Wednesday, June 18, 2008

കല്ലറ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്!

കഴിഞ്ഞ ഞാറാഴ്ച്ചത്തെ വികാര്യച്ചന്റെ പ്രസങ്ങം കേട്ട്‌റീ കുഞ്ഞോളേ നീ?

ഞാന്‍ പ്രസങ്ങൊന്നും കേക്കാറില്യാ. വേറേ പണീല്യാണ്ടിരിക്കല്ലേ. കഴിഞ്ഞാഴ്ച മുന്നിലിരുന്ന പെണ്ണിന്റെ ചുരിദാറിന്റെ ഡിസൈന്‍ നോക്കാര്‍ന്നു. ഉഗ്രന്‍ ഡിസൈന്‍ അതുപോലൊരെണ്ണം തയ്ക്കണം.

എന്റെ മുന്നിലിരുന്ന പെണ്ണിന്റെ സാരീം പുത്യേ ഫാഷനാര്‍ന്നു. അത് നോക്കി നോക്കി ഒറങ്ങി പോയീരീ. തൂക്കം പിടിച്ച് വീഴണേന്റെടേല് കേട്ടത്ണ്, ബാക്കി കുഞ്ഞച്ചനും പറഞ്ഞന്നു. ഇമ്മടെ പള്ളില് പുത്യേ അപ്പാര്‍ട്ട്മെന്റ് കല്ലറ വരുണൂന്ന് അതിനു എടവകക്കാര് സഹായിക്കണം പോലും!

അപ്പാര്‍ട്ട്മെന്റ് കല്ലറ്യാ? അതെന്തൂട്ടാണ് സംഗതി?

ഇമ്മടെ പള്ളീലിപ്പോ ആള്‍ക്കാരെ കുഴിച്ചിടാന്‍ സലല്യലോ. ഇള്ള സലത്തൊക്കെ കാശ്ള്ളോര് കുടും‌ബ കല്ലറ കെട്ടീട്ടേക്കല്ലേ. ഇനിം കാശുള്ളോര് ചത്താ അവര്‍ക്കെവിടീന് കുടുംബ കല്ലറയ്ക്ക് സ്ഥലം കൊടുക്കാ? അതോണ്ട് അസ്ഥിക്കെണറിനോട് ചേര്‍ന്നള്ള സ്ഥലത്ത് അപ്പാര്‍ട്ട്മെന്റ് കല്ലറകള്‍ കെട്ടാന്‍ പൂവാന്ന്. ഫ്ലാറ്റ് പോലെ ഏഴ് നില പണിയാന്ണ് തിരുമാനം.

അയ്യോ അപ്പോ ആ‍ അസ്ഥിക്കെണറെന്തൂട്ടാ ചിയ്യാ?

അതു അടച്ച് കെട്ടീട്ട് എല്ലിടാന്‍ മാത്രള്ള ഓട്ടിടും‌ന്ന്.

അയ്യോ! ശന്യാഴ്ച്ച നൊവാനയ്ക്ക് പൂവുമ്പോ അസ്ഥിക്കെണറ്റില് എത്തിച്ച് നോക്കണതൊരു സുഖാര്‍ന്നു. :(. അപ്പോ ..ഇനിതൊട്ട് മണ്ണൊന്നിടില്ലേ ശവക്കല്ലറേല്?

ഇല്യാത്രേ. ഒരു കുടുംബക്കറയില്‍‌‌ക്ക് ഒരാള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി വരുമ്പോ അതില്‍ ഇണ്ടാര്‍ന്ന ആളെ അപ്പാര്‍ട്ട്മെന്റ് കല്ലറേടെ പിന്നിലള്ള കുഴീല്‍ക്ക് തള്ളൂത്രേ. ലൂര്‍ദ്ദ് പള്ളീലള്ള അടിപള്ളീലെ? അത്‌പോലീണ്ന്ന്. ടൌണിലൊക്കെ ഇമ്മിണി പള്ള്യോളില്‍ ഇപ്പോ ഇങ്ങനത്തെ അപ്പര്‍ട്ട്മെന്റ് കല്ലറ്യാത്രേ.

അപ്പോ ഇനി നമ്മളൊക്കെ ചത്താ ഈ കല്ലറേലാ വയ്ക്യാ?

അല്ലറീ ക്ടാവേ. ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും. നൂറാള്‍ മരിച്ച് കഴിയുമ്പോ ആദ്യം അടക്യ ആളെ എടുത്ത് അസ്ഥികുഴീല്‍ക്കിടും.

അപ്പോ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്കും കാശുകൊടുക്കണാ?

