഈ പ്രശസ്തരുടെ മരണം അവര്‍ക്ക് ജീവിച്ചിരിക്കുമ്പോ തന്നെ വിറ്റ് കാശാക്യാലെന്താ? ഏന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇപ്പോ എല്ലാരും പറയണത്.

മരണം വിക്കേ?

അതേന്നേ ഇപ്പോ ഈ ക്രിക്കറ്റ് കളി, പന്തുകളി കള്യോക്കെ വിക്കണില്ലേ. അതേപോലെ പ്രശസ്തരുടെ കല്യാണങ്ങളും, മക്കള്‍ടെ പടങ്ങളൊക്കെ വിക്കിണില്ലേ. ഇമ്മടെ ആഷ്-അഭി കല്യാണസമയത്തല്ലേ അയിന്റെ വീഡീയോ കവറേജ് റൈറ്റ് വിവാദായത്. അത്പോലെ മരണത്തിന്റെ കം‌പ്ലീറ്റ് കവറേജ് അങ്ങട് വിക്കാ. എങ്ങനീഡൈഡിയാ?!

അയ് കൊള്ളാലോ വീഡിയോണ്! വീഡിയോ കവറേജ്, ഫോട്ടോ പിടുത്തം, ലേഖനെഴുത്ത് അമ്പമ്പോ എല്ലാം കൂടി നല്ലൊരു തൊക കിട്ടൂലോറീ.

ഇതെല്ലാം കൂടി ഒരു ചാനലിനു വമ്പന്‍ തൊകയ്ക്ക് കൊട്‌ത്താലും മതി. സില്‍മാത്താരങ്ങള്‍ക്കൊക്കെ ആ വകേലെന്നെ എന്തോരം കാശിണ്ടാക്കാം!

ഓ ഇതൊക്കെ പ്രശസ്തര്‍ക്കല്ലെ കിട്ടള്ളോ. ഇമ്മളെ പോലെ നാലും മൂന്നേഴാളറിയാത്തോര്‍ക്ക് ഇതോണ്ടെന്ത് കാര്യം.

ഈ പെണ്ണമ്മിച്ചിയ്ക്കൊരു ചുക്കറിയില്യാ.ഇപ്പോ ഇമ്മട്യോക്കെ മരണത്തിനു പ്രശസ്തി കിട്ടാന്‍ എന്തോരം നേരം വേണം?ആരുഷീടെ മരണം, പാലക്കാട്ടെ കുട്ട്യോള്‍ടെ മരണം ഒക്കെ മാധ്യമങ്ങളാഘോഷിക്യല്ലേ. ഒക്കെ പോട്ടെ പാഠപുസ്തക വിവാദത്തിനിടെ നടന്ന ജെയിംസ് മാസ്റ്ററുടെ മരണോ?

ഹോ ദുഷ്ടത്തി. മനസ്സിലൊക്കെ എന്തോരം ദുഷ്ടത്തരം ഇണ്ടായിട്ട് വേണം ഇങ്ങന്യൊക്കെ ചിന്തിക്കാന്‍!

ഇതിലെന്തൂട്ടാണ് ദുഷ്ടത്തരം. എന്തായാലും മരിക്കും. ആ മരണം കൊണ്ട് ജീവിച്ചിരിക്കുമ്പോ ഒരു ഉപകാര്‌ണ്ടാവോന്ന് ചിന്തിക്കണ്ത്ണ് ദുഷ്ടത്തരം? പ്രശ്സ്തരല്ലാത്തോര്ക്ക് മരണത്തെ വില്‍ക്കാന്‍ പേട്യാണെങ്കെ ഒരു വില്പത്രെഴുതി വെച്ചാലും മതിലോ. മരണംകൊണ്ട് വാര്‍ത്ത്യായാല്‍ അത് വില്‍ക്കാനായിറ്റ് ബന്ധുക്കളെ അനുവദിക്കുന്ന തരത്തിലൊരു വില്പത്രം. ബന്ധുക്കള്‍ക്കൊരുപകാരാവൂലോ.

ശര്യന്യാണ്. ഇപ്പഴത്തെ കാലത്ത് ‍ഇമ്മളൊക്കെ എന്നാണൊരു ആരുഷിയോ, അഭയയോ ആവാന്‍ പോണേനാര്‍ക്കറിയാം. അങ്ങന്യങ്ങാനായാ അതോണ്ടൊരു ഗുണം കുടും‌ബക്കാര്‍ക്കിണ്ടാവട്ടേലറീ കുഞ്ഞോളേ. നിന്റെ തല കാറ്റ് കൊള്ളിക്കണ്ടാട്ടാ. ബുദ്ധ്യോ‍ക്കെ ആവ്യായാലാ.


അപ്പോ വായനക്കാരെ

1.നിങ്ങള്‍ പ്രശസ്ത/നാണോ? എങ്കില്‍ നിങ്ങളുടെ മരണത്തിന്റെ വിതരണാവകാശം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ല തുകയ്ക്ക് വിറ്റ് ആ കാശുകൊണ്ട് പുട്ടടിക്കുക.

2. നിങ്ങള്‍ മരണശേഷം പ്രശസ്തരാവുമെന്ന് ഏതാണ്ട് ഉറപ്പുള്ളവരാണോ? എങ്കില്‍ അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന എല്ല പ്രശസ്തിയുടേയും വിതരണാവകാശം അടുത്ത ബന്ധുക്കളുടെ പേരില്‍ ഇന്‍ഷ്യുര്‍ ചെയ്യുക.

3. നിങ്ങള്‍ കൂടുതല്‍ റിസ്കി മേഖലയില്‍ ജീവിച്ച് ശ്രദ്ധേയമായി മരിക്കാന്‍ ചാന്‍സ് കൂടുതലുള്ളവരാണോ? എങ്കില്‍ ആ റിസ്ക് ഫാക്ടേഴ്സിന്റെ വില കണക്കാക്കി മരണത്തിന്റെ വിതരണാവകാശം വില്‍ക്കുന്നു എന്ന് കാണിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കുക.

4. വിവാദങ്ങള്‍ക്കിടയിലേക്കോ ഹര്‍ത്താലുകള്‍ക്കിടയിലേയ്ക്കോ നടന്ന് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും മരണത്തിന്റെ വിതരണാവകാശം വന്‍‌തുകയ്ക്ക് വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് നടന്ന് പോവുക.

5. നിങ്ങള്‍ കടം കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്ന ബ്ലോഗറാണോ? ആഡ്സെന്‍സ് ഇട്ടതിനു ശേഷം വിശദമായ ആത്മഹത്യാകുറിപ്പ് മുന്‍‌കൂട്ടി ഷെഡ്യൂള്‍ ചെയ്ത പോസ്റ്റായിടുക.

മരിക്കൂ.. കോടീശ്വരനാകൂ‍!!
**************************************

ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് ആദരാഞ്ജലികള്‍