Tuesday, August 19, 2008

‘ഇടവ'മൂല

ട്യേയ് പെണ്ണമ്മേ ഇതെന്തൂട്ടണ്ടീ ഈ കാണണിവടെ? ഒരു ചെരുപ്പ് കടേല്‍ക്കിള്ള ചെരുപ്പിണ്ടല്ലോ നിന്റെ ഉമ്മാറ്ത്ത്?

അയിന്റെ പാതീം മുക്കാലും കളയാനിള്ളതാണ്. ആ ഉമ്മാറ്ത്തെ മുറി കുഞ്ഞോളെടുത്തേപ്പോ പഴേ ചെരുപ്പിടാന്‍ സലല്യാണ്ടായി.

അല്ലറിവളെ ഈ ചെരുപ്പ് കൂട്ടീട്ടേക്കണ സലല്ലേ നിങ്ങടെ വീടിന്റെ കന്നി മൂല്യായിറ്റ് വരാ? ഭയങ്കര ഐശ്വര്യക്കേടാണ് കന്നിമൂലേല് ശുദ്ധില്യാത്ത സാധനങ്ങല് ഇടണത്. നീയതൊക്കെ അവടന്ന് മാറ്റീറ്റ് അവിടൊരു സ്റ്റൂളില് ഒരു ഈശോന്റെ പടാ വയ്ക്ക്. എല്ലാ ഏന്നക്കേടങ്ങടാ മാറും.

ഓ! ഒരിത്തിരി ഏന്നക്കേടീ വീടിനിരിക്കട്ടെ അല്ലെങ്കിലെന്തൂട്ടാണ് രസം? അതെന്തൂട്ട്‌ണ് ഒരു പുത്യേ മൂല, കന്നിമൂല്യാ? കന്നി, എടവം വൃശ്ചികൊക്കെ മലയാളമാസല്ലെ അയിനൊക്കിപ്പോ മൂലീം ഇണ്ടാ?

ഇവളീതേത് ലോകത്താ? ചിങ്ങം, കന്നി, ത്‌ലാം അതില്‍‌ത്തെ കന്ന്യോന്നല്ല ഈ കന്നിമൂല. ഇത് വാസ്തൂണ്.. വാസ്തൂ. വാസ്തൂല്, തെക്ക് പടിഞ്ഞാറ് മൂലീന് കന്നിമൂലാത്രേ! നീയ് ഇതേവരെ വാസ്തൂന്ന് കേട്ട്‌ട്ടില്ലേ?

അതീ മനോരമക്കാര് ആളെ പറ്റിക്കാന്‍ എഴുതണ സാനല്ലേ?

ആളെ പറ്റിക്കാനാ? ഇവള്‍ക്ക് എന്ത് പറഞ്ഞാലും പറ്റിക്കലാണ്. ഇത് പറ്റിക്കലൊന്നല്ല. ശാസ്ത്രാണ്.. ശാസ്ത്രം. വാസ്തുശാസ്ത്രം!

അയ്‌ശരി. ഇതെന്നു തൊട്ടാണ് ശാസ്ത്രായേ ഞാനറിഞ്ഞില്ലാട്ടാ!!അതുപോട്ടെ, ചേച്ചിയ്ക്കിപ്പോ ഈ കന്നിമൂലാന്നൊക്കെള്ള സംഗതിയോള് എവടനാണ് കിട്ട്യേ?

ഇമ്മടെ കുഞ്ഞോനില്ലേ അവന്റെ കമ്പനി പുത്യേ ആള്‍ക്കാര് ഏറ്റെത്തേപ്പോ അവര് വാസ്തു നോക്കിച്ചൂന്ന്. കന്നിമൂല ക്ഷയിച്ചിരുന്നോണ്ടാന്ന് പഴേ ആള്‍ക്കാര്‍ക്ക് ഗതി പിടിക്കാഞ്ഞത്‌ന്ന്. പഴേ ആള്‍ക്കാര്‍ക്ക് ചാത്തന്‍സേവീം ഇണ്ടാര്‍ന്നൂത്രേ!

ഈ ചേച്ചീരെ ഒരു കാര്യം. നൂറുതവണ ഞാന്‍ പറഞ്ഞണ്ട് ഈ ചാത്തന്‍ കീത്തന്‍ എന്നൊക്കിള്ള അന്ധവിശ്വാസം എന്നോട് വെളമ്പരുതെന്ന്. ഈ അന്ധവിശ്വാസം നിര്‍ത്താര്‍ണ്ട് ആ കുഞ്ഞോന്‍ ഈ ജന്മത്ത് ഗതിപിടിക്കൂല അവന്റൊരു കന്നിമൂലം ത്‌ലാ മൂലേം. മിണ്ടാണ്ട് പൊക്കോ അവട്‌ന്ന്. ഇത്രനാളും കന്നിമൂലരെ കൊഴപ്പം കൊണ്ടാര്‍ന്നൂലോ അവനിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടന്നത്?

അതേരീ, അതൊക്കെ കാരണാത്രേ. അവനെന്തായാലും ഒരു വാസ്തു നോക്കണ ആളെ കൊണ്ടന്ന് ഞങ്ങടെ കന്നിമൂല കണ്ട് പിടിച്ച് അവിടെ ശുദ്ധ്യാക്കി ഇട്ടു. ഇനി അയിന്റെ കൊറവോണ്ടൊരു ഗതികേട് വരണ്ടാന്ന് ഞാനങ്ങട് വിചാരിച്ചു.

ബെസ്റ്റ്. ഇനി നിങ്ങടോടെ സ്വര്‍ണ്ണ മഴ്യായിര്ക്കും. ഒരു രണ്ട് ഗ്രാം സ്വര്‍ണ്ണം എനിക്ക് തന്നോള്ളോട്ട ചേച്ച്യേ. എന്റെ ഒരു പല്ലിന്റെ ഓട്ടടയ്ക്കാനിടാര്‍ന്നു.

നിനക്കെന്തു പറഞ്ഞാലും തമാശീം പരിഹാസോം. എന്റെ ക്ടാവും ഒരൂസം നന്നാവൂറീ. അപ്പോ നീ നോക്കിക്കോ.

ആ അപ്പോ നോക്കാം. ആദ്യമവനോട് ഇച്ചിരെ ആത്മവിശ്വാസത്തില്‍ ഒരു ജോലീല് ഒറച്ച് നിക്കാമ്പറ. പിന്ന്യോക്കെ തന്നെ ശര്യായ്ക്കോളും. ഒരു കന്നിമൂലക്കാര് വന്നേക്ക്‌ണു.
ചേച്ചിയ്ക്ക് ഇക്കൊല്ലത്തെ അവസാനത്തെ ചക്ക വേണങ്കെ വാ. ആ വടക്കേലെ പ്ലാവില് രണ്ടെണ്ണ് കൂടീണ്ട്. എന്നെകൊണ്ട് ഒറ്റയ്ക്ക് പൊട്ടിക്യാന്‍ പറ്റില്യാ.

ഒവ്! ഈ പ്ലാവ് മുക്കാലും മഠത്തിന്റെ പറമ്പില്‍ക്കാണലോടീ ചാഞ്ഞ് കെടക്കണെ.
ഇതെന്തൊട്ടണ്ടീ പെണ്ണമ്മേ ഇത്ര വിശാലായിറ്റ് ഒരു പറമ്പ് വെറ്‌തേ കെടക്കുമ്പോ നീയീ ചവരൊക്കെ ഈ പ്ലാവിന്റെ മൂട്ടീലന്നെ കൂട്ടീട്ടേക്കണേ. അടിച്ച്‌വാരി ആ മഠത്തിന്റെ പറമ്പില്‍‌ക്ക്യാ ഇട്ടൂടങ്ങട്? എന്റെ പറമ്പിലൊരു ചവറ് ഞാനിടില്യാ. ഒക്കീം ആ പാറായീരെ പറമ്പില്‍ക്കിടും.

എന്റെ തമ്പുരാനെ! ചേച്ചീരെ ആ വൃത്തിക്കെട്ട ശീലം ഇതേ വരെ നിര്‍ത്തീലേ? ഇന്നാള് ഞാനവടീള്ളപ്പഴല്ലേ ആ പാറായിരെ കാര്യസ്ഥന്‍ വന്ന് ചേച്ചിനെ ചീത്ത പറഞ്ഞത്?

ഓ! വല്ലപ്പൊഴൊക്കെ അവര് ചീത്ത പറയും അതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? ഇമ്മക്ക് ഇമ്മടെ പറമ്പ് വൃത്ത്യായിറ്റ് കെടക്കണം അത്രന്നെ.

ഓ! ചേച്ച്യേ ഞാനൊരു കാര്യം പറയാന്‍ മറന്നു. ഇന്നാള് കുഞ്ഞോള്‍ടെ ഒരു പ്രൊഫസ്സറ് ഇവടെ വന്നില്ലേ? ആളൊരു എഞ്ചിനീയറും കൂട്യാത്രേ. ആള് പറയണെ.. ഇമ്മള് അടിച്ച് വാരി വല്ലോരടേം പറമ്പില്‍ക്കിടണത് ഐശ്വര്യക്കേടാത്രേ!

അമ്പടീ.. ഇതു നീ എന്നെ കള്യാക്കാന്‍ പറയണതല്ലേ. തൊടങ്ങ്യവള്‍ടെ പരിഹാസം.

അല്ലാന്ന്.. കാര്യായിറ്റ്ണ്. എനിക്കിതിലൊന്നും വിശ്വാസല്ല്യാത്തോണ്ട് ഞാനതത്ര ശ്രദ്ധിച്ചില്ല. ഇതിപ്പോ ചേച്ചി കന്നിമൂലാ‍ന്ന് പറഞ്ഞപ്പ്‌ഴ്‌ണ് ഞാനിതോര്‍ത്തതന്നെ. പണ്ട് ചേച്ച്യന്നെല്ലേ പറയാറ് അടിച്ച് വാരി അടുപ്പിലിടരുതെന്ന്? ഞാനെന്നും അടുപ്പിലിടുമ്പോ ചേച്ച്യെന്നെ കണ്ണുപ്പൊട്ടണ ചിത്തേം പറയാറ്‌ണ്ട്, ഇല്ല്യേ?

ആ.. അടിച്ചു വാരി അടുപ്പിലിടാന്‍ പാടില്യാന്ന് പണ്ട് ഇമ്മടെ അമ്മ പറയാര്‍ന്നു.

അതുപോല്യെന്നെത്രേ ഇമ്മടെ പറമ്പിലെ ചവറ് അടിച്ചു വാരി വല്ലോന്റെ പറമ്പില്‍‌ക്കിട്ടാല് ഐശ്വര്യം മുഴുവന്‍ അവര്‍ക്ക് പോവൂന്ന്. ആ‍ പാറായിക്കാര്‍ക്കിപ്പോ എന്തോരം സ്വത്താന്ന വിചാരം. ഒക്കിം ചേച്ചിങ്ങനെ അടിച്ച് വാരീട്ട് ഐശ്വര്യം വരുത്തീറ്റാവും.

പിന്നീ ചവറൊക്കെ എന്തു ചെയ്യും?

അതിന്‌ണ് ‘എടവമൂല’. വീടിന്റെ വടക്ക് കിഴക്കേ മൂലേല് ഒരു കുഴിയെടുത്ത് ചവറൊക്കെ അവടെ കൂട്ടിടണം.. മഴക്കാലത്ത് അതവടെ കെടന്ന് ചീഞ്ഞോളും. വേനക്ക് എടക്കൊന്നു തീയിട്ട് കൊടുക്കാ. ഈ കുഴീല്‍ത്തെ മണ്ണ് എടുത്ത് ചെട്യോള്‍ക്കിട്ടാ ബെസ്റ്റാത്രേ! ഞാന്‍ നോക്ക്യേപ്പോ ഞങ്ങടോടത്തെ ചവറ് കുഴി വടക്ക് കിഴക്കെന്യണ്. പിന്നെ എനിക്കിതിലൊന്നത്ര വിശ്വാസോംമില്യാ. അപ്പോ പിന്നെ മൈന്റാക്കീല്യാ ചേച്ചിയ്ക്ക് വേണങ്കെ കുഴീടെ കണക്കൊക്കെ ഞാന്‍ ആ പ്രൊഫസറോട് ചോയ്ച്ച് പറഞ്ഞരാം.

അപ്പോ ഫ്ലാറ്റിലൊക്കെന്തൂട്ടാ ചിയ്യണെ?

ഫ്ലാറ്റിലൊക്കെ എല്ലാവര്‍ക്കും കൂടീറ്റൊരു ‘എടവമൂലീ’ട്ത്രേ. അയിനെ കമ്പോസ്റ്റ് കുഴീന്നും വെവരല്യാത്തോര് പറയും.

ആ.. ശര്യാണ്, കമ്പോസ്റ്റ് കുഴീന്ന് ഞാന്‍ കേട്ടണ്ണ്ട്. അന്നാ നീയൊന്നു ചോയ്ക്കറീ പെണ്ണമ്മേ. ചെലപ്പോ അതൊക്ക്യാവും ഐശ്വര്യക്കേട്.

ഏറ്റു. തല്‍ക്കാലം ദേ ചക്ക കെട്ട്യ ഈ കയറ് പിടി. ഞാന്‍ തോട്ടി വച്ച് കുത്താന്‍ പൂവാട്ടാ.

ഏലസാ ഏലസാ
അവസാന ചക്ക ഏലസാ
ഇടവ മൂല ഏലസാ
ഏലസാ ഏലസാ
**********************************

വായനക്കാരോട്- ദയവായി ആരും 'പെണ്ണമ്മ സ്പെഷന്‍ ഇടവമൂലയ്ക്ക് വേണ്ടി മറ്റ് വാസ്തുശാസ്ത്രക്കാരനെ സമീപിക്കരുത്. അതു പെണ്ണമ്മ സ്പെഷലാണ്. അവരുടെ ഉപദേശം ശാസ്ത്രീയമായിരിക്കണമെന്നില്ല. പെണ്ണമ്മ സ്പെഷല്‍ ഉപദേശം വേണ്ടവര്‍ കത്തുകളയക്കേണ്ട വിലാസം:
മിസ്സീസ് പെണ്ണമ്മ അച്ചന്‍‌കുഞ്ഞ്
പെണ്ണമ്മ ഭവനം
പയറങ്ങാടി പി.ഒ
തൃശ്ശൂര്‍ -1

Saturday, August 2, 2008

മരിക്കൂ.. കോടീശ്വരനാകൂ‍!!

ഇന്നും നീയ് സീര്യല് കാണാനിരിക്ക്‌ണ്. ന്യൂസേതെങ്കിലും വയ്ക്കറീ കുഞ്ഞോളെ. സുര്‍ജിത്ത് സിങ്ങ് മരിച്ചതിന്റെ വാര്‍ത്തോ‍ള് കാണട്ടെ.

രോമം! ഇനി ചെവിതല കേള്‍പ്പിക്കില്ല. ഇന്നലെ വരെ സുര്‍ജിത്ത് വെറ്ക്കപ്പെട്ടാനായിരുന്നൂന്ന് പറഞ്ഞോരീപ്പോ കരയണ കേക്കാം സുര്‍ജിത്ത് ആനയായിരുന്നു.. സുര്‍ജീത്ത് ചേനയായിരുന്നു. സുര്‍ജിത്തിന്റത്ര വിശുദ്ധന്‍ ഈ ഭൂലോകത്ത് വേറൊരാളില്ലായിരുന്നു. സുര്‍ജിത്തിന് മിനിമം അഞ്ച് ചില്ല് കൂ‍ടെങ്കിലും പണിയണ്ടതാര്‍ന്നു.. നാണല്യലോ ഇവറ്റോള്‍ക്ക്. ഇതൊക്കെ കേള്‍ക്കാന്‍ കൊറേ പെണ്ണമ്മിച്ച്യോളും.

ഔവ്! നീ കലിപ്പിലാണല്ലോറീ. 'മരണം കൂടുതല്‍ ബന്ധുക്കളെ ഉണ്ടാക്കുന്നു' എന്നാറീ ക്ടാവേ. നീയാ വാര്‍ത്ത വയ്ക്കറീ

ഐഡിയ! ഒരു സെലിബ്രിറ്റി മരിച്ചാല്‍ അതോണ്ട് ഇപ്പോഴത്തെ മാധ്യമങ്ങള്‍ എന്തോരം കാശിണ്ടാക്കിണ്ടാവും. പണ്ടാര്‍ന്നെങ്കെ ദൂരദര്‍ശന്റെ ഒര്രു മോങ്ങല്ല് മാത്രം. ഇപ്പഴാണെങ്കിലോ..എന്റമ്മോ ആദ്യാഴ്ച ഓര്‍മ്മക്കുറിപ്പുകളുടെ ഒഴുക്ക്. ലേഖനം, ഡോക്യുമെന്റി, പാട്ട്, കൂത്ത്.. എസ്.എം.എസ് അയക്കൂ ആദരാഞ്ജലി രേഖപ്പെടുത്തൂ.. പിന്നെല്ലാ കൊല്ലവും ഓര്‍മ്മ പുതുക്കല്‍. ഇതിന്റീടയ്ക്ക് കാണിക്കണ പരസ്യങ്ങളെന്നെ എത്ര വരും? അപ്പോ‍ പെണ്ണമ്മിച്ച്യേ ഈ പ്രശസ്തരുടെ മരണം അവര്‍ക്ക് ജീവിച്ചിരിക്കുമ്പോ തന്നെ വിറ്റ് കാശാക്യാലെന്താ? ഏന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇപ്പോ എല്ലാരും പറയണത്.

മരണം വിക്കേ?

അതേന്നേ ഇപ്പോ ഈ ക്രിക്കറ്റ് കളി, പന്തുകളി കള്യോക്കെ വിക്കണില്ലേ. അതേപോലെ പ്രശസ്തരുടെ കല്യാണങ്ങളും, മക്കള്‍ടെ പടങ്ങളൊക്കെ വിക്കിണില്ലേ. ഇമ്മടെ ആഷ്-അഭി കല്യാണസമയത്തല്ലേ അയിന്റെ വീഡീയോ കവറേജ് റൈറ്റ് വിവാദായത്. അത്പോലെ മരണത്തിന്റെ കം‌പ്ലീറ്റ് കവറേജ് അങ്ങട് വിക്കാ. എങ്ങനീഡൈഡിയാ?!

അയ് കൊള്ളാലോ വീഡിയോണ്! വീഡിയോ കവറേജ്, ഫോട്ടോ പിടുത്തം, ലേഖനെഴുത്ത് അമ്പമ്പോ എല്ലാം കൂടി നല്ലൊരു തൊക കിട്ടൂലോറീ.

ഇതെല്ലാം കൂടി ഒരു ചാനലിനു വമ്പന്‍ തൊകയ്ക്ക് കൊട്‌ത്താലും മതി. സില്‍മാത്താരങ്ങള്‍ക്കൊക്കെ ആ വകേലെന്നെ എന്തോരം കാശിണ്ടാക്കാം!

ഓ ഇതൊക്കെ പ്രശസ്തര്‍ക്കല്ലെ കിട്ടള്ളോ. ഇമ്മളെ പോലെ നാലും മൂന്നേഴാളറിയാത്തോര്‍ക്ക് ഇതോണ്ടെന്ത് കാര്യം.

ഈ പെണ്ണമ്മിച്ചിയ്ക്കൊരു ചുക്കറിയില്യാ.ഇപ്പോ ഇമ്മട്യോക്കെ മരണത്തിനു പ്രശസ്തി കിട്ടാന്‍ എന്തോരം നേരം വേണം?ആരുഷീടെ മരണം, പാലക്കാട്ടെ കുട്ട്യോള്‍ടെ മരണം ഒക്കെ മാധ്യമങ്ങളാഘോഷിക്യല്ലേ. ഒക്കെ പോട്ടെ പാഠപുസ്തക വിവാദത്തിനിടെ നടന്ന ജെയിംസ് മാസ്റ്ററുടെ മരണോ?

ഹോ ദുഷ്ടത്തി. മനസ്സിലൊക്കെ എന്തോരം ദുഷ്ടത്തരം ഇണ്ടായിട്ട് വേണം ഇങ്ങന്യൊക്കെ ചിന്തിക്കാന്‍!

ഇതിലെന്തൂട്ടാണ് ദുഷ്ടത്തരം. എന്തായാലും മരിക്കും. ആ മരണം കൊണ്ട് ജീവിച്ചിരിക്കുമ്പോ ഒരു ഉപകാര്‌ണ്ടാവോന്ന് ചിന്തിക്കണ്ത്ണ് ദുഷ്ടത്തരം? പ്രശ്സ്തരല്ലാത്തോര്ക്ക് മരണത്തെ വില്‍ക്കാന്‍ പേട്യാണെങ്കെ ഒരു വില്പത്രെഴുതി വെച്ചാലും മതിലോ. മരണംകൊണ്ട് വാര്‍ത്ത്യായാല്‍ അത് വില്‍ക്കാനായിറ്റ് ബന്ധുക്കളെ അനുവദിക്കുന്ന തരത്തിലൊരു വില്പത്രം. ബന്ധുക്കള്‍ക്കൊരുപകാരാവൂലോ.

ശര്യന്യാണ്. ഇപ്പഴത്തെ കാലത്ത് ‍ഇമ്മളൊക്കെ എന്നാണൊരു ആരുഷിയോ, അഭയയോ ആവാന്‍ പോണേനാര്‍ക്കറിയാം. അങ്ങന്യങ്ങാനായാ അതോണ്ടൊരു ഗുണം കുടും‌ബക്കാര്‍ക്കിണ്ടാവട്ടേലറീ കുഞ്ഞോളേ. നിന്റെ തല കാറ്റ് കൊള്ളിക്കണ്ടാട്ടാ. ബുദ്ധ്യോ‍ക്കെ ആവ്യായാലാ.


അപ്പോ വായനക്കാരെ

1.നിങ്ങള്‍ പ്രശസ്ത/നാണോ? എങ്കില്‍ നിങ്ങളുടെ മരണത്തിന്റെ വിതരണാവകാശം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ല തുകയ്ക്ക് വിറ്റ് ആ കാശുകൊണ്ട് പുട്ടടിക്കുക.

2. നിങ്ങള്‍ മരണശേഷം പ്രശസ്തരാവുമെന്ന് ഏതാണ്ട് ഉറപ്പുള്ളവരാണോ? എങ്കില്‍ അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന എല്ല പ്രശസ്തിയുടേയും വിതരണാവകാശം അടുത്ത ബന്ധുക്കളുടെ പേരില്‍ ഇന്‍ഷ്യുര്‍ ചെയ്യുക.

3. നിങ്ങള്‍ കൂടുതല്‍ റിസ്കി മേഖലയില്‍ ജീവിച്ച് ശ്രദ്ധേയമായി മരിക്കാന്‍ ചാന്‍സ് കൂടുതലുള്ളവരാണോ? എങ്കില്‍ ആ റിസ്ക് ഫാക്ടേഴ്സിന്റെ വില കണക്കാക്കി മരണത്തിന്റെ വിതരണാവകാശം വില്‍ക്കുന്നു എന്ന് കാണിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കുക.

4. വിവാദങ്ങള്‍ക്കിടയിലേക്കോ ഹര്‍ത്താലുകള്‍ക്കിടയിലേയ്ക്കോ നടന്ന് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും മരണത്തിന്റെ വിതരണാവകാശം വന്‍‌തുകയ്ക്ക് വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് നടന്ന് പോവുക.

5. നിങ്ങള്‍ കടം കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്ന ബ്ലോഗറാണോ? ആഡ്സെന്‍സ് ഇട്ടതിനു ശേഷം വിശദമായ ആത്മഹത്യാകുറിപ്പ് മുന്‍‌കൂട്ടി ഷെഡ്യൂള്‍ ചെയ്ത പോസ്റ്റായിടുക.

മരിക്കൂ.. കോടീശ്വരനാകൂ‍!!
**************************************

ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് ആദരാഞ്ജലികള്‍

Saturday, July 26, 2008

ഏതു മതക്കാരെയാണ്‌ കൂടുതല്‍ ബാധിക്കുക?

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത്‌ മതത്തില്‍ പെട്ടവരെയാണ്‌ കൂടുതല്‍ ബാധിക്കുക?

വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍

Tuesday, July 22, 2008

ഇന്ത്യന്‍ പാര്‍ലമെന്റ് : ഇരുപത്തഞ്ചു കോടി..ഒരു തരം..ഇരുപത്തഞ്ചു കോടി.. രണ്ട് തരം..

പെണ്ണമ്മിച്ച്യേയ് ഓടിവായോ.. ദേ പാ‍ര്‍ലമെന്റ് ലേലം വിളിക്കുണു.

ഹ ഹ കൊള്ളാം. കെട്ടു കെട്ടായിറ്റ് കാശ് സിനിമേലും കൊഴല്‍പ്പണോ കള്ളനോട്ടോ പിടിക്കുമ്പ്‌ളല്ലാണ്ട് ഇന്ത്യന്‍ ജനത്തിനു കാണാന്‍ ഒരു യോഗണ്ടായീലോ.
രണ്ട് കോട്യേ മേശപ്പൊറത്ത് നെരത്ത്യോള്ളോന്ന്. അപ്പോ ബാക്കി ഇരുപത്തിമൂന്നു കോടീരെ ബേഗോളെവെടെറീ കുഞ്ഞോളേ?

ഇതു വോട്ട് ചെയ്യാനള്ള കാശല്ലാന്ന്. വോട്ടീന്ന് വിട്ടു നില്‍ക്കാന്ള്ള കാശാന്ന്.


മിഷ്യന്‍ ഞാറാഴ്ച കോഴി മൊട്ട ലേലം വിളിക്കണപോലീന്റ് അമേരിക്കന്‍ ഞാറാഴ്ചയ്ക്കു വേണ്ടീള്ള ഈ ലേലം വിളി

************
ഒരു മിഷ്യന്‍ ഞായര്‍ ലേലം വിളി

കോഴിമൊട്ട നൂ‍റുര്‍പ്യ ഒരുതരം..

ഇരുനൂറ്

കോഴിമൊട്ട ഇരുനൂറുര്‍പ്യ ഒരുതരം..

...
...

