Thursday, June 5, 2008

അപകടകരമായ സത്യസന്ധത : ഗര്‍ഷോം, കഥാവശേഷന്‍

“എന്തൂട്ട്‌ണ്ടീ ഈ തല്ലിപ്പൊളി സിനിമ ഇത്ര ഇരുന്ന് കാണാന്‍! 'കര്‍ഷോ'മല്ലേ? ഇതിപ്പൊ നൂറ്റൊന്നാമത്തെ പ്രാവ്ശ്യാണു ഇത് റ്റിവീല് വരണെ. നിങ്ങളിതേ വരെ കണ്ടട്ടില്ലീസാനം?“

“എന്റെ ചേച്ച്യേയ് ഇതൊരുഗ്രന്‍ പടണ്! ജീവിതത്തോട് ചേര്‍ന്ന് നിക്കണത്.“

“ഇവറ്റങ്ങള്‍ടെ ഒരു കാര്യം. ആ കുഞ്ഞോള് നിന്നെം കൂടി ചീത്ത്യാക്കീരി പെണ്ണമ്മേ. ആര്‍ക്കും മനസ്സിലാവാത്ത ചെല സിനിമകള്‍ കണ്ടാല്‍ ബുദ്ധിമാന്‍‌ത്ത്യോളായിന്നാ രണ്ടിന്റേം വിചാരം. ഇതൊക്കെ കാണാന്‍ സിനിമകൊട്ടായീല്‍ക്ക് പോണാ? ഇമ്മടെ ചുറ്റുമൊന്നു നോക്യാ പോരെ?“

“എന്റെ പെണ്ണമിച്ച്യേയ് പ്ലീസ് ഈ സാനത്തിനിം കൊണ്ട് അടക്കളേ പോയേന്‍ ഞാന്‍ ബാക്കി റെക്കോര്‍ഡ് ചെയ്തിടാം. വൈന്നേരം കാണാം.“

പെണ്ണമ്മിച്ചിനെ വല്യമ്മിച്ചി പിടിച്ചോണ്ട് പോയ കാരണം ബാക്കി ലേഖന രൂപത്തില്‍

**********************************************
വല്യമ്മിച്ചി ഇതാദ്യായിട്ടല്ല ജീവിത ഗന്ധിയായ സിനിമകളെ പുച്ഛിക്കുന്നത്. 'ചിന്താവിഷ്ടയായ ശ്യാമള' കണ്ട് വന്നീട്ട് ഇതു കാണാന്‍ കുഞ്ഞമ്മിച്ചിയുടെ മാപ്ലേനെ നോക്കിയാല്‍ പോരെ എന്നു ചോദിച്ച പാര്‍ട്ടിയാണ്. ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാട്. ഒരു ശരാശരി മലയാളി സിനിമയില്‍ ആസ്വദിക്കുന്നത് ഒളിഞ്ഞു നോട്ടമാണെന്നും താദാത്മ്യപ്പെടലാണെന്നും ഒക്കെയുള്ള നിഗമനങ്ങളെ ശരിവയ്ക്കുന്ന നിലപാട്. ചുറ്റും നടക്കുന്ന സംഗതികളാണ് സിനിമയിലെങ്കില്‍‍ ഒളിഞ്ഞു നോട്ടത്തിനും താദാത്മ്യത്തിനുമായി എന്തിനു സിനിമ തന്നെ കാണണം?

പക്ഷേ പറയാന്‍ വന്നതതല്ല. ശരാശരിയ്ക്കും മുകളിലുള്ള പ്രേക്ഷകന്‍ എന്തുകൊണ്ട് കാണേണ്ട രീതിയില്‍ ഗര്‍ഷോമിനേയും (സംവിധായകന്‍ - പി.റ്റി കുഞ്ഞുമുഹമ്മദ്) കഥാവശേഷനേയും (സംവിധായകന്‍ - റ്റി.വി ചന്ദ്രന്‍) കാണാതിരുന്നത്? ഗര്‍ഷോം ഒരു പ്രവാസി സിനിമ എന്നെങ്കിലും വിലയിരുത്തപ്പെട്ടപ്പോള്‍ കഥാവശേഷന്‍ ദിലീപിന്റെ കുറ്റങ്ങളെ മുഴുപ്പിച്ചു കാണിക്കാന്‍ മാത്രം വിനിയോഗിക്കപ്പെട്ടു എന്നത് ഖേദകരമാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും ഉണ്ടായ ചില വിശകലനങ്ങളാവട്ടെ ധാര്‍മ്മിക ബോധം കൂടിയവന്റെ ആത്മപീഡ എന്നൊരു വിഷയത്തില്‍ മുട്ടി നിന്നു.

