Saturday, May 10, 2008

ഇല്ലനക്കരി

എന്താണ് ഇല്ലനക്കരി എന്ന് പലര്‍ക്കും അറിയില്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്.

പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബിന് (പാതിയമ്പുറം) മുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.

ഒരുപക്ഷെ ഈ വാക്ക് ഇല്ലം എന്നതില്‍ നിന്ന് തന്നെ വന്നതായിരിക്കാം. എന്നാല്‍ ഇല്ലം അടുക്കളയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇല്ലനം അല്ലെങ്കില്‍ ഇല്ലന എന്നതിന് തമിഴിലോ സംസ്കൃതത്തിലോ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? (തമിഴില്‍ ഇല്ലാന എന്നു പറഞ്ഞാല്‍ ഇല്ലെങ്കില്‍ എന്നര്‍ത്ഥം അതല്ലാതെ എന്തെങ്കിലും ഉണ്ടോ). ഈ വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?

19 comments:

One Swallow said...

കുഞ്ഞുന്നാളില്‍ റ്റോണ്‍സിലൈറ്റിസ് വന്നപ്പോള്‍ ഇല്ലനക്കരിയും മറ്റെന്തോവും കൂടി തേനില്‍ ചാ‍ലിച്ച്, ഈര്‍ക്കിലിയില്‍ പഞ്ഞിചുറ്റി ബഡ്ഡുണ്ടാക്കി, അതുകൊണ്ട് തേയ്ക്കാന്‍ പറഞ്ഞു കൃഷ്ണന്‍ വൈദ്യന്‍. ഒരു ചോത്തിപ്പെണ്ണിനെ കെട്ടി ബന്ധുത്വം ആകുമെന്നായപ്പോഴേയ്ക്കും വൈദ്യന്‍ മരിച്ചുപോയി.

ഇല്ലനക്കരിയെ ഇല്ലനക്കരി എന്നും പറത്തിനെ പറം എന്നും വിളിക്കാന്‍ എറണാകുളത്ത് എവിടെ നിങ്ങടെ കുട്ടിക്കാലം?

പറം എന്ന് യൂണീകോഡില്‍ സെര്‍ച്ച് ചെയ്താല്‍ എന്റെ ബ്ലോഗില്‍ മാത്രമേ വരൂ എന്ന് അഹങ്കരിച്ചു ഞാന്‍. അതില്‍ ഇല്ലനക്കരി വീണു.

രാജേഷ്‌ ആര്‍. വര്‍മ്മ said...

ഇല്ലം (വീട്‌) + കരി തന്നെയായിരിക്കണം ഇല്ലനക്കരി. കന്നടയില്‍ 'ന' എന്ന പ്രത്യയം ധാരാളമായി ഉപയോഗത്തിലുണ്ടെന്നാണ്‌ അറിവ്‌: ആലനഹള്ളി (ആലുള്ള ഗ്രാമം), ദേവനഹള്ളി (ദേവന്റെ ഗ്രാമം) എന്നിങ്ങനെ.

എന്തായാലും മുറിവുപറ്റുമ്പോഴൊക്കെ വരാന്‍ ഒരിടമായല്ലോ. സന്തോഷം.

രാജേഷ്‌ ആര്‍. വര്‍മ്മ said...

മാത്രവുമല്ല, വീട്ടുകരി എന്ന അര്‍ത്ഥത്തിന്റെ നേരിട്ടുള്ള തര്‍ജ്ജമയാണ്‌ ഇതിന്റെ സംസ്കൃതം പര്യായങ്ങളിലൊന്നായ ഗൃഹധൂമം.

One Swallow said...

രാജേഷേ, home sickness എന്ന അര്‍ത്ഥത്തില്‍ വി.ആര്‍. സുധീഷിന്റെ ആത്മഗാനം എന്ന ബുക്കില്‍ ‘വീട്ടുനോവ്’എന്നു കണ്ടു. അദ്ദേഹം കോയിന്‍ ചെയ്തതാണെങ്കില്‍പ്പോലും എത്ര മനോഹരം.

