
മഴ്യോക്കല്ലടാ മോനച്ചാ. . പകരണ രോഗങ്ങളൊക്കിണ്ടാവണ സമയണിത്. ഇനി മഴക്കാലങ്ങട് കഴിയട്ടെ എന്നട്ട് പൂവാം സൂവില്‌ക്ക്. നീങ്ങളീ ഈ ചെട്യോള്‍ക്ക് വെള്ളൊഴിക്കാന്‍ കൂട്യാ ഇന്ന് വേറൊരു സൂത്രം കാണിച്ചരാം.
ആദ്യം സൂത്രെന്തൂട്ടാന്ന് പറയ് എന്നട്ട് തീരുമാനിക്കാം വെള്ളൊഴിക്കണോ വേണ്ട്യോന്ന്.
സൂത്രെന്തുട്ടാച്ചാ ഇമ്മടെ പൂന്തോട്ടം പോലെ ഒരു രാസത്തോട്ടം ഇണ്ടാക്കി കാണിച്ചരാം
രാസത്തോട്ടാ? അതെന്തൂട്ടാണ്?
ആദ്യം നീങ്ങള് പൂന്തോട്ടത്തില്‍ വെള്ളൊഴിക്കറാ കുതരോളേ.അതു കഴിഞ്ഞട്ട് രാസത്തോട്ടത്തിനള്ള വെള്ളം വെക്കാം.
ഒക്കെ ഡണ്‍. ഗയ്‌സ് അറ്റാക്ക്
കുഞ്ഞോളേച്ച്യേ ദേ ഈ റോസേമേ എന്തൂട്ടാ ഒരു വെളുത്തപ്പൊടി?
നോക്കട്ടെ.. ആ അത് ഒരു തരം പൂപ്പലാണെടാ. powdery Mildew ന്ന് ഇംഗ്ലീഷില്‍ പറയും. ഇന്നാള് ഇമ്മടെ കുമ്പളത്തിലൊക്കെ വന്നിലേ അതുപോലത്ത്യെന്നെ. അത് ഇമ്മക്ക് ശര്യാക്കാം. നീ പോയി കൊറച്ച് അപ്പക്കാരോം സോപ്പും എടുത്തട്ട് വാ.(1)
വണ്‍ ഡൌട്ട് കുഞ്ഞോളേച്ചി, വാട്ടീസ് അപ്പക്കാരം?
എന്റപ്പാ! ഈ സായിപ്പ് ക്ടാങ്ങളെക്കൊണ്ട് തോറ്റു. അപ്പക്കാരംന്ന് വച്ചാ ബേക്കിങ് സോഡാ. പെണ്ണമ്മിച്ചി ഉണ്ണ്യപ്പം സോഫ്റ്റാവാന്‍ ഇടണ വെളുത്ത പൊടീലേ അദ്.
ആ കിട്ട്യാ.. എന്നാ ഇമ്മടെ ചെടിക്ക് മരുന്നടിക്കണ പാത്രത്തില് ഒരു ലിറ്റര്‍ വെള്ളെടുത്തട്ട് അര ടീസ്പൂണ്‍ അപ്പക്കരം അതിലിട്. കൊറച്ച് സോപ്പുവെള്ളോം ഒഴിച്ചോ
സോപ്പും വെള്ളം എന്തോരം വേണം?
ആ ഒരു കാല്‍ ലിറ്റര്‍ ഒഴിച്ചേക്ക്. എന്നട്ട് നന്നായി കുലുക്കി വെള്ളപൊടി കാണണ റോസേമ്യോക്കെ അടിച്ചോട്‌ക്ക്. അത് പൊക്കോളും ഇല്ല്യാച്ചാ അടുത്താഴ്ച ഒന്നൂടി അടിക്കാം.
ഇവിട്യൊക്കെ നനച്ച് കഴിഞ്ഞു. ഇനി വേഗം രാസതോട്ടണ്ടാക്കി കാണിക്കറീ കുഞ്ഞോളേച്ച്യേ ഞങ്ങളെ പറ്റിക്കണ്ട്
******************
ഒക്കെ ഗയ്സ് രാസതോട്ടം അഥവാ കെമിക്കല്‍ ഗാര്‍ഡന്‍ ഇണ്ടാക്കാനുള്ള സാധങ്ങള്‍ നമുക്ക് ആദ്യം സംഘടിപ്പിക്കാം(2). ആദ്യായിറ്റ് ഒരു പാത്രം വേണം. കുഞ്ഞുമോഞ്ചേട്ടന്റെ പഴയ ആ ഫിഷ്‌ടാങ്ക് തരോന്ന് ചോയ്‌ച്ചോക്ക് മോനച്ചാ.