തന്റെ ജീവിതത്തില്‍ വളരെയധികം സത്യസന്ധത പുലര്‍ത്തുന്നൊരു വ്യക്തിക്ക് ഇന്നു സമൂഹത്തില്‍ ജീവിതം സാധ്യമാണോ എന്നതായിരുന്നു രണ്ട് സിനിമകളും പ്രധാനമായും പറഞ്ഞത്. ദിവസത്തില്‍ സുകൃതജപം പോലെ ആയി പോയ 'ബീ പ്രാക്ടിക്കല്‍' എന്നതിന്റെ ഉച്ചസ്ഥായിയില്‍ ചിലപ്പോള്‍ കേള്‍ക്കാതെ, കാണാതെ പോയതായിരിക്കും അപകടകരമായ ഈ സത്യസന്ധതയെ.


നാസറുദ്ദീനു (മുരളീ) ബിസിനസ്സ് ചേരില്ല എന്ന് എല്ലാവരും പറഞ്ഞു. എന്തുകൊണ്ട്? അയാള്‍ സത്യസന്ധനായതുകൊണ്ട്. സത്യസന്ധമായി എല്ലാ വരവു ചിലവു കണക്കും എഴുതി താങ്ങാനാവത്തൊരു തുക സെയില്‍ ടാക്സ് ആയി അടക്കേണ്ടി വരുന്ന നാസറുദ്ദീന്‍, വക്കീലിനെ കാണുമ്പോള്‍ വക്കീല്‍ പറയുന്നത് ദിവസം കോടികളുടെ വരുമാനമുള്ളവര്‍ പോലും ഇത്രയും തുക വരവ് കാണിക്കില്ലെന്നാണ്. ഇത്രയും തുക വിറ്റുവരവ് കാണിച്ചാല്‍ ഭീമമായ തുക തന്നെ റ്റാക്സ് അടക്കേണ്ടി വരുമത്രെ! അതുകാണുമ്പോള്‍ നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് പോലും ഒരു നിശ്ചിത ശതമാനം അഴിമതി മുന്നില്‍ കണ്ടല്ലേ എന്നൊരു ചോദ്യം മനസ്സില്‍ ഉയരുന്നില്ലേ? സത്യസന്ധമായിരിക്കുക എന്നത് ഒരു നിശ്ചിതശതമാനം വരെയെ ആകാവൂ എന്ന് നിയമം പോലും അനുശാസിക്കുന്നതായി തോന്നുന്നില്ലേ. എങ്കില്‍ ആ ശതമാനത്തിനു മുകളില്‍ സത്യസന്ധനായ വ്യക്തി ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നു തന്നെയല്ലേ ‘ഗര്‍ഷോം‘ പറയുന്നതു. 12 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ഒന്നും സമ്പാദിക്കാതെ നാട്ടില്‍ തിരിച്ചു വന്നു വിണ്ടും പ്രവാസത്തിലേയ്ക്ക് പോകുന്ന നാസറുദ്ദീന്‍ പ്രതീകവത്കരിക്കുന്നത് വെറും ഒരു പ്രവാസിയുടെ ജീവിത പ്രതിസന്ധികള്‍ എന്നതിലുപരി അപകടകരമായി സത്യസന്ധത കാണിക്കുന്ന വ്യക്തിക്കു സമൂഹം നിഷേധിക്കുന്ന ജീവിതമാകാതിരിക്കാന്‍ ന്യായമെന്ത്?


ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്ന ഗോപീനാഥ് മേനോന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ‘കഥാവശേഷന്റേ‘യും കഥ മറ്റൊന്നല്ല. ജീവിതത്തില്‍ കാണുന്ന അനീതികളോടെ ഏറ്റവും സത്യസന്ധതമായി പ്രതികരിക്കുന്ന ഒരു ചെറുപ്പക്കാരന് എങ്ങനെയാണ് ഈ സമൂഹത്തില്‍ ജീവിക്കാനാവുക എന്നൊരു ചോദ്യമല്ലേ ആത്മനിന്ദ അനുഭവിക്കുന്ന ഒരാളുടെ മരണം എന്നതിലുപരി ആ സിനിമ ഉയര്‍ത്തുന്ന ചോദ്യം. ധാര്‍മ്മിക ബോധം കൊണ്ട് ആത്മപീഡിതനായ വ്യക്തിയുടെ വെറുമൊരു ആത്മഹത്യയ്ക്കുപരി ഇന്നത്തെ സമൂഹത്തില്‍ സത്യസന്ധതയുടെ ആത്മഹത്യയെ/മരണത്തെ പ്രതീകവത്കരിക്കുന്നില്ലേ ഗോപീനാഥമേനോന്റെ മരണം? നൂറു ശതമാനം എന്നൊന്നു ഒരുകാര്യത്തിലും ഇല്ല. എന്നാല്‍ ഒരു നിശ്ചിത ശതമാനം സത്യസന്ധതയില്‍ കൂടുതല്‍ പുലര്‍ത്തുന്ന വ്യക്തികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ? അവര്‍ അവരുടെ സത്യസന്ധത കാരണം സ്വയം ഒടുങ്ങുന്നുവോ? അത്തരക്കാര്‍ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരാണോ? അവരെ സമൂഹം അര്‍ഹിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. എവിടെയാണ് സത്യസന്ധതയുടെ ‘പടിവാതില്‍ വില‘ (Threshold Value) കിടക്കുന്നത്?

സത്യസന്ധത എന്നാല്‍ ശരി-തെറ്റുകളല്ല. പിന്നെന്താണ്? തനിക്ക് സത്യമെന്നു തോന്നുന്നതിനോട് സന്ധി ചെയ്തു നില്‍ക്കുന്നത്. ദൈവം മുതല്‍ പിശാച് വരെ എന്തും ഒരു വ്യക്തിയ്ക്ക് സത്യമാവാം. ‘ഗര്‍ഷോ‘മിലും ‘കഥാവശേഷനിലും അത് സമൂഹത്തിന്റെ ധാര്‍മ്മിക ബോധത്തിന് നിരക്കുന്നതായിരുന്നു. സമൂഹത്തിന്റെ ധാര്‍മ്മിക ബോധത്തിനു നിരക്കാത്ത സത്യസന്ധതകള്‍ ധാര്‍മ്മിക ബോധത്തിന്റെ തലത്തില്‍ തന്നെ സമൂഹം ചോദ്യം ചെയ്യും എന്നതിനാല്‍ പലപ്പോഴും സത്യസന്ധത കൂടിയത് കൊണ്ടുള്ള പ്രശ്നങ്ങളെ സമൂഹത്തില്‍ നിന്നും അത്തരക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാറില്ല. ഒന്നാലോചിച്ചു നോക്കൂ നമ്മുടെ ജീവിതത്തില്‍ എത്ര ശതമാനം സത്യസന്ധമായിരിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്?

കുറിപ്പ്: ആദ്യത്തെ പ്രവാസിയായി കരുതാവുന്ന മോശയുടെ മകനാണ് ഗര്‍ഷോം. അന്യന്‍, പേരില്ലാത്തവന്‍ എന്നര്‍ത്ഥമുള്ള ഗരേഷ് എന്ന ധാതുവില്‍ നിന്നാണ് ഗര്‍ഷോം എന്ന പേരുണ്ടായത്. പി.റ്റി. കുഞ്ഞുമുഹമ്മദ് അത് പ്രവാസിയ്ക്കു് വേണ്ടി മാത്രമായിരിക്കാം ഉപയോഗിച്ചതെങ്കിലും അപകടകരമായ സത്യസന്ധതകൊണ്ട് സമൂഹത്തില്‍ അന്യവത്ക്കരിക്കപ്പെട്ടും ഒറ്റപ്പെട്ടും പോകുന്നവര്‍ക്കും അതു കൂടുതല്‍ ചേരും.

എഴുതി വന്നപ്പോള്‍ സത്യസന്ധത എന്ന വാക്ക് ഇവിടെ പറഞ്ഞ പോലെ അര്‍ത്ഥം നഷ്ടപ്പെട്ട് വികൃതമായപ്പോലെ തോന്നുന്നു.

