Tuesday, December 1, 2009

കാള കൊണ്ടൊരു കുതിര പാചകം

കൈ ഒടിഞ്ഞതുകൊണ്ട് പെണ്ണമ്മിച്ചിയ്ക്കിപ്പോ പാചകമാണു ഹോബി.അതും ആളെ പറ്റിക്കുന്ന പാചകത്തില്‍ മാത്രമേ പെണ്ണൊരുത്തിയ്ക്ക് താല്പര്യമുള്ളൂ. ഉദാഹരണത്തിനു പിലോപ്പി (തിലാപ്പിയ) കൊണ്ടെങ്ങനെ കരിമീന്‍ ഫിഷ്മോളി വെയ്ക്കാം, പോത്തിറച്ചി കൊണ്ടെങ്ങനെ പോര്‍ക്ക് വറുത്തരച്ചത് ഉണ്ടാക്കം, പാളകൊണ്ടെങ്ങനെ മീന്‍‌കറി വയ്ക്കാം ഇങ്ങനെ പോകും ലിസ്റ്റ്. ഉണ്ണിമോളുടെ അടുത്ത് മാത്രം കളി നടക്കില്ല. അവള്‍ കൈയോടെ പൊക്കും. കൈ ഉപ്പിലിട്ടതു കൊണ്ട് പാചകവിധി മാത്രമാണു പെണ്ണമ്മിച്ചി കുക്കിംഗ് കുഞ്ഞുമോള്‍.

പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും.

മോശ്യല്ല ഫറവോ‌ണ്. നിന്റെ ആഗ്രഹല്ലേ ഒരെണ്ണങ്ങട് കാച്ചാം.

പോത്തിറച്ചി കൊണ്ട് പോര്‍ക്ക് വറുത്തരച്ചരത്ത് അലക്ക്യാലാ?

ഹേയ് അതുവേണ്ടറീ അതൊക്കെ എല്ലാവര്‍ക്കും അറിയിണ്ടാവും. ഇമ്മക്ക് വേറൊരെണ്ണം അലക്കാം ‘കാള കൊണ്ടൊരു കുതിര പാചകം.’ എപ്പടി?

അതുമതി. അതാവുബോ തൊഗാഡിയ ഡാക്കിട്ടറു പറഞ്ഞപ്പോലെ പശൂവിനെ സംരക്ഷിക്കാന്‍ ഗോമൂത്രം കുടിക്കണേനൊപ്പം മറ്റൊരു മാര്‍ഗ്ഗോം കൂടി ആയില്ലേ. കൂട്ടാന്‍ വയ്ക്കുന്നതിനു മുന്‍പ് കാള, വച്ച് കഴിയുമ്പോ കുതിര! അടിപ്പൊളി! ഒരു കടംകഥീമായി.

ക്രിസ്മസ്സിനു പെണ്ണമ്മ സ്പെഷല്‍ കാള കൊണ്ടൊരു കുതിര പാചകം

മുന്നറിയിപ്പ്
കോഴി പൊരിച്ചത്, പോത്തിറച്ചി വരട്ടിയത്, പോര്‍ക്ക് വിന്താലൂ എന്നിവയെല്ലാം പോലെ ഈ പാചകക്കുറിപ്പും കാലങ്ങളായി ഒരു ഇന്ത്യന്‍ രീതിയാണ്. ഇതറിയാത്തവരൊന്നും ഉണ്ടാകില്ല. എങ്കിലും എല്ലാ ഓണത്തിനും ഓണസദ്യയും എല്ലാ ക്രിസ്തുമസ്സിനും ഡക്ക് ഫ്രൈയും എഴുതി ഇടുന്നത് പോലെ ഈ ലിബര്‍ഹാന്‍ കാലത്ത് ഈ കുതിര പാചകവും എഴുതി ഇടുന്നു. ഈ പാചകത്തിന്റെ വിശദമായ കുറിപ്പ് ഒക്ടോബര്‍ 13, 2000 ത്തിലെ ഫ്രൊണ്ട് ‌ലൈനില്‍ വന്നതാണ്. അതിന്റൊരു സംക്ഷിപ്ത രൂപമേ ഇവിടെ ഉള്ളൂ.