ആയിരം

കോഴിമൊട്ട ആയിരുര്‍പ്യ ഒരുതരം..
(വിശ്വാസികള്‍ ശ്രദ്ധിക്കുക. ഈ മൊട്ട അള്‍ത്താരയില്‍ വച്ച് ഇന്നത്തെ കുര്ബാ‍നക്കിടെ വെഞ്ചിരിച്ചതാണ്.)

ഇരുപത്തയായിരം
കോഴിമൊട്ട ഇരുപത്തയായിരുറുപ്യാ ഒരുതരം ഇരുപത്തയായിരുറുപ്യാ രണ്ടുതരം .. ഇരുപത്തയായിരുറുപ്യാ മൂന്നുതരം

പാണേങ്ങാടോടത്തെ അമേരിക്കന്‍ പ്രാഞ്ചി ലേലത്തില്‍ പിടിച്ചു.

നീ ഈ മൊട്ട എന്തൂട്ടാ ചിയ്യാന്‍ പോണേരാ പ്രാഞ്ച്യേ..

പുഴുങ്ങ്യാ തിന്നും. ഓമ്ലേറ്റും ബുള്‍സൈയും എനിക്കത്ര പഥ്യല്യാ.

*****************
അവസാനം കണ്ട വാര്‍ത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് കണക്കില്‍ 'കൊള്ളാത്തത്ര' തുകയ്ക്ക് 'കങ്കാരു' ഗവണ്മെന്റ് ലേലത്തില്‍ പിടിച്ചു. സ്കോര്‍ 275-256
ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടും എന്നതത്രേ ജനാധിപത്യം

Saturday, July 19, 2008

അലക്കി തേച്ച തെറി

അയ്യോറീ കുഞ്ഞോളെ, ഞാനൊരു കാര്യം മറന്നു. ആ കുഞ്ഞോന്റെ പേന്റ് തേച്ച് വെയ്ക്കണന്ന് ഒരു നൂറുവട്ടം പറ്ഞ്ഞീട്ടാണ് പോയേക്കണെ. ആ അന്തോണീരെ പെങ്ങള്‍ടെ കല്യാണാണ് നാളെ. ഇന്നാത്രെ വെള്ളടി പാര്‍ട്ടി. നീയൊന്നത് തേച്ചേരീ ക്ടാവേ. അതു മറന്നട്ടണ് ഞാനീ എറച്ചി നുറ്‌ക്കാനിര്ന്നേ

ഹൌ എനിക്ക് പറ്റില്യാ. അല്ലെങ്കെ ഈ സില്‍മ കഴിയട്ടെ.

അവനിപ്പോ വരൂറീ. ഇനീപ്പോ തേച്ച് വച്ചില്ലെങ്കെ ഇന്നല്‍‌ത്തെ ദേഷ്യാന്നും പറഞ്ഞ് മൂക്കൊലിപ്പിക്കാന്‍ തൊടങ്ങും.

രോമം! ഒരു സില്‍മ മുഴുവന്‍ കാണാന്‍ ഒരൂസം പോലും സമ്മേയ്ക്കരുത്. ഏത്‌ണ്‌നി തേയ്ക്കണ്ടേ? ഇദാ?

അല്ലറീ.. ഇന്നലെ അലക്കീറ്റില്ലെ ആ കട്ട്യള്ളത്. ശരിക്കൊണങ്ങീറ്റില്യാത്. അതൊണങ്ങാന്‍ ഒരാഴ്ച വേണം. നീ നന്നായങ്ങട് തേച്ചാമതി ഒണങ്ങിക്കോളും. ഞാനതാ മെഷ്യനിലിട്ടാണലക്യേ അതോണ്ട് നെറച്ചും ചുളിഞ്ഞട്ടൂണ്ട്.

ഈ നീല ജീന്‍സ്നീണ് പാന്റ്ന്ന് പറയണത്? ജീന്‍സ് ഇണ്ടാക്യേക്കണത്തന്നെ തേക്കണ്ടും അലക്കാണ്ടും ഇടാനിണ്. ഈ മന്‍ഷ്യത്തി ഒരൂസിടുമ്പ്‌ഴയ്ക്കും അത് അലക്കണതെന്തിനണ്?

അതവ്ടെ വെയര്‍പ്പ് മണടിച്ച് കെടക്കാര്‍ന്നു. തുണ്യോള് തേച്ച് വൃത്ത്യാക്കിന്നച്ചട്ട് ഒന്നുംവരില്യാ.

ഉവ്വുവ്വ്. അങ്ങനെ തേച്ച് വൃത്ത്യാക്കീത്‌ണ് എന്റെ റ്റൈ & ഡൈ ടെ ഷോള്. ആയിരുര്‍പ്യ കൊടുത്ത് സ്പെഷ്യലായി ചെയ്യിച്ച ചുളുക്കുകളിണ് പെണ്ണമ്മിച്ചി കുത്തിരുന്നു തേച്ച് മിനിക്കീത്. ദേ എന്നെക്കൊണ്ടൊന്നും പറേയ്ക്കണ്ടാ.

ഒരു അബദ്ധൊക്കെ ഏതു പെണ്ണമ്മയ്ക്കും പറ്റും. നീ വാചകടിക്കാണ്ട് അത് തേക്കാമ്പറ്റൂങ്കെ തേയ്ക്ക്. അല്ലെങ്കേന്‍‌റ്റ് പോ.. എന്നെ വെറ്‌തെ ദേഷ്യം പിടിപ്പിക്കണ്ട്.

ദേ ജീന്‍സിന്റെ പോക്കറ്റില് കുഞ്ഞുമോഞ്ചേട്ടന്റെ പേഴ്സ്. കുഞ്ഞുമോഞ്ചേട്ടന്‍ ഇന്നലെ മുഴുവന്‍ ഇവടെ തപ്പിനടക്കിണ്ടാര്‍ന്നതിതല്ലേ. പാ‍വം അത് ആരോ പോക്കറ്റടിച്ചൂന്നും പറഞ്ഞ് പോണ്ടാര്‍ന്നു അവസാനം.

ഹോ! തമ്പുരാന്റെ.. ഇനീപ്പോ തുള്ളി തുള്ളി വരും. നീ വേഗം അതില്‍ത്തെ കാശും കടലാസോളും എട്‌ത്ത് പോറത്തിട്ടോണക്കറീ

പെണ്ണമ്മിച്ച്യോട് ഒരു നൂറ് പ്രാവശ്യം പറഞ്ഞട് പോക്കറ്റിലിള്ള സാധനങ്ങള് പുറത്തെടുക്കാണ്ട് അലക്കാരിക്കോന്ന്. ഇതിപ്പോ എത്രാമ്ത്തെ പ്രാവ്ശ്യണ്?

ഇപ്പോ എന്റ്യായാ കുറ്റം. ഈ പേഴ്സൊക്കെ എട്ത്ത് പൊറത്ത് വച്ചാ അവനെന്തൂട്ടാ വരാ? എന്റെ അപ്പന്റീം ആങ്ങളമാര്ടീം ദേ ഇപ്പോ ഈ മനുഷ്യന്റീം ഊരിട്ട ഷര്‍ട്ടിന്റെ പോക്കറ്റില് അഞ്ച് പൈസീന്റാവില്യാ. പിന്നെന്തിനിണീ പോക്കറ്റൊക്കെ തപ്പണേ. അത്കാരണം അങ്ങനൊരു ശീലല്യാണ്ടായി

ഓ! ആകെ ഇരുപത്തഞ്ച് രൂപീനള്ളേ പിച്ച! ദേ ഒരു കടലാസ്. ഇത് വല്യ അത്യാവശ്യ കടലാസാനെങ്കെ ഇന്നിവടൊരങ്കംവെട്ട് നടക്കും.

നേരം കളയാണ്ട്. അത് തേച്ചൊണക്കറീ.

അയ്യോ ഇതാ ജോയേട്ടന്റെ കത്താ.

ഏതു ജോയീ? ആ താഴത്തിന്റോടത്തെ എളേതാ? എന്നാ അവന്‍ സൌദീന്നയച്ചതാവും. അവന്‍ പോയോട് കൂടി ഇവരടെ ഗ്യാങ്ങിനെ മൂപ്പിത്തിരി കുറഞ്ഞണ്ടാര്‍ന്നു. നീയതാ വായിച്ചേ. അവന്റെ വര്‍ത്താനൊന്തൂട്ടാന്നറിയട്ടെ.

അയ്യേ മറ്റൊള്ളോരടെ കത്ത് വായിക്കണത് മര്യാദ്യല്ലാന്ന് പെണ്ണമ്മിച്ച്യന്നെല്ലേ പറയാറ്.

ഇതവന്റെ വിശേഷറിയാനല്ലേ. എന്നെ കാണിക്കാന്‍ വച്ചതന്യാവും നീ വായിക്കറീ

ഞാന്‍ വായിക്കാം പക്ഷേ ഈ പാപത്തില്‍ എനിക്ക് പങ്കില്ല. ഞാന്‍ കൈയഴികി.

എന്റെ തലക്കിരിക്കട്ടത്. നീ വായിക്കിണ്ടാ എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.

ടാ മൈ‌‌‌!
(നിശബ്ധത)

എന്തൂട്ടണ്ടീ മൈ.. ആവൂ എന്റെ നാവേ. മര്യാദയ്ക്ക് ഒറക്കെ വായിക്കരീ. ഇന്ന് കുമ്പസാരിച്ചട്ടൊള്ളോ. ഇന്നന്നെ എന്റെ നാവിന് കടം വരുത്തല്ലെട്ട്രീ‍

ടാ മൈ --മാരേ

ഞാനിവടെ --ത്തിടാ കു---ളെ ഇവടൊ- ജയിലാ-ടാ -ര-- . ഒരു തുള്ളി -ള്ള് പോലും -ട്ടാനില്യാ- -ല-- മക്കളേ.
ഹൊ കു-ച്ച് തെറി എ-ഴുതിയ- മനസ്സി-നൊരു കുളി-മ്മ.

നിര്‍ത്തറീ ശവീ. എന്തൂട്ട്‌ണ് നീ വായിക്കണേ.

പെണ്ണമ്മിച്ചി എന്തിനണ്‌ എന്നെ തെറി പറയണേ. അലക്കി തേച്ച കടലാസ്സീന്നു മാഞ്ഞ് പോയ അക്ഷരങ്ങള്‍ക്ക് പകര്ണ് ഡാഷ് ഡാഷ് എന്ന് വായിച്ചതൊക്കെ. എന്നാലും എനീക്ക് കാര്യം മനസ്സിലായി.

നിനക്കെന്തൂട്ട് മനസ്സ്ലായി?

മുട്ടന്‍ തെറ്യോളണ് എഴുതി വച്ചേക്കണെന്റെ പെണ്ണമിച്ച്യേയ്. സ്നേഹം പ്രകടിപ്പിക്കണ ഒരോ രീത്യോളേ! കുഞ്ഞുമോഞ്ചേട്ടന്റെ ഗ്യാങ്ങ് മുഴുവനിങ്ങന്യാ. മിണ്ടണേന്റെടയ്ക്ക് മുട്ടീന് മുട്ടിന് ‘മൈ’ വാക്ക് പറയും.

‘മൈ’ വാക്കാ? അതെന്തൂട്ട്‌ണ്?

ഈ ‘എഫ്’ വാക്ക് പോലെ ‘മൈ’ വച്ച് തൊടങ്ങണ തെറി.

ഹ ഹ എന്റെ കുഞ്ഞോളേ നിന്റമ്മ നിന്നൊരു പച്ചക്കറ്യായിറ്റാ വളര്‍ത്ത്യേക്കണേല? അവളെ കുറ്റം പറഞ്ഞട്ടും കാര്യല്യാ. മിണ്ട്യാ തെറി മാത്രം പറയണ അപ്പനെ കണ്ട് വളര്‍ന്നോള്‍ക്ക് തെറി വെറുത്ത് പോയില്ലെങ്കിലല്ലേ അതിശയണ്ടാവണ്ടൂ. പക്ഷേച്ചാ‍ തെറി പറയണ്ടോടത്ത് തെറ്യന്നെ പറയണം.

എനിക്കിംഗീഷില് തെറി കേട്ടാ വല്യേ ഫീലിംഗില്ല. ചെലതൊക്കെ പറ്യൂം ചെയ്യും. ‘എഫ് ’വാക്കാ,ഷിറ്റാ, ബാസ്റ്റാര്‍ഡാ‍ ഒന്നും കൊഴപ്പല്യാ. പക്ഷേ മലയാളം തെറി കേള്‍ക്കാനും പറയാനും വല്യേ പാടാ.

ജീവിക്കണ ഭാഷേടെ ഒരു ലക്ഷണണ് തെറി. മിക്ക വാക്കും എങ്ങനെ തെറി ആയി എന്നതിനൊരു ചരിത്രം കാണും. ഈ എഫ് വാക്ക് ഇത്ര വലിയ തെറ്യാനെ കുറിച്ച് പല പല കഥകളൂണ്ട്. ഇംഗ്ലീഷിനോട് നിനക്ക് ഹൃദയബന്ധല്യോത്തോടാ ഇംഗ്ലീഷ് തെറ്യോള് നിനക്ക് ഫീലിക്കാത്തെ. തെറീല്യാത്ത ഭാഷോള് ഒരു കാലത്തും മന്‍‌ഷ്യമാരു വികാരപ്രകടനത്തിന്‍ ഉപയോഗിച്ചണ്ടാവില്യാ. ഉദാഹരണത്തിന് സംസ്കൃതോം ഹീബ്രോക്കെ.

എന്നൊച്ചാ?

എന്നൊച്ചാ വര്‍ത്താനം പറയണ ഭാഷായിറ്റ് ഉപയോഗിച്ചണ്ടാവില്യാന്ന്. പലതരത്തിലും അറിവ് ശേഖരിച്ച് വയ്ക്കാന്‍ മാത്രാവും ആ ഭാഷോളിണ്ടായേക്ക്‌ണേ. നല്ല ദേഷ്യം വരുമ്പോ എനിക്ക് ദേഷ്യവര്ണ്ട്ട്ടാ എന്നല്ലേ നീ പറയാ? കുഞ്ഞോനാന്നച്ചാലാ ഒരു ‘മൈ’വാക്കാ പറയും. ഏത്ണ് ഷോക്കിംഗ്?

ഉം.. അത് കുഞ്ഞുമോഞ്ചേട്ടന്റെ തെറ്യന്നെ. പിന്നെ തിരിച്ച് അതിലും കൂടീതലക്കണം. അങ്ങനെ പറ്റാത്തോണ്ട് മിണ്ടാണ്ടിക്യന്നെ നല്ലത്.

തണ്ടന്‍ തെറിയ്ക്ക് മുണ്ടന്‍ തെറീന്നും, തെറിയ്ക്കുത്തരം മുറിപത്തല്ന്നൊക്കെ നീ കേട്ടട്ടില്ലേ.

ഉം.പിന്നൊരു കാര്യം. ഹീബ്രൂ ഇപ്പോ ആള്‍ക്കാര് സംസാരിക്കണിണ്ടല്ലോ.

അത് ഇപ്പഴലേ. ഇപ്പഴ്ത്തെ ഹീബ്രൂ ശരിയ്ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാഷീന്. അതോണ്ട് ഇന്നത്തെ ഹീബ്രൂ തെറ്യൊക്കെ യിദ്ദീഷീന്നാണെടുത്തേക്കണെ.

മലയാളത്തിലൊക്ക്യള്ള തെറിയ്ക്ക് പകരം സംസ്കൃതത്തിലെ വാക്കോള് പറഞ്ഞാല് നല്ല രസായിരിക്കും. നീ‍ നേരത്തെ വായ്ച്ചില്ലെ, അതേപോലെ തെറി അലക്കി തേച്ച് മിനുക്കി പറയണ പോലീണ്ടാവും. ചിലോടത്ത് ‘മൈ’ വാക്കിന് പകരം രോമ‌ന്ന് പറഞ്ഞാ‍ നിന്റെ റ്റൈ & ഡൈ ഷോള് തേച്ച് മിനുക്യാ പോല്യാവേം ചെയ്യും.

അപ്പോ തെറി പഠിക്കണംന്നാ പെണ്ണമ്മിച്ചി പറയണേ?

കൊറച്ച് പഠിച്ചിരിക്കണത് നല്ലതനീണ്. നെന്നെ കല്യാണം കഴിക്കാന്‍ പോണോന്‍ മുട്ടന്‍ തെറി പറഞ്ഞാ നിനക്കും രണ്ടെണ്ണം പറയാന്‍ കിട്ടണ്ടെ. അതോണ്ട് പൊന്നുമോള്‍ നേരം കിട്ടുമ്പോ മൂന്നാല് ചെറ്യേ തെറ്യൊക്ക്യാങ്ങട് പഠിച്ച് വച്ചോ ഒരു കൊഴപ്പൂ‍ല്യാ

**************
വായനക്കാരോട് - ഈ പോ‍സ്റ്റ് എഴുതി കഴിഞ്ഞാണ് ക്ലസ്റ്റര്‍ യോഗത്തിനിടെ ഉണ്ടായ മര്‍ദ്ദനത്തില്‍ ജെയിംസ് അഗസ്റ്റ്യന്‍ എന്ന അദ്ധ്യാപകന്‍ മരിച്ചതറിഞ്ഞത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ആ കുടുംബത്തിന് ശക്തി കൊടുക്കണേ തമ്പുരാനെ.
അതിനിടയാക്കിയ എല്ലാ സമൂഹ്യവിരുദ്ധര്‍ക്കും അലക്കി തേയ്ക്കാത്ത, വിയര്‍പ്പുമണവും അഴുക്കും, വിസര്‍ജ്ജ്യങ്ങളുമുള്ള തെറികള്ടെ ചെരുപ്പുമാല.

Thursday, July 17, 2008

‘ജീവന്റെ‘ ട്രാജഡി - ഒരു തിരക്കഥ

(കുഞ്ഞുമോള്‍ അകത്തേയ്ക്ക് കയറി വരുമ്പോള്‍ കാണുന്നത്

അടുക്കളയുടെ മുക്കിലിട്ടിരിക്കുന്ന ഉരലിന്റെ മുകളിലെ കാലിച്ചാക്കുകള്‍ക്ക് മുകളില്‍ പെണ്ണമ്മിച്ചി താടിയ്ക്ക് കയ്യും കൊടുത്ത് താഴേക്ക് നോക്കി, ഒരു കാല് മറ്റേ കാലിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കാല് വിറപ്പിക്കുന്നുണ്ട്.

ആറടി പൊക്കമുള്ള കുഞ്ഞച്ചന്‍ അല്പം കുനിഞ്ഞ് നിന്ന് ഘോരഘോരം എന്തോ പറയുന്നു. പെണ്ണമ്മിച്ചി ഒന്നുമേ മിണ്ടുന്നില്ല.

കുഞ്ഞുമോഞ്ചേട്ടന്‍ അടുക്കള ബെഞ്ചില്‍ ഇരിക്കുന്നു. കയ്യില്‍ ചുവന്ന പ്ലാസ്റ്റിക് ബക്കറ്റ്. ബക്കറ്റ് തിരിച്ചിട്ട് അതിന്റെ മൂട്ടില്‍ ഒരു പ്രായിലക്കിണ്ണം കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊട്ടുന്നു. കൊട്ടുന്നതിന്റെ ഒപ്പം ഡുംഡും ഡക്കട ഡും ഡും ഡക്കട എന്ന് വായകൊണ്ടും ഒച്ചയുണ്ടാക്കുന്നു.

ഊണുമേശയില്‍ കൈവച്ച് ഒരു പുസ്തകം വായിക്കുന്നു എന്ന വ്യാജേന അച്ചങ്കുഞ്ഞിരിക്കുന്നു. കണ്ണാടിയ്ക്ക് മുകളിലൂടെ കണ്ണുമിഴിച്ച് അടുക്കളയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.

അടുക്കളയോടടുക്കുമ്പോള്‍ കുഞ്ഞുമോള്‍ കേക്കുന്നത് കുഞ്ഞച്ചന്റെ വാക്കുകള്‍)


എന്തായിരുന്നു ഇവടെ കെടന്ന് ഒരോരുത്തര്ടെ തുള്ളല്. പള്ളീന്നാ ഓടി വരണൂ.. പാഠപുസ്തകം സംഘടിപ്പിക്കുന്നൂ.. ഫോട്ടോസ്റ്റാറ്റെടുക്കുന്നൂ.. കുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുന്നൂ. വികാര്യച്ചനോട് തല്ല് പിടിക്കുന്നു. ആയ്.. അയ് എന്താര്‍ന്നു കൂത്ത്.. ഇപ്പെന്തായി?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്തൂട്ട്‌ണ് ഇവടെ പ്രശ്നം? -(കുഞ്ഞുമോള്‍)

ഓ നീയിതൊന്നും അറിഞ്ഞില്ലേറീ കുഞ്ഞോളേ? - (കുഞ്ഞച്ചന്‍)

പിന്നീല്യാ. ഈ മൊതല്‌ണ് പെണ്ണമ്മിച്ചീനെ ചാട്ട്‌മെ കേറ്റണ ഒന്നാമത്തെ ആണി. - (കുഞ്ഞുമോഞ്ചേട്ടന്‍)

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്നാ അവള്‍ക്കും കൊടക്കടാ ആ ‘ജീവന്റെ കാപ്പി‘.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

ജീവന്റെ കാപ്പ്യാ? അതെന്തൂട്ട്‌ണ്. - (കുഞ്ഞുമോള്‍)

ഈ ദിത് ആദ്യം പിടിക്ക്യങ്ങട്. കാര്യങ്ങളൊക്കെ പറഞ്ഞെരാം. ദീ കാപ്പീന് ജീവന്റെ കാപ്പി ചൂടാറനേറ്റും മുന്ന് ഊതൂതി കുടിച്ചോ. പെണ്ണമ്മിച്ചി വിതരണം ചെയ്യാന്‍ ഇടുത്ത് വച്ച ലഘുലേഖിലേ ..

കുഞ്ഞച്ചാ ലേഘുലേഖ്യല്ല പാഠപുസ്തകം. ഏഴാം ക്ലാസില്‍ത്തെ ‘മതമില്ലാത്ത ജീവന്‍’. -കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)

അയ്യോ സോറീട്ടാ.. തെറ്റുപറ്റിപ്പോയി ക്ഷമിക്കിസ്റ്റാ.. ആ.. പാഠപുസ്തകന്നെ. അത് ഇനി ഉപകാരല്‌ല്ലോ.അതോണ്ട് എന്തൂട്ടേങ്കിലും ഉപകാരിണ്ടാവാന്‍ വേണ്ടീറ്റ് ഞങ്ങളത് കത്തിച്ച് കാപ്പ്യാണ്ടാക്കി. അടുത്ത സമരത്തിനെറങ്ങാന്‍ നിനക്കൊക്കെ ജീവന്‍ വേണ്ടേ?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

കാപ്പിഗ്ലാസ്സ് കയ്യില്‍ പിടിച്ച് മിഴിച്ച് നില്‍ക്കുന്ന കുഞ്ഞുമോള്‍. ആദ്യം പെണ്ണമ്മിച്ചിയെ നോക്കുന്നു. അവിടെ നോ മിണ്ടാട്ടം. നോ അനക്കം. പിന്നെ അച്ചങ്കുഞ്ഞിനെ നോക്കുന്നു.
അച്ചങ്കുഞ്ഞ് വേഗം കണ്ണാടിക്കൂടെയുള്ള നോട്ടം പിന്‍‌വലിച്ച് വാ തുറക്കുന്നു.


അന്ന് കുഞ്ഞോളിവടെ ഇണ്ടാര്‍ന്നില്ലട കുഞ്ഞച്ചാ

ഇവളിവടെ അന്നിണ്ടാര്‍ന്നില്യാച്ചാലും പിന്നെ പെണ്ണമ്മിച്ചീനെ കൊണ്ട് നടന്നതൊക്കെ ഇവളന്യീണ് - കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട്.. ഡും ഡും ഡക്കട..)

കുഞ്ഞുമോള്‍ നിശബ്ദ - കൈയിലിരിക്കുന്ന ഗ്ലാസ്സിലേയ്ക്ക് നോക്കി പറയാനുള്ള വാക്കുകള്‍ ആലോചിക്കുന്നു. ഗ്ലാസ്സ് തിരിക്കുന്നു. പെണ്ണമ്മിച്ചിയുടെ അടുത്തിരിക്കുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പി ക്ലോസപ്പ്.


ആ അപ്പോ ഈ മന്‍‌ഷ്യന്റെ തൊള്ളേല് നാവ്ണ്ട്‌ല്ലേ - കുഞ്ഞച്ചന്‍ അടുക്കളേന്ന് ഊണുമേശയുടെ അവിടേയ്ക്ക് നടന്നടുക്കുന്നു.

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..


