Thursday, November 12, 2009

Feminism VS Maleism

സിയാപ്പീരെ കല്യാണ തെരക്കായോണ്ട് ഞങ്ങടെ ബ്ലോഗ് വായന്യോന്നും നടക്കാറില്ല്യാട്ടാ. കൊറേ കാലത്തിനു ശേഷം ദിന്നിപ്പോ മലയാളബ്ലോഗില്‍ കയറി നോക്കുമ്പോള്‍ ദേ കെടക്ക്ണു, തങ്കലിപികളില്‍ സൂക്ഷിക്കേണ്ട ഒരു മൊതില്. വാചകമേളക്കാരു കാണുന്നതിനു മുന്‍പ് ഇമ്മളതങ്ങട് പൊക്കി.

..”റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ(സ്ത്രീകള്‍) മാന്യമായി ചെയ്യുന്നില്ല.“


എന്തൂട്ടാ വാചകം! ഇത്തരം മൊതിലുകള്‍ കാലാകാലങ്ങളില്‍ ഞങ്ങടോടീം ഇണ്ടാവാറ്ണ്ട്. “പെണ്ണങ്ങള്‍ക്ക് തെങ്ങുമേ കേറാന്‍ പറ്റോ“ എന്നുള്ള കുട്ടന്‍ സ്റ്റൈല്‍ തുടങ്ങി “അതൊക്കെ പോട്ടെ..ഒരു കാറ് മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു പെണ്ണിന് പറ്റോ” എന്ന ഉണ്ണിയച്ചന്‍ സ്റ്റൈലും “പെണ്ണങ്ങള്‍ക്ക് ചെലക്കാനല്ലാണ്ട് എന്തൂട്ടറിയാം” എന്ന കുഞ്ഞച്ചന്‍ സ്റ്റൈലും ഒരു പെണ്ണെഴുതണ രാഷ്ട്രീയ വിമര്‍ശനം ആരെങ്കിലും വായിക്ക്യോ” എന്ന അച്ചങ്കുഞ്ഞ് സ്റ്റൈല് വരെ, ഞങ്ങടോടത്തെ ആണ്‍മൂരാച്ചികള്‍ക്ക് ഇല്ലാത്തതൊന്നും ഇല്ല. കാലാകാലങ്ങളില്‍ അവരോരുടെ ഉള്ളിലുള്ള ആണ്‍ മൂരാച്ചിയെ പുറത്തിടുക എന്നത് മന:പൂര്‍വ്വവും അല്ലാതെയും സംഭവിക്കും. അത്തരത്തില്‍ ഒരു മൊതല്, ഭാവിയില്‍ ഒരു മൊതല്‍ക്കൂട്ടാക്കാന്‍.

ബെര്‍ലീന്‍ മതിലും ജര്‍മ്മനിയുമാണല്ലോ കറണ്ട് ഹോട്ട് റ്റോപ്പിക്. രണ്ടൂസായി അതാണ് ഞങ്ങടോടെ തീമേശ വര്‍ത്താനം. അതില്‍ നിന്നൊരു രംഗം.

സഭയെ സഭയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പുനരുദ്ധരിക്കുക എന്ന അജണ്ടയുമായി നടക്കുന്ന പെണ്ണമ്മിച്ചി : അയിന്റെടയ്ക്ക് നിങ്ങളറിഞ്ഞ ക്ടാങ്ങളെ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭേരെ മാര്‍പ്പാപ്പിപ്പോ ഒരു പെണ്ണ്ണ്ണ്. ഇന്നലിമ്മടെ സുറായീരെ റോസിലി പറഞ്ഞപ്പഴാ ഞാനറിയണേ. എന്റെ തമ്പ്രാനെ ഇമ്മടെ പള്ളീരെ അള്‍ത്താരേമേ ഒരു പെണ്ണ് നിന്ന് കുര്‍ബാന ചെല്ലണ കണ്ടട്ട് ചത്താ മത്യാര്‍ന്നു.

പള്ളിയേ ശരണം എന്ന് പറഞ്ഞ് നടക്കുന്ന കുഞ്ഞച്ചന്‍: ഉവ്വാ എന്നട്ട് വേണം എല്ലാ പെണ്ണങ്ങളും കൂടി സഭരേ നാറാണക്കല്ലെളക്കാന്‍. ആണായ ക്രിസ്തൂന്റെ പ്രതിപുരുഷനെങ്ങന്യാ പെണ്ണാവാന്റെ ചേച്ച്യേ?

പെണ്ണമ്മിച്ചി: കുറച്ച് ആലോചിച്ച്. ഈ പ്രതിപുരുഷന്റെ എതിര്‍ലിംഗം എന്തൂട്ടാടീ കുഞ്ഞോളെ? ആ എന്തൂട്ടേങ്കിലാവട്ടെ. ഈ പ്രതിപുരുഷന്‍ എന്നതൊരു പ്രതിനിധി മാത്രല്ലേരാ. അതൊരു സ്ത്രീ, ഒരു പ്രതിസ്ത്രീ ആയാലെന്തൂ‍ട്ടാടാ കുഞ്ഞച്ചാ കൊഴപ്പം?