വേണ്ട സാധനങ്ങള്‍

ലക്ഷണമൊത്ത ഹാരപ്പന്‍ കാള - ഒരു പിന്‍ഭാഗം അല്ലെങ്കില്‍ മുഴുവന്‍ കാള പകുതിയായി മുറിച്ചത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് - 250 ഗ്രാം
വെള്ളം - ആവശ്യത്തിന്
ക്യാമറ - ഒന്ന് (ഡിജിറ്റല്‍)
കമ്പ്യൂട്ടര്‍ - ഒന്ന് (അഡോബ് ഫോട്ടോഷോപ്പ് ഉള്ളത്)

നല്ല ലക്ഷണമൊത്തൊരു ഹാരപ്പന്‍ കാളയുടെ പകുതി എടുക്കുക. കാളയുടെ പകുതിയായി കിട്ടാനില്ലെങ്കില്‍ ഒരു മുഴുവന്‍ കാളയെ മുറിച്ച് പകുതിയാക്കുക. മുറിക്കുന്നത് വളരെ വളരെ ശ്രദ്ധയോടെ വേണം. മൂരിക്കുട്ടന്റെ തുടയില്‍ നിന്നും veal escalopes അരിഞ്ഞെടുക്കുന്ന അതേ ശ്രദ്ധയൊടെ, ചാതുര്യത്തോടെ ചെയ്യുക. കൃത്യമായി മുറിച്ച് പിന്‍ഭാഗം ലിംഗമെല്ലാം കളഞ്ഞെടുക്കുക. പുതിയതായി നനച്ചെടുത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഈ പിന്‍ഭാഗം നന്നായി അമര്‍ത്തുക. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണങ്ങിയതിനു ശേഷം അതിന്റെ ഒരു ഡിജിറ്റല്‍ ഫോട്ടോ എടുക്കുക. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ഫോട്ടോട്ടോഷോപ്പിലേയ്ക്ക് ഈ പ്രോസസ്സ് ചെയ്ത കാളയെ പതിയെ ഇടുക. ഒരു പാചകക്കാരിയുടെ കൈപ്പുണ്യമനുസ്സരിച്ച് കുതിരകൊമ്പും മുഖവും നല്‍കുക. കൂടുതല്‍ മനോഹരമാക്കണമെന്നുണ്ടെങ്കില്‍ ഒരു തീറ്റതൊട്ടി കൂടി അരികില്‍ വയ്ക്കുക. (മനസ്സിലെ) കൂടിയ തീയില്‍ നല്ല ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കുക. ഒന്നാന്തരം ഹാരപ്പന്‍ കുതിര റെഡി. ചൂടോടെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വിളബുക.

കുതിര പാചകത്തെ കുറിച്ച് ഒന്നുമേ അറിയാത്തവര്‍ക്കായി

ഭരിക്കുന്നവനാണ് ചരിത്രം എഴുതിയതെന്നതിനാല്‍ ചരിത്രം എക്കാലത്തും ഭരണവര്‍ഗ്ഗത്തിന്റെ കൂടെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ മുസ്ലീമുകളും, ആക്രമിച്ചവരും, മതമാറ്റക്കാരുമാകുമ്പോള്‍ മറ്റുചിലര്‍ യൂറോപ്യന്മാരും, ഭരിക്കാന്‍ വന്നവരും, മിഷിണറികളുമാകുന്നത്. അതേ കാരണം കൊണ്ടാണ് ആര്യന്‍ അധിനിവേശമെന്നും ആര്യന്‍ കുടിയെറ്റമെന്നും രണ്ട് തിയറി നിലനില്‍ക്കേ ആര്യന്‍ കുറ്റിയേറ്റക്കാരെ കുറിച്ചു മാത്രം നാം അധികം കേട്ടത് ആ കുടിയേറ്റക്കാരെ നാട്ടുക്കാരായി ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ഹിസ്റ്റോറിക്കല്‍ മാനുപുലേഷനാണ് കുതിരക്കളി അഥവാ കുതിരപചകം. കുതിരളാല്‍ സമൃദ്ധമായിരുന്ന ഋഗ്വേദകാലഘട്ടത്തെ കുതിരകളേ ഇല്ലാതിരുന്ന ഹാരപ്പന്‍ കാലവുമായി കൂട്ടിയിണക്കാന്‍ ഒരു ലിങ്ക് ആവശ്യമായിരുന്നു. ആ ലിങ്ക് ആണ് കുതിര പാചകം വഴി ലഭിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബാബ്‌റി മസ്ജിദ് തകത്തത് ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ പ്ലാനായിരുന്നു എന്ന ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തു തന്നെ മലയാളിയുടെ പ്രമുഖ ദിനപത്രം മാതൃഭൂമി ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതും (27/11/2009,ഡി.ശ്രീജിത്ത്, മാതൃഭൂമി) തൊഗാഡിയയുടെ ‘വിശ്വമംഗള ഗോഗ്രാമ യാത്രയ്‌ക്ക്‌ പരമപ്രധാനം നല്‍കുന്നതും കൂട്ടിവായിച്ചാല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ ചില വാചകങ്ങള്‍ ഓര്‍ക്കാതിരിക്കാനവില്ല.

“ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.” (27/11/2009 ഡി.ശ്രീജിത്ത്, മാതൃഭൂമി)

മുസ്ലീം നേതാക്കള്‍ എന്നിടത്ത് ഇല്ലനക്കരി എന്നോ പെണ്ണമ്മ എന്നോ കുഞ്ഞുമോള്‍ എന്നോ വച്ച് വായിച്ചാല്‍ ചുട്ടുപഴുത്ത ദോശക്കല്ലില്‍ കൈ കൊണ്ടത് പോലെ തോന്നുന്നു. അതുകൊണ്ട് ഇല്ലനക്കരി വക കൃസ്തുമസ്സ് സ്പെഷല്‍ കുതിര പാചകം ഓര്‍മ്മപ്പെടുത്തുന്നു.

കുറിപ്പ്:
ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം. (Rao et al., “Entropic Evidence for Linguistic Structure in the Indus Script,” Science, 324, 1165, 2009.)


ഹാപ്പി ലിബര്‍ഹാന്‍ കാലം ജയ് കാള

6 comments:

രാജ് said...

ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം.

അതൊരു പുതിയ കണ്ടെത്തൽ അല്ലല്ലോ? പഴയ തിയറി/ഹൈപ്പോതിസിസിനു പുതിയ തെളിവുകൾ അല്ലേ. അല്ലെങ്കിലും ഞങ്ങൾ ദ്രാവിഡർക്ക് പണ്ടേ അറിയാം ഹാരപ്പൻ പ്രൊട്ടോദ്രാവിഡിയൻ ആണെന്ന് :)

Cibu C J (സിബു) said...

http://www.cs.washington.edu/homes/rao/ScienceIndus.pdf

ഇവര്‌ പറയുന്നത്ര ചേർച്ച പഴംതമിഴുമായി ഹാരപ്പനുണ്ടോ? എനിക്ക് തോന്നിയില്ല.

അവരുടെ പഠനം ഹാരപ്പൻ ആല്ഫ സിലബറി ആണെന്നു കരുതിയാണ്‌. ഹാരപ്പൻ ആല്ഫസിലബറിയാണെങ്കിൽ അതിന്റെ കണ്ടുപിടുത്തത്തെ 1500 കൊല്ലത്തോളം പുറകോട്ടടിക്കലാണ്‌. അത്രയ്ക്ക് വേണോ? ഐരാവതത്തിനെ ആരും ദ്രാവിഡം പഠിപ്പിക്കണ്ട എന്നറിയാം എന്നാലും ഒരു എന്നാല്‌.

മോളമ്മ said...

രാജ്, സിബു - പ്രോട്ടോ ദ്രാവിഡീയനായിരിക്കാം എന്നേ ഉള്ളൂ. തീര്‍ച്ചയായും ദ്രാവിഡിയനിസ്റ്റ് ഐരാവതത്തിന്റെ പേപ്പറിനെ പൂര്‍ണ്ണമായും വിഴുങ്ങേണ്ട കാര്യമില്ല.

കുതിരക്കളി പുറത്തു കൊണ്ട് വന്ന Michael Witzel & Steve Farmer റ്റീം തന്നെ ഈ പേപ്പറിനു റെഫ്യൂട്ടേഷന്‍ എഴുതിയിട്ടുണ്ടല്ലോ. ഹാരപ്പന്‍ എഴുത്ത് ഒരു എഴുത്തുരീതിയുടേയും ഭാഗമല്ല എന്നാണല്ലോ ഇവരു പറയുന്നത്. ഐരാവതത്തിന്റെ പേപ്പര്‍ ഇവരുടെ പേപ്പറിനു റെഫ്യൂട്ടേഷനായിരുന്നു. പൊളിറ്റിക്സും അകാദമിക് പൊളിറ്റിക്സും ധാരാളമുണ്ട്. Michael Witzel & Steve Farmer റ്റീമിന്റെ പുതിയ പുസ്തകം വരുന്നുണ്ട്. കാത്തിരുന്നു കളി കാണുകയേ തല്‍ക്കാലം മാര്‍ഗ്ഗമുള്ളൂ.

എങ്കിലും ചരിത്രം കൊണ്ട് തന്നെ ചരിത്രത്തെ തിരുത്തുന്നതിനെ കാവ്യനീതി എന്നല്ലാതെ എന്തു പറയും?

ജയരാജന്‍ said...

ഇതിനെക്കുറിച്ചൊരു ചർച്ച ഇവിടെയും നടന്നിരുന്നു. കമന്റുകൾ നോക്കുക

ചേച്ചിപ്പെണ്ണ്‍ said...

???????????????

ദേവന്‍ said...

രഘുപതി രാഘവ... രാജാറാം.....

ചരിത്രത്തിന്റെ താളുകളില്‍ ഫോട്ടോഷോപ്പ് കൊണ്ടെഴുതാന്‍ ശ്രമിച്ച പുത്തന്‍ അധ്യായം കറിയാക്കിയാ ?