ആ മുസലിയാര് വാലുപൊക്കണ കണ്ടപ്പഴേ ഞാനച്ചങ്കുഞ്ഞിനോട് പറഞ്ഞില്ലേ ഇതൊക്കെ സംഭവിക്കൂന്ന്. അപ്പോ എന്താര്‍ന്നു ബുജിക്കളി. ഉപന്യാസെഴുതല്.. അയക്കല്..എന്റമ്മോ. വോട്ട് ബാങ്ക് കളഞ്ഞട്ടൊരു കളീം ആര്‍ക്കൂലാ മോനെ ദിനേശാ.. കമ്യൂണിസ്റ്റായാലും ഇപ്പോ വിത്യാസല്യാന്ന് മനസ്സിലായീലോ? നാളെ മേലാക്കം ചക്കിം ചങ്കരനും കമ്യൂണിസ്റ്റോള്‍ടെ കാര്യം പറഞ്ഞിറങ്ങുമ്പോ രണ്ടല്ല ഒരു പത്ത് വട്ടാ ആലോയ്‌ച്യോ. ഒരു തരക്കേടൂല്യാ.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

അത്.. (അച്ചങ്കുഞ്ഞ് എന്തോ ബുജി വാചകം ഓര്‍ത്തട്ട് പെട്ടെന്ന് വിഴുങ്ങി. കുഞ്ഞച്ചന്റേം കുഞ്ഞുമോഞ്ചേട്ടന്റേം മുന്നില്‍ ഇപ്പോ അത് വെലപ്പോവില്ല്യാന് അച്ചങ്കുഞ്ഞിന് മനസ്സിലായി. അടുത്ത കള്ളടിയില്‍ അത് പുറത്തെടുക്കും ഒറപ്പ്. അപ്പോ മറ്റ് രണ്ടാളും തലേം കുലുക്കി കേട്ടിരിക്കുകയും ചെയ്യും. അച്ചങ്കുഞ്ഞ് വീണ്ടും തല പുസ്തകത്തിലേയ്ക്കിട്ടു)

നിങ്ങക്കൊക്കെ ഒരു ഞാറാഴ്ച പള്ളി കഴിഞ്ഞ് ഇവടെ പുസ്തകോം വായിച്ചിര്ന്നാ മതി. നിങ്ങടെ ഒരോ കാര്യം കാരണം ഞാന്‌ണ് പള്ളിക്കമ്മിറ്റീലും വിന്‍സന്റിപ്പോളിലൊക്കെ നാണം കെടണെ. നിങ്ങടെ യൂണിറ്റിലെ കുടുംബസമ്മേളനം കഴിഞ്ഞട്ടാര്‍ന്നു ഞങ്ങടവടത്തെ. ആ വികാര്യച്ചന്‍ എന്നെ എന്തോരിട്ട് വാരീന്നറിയോ? മിണ്ടാന്‍ പറ്റോ? സ്വന്തം ചേച്ച്യായി പോയിലേ

(നോട്ടം വീണ്ടും പെണ്ണമ്മിച്ചിയില്‍ മുട്ടി നില്‍ക്കുന്നു. പെണ്ണമ്മിച്ചി പഴേപോലെ ഒരനക്കവും കുലുക്കവുമില്ലാതിരിക്കുന്നു
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)


അയ്‌ശരി അപ്പോ കള്യാക്കീതാണ് കുഞ്ഞച്ചന്‍ വെഷമം? അല്ലാണ്ട് പാഠപുസ്തകത്തിലെ കൊഴപ്പങ്ങളല്ല - (കുഞ്ഞുമോള്‍ വളരെ പതിയെ ചുണ്ടിനു താഴെ.)

എന്തൂട്ട്.. എന്തൂട്ടണ്ടീ നീ പറഞ്ഞേ?.. അതേതേ പാഠപുസ്തകത്തില് കൊഴപ്പല്യാത്തോണ്ടണല്ലോ ഇപ്പോ പാഠപുസ്തകം മാറ്റാന്‍ പോണെ. -(കുഞ്ഞച്ചന്‍>

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


അതൊക്കെ സര്‍ക്കാരും മറ്റുള്ളവരും തമ്മിലിള്ള ഒത്തുകളീന്ന്. അങ്ങനെ വല്യകാര്യായിറ്റൊന്നും മാറ്റണില്യാ. ചെറിയ ചില തിരുത്തോള് അത്രന്നെ - (കുഞ്ഞുമോള്‍)

അതേ ഒത്തുക്കളീന്ന്. ഇപ്പോ വെളിവില്‍ ഇത്ര ഒത്തുക്കളീണ്ടാര്‍ന്നങ്കേ പാഠപുസ്തകം ഇണ്ടാക്കുമ്പോ എന്തോരം ഒത്തുക്കളീണ്ടാവും? ഇതോണ്ടൊന്നും ഞങ്ങള് വിടില്യാ. ആ പുസ്തകം പിന്‍‌വലിപ്പിച്ചേ അടങ്ങൂ - (കുഞ്ഞച്ചന്‍)

ഒരു ഒത്തുക്കളീല്യാ.(കടുത്ത സ്വരത്തില്‍) പിന്നെ കൊറേ പിന്‍‌വലിപ്പിക്കും. ഇനിപ്പോ ആര്‍ക്കും എന്തും പറയാലോ. (ചങ്ക് തിങ്ങി) - ( കുഞ്ഞുമോള്‍ പതിയെ സ്കൂട്ടാവാന്‍ തുടങ്ങുന്നു. കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..

കുഞ്ഞച്ചന്‍ പെണ്ണമ്മിച്ചിയെ നോക്കി അടുത്ത വാചകം പറയാന്‍ നാവുയര്‍ത്തുമ്പോഴേക്കും പെണ്ണമ്മിച്ചി കൊടുങ്കാറ്റ് പോലെ എഴുന്നേല്‍ക്കുന്നു. എഴുന്നേല്‍ക്കലില്‍ കാപ്പി തട്ടിമറിഞ്ഞ് പോയി.)


(പെണ്ണമ്മിച്ചി ഉറക്കെ) ഇവടാരും ഒരു സര്‍ക്കാരിനും ഒപ്പാരം പറഞ്ഞട്ട്‌ല്യാ. എനിക്ക് ശരീന്ന് തോന്നീത് ചെയ്തു. അതിപ്പഴും ശര്യന്നെ. പുസ്തകം പിന്‍‌വലിക്കാതിരിക്കാന്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും. പിന്നെ സര്‍ക്കാര്‌! അവരെ അടുത്ത എലക്ഷനില്‍ കണ്ടോളാം. അയിനിപ്പോ നീയും അവനും ഇത്ര കെടന്നങ്ങട് മദിക്ക്‌ണ്ടാ.

(ഒറ്റശ്വാസത്തിലതും പറഞ്ഞ് കൊടുങ്കാറ്റ് പോലെ തന്നെ പാഞ്ഞു പോയി മുറിയില്‍ കയറി വാതിലടച്ചു. മിക്കതും അവിടിന്നു പലതും പൊട്ടാനുള്ള ചാര്‍സുണ്ട്

കുഞ്ഞച്ചനും കുഞ്ഞുമോഞ്ചേട്ടനും അട്ടഹസിക്കുന്നു. കൊട്ടിത്തകര്‍ക്കുന്നു
ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


(കുഞ്ഞോള്‍ ആത്മഗതം പതിയെ) - അപ്പോ അട്ത്ത എലക്ഷനില്‍ കമ്യൂണിസ്റ്റോള്‍ക്ക് പത്തമ്പത് വോട്ട് നഷ്ടം. എന്നാലെന്താ മലപ്പൊറത്തെ ഒരു വോട്ട് ബാങ്ക് കിട്ടീലേ!!
*************
വായനക്കരോട് - ഇന്ത്യന്‍ നാഷണല്‍ കങ്കാരൂസ് മുതല്‍ തക്കാളി സേവാ സംഘ് വരെ സര്‍വ്വകക്ഷികളും ചേര്‍ന്നട്ടള്ള കൂട്ടികക്ഷി ഗവണ്മെന്റ് ഭരിക്കണ ഞങ്ങടോടെ ഇതൊക്കെ നിത്യസംഭവം.

ആന്റണി..ആന്തണി..അന്തോണി

നാളെന്തൂട്ടാ കൂട്ടാന്‍ വയ്ക്കാറീ കുഞ്ഞോളേ?

ദേ തൊടങ്ങി. ഞാനൊരു നൂറ് വട്ടം പറഞ്ഞണ്ട് ഈ ചോദ്യം എന്നോണ് മിണ്ടര്‌തെന്ന്. എന്തൂട്ടേങ്കിലും വയ്ക്ക്

കാലത്തേറ്റാ നീയാ പൂവും. കൂ‍ട്ടാന്‍ തീരുമാനിച്ച പണ്യെളുപ്പങ്ങ്‌ട് തീരും. അല്ലെങ്കെപിന്നെ കെടന്ന് തിരിയലാണ്.

കുഞ്ഞുമോനില്ലേ പെണ്ണമിച്ച്യേ

ആരിണ്ത് അന്തോണ്യാ?

കുഞ്ഞുമോഞ്ചേട്ടന്‍ കക്കൂസേലാണ് അന്തോണ്യേട്ടാ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞട്ട് നോക്ക്യാ മതി. ‘ഇടവേളകള്‍ ആനന്ദകരമാക്കാന്‍ കക്കൂസ‘ ന്നള്ളത്‌ണ് ആശാന്റെ സ്ലോഗന്‍

ട്യേ ക്ടാവേ.. ഞാന്‍ നിന്നോട് നൂറുവട്ടം പറഞ്ഞീട്ടുണ്ട്ട്രീ എന്നെ അന്തോണീന്ന് വിളിക്കല്ലേന്ന്.

അതെന്തേരാ അന്തോണ്യേ. ഞാനും നിന്നെ അങ്ങന്യനെല്ലേ വിളിച്ചേ?

പെണ്ണമ്മിച്ച്യോട് പറഞ്ഞട്ട് വല്ല കാര്യണ്ടാ? മിണ്ടാണ്ടിരിക്കണതാണ് നല്ലത്.

ടാ അന്തോണ്യേ.. ആന്റണി എന്നത് ഒറിജിനലും അന്തോണി എന്നത് ബോധല്യാത്ത മലയാളികള് വിളിക്കണതാണെന്നുമല്ലേ നീ മനസ്സിലാക്കി വച്ചെക്കണെ?

ഓ.. അതേന്റെ പൊന്നമ്മിച്ചി. എന്തേപ്പ അങ്ങന്യല്ലേ? ട്യേ കുഞ്ഞോളേ ചെവി പൊത്തിക്കോ ദിപ്പോ തൊടങ്ങും ചരിത്രം.

അതെരാ സ്വന്തം പേരിന്റെ ചരിത്രം അനേഷിക്കാണ്ട് നടക്ക‌ണ നിന്നേപോലത്തെ കന്നാല്യോളോട് പറഞ്ഞട്ട് കാര്യൊന്നൂല്യാ. എന്നാലും കേട്ടോ.

ഞങ്ങടോടത്തെ അന്തോണ്യുട്ടിക്ക് എഴുത്തിന്റെ കൊറേശ്യ അസ്കിതീണ്ടാര്‍ന്നു. ആളൊരിക്കല്‍ ഒരു സായിപ്പിന് ഒരു സംശയം ചോയ്ച്ച് എഴ്‌ത്തെഴുതി. എഴ്ത്തിന്റെ താഴെ ANTONY എന്നു വെടുപ്പായിറ്റ് എഴുതി. സായിപ്പ് കൃത്യായിറ്റ് മറുപടി അയച്ചു. Dear Anthoney.. അന്തോണ്യുട്ടിയ്ക്ക് ആകെ അരിശം, സംശയം.. അവന്റെ പേരിന്റെ സ്പെല്ലിങ്ങ് തെറ്റിച്ച് അവനന്നെ എഴുതീതാണൊ അതോന്നി സായിപ്പ് മന:പൂര്‍വ്വം ചൊറിഞ്ഞതാണോന്ന്.

അതെങ്ങനീണ് പേരിന്റെ സ്പെല്ലിംഗ് തെറ്റ്യാ ചൊറിയണേ?

ഇവളെക്കൊണ്ട് തോറ്റെന്റെ തമ്പുരാനെ! ഇപ്പോ അന്തോണി എന്തണ്ടീ നിന്നോട് ചൂടായെ? ഒരാള്‍ക്ക് വല്ലാണ്ട് ചൊറിച്ചിലുണ്ടാക്കണ കാര്യണ് ഈ പേര് തെറ്റിവിളി. ഒന്നോര്‍ത്തോക്ക് ഒരാള് നിന്നെ ഏത് നേരോം കഞ്ഞോളേന്ന് വിളിച്ചാലാ?

ശര്യാക്കും ഞാനയാളെ..

ആ അതന്യേണ്. കെ.എല്‍ മോഹനവര്‍മ്മേരെ ഓഹരീല് അനിയന്‍‌ത്തമ്പുരാന്‍ എന്നൊരു കഥാപാത്രം ഈ കാര്യം ശരിയ്ക്കങ്ങണ്ട് ചെയ്യിണ്ട്. ഇമ്മടെ അച്ചന്‍‌കുഞ്ഞിനൂണ്ട് ആ സൂക്കേട്‌ണ്ട്.

ശര്യാട്ടാ. ആ സിന്യേച്ചീനെ എപ്പഴും സുമ്യേന്നാ വിളിക്യാ ഭരതേട്ടനെ ധര്‍മ്മന്‍ന്നും. അമ്പടാ.. ഞാങ്കരുതി ഓര്‍മീല്യാണ്ടാന്ന്.

ഉവ്വറീ ഓര്‍മ്മല്യാണ്ടേ. മന:പൂര്‍വ്‌ണ്. ആ മന്‍‌ഷ്യന് ഭരതനെ കണ്ടൂടാ.

അപ്പോ പറഞ്ഞു വന്നതെന്തൂട്ടച്ചാ അന്തോണീന്നള്ള പേരിന്റെ കാര്യം. ആ കത്ത് കിട്ട്യേന്ന് ശേഷ്ണ് അന്തോണ്യുട്ടി ആള്‍ടെ പേരിന്റെ ഒറവിടം തപ്പി എറങ്ങീത്. അപ്പഴണ് മനസ്സിലാവണെ ഈ പേരിന്റെ യഥാര്‍ത്ഥ സ്ഥലം റോമാണെന്ന്, ലത്തീനില്‍ന്ന്‌ണ് ഈ പേരിന്റെ ഉത്ഭവം

ഒഹ് അതിലിപ്പോ എന്തൂട്ട്‌ണ് കാര്യം? മാര്‍ക്ക് ആന്റണിടെ കാര്യം എല്ലാവര്‍ക്കും അറിയണതല്ലേ?

കണ്ടാ കണ്ടാ മാര്‍ക്ക് ആന്റണീ‍ണ്. മാര്‍ക്ക് അന്തോണിയല്ല. ഞാനിതൊക്കെ അന്വേഷിച്ചണ്ടാര്‍ന്നു.

ആ അതേ അത് മാര്‍ക്കസ് അന്റോണിയസ് എന്ന മാര്‍ക്ക് ആന്റണി. ആന്റണി എന്ന പേരിന്റെ തൊടക്കം അവടന്നാവണം. പക്ഷേച്ചാ ക്രിസ്ത്യാന്യോള്‍ടെ എടേല് ഫെയ്മസായീത് ആ പേരിലെ രണ്ട് വിശുദ്ധന്മാരടെ പേരീന്നാണ്. ഒന്ന് ഈജിപ്തിലെ വിശുദ്ധ ആന്റണി. പിന്നെ മറ്റത് പാദുവായിലെ വിശുദ്ധ ആന്റണി.

ഇമടെ അന്തോണീസു പുണ്യാളനല്ലേ ത്. ഏയ്.. ഏയ്.. ആരും ആന്റണി പുണ്യാളന്നൊന്നും പറയുല്യാ.

ആ അദന്നെ അപ്പോ ഇമ്മക്ക് പിന്നീം അന്തോണീ‍ല്‍ക്ക് പൂവാം അല്ലേരാ അന്തോണ്യേ?

പറഞ്ഞ് തൊലക്കങ്ങ്‌ണ്ടട്.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തീന് കേട്ടട്ട്‌ല്ലേ നിങ്ങള്. അദ്ദേഹത്തിന്റെ കാലം തൊട്ട് കൃസ്ത്യന്‍ സംസ്കാരത്തിന്റെ തൊടക്കം വരീള്ള കാലത്ത് ഗ്രീക്ക് സംസ്കാരം അന്നു നിലവിലിണ്ടാര്‍ന്ന ഇന്ത്യ-ഇറാന്‍ തുടങ്ങിയ സംസ്കാരങ്ങളില്‍ വളരെയധികം കൂടിക്കലന്നിരുന്നു. ഇതിനീണ് ഹെലിനിസ്റ്റിക് സംസ്കാരം എന്ന് പറയണത്.

എന്റെ പൊന്നേ, സിന്ധും മെസപ്പട്ടോമിയൊന്നും പോരാണ്ട് ഇങ്ങനീം ഉണ്ടാ വേറെ കൊറെ. ഇതൊന്നും ഇമ്മള് പഠിച്ചിട്ടില്ലലോറീ കുഞ്ഞോളേ.

ലോകത്ത്‌ള്ള എല്ലാ‍ക്കാര്യോം സ്കൂളില്‍ പഠിപ്പിക്കാണങ്കേ നീയൊക്കെ ആരായേനേ!

അപ്പോ ഇമള് പറഞ്ഞ് വന്നത് അന്തോണീരെ കാര്യം. ഈ ആന്റണിനള്ള പേര് ഹെലിനിറ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂലാണ് ആന്തണി ആവണത്. കാരണെന്താച്ചാല് ഗ്രീക്ക്‌ക്കാര്‍ക്ക് പൂവിനുള്ള വാക്കാര്‍ന്നു ആന്തോസ്. അപ്പോ അവരു ആന്റണി എന്നള്ളതിനിം ആന്തോസ് അന്നള്ളതിനും ചേര്‍ത്ത് ആന്തണി എന്നാക്കിന്നാണ് ഇമ്മടെ അന്തോണ്യുട്ടി കണ്ട്പിടിച്ചത്. ശരിയ്ക്കുള്ള മാര്‍ക്കാന്റണിടെ പേരിലെ ആന്റണീടെ അര്‍ത്ഥം വിലമതിക്കാനാവത്തത്, അമൂല്യം എന്നൊക്കീന്.

നിക്കട്ടെ.. നിക്കട്ടെ ചരിത്രം. ഒരു ചോദ്യണ്ട്. ഇമ്മടെ അവടെ ഭരിച്ചതും ക്രിസ്തുമതം കൊണ്ടന്നതും ബ്രിട്ടീഷുകാരല്ലെ? അവരുക്കു ഈ ഗ്രീക്ക് പേരായിറ്റ് എന്തൂട്ടാണ് ബന്ധം?

ബ്രിട്ടിഷുകാര്‍ക്കിടേല് ആദ്യം പ്രചരിച്ചത് ആന്റണീന്നള്ള പേരന്യാണ്. പക്ഷേ ഇമടവടെ വന്നത് പാതിരിമാര് തര്‍ജ്ജമ്മ ചെയ്ത പുസ്തകങ്ങളിലെ പേരു വഴിയീണ്.പുത്യനെയമം ആദ്യം എഴുതീത് ഏതു ഭാഷേലാ? ആരാണ് ആദ്യം ഉത്തരം പറയണെ?

അരമായാ

ഗ്രീക്ക്

ആ.. ഗ്രീക്ക്‌ലിണ്.. കോയിന്‍ ഗ്രീക്കില് (Koine Greek) ഹെലിനിസ്റ്റിക് സംസ്കാരത്തിന്റെ സ്വാധീനം മൂല്ണത്. മലയാളത്തില്‍ക്ക് മിക്ക ബൈബിള്‍ ഗ്രന്ഥങ്ങളും കാനോനീകവും അല്ലാത്തതുമായ ചില പുസ്തകങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടത് നേരിട്ട് ഗ്രീക്കീന്നണ്. അങ്ങനീണ് ഇമ്മടെ നാട്ടില് ഗ്രീക്ക് പേരോള് ഇംഗ്ലീഷ് പേരോളേക്കാള്‍ അധികം ഉപയോഗിക്കപ്പെട്ടത്. അല്ലണ്ട് നീ കരുതണ പോലെ ആന്റണി ഇംഗ്ലീഷും അന്തോണി ഇംഗ്ലീഷ് അറ്യാത്ത മലയാള്യോള് പറയണതും അല്ല. ആന്റണി ഇംഗ്ലീഷും ആന്തണി ഗ്രീക്കും അന്തോണി അതിന്റെ മലയാളവും ആണ്.

അപ്പോ ഇന്നിംണ്ടാ ഇങ്ങനത്തെ ബൈബിള്‍- ക്രിസ്ത്യന്‍ പേരോള്?

ഇന്നിംണ്ട്. അതൊക്കേ മക്കള് രണ്ടാളും കൂടിം അന്വേഷിച്ച് കണ്ട് പിടിക്കീട്ടാ. ഇന്നിം പൊന്നാരിച്ച് നിന്നാലേ എന്റെ കൂട്ടാന്‍ വയ്ക്കല് നടക്കില്ല.

അമര്‍.. അക്ബര്‍.. ആന്തണീ..
ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ ബറബംബംബാ..

Monday, July 14, 2008

പാവങ്ങളുടെ മുന്തിരി (Averrhoa bilimbi)

ഇതെന്തൂട്ടണ്ടീ തെയ്യാമ്മേ ഈ കാണ്‌ണേ നിന്റോടെ? മുന്തിരിക്കൊല പോലീണ്‌ല്ലോ ഇരുമ്പന്‍ പുളി ഇണ്ടായികെടക്കണത്. എന്തൂട്ടാ ശേല്!

ഉവ്വുവ്വ്. വെല്ലപ്പ്‌ഴും വരണോര്‍ക്കൊക്കെ ശേലന്നെ. മിറ്റടിച്ചൂട്ടി കളായാന്‍ ഞാന്‍ പെടണപാട് ആര്‍ക്കും മന്‍സ്സിലാവില്യാ. ഇരുമ്പന്‍പുളി ഇണ്ടാവ്ണ കാലത്ത് അത് വീണ് മിറ്റം മുഴുവന്‍ അളിപിള്യാവും. അല്ലാത്തേപ്പ്യാണെങ്കെ അയിന്റെ എല. അടിച്ചാലും അടിച്ചാലും തീരില്യാ. എന്നാ ഈ സാനം കൊണ്ട് വല്ല ഉപകാരണ്ടാ? അതൂല്യാ വെല്ലപ്പോഴും കായല്‍ മീന്‍ കിട്ട്യാ അതിലിടാന്‍ കുഞ്ഞീത് ഒരു പത്തെണ്ണം മതി. അയിന്നിണിതിനെ എല്ലാക്കാലോം സഹിക്കണേന്നാലോയ്ക്കുമ്പോ വെട്ട്യാക്കളയാന്‍ തോന്നും.

ഇതെന്തൂട്ടണീപ്പെണ്ണ് അച്ചങ്കുഞ്ഞ് പറയണോണം പറയ്ണേ? ഞങ്ങടോടെ നെറച്ചും പൂത്ത്‌നിന്ന ഇരുമ്പന്‍പുളീണ്. ഒരൂസം നോക്കുമ്പോ അയിന്റെ നെറ്യാ വെട്ട്യേക്ക്‌ണു ആ മന്‍ഷ്യന്‍. കൃഷിക്കാരനാണു പോലും കൃഷിക്കാരന്‍!

അയിനെങ്ങീന് അച്ചങ്കുഞ്ഞത് വെട്ടാണ്ടിരിക്ക്യാ. വേനലില്‍ ഒരു ചെറുകാറ്റങ്ങാനും വന്നാ മതി. പ്‌ടും.. ദേ കെടക്കണു ഒരു പുളിവാറലും കൊറേ എലേം. അടുത്ത സീന്‍ പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. അടുത്ത കാറ്റ്.. പ്‌ടും.. അടുത്ത എലകള്‍.. പിന്നീം പഴേ സീന്‍..പെണ്ണമ്മിച്ചി വിത്ത് ചൂല്.. മുറ്റമടിക്കുന്നു.. കേറുന്നു.. ഞങ്ങള് തോറ്റെന്റെ തെയ്യാമ്മിച്ച്യേയ്.

മതീരീ മതീ‍രീ.. മൂത്തോര് വര്‍ത്താനം പറയണോട്‌ത്ത് നിനക്കെന്തൂട്ടാ കാര്യം? മിണ്ടാണ്ടിരിക്കറ്‌വടെ.
ഇവര്യോക്കെ കുശുമ്പ് കാരണം ഇപ്പോ പത്തെണ്ണം തെകച്ചിണ്ടാവാറില്യറീ.

എന്തൂട്ട്‌ണ്‌ണധികമെന്റെ ചേച്ച്യേ. പത്തെണ്ണം പോരെ മീനിലിടാന്‍. ഇവിട്യാണെങ്കെ കടല്‍മീനിലൊന്നും ഇടണത് ആ മനുഷ്യനിഷ്ടല്ല. വല്ലപ്പ്‌ഴും ഇട്ട്‌പോയാ.. പിന്നെ ഞാന്‍ തന്നെ കൂട്ട്യാ തീര്‍ക്കണം.

നീയെന്തൂ‍ട്ടണ്ടീ പറയണെ തെയ്യാമ്മേ?! ഇരുമ്പന്‍പുളി കായല്‍ മീനിലു മാത്രേ ഇടള്ളൊന്നാ? പിന്നൊന്നും അതോണ്ട് ചെയ്യീല്ലാന്നാ?

വേറെന്തൂട്ടാ ചിയ്യാ? അപൂര്‍വ്വായിറ്റ് പരിപ്പും ഇരുമ്പന്‍പുളീം വയ്ക്കും. പരിപ്പ് ഇമ്മക്ക് പറ്റില്ലെയ്ന്റെ പൊന്നേ. ഗ്യാസ്‌ണ്.. ഗ്യാസ്..

ട്യേ കുഞ്ഞോളേ.. നീയാ മൊറടെത്ത് അയിലെ പഴുത്ത പുള്യോക്കെ മണ്ണ് പറ്റാണ്ടിങ്കട് പൊട്ടിക്കറീ ക്ടാവേ. ഇവള്‍ക്കിതോണ്ട് എന്തൂട്ടൊക്കെ ഇണ്ടാക്കാന്‍ പറ്റൂന്ന് കാണിച്ചോടക്കട്ടെ.

ഇതെന്തൂട്ടാണ് പഴുത്തപുള്യോണ്ട് ചെയ്യാന്‍ പോണെ? പഴുത്ത പുള്യോണ്ട് എനിക്കാകിള്ള ഗുണം ഇരുമ്പു കറകള് കളയാന്ണ്.

അത് ഇരുമ്പന്‍ പുളീല് ഓക്സാലിക് ആസിഡ് ഇള്ള കാരണാണ് തെയ്യാമ്മിച്ച്യേ. ഓക്സാലിക്കാസിഡ് ഇരുമ്പിനെ ഓക്സീകരിക്കും. അങ്ങനീന് കറ പോണെ.

പഴുത്ത പുള്യോണ്ടള്ളത് അവള് പൊട്ടിച്ച് കൊണ്ടന്നട്ട് നോക്കാം. ആദ്യം പച്ചപുള്യോണ്ട്ള്ളത്. നീയ് ഇരുമ്പന്‍പുളിയച്ചാരം എന്താ ഇണ്ടാക്കാത്തേരീ?

