Monday, February 18, 2008

എരപ്പാളീരെ മോള്

പെണ്ണമ്മിച്ച്യേയ്.. ഇതു നോക്ക്യേന്‍ ഇമ്മടെ സുനാപ്പികള്‍ടെ കത്ത്. ഞാന്‍ ചിര്‍‌ച്ചിര്‍ച്ച് ചത്തു.

ഞാനീ പുളിശ്ശേരി കൂട്ടാന്‍ ഇണ്ടാക്ക്‌ട്ട്‌റീ കുഞ്ഞോളേ. നീ വായ്‌ക്ക്.

ഇതെങ്ങെന്യാ പെണ്ണമ്മിച്ചിയ്ക്ക് ഇത്ര കട്ടതൈര് ഇണ്ടാക്കാന്‍ പറ്റ്ണെ? വീട്ടില്‍ അമ്മിച്ചി ഇണ്ടാക്ക്യാ എപ്പളും മൂത്രവെള്ളം പോലീണ്ടാവും.

അത് എളുപ്പലേരി. നിന്റമ്മ പാലുകാച്ചി തണുപ്പിച്ച്, അയില്‍ക്ക് മോരൊഴിച്ച് എളക്കി വെക്കിണ്ടാവും. അങ്ങനെ ഒന്നും ചെയ്യണ്ടാ. രണ്ട് സ്പൂണ്‍ മോരെടുത്ത് ഒറ ഒഴിക്കണ പാത്രത്തില്‍ക്ക് ഒഴിച്ച് പാത്രത്തിന്റെ എല്ലാട്‌ത്തിയ്ക്കും ചുറ്റിക്യാ. എന്നട്ട് കാച്ചിയ പാലു എളം ചൂടില് അയില്‍ക്ക് ഒഴിക്കാ. പിന്നെ തൊടാന്‍ പൂവരുത്. പിറ്റേസം നല്ല കട്ടത്തൈരായീന്റാവും.

ആ.. നീ ചിര്‍ച്ച കാര്യം വായിക്ക്

... പിന്നെ കുഞ്ഞോളെ, ഞാനും കുഞ്ഞാപ്പിയും, വല്യാപ്പിയും കൂടി ജീവിതത്തെ വേറൊരു രീതിയില്‍ സ്വപ്നം കണ്ടു.പറമ്പില്‍ പണീട്ക്കണ അപ്പന്മാരും, ജോലിയില്ലാത്ത അമ്മമാരും, പഠിക്കാന്‍ മിടുക്കരല്ലാത്ത ചേട്ടന്മാരും. ബോറടിക്കില്ലേ. അതുകൊണ്ട് ഞങ്ങളവരെയൊക്കെ ഒന്നു മാറ്റി. സ്വപ്നത്തില്‍ എന്റെ അച്ഛനും അമ്മയും ഗള്‍ഫിലാണ്. ചേട്ടന്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. അതാണ് എന്റെ ഫാമിലി. അതില്‍ ഞാന്‍ എര്‍ണാകുളത്ത് ബി.എ സൈക്കോളജി സെക്കന്റ് ഇയര്‍ പഠിക്കുന്ന ഒരു അടിച്ചു പൊളി വിദ്യാര്‍ത്ഥിനി. വല്യാപ്പിയുടെ അച്ഛനും അമ്മയ്ക്കും ബാങ്കില്‍ ജോലി. ചേട്ടന്‍ ആലപ്പാട്ടില്‍ മാനേജര്‍. അവളും എന്നോടൊപ്പം എര്‍ണാകുളത്ത് ബി.എ. ഹിസ്റ്ററി തേര്‍ഡ് ഇയര്‍. കുഞ്ഞാപ്പിയുടെ അച്ഛനും അമ്മയും ജര്‍മനിയില്‍ വര്‍ക്ക് ചെയ്യുന്നു. ചേട്ടന്‍ ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു. ഇപ്പോള്‍ രണ്ടാം വര്‍ഷം. അവള്‍ ബി.എ. ഇംഗ്ലീഷ് ഒന്നാം വര്‍ഷം. ഞങ്ങള്‍ മൂന്നാളും ഒരുമിച്ച് ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. അവിടെ ഒരു സെര്‍വന്റും ഉണ്ട്. മൂന്നാള്‍ക്കും ഒരോ ബോയ്‌ഫ്രെന്‍ഡും ഉണ്ട് കേട്ടൊ. ഇനി ഞങ്ങടെ പേരറിയണ്ടെ? ഒരാള്‍ അപര്‍ണ്ണ (സീയാപ്പി) ദിവ്യ (വല്യാപ്പി) അശ്വതി (കുഞ്ഞാപ്പി). ഇത് ഞങ്ങള്‍ ഇവിടെ എല്ലാവരോടും പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ കളിയാക്കി. എന്താ ഇങ്ങനെയൊക്കെ സംഭവിച്ചു കൂടെ? അടുത്ത ജന്മത്തിലെങ്കിലും ഉണ്ടാകും.....

പെണ്ണമ്മിച്ച്യേയ്.. ഏയ്.. എന്ത് പറ്റി? കാറ്റ് പോയാ?

അയ്യടീ മനമേ.. ഇവളുമാരു ഈയടുത്താണോ മഴയെത്തുംമുന്‍പേ കണ്ടത്?

വെറ്ത്യല്ല ആ സുനാപ്പികളൊരക്ഷരം പഠിക്കണ്ടെ മന്ദലം‌മയങ്ങി നടക്കണ്‌ത്.

എന്റെയൊക്കെ ചെറുപ്പത്തില് എങ്ങനെ അപ്പന്റേം ആങ്ങളേടേം തണലീന്ന് സ്വന്തം കാലില് നിക്കാന്നാര്‍ന്നു വിചാരം. നിന്റൊക്കെ തലമുറയായപ്പോ ഞാങ്കരുതി ഇപ്പോ വരും സ്ത്രീ സമത്വം‌ന്ന്. എവടെ? കണ്ടില്ലേ,ഇപ്പഴ്ത്തെ ക്‍ടാങ്ങള്‍ടെ കാര്യം.സ്വന്തം തന്തതള്ളാരെ മാറ്റി, പേരും മാറ്റി. പക്ഷേ സ്വന്തം സ്വത്വബോധം മാത്രം ദേ കെട്ക്ക്‌‍ണ് പാതാളത്തില്. കല്യാണോളജി പഠിക്കണു മൂന്നെണ്ണോം.. . അവളുമാര്‍ക്കാര്‍ക്കും ഡോക്ടറും എഞ്ചിനീറും മാനേജരുമൊന്നുമാവണ്ടാ..കഷ്ടം.പണ്ട്‌ള്ളോര് പറയണതെത്ര ശര്യാ

പിശൂക്കീരെ മോള് അറുപിശുക്കി
അറുപിശുക്കീരെ മോള് ധാരാളി
ധാരാളീടെ മോള് എരപ്പാളി
എരപ്പാളീരെ മോള്...

2 comments:

ഗുപ്തന്‍ said...

അദാണ് പോയിന്റ്..ഈ ഫെമിനിസ്റ്റോള് ഇദൊന്നും കാണുന്നില്ലല്ലാ.....

ബഷീര്‍ വെള്ളറക്കാട്‌ said...

എരപ്പാളിരെ മോളു കുഞ്ഞോള്


എന്നാലും .. ഈ മന്ദലം മയങ്ങികളെ. ഫെമിനിസ്റ്റുകള്‍ കാണാതെ പോയല്ലോ.. അതോ. . കാണാത്ത പോലെ നടിക്കുകായാണോ.. എന്തോ..