മുറിവുണക്കാന്‍ തെങ്ങിന്റെ മൊരിപ്പിനോളം വരില്ല ഇല്ലനക്കരി. തൈത്തെങ്ങിന്റെ താഴത്തെ പട്ടകളുടെ കവളന്മടലിന്റെ സൈഡുകളില്‍ എണ്ണമയമില്ലാത്ത കാലുകളിലുണ്ടാ‍വുന്നപോലെ കാണപ്പെടുന്ന മൊരിയാണത്. മുറിവുണക്കാന്‍ വെളിച്ചെണ്ണയും അതിവിശേഷമാണ്. ശീല നനച്ചിട്ടാല്‍ മതി.

രാജേഷ്‌ ആര്‍. വര്‍മ്മ said...

രാം മോഹന്‍, വീട്ടുനോവ്‌ വളരെ നന്നായിട്ടുണ്ട്‌. പൊഞ്ഞേറ്‌ അറിയുമോ? കളഞ്ഞുപോകുമെന്നു പേടിയുള്ള വാക്കെല്ലാം ഈ വിക്കിച്ചെപ്പിലിട്ടു വെച്ചോളൂ, സൗകര്യം കിട്ടുമ്പോള്‍.

One Swallow said...

പൊഞ്ഞേറ് അറിയില്ല. നേരത്തേ തന്നെ ചോദിക്കാനാഞ്ഞതാണ്. പായാരമാ? സെന്റി? 100 സെന്റീ മീറ്റര്‍ 1 മീറ്ററെങ്കില്‍ 10 സെന്റിമെന്റല്‍ ഒരു മെന്റലാണെന്ന് മറക്കുന്നില്ല. ലിങ്കില്‍ പോയപ്പോള്‍ അവിടം ശൂന്യം. തലക്കെട്ട് യൂണികോഡിന് വഴങ്ങിയുമില്ല.

രാജേഷ്‌ ആര്‍. വര്‍മ്മ said...

ഒന്നൂടി ക്ലിക്കിനോക്കൂ. ഇ-മെയിലിലല്ല. കമന്റിലുള്ള ലിങ്കില്‍.

മോളമ്മ said...

റാം, അടിസ്ഥാനപരമായി ഞങ്ങള്‍ തൃശ്ശൂര്‍ക്കാരാണ്. എന്നാല്‍ 17 കൊല്ലത്തിന്റെ ഇളമുറക്കാലം എങ്ങും അവകാശപ്പെടാനില്ല. ജിപ്സി ജീവിതത്തിനിടയില്‍ ആലുവാ പുഴയുടെ തീരത്തിനടുത്തും കുറച്ചു നാള്‍ അടുപ്പ് കത്തിച്ചിട്ടുണ്ട്.

റ്റോണ്‍സലൈറ്റിസിനു ഞങ്ങളുടെ ഇടയിലെ ഒറ്റമൂലി മുയല്‍ചെവി സമൂലം അരച്ച് കഴിക്കലാണ്. മൂന്നു ദിവസത്തെ പ്രയോഗം. പിന്നെ വരാന്‍ സാദ്ധ്യത കുറവാണ്. ചിലപ്പോള്‍ ഒരിക്കല്‍ കൂടെ അധികം ശക്തിയില്ലാതെ വന്നേക്കും. ഒരു മൂന്നു ദിവസത്തെ പ്രയോഗം കൂടെ കഴിഞ്ഞാല്‍ നിശ്ശേഷം മാറും. കുഞ്ഞുമോള്‍ക്ക് ചെറുതിലെ അങ്ങനെ ചെയ്തതാണ്. പിന്നെ ഇതേ വരെ വന്നീട്ടില്ല.

മുറുവുണക്കാന്‍ തെങ്ങും മൊരിപ്പും ഞങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ തൈതെങ്ങുകള്‍ എല്ലാക്കാലത്തും ഉണ്ടാവുകയില്ല എന്നതിനാല്‍ ഇല്ലനക്കരി ആയിരുന്നു എളുപ്പം. കുഞ്ഞുമോളുടെ കാലമായപ്പോഴേക്കും അത് കമ്യൂണിസ്റ്റ് പച്ച ആയിരുന്നു. അതും വേനലില്‍ കിട്ടാന്‍ വിഷമമാണ്.