ഓ.. അത് പെട്ടെന്ന് അങ്ങട് അളിപിള്യായാവും. ഒന്നു രണ്ടൂസത്തക്ക് വേണ്ടി ഇതൊക്കെ ഇത്ര പണിപ്പെട്ട് ഇണ്ടാക്കാന്‍ ആരെക്കൊണ്ടാവാന്ന്ന്?

ആ അത് നിനക്ക് ഇണ്ടാക്കാന്‍ അറിയാണ്ട്ണ്. ആദ്യം നീ പുളിപൊട്ടിക്ക്. ഏറ്റോം ചെറ്ത് നോക്കി ഒരു പത്തമ്പതെണ്ണാ ഇങ്ങട് പൊട്ടിച്ചോ. ഞാന്‍ ഇടാക്ക്യരാം. എത്രനാള്‍ വേണങ്കെ ഇരിക്കും ഒരു അളിപിളീം ആവാണ്ട്.

ഇത്രമത്യാ?

ആ മതി. എന്നട്ടത് കഴുകി പഴുന്തുണ്യോണ്ടൊന്ന് വെള്ളൊപ്പി എടുത്ത് മൊറത്തില്‍ കടലാസിട്ട് നെരത്ത്. എന്നട്ട് പത്ത് മിന്‍‌റ്റാ വെയല്‌ത്തിക്ക്യാ വെക്ക്. അവിടിരിക്കട്ടെ.
കുഞ്ഞോള്‍ടെ പൊട്ടിക്കല് കഴിഞ്ഞോറീ?

കൊറേയൊക്കെ പൊട്ടിച്ചു. ഇദ് മതി.

ആ എന്ന മതി. അവസാനം വീഞ്ഞുണ്ടാക്കുമ്പോ മോന്താനത്രയ്ക്കെന്യേ കിട്ടള്ളോട്ടാ.

ഇരുമ്പന്‍പുള്യോണ്ട് വീഞ്ഞാ. ഇതുനല്ല കൂത്തന്നെ.

നീയിങ്ങട് കൊണ്ടാടീ. ഞാന്‍ കാണിച്ചെരാം.

ആദ്യം ഒരു പഴുന്തുണീ ഇടുത്ത് ഇതൊക്യാങ്ങട് തൊടച്ചേന്‍.

അയ്യേ അപ്പോ കഴുകണ്ടേ?

വീഞ്ഞിണ്ടാക്കാന്‍ കഴുകൊന്നും വേണ്ടാ. ചെറ്യേ ചെറ്യേ അണുക്കളൊക്കെ അല്ലേ മുന്തിരീനെ വീഞ്ഞാക്കണത്?

നീയൊരു വല്യേ ഭരണീങ്ങ്‌ട് എടുത്തോറീ തെയ്യാമേ. ആ പഞ്ചാര ഭരണീം ഇങ്ങടെടുത്തോ. ഇണ്ടെങ്കെ രണ്ട് കഷ്ണം പട്ടെം ഗ്രാബും കൂടി എട്ക്ക്.

അപ്പോ ഈസ്റ്റ് വേണ്ടെ?

ആ ഇണ്ടെങ്ക് എടുത്തോ. അങ്ങ്‌ന്യാച്ചാ ചെറ്യ ഭരണീക്കൂടീട്ക്ക്
ആദ്യം ഈ ചെറ്യേ ഭരണീല് ഒരു നിര പുളീടറി കുഞ്ഞോളെ. എന്നട്ട് ഒരു നിര പഞ്ചാര. പകുതി നെറയുമ്പോ രണ്ട് ഗ്രാംബൂം ഒരു കുഞ്ഞേ കഷ്ണം പട്ട്‌മ് ഇട്ട്‌ട്ട് ബാക്കി നെറച്ച് മാറ്റിവച്ചോ.

ഈസ്റ്റ് ഒരു ടീസ്പൂണ്ള്ളൊ. അതു മത്യാ?

ആ മതീരീ. ദേ കുഞ്ഞോള് അട്‌ക്യപ്പോലെ ഈ വല്യേ ഭരണി നീയും അട്‌ക്കിക്കോ. പകുത്യാവുമ്പോ പട്ടേരീം ഗ്രാംബൂന്റേം ഒപ്പം ആ ഈസ്റ്റും ഇട്ടോട്ത്തോ. ഞാനാ ഒണക്കാന്‍ വച്ചതെട്‌ത്തോണ്ടരട്ടേ.

രണ്ട് ഭരണീം ഒരു തുണീട്ട് മൂടി നല്ലോണങ്ങട് കെട്ട്യാ വയ്ക്ക്. എന്നട്ടാ പാത്യേമ്പോറത്തിന്റെ അടീല്‍ക്യാ വച്ചോ. അവ്ടീരിക്കട്ടെ. ഇനി അയിനെ കുറിച്ചോര്‍ക്കേ വേണ്ടാ. ഞാന്‍ രണ്ടാഴ്ച കഴിഞ്ഞ് വര്‌മ്പോ ബാക്കി നോക്കാം.
ഈ കുഞ്ഞേ പുളി നീ എണ്ണേലങ്കട് വാട്ടീട്ത്തേന്‍. എന്നട്ട് നാരങ്ങച്ചാരം ഇടണപോലെ അങ്ങട് അച്ചാരട്.നല്ലോണം എണ്ണൊഴിച്ച് വച്ചാ കൊല്ലങ്ങളോളം ഒരു കേടൂണ്ടാവില്യാ.

ട്യേ കുഞ്ഞോളെ ഈ പുളീനെ ഇരുമ്പന്‍പുളീന്ന് വിളിക്കാന്‍ എന്തൂട്ട്‌ണ് കാരണം?

അതിലിരുമ്പ് ഇള്ളോണ്ട്.

ബുദ്ധീലെങ്കിലും ബോധണ്ട്‌ട്ടാ ഇവള്‍ക്ക്.തെയ്യാമേ നൂറുഗ്രാം ഇരുമ്പന്‍ പുളീല് ഒരു മില്ലിഗ്രാം ഇരുമ്പ്‌ണ്.

ഓ അത്ര്യക്കൊള്ളോ?

അത്ര്യക്കൊള്ളോന്നാ.. മുന്തിരീള്ളത് അരമില്ലീഗ്രാമിനേക്കാളും താഴീന്. മുന്തിരീല്‌ള്ള ചെല വിറ്റാമിനോളും ചെറ്യേ അളവില്‍ ഇയിലിണ്ട്. വൈനിണ്ടാക്കാനും പറ്റും. പേരക്കേനെ പാവങ്ങള്‍ടെ ആപ്പിള്‍ന്ന് വിളിക്കണപോലെ ശരിയ്ക്കും ഇരുമ്പന്‍പുളീനെ പാവങ്ങള്‍ടെ മുന്തിരീന്ന് വിളിക്കണ്ടത്‌ണ്.

ഒറിജിനലി ഇരുമ്പന്‍ പുളി ഇന്ത്യോനേഷ്യക്കാരനാണ്.Averrhoa bilimbi എന്ന്‌ണ് ഇയിന്റെ ശാസ്ത്ര നാമം.

അങ്..ആ..വെറ്‌ത്യല്ലാ തെക്കന്മാര് ഇലുമ്പി പുളി എന്ന് പറയണത്‌ല്ലേ.

*************(രണ്ടാഴ്ച കഴിഞ്ഞൊരൂസം)

ആ പാത്യമ്പൊറത്തിന്റടീന്ന് ആ വല്യേ ഭരണീടത്തട്ട് ഒന്ന് കുലുക്കി വയ്ക്കറീ തെയ്യാമേ. ഇനി ഒരു പത്ത് മുപ്പതൂസം കഴിഞ്ഞ് പിഴിഞ്ഞ് അരിച്ചെടുത്താ വൈനായി.

ചെറ്യേ ഭരണി തൊറക്കട്ടെ പെണ്ണമ്മിച്ച്യേ.

സൂക്ഷിച്ച് തൊറക്ക്‌റീ.

ആയ് എന്തു രുച്യാ ഈ ഇരുമ്പന്‍പുളിയ്ക്ക്. നല്ല മദരം.

നിക്കറീ ക്ടാവേ അതു മുഴുവന്‍ തിന്നിണ്ടാക്കല്ലേ. അതോണ്ട് വേറെ ഒരു സാനം ഇണ്ടാക്കാന്. ഇയിന്റെ ചാറ് കുടിച്ചോക്ക്യേരീ തെയ്യാമ്മേ.

ആ കൊള്ളാട്ട ചേച്ച്യേ. ആള്‍ക്കാര്‍ക്ക് രസ്‌നയ്ക്ക് പകരം കൊട്‌ക്കാം.

ഇത് മെയിനായിറ്റ് ഉപയോഗിക്യാ പീനെ കൊളാ‍ഡേല് കൈതചക്ക ജ്യൂസിനു പകരം ഒഴിക്കാന്ണ്റീ തെയ്യാമ്മേ.

നീയ് കൊറച്ച് പഞ്ചാര കരിച്ചട്ട് ആ മദരള്ള പുളി അതിലിട്ടാ വെയ്ക്ക്. പിന്നെ സൈകര്യം പോലെ എട്ത്ത് ഫ്രൂട്ട്‌സലാഡിലാ കേക്കിലാ ഒക്കീടാം. ഇനിമേലാല് ഒരൊറ്റ പുളി വെറ്‌തെ പഴുപ്പിച്ച് കളയരുത്‌ട്ട്രീ‍. പച്ചയാണെങ്കിലും കൊഴപ്പല്യാ. ഒരൂസം മുഴ്‌വന്‍ വെള്ളത്തിലീട്ട് വച്ചട്ട് പിന്നീണ്ടാക്യാ മതി.

ഇത്രോക്കെ മെനക്കെടാന്‍ ആര്‍‌ക്ക്‌ണ് നേരം. ഞാനൊരു കാര്യാ ചെയ്യാം. കുഞ്ഞോനീവഴി വരുമ്പോ അവന്റേല് പൊട്ടിച്ച് കൊടത്തയ്ക്കാം. ചേച്ച്യത് സൌകര്യമ്പോലെ വീഞ്ഞാ, മദരപുള്യാ, അച്ചാരാ എന്തൂട്ടാന്ന്‌ച്ചാ ഇണ്ടാക്കീറ്റ് എനിക്കിങ്ങ്‌ട് കൊടത്തയച്ചാ മതി.

അയ്യറീ മനമേ.. എണീക്കറീ ക്ടാവേ ഇമ്മക്ക് പൂവാ. ആ മദര‍പുള്യൊക്കെ ഇങ്ങ്‌ട് എട്ത്തോ. ഇമ്മടോടെ ചെന്നട്ടിണ്ടാക്കം. ഇവളൊന്നും ഒരു നടയ്ക്ക് പോണതല്ല.
**************
വായനക്കാര്‍ക്ക് ചില മുന്നറിയിപ്പുകള്‍ - ഇരുമ്പന്‍ പുളിയില്‍ ഓക്സാലിക്കാസ്ഡ് ഉള്ളത് കൊണ്ട്,ഓക്സലേറ്റ് മൂലമുണ്ടാകുന്ന മൂത്രാശയ കല്ല് എന്ന അസുഖം വരാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് കാണുക. ഇരുമ്പന്‍ പുളിയില്‍ 6% ഓക്സാലിക് ആസിഡ് ഉണ്ട്. ഓക്സാലിക് ആസിഡ് ഉള്ള മറ്റ് പച്ചക്കറികളും പഴവര്‍ഗങ്ങളും ഈ സൈറ്റില്‍ കാണാം ഏതു തിന്നണം എന്നൊക്കെ സ്വയം തീരുമാനിക്കുക.

Monday, July 7, 2008

ചുട്ടുക്കരിക്കപ്പെടേണ്ടിയിരുന്ന റോസാപ്പൂവിന്റെ പേരെന്താണ്? (The Name of the Rose)

ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തെ കുറിച്ച് പുസ്തകമെഴുതുകയും ദരിദ്രനായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? കുറച്ച് പേര്‍ അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി വണങ്ങും അതിനിരട്ടി പേര്‍ അദ്ദേഹത്തെ പാഷാണ്ഡനായി കാണും, തീര്‍ച്ചയായും പേപ്പല്‍ കൊട്ടാരത്തിന്റെ അപ്രീതിയുണ്ടാകും, പുസ്തകം എഴുതിയ വൈദീകന്‍ ഒളിച്ച് താമസിക്കാന്‍ നിര്‍ബന്ധിതനാകും, പുസ്തകത്തെ പ്രതി ചൂടന്‍ സംവാദങ്ങള്‍ നടക്കും, എങ്കിലും അവസാന തീരുമാനം പേപ്പല്‍ ആസ്ഥാനത്തിന്റേതായിരിക്കും.

ക്രിസ്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നോ അഥവാ ക്രിസ്തു ദരിദ്രജീവിതമായിരുന്നോ നയിച്ചിരുന്നത് എന്നു ചോദിക്കുമ്പോള്‍, ക്രിസ്തു പാവപ്പെട്ടവനായിരുന്നോ അല്ലയോ എന്നതല്ല ചോദ്യം മറിച്ച് പള്ളി ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം എന്ന മറുചോദ്യമാണ് കിട്ടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ ഇല്ലാതാക്കണമെന്നും അതിന്റെ ഏക്കറുകണക്കിനുള്ള ഫലഭൂയിഷ്ഠമായ ഭൂമി അടിമപണിക്കാര്‍ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നത് പള്ളിയുടെ അത്യാവശ്യ ദ്രവ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി അവിശ്വാസികളുള്ള യുദ്ധം പ്രതിഫലമായി വാങ്ങുകയും ചെയ്യുമെന്നു സഭ ഭയക്കുന്നത്രേ.

Your eminence, venerable brothers.. at last we met for this long-awaited debate. We have all journeyed great distances in order to put an end to the dispute... that has so gravely impaired the unity of our Holy Mother church.
Good people thought the Christendom... are directing their gaze at these venerable walls...anxiously awaiting our answer to the vexed question: Did Christ...or did he not...own the clothes that he wore?

Beloved brotheren of Franciscan order.Our Holy Father, the pope, has authorized me and these, his faithful servants...to speak on his behalf. The question is not whether Christ was poor...but whether the church should be poor. You Franciscan wish to see the clergy renounce its possessions...and surrender its riches... the abbeys dissipate their sacred treasures...and hand over their fertile acres to the serfs...Thereby depriving the church of the resources needed...to combat unbelievers and wage war on the infidel. You forget that even the greatest monument to Our Lord ...is but a pale reflection of his infinite majesty and glory ...

ക്രിസ്തുവിനൊരു പേഴ്സ് സ്വന്തമായിരുന്നെന്നും, സന്ന്യാസമഠത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അസ്വാഭിവമരണങ്ങള്‍ക്ക് കാരണം പാഷാണ്ഡതയെന്നും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയ്ക്ക് വീണ്ടുമൊരു അസ്വാഭിവക മരണം! സാത്താനാ‍ല്‍ പ്രേരിതരായി അത് ചെയ്തവരെല്ലാം, അവന്റെ (Adso of Melk) പേരറിയാ റോസാപ്പൂ‍വുള്‍പ്പെടെ, പിടിക്കപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടവരെല്ലാം ചുട്ടുക്കരിക്കപ്പെടുമെന്നുറപ്പുള്ള മതവിചാരണ. അവന്‍ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ അയാള്‍ (William of Baskerville), ഒരിക്കലിതുപോലൊരു മതവിചാരണയെ എതിര്‍ത്തതിനു പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ കിടക്കുകയും ചെയ്തയാള്‍ തന്നെ, ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. അവളെ ഉമിത്തീയില്‍ നിന്ന് രക്ഷിക്കാന്‍ ദയക്കാവില്ലെന്ന് ഉത്തമബോധ്യമുള്ളൊരാള്‍

Then try using your head instead of your heart...and we might make some progress.
...
But pity won't save her from the fire

ആത്മീയത എന്നാല്‍ എന്താണ്? അതിലേയ്ക്ക് പ്രാര്‍ത്ഥനയുടെ ഒറ്റവഴി മാത്രമെയുള്ളൂ? പ്രാര്‍ത്ഥന മാത്രമല്ലാതെയും ചിലവഴികളുണ്ടെന്ന് കാണിച്ച് തന്നവരിലൊരാളാണ് ഒക്കാമിലെ വില്യം (William of Ockham). തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കുന്നതിന്റെയും, ചിന്തയുടേയും, അക്ഷരത്തിന്റേയും ആത്മാര്‍ത്ഥമായ വഴികള്‍ നടന്നെത്തുന്നത് ആത്മീയതിലേയ്ക്ക് തന്നെ. ബാസ്കര്‍വില്ലിലെ വില്യമും ചിന്തകളുടേയും അക്ഷരത്തിന്റെയും, വഴിയെ ആത്മീയതയിലേയ്ക്ക് നടക്കുന്നവനാണ്.

അറിവ് സംരക്ഷിക്കപ്പെടേണ്ടതെന്തിനു വേണ്ടിയാണ്? ഒളിച്ച് സൂക്ഷിക്കുന്ന അറിവിന്റെ രാഷ്ട്രീയം എന്താണ്? എല്ലാക്കാലത്തും അധികാരത്തിന്റെ കൂടെയായിരുന്നു അറിവ്‌. ഒളിച്ച്‌ വച്ച അറിവ്‌ സംരക്ഷിക്കുന്നത്‌ അതു ഒളിച്ച്‌ വച്ചവരുടെ അധികാരത്തെ തന്നെയാണ്‌. ‘സംരക്ഷിക്കപ്പെടുന്ന വിശ്വാസമാണ്‌‘ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരം. അതുകൊണ്ട്‌തന്നെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ചില അറിവുകള്‍ ഒളിച്ചു വയ്ക്കേണ്ടതത്യാവശ്യമാണ്‌. അവയെല്ലാം വെറും സംരക്ഷണമേ അര്‍ഹിക്കുന്നുള്ളൂ. വായനയോ ഗവേഷണമോ അര്‍ഹിക്കുന്നില്ല എന്നവര്‍ വാദിച്ചു.

Adso, Do you realize...we're in one of the greatest libraries in the whole of the Christendom... ... How many more rooms? huh, How many more books? No one should be forbidden to consult these books freely perhaps they thought to be too precious, too fragile. No. its not that, Adso. Its because they often contain a wisdom different from ours... and ideas that could encourage us to doubt...the infallibility of the word of the God

The preservation of knowledge. "Preservation," I say, not "search for" because there is no progress in the history of knowledge... merely a continuous and sublime recapitulation

വികാരങ്ങളെ നിയന്ത്രിക്കേണ്ടതും വിശ്വാസസംരക്ഷണത്തിനു ആവശ്യമാണെന്ന്‌ പൗരോഹ്യത്തിന്റെ കാവലാളുകള്‍ കരുതുന്നു. വിശ്വാസത്തെ ഇല്ലാതാക്കുമെന്ന വിചാരത്തില്‍ അവര്‍ ചിരിയെ, ഹാസ്യത്തെ ഭയക്കുകയും ചെയ്യുന്നു. കുരങ്ങന്മാര്‍ മാത്രമേ ചിരിയ്ക്കൂ എന്നും ചിരിയ്ക്കുന്നവരുടെ മുഖത്തിന്റെ ആകൃതി മാറുമെന്നു അവര്‍ വിശ്വസിപ്പിച്ചു.കോമഡിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ രണ്ടാം പോയെറ്റ്റിക് (Aristotle's Second Book of Poetics) പുസ്തകത്തിന്റെ ഒളിച്ചുവയ്പ്പിനു പിന്നിലെ വില്ലനും ചിരിതന്നെ. തങ്ങളുടെ യുക്തിക്കു ചേരാതിരുന്ന ഇത്തരം ചിന്തകളെ യുക്തിസഹമായി നേരിട്ടവര്‍ പാഷാണ്ഡരെന്ന് മുദ്രകുത്തി ശിക്ഷിക്കപ്പെട്ടു.

Laughter is a devilish wind which deforms, uh, the lineaments of the face and makes men look like monkeys.
Monkeys do not laugh. Laughter is particular to men.
As is sin. Christ never laughed.
Can we be so sure?
There is nothing in the Scriptures to say that he did.
And there's nothing in the Scriptures to say that he did not. Why, even the saints have been known to employ comedy, to ridicule the enemies of the Faith. For example, when the pagans plunged St. Maurice into the boiling water, he complained that his bath was too cold. The Sultan put his hand in... scalded himself.

But what is so alarming about laughter?
Laughter kills fear, and without fear there can be no faith, because without fear of the Devil there is no more need of God.

അധികാരത്തെ കുറിച്ച്‌ ചിന്തയില്ലാത്തവരാകട്ടെ അറിവുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിട്ടാന്‍ യത്നിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസത്തിന്റെ പിശാചിനെ തകര്‍ക്കാനും എല്ലാ യാതനകളും എല്ലായ്പ്പോഴും സഹിക്കേണ്ടിവരുന്ന പേരറിയാ റോസപ്പൂക്കളെ രക്ഷിക്കാനും ഒളിച്ചു വയ്ക്കപ്പെട്ട അറിവുകളും പുസ്തകങ്ങളും കണ്ടുപിടിച്ചേ തീരൂ.

If only I could find the book and prove that Bernardo Gui was wrong.

ചിലര്‍, മറ്റുള്ളവര്‍ ചിരിക്കാതിരിക്കാന്‍ ചിരിയെ കുറിച്ചുള്ള സകല അറിവും ചുടാന്‍ ശ്രമിച്ച് സ്വയം ചുട്ടുക്കരിക്കപ്പെടും മറ്റു ചിലരാകട്ടെ ചിരിയെ സംരക്ഷിക്കാനും ചിരിക്കുന്ന അറിവുകള്‍ തുറന്നിടാനുമായി തീയിലെടുത്തു ചാടും. അഗ്നിശുദ്ധീ‍കരിച്ചിറങ്ങുന്ന അവരുടെ കൈയാല്‍ അറിവും ചുട്ടുക്കരിക്കപ്പെടുമായിരുന്ന റോസാപ്പൂക്കളും സംരക്ഷിക്കപ്പെടും.

അഗ്നിക്കിരയാക്കാനുള്ളതല്ല അറിവ് അഗ്നിയാക്കേണ്ടതാണെന്ന് ബോധ്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം; ഷോണ്‍ കോര്‍ണറി (Sean Connery) യും ക്രിസ്റ്റ്യന്‍ സ്ലേറ്ററും (Christian Slater ) അഭിനയിച്ച സിനിമ ദി നേം ഓഫ് ദി റോസ് (The Name of the Rose). സംവിധാനം ജീന്‍ ജാക്കസ് അനാദ് (Jean-Jacques Annaud).

*****************************************
ഞാനെഴുതാണെങ്കെ ആഡ്ജോടെ വ്യൂവില്‍ നിന്നാവും എഴ്താ. വിശപ്പ് - ശരീരത്തിന്റെ, ബുദ്ധിയുടെ, ആത്മാ‍വിന്റെ വിശപ്പ്. വിശപ്പിന്റെ തൃത്വം, അയിന്റെ അഗ്നി, ആ ലൈനില്‍.

ആ നോട്ടവും കൊഴപ്പല്യാത്ത്‌ത്‌ണ്. പക്ഷേ മാസ്റ്റര്‍ പീസോളൊക്കെ സമകാലീന സംഭവങ്ങളായിറ്റ് താരതമ്യം ചെയ്യുമ്പഴണൊരിത് കിട്ടാറീ ക്ടാവേ.

ഇതിലെന്തൂട്ടാ ഒക്കാമിലെ വില്യത്തിനെ കുറിച്ച് എഴുതി വച്ചേക്കണെ

ഷോണ്‍ കോര്‍ണറിരെ കഥാപാത്രത്തിന്റെ പകുതി ഉമ്പെര്‍ട്ടോ എക്കൊ ഇണ്ടാക്കേക്കണത് ഒക്കാമിലെ വില്യമിന്റെ ജീവിതത്ത്‌നെ ബേസീതാണ്. ബാക്കി പകുതി ഏതാവും?

ബാസ്ക്കര്‍വില്ലിലെ വേട്ടനായ- ഷെര്‍ലക്ക് ഹോംസ്!!

അദന്നെ.

****************************************

സിനിമാത്തരം: 1.ത്വരഗം

Friday, July 4, 2008

മരീചിക (Mirage) മനസ്സിന്റെ മായയോ?

ഒക്കെ ഗയ്സ് നമ്മള്‍ ഇവടന്നങ്ങോട്ട് വെലങ്ങന്‍‌കുന്നിന്റെ മോളില്‍‌ക്ക് നടന്ന് കേറാന്‍ പൂവാണ്, പൊന്നൂസേ സൂക്ഷിച്ചിറങ്ങറീ.

ഈ നട്ടപ്പറ വെയിലത്ത് ടാറിട്ട റോട്ടേയ്ക്കോടെ നടക്കാനാ? ഒരു മരം കൂടീല്യാ. കുഞ്ഞോളേച്ചിയ്ക്ക് പ്രാന്ത്‌ണ്ടാ?

വെലങ്ങനില്ക്ക് നിങ്ങളെ കൊണ്ടന്നതെന്തിനാ? മരതകമിന്നല് പഠിച്ചപ്പോ ഞാനെന്തൂട്ടാ പറഞ്ഞേരാ മോനച്ചാ?

മരീചികയെ കുറിച്ച് പഠിക്കാനാന്ന്.

ആഹാ.. ഇവിടീം പഠിത്തണ്‌? ഞാനില്ലീ പണിക്ക്.

നീ വാടീ പൊന്നൂസേ നല്ല രസാ. മോനച്ചന്‍ ഗ്യാരണ്ടി.

ഓക്കെ. വരാത്തൊരൊക്കെ വണ്ടീലിരുന്നോട്ടെ. പക്ഷേ കുന്നിന്റെ മോളിലെത്തോണോര്‍ക്ക് മാത്രേ ചോക്കോബാറ് കിട്ടൂ. മോനച്ചന്‍ പറ മരീചകയുടെ ഏറ്റവും സാധാരണമായ ഉദാഹരണമെന്തൂട്ട്‌ണ്?

ചൂടുപിടിച്ചു കിടക്കുന്ന ടാറിട്ട റോട്ടില്‍ വെള്ളം പോലെ തോന്ന‌ണത്.