പിന്നേ വേണ്ട‌്‌റീ. ഇതെന്തൂട്ട് പെണ്ണ്ണ്? ''ക്ലാസ് കല്ലറ മണ്ണിലിള്ളത്. അയിന് ഒരുലക്ഷത്തി അന്‍പതിനായിരുര്‍പ്യാ കൊട്‌ക്കണം. ഒരോ അടക്കിനും അന്‍പതിനായിരമുര്‍പ്യാ എക്സ്ട്രാ. 'ബി' ക്ലാസ്‌ണ് അപ്പാര്‍ട്ട്മെന്റ് കല്ലറ. അയിന് ഒരു ലക്ഷുര്‍പ്യാ. ഒരോ അടക്കിനും അമ്പതിനായിരം വേറെ. ‘സി’ ക്ലാസണ് കാശില്യാത്തോര്‍ക്ക്. അതിന് അടക്കാന്‍ പള്ളിക്ക് കൊടുക്കണ്ട കാശ് മാത്രം കൊടുത്താ മതി.

അയ്‌ശരി നല്ല എടവാട്‌ണ്‌ലോ. കല്ലറപണിയാന്‍ കാശുകൊടുക്ക്ണടത് എടവകക്കാര്. എന്നട്ട് ചത്താ അതില്‍ കേറി കെടക്കാനും ഇമള് കാശ് കൊടുക്കണംന്ന്. അപ്പോ എന്തോരം കാശ്‌ണ് ഈ വകുപ്പില് ഈ പള്ളിക്കാര് ഇണ്ടാക്കണെ.

പിന്നെ മണ്ണിനൊക്കെ പൊന്നു വില്യല്ലേറീ. ഞാന്‍ '' ക്ലാസ് കല്ലറ എണ്ണി. ഇപ്പൊ നൂറ്റെഴുപത്തഞ്ചണ്ണണ്ട്. ഇരുനൂറ് അപ്പാര്‍ട്ട്മെന്റ് കല്ലറ പണിയുംന്ന്.ഞാന്‍ മരണപത്രം എഴുതാന്‍ പൂവാണ്റീ കുഞ്ഞോളെ. എനിക്കീ പള്ളീല്‍ത്തെ ആറടി മണ്ണ് വേണ്ടാന്ന്. മട്‌ത്തു ഈ പള്ളിക്കാരടെ കള്ളത്തരങ്ങള്.

ആ പെണ്ണമ്മിച്ചിയ്ക്ക് ഇങ്ങന്യോക്കെ പറയാം. ഇനി കെട്ടാനൊന്നും പോണില്യല്ലോ

കെട്ടാത്തോര്‍ക്ക് എന്താടീ രജിസ്ടര്‍ കല്യാണം കഴിച്ചൂടെ?

പെണ്ണമ്മിച്ചി നടത്ത്യോട്ക്കോ അവര്ട്യോക്കെ കല്യാണം?

ആ..എന്റട്ത്ത് വരണോര്ടെ ഞാന്‍ നടത്ത്യേട്ക്കും. ആഹാ.. വാശിക്ക് വാശീന്.

എന്നാ എട്‌ക്ക്ങ്ങ്‌ട് മുദ്രപത്രം.

മരണപത്രം അഥവാ സത്യവാങ്ങ് മൂലം

ഞങ്ങള്‍ (കുഞ്ഞുമോള്‍ & പെണ്ണമ്മ ) മരിച്ചാല്‍ പള്ളിയില്‍ അടക്കുകയാണെങ്കില്‍ ഞങ്ങളുടെ ആത്മാക്കള്‍ക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) ശുദ്ധീകരണസ്ഥലത്തിലെ കെടാത്ത അഗ്നിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധാഗ്നിയിലേക്ക് ഒരിക്കലും പ്രവേശനം കിട്ടില്ല എന്ന് ഇതിനാല്‍ തര്യപ്പെടുത്തി കൊള്ളുന്നു. ആയതിനാല്‍ ഞങ്ങള്‍ മരിച്ചാല്‍ തൃശ്ശൂരിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കേണ്ടതാണ്. ചാരം പുഴയിലൊഴുക്കി പുഴ വൃത്തികേടാക്കുന്ന പക്ഷം ഞങ്ങളുടെ നരക പ്രവേശനം ത്വരിതപ്പെടും. ആതിനാല്‍ ചാരം ശ്മശാനത്തില്‍ തന്നെ കളയുക. ചാരം കളഞ്ഞീട്ടു പോരാന്‍ കഴിയാത്ത വിധം ആരെങ്കിലും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ ചാരം ശേഖരിച്ച് മുറ്റത്തിന്റെ തെക്കേ മൂലയ്ക്ക് കുഴിയെടുത്ത് ചാരം അതിലിട്ട് ഒരു റ്റിxഡി തെങ്ങ് വയ്ക്കുക. തെങ്ങ് കായ്ക്കുമ്പോള്‍ ‍ആ നാളികേര പാലെടുത്ത് പീനെ കൊളാഡ ഉണ്ടാക്കി കുടിക്കുക. ഈ പീനെ കൊളാഡ കുടിയ്ക്കുന്ന ആള്‍ക്ക് യതി പറഞ്ഞതുപോലെയുള്ള ചെമ്പുകമ്പി പ്രഭാവം പോലെയും, മാധവിക്കുട്ടി(കമലസുരയ്യ) പറഞ്ഞതുപോലുള്ള പക്ഷിയുടെ മണം പോലെയും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടും.

