Saturday, January 30, 2010

നേര്‍ച്ച

കിര്‍ണീം കിര്‍ണിം ... കിര്‍ണീം കിര്‍ണീം

ദേ ആ ലാന്‍ഡ് ഫോണടിക്കുന്നു. ഒന്നെട്‌ക്കറി കുഞ്ഞോളേ. ശന്യാഴ്ച്യല്ലേ, ഉണ്ണിമോളായിരിക്കും.

ഹലോ, ഉണ്ണിമോളേച്ച്യാണോറീ. വല്യമ്മിച്ചി കുളിക്ക്യാ. എന്താ അവടെ വിശേഷം?

ഓഹ് ഇവിടെ വിശേഷമൊന്നുമില്ല. നിങ്ങള്‍ക്കെന്താ വിശേഷം?

ഞങ്ങള് എല്ലാവരും കൂടി ഇപ്രാവശ്യം ക്രിസ്തുമസ്സിന് വേളാങ്കണ്ണിയ്ക്ക് പോയല്ലോ. മോളിണ്ടായില്ലല്ലോ എന്തു രസായിരുന്നു. ഒട്ടിക്കോ.

ഒട്ടാന്‍ പശയില്ലറീ. അല്ലെങ്കില്‍ തന്നെ ഒട്ടാന്‍ പറ്റിയയൊരു സ്ഥലം! അവിടെ എന്തൂട്ടാണിത്ര കാണാന്‍? നിങ്ങളിത് നൂറ്റ്യൊന്നാമത്തെ പ്രാവശ്യല്ലേ അവടെ പോണത്.

ഒന്നും പറയണ്ട്രീ കുഞ്ഞോളേ ഞങ്ങളെല്ലാരും കൂടി വയനാട്ടില്‍ക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തതാ. ഈ വല്യമ്മച്ച്യത് കലക്കി. വല്യമ്മിച്ചിക്ക് നേര്‍ച്ചീണ്ടാര്‍ന്നത്രേ. പെണ്ണമ്മിച്ചീരെ കൈ ഒടിഞ്ഞപ്പോ നേര്‍ന്നത്ണ്ന്ന്! കൈ ശരിയായാ പെണ്ണമ്മിച്ചീനീം കൂട്ടി പോയി ഒരു വെള്ളീരെ കൈ കൊടുക്കാന്ന്. അപ്പോ കുഞ്ഞമ്മിച്ചിക്കൂണ്ട്‌ത്രേ നേര്‍ച്ച! സീയാപ്പീരെ കല്യാണം കഴിഞ്ഞേന്?

അതെന്തൂട്ടാ? കല്യാണ ഫോട്ടോ വെള്ളീല് തീര്‍ത്ത് കൊടുക്കാര്‍ന്നാര്‍ന്നു! ഒരോരോ നേര്‍ച്ചകളേ! കല്യാണം വേളാങ്കണ്ണീ പള്ളീല് വച്ച് നടത്താം എന്നൊക്കെ നേരാ‍ഞ്ഞത് ഭാഗ്യം. അല്ലെങ്കെ വീട് വിറ്റ് കല്യാണത്തിണിള്ള വണ്ടിക്കാശ് ഇണ്ടാക്കണ്ടി വന്നേനെ.

നിനക്ക് തമാശ. ഇവിടെ നേര്‍ച്ചീല്യാത്തതായി ഞാനും പെണ്ണമ്മിച്ചീം അച്ചങ്കുഞ്ഞും പിന്നെ പൊടികളുമേ ഉണ്ടാര്‍ന്നള്ളോ അറിയോ? ഇളയമ്മിച്ചിയ്ക്ക് കുട്ടന്റെ ജോലി കാര്യത്തിന്, കുഞ്ഞച്ചന് ആ ക്ടാങ്ങള്‍ടെ സ്വഭാവം നന്നാവാന്‍, എന്തിനു പറയ്‌ണു മിനിഞ്ഞാന്ന് കല്യാണം കഴിഞ്ഞ ഇമ്മടെ സിയാപ്പിയ്ക്ക് വരെ നേര്‍ച്ചീന് - അമ്മായിമ്മ പോരീന്ന് ആശ്വാസം കിട്ടാന്‍!!

ഹ ഹ ഹ! അവളോട് അമ്മായിമ്മേരെ രൂപം തങ്കത്തില്‍ ഇണ്ടാക്കി കൊട്ക്കാന്‍ പറ. നിനക്ക് പെണ്ണമ്മിച്ചിയ്ക്കും ബോധല്യാണ്ടാണ് കുഞ്ഞോളെ. നിനക്കൊരു നേര്‍ച്ച്യങ്ങട് നേരാര്‍ന്നില്ലെ. വാഗമണ്ണില്‍ക്ക്. അത് നടത്തിയില്ലെങ്കില്‍ നീ തലപൊട്ടി ചാവുന്ന് പറയണം, നിന്റെ തെസീസ് സബ്മിറ്റ് ചെയ്ത് ഡോക്ടറേറ്റ് എടുക്കാന്‍ പറ്റില്യാന്നൊക്കെ അങ്ങട് കാച്ചണം. നിനക്കോര്‍മ്മീല്ലേ പണ്ട് കുഞ്ഞോന്‍ ഒരു പ്രാര്‍ത്ഥനക്കാരി സലോമി പറഞ്ഞതും കേട്ട് 27 വയസ്സിന്റെ തലേദിവസം കല്യാണം നടത്തീത്.