കറക്റ്റ്. അപ്പോ എല്ലാരും വഴിയില്‍ സൂക്ഷിച്ച് നോക്കി നടക്ക്. വെള്ളം പോലെയോ ഓയല് പോലെയോ എന്തെങ്കിലും ആരെങ്കിലും കണ്ടാല്‍ മറ്റുള്ളോരെ കാണിച്ച് കൊടുക്ക്.

കുഞ്ഞുമോളേച്ച്യേ.. ദേ റോട്ടില് വെള്ളം!

അതിന്നലെ മഴ ചാറ്യേന്റെ വെള്ളണ്. അതല്ല. വേറെ കാണുന്നുണ്ടോന്ന് നോക്ക്.

ദേന്നാ.. അവിടെ ദൂരെ വെള്ളം പോലെ.

ഓക്കെ. ഇമ്മക്കത് പോയി നോക്കാം.

ഇവിടെത്ത്യേപ്പോ വെള്ളം കാണാനില്ലല്ലോ. അപ്പോ ഇത് മരീചികയായിരുന്നുല്ലേ?

അപ്പോ മരീചിക വെറും തോന്നലാണോ കുഞ്ഞോളേച്ച്യേ? അത് ശരിയ്ക്കും ഇല്ലേ?

നമുക്കീ ചോദ്യം എല്ലാരോടും ചോയ്ക്കാം.

പൊന്നൂസെന്തുപറയുന്നു? മരീചിക തോന്നലാണോ?

ആ അതേയതേ തോന്നലാണ്. മരുഭൂമിയിലെ സഞ്ചാരികളെ പറ്റിക്കുന്ന ഭൂതത്തിന്റെ തട്ടിപ്പാണെന്ന് ഞങ്ങടെ അമ്മാമ്മ പറഞ്ഞന്നണ്ട്. അവിടെ കൊളാന്നച്ചട്ട് ആള്‍ക്കാര് അവടയ്ക്ക് ചെല്ലുമ്പോ കൊളം പിന്നീം മുന്നില്‍ക്ക് പൂവൂത്രേ. അങ്ങനെ മുന്നില്‍ക്ക് പോയി പോയി കുറേ പോയാലും കുളം പിന്നിം കൊറേ ദൂരെന്നെ. അവസാനം ആള്‍ക്കാര് വെള്ളം കിട്ടാണ്ട് തളര്‍ന്ന് വീഴുമ്പോ ഭൂതം പിടിച്ച് തിന്നും. ഇതൊക്കെ ഭൂതത്തിന്റെ ട്രിക്കാണ്‌ന്ന്.

പൊന്നൂസ് പറഞ്ഞ കഥ വിശ്വസിക്കുന്നൂന്ന് വയ്ക്ക്. അപ്പോ ഇവിടിപ്പോ നമ്മള് കണ്ട മരീചിക ഭൂതത്തിന്റെ ട്രിക്കാ?

അത്.. പിന്നെ.. ഇമ്മളിത്ര ആള്‍ക്കാരില്ലേ.. അപ്പോ ഭൂതം വരില്യാ. ഒറ്റയ്ക്കാണെങ്കിലെ ഭൂതം വരള്ളോ.

അയ്ശരി.. ഭൂതത്തിനെ കണ്ട ആരെങ്കിലും ഉണ്ടൊ ഇപ്പോ നിങ്ങടെ നാട്ടില്?

പണ്ടൊള്ളൊരൊക്കെ കണ്ടണ്ട്ന്ന് അമ്മാമ്മ പറഞ്ഞണ്ട്.

അപ്പോ എന്താ ഇപ്പോ ഇള്ളോര് കാണാത്തെ?

അത് .. പിന്നെ..

ഓക്കെ. പൊന്നൂസ് ഉത്തരം ആലോചിക്ക്

കുഞ്ഞിക്ക് എന്താണഭിപ്രായം? മരീചിക തോന്നലാണോ?

അതേയതേ. പണ്ട് പണ്ട് പാണ്ഡവര്‍ക്ക് മായന്‍ ഇണ്ടാക്കി കൊടുത്ത കൊട്ടാരത്തില്‍ ഇങ്ങനെ വെള്ളാന്ന് കരുതി കൌരവര്‍ മുണ്ടുപൊക്കി നടന്നൂന്നും പിന്നെ ശരിയ്ക്കുള്ള വെള്ളം കണ്ട് അതു തറയാന്ന് കരുതി നടന്ന് അതില്‍ വീണൂന്നും അപ്പോ ഭീമന്‍ കളിയാക്കി ചിരിച്ചെന്നും അമര്‍ചിത്രകഥേല് വായിച്ചണ്ട്.അങ്ങനെ പരിഹസിച്ചതിന്റെ പകരം വീട്ടീത്‌ണ് ചൂതുകളി.

മായന്റെ കൊട്ടാരത്തിലെ പ്രതിഭാസം മരീചികയായിരുന്നോടാ മോനച്ചാ?

അല്ല. അത് സ്ഫടിക നിര്‍മ്മിതമായ തറകളായിരുന്നു. ആ സ്ഫടിക തറകളില്‍ പ്രകാശം പ്രതിഫലനം ചെയ്താണ് വെള്ളത്തിന്റെ അല്ലെങ്കില്‍ കുളത്തിന്റെ പ്രതീതി ഉണ്ടായത്.

അപ്പോ മോനച്ചന്റെ അഭിപ്രായം എന്താണ്? മരീചിക നമ്മുടെ തോന്നലാണോ?

അല്ല. മരീചിക ഒരു പ്രകാശിക പ്രതിഭാസമാണ്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം പോലെയും, തടസ്സപ്പെട്ട പ്രകാശം ഉണ്ടാക്കുന്ന നിഴലിനെ പോലെയും ഉള്ള യഥാര്‍ത്ഥ പ്രതിഭാസമാണ് മരീചിക.

ഞാന്‍ വിശ്വസിക്കില്ല മോനച്ചന്‍ ചേട്ടാ. എന്നട്ടിപ്പോ നമ്മള് അടുത്ത് വന്ന് നോക്ക്യേപ്പോ കാണാത്തതെന്താ?

അപ്പോ കണ്ണാടിയില്‍ കാണുന്ന രൂപം നമ്മള്‍ മാറുമ്പോള്‍ പിന്നേയും കാണാത്തതെന്താ പൊന്നൂസേ?

അത്.. കണ്ണാടിയില്‍ കാണുന്നത് നമ്മുടെ പ്രതിബിംബം അല്ലേ? ഇമള്ള് മാറിയാ അതും പൂവും.

പൊന്നൂസേ , എല്ലാ പ്രകാശിക പ്രതിഭാസങ്ങളും അവയുടെ പ്രകാശ സ്രോതസ്സ് മാറ്റപ്പെറ്റുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ഇല്ലാതാവുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യും. അപ്പോള്‍ മോനച്ചന്‍ പറയ്. മരീചിക എന്ന പ്രകാശപ്രതിഭാസത്തില്‍ എന്താണ് സംഭവിക്കുന്നത്?

പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction). താഴ്ഭാഗം ചൂടുപിടിച്ചും മേല്‍ഭാഗം താരതമ്യേനെ തണുത്തും കിടക്കുന്ന വായുവില്‍ പ്രകാശത്തിനു സംഭവിക്കുന്ന അപവര്‍ത്തനമാണ് മരീചികയുടെ കാരണം.

പൊന്നൂസിനോര്‍മ്മയുണ്ടോ നമ്മള്‍ അപവര്‍ത്തനം എങ്ങനെയാണ് പഠിച്ചതെന്ന്?

ഉവ്വ്. ഒരു ഇസ്കെയില്‍ വെള്ളത്തില്‍ ഇട്ടാല്‍ അത് ഒടിഞ്ഞത് പോലെ തോന്നും.

അതായത് ഇസ്കെയിലിന്റെ സ്ഥാനം വെള്ളത്തില്‍ കാണുമ്പോള്‍ അല്പം മാറിയതായി നമുക്ക് തോന്നും അല്ലേ?

ഉം.. അതാണ് ഒടിഞ്ഞതായി തോന്നണത്.

അതുപോലെ താപവ്യതിയാനമുള്ള വായുവില്‍ പ്രകാശത്തിന്റെ അപവര്‍ത്തനം മൂലം ഒരു വസ്തുവില്‍ നിന്നും വരുന്ന പ്രകാശ രശ്മികള്‍ അല്‍പ്പം വളഞ്ഞാണ് നമ്മുടെ കണ്ണില്‍ തട്ടുന്നത്. ആ രശ്മികളുടെ നേര്‍‌രേഖയില്‍ നാം നോക്കുമ്പോള്‍ കാണുന്നത് വസ്തുവിനെ അല്ല വസ്തുവിന്റെ അപവര്‍ത്തന പ്രതിബിംബത്തെ ആ‍ണ്. അത്തരത്തില്‍ ഉണ്ടാകുന്ന പ്രതിബിംബങ്ങള്‍ ആണ് നമ്മള്‍ റോട്ടില്‍ കണ്ടത്.

അവിടെ നമ്മള്‍ വെള്ളം പോലെ അല്ലേ കണ്ടത്, വസ്തുക്കള്‍ അല്ലല്ലോ?

വസ്തുകളുടെ അപവര്‍ത്തനം മൂലമുണ്ടായ പ്രതിബിംബം എപ്പോഴും പ്രതിഫലനം മൂലം കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തിന്റെയത്ര വ്യക്തമായിരിക്കണം എന്നില്ല. എന്നാല്‍ ആ പ്രതിബിംബങ്ങള്‍ ആണ് അവിടെ വെള്ളമുണ്ട് എന്ന പ്രതീതി ജനിപ്പിച്ചത്. നമ്മള്‍ റോട്ടില്‍ കണ്ട്ത് ആകാശത്തിന്റെ അവ്യക്തമായ പ്രതിബിംബമായിരുന്നു. മരുഭൂമിയിലിലെ മണ്ണല്‍ പരപ്പിലും പലപ്പോഴും സഞ്ചാരികള്‍ കാണുന്നത് ആകാശത്തിന്റെ പ്രതിഫലനമാണ്, വെള്ളമോ കുളമോ ഒക്കെയായി തെറ്റിദ്ധരിക്കപ്പെടുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവും നിഴലുമൊന്നും മനസ്സിന്റെ തോന്നല്ലല്ലാത്തത് പോലെ മരീചികയും മനസ്സിന്റെ വെറും തോന്നലല്ല. പൊന്നൂസിനു മനസ്സിലായോ?

ഉവ്വാ. ഇനി അമ്മാമ്മ മരുഭൂമിയിലെ ഭൂതത്തിന്റെ കഥ പറയുമ്പോ ഞാനിതൊക്കെ പറഞ്ഞ് കൊടുക്കും.

ഗുഡ് ഗേള്‍. ചോക്കോബാറ് പിടി.

മരീചിക ഒരു പ്രകാശിക മിഥ്യാബോധം (Optical illusion) ആണെന്നും ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അതും തെറ്റാണെന്ന് മനസ്സിലായല്ലോ. വ്യക്തമായും ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഒരു പ്രാകാശ പ്രതിഭാസമാണ് മരീചിക. അത് തോന്നലോ, മിഥ്യാബോധമോ അല്ല.

മരീചിക എന്ന പ്രകാശിക പ്രതിഭാസം അധോവൃത്തി (inferior mirage), ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നത് ഹോംവര്‍ക്കായി ചെയ്യണം. അവയുടെ പടങ്ങളും ശേഖരിക്കണം. പിന്നെ മരീചിക എന്ന ബിംബം മലയാള സാഹിത്യത്തില്‍ എങ്ങനെയാണ് കാണപ്പെടുന്നത് എന്ന് വായിച്ചു മനസ്സിലാക്കണം. ഓക്കെ?

ഓക്കെ.

അപ്പോ അടുത്ത ക്ലാസ്സ് മാരീചനെ കുറിച്ച്. എവിടെ വേണം?

സൂവില്‍ മതി.. സൂവില്‍മതി..

ഒക്കെ അടുത്ത തവണത്തെ യാത്ര കാഴ്ച ബംഗ്ലാവില്‍‌ക്ക്. എല്ലാവരും കൊറച്ചേരം അമ്പസ്താനി കളിക്ക്. ഒരു അഞ്ചരയാവുമ്പോ ഇമ്മക്ക് തിരിച്ചിറങ്ങാം.

*********************************
വായനക്കാരോട് - ഇതു അപ്പര്‍പ്രൈമറി കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. മരീചിക മനസ്സിന്റെ തോന്നല്‍ അല്ല എന്ന് മുതിര്‍ന്ന വായനക്കാര്‍ക്കെല്ലാം അറിയുന്നുണ്ടായിരിക്കും.
വിമര്‍ശനാത്മക ബോധനശാസ്ത്രത്തില്‍ (Critical pedagogy)ഒരു കുട്ടി ശാസ്ത്രം പഠിക്കുന്ന രീതി മനസ്സിലാക്കാനും ഒരുപരിധി വരെ ഈ പോസ്റ്റ് സഹായിക്കും.
പടങ്ങള്‍ വിക്കിയില്‍ നിന്ന്

Sunday, June 29, 2008

ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..

ദേ മന്‍ഷ്യാ.. ഇങ്ക്ട് ഏന്‍‌റ്റേനിങ്ങട്.

എന്തൂട്ടണ്ടി പെണ്ണമ്മേ കെടന്നലറണേ.. ഞാറാഴ്ച്യായാലും മനുഷ്യനിത്തിരി നേരം കെടെന്നൊറങ്ങാന്‍ സമ്മേയ്ക്കില്ലല്ലോ ഈ സാനം.

ഇങ്ക്ട് ഏന്‍‌ക്കെന്റെ മന്‍‌ഷ്യാ. ദേ ഈ 'മതമില്ലാത്ത ജീവന്റെ'പാഠങ്ങള് കൊണ്ടോയി ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടന്നേ

നിനക്കാ കുഞ്ഞോളോട് പറഞ്ഞൂടെ. അവള്‍ക്ക് വണ്ടീള്ളതല്ലേ.

അവള് രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോയേക്ക്‌ണ്. അവളിന് മന്ദലം മയങ്ങി എപ്പ വരാന്‍‌ന് നിങ്ങള്‍ പോയി ഇതെടുത്ത് കൊണ്ടിരിണ്ടാ?

എന്തൂട്ട്‌ണ് നിനക്കിത്ര ധൃതി? നീയിനീം പഠിപ്പിക്കാന്‍ പോണ്‌ണ്ടാ?

ഈ മനുഷയനെ കൊണ്ട് ഞാന്‍ തോറ്റു! നിങ്ങളീ ലോകത്തൊന്നല്ലേ ഈയിട്യായിറ്റ്? ഇങ്ങന്യൊക്ക്യാണ് കാര്യങ്ങള്‍ടെ പോക്ക്‌ന്ന്‌ച്ചാ ഞാന്‍ ചെലപ്പോ പഠിപ്പിക്കാനും പോയീന്ന് വരും. അയിന് നിങ്ങ‍ക്കെന്താ മനുഷ്യാ?

നീ കാര്യങ്ങള് മനുഷ്യന് മന്‍സ്സിലാവുന്ന പോലെ പറയറീ.

ഓ ഇങ്ങനൊരു മനുഷ്യന്‍! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ചുട്ടുക്കരിച്ചത് നിങ്ങളറിഞ്ഞില്ലേ? പിന്നെ ഇന്ന് പള്ളീല് പ്രസംഗത്തില് ആ വികാര്യച്ചന്‍ പറയിന്നേ.. പുതിയ പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന്റെ രൂപരേഖ ഇന്നത്തെ കുടുംബസമ്മേളനത്തില് ചര്‍ച്ച ചെയ്യുംന്ന്

ആ അതൊക്കെ ഞാനറിഞ്ഞു. ഞാനിന്നലെ ആന്‍ഡ്രൂസ് പിതാവിനൊരു കത്തെഴുതീന്റ് വിമോചനസമരക്കാലത്തെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചും പുതിയ ഒരു വിമോചന സമരത്തിന്‍ കോപ്പു കൂട്ടുന്നതിന്റെ നിഷ്ഫലതയെ കുറിച്ചും.

ഇതന്നീന്ന് നിങ്ങടെ പതിവ് പരിപാടി. കൊറേ വായിക്കൊള്ളാത്ത വാക്കോളും മനുഷ്യനു മന്‍‌സ്സിലാവാത്ത എഴുത്തോളും. കഷ്ടം!നിങ്ങളെഴുതേ.. അയക്കേ.. എന്തൂട്ടേങ്കിലും ചെയ്യ്. അമ്പത്തൊമ്പതിലെ വിമോചനസമരത്തിന്റെ കാല്‍ത്ത് നിങ്ങടെ അപ്പന്‍ ഇങ്ങനെ എഴുതീറ്റ് വല്ല ഗുണണ്ടായ? എന്റെ അപ്പന്യൊക്ക്യാ കണ്ട് പഠിക്കണം, നിങ്ങടപ്പനും നിങ്ങളും? സമരത്തിനെറങ്ങ്യോരടെ മുന്നില് നിന്ന് തടഞ്ഞേന് മഹറോന്‍ വരെ നേരിടാന്‍ തയ്യാറായ്‌താണ് എന്റപ്പന്‍. നിങ്ങടപ്പന്‍ ആ സമയത്ത് കള്ളപ്പേരിലിരുന്നെഴുതലാര്‍ന്നാ? എനിക്കെന്റപ്പന്റെ ചോരീന്. ബോധല്യാത്ത കുഞ്ഞാടോളെ മുന്‍നിര്‍ത്തി പള്ളിക്കാര് നടത്തണ ഈ പോക്രിത്തത്തിനെ അവസാനം വരെ പെണ്ണമ്മ എതിര്‍ക്കും. ആഹാ..

കൊറേ നേരായീലോ ഈ വിമോചനസമരംന്നൊക്കെ കേക്കണു എന്തൂട്ട്‌ണീ സംഗതി?

"തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ"

എന്നൊരു മുദ്രാവാക്യം കേട്ട്‌ണ്ട്രാ നീ കുഞ്ഞോനെ?

ഇല്യാ എന്തൂട്ടാണ്‌ത്? സംഭവം കിടിലനാണലോ?

സംഭവൊക്കെ കിടിലനാ. പക്ഷേ വേറേയും കൊറേ മുദ്രാവാക്യങ്ങളിണ്ട്. നീ അതൊക്കെ അച്ചങ്കുഞ്ഞിനോട് ചോയ്ച്ച് പഠിക്ക്. അച്ചങ്കുഞ്ഞിന് അയ്‌നൊക്കെ ബെസ്റ്റ്. എനിക്ക് ക്ഷമകിട്ടില്യാ പറഞ്ഞോടങ്ങ്യാ. ആദ്യം നീയിത് ഫോട്ടോസ്റ്റാറ്റാറ്റെടുത്തോണ്ടാ. ഒരു നൂറ് കോപ്യാ എട്‌ത്തോ

നീയിത് എന്തിന്‌ള്ള പൊറപ്പാട്‌ണ്.

എന്തൂട്ടിണീ മനുഷ്യന്‍ പൊട്ടന്റെ പോലെ വര്‍ത്താനം പറയണെ? ഇന്നത്തെ കുടുംബസമ്മേളനത്തിന്‍ നിങ്ങള് പോണ്ടാന്നന്നെ പറയണത്. അവടെ പോയി ആര്‍ക്കും മനസ്സിലാവാത്ത കൊറേ വാചകങ്ങള് ശര്‍ദ്ദിച്ച്‌ട്ട് വരാനല്ലേ?

നീയ് പിന്നെ എന്തൂട്ട് മലമറിക്കാനാണ് പോണെ?

ദേ.. പിന്നിം മലമറിക്കണ കാര്യം പറയ്ണ്ട്‌ലോ ഈ മനുഷ്യന്‍. ഞാന്‍ ഇന്നാള് പറഞ്ഞില്ലേ മനുഷ്യാ എന്റെ പണി മല മറിക്കലല്ല, മനം‌മറിക്കലാന്ന്.

നീ ക്ലിയറായി പറ. എനിക്ക് നിന്നത്ര വിശ്വാസം പോരാ. ആ വികാര്യച്ചനാനെങ്കീ നിന്റെ വീട്ട്‌ക്കാരെ കണ്ണെടുത്താ കണ്ടൂടാ.

അച്ചന്റെ കണ്ടൂടായ്മ്യൊക്കെ കയ്യിലിരിക്കേള്ളോ. ചര്‍ച്ച തൊടങ്ങുമ്പോ ഞാനീ പാഠപുസ്തകങ്ങട് വിതരണം ചെയ്യും. എന്നട്ട് നാലക്ഷരം ആദ്യം വായിച്ചോക്കറ പിള്ളേരേന്നാ പറയും. ഇത് വായിച്ചോക്കീന്റങ്ങ്യേ ബോധള്ള ഏതെങ്കിലൊരുത്തന്‍ ഇതിനെ എതിര്‍ക്കോ?

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ പെണ്ണമ്മേ; കൂട്ടത്തില്‍ ഞങ്ങളേയും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക തോമയുടെ മകനേ.
******************

വായനക്കാരോട് - ഇന്ന് നിങ്ങളുടെ യൂണീറ്റിലെ കുടുംബ സമ്മേളനങ്ങള്‍ക്ക് പോകുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍‘ എന്ന പാഠഭാഗത്തിന്റെ കോപ്പികള്‍ കൊണ്ട് പോകാന്‍ മറക്കാതിരിക്കുക. എന്നീട്ട് ഇതൊക്കെ വായിച്ച് ചര്‍ച്ച ചെയ്യുക. എന്‍.എസ്.എസ് ശാഖാ മീറ്റിങ്ങിലും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.

Wednesday, June 25, 2008

ഉജ്ജാല, സൂപ്പര്‍വൈറ്റ്, നീലം പിന്നേയോ..സ്വാതന്ത്ര്യസമരം!

പെണ്ണമ്മിച്ച്യേ.. പെണ്ണമ്മിച്ച്യേ..

കെടന്നലറല്ലടീ എന്തൂട്ട്‌ണ് കാര്യം?

ഇന്നലിവ്ടെ ഇളയമ്മിച്ചി വന്നാ?

ആ അവളിന്നലെ പള്ളിവിട്ട് ഈ വഴി വന്നണ്ടാ‍ര്‍ന്നു. അവള്‍ടെ മാപ്ല ഇപ്പോ കേറിരുപ്പാന്ന്.

കേറിരിക്കേ കുത്തിരിക്കേ എന്തൂട്ടേങ്കിലും ചെയ്യട്ടെ. ഞാന്‍ ഒരു നൂറുവട്ടം പറഞ്ഞട്ട്‌ള്ള്‌ത്‌ണ് എന്റെ വെള്ള ഡ്രസ്സോള് ഇളയമ്മിച്ചീരേല് തിരുമ്പാന്‍ കൊട്ക്കല്ലേന്ന്. ഇതിപ്പോ എന്തൂട്ടാ നെറം? വെള്ള്‌യാണോ അതോ നീല്യാണോ?

അത് സാര്‌ല്യറീ. അതിനുജ്ജാല കണ്ടാ പ്രാന്ത്‌ണ്ണ്. രണ്ട് പ്രാവശ്യം തിരുമ്പുമ്പോ അതാ പൊക്കോളും

എന്തൂട്ടാ പുത്തന്‍ നിറം. നിനക്കൊരു പുത്യേ ചുരിദാറ് കിട്ടീലേറീ കുഞ്ഞോളേ..

അമ്മയ്ക്കുള്ളൊരു സാരിയ്ക്കും
അച്ചനുള്ളോരു ഷര്‍ട്ടിനും
ഉണ്ണിയ്ക്കുള്ളോരുടുപ്പിനും
ഉജ്ജാലത്തനെയുത്തമം


ദേ കുഞ്ഞുമോഞ്ചേട്ടാ എന്നെ പ്രാന്തു പിടിപ്പിക്കല്ലേട്ടാ. നാളെ മോന്റെ ആ പുത്യേ വെള്ള കോട്ടന്‍ ഷര്‍ട്ട് ഞാന്‍ ഇളയമ്മിച്ചീരേല് എട്‌‌ത്തോട്ക്കും നോക്കിക്കോ

ചതിക്കല്ലേരീ. ഞാന്‍ പാടീതും പറഞ്ഞതൊക്കെ മാച്ചു.. മാച്ചു..
അയ്യേ ഇതെന്തൂട്ടാണീ തോര്‍ത്തിലൊരു ചീഞ്ഞമണം

ആ.. അതാ കഞ്ഞളത്തിന്റ്യാടാ. കഞ്ഞളം മുക്ക്യേന് ശേഷ്‌ണ് മഴ വന്നത്. ശരിക്കൊണങ്ങീല്യാ.

ഹ ഹാ നന്നായി പോയ്

തുള്ളി നീലം ഹായ് റീഗല്‍
തുള്ളി നീലം ഹായ്
വെണ്മയെത്രയോ ആഹാ
വെണ്മയെത്രയോ


ക്ടാങ്ങളേ നിങ്ങളത്രയ്ക്കങ്ങട് കള്യാക്കൊന്നും വേണ്ടാ. കൊറച്ച് നീലം കൂടീന്ന്‌ച്ചട്ട് ലോകൊന്നിടിഞ്ഞ് വീഴീല്യാ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു വല്യേ അദ്ധ്യായം തന്നെ നീലത്തിന്റെ പേരില്ണ്. അറിയോറാ കുഞ്ഞോനെ നിനക്ക്?

നീലത്തിന്റെ പേരില്‍ സ്വാതന്ത്ര്യ സമരാ? ദേ ഗുഡടി. ഞങ്ങളൊന്നും പഠിച്ചട്ടില്യാ

ആ നിങ്ങള് പഠിക്കില്യാ‍. നിങ്ങക്ക് കള്യാക്കനല്ലേ അറിയൂ. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് തൊടങ്ങ്യ സമരണ്. നീലം കര്‍ഷകര്ടെ. കൊറേകാലം കഴിഞ്ഞ് കോണ്‍ഗ്രസ്സൊക്കെ വന്നെപ്പിന്നീന് ആ സമരം തീര്‍ന്നേ. ഗാന്ധിജി നേതാവാവണതൊക്കെ അതോടു കൂടീണ്. എനിക്ക് മുഴ്ന്‍ ഓര്‍മ്മീല്യാ. നിങ്ങള് വേണേ വായിച്ചോക്ക്.