പള്ളിയെ പൊളിച്ച് കളയണം എന്ന് പറയുന്ന അച്ചങ്കുഞ്ഞ്: ഹെന്റെ പെണ്ണമ്മേ പള്ളി എന്നതേ ഒരു ബൂര്‍ഷ്വാഅധികാരസെറ്റപ്പാണ്. അവടെ കുര്‍ബാന ചെല്ലാന്‌ള്ള സ്വതന്ത്ര്യം കിട്ടീട്ട് സ്ത്രീയ്ക്ക് എന്തൂട്ട് കിട്ടാന്‌ണ്.

എല്ലാം കേട്ട് നില്‍ക്കുന്ന കുഞ്ഞോള്‍ വക: അതായത് അച്ചങ്കുഞ്ഞേ ഇപ്പോഴത്തെ ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഒരു സ്ത്രീ. ജര്‍മ്മനിയിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ ഒന്നിന്റെ നേതാവ് ഒരു സ്ത്രീ. അതും പോരാണ്ട് അവര്‌ടെ വിദേശകാര്യ മന്ത്രി ഒരു ഗേ. അധികാരത്തില്‍ നിന്നു വളരെ വളരെ ദൂരെ നിന്നിരുന്ന ഒരു സമൂഹം അധികാരത്തിലേയ്ക്ക് വരാണല്ലോ.

പെട്ടെന്ന് കുഞ്ഞച്ചന്‍: അ‌ അ അ‌ ആ.. അയ്ശരി അപ്പോ അതാണ് കാര്യം. ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. അങ്ങനെ വരട്ടെ. ഞാനും വിചാരിച്ചു..

കുറിപ്പ്:

ബിഷപ്പ് Margot Kaessmann വിവാഹമോചിതയാണ്.

9 comments:

Anonymous said...

:)) hi hi

പ്രിയംവദ-priyamvada said...

അല്ല പിന്നെ!

പാമരന്‍ said...

ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. ha ha!

നായര്‍ said...

ഈ പ്രതി എന്നൊക്കെപ്പറയുന്നത് പുരുഷന്റെ കൂടെയേ ചേരൂ, വാദിസ്ത്രീ എന്നാക്കിയാലെന്തേ മോളമ്മേ? വാദിക്കുവാന്‍ പെണ്ണോളമാവുമോ പുരുഷന്‍?

മൂര്‍ത്തി said...

മോളമ്മേരെ ബ്ലോഗ് വായിച്ചഴിഞ്ഞാ പെണ്ണ്‌ങ്ങള്‍ക്ക് ബ്ലോഗാനറീയ്യോന്ന് ആരും ചോയ്ക്കില്യാട്ടാ..നന്നായണ്ട്..തൊടരണംട്ടാ...

ചേച്ചിപ്പെണ്ണ്‍ said...

അമ്മച്ചീ ,
ഇവരെ ബിഷപ്പി എന്ന് വിളിക്കണോ ?
അതോ ബിഷപ്പത്തി എന്നോ ...?

Indiascribe Satire/കിനാവള്ളി said...

ഇശ്ശി ദിവസായല്ലോ കണ്ടിട്ട്. ഇടവ മൂല കഴിഞ്ഞതില്‍ പിന്നെ ഒന്നും കണ്ടില്ല. വിശേഷങ്ങള്‍ അറിയാതെ ഒരു സുഖം ഉണ്ടായിരുന്നില്ല. ഇനിയും എഴുതുമല്ലോ കുടുംബ ചരിത്രം. സ്ത്രീ പുരോഹിത ആവുന്നതില്‍ ദൈവത്തിനു എതിര്‍പ്പ് ഉണ്ടെന്നു തോന്നുന്നില്ല . ബ്ലോഗ്ഗര്‍ ആവുന്നതില്‍ ഞങ്ങള്‍ക്കും ഇല്ല. പോരെ.

അനോണി ആന്റണി said...

ആ ധ്വനിപ്പിച്ചത് പിടികിട്ടാന്‍ ഇച്ചിരി നേരമെടുത്ത്. പണ്ട് കേ ഗോള്‍ഡ്സ്‌വര്‍ത്തി ബിഷപ്പായപ്പോ "അവര്‍ വിവാഹിതയും ഇരട്ടക്കുട്ടികളുടെ അമ്മ യുമാണെന്ന്" കൊള്ളിച്ച് എഴുതിയ പത്രങ്ങളെയാണ്‌ ആക്കിയത് അല്ലേ :)

മോളമ്മ said...

അനോണിമസ് - :))) hi hi hi

പ്രിയംവദ - അല്ലാണ്ട് പിന്നേ :)

പാമരന്‍ - ha ha ha!

നായരേ - ഇതന്യാണ് ഞങ്ങടോടത്തെ ആണുങ്ങളും പറയണത്. അതല്ലേ ഈ പോസ്റ്റുകളൊക്കെ ചെലക്കലുകളായത്. :)

മൂര്‍ത്ത്യേ - ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു. ശരിയ്ക്കും ഇഷ്ടപ്പെട്ടു.

ചെച്ചിപ്പെണ്ണ് - ഇമ്മക്ക് വേണങ്കെ ബിഷപ്പത്തി എന്ന് വിളിക്കാം കൊഴപ്പല്യാ.

കിനാവള്ളിയേ -അപ്പോ ബ്ലോഗെഴുതാന്‍ കൊഴപ്പല്യാല്ലെ. സമാധാനമായി.

അന്തോണ്യേ - :) അതു കുഞ്ഞച്ചനിട്ടൊരു താങ്ങും കൂടെ താങ്ങീതല്യേ. പക്ഷേ മനസ്സിലാവൊന്നൂല്യാ. അതാണ് കഷ്ടം.