ഉവ്വ് പെണ്ണമ്മിച്ചി പറഞ്ഞ് കേട്ടണ്ട്. അയിന് വാഗമണ്ണില് പള്ളീണ്ടാ

എടീ പൊട്ടിക്കാള്യേ അയിന് പള്ള്യോക്കെ വേണാ? ഇനീപ്പോ അത്ര നിര്‍ബന്ധാച്ചാ പണ്ട് തൊണ്ണൂറ്റി എട്ടില് ഞങ്ങള് പോയാപ്പോ അവിടെ ഒരു പട്ടി ചത്തിരിന്നു. അന്ന് അതിനെ കുഴിച്ചീട്ടപ്പോ ഇമ്മടെ ഉണ്ണ്യ്യോന്‍ അതിന്റെ മുകളില്‍ ഒരു കുരിശും നാട്ടീണ്ടാര്‍ന്നു. ഭാഗ്യണ്ടെങ്കെ അതിപ്പോ ഒരു കുരിശട്യാവാന്‍ ചാന്‍സ് ഇണ്ട്. ആ കുരിശ് കാണാനാന്ന് പറഞ്ഞാല്‍ മതി. ഒരു പട്ടിവിശുദ്ധനും ക്രിസ്ത്യാനികള്‍ക്കിരിക്കട്ടേരീ.

അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കാറീ. ദേ വല്യമ്മിച്ചി വരണ്‌ണ്ട്.

എന്തൂട്ടാ അവടെ വിശേഷം?

വയ്യറീ ഉണ്ണിമോളേ. വേളാങ്കണ്ണീല് കുരിശിന്റെ വഴി പതിനാല് സ്ഥലവും മുട്ടുത്തി കയറി. മണലൊരഞ്ഞ് മുട്ട് ആകെ ഒരു പരുവമ്മായി. ഇതുവരെ മാറീല്യാ.

അമ്മീച്ച്യോടൊരു നൂറ് പ്രാവശ്യം പറഞ്ഞണ്ട് ശരീരം വേദനിപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥയെല്ലാം ഒരുതരം ആത്മപീഢയാണെന്ന് അതിനെക്കാളുമപ്പുറം അതൊരു മാനസീകരോഗമാണ്. ചികിത്സിക്കണം.

കരച്ചില്‍.. മൂക്കുപിഴിയല്‍. എന്നാലും നീയെന്നെ പ്രാന്തത്തിയാക്കീലേ.

നിശബ്ധത..

നിനക്കെന്താ വിശേഷം.

ഞാനും ഒരു നേര്‍ച്ച തീര്‍ക്കാര്‍ന്നു.

ആഹാ നിനക്കും നേര്‍ച്ചേലും ദൈവത്തിലൊക്കെ വിശ്വാസം വന്ന! ഏത് പള്ളീലാര്‍ന്നു?

*നേര്‍ച്ചേലു വിശ്വാസം പണ്ടേ ഉള്ളതല്ലേ. അതുകൊണ്ടാണ് ദൈവത്തില്‍ വിശ്വാസല്യാത്തത്. ഇത്തവണ ആംസ്റ്റര്‍ഡാമിലേക്കായിരുന്നു നേര്‍ച്ച. അവടെ ‘ദേ വാലന്‍‌ല്’

ആരാടെ പേരിലുള്ള പള്ള്യാ?
ഒരു പാട് വിശൂദ്ധകളുണ്ട്. ഒരോരുത്തരും ഒരോ ചില്ലുകൂട്ടില്‍, നമ്മുടെ അല്‍‌ഫോണ്‍സാമ്യോക്കെ രൂപക്കൂട്ടില്‍ നി‍ക്കില്ലേ ഏതാണ്ടതുപോലെ, നിക്കും. നമുക്ക് ഭക്തിയുള്ള ആളുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കാം. ഭക്തരധികവും ആണുങ്ങളാണ്.

നിന്നെ കാണാന്‍ വരുമ്പോ എന്തായാലും ഇനി ആ പള്ളീലൊന്നു പോണം.

എന്നാശരി വയ്ക്കട്ടെ.

*********
കുറിപ്പ്: ദേ വാലന്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. റ്റൂറിസ്റ്റുകള്‍ക്ക് വഴികളിലൂടെ നടന്ന് കാര്യങ്ങള്‍ കാണാനുള്ള സൌകര്യമുണ്ട്. പരിചയമുള്ള ഒരാളുടെ കൂടെ പോയാല്‍ നന്ന്. അല്ലെങ്കില്‍ പണി കിട്ടിയേക്കും.

*ചില നേര്‍ച്ച ഉദാഹരണങ്ങള്‍
പരീക്ഷ പാസ്സാകുന്നവരെ കുഞ്ഞുമോഞ്ചേട്ടന് നോമ്പാണ്. പരീക്ഷ തീരുന്നത് വരെ ഉണ്ണിമോളേച്ചിയ്ക്കും. കുഞ്ഞുമോഞ്ചേട്ടനു ഉപവാസമാണെങ്കില്‍, ഉണ്ണിമോളേച്ചിയ്ക്ക് ടി.വി കാണലായിരിക്കും.
27 വയസ്സിനു മുന്ന് കല്യാണം നടന്നില്ലെങ്കില്‍ ചത്ത് പോകുമെന്നു കരുതി കുഞ്ഞുമോഞ്ചേട്ടന്റെ നേര്‍ച്ച. പഠിപ്പ് തീരുന്നതിനു മുന്ന് കെട്ടേണ്ടി വന്നാല്‍ ചത്തുകളയുമെന്നു കുഞ്ഞുമോളേച്ചീയുടെ നേര്‍ച്ച.

പടത്തിനു കടപ്പാട് വിക്കി.