നീലം അയിന് ചെടീല്ണ് ഇണ്ടാവണെ?

അതേ.. അതേ.. കുഞ്ഞുമോന്‍ ചേട്ടാ. പയറുവര്‍ഗ്ഗത്തില്‍ പെട്ട Indigofera tinctoria യില്‍ നിന്നൊക്കീന് ഇന്‍ഡിഗോ ഡൈയിണ്ടാക്കണെ. സത്യന്യാവും ഈ പറയ്ണേ.

ആവൂ.. ഗവേഷകേര ഗവേഷണത്തിനൊരു ഗുണണ്ടായി. ആ പറഞ്ഞ സാനത്തിനീന് മലയാളത്തീല് നീലമരീന്ന് പറയ്യാ. ഇനി വരുമ്പോ കുഞ്ഞച്ചനോട് കൊറച്ച് കൊണ്ട്‌രാന്‍ പറയണം. എണ്ണ കാച്ചാന്‍ ബെസ്റ്റിണ്.

******************************
അടുക്കള ചരിത്രം (കാര്യം നിസ്സാരം)

ഞങ്ങടൊടത്തെ എല്ലാ പെണ്ണുങ്ങളും അലക്കില്‍ കൈവെഷം കഴിച്ചീട്ടുണ്ടെന്നാണ് ഞങ്ങടോടത്തെ ആണുങ്ങള്‍ പറയണേ. ഞങ്ങള്‍ കുട്ടികള്‍ക്കും അത് ശരിയല്ലേ എന്ന് തോന്നാതിരുന്നീട്ടില്ല. ഞങ്ങടെ ഇളയമ്മിച്ചി അലക്കണ അന്ന് ഒരു കുപ്പി ഉജ്ജാല ഉറപ്പായും തീര്‍ത്തണ്ടാവും. ഇളയമ്മിച്ചി അലക്ക്യ വെള്ളഷര്‍ട്ടിട്ട് പോയ കുട്ടനെ കളര്‍ ഷര്‍ട്ടിട്ട് വന്നു എന്നും പറഞ്ഞ് ക്ലാസ്സീന് പുറത്താക്കിയിട്ടുണ്ട്, മൂന്ന് തവണ! പെണ്ണമ്മിച്ചിയ്ക്കാണെങ്കില്‍ കഞ്ഞിവെള്ളം ഒരു വീക്‍നെസ്സാണ്. കുടിക്കാവുന്നിടത്തോളം കുടിക്കും. ബാക്കി ഒക്കെ തുണിയില്‍ മുക്കും. അടിവസ്തത്തില്‍ വരെ ചാന്‍സ് കിട്ടിയാല്‍ മുക്കും! നല്ല വെയില്ത്താണ് തോര്‍ത്തൊക്കെ ഉണങ്ങുന്നതെങ്കില്‍ അതുകൊണ്ട് ആദ്യം മുഖം തുടയ്ക്കുമ്പോള്‍ കാര്യം പോക്ക്‌‌ണ്. അച്ചങ്കുഞ്ഞ് ആദ്യമത് വെള്ളതിലിട്ട് ഒന്ന് പിഴിയും. മഞ്ഞാന്റിക്കാണെങ്കില്‍ അഞ്ച് കഷ്ണം തുണി അലക്കാന്‍ അരക്കിലോ നിര്‍മ്മ വേണന്നാണ് മഞ്ഞച്ചന്‍ പറയണത്. ഉണ്ണിമോളേച്ചി, അവള് ആള് ഫെമിനിസ്റ്റാ, പയറണെ അധികാര രാഷ്ട്രീയം കാണിക്കാനാണ് ആണുങ്ങള്‍ അലക്കിനെ കുറിച്ച് ഇങ്ങനെ കുറ്റം പറയണതത്രേ. അലക്കിന്റെ ശരിയ്ക്കുള്ള ക്രെഡിറ്റ് പെണ്ണുങ്ങള്‍ക്ക് കിട്ടാതിരിക്കാനാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കണേന്ന്. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അവള് പറയണത് ആര്‍ക്കും മനസ്സിലാവാറില്ല. എന്നാ‍ലും അവള്ണ് ഞങ്ങടെ ഹീറോ.

നിങ്ങടൊടീണ്ടാ ഇങ്ങനെ കൈവെഷം കഴിച്ച അമ്മിച്ചിമാര്?

അരങ്ങ് ചരിത്രം (കളിയില്‍ അല്പം കാര്യം)

പണ്ടത്തെ നനുത്ത മിനുസമുള്ള നീലത്തില്‍ നിന്ന് സൂപ്പര്‍വൈറ്റിന്റെ വെണ്മയിലേക്കുള്ള വളര്‍ച്ച കേരളസ്ത്രീകളുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. അവിടവിടെ കട്ടപ്പിടിച്ചിരുന്ന നീലം നല്‍കിയിരുന്നത് ഇരുണ്ട മനം മടിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു. അങ്ങനെ മലയാളിസ്ത്രീകള്‍ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന നാളുകളിലേയ്ക്കാണ് സൂപ്പര്‍വൈറ്റ് ഒരു രക്ഷകനെ പോലെ പറന്ന് വന്നത്. കേരളത്തിലെ ആദ്യ ബ്രാന്റ് വിജയം സൂപ്പര്‍വൈറ്റിന്റേതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ സൂപ്പര്‍ വൈറ്റ് കേരളസംസ്ഥാനബ്രാന്റ് മാതാവ് എന്നറിയപ്പെടുന്നു. പിന്നീടാണ് ഇടിത്തീ പോലെ ജ്യോതി ലബോര്‍ട്ടറീസിന്റെ ഉജ്ജാല കേരളവനിതകളെ പിടിച്ച് കുലുക്കിയത്. തങ്ങള്‍ക്ക് വേണ്ടി നീലം ഉണ്ടാക്കാന്‍ ജ്യോതി, ഒരു ലബോറട്ടറി തന്നെ ഉണ്ടാക്കിയിരിക്കുന്നതറിഞ്ഞ കേരളമങ്കകള്‍ കോരിത്തരിച്ചു. സൂപ്പര്‍വൈറ്റിന്റെ എറിഞ്ഞ് കളഞ്ഞ് ഉജ്ജാ‍ല മങ്കഹൃദയങ്ങളെ കൈയടക്കാന്‍ പിന്നെ ഒട്ടും വൈകിയില്ല. ഇതിനിടയില്‍ നീലത്തിനുള്ള നിലക്കാത്ത ഓളം കണ്ടറിഞ്ഞ് റീഗല്‍ തുള്ളിനീലം മുതല്‍ പൊട്ടാസിയം പെര്‍മാഗ്നേറ്റ് വരെ വിപണിയില്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ സൂപ്പര്‍വൈറ്റിന്റെ സൂപ്പര്‍ പവറിനും ഉജ്ജാലയുടെ ഉജ്ജലതയ്ക്കും മുന്നില്‍ അവയെല്ലാം നിഷ്പ്രഭരായിപ്പോയി.പെണ്ണമ്മിച്ചിയെ പോലുള്ള വനിതാരത്നങ്ങളെ മുന്നില്‍ കണ്ട് ഉജ്ജാലയിപ്പോള്‍ കഞ്ഞിപ്പൊടി അവതരിപ്പിച്ചിരിക്കുന്നു.

അടുത്തതെന്തൂട്ടണാവോ തമ്പുരാനെ!

സ്വാതന്ത്ര്യ സമരചരിത്രം (പ്രശ്നം ഗുരുതരം)

1776 മുതല്‍ ബീഹാറിലേയും ബംഗാളിലേയും കര്‍ഷകരെ, ഭക്ഷ്യധാന്യങ്ങളുടെ കൃഷി നിര്‍ത്തി, നീലം കൃഷി ചെയ്യാന്‍ ബ്രിട്ടിഷുക്കാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം തുച്ഛമായിരുന്നു. 1857 ലെ ഒന്നാം സ്വതന്ത്ര്യ സമരക്കാലത്ത് റ്റിറ്റു മീറിന്റെ നേത്ര്വത്തതില്‍ നീലം കര്‍ഷകര്‍ പ്രക്ഷോഭം നടത്തി. എന്നാല്‍ ശിപായി ലഹള അടിച്ചമര്‍ത്തപ്പെട്ട കൂട്ടത്തില്‍ നീലം കര്‍ഷകരുടെ സമരത്തിനും നേതൃത്വം നഷ്ടപ്പെട്ടുവെങ്കിലും സമരം തുടര്‍ന്നു.പിന്നീട് ഗാന്ധിജി തന്റെ സത്യാഗ്രഹ സമരരീതി ആരംഭിക്കുന്നത് ബീഹാറിലെ ചമ്പാരണിലെ നീലം കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനായിട്ടാണ്. ഈ സത്യാഗ്രഹസമരം വിജയിക്കുകയും നീ‍ലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മോചിക്കപ്പെടുകയും ചെയ്തു. ആ സമയമായപ്പോഴേയ്ക്കും കൃത്രിമ നീലം (synthetic Indigo,ഉജ്ജാലയും സൂപ്പര്‍വൈറ്റും പോലെ) ഉണ്ടാക്കുന്ന രീതി നിലവില്‍ വന്നിരുന്നു എന്നത് മറ്റൊരു കാര്യം. ആദ്യമായി സത്യാഗ്രഹം പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത മണ്ണ് എന്ന നിലയ്ക്കാണ് ചരിത്രത്തില്‍ ചമ്പാരണിന്റെ സ്ഥാനം. ഈ കര്‍ഷക സമരം ഇന്‍ഡിഗോ സമരം എന്ന പേരില്‍ അറിയപ്പെടുന്നു.

എന്നു വച്ചാല്‍ പണ്ടത്തെ ബന്ദിന്റേയും, ഇന്നീ കാണുന്ന ഹര്‍ത്താലിന്റേയും അമ്മത്തൊട്ടിലാണ് ഈ ചമ്പാരണ്‍ എന്ന ചെമ്പകപ്പൂകാട്.


**************

ഈ പാരാവരം മൊത്തെന്തിന്നണ്ടീ എഴുതണെ കുഞ്ഞോ‍ളേ? ആദ്യം എഴുതീതന്നെ ധാരാളല്ലേ ഞങ്ങളെ നാറ്റിക്ക്യാന്‍

ഈ പെണ്ണമ്മിച്ചിയ്ക്ക് ഒരു ചുക്കറിയില്യാ. ഇത് വിമര്‍ശനബോധനശാസ്ത്രത്തിന്റെ കാല്‌ണ്. നാളേ ഏതേങ്കിലും ഉസ്കൂള്‍ കുട്ട്യോള് നീലം സമരം തപ്പി വന്നാ അവരും വായിക്കില്ലേ പെണ്ണമ്മിച്ചീരെ ഒരോരോ അലക്കോള്.

**************

വായനക്കാരോട് - ഇനി മേലാക്കം ഉജ്ജാലേനെ കുറിച്ച് മിണ്ട്യാ.. ആ.. പറഞ്ഞില്ല്യാന്ന് വേണ്ടാ.
നീലം കര്‍ഷക സമരത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ Indigo Struggle, Champaran എന്നൊക്കെയുള്ള താക്കോല്‍ വാക്കുകള്‍ (key words) കൊടുത്ത് ഇംഗ്ലീഷില്‍ വായിക്കുക. മലയാളത്തില്‍ കണ്ട ഒന്നുരണ്ട് സൈറ്റുകള്‍ കാര്യങ്ങള്‍ ശരിയായല്ല കൊടുത്തിരിക്കുന്നത്.

പടം വിക്കിയില്‍ നിന്ന്. നാട്ടിലെ നീലമരി അല്‍പ്പം വ്യത്യാസമുണ്ട്. മറ്റൊരു സ്പീ‍ഷീസ് ആയിരിക്കണമിത്.

Monday, June 23, 2008

അലക്കി വിരിക്കുന്നതിലെ കലാസംവിധാനം - ഒരു തിരക്കഥ

(പെണ്ണമ്മിച്ച് നിന്ന് അലക്കുന്നു. കുഞ്ഞോള്‍ പര്യേപുറത്തെ തിണ്ണയിലിരുന്ന് കയ്യില്‍ മൈലാ‍ഞ്ചിയിടുന്നു. കുട്ടന്‍ പെണ്ണ്യമ്മിച്ച്യേയ് എന്ന് വിളിച്ചോണ്ട് വരുന്നു)

ആ നീ‍ വന്ന്‌ടാ കുട്ടാ. ആ അലക്കി വച്ചേക്കണതൊന്നൂരിട്ടേരാ

പെണ്ണമ്മിച്ചിയ്ക്ക് ആ കുഞ്ഞോളേച്ച്യോട് പറഞ്ഞൂടേ?

അവളവടെ കയ്യില്‍ മൈലാഞ്ചീട്ടിരിക്ക്യണത് കണ്ടൂടേ നിനക്ക്.

രോമം! അവള്‍ക്ക് മൈലാഞ്ചീടാന്‍ കണ്ടൊരു നേരം.

ഇതൊന്നങ്ങടാ ഇട്ടാ നിന്റെ കയ്യില്‌ക്കെടക്കണ ആ ഇരുമ്പുവള ഊര്യാപൂ‍വൊ? ഇന്ന് കോഴീനെ വറത്തണ്ടിവടെ. നീ ഓടി വാട്ടാ.. നിനക്ക് നെഞ്ച്ഭാഗന്നെ സ്പെഷലായിറ്റ് എട്‌ത്തരിണ്ട്. നോക്കീരുന്നോ..

ഇട്‌‌ക്ക്‌ങ്ങ്‌ട് നാശം‌പിടിക്കാനായിറ്റ് ഏതേരത്തണാവോ എനിക്കിണ്ട്‌ട് എറങ്ങാന്‍ തോന്ന്യേ

(കുട്ടന്‍ ഒരോന്നായി അഴക്കയില്‍ ഇടുന്നു. കുഞ്ഞോള്‍ തല താഴ്ത്തി ചിരിക്കാതിരിക്കാന്‍ പാടുപ്പെടുന്നു)

ആ ഷോളാദ്യം ഇട്ടോറാ. അത് വെള്ളം പെട്ടെന്ന് വലിയും. അപ്പോ ഇമ്മക്കെടുക്കാം.. ടാ.. അതവട്യല്ലാ ഇടാ. അതു കനള്ള ഷര്‍ട്ടല്ലേ ആ തെങ്ങിന്റെ അപ്രത്തെ അഴക്കേല്‌ണ് വെയില്. അവടീട്. ആ വെള്ളമുണ്ട് തെങ്ങിന്റടീല്‍ത്തെ അഴക്കേലിണ്ടാ. വല്ല പൊട്ടും പൊടീം വീഴും..

പെണ്ണമ്മിച്ച്യേ എനിക്കീ പണ്യാട്ടാ പിടിക്കാത്തെ. എനിക്കിഷ്ടള്ളോട്ത്ത് ഞാനിടും. ഇനീം പറഞ്ഞാ ഞാനിതിവ്‌ടിട്ടട്ടാ പൂവും

ആ നീ ഇഷ്ടള്ളോട്‌ത്ത് ഇട്. ഞാന്‍ മാറ്റീട്ടോളാം

(കുട്ടന്‍ ഒരു കള്ളിമുണ്ട് വിരിക്കുന്നു. പെണ്ണമിച്ചി ഒന്നു നോക്കി. അത്ര പിടിച്ചട്ടില്യാന്ന് മുഖം കണ്ടാലറിയാം.എന്നാലും മിണ്ടുന്നില്ല. കുട്ടന്‍ അടുത്തതൊരു സാരി വളരെ കഷ്ടപ്പെട്ട് രണ്ട് അഴക്കേലാക്കി ഇടുന്നു)

ടാ ആ സാരീരെ രണ്ട് തെറ്റോം ഇത്തിരിംകൂടെ വലിച്ചിട്.

(പെണ്ണമ്മിച്ചീനെ തുറിപ്പിച്ച് നോക്കി സാരി വലിച്ചിടുന്ന കുട്ടന്‍)

ആ സാരീരെ വശത്തെ ചുളിവോളൊക്കൊന്നു നീര്‍ത്തടാ.. അല്ലെങ്കീ പിന്നെ തേയ്ക്കാന്‍ പാട്‌ണ്

(വീര്‍ത്ത് വരുന്ന കുട്ടന്റെ മുഖം, ചിരിക്കാതിരിക്കാന്‍ ചുണ്ടു കൂട്ടിപ്പിടിച്ച് പാടുപെടുന്ന കുഞ്ഞോള്‍.. കുട്ടനൊരു ഷര്‍ട്ടെടുത്ത് അഴക്കേലിടുന്നു )

അയ്യോടാ അതാ ഹാങറിലിടണം. ട്യേ കുഞ്ഞോളേ നീയാ ഹാങ്ങളോളെടുത്തൊണ്ടന്നേരീ

ഇതിപ്പോ ഇവടെ കെടന്നൊണങ്ങ്യാ എന്തൂട്ടാ വരാന്റെ പെണ്ണമ്മിച്ച്യേ?

അയക്കേല് കെടന്നാ ഷര്‍ട്ടിന്റെ പിന്നില്‍ അയിന്ന്റ്റെ പാട് വരൂറാ.

(കുഞ്ഞോള് ഒറ്റകൈയ്യില്‍ ഹാങ്ങര്‍ കൊണ്ട് വരുന്നു. കുട്ടന്റെ മുഖത്ത് കലി അതിന്റെ മൂര്‍ദ്ധന്യത്തില്‍. അയക്കയിലെ ഷര്‍ട്ട് ഹാങ്ങറിലാക്കുന്നു. തിരിച്ചു വന്ന് ഒരു പാന്റ്സ് എടുക്കുന്നു)

അതിടണ്ടടാ. ഇവടീട്ടാ അതൊണങ്ങില്യാ. അവസാനത് റ്റെറസില് കൊണ്ടിടാം

(കുട്ടന്റെ മുഖത്താശ്വാസം. അടുത്തത് തോര്‍ത്തെടുക്കുന്നു)

ആ ഷോളിപ്പോ വെള്ളം വലിഞ്ഞടാവും അതെടുത്ത് ആ വാഴേരെ നിഴലിലിള്ള അഴക്കേലിട്ടട്ട് ഈ തോര്‍ത്ത് അവടീട്

വേറെരു നൂറഴക്കീണ്ടല്ലോ. അവട്യനെ ഇടണംന്നിത്ര നിര്‍ബന്ധം എന്തൂട്ട്‌ണ്?

അവിട്‌ന്ന് വെയില്.. ആ.. എന്നാ.. നീ എവിട്യേങ്കിലും ഇട്

(ചിരി നിയന്ത്രിക്കാന്‍ പറ്റാതെ കുഞ്ഞോള്‍ അകത്തേയ്ക്ക് പോകുന്നു. അല്ലെങ്കില്‍ കുട്ടന്റേന്നൊന്ന് കിട്ടും എന്നേതാണ്ടുറപ്പാണ്.

കുഞ്ഞോള്‍ റ്റി.വി കണ്ടോണ്ടിരിക്കുമ്പോ ചാടിത്തുള്ളി വരുന്ന കുട്ടന്‍)

മേലാലീ വിട്ട്‌ള്ളയ്ക്ക് ഞാന്‍ കാലുകുത്തില്ലറീ കുഞ്ഞോളേച്ച്യേ..

എന്തൂട്ടണ്ടാ ഇണ്ടായേ.

എല്ലാം വിരിച്ച് കഴിഞ്ഞപ്പോ പെണ്ണമ്മിച്ചി പറയ്ണ് താഴെ വെയിലൊന്നൂല്യാ. എല്ലാട്‌ക്ക്. മോളില് കൊണ്ടിടാന്ന്. എങ്ങ്‌നീന് മനുഷ്യന് പ്രാന്ത് വരാണ്ടിരിക്യാ. പെണ്ണമ്മിച്ചി അലക്കാ‍ന്‍ നിക്കണ കണ്ടേപ്പോ നീ മന:പൂര്‍വല്ലേരീ കയ്യില് മൈലാഞ്ചീട്ടേ.. സത്യം പറയ്..

ഹ ഹ ഹ!

**************************************
വായനക്കാരേ - ഞങ്ങള്‍ എല്ലാവരും പേടിക്കുന്ന, ഭയക്കുന്ന, മുട്ടിടിക്കുന്ന, ജീവനും കൊണ്ടോടുന്ന ഒരു സന്ദര്‍ഭമാണ് മുകളില്‍ കണ്ടത്. ഇത്തവണ പാവം കുട്ടനായിരുന്നു 'എര'. പാത്രം കഴുകി വയ്ക്കുന്നതിലും, മുറ്റം, അകം അടിക്കുന്നതിലുമൊക്കീണ്ട് ചുള്ളത്തിക്കൊരോ കലാസംവിധാനങ്ങള്‍. എന്തിനാണ് പെണ്ണമിച്ച്യേ ഞങ്ങളിങ്ങനീറ്റ് പീഡിപ്പിക്കുന്നേന്ന് ചോയ്ച്ചാ..

ഒരോന്നിനോരോ അടുക്കും ചിട്ടീണ്ട്. അല്ലണ്ട് തൊള്ളേതോന്ന്യ പോല്യലാ ചിയ്യാ ക്ടാങ്ങളേ..

മനസ്സിലായില്ലേ .. ആ അദന്നെ..തൊള്ളേതോന്ന്യ പോല്യലാന്ന്.. നിങ്ങടോടീണ്ടാ ഇങ്ങന്‌ത്തെ വട്ട്‌കേസോള്?

രഹസ്യം : ഒരോ കാര്യത്തിലും, ഒരോ അണുവിലും സ്നേഹോം ആത്മാര്‍ത്ഥതയും കുത്തിനിറച്ചീട്ടുള്ള പെണ്ണമ്മിച്ചീരെ ഫാന്‍സാണ് ഞങ്ങടോടത്തെ സകലരും. :)

Sunday, June 22, 2008

കുഞ്ഞാടുകളുടെ നിശബ്ദത (The Silence of the Lambs)

പച്ചയായ മേച്ചില്‍ പുറങ്ങള്‍, വെളുത്ത് പതുപതുത്ത കുഞ്ഞാടുകള്‍ പഞ്ഞിത്തുണ്ടുകള്‍ പോലെ. തെളിനീരുറവ. സാധാരണ കണ്ണുകള്‍ക്ക് വെളിപ്പെടുന്നതിത്രമാത്രമാകാം. പക്ഷേ സൂ‍ക്ഷിച്ച് നോക്കിയാല്‍ കാണാം പറന്നു നടക്കുന്ന മരണത്തിന്റെ തലയുള്ള ചിത്രശലഭങ്ങളെ, മരണത്തെ ഉള്ളിലൊളുപ്പിച്ചുറങ്ങുന്ന പ്യൂപ്പകളെ. മരണം ഉറപ്പിക്കുന്ന അറവുശാലയെ. ദു:സ്വപ്നത്തിലെ നിലവിളികേട്ട് പേടിച്ചുണരുന്ന കുട്ടിയാണീ (Clarice Starling)കാഴ്ച്ചകള്‍ കാണുന്നതെങ്കിലോ? നിലവിളിയുടെ ഉറവിടം തേടിച്ചെല്ലുമ്പോള്‍ കാണുന്നത് അറക്കപ്പെടുന്ന കുഞ്ഞാടുകള്‍! അവയുടെ ചോര വീണ് അവളുടെ നെഞ്ച് മരവിക്കും. അവരെ രക്ഷിക്കാന്‍ അവളുടെ നിഷ്കളങ്കത മുറവിളി കൂട്ടും.എന്നാല്‍ തുറന്നിടുന്ന വാതിലിലൂടെ രക്ഷപ്പെടാനറിയാതെ ആകെ കുഴങ്ങി,മിഴിച്ച് നോക്കുന്ന കുഞ്ഞാടുകള്‍ അവളുടെ നെഞ്ച് കലക്കും, രക്തം കട്ടപ്പിടിപ്പിക്കും. അവയ്ക്ക് ഓടാനറിയില്ല! തനിക്കറിയാം. അവയെ എടുത്ത് ഓടി രക്ഷപ്പെടണം. ഒന്നിനെയെങ്കിലും രക്ഷപ്പെടുത്തണം. പക്ഷേ പത്ത് വയസ്സുക്കാരിയ്ക്ക് താങ്ങാവുന്ന ഭാരമല്ല ഒരാട്ടിങ്കുട്ടിയ്ക്കുള്ളത്.

it was very cold, very cold. I thought, I thought if I could save just one, but … he was so heavy. So heavy. I didn't get more than a few miles..

മറ്റൊരു പുല്‍മേട്ടില്‍ അവള്‍ വളര്‍ന്നു; രക്ഷിക്കാനാകാതെ പോയ ആട്ടിന്‍‌കുട്ടിയെ ഓര്‍ത്തുകൊണ്ട്, അവന്റെ നിലവിളികള്‍ കേട്ട് ഞെട്ടിയുണര്‍ന്ന് കൊണ്ട്. ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിക്കാനായില്ലെങ്കില്‍ ഈ ദു:സ്വപ്നങ്ങളില്‍ നിന്നൊരു മോചനം തനിക്കുണ്ടാവില്ലയെന്ന് മനസ്സിലാക്കികൊണ്ട്, കൊല്ലപ്പെടുമെന്നുറപ്പുള്ളപ്പോഴും നിശബ്ദരായിരിക്കുന്ന, സ്വയം രക്ഷപ്പെടുത്താനോ തുറന്ന് കിട്ടുന്ന വാതിലൂടെ ഓടി രക്ഷപ്പെടാനോ അറിയാത്ത കുഞ്ഞാടുകളെ ഓര്‍ത്ത് വേദനിച്ചുകൊണ്ട് അവള്‍ വളര്‍ന്നു. അവരുടെ നിശബ്ദത അവളെ പേടിപ്പിച്ചു. രക്ഷിക്കപ്പെടേണ്ട കുഞ്ഞാട് വളരെ ദൂരെയല്ലാതെ കരയുന്നതറിയിച്ച് മരണത്തിന്റെ തലയുള്ള ചിത്രശലഭ പ്യൂപ്പ അവളെ തേടിയെത്തി. ഒരാട്ടിന്‍ കുട്ടിയെ, ഒന്നിനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍..