ഒക്കെ ഡണ്‍. കിട്ടി.
പോസ്റ്ററൊട്ടിക്കാനിണ്ടാക്കണ മൈദകുറുക്കിലിടാന്‍ കുഞ്ഞച്ചന്‍ കൊണ്ടന്ന് വച്ചേക്കണ തുരിശ് (copper (II) sulfate)കൊറച്ചെടുത്തോണ്ടാ പൊന്നൂസേ. കുഞ്ഞി പോയിറ്റ് ബാറ്ററീലൊഴിക്കണ ഡിസ്റ്റില്‍ഡ് വാട്ടര്‍ എടുത്തോണ്ടാ. ആ സീയാപ്പീരെ പുരികം പ്ലക്കറും എടുത്തോറാ.
അപ്പോ സാധനങ്ങളൊക്ക്യായി. ബാക്കീള്ള കെമിക്കല്‍സ് ഞാന്‍ സംഘടിപ്പിച്ചണ്ട്.
ആദ്യം ഇമ്മക്ക് ഈ ഫിഷ്‌ടാങ്കിനെ ഒന്നു സുന്ദര്യാക്കാം. അടീല് കൊറച്ച് മണലിട്ടോറാ മോനച്ചാ
ഇത്ര മത്യാ?
മതി കൊറച്ച് കക്കീം കല്ലും കൂടി ഇട്ടോ.
ആ ഗുഡ്.
ഇനി തോട്ട നിര്‍മ്മാണം
ഇതാണ് സോഡിയം സിലിക്കേറ്റ് ലായനി (aqueous sodium silicate or sodium metasilicate) . അതൊരു 150 മില്ലി എടുത്ത് 100 മില്ലി ഡിസിറ്റില്‍ഡ് വാട്ടറില്‍ ഒഴിക്കറാ മോനച്ചാ. എന്നട്ട് നന്നായി ഇളക്ക്.
ഒക്കെ ഇനിയത് ഇമ്മടെ ഫിഷ്‌ടാങ്കില്‍ക്ക് ഒഴിക്കാം. ഇനി സൂക്ഷിച്ച് ആ തുരിശിന്റെ ഒരു കുഞ്ഞ്യേ കഷ്ണമെടുത്ത് ഈ ടാങ്കില്‍ക്കിട് പൊന്നൂസേ
ഞാനിടാം
എന്നാ കുഞ്ഞീട്. ആ പ്ലക്കറോണ്ട് എടുത്ത് സാവധാനത്തില്‍ സൂക്ഷിച്ച് ഇട്.
ഒക്കെ ഇപ്പോ അത് വളരാന്‍ തുടങ്ങും നോക്കിക്കോ.
ഹായ് എന്തു ഭംഗ്യാ നല്ല തുരിശ് കമ്പോള്
തോട്ടാവുമ്പോ പല നെറത്തില്‌ള്ള ചെടികളിണ്ടങ്കെ അല്ലെ രസം. അതോണ്ട് ഞാന്‍ കൊറേ കളറിലിള്ള കെമിക്കല്‍ കൊണ്ടന്നണ്ട്. ദേ ഇത് നോക്ക്യേന്‍ പച്ച നെറത്തിലിള്ളത് നിക്കല്‍ നൈട്രേറ്റ്, പിങ്ക് - മാന്‍ഗനീസ് ക്ലോറൈഡ്, വെള്ള - കാത്സ്യം ക്ലോറൈഡ്, മഞ്ഞ -ഫെറിക് ക്ലോറൈഡ്. ഇനി സൂക്ഷിച്ച് ഒരോന്നൊരോന്നായി ഒരോ സ്ഥലത്ത് ഇട്ടോട്‌ക്ക്. ഒന്നുമ്മേ ഒന്ന് തൊടാതെ ഇടണംട്ടാ. തൊട്ടാല്‍ പിന്നെ എല്ലാം കൂടെ കലങ്ങി ചെടികള്‍ നന്നായി വളരില്ല.
കണ്ടകണ്ടാ! ദേ എല്ലാം വെലുതാവ്‌ണു.
ആ ഇനി അതവടിര്‌ന്ന് വെല്‌താവട്ടെ. ഇമ്മക്കതിന്റെ കെമിസ്ട്രി എന്തൂട്ടാന്ന് നോക്കാം. ആര്‍ക്കാണ് അത് പറയാന്‍ പറ്റാ?
ഞങ്ങള് ഈ കെമിക്കല്‍ ഗാര്‍ഡന്‍ തന്നെ ആദ്യായിറ്റ് കാണ്‌ണ് അപ്പോഴ്‌ണ് കെമിസ്ട്രി. കുഞ്ഞോളേച്ച്യനെ പറ.