ഈ മരണപത്രം അഥവാ സത്യവാങ്ങ്മൂലം സംയുക്തമായി ഒപ്പുവയ്ക്കുന്നത്

ഒപ്പ് (കുഞ്ഞുമോള്‍)
ഒപ്പ് (പെണ്ണമ്മ)

7 comments:

മൂര്‍ത്തി said...

ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും.
!

മലമൂട്ടില്‍ മത്തായി said...

എന്തായാലും തീരുമാനം കൊള്ളാം. മരിച്ചു കഴിഞ്ഞാല്‍ പിന്നെ തെമ്മാടി കുഴി ആയാല്‍ എന്താ, കല്ലറ ആയാല്‍ എന്താ, എല്ലാം ഒന്നു തന്നെ. പക്ഷെ പള്ളിക്കാര്ക് കാശു വേണം :-)

വാല്‍മീകി said...

ആ മരണപത്രം ക്ഷ പിടിച്ചു...

Siju | സിജു said...

ആക്ച്യുലി, ഈ കല്ലറ അപ്പാര്‍ട്ട്മെന്റ് ഒള്ളതാണോ..
തട്ടിപ്പോയാലും റിയല്‍ എസ്റ്റേറ്റ് മാഫിയക്കാര്‍ വിടൂലല്ല്..

തോന്ന്യാസി said...

അല്ല പെണ്ണമ്മേച്ച്യേ......

ഈ എ ക്ലാസ് കല്ലറേല് എസി ണ്ടാവ്വോന്നും.......

പിരിക്കുട്ടി said...

kollam nalla maranapathram.....

മോളമ്മ said...

മൂര്‍ത്തി - മുകളിലേക്ക് വളരുന്ന ലോകങ്ങള്‍ക്കൊപ്പം താഴേയ്ക്കു പടരുന്ന ലോകങ്ങള്‍ എല്ലാത്തിലും ഉണ്ടെന്നതാണ്.

മത്തായികുട്ട്യേ - ഇപ്പോ തെമ്മാടി കുഴ്യോന്നില്യാ ഞങ്ങടവടെ. പക്ഷേ ആജ്ജാതി ആത്മഹത്യ, മഹറോന്‍ കേസുകളിണ്ടയാ അച്ചന്‍ അടക്കിന് വരില്യാ. എന്നാലും കാശുവേണം.

വാല്‍മീകി - പ്രായപൂര്‍ത്തി ആയ ആളുകള്‍ മരണപത്രം എഴുതി വയ്ക്കണം എന്ന് നിയമം വരണം. എങ്കില്‍ പിന്നെ മരിച്ച ശേഷമുള്ള കാര്യങ്ങള്‍ക്ക്‌ള്ള അടിപിടി ഉണ്ടാവില്യല്ലോ. ഖസാക്കിന്റെ ഇതിഹാസക്കാരന്റെ കാര്യന്നെ കണ്ടില്ലേ.

സിജോ - ഇള്ളത്ണ്. അപ്പനാണേ സത്യം. തൃശ്ശൂര് പുത്തന്‍പള്ളി, ലൂര്‍ദ്ദ് പള്ളിലൊക്കെ ഇപ്പോ അങ്ങന്യാ. നഗരാതിര്‍ത്തിക്കുള്ളിലുള്ള മിക്ക പള്ളിലും അങ്ങനെ ആയിണ്ട്. ഗ്രാമങ്ങളിലൊക്കെ ആയി വരണെ ഉള്ളൂ. ഇത് പള്ളിമാഫിയയാണ്. മരിക്കുമ്പോ കൊരുക്കില് പിടിക്കണ പള്ളിമാഫിയ.

തോന്ന്യാസിചെക്കാ - എ ക്ലാസ്സ് കല്ലറ വാങ്ങി കഴിഞ്ഞാല്‍ അത്രേം സ്ഥലത്ത് ഇമ്മക്ക് എന്ത് തോന്ന്യാസം വേണങ്കിലും ചെയ്യാം. ബാറ് വരെ സെറ്റ് ചെയ്യാം. പിന്നീണ് ഏ.സി :)

പിരിക്കുട്ടി - ഒരെണ്ണം എഴുതിക്കോ.