You still wake up sometimes, don't you? You wake up in the dark and hear the screaming of the lambs.
Yes.
And you think if you save poor Catherine, you could make them stop, don't you? You think if Catherine lives, you won't wake up in the dark ever again to that awful screaming of the lambs.
I don't know. I don't know

മനുഷ്യന്‍ ഇറച്ചി തീറ്റക്കാരനാണ്. കുഞ്ഞാടുകളുടെ ഇറച്ചിയാണ് പഥ്യം. ഇറച്ചി തിന്നാനും തോലെടുക്കാനുമായി കുഞ്ഞാടുകള്‍ വളര്‍ത്തപ്പെടുന്നു. കൊല്ലപ്പെടുന്നു. ചിലര്‍ക്ക് പഥ്യം മനുഷ്യന്റെ ഇറച്ചിയാണ് (Hannibal Lecter). കാനിബാളുകള്‍. ശാരീരികമായി മനുഷ്യ ഇറച്ചി തീറ്റക്കാരേക്കാള്‍ അപകടകരികളാണ് മാനസീകമായ മനുഷ്യ ഇറച്ചി തീറ്റക്കാര്‍. ആദ്യത്തെവരെ തിരിച്ചറിയാന്‍ എളുപ്പമാണ്. രണ്ടാമത്തെ കൂട്ടരുടെ രാപ്പനി കൂടെ കിടക്കുമ്പോള്‍ പോലും തിരിച്ചറിഞ്ഞു എന്ന് വരില്ല. കൊന്നു തിന്നു കഴിയുമ്പോള്‍ പോലും അവരുടെ ആട്ടിന്‍‌തോലുകളാല്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കും. ഇവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷപ്പെടുത്തുന്നത് ശ്രമകരമാണ്. കൊല്ലപ്പെടുത്തുന്ന ആടുകളുടെ തോലുകൊണ്ട് തന്നെ കുപ്പായമുണ്ടാക്കി ആടായി ചമയാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. മോഹമാണിവര്‍ക്ക് കുഞ്ഞാടാവാന്‍!(Buffalo Bill) മോഹത്തിന്റെ ചിത്രശലഭം ഇപ്പോള്‍ പ്യൂപ്പയാണ്. മരണത്തിന്റെ തലയുള്ള ചിത്രശലഭപ്യൂപ്പ കൊക്കൂണിനുള്ളില്‍ മനോഹരമായ ചിറകും പ്രതീക്ഷിച്ചിരിപ്പാണ്.

First principles, Clarice. Simplicity. Read Marcus Aurelius. Of each particular thing ask: what is it in itself? What is its nature? What does he do, this man you seek?
He kills women...
No. That is incidental. What is the first and principal thing he does? What needs does he serve by killing?
Anger, um, social acceptance, and, huh, sexual frustrations, sir...
No! He covets. That is his nature. And how do we begin to covet, Clarice? Do we seek out things to covet? Make an effort to answer now.
No. We just...
No. We begin by coveting what we see every day. Don't you feel eyes moving over your body, Clarice? And don't your eyes seek out the things you want?

നൂറു കുഞ്ഞാടുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതിനെ തേടിയലഞ്ഞ് കണ്ടെത്തുന്നവന്‍ ദൈവപുത്രന്‍. നൂറു കുഞ്ഞാടുകളെ നഷ്ടപ്പെടുമ്പോള്‍ ഒന്നിനെയെങ്കിലും കണ്ടെത്തി രക്ഷപ്പെടുത്തുന്നവനാണ് മനുഷ്യപുത്രന്‍. സഹജവാസന അഥവാ മനുഷ്യത്വം എന്ന് പറയുന്ന ഇതൊന്നില്ലാത്തവര്‍ എങ്ങനെ മനുഷ്യരാകും? സത്യസന്ധത ഒരിക്കലും നൂറുശതമാനമാകില്ല. ആകാന്‍ പാടില്ല. ദൈവമാണ് പിന്നെ അവര്‍. മനുഷ്യരുടെ കൂടെ ജീവിക്കാന്‍ യോഗ്യരല്ല. പക്ഷേ ഒന്നിനോടെങ്കിലും, ഒരു കുഞ്ഞാടിനോടെങ്കിലും, അല്‍പ്പമെങ്കിലും സത്യസന്ധരായിരിക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ?

ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് (The Silence of the Lambs) സംവിധാനം ജൊനാഥന്‍ ഡിമ്മേ (Jonathan Demme) .

******************************************
എന്റെ പൊന്നു പെണ്ണമിച്ച്യേയ് നല്ലൊരു സൈക്യാട്രിക് ത്രില്ലര്‍ മൂവീനീണ് ഇങ്ങനെ കൊന്ന് കൊലവിളിച്ച് ഒരു ഫിലോസഫിക്കല്‍ ബോറടിയായി എഴുതി വച്ചേക്കണെ?

അയ്യറീ, അഞ്ച് എണ്ണപ്പെട്ട ഓസ്കാറുകള്‍ സ്വന്താക്യ പട്ണ്. പത്ത് ഭാവേങ്കിലും ഇണ്ടാവണം അങ്ങന്യൊരു പടത്തിന്. എന്നട്ട് സൈക്യാറ്റ്രിക് ത്രില്ലറാണു പോലും. അത് നിന്നെ പോലുള്ള ഇന്‍ഡി ഫാന്‍സ്‌ന്. ഇത്തവണ ക്ലറീ സ്റ്റാര്‍ളിങ്ങിന്റെ കണ്ണ്യേക്കോടെ നോക്യേപ്പോ എനിക്കിതാ തോന്നീത്. അടുത്ത തവണ ലക്‍‌റ്റര്‍‍ന്റെ കണ്ണ്യേക്കോട്യായാവും കാണാ. സഭ വളര്‍ത്തണ കുഞ്ഞാടോളെ കുറിച്ചൊക്കെ നിനക്ക് ചിന്തിച്ച്യോക്കൂട്‌റീ കുഞ്ഞോളെ?

മ്ം എന്തൊക്കെ പറഞ്ഞാലും അന്തോണ്യേട്ടനേക്കാള്‍ ഈ പടത്തില്‍ കിടു ജോഡി ചേച്ചീന്

കെട്ടുന്നെങ്കില്‍ ജോഡീനെ എന്നു പറഞ്ഞു നടന്നിരുന്നൊരു കൂട്ടാരനിണ്ടെനിക്ക്. ജോഡിയെ കിട്ടാത്തതോണ്ട് ഇപ്പളും കെട്ടീട്ടില്യാ. ജോഡിയല്ലെങ്കില്‍ നിക്കോള്‍ കിഡ്മാനായാലും മതീന്ന് ഈയടുത്ത് പറയണിണ്ടാര്‍ന്നു.

പെണ്‍പ്രാധാന്യമുള്ള ഇതേ പോലൊരു സില്‍മ മലയാളത്തിലിണ്ടാവണെങ്ങെ ഇനി എന്തോരം കാലം കഴിയണം?

എപ്പഴും തല പടിഞ്ഞാട്ട് തിരിച്ചു വയ്ക്കല്ലറീ കുഞ്ഞോളെ. കുഞ്ഞാടിനെ രക്ഷിക്കുന്ന കഥ മറ്റൊരു തരത്തില്‍ പറയുന്ന മീരാജാസ്മിനും, ഉര്‍വ്വശിയും അഭിനയിച്ചു തകര്‍ത്ത അച്ചുവിന്റെ അമ്മ മോശാ? ഇമ്മള് ഈയടുത്ത് കണ്ട പഞ്ചാഗ്നീല് ഗീതേരെ കഥാപാത്രം ഇന്ദിര തീരെ മോശാ? ഗീതേരെ അഭിനയം അത്ര മോശാ? മലയാളത്തിന്റെ ഇട്ടാവട്ടത്ത് നിന്നട്ട് നോക്കിയാല്‍ അത്ര തെറ്റില്ലാത്ത കഥയും അഭിനയാണെന്നാണ് എന്റെ അഭിപ്രായം. അന്നു ഗീതേരെ പ്രധാന കഥാപാത്രത്തിന്റെ കൂടെ അഭിനയിച്ച അതേ മോഹന്‍ലാല്‍ പിന്നീട് മോഹനവര്‍മ്മേടെ ഓഹരി സില്‍മ്യാക്കാന്‍ നോക്യേപ്പോ സമ്മേയ്ച്ചില്ല.

ഓഹരി പിന്നെ റ്റി.വി സീരിയലായി ഈയടുത്ത്. അത്ര മെച്ചല്യാര്‍ന്നു ലെനേരെ അഭിനയം

*****************************************

വായനക്കാരോട് - ഇന്‍ഡിയെ കണ്ട് കാശ് പോയവര്‍ നിശബ്ദതയെ വിലയ്ക്കു വാങ്ങൂ. പിന്നെ നിങ്ങള്‍ക്ക് നിശബ്ദനായിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നും പെണ്ണമ്മ ഗ്യാരണ്ടി.

സിനിമാത്തരം: 1.ത്വരഗം

പടം വിക്കിയില്‍ നിന്ന്

Friday, June 20, 2008

ദു:ഖത്തിന്റെ നിറം വയലറ്റാണ്..

കന്യാസ്ത്രീ മഠത്തില്‍ താമസിച്ചിരുന്നവള്‍
സ്നേഹിച്ചവനാല്‍ ‘ഒറ്റ’പ്പെട്ടവള്‍
സമൂഹത്താല്‍ ക്രൂശിക്കപ്പെട്ടവള്‍

അവള്‍ക്കില്ലായിരിക്കും
മൂന്നാദിവസമൊരുയര്‍പ്പ്

സ്ത്രീയെ എനിക്കും
നിനക്കും തമ്മിലെന്ത്?
നീ തന്നെ നാളെ ഞാനും

ഓര്‍ത്തുവയ്ക്കുന്നു ഞങ്ങള്‍
ദു:ഖത്തിന്റെ നിറം
വയലറ്റാണു സഖീ

*പത്രത്തിലൊന്നും വാര്‍ത്ത കണ്ടില്ല. അവലംബം ഗുപതന്റെ ഈ കമന്റ്

*ദു:ഖവെള്ളിയ്ക്ക് മുന്‍പുള്ള ആഴ്ച കുരിശുരൂപവും, മറ്റ് രൂപങ്ങളും വയലറ്റ് തുണികൊണ്ട് മൂടിയാണ് ദു:ഖവാരം ആചരിക്കാറ്.(ഈയടുത്ത കാലത്ത് വെളുത്ത തുണിയായിട്ടുണ്ട്.) പ്രേമത്തിന്റെ നിറവും വയലറ്റ് തന്നെ! വയലറ്റ് കൊണ്ട് മൂടി അവളുടെ മരണത്തില്‍ ഈ ബ്ലോഗ് ദു:ഖമാചരിക്കുന്നു. മൂ‍ന്നാം ദിവസം കാണാം.

ക്ഷമിക്കണം വായനക്കാരെ, ഇതൊരു വ്യക്തിപരമായ ദു:ഖാചരണമാണ്. ചില ഞരമ്പുകള്‍ ഇപ്പോഴും പച്ചയാണ് എന്ന് സ്വയം ഓര്‍മ്മപ്പെടുത്തല്‍. മറ്റുള്ള നിറങ്ങള്‍ ഇതില്‍ കലക്കേണ്ടതില്ലാത്തതിനാല്‍ കമന്റ്സ് ഡിസേബിള്‍ ചെയ്യുന്നു.

Thursday, June 19, 2008

മനംമറിക്കല്‍ കോഴ്സ്

ങേ! നീയിതെങ്ങടണ്ടീ പെണ്ണമ്മേ കാലത്തെണീറ്റൊടനെ പൊറപ്പാട്?

നിങ്ങളിന്നലെ പേപ്പറ് വായിച്ചില്ലേ മനുഷ്യാ? എന്നട്ടെനോടെന്താ ഒരക്ഷരം മിണ്ടാഞ്ഞെ?

അയിന് നീ രാത്രി മരണകോളം വായിക്കണേറ്റും മുന്നേ പറയാന്‌ള്ള വാര്‍ത്ത്യോന്നും ഇല്ലാര്‍ന്നല്ലോടീ മനുഷ്യത്ത്യേ

ഇല്യാ‍ന്നാ? അപ്പൊ നിങ്ങളിന്നലത്തെ മെത്രാന്മാരുടെ പ്രസ്താവന വായിച്ചില്ലേ?

ആ.. അതു വായിച്ചു. അതിത്ര പറയാനൊന്തൂട്ടാണ്? ഞാനിന്നലെ മാതൃഭൂമിക്കൊരു പ്രതിഷേധ കത്തയച്ചണ്ട്.

നിങ്ങള് കത്തയച്ചട്ടവട്‌രിക്ക്‌ട്ടാ മനുഷ്യാ. ഇതിനീണ് വീട് കത്തുമ്പീള്ള വീണ വായനാന്ന് പറേണെ. ഇതെന്തൂട്ടാ കാര്യന്ന് മന്‍സ്സിലായാ നിങ്ങക്ക്? രാജ്യദ്രോഹ്ണ് രാജദ്രോഹം!

അതെങ്ങനീണ്‌റീ രാജദ്രോഹാവണെ? കഴിവുള്ളോരു കുട്ട്യോളിണ്ടാക്കട്ടെ.

അതേതേ.. ജനപ്പെരുപ്പം മൂലം മൂക്കുക്കുത്തികൊണ്ടിരിക്കണ ഒരു രാജ്യത്തിന്റെ സര്‍ക്കാര് ജനസംഖ്യ നിയന്ത്രിക്കാന്‍ പദ്ധതികളും ബോധവത്ക്കരണോം കൊണ്ട് ചക്രശ്വാസം വലിക്യാ. അപ്പോ അയിനെതിരെ ചെയ്യണത് രാജ്യദ്രോഹല്ലാല്ലേ..
പിന്നേ..കഴിവുകള്.. ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറീപ്പിക്യണ്ടാട്ടാ.

ട്യേ കുഞ്ഞോളേ എന്നെ അങ്ങടൊന്നാക്ക്യേടീ. നിങ്ങക്കള്ള മരുന്നും കഞ്ഞീം മേശപ്പൊറത്തെടുത്ത് വച്ചണ്ട്. അയ്‌നിനി ഞാന്‍ വരാന്‍ കാത്ത്‌രിക്ക്‌ണ്ടാ.

എന്നാലും നീ എങ്ങടാ പോണേന്നൊന്നു പറഞ്ഞട്ട് പോടീ. എന്തൂട്ടാണ് നീയിത്ര മലമറിക്കാന്‍ പോണെ.

ഇതു മലമറിക്കലല്ല, മനംമറിക്കലാണെന്റെ മനുഷ്യാ. ഇമ്മടെ ചിരിയങ്കടന്റോടത്തെ കുഞ്ഞിപ്പെണ് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ന്ന് ഇന്ന്. പള്ളിക്കാര് അവള്‍ടെ മനം‌മറിക്കണേനു മുന്നേ ഞാനൊന്ന് നോക്കട്ടെ അത് മറിക്ക്യാന്‍ പറ്റോന്ന്.

അയിനിപ്പോ നീ എന്തൂട്ടാ ചിയ്യാന്‍ പോണെ?

അതൊക്കെ ഞാന്‍ അവളോട് പറഞ്ഞോളാം. നിങ്ങളോടൊന്നും അത് പറഞ്ഞട്ട് കാക്കാശിന്റെ ഗുണല്യാ. നീ സ്കൂട്ടറെറക്കടീ കുഞ്ഞോളെ.

***************************************************

കുഞ്ഞിപ്പെണ്ണേ നീയിന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവാന്ന് കേട്ടൂലോ.

ആ.. കല്യാണം ചിങ്ങത്തില്‌ണ് പെണ്ണമിച്ച്യേയ്. പക്ഷേ ചെറുക്കനും എനിക്കും ഈമാസേ ഒരുമിച്ച് ലീവൊള്ളോ. ഈയിടെയായിറ്റ് പെണ്ണും ചെക്കനും ഒരുമിച്ച് കോഴ്സ് കൂടണംന്നാണ് പള്ളിക്കാര് പറയണേ.

ആ അതൊക്കെ നല്ല്‌ത്‌ണ്. കൊറച്ച് സൊള്ളാനുള്ള അവസരം കിട്ടണത് കളയണ്ടാ. പക്ഷേഇല്ലേരീ കല്യാണം കഴിക്കാത്ത ആ കത്തനാരുമാരും കന്യാസ്ത്ര്യോളും സ്റ്റേജില്‍ കേറി നിന്നട്ട് പലതും പ്രസംങ്ങിക്കും. അതൊരു ചെവ്യേക്കോടെ കേക്കാ, മറ്റേ ചെവ്യേക്കോടെ കളയാ. അല്ലെങ്കെ ജീവിതം കുത്തുപാളീണ്‌ട്രീ മോളെ.

പെണ്ണമിച്ചി ഒന്ന് പത്ക്കെ പറ്യ് ആ കൊച്ചച്ചന്‍ ഇപ്പോ വീട് വെഞ്ചിരിക്കാന്‍ വരും

കേക്കട്രീ, അവരങ്ങടാ കേക്കട്ടേ. എന്തൂട്ട്‌ണ് അവരെന്നെ മൂക്കില് കേറ്റോ? മഹറോന്‍ ചൊല്യാലും എനിക്ക് പുല്ല്‌ണ്. നീയിങ്ങ്‌ട് നോക്കറീ കുഞ്ഞിപ്പെണ്ണേ, അച്ചന്‍മാര്‍ക്കും സിസ്റ്റുമാര്‍ക്കും അഞ്ച്പൈസേരെ എക്സ്പീരിയന്‍സില്യാത്ത കാര്യങ്ങ്‌ള്ണ് അവരു പ്രസംങ്ങിക്കണെ. ഒരു ചാര്‍ട്ട് തന്നട്ട് അവരാ പറയും. ഇതു സയന്‍സ്‌ണ്. തിയറീണ്. സുരക്ഷിതമായ കാലത്ത് ബന്ധപ്പെട്ടാ കുട്ടീണ്ടാവില്യാനൊക്കെ. ഇതലാണ്ട്‌ള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊക്കെ ഈശോയ്ക്കും, പ്രകൃതിയ്ക്കും,പള്ളിക്കുമൊക്കെതിരാന്ന്.

ആ ചാര്‍ട്ട് സത്യന്യാണ്.

നീ മിണ്ടാണ്ടിരിക്ക്‌ടീ ഗവേഷകേ.
അത് സത്യല്ലാന്ന് ഞാന്‍ പറഞ്ഞാ? പക്ഷേ അതൊക്കെ പുസ്തകത്തില് നടക്കേര്ക്കും. ജീവിതത്തില്‍ നടക്കില്യാട്ട്‌റീ. ദീ ചാര്‍ട്ടും വച്ച് തേനമ്പ്ളീ ദുരിതമാക്കിയ എത്ര ഉദാഹരണങ്ങള് വേണം നിങ്ങക്ക്? ഞങ്ങടോടത്തെ കുഞ്ഞച്ചന്‍, കുഞ്ഞോന്‍, പിന്നെ വല്യമ്മായിരെ മൂത്തപ്പെണ്ണ്. കുഞ്ഞച്ചനാണെങ്കെ ആ മൂത്ത ക്ടാവിനെ വേണ്ടാന്നാര്‍ന്നു. എന്നട്ട് ഇപ്പോ അയിന്റെ സ്വഭാവം കണ്ടാ? അത്രേം മൂശാട്ടത്തരം വേറെ ആര്‍ക്കൂണ്ടാവില്യാ. ശാസ്ത്രം വളരണത് മനുഷ്യനെ സഹായിക്കാന്ണ് ഉപദ്രവിക്കാനല്ലറീ.

നീ കേക്കറീ കുഞ്ഞിപ്പെണ്ണേ, അവരു പറയും ദൈവം തരണ മക്കളൊക്കെ മഹത്തായ ദാനാന്ന്. പട്ടിപെറണപോലെ പെറാന്‍ നീയെന്താ പേറ്‌യന്ത്രാ? ഒരു ക്ടാവ്. കൂട്യാ രണ്ടെണ്ണം. അയില്‍ കൂടുതല്‍ മക്കളെ ഇണ്ടാക്കണത് രാജ്യദ്രോഹാണെടീ.രാജ്യദ്രോഹം മാത്രല്ല, ആ കുട്ട്യോളോടും ചെയ്യണ ക്രൂരത്യാണ്. രണ്ടില്‍ കൂടുതല്‍ കുട്ട്യോള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസൊക്കെ കൊടുക്കാന്‍ ഒരു സാധാരണക്കാരന് പറ്റോ? നീയോക്കെ നല്ലോണം പഠിച്ചോള്ളലേ. നല്ലോണം കുത്തീര്ന്ന് ആലോചിക്ക്. ഞാനിറങ്ങാണ്.

പെണ്ണമ്മേ നിക്ക്‌റീ, ചായ കുടിച്ചട്ട് പൂവാം.

ഇല്ലറീ തെയ്യാമ്മേ, ഇമ്മടെ പാണക്കാടന്റോടത്തെ ചെക്കനും ഇന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ട്. പോണേനും മുന്നേ അവനീം കാണണം.
***********************************************
വായനക്കാരേ - നാമൊന്ന് നമുക്കൊന്ന് അങ്ങന്യല്ലേ?

Wednesday, June 18, 2008

കല്ലറ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്!

കഴിഞ്ഞ ഞാറാഴ്ച്ചത്തെ വികാര്യച്ചന്റെ പ്രസങ്ങം കേട്ട്‌റീ കുഞ്ഞോളേ നീ?

ഞാന്‍ പ്രസങ്ങൊന്നും കേക്കാറില്യാ. വേറേ പണീല്യാണ്ടിരിക്കല്ലേ. കഴിഞ്ഞാഴ്ച മുന്നിലിരുന്ന പെണ്ണിന്റെ ചുരിദാറിന്റെ ഡിസൈന്‍ നോക്കാര്‍ന്നു. ഉഗ്രന്‍ ഡിസൈന്‍ അതുപോലൊരെണ്ണം തയ്ക്കണം.

എന്റെ മുന്നിലിരുന്ന പെണ്ണിന്റെ സാരീം പുത്യേ ഫാഷനാര്‍ന്നു. അത് നോക്കി നോക്കി ഒറങ്ങി പോയീരീ. തൂക്കം പിടിച്ച് വീഴണേന്റെടേല് കേട്ടത്ണ്, ബാക്കി കുഞ്ഞച്ചനും പറഞ്ഞന്നു. ഇമ്മടെ പള്ളില് പുത്യേ അപ്പാര്‍ട്ട്മെന്റ് കല്ലറ വരുണൂന്ന് അതിനു എടവകക്കാര് സഹായിക്കണം പോലും!

അപ്പാര്‍ട്ട്മെന്റ് കല്ലറ്യാ? അതെന്തൂട്ടാണ് സംഗതി?

ഇമ്മടെ പള്ളീലിപ്പോ ആള്‍ക്കാരെ കുഴിച്ചിടാന്‍ സലല്യലോ. ഇള്ള സലത്തൊക്കെ കാശ്ള്ളോര് കുടും‌ബ കല്ലറ കെട്ടീട്ടേക്കല്ലേ. ഇനിം കാശുള്ളോര് ചത്താ അവര്‍ക്കെവിടീന് കുടുംബ കല്ലറയ്ക്ക് സ്ഥലം കൊടുക്കാ? അതോണ്ട് അസ്ഥിക്കെണറിനോട് ചേര്‍ന്നള്ള സ്ഥലത്ത് അപ്പാര്‍ട്ട്മെന്റ് കല്ലറകള്‍ കെട്ടാന്‍ പൂവാന്ന്. ഫ്ലാറ്റ് പോലെ ഏഴ് നില പണിയാന്ണ് തിരുമാനം.

അയ്യോ അപ്പോ ആ‍ അസ്ഥിക്കെണറെന്തൂട്ടാ ചിയ്യാ?

അതു അടച്ച് കെട്ടീട്ട് എല്ലിടാന്‍ മാത്രള്ള ഓട്ടിടും‌ന്ന്.

അയ്യോ! ശന്യാഴ്ച്ച നൊവാനയ്ക്ക് പൂവുമ്പോ അസ്ഥിക്കെണറ്റില് എത്തിച്ച് നോക്കണതൊരു സുഖാര്‍ന്നു. :(. അപ്പോ ..ഇനിതൊട്ട് മണ്ണൊന്നിടില്ലേ ശവക്കല്ലറേല്?

ഇല്യാത്രേ. ഒരു കുടുംബക്കറയില്‍‌‌ക്ക് ഒരാള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി വരുമ്പോ അതില്‍ ഇണ്ടാര്‍ന്ന ആളെ അപ്പാര്‍ട്ട്മെന്റ് കല്ലറേടെ പിന്നിലള്ള കുഴീല്‍ക്ക് തള്ളൂത്രേ. ലൂര്‍ദ്ദ് പള്ളീലള്ള അടിപള്ളീലെ? അത്‌പോലീണ്ന്ന്. ടൌണിലൊക്കെ ഇമ്മിണി പള്ള്യോളില്‍ ഇപ്പോ ഇങ്ങനത്തെ അപ്പര്‍ട്ട്മെന്റ് കല്ലറ്യാത്രേ.

അപ്പോ ഇനി നമ്മളൊക്കെ ചത്താ ഈ കല്ലറേലാ വയ്ക്യാ?

അല്ലറീ ക്ടാവേ. ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും. നൂറാള്‍ മരിച്ച് കഴിയുമ്പോ ആദ്യം അടക്യ ആളെ എടുത്ത് അസ്ഥികുഴീല്‍ക്കിടും.

അപ്പോ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്കും കാശുകൊടുക്കണാ?

പിന്നേ വേണ്ട‌്‌റീ. ഇതെന്തൂട്ട് പെണ്ണ്ണ്? ''ക്ലാസ് കല്ലറ മണ്ണിലിള്ളത്. അയിന് ഒരുലക്ഷത്തി അന്‍പതിനായിരുര്‍പ്യാ കൊട്‌ക്കണം. ഒരോ അടക്കിനും അന്‍പതിനായിരമുര്‍പ്യാ എക്സ്ട്രാ. 'ബി' ക്ലാസ്‌ണ് അപ്പാര്‍ട്ട്മെന്റ് കല്ലറ. അയിന് ഒരു ലക്ഷുര്‍പ്യാ. ഒരോ അടക്കിനും അമ്പതിനായിരം വേറെ. ‘സി’ ക്ലാസണ് കാശില്യാത്തോര്‍ക്ക്. അതിന് അടക്കാന്‍ പള്ളിക്ക് കൊടുക്കണ്ട കാശ് മാത്രം കൊടുത്താ മതി.