അതായത് ഇമ്മളിപ്പോ ഈ തുരിശും മറ്റ് കെമിക്കല്‍ ക്രിസ്റ്റലുകളും സോഡിയം സിലിക്കേറ്റിന്റെ ലായനിയിലേയ്ക്ക് ഇട്ടല്ലോ. അപ്പോ ആ ക്രിസ്റ്റലുകള് അലിയാന്‍ തുടങ്ങി. അതേ സമയം തന്നെ ആ ക്രിസ്റ്റലുകളുടെ അഥവാ മെറ്റല്‍ ലവണങ്ങളുടെ (metal salts) സിലിക്കേറ്റ് ഹൈഡ്രേറ്റും (silicate hydrate) ഉണ്ടായി. ഈ സിലികേറ്റ് ഹൈഡ്രേറ്റുകള് അര്‍ദ്ധ സുതാര്യസ്തരങ്ങളാണ് (semipermeable membran). പുറത്തുള്ള ലായനിയും ഈ സ്തരത്തിന്റെ അകത്തുള്ള ലായനിയും തമ്മില്‍ ഉണ്ടാകുന്ന ഗാഡതാ (concentration) വ്യത്യാസം ഉണ്ടാക്കുന്ന ഓസ്മോട്ടിക് മര്‍ദ്ദം (osmotic pressure) കാരണം വെള്ളം പുറത്ത് നിന്ന് സ്തരത്തിനകത്തേയ്ക്ക് ഓസ്മോസിസ് വഴി കടക്കും. അപ്പോ ക്രിസ്റ്റല്‍ കൂടുതല്‍ അലിയും. അകത്ത് കടക്കുന്ന വെള്ളം ഈ സ്തരത്തിനെ ദുര്‍ബലപ്പെടുത്തി അതിനെ അല്‍പ്പം മുകളിലേക്ക് തള്ളും. അങ്ങനെ അങ്ങനെ ആണ് ഈ രാസത്തോട്ടത്തിലെ ചെടികള്‍ വളരുന്നതത്രേ.
വാട്ട്!
ആ.. സായിപ്പിനൊന്നും മനസ്സിലായില്ല്യാല്ലേ. എന്നാ നീ ദേ ദിദ് (3)വായിച്ച് പഠിക്ക്. വാടാ ക്ടാങ്ങളെ ഇമ്മക്ക് രാസത്തോട്ടം എന്തായി നോക്കാം.
നല്ല ഭംഗീണ്ട്ട്ടാ.
ഇനി ഇമ്മക്കിതിന്റെ ഈ സിലികേറ്റ് ലായനി കളഞ്ഞ് നല്ല വെള്ളം നെറച്ച് വെയ്ക്കാം. ഒരു വെള്ളത്തിന്റെ ഓസ് എടുത്ത് അത് ടാങ്കില്‍ ഇട്ട് പതിയെ വെള്ളം നെറയ്ക്കാം. ചെടികള്‍ പൊട്ടാതെ സൂക്ഷിക്കണം. വെള്ളം നിറഞ്ഞ് സോഡിയം സിലിക്കേറ്റ് എല്ലാം പോയി എന്ന് തോന്നിയാല്‍ ടാങ്കെടുത്ത് ആ ടീപോയില് വച്ചട്ട് നിങ്ങള് കളിക്കാന്‍ പൊക്കോ. ഞാനീ ചീര പാവട്ടെ.
******************
1. ബേക്കിംഗ് സോഡയും സോപ്പിന്റേയും മിശ്രിതത്തിന്റെ കൂടെ അല്‍പ്പം സസ്യ എണ്ണയും ഉപയോഗിക്കാം. ഇതൊരു ജൈവനിയന്ത്രണരീതിയാണ്. powdery Mildew നിയന്ത്രിക്കാന്‍ ധാരാളം ഫഗിസൈഡുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
2. മാജിക് റോക്സ് എന്നപേരില്‍ കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുവാനുള്ള കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
3.J. Colloid Interface Sci. 256, 351-359, 2002
******************
സ്കൂള്‍ എക്സിബിഷനു കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കി തരാമോ എന്ന് ചോദിച്ച് നടന്ന കുഞ്ഞൂഞ്ഞിന് ഈ പോസ്റ്റ് സമര്‍പ്പണം. അവന്‍ അത് ചോദിച്ച സമയത്ത് ഉണ്ടാക്കി കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കുറ്റബോധം ഇങ്ങനെ തീര്‍ത്തു.
No comments:
Post a Comment