സിനിമകളുടെ നിലവാരം - അനസൂയ

8 comments:

Inji Pennu said...

മോളമ്മോ! :):)

മൂര്‍ത്തി said...

ഗര്‍ഷോമിനെക്കുറിച്ച് ചില ചിന്തകള്‍ ഇവിടെ ഉണ്ട്.

മോളമ്മ said...

ഇഞ്ചിപ്പെണ്ണു് - :)

മൂര്‍ത്തി - ഇതെഴുതാനായി തിരഞ്ഞപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തിന്റെ ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. നന്ദി.

ഗുപ്തന്‍ said...

threshold എന്നാല്‍ പടിവാതില്‍ എന്ന് പരിഭാഷിക്കാം കുഞ്ഞോളേ... കുറിപ്പ് നന്നായി.

മോളമ്മ said...

ഗുപ്തന്‍ - threshold -പടിവാതില്‍ നെ എടുത്തകത്തിട്ടു. താങ്ക്സ്

Roby said...

ഇത് കഴിഞ്ഞാഴ്ച വായിച്ചിരുന്നു. അതുകൊണ്ട് ഗര്‍ഷോം ഇന്ന് കണ്ടു.

നാസറുദ്ദീന്‍ സത്യസന്ധനാണെന്ന് അയാളെക്കൊണ്ടും മറ്റു കഥാപാത്രങ്ങളെക്കൊണ്ടും ആവര്‍ത്തിച്ച് പറയിക്കണ്ടായിരുന്നു എന്നു തോന്നി. കഥാവശേഷന്റേത് കൂടുതലും രാഷ്ട്രീയമായ നിസ്സഹായത ആണെന്നും തോന്നിയിരുന്നു. ഏതായാലും രണ്ടുപേരും പൊളിറ്റിക്കലി charged ആയിരുന്നു.

ജീവിതാവസ്ഥകളോട് സന്ധി ചെയ്യാന്‍ സാധിച്ചാല്‍ സത്യസന്ധനായിരിക്കാം എന്നാണു തോന്നിയിട്ടുള്ളത്.

മോളമ്മ said...

റോബി -നാസ്സുറീദ്ദിനിന്റെ സത്യസന്ധത എന്ന വിഷയം പ്രേക്ഷകര്‍ മനസ്സിലാക്കതെ പോയാലോ‍ എന്ന് സംവിധായനു പേടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. അത് അസ്ഥാനത്തായിരുന്നില്ല എന്നല്ലേ അതിനെകുറിച്ച് റിവ്യൂകള്‍ കാണിക്കുന്നത്. ഒന്നുകില്‍ പ്ലോട്ട് ആ വിഷയം കാണിക്കാന്‍ പര്യാപ്തമായിരുന്നില്ല. അല്ലെങ്കില്‍ സത്യസന്ധത എന്തെന്ന് തിരീച്ചറിയുന്നതില്‍ മലയാളി മനസ്സ് വല്ലാതെ പരാജയപ്പെട്ട് കൊണ്ടിരിക്കുന്നു.

ഇത് എഴുതി കഴിഞ്ഞതിനു ശേഷം രാജേഷ് ആര്‍ വര്‍മ്മയുടെ കഥാവശേഷനെ കുറിച്ചുള്ള പോസ്റ്റ് കണ്ടിരുന്നു. അതിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ രാഷ്ട്രീയമായ നിസ്സാഹയതേക്കാള്‍ അപകടകരമായ സത്യസന്ധത എന്ന ആംഗിള്‍ നന്നാവും.

joyson said...

Ee blog adimaye kanane. Aake kodakarapuranam mathre blog aayi vayichirunnullu.Malayalalathil engine aanu type cheyya ennnariyilla. njanum oru thrissookarana. Model boysil padikkumbo veetinne edakke choru venda ennu enikku masala dosa kazhikkanam ennu parayum. Appo triveninnu masala adikkan kaasu tharum. oru rupa or onne kalu. aa masala dosa kazhiyandirikkan first bell adikkana vare nakki nakki thinna cheyya. orikkalum marakkatha trissoorinte ormakal podi thatti eduthu tharana ellanakkarikku aayiram namaskaram.