പറം സെര്‍ച്ച് ചെയ്ത് കുരുവിയുടെ തെങ്ങ് പോസ്റ്റ് കണ്ടു. കേമം പോസ്റ്റ്. ഇത്രയും വലിയ പോസ്റ്റില്‍ എഴുതിയതും, കമന്റുകളും കൂടാതെ ഇനിയും പറയാനുണ്ട് തെങ്ങിനെ പറ്റി. മച്ചിലരച്ചുകൂട്ടി തേച്ച് തലവേദന മാറ്റിയത്. ഈര്‍ക്കിളി പല വലിപ്പത്തില്‍ മുറിച്ച് ഈര്‍ക്കില്‍ കോല്‍ കളിച്ചത് ഈര്‍ക്കിളി കൊണ്ട് കിട്ടിയ തല്ലിന്റെ തിണര്‍ത്ത പാടുകള്‍, കുരുത്തോല പെരുന്നാള്‍,‍ ഈര്‍ക്കിളി കൊണ്ടുള്ള നാക്കുവടിക്കല്‍.. തെങ്ങ് കേരത്തിന്റെ സ്വന്തമല്ലെങ്കിലും തെങ്ങിന് പുറത്ത് ഒരു സംസ്കാരം കെട്ടിപടുത്തവര്‍ മലയാളികള്‍ മാത്രമായിരിക്കും.

രാജേഷ്, ശരിയാണ് ‘ന’ കന്നടയില്‍ വ്യാപകമാണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. (ബൊമ്മന ഹള്ളി). ഇല്ലം എന്നത് ഒരു സംസ്കൃത പദമല്ലേ. (വിക്കി നിഘണ്ടുവില്‍ ഉത്പത്തി കണ്ടില്ല). പോഞ്ഞേറ് എന്നല്ല പോഞ്ഞാറ് എന്നായിരുന്നു കേട്ടിരുന്നത്. നൊസ്റ്റാള്‍ജിയക്ക് പറ്റിയ ഏറ്റവും നല്ല വാക്ക് അതാണ്.

രാജേഷ്‌ ആര്‍. വര്‍മ്മ said...

ഇല്ലം സംസ്കൃതമല്ല. ഇല്‍ എന്ന പ്രത്യയം (കയ്യില്‍, വായില്‍) പോലും വീട്‌ എന്ന ഈ അര്‍ത്ഥത്തില്‍ നിന്നുണ്ടായതാവാം എന്നു പറയുന്നവരുണ്ട്‌. ഇല്ലാ എന്ന വാക്കും ഇല്‍ + ആ (പോകാ, കാണാ) എന്നിങ്ങനെ ഉണ്ടായതാവാമത്രേ.

വല്യമ്മായി said...

പറത്തിന് ഞങ്ങളൊക്കെ അട്ടം എന്നാണ് പറയാറ് :)

മോളമ്മ said...

വല്യമ്മായി - അട്ടം എന്നു ഞങ്ങടെ അവിടെ പറയണത് അടുക്കളയുടെ ഒഴിച്ചുള്ള മേക്കട്ടികളെ ആണ്. അട്ടക്കരി എന്നും ഇല്ലനക്കരിക്ക് പറയുന്നു എന്ന വിക്കി നിഘണ്ടു.

സ്കൂള്‍ അടച്ചാല്‍ ‘പുസ്തകം അട്ടത്ത് കയറ്റി’ എന്നതൊരു പ്രയോഗമല്ലേ. :)

Siju | സിജു said...

എന്റെ വീട്ടിലിതിനു ഇല്ലന്‍കരിയെന്നാ പറഞ്ഞിരുന്നത്
വല്യ വിത്യാസമില്ല.. എന്നാലും..

പ്രിയംവദ-priyamvada said...

ഇല്ലനക്കരി!...നല്ല ഇഷ്ടായി

കുഞ്ഞുമോളമ്മയെ എവിടെയൊ കണ്ടു മറന്ന പോലെ..

മോളമ്മ said...