അയ്‌ശരി നല്ല എടവാട്‌ണ്‌ലോ. കല്ലറപണിയാന്‍ കാശുകൊടുക്ക്ണടത് എടവകക്കാര്. എന്നട്ട് ചത്താ അതില്‍ കേറി കെടക്കാനും ഇമള് കാശ് കൊടുക്കണംന്ന്. അപ്പോ എന്തോരം കാശ്‌ണ് ഈ വകുപ്പില് ഈ പള്ളിക്കാര് ഇണ്ടാക്കണെ.

പിന്നെ മണ്ണിനൊക്കെ പൊന്നു വില്യല്ലേറീ. ഞാന്‍ '' ക്ലാസ് കല്ലറ എണ്ണി. ഇപ്പൊ നൂറ്റെഴുപത്തഞ്ചണ്ണണ്ട്. ഇരുനൂറ് അപ്പാര്‍ട്ട്മെന്റ് കല്ലറ പണിയുംന്ന്.ഞാന്‍ മരണപത്രം എഴുതാന്‍ പൂവാണ്റീ കുഞ്ഞോളെ. എനിക്കീ പള്ളീല്‍ത്തെ ആറടി മണ്ണ് വേണ്ടാന്ന്. മട്‌ത്തു ഈ പള്ളിക്കാരടെ കള്ളത്തരങ്ങള്.

ആ പെണ്ണമ്മിച്ചിയ്ക്ക് ഇങ്ങന്യോക്കെ പറയാം. ഇനി കെട്ടാനൊന്നും പോണില്യല്ലോ

കെട്ടാത്തോര്‍ക്ക് എന്താടീ രജിസ്ടര്‍ കല്യാണം കഴിച്ചൂടെ?

പെണ്ണമ്മിച്ചി നടത്ത്യോട്ക്കോ അവര്ട്യോക്കെ കല്യാണം?

ആ..എന്റട്ത്ത് വരണോര്ടെ ഞാന്‍ നടത്ത്യേട്ക്കും. ആഹാ.. വാശിക്ക് വാശീന്.

എന്നാ എട്‌ക്ക്ങ്ങ്‌ട് മുദ്രപത്രം.

മരണപത്രം അഥവാ സത്യവാങ്ങ് മൂലം

ഞങ്ങള്‍ (കുഞ്ഞുമോള്‍ & പെണ്ണമ്മ ) മരിച്ചാല്‍ പള്ളിയില്‍ അടക്കുകയാണെങ്കില്‍ ഞങ്ങളുടെ ആത്മാക്കള്‍ക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) ശുദ്ധീകരണസ്ഥലത്തിലെ കെടാത്ത അഗ്നിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധാഗ്നിയിലേക്ക് ഒരിക്കലും പ്രവേശനം കിട്ടില്ല എന്ന് ഇതിനാല്‍ തര്യപ്പെടുത്തി കൊള്ളുന്നു. ആയതിനാല്‍ ഞങ്ങള്‍ മരിച്ചാല്‍ തൃശ്ശൂരിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കേണ്ടതാണ്. ചാരം പുഴയിലൊഴുക്കി പുഴ വൃത്തികേടാക്കുന്ന പക്ഷം ഞങ്ങളുടെ നരക പ്രവേശനം ത്വരിതപ്പെടും. ആതിനാല്‍ ചാരം ശ്മശാനത്തില്‍ തന്നെ കളയുക. ചാരം കളഞ്ഞീട്ടു പോരാന്‍ കഴിയാത്ത വിധം ആരെങ്കിലും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ ചാരം ശേഖരിച്ച് മുറ്റത്തിന്റെ തെക്കേ മൂലയ്ക്ക് കുഴിയെടുത്ത് ചാരം അതിലിട്ട് ഒരു റ്റിxഡി തെങ്ങ് വയ്ക്കുക. തെങ്ങ് കായ്ക്കുമ്പോള്‍ ‍ആ നാളികേര പാലെടുത്ത് പീനെ കൊളാഡ ഉണ്ടാക്കി കുടിക്കുക. ഈ പീനെ കൊളാഡ കുടിയ്ക്കുന്ന ആള്‍ക്ക് യതി പറഞ്ഞതുപോലെയുള്ള ചെമ്പുകമ്പി പ്രഭാവം പോലെയും, മാധവിക്കുട്ടി(കമലസുരയ്യ) പറഞ്ഞതുപോലുള്ള പക്ഷിയുടെ മണം പോലെയും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടും.

ഈ മരണപത്രം അഥവാ സത്യവാങ്ങ്മൂലം സംയുക്തമായി ഒപ്പുവയ്ക്കുന്നത്

ഒപ്പ് (കുഞ്ഞുമോള്‍)
ഒപ്പ് (പെണ്ണമ്മ)

Tuesday, June 17, 2008

കുടിക്കാനും കേള്‍ക്കാനും പീനെ കൊളാഡ(Piña Colada)

പെണ്ണമ്മിച്ചീ കൊറേ നാളായില്ലേ കള്ളപ്പണ്ടക്കീറ്റ്..നമുക്ക് ഈ ഞാറാഴ്ച കള്ളപ്പണ്ടക്കാ?

ഒഹ്! എനിക്ക് വയ്യറീ പെണ്ണേ. കള്ളില്ലാണ്ട് എന്തൂട്ട് കള്ളപ്പം? എനിക്ക് ഈസ്റ്റിട്ട് ഇണ്ടാക്കണ കള്ളപ്പം ഇഷ്ടേ അല്ല.

അപ്പോ വട്ടേപ്പത്തിലും ഇപ്പോ ആള്‍ക്കാര് ഈസ്റ്റാണിടണേ?

അല്ലണ്ട് പിന്നെ എന്തൂട്ടാ ചിയ്യാ? നല്ല കള്ളിപ്പോ എവിടീനിള്ളേ? ഇന്നാള് കുഞ്ഞമ്മിച്ചീരെ മാപ്ല പറയ്‌ണ്ടാര്‍ന്നു കള്ളിലപ്പടിം അമോണിയാന്ന്. ആനമയക്കി, മണവാട്ടി, കര്‍ത്താവ്, റോഡുമുത്തി എന്നൊക്ക്യാത്രേ പേര്. അതൊന്നും വാങ്ങ്‌ച്ചട്ട് വയറ് നാശക്കണേക്കാട്ടിം ഭേഭം കിണ്ണത്തപ്പിണ്ടാക്ക്‍ണ്.

ഇപ്പോ ഇമ്മടെ ആണ്ടവന്‍ ചേട്ടന്‍ വരാറില്ലേ?

ആണ്ടവനൊക്കെ മരിച്ച് പോയെറീ കുഞ്ഞോളേ, :(. ഒഹ് അതൊരു കാലാര്‍ന്നു!

എനിക്കോര്‍മ്മീണ്ട്. കുഞ്ഞുമോഞ്ചേട്ടനും ഞാനും ഉണ്ണിമോളും താഴെ കാത്ത് നിക്കിണ്ടാവും. കള്ള് ആ കുടത്തീനന്നെ കൈയില്‍ക്ക് ഒഴിച്ചരും.ഹോ എന്തു മധുരമായിരുന്നു. ഇപ്പീന്താ ആരും തെങ്ങ് ചെത്താന്‍ കൊടുക്കാത്തെ?

പണ്ടൊക്കെ നാള്യേരം അധികം പിടിക്കാത്ത തെങ്ങ്‌‌ണ് ഇങ്ങനെ ചെത്തിക്കാന്‍ കൊട്‌ക്കാ. ഒരു കൊല്ലം ചെത്തി കഴിഞ്ഞാ നാള്യേരം പിന്നെ നന്നായി പിടിച്ചോടങ്ങും. ചെത്തണ തെങ്ങ് കണ്ടാലറിയാം. കേറാനെളുപ്പത്തിന് ചകിരി കെട്ടി വച്ചണ്ടാവും.

ഹോ കള്ളൊഴിച്ച് കലക്കി വച്ച മാവ് കോരിക്കുടിക്കാന്‍ തന്നെ എന്തു രസാര്‍ന്നു. മാവ് കലക്യ കലം വടിക്കാന്‍ ഞാനും കുഞ്ഞുമോ‍ഞ്ചേട്ടനും അടിയാര്‍ന്നു.

എടീ കുഞ്ഞോളേ ഞാനീപ്പോഴാണു ഒരുകാര്യമോര്‍ത്തത്. നീ പീനെ കൊളാഡ കുടിച്ചണ്ടാ?

ഇല്യാ. എന്തൂട്ടാണത്.

ബെക്കാര്‍ഡി അല്ലെങ്കീ ഏതെങ്കിലും വൈറ്റ് റമ്മും, കൈതചക്ക ചാറ്,നാ‍ള്യേരപാല്, ചെറുനാരങ്ങാനീര്, പഞ്ചസാര ഇതൊക്കെ ചേര്‍ത്തുള്ള കോക്റ്റെയിലാണ്ത്.

കോക്റ്റെയിലാ!! അപ്പൊ പെണ്ണമ്മിച്ചി കള്ളുകുടിക്കോ?

ഹ ഹ ഇമ്മ്‌ള് രണ്ടാളും കള്ള് കുടിക്കണ കാര്യ്യല്ലേ ഇപ്പോ പറഞ്ഞത്.

പറയാന്‍ വന്നതെന്തൂട്ടാന്നറിയോ ഈ പീനെ കൊളാഡയ്ക്ക് ഇമ്മടെ കള്ളപ്പത്തിന്റെ മാവിന്റെ രുച്യാന്ന്. കള്ള് കേരളീയരുടെ ദേശീയ പാനിയല്ലേ അത്പോലെ പോര്‍ട്ടറിക്ക (Puerto Rico) ക്കാരുടെ ദേശീയ പാനിയാ‍ണ് പീനെ കൊളാഡ. നീ ഇഫ് യു ലൈക് പീനെ കൊളാഡാസ് എന്ന പാട്ട് കേട്ടണ്ടാ?

ഇയിനു പാട്ടൂംണ്ടാ?

ഇണ്ട്രീ. പഴേ ഗ്രാമഫോണ്‍ ഡിസ്കിന്റെ കാലത്ത്, 1979 ല് ഇറങ്ങ്യ ആല്‍ബ്ണ് Rupert Holmes ന്റെ പാര്‍ട്ട്ണേഴ്സ് ഇന്‍ ക്രൈം. അതിലെ എസ്കേപ്പ് എന്ന പാട്ട്ണ് പിന്നീട് പീനെ കൊളാഡ പാട്ട് എന്നറിയപ്പെട്ടത്.

If you like Piña Coladas
And getting caught in the rain
If you're not into yoga
If you have half a brain
If you'd like making love at midnight
In the dunes on the Cape
Then I'm the love that you've looked for
Write to me and escape.

ഹ ഹ ഉഗ്രന്‍ വരികള് .

അക്കാലത്തെ വമ്പന്‍ ഹിറ്റാര്‍ന്നു ഈ പാട്ട്. എനിക്ക് പീനെ കൊളാഡാ കുടിക്കാനും ഇഷ്ടാ, കേക്കാനും ഇഷ്ടാ

ഹോ ഇപ്പോ സാനം കേട്ടു. ഇനി കുടിക്കാനെന്തൂട്ടാ ചിയ്യാ?

*****************************************

പീനെ കൊളാഡ കുടിക്കാന്‍

പീനെ കൊളാഡ കേള്‍ക്കാന്‍

പടം വിക്കിയില്‍ നിന്ന്

Monday, June 16, 2008

...സൂര്യന്‍ പച്ച! മരതക മിന്നല്‍ (Green Flash)


ഒക്കെ ഗയ്സ്.. സൂര്യന്‍ അസ്തമിക്കാറായി. എല്ലാവരും വെള്ളത്തീന്ന് കേറ്. ഒരു കാര്യം കാണിച്ചരാനാണ് നിങ്ങളെ ഇങ്കട് കൊണ്ടന്നത്.

കുഞ്ഞോളേച്ചേയ് പ്ലീസ് സൂര്യന്‍ അസ്തമിക്കണവരെ കളിക്കട്ടെ.

നോ.. നോ.. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നത് കാണാന്‍ പറ്റില്യാ. എല്ലാവരും കേറി ഇരിക്ക്

ഈ കുഞ്ഞേളേച്ചീരെ ഒരു കാര്യം എപ്പളും പഠിപ്പും പഠിപ്പിക്കലും. ഹും!

യാ സ്മാര്‍ട്ട് ഗയ്സ് .. ഇനി പറഞ്ഞേന്‍..
കടലിനും പകലാകാശത്തിനും നീലനിറമാകാന്‍ കാരണമെന്ത്?

നീ പറയടാ മോനച്ചാ നിനക്കല്ലേ അത് പഠിക്കാനള്ളത്.

കടലിലെ ജലതന്മാത്രകളും അന്തരീക്ഷത്തിലെ വാതക തന്മാത്രകളും (ഓക്സിജന്‍, നൈട്രജന്‍) വെളിച്ചത്തെ ചിതറിക്കുന്നു (Scattering). ഈ തന്മാത്രകള്‍ വളരെ ചെറുതായതിനാല്‍ ചിതറപ്പെടുന്ന വെളിച്ചത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ കൂടുതല്‍ ചിതറപ്പെടുകയും അങ്ങനെ ആകാശം നീലാകാശമായും കടല്‍ നീലക്കടലായും കാണപ്പെടുകയും ചെയ്യുന്നു.

മിടുക്കന്‍. ദാ..പിടി.. ഒരു ഫൈവ്സ്റ്റാര്‍

അടുത്ത ചോദ്യം. ഉദയാസ്തമയ വേളകളില്‍ ചക്രവാളം ചുവന്ന് കാണപ്പെടുന്നതെന്തുകൊണ്ട്? നീ പറയെടീ കുഞ്ഞാപ്പ്യേ

ഉദയാസ്തമയ സമയത്ത് വെളിച്ചത്തിന് കാണുന്ന ഒരാളിലേക്കെത്താന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ ചിതറി നഷ്ടപ്പെടുകയും തരംഘദൈര്‍ഘ്യം കൂടിയ ഓറഞ്ചും, ചുവപ്പും നിറങ്ങള്‍ മാത്രം കാഴ്ചക്കാരനിലെത്തുകയും ചെയ്യുന്നു. അതിനാല്‍ ഉദയാസ്തമയ സമയത്ത് ചക്രവാളം ചുവന്ന് കാണപ്പെടുന്നു.

മിടുക്കി നിനക്ക് ദേന്നാ..ഡയറി മില്‍ക്ക്.

അപ്പോ ദേ സൂര്യന്‍ അസ്തമിക്കാറായി എല്ലാവരും സൂക്ഷിച്ച് സൂര്യനെ നോക്യേന്‍. ചോപ്പലാണ്ട് എന്തേലും നെറം കാണുന്നുണ്ടോന്ന് സൂക്ഷിച്ച് നോക്ക്. കണ്ണ് വെട്ടിക്കരുത്.. ദേ സൂര്യന്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി.

ദേ.. കറുപ്പ് ..

അതൊരു കിളിയാണെടാ പൊട്ടാ

ദേ പച്ച!

ആ.. അതന്നെ സൂക്ഷിച്ച് നോക്ക് ആരൊക്കെ പച്ച കാണുന്നുണ്ട്?

ദേ മുങ്ങി കഴിഞ്ഞു.

മോനച്ചന്‍ നൊണ പറഞ്ഞതാണ്. ഞങ്ങളാരും പച്ച കണ്ടില്ല.

മോനച്ചന്‍ നൊണ പറഞ്ഞതൊന്നല്ല. സൂര്യാസ്തമയത്തിന്റെ അവസാനം സൂര്യനു മുകളില്‍ ഇങ്ങനെ പച്ചനിറം കാണുന്നതിനെയാണ് മരതക മിന്നല്‍ (Green Flash) എന്ന് പറയുന്നത്. സൂക്ഷിച്ച് നോക്കിയാലേ അതു കാണൂ.

എന്തുകൊണ്ടായിരിക്കും ഈ മരതക മിന്നല്‍ ഉണ്ടാകുന്നതെന്ന് ആര്‍ക്കെങ്കിലും ആലോചിച്ച് പറയാമോ?

......

മ്ം ഒക്കെ. അതു ഇത്തിരി കുഴപ്പിക്കുന്ന കാര്യാണ്. ചൂട് വ്യതിയാനമുള്ള അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ അപവര്‍ത്തനം മൂലമാണ് മരതക മിന്നല്‍ ഉണ്ടാകുന്നത്. നീല, പച്ച എന്നീ തരംഘദൈഘ്യം കുറഞ്ഞ (കൂടിയ ആവര്‍ത്തിയുള്ള) നിറങ്ങള്‍ക്ക് കൂടുതലും മഞ്ഞ, ചുവപ്പ് തുടങ്ങിയ തരഘദൈര്‍ഘ്യം കൂടിയ (ആവര്‍ത്തി കുറഞ്ഞ)നിറങ്ങള്‍ക്ക് കുറച്ചും അപവര്‍ത്തനമാണ് സംഭവിക്കുന്നത് എന്നതിനാല്‍ ഭൂമിയൂടെ വളവിനോട് താരതമ്യപ്പെടുത്താവുന്നത്ര അപവര്‍ത്തനം സംഭവിക്കുന്ന പച്ച, നീല നിറങ്ങളുടെ മിന്നല്‍ മാത്രമെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരു റ്റെലെസ്കോപിലൂടെ നോക്കിയാല്‍ സൂര്യനുചുറ്റും ആദ്യം ചുവപ്പ് പിന്നെ മഞ്ഞ പിന്നെ പച്ച, പിന്നെ നീല എന്നിങ്ങനെയുള്ള നിന്നലുകള്‍ കാണാം. വെളിച്ചത്തിന്റെ ഇത്തരം അപവര്‍ത്തവും മരീചിക എന്ന പ്രതിഭാസവും ചേര്‍ന്നാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന മരതക മിന്നല്‍ സാധ്യമാകുന്നത്.

എന്നട്ട് ഇമ്മള് നീല മിന്നല്‍ കണ്ടില്യാലോ

അത് ഇവിടെ കാലാവസ്ഥ ഇത്തിരി മോശം ആയോണ്ടാടാ. നല്ല കാലാവസ്ഥയില്‍ നീല മിന്നലും വെറും കണ്ണോണ്ട് കണ്ടട്ടള്ളവരുണ്ട്‌.

അപ്പോ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്, മരീചിക എങ്ങനെയാണുണ്ടാകുന്നത് എന്നൊക്കെ കണ്ട് പിടിച്ച് വച്ചാല്‍ അടുത്ത യാത്ര വെലങ്ങന്‍കുന്നില്‍ക്ക്.

ഒക്കെ.. ഒക്കെ.. എല്ലാവരും വണ്ടീല് കേറ്..

****************************************

ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന വായനക്കാര്‍ ഗ്രീന്‍ ഫ്ലാഷ് ഒക്കെ കണ്ടിട്ടുണ്ടാകും. കാണാത്തവര്‍ ഇനി ഉദാസ്തമയ സമയത്ത് നോക്കുക. നഗ്നനേത്രം കൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും നല്ല കാലാവസ്ഥയില്‍ ഒരു സെക്കന്റ് നേരം കാണാന്‍ സാധിക്കും.Green Flash വിവിധയിനം ഉണ്ട്. അതിനെല്ലാം വിവിധ തരം വിശദീകരണമാണ്. കൂടുതല്‍ വായിച്ച് മനസ്സിലാക്കുക.

കൂടുതല്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക്

http://mintaka.sdsu.edu/GF/
http://www.meteoros.de/flash/flashe.htm
http://www.exo.net/~pauld/physics/atmospheric_optics/green_flash.html

ഫോട്ടോയ്ക്ക് കടപ്പാട് വിക്കി

Sunday, June 15, 2008

സിനിമാത്തരങ്ങള്‍

ഈയിടെ ഇതു കണ്ടപ്പോള്‍ ഇഷ്ടായി. എങ്കില്‍ ഒരു കൈ ശ്രമിക്കന്നെ..

1.ത്വരഗം - ക്രിസ്തുമസ്സിനു പോര്‍ക്കിറച്ചി വരട്ടുന്നതിന്റെ ഇടയില്‍ കുഞ്ഞോളെ വിളിക്കാന്‍ നടേലകത്ത് വരുമ്പോള്‍ റ്റി.വിയില്‍ കണ്ടാല്‍ പോര്‍ക്ക് വരട്ടിയത് പോര്‍ക്ക് ബ്ലാക് ഫ്രൈ ആകാന്‍ സാധ്യത ഉണ്ടാക്കുന്നവ.

കുട്ടിസ്രാന്ക്
ഭാര്‍ഗ്ഗവിനിലയം
കരിയിലക്കാറ്റ്പോലെ
കഴകം
ചിന്താവിഷ്ടയായ ശ്യാമള
The Silence of the Lambs
The Reader

2.അനസൂയ - ഈസ്റ്ററിന് ഉച്ചയ്ക്കൂണ് കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് അസൂയ, കുശുമ്പ്, കുന്നായ്മ, പറയുന്നതിന്റെ ഇടയിലായാലും അതില്‍ നിന്നും ശ്രദ്ധതിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഗര്‍ഷോം
കഥാവശേഷന്‍
കറുത്തപക്ഷികള്‍
സന്ദേശം
അരപ്പട്ടക്കെട്ടിയ ഗ്രാമം
കാറ്റത്തെ കിളിക്കൂട്
വിധേയന്‍
ഒരേ കടല്‍
changeling

3. സ്പെഷലിസ്റ്റ് - പത്ത് മണിക്ക് അപ്പോയ്ന്റ്മെന്റ് തന്നീട്ട് വൈകീട്ട് അഞ്ച്മണിക്ക് പരിശോധിക്കുന്നത്ര തിരക്കുള്ള സ്പെഷലിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കില്‍ ഇട്ടാല്‍ വാരിക എടുത്ത് പുറത്ത് കടക്കാതെ ഇരുന്നു കാണുന്നവ.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍
ക്ലാസ്സ്‌മേറ്റ്സ്
ഇഷ്ടം
അച്ചുവിന്റെ അമ്മ
അമരം
സര്‍ഗ്ഗം
വടക്കുനോക്കിയന്ത്രം
മണിചിത്രത്താഴ്

4.തൊലിക്കല്‍ - കടുമാങ്ങാ അച്ചാറിടാനായി കടുക് തൊലികളയല്‍, ഉള്ളിസമ്പാറുണ്ടാക്കാന്‍ ഉള്ളി തൊലികളയല്‍, പയറ്, തോരപയറ് തൊലിപൊളിക്കല്‍ ഇത്യാദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇനിയും കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഒരു കൊച്ചു ഭൂമിക്കുലുക്കം
വിസ്മയത്തുമ്പത്ത്
ആയുഷ്ക്കാലം
മുദ്ര
മേഘമല്‍ഹാര്‍
പക്ഷേ
യോദ്ധ
ഇന്ത്യാന ജോണ്‍സ് സിരീസ് ( Raiders of the Lost Ark,Indiana Jones and the Temple of Doom, Indiana Jones and the Last Crusade)
തൃഷ്ണ

5.മാറാമ്പല - ഇനിയൊരിക്കല്‍ കൂടി കാണുന്നതിനേക്കാള്‍ മാറാമ്പല തട്ടുന്നതാണ് നല്ലതെന്ന് കരുതുന്നവ.

നിഴല്‍ക്കുത്ത്
ചാന്തുപ്പൊട്ട്
തന്മാത്ര
സൈറ
രതിനിര്‍വേദം
നാലുപ്പെണ്ണുങ്ങള്‍
തകര
അഗ്നിസാക്ഷി



6.റിഡക്ഷന്‍ - പണ്ട് അച്ചങ്കുഞ്ഞിന്റെ ചോരപരിശോധനാ ഇടവേളകളില്‍ ആദിയും അന്തവുമില്ലാതെ കണ്ടീട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി കാണേണ്ടി വരുന്നതിനേക്കാള്‍ ഭേഭം ചാക്കോളാസിന്റെ ക്രിസ്തുമസ്സ് റിഡക്ഷന്‍ സേലില്‍ പോയി പെണ്ണുങ്ങളുടെ ഇടി കൊണ്ട് കിടക്കവിരി വാങ്ങി വരുന്നതാണ് നല്ലത് എന്ന് കരുതുന്നവ.

അണ്ണന്‍ തമ്പി
മീശമാധവന്‍
ദേവാസുരം
ആറാംത്തമ്പുരാന്‍
കങ്കാരു
കന്മദം

7.പല്ലി - പട്ടുസാരി തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ ചെവിയില്‍ കൈതിരുകി , വായകൊണ്ട് പല്ലിചില്ലക്കുന്ന ശബ്ധമുണ്ടാക്കി ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ തോന്നിപ്പിക്കുന്നവ.

സയാമീസ് ഇരട്ടകള്‍
ഭരതന്‍
നിറം
രൌദ്രം

8.അതങ്ക - വിവാഹ വാര്‍ഷികത്തിന് വാങ്ങി കിട്ടുന്ന പത്ത് പവന്റെ മാല തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാല പിന്നെ വന്ന് വാങ്ങിക്കൊള്ളാം എന്ന് പറയിപ്പിക്കുന്നവ.

ചോക്ക്ലേറ്റ്
പല്ലാവൂര്‍ ദേവനാരായണന്‍
മാമ്പഴക്കാലം
ചന്ദ്രലേഖ

9. അധൈര്യ - ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍.

മാളൂട്ടി
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടന്‍

10.കൊതിച്ചി - കേട്ടുകേട്ട് കാണാന്‍ കൊതി തോന്നിക്കുന്നവ

ഒരു പെണ്ണിന്റെ കഥ


(ലിസ്റ്റ് പുതുക്കപ്പെട്ടേയ്ക്കാം )