അനസൂയയില്ലാതെ ഒരു പ്രിയംവദയോ?! :)
തൃശ്ശൂക്കാരിയാണെങ്കില്‍ കണ്ടണ്ടാവും. എല്ലാ തൃശ്ശൂക്കാരികളും ഇങ്ങനൊക്യല്ലേ.:)

Sarija N S said...

എന്‍റെ നാട്ടില്‍ ഇത്‌ ഇല്ലരിത്ത്ംകരി :)

ശ്രീലാല്‍ said...

എവിടെയെല്ലാമോ തട്ടിത്തട്ടിയാണ് ഈ ബ്ലോഗില്‍ എത്തിയത്..

ഇല്ലട്ടക്കരി എന്നാണ് എന്റെ വീട്ടില്‍ പറഞ്ഞിരുന്നത്. - കണ്ണൂര്‍.

തെങ്ങിന്റെ മടലിന്റെ ഇടയില്‍ നിന്ന് ചുരണ്ടിയെടുക്കുന്നതിനെപ്പറ്റി വണ്‍ സ്വാലോ എഴുതിയത് കണ്ടപ്പോള്‍ ചിന്തിച്ചുപോയി - ഞാനിതെല്ലാം മറന്നുപോയല്ലോ... എന്ന്.
:(

Pramod.KM said...

അതെ,കണ്ണൂരില്‍ ഇല്ലട്ടക്കരി ആണ്. ഇല്ലത്തിന്റെ അട്ടത്തില്‍ ഉണ്ടാകുന്ന കരി എന്നാവും അര്‍ത്ഥം.:)

അഭിലാഷങ്ങള്‍ said...

'ഇല്ലനക്കരി' എന്തുവാ‍ എന്നറിഞ്ഞ് ഈ ബ്ലോഗ് വായന തുടങ്ങാം എന്ന് കരുതി ഈ പോസ്റ്റില്‍ വന്നു. അപ്പോ മനസ്സിലായി ഇത് എന്റെ നാട്ടില്‍, കണ്ണൂരില്‍, പറയുന്ന 'ഇല്ലട്ടക്കരി' തന്നെയാണ് എന്ന്.

ഇപ്പോ ചിന്തിക്കുകയാ, ഈ ‘ട്ട’ എന്നതിന് ഏതേലും ഭാഷയില്‍ രാജേഷ് ആര്‍.വര്‍മ്മ ചൂണ്ടിക്കാണിച്ച കന്നടയിലെ ‘ന’ യുടെ അര്‍ത്ഥം ഉണ്ടോ എന്ന്. അല്ലേല്‍, പ്രമോദ് മുകളില്‍ പറഞ്ഞപോലെയായിരിക്കും അല്ലേ? ആ‍ാ...

ഏതായാലും അര്‍ത്ഥം മനസ്സിലായ സ്ഥിതിക്ക് ബാക്കി വായിക്കട്ടെ... :)

ശ്രീവല്ലഭന്‍. said...

'മദ്യ'തിരുവിതാംകൂറില്‍ ഇതിന് 'ചേര്' എന്ന് പറയും! മൂത്ത കവുങ്ങിന്‍റെ (arecanut tree!!!) കഷണങ്ങള്‍ കൊണ്ടാണ് സാധാരണ അടുപ്പിനുമുകളിലായ് ചേര് കെട്ടുന്നത്. മോളമ്മ പറഞ്ഞതുപോലെ അന്നത്തെ സ്ത്രീയുടെ അദ്ധ്വാനത്തിന്‍റെ അളവാണ് ആ പുകകരിയുടെ കനം! ഞങ്ങടെ നാട്ടില്‍ (തിരുവല്ല) ഇതു കൊടമ്പുളി (മീങ്കറിയില്‍ ഇടുന്ന പുളി) ഉണക്കാനും ഉപയോഗിക്കും (പറമ്പില്‍ നിന്നും ഇടയ്ക്കിടെ കൊഴിയുന്ന പുളി). കൂടുതല്‍ ഉണ്ടെങ്കില്‍ വലിയ ചേര് കെട്ടി വേറെ പുകയ്ക്കാനുള്ള സംവിധാനവും ഉണ്ടാക്കും.