Thursday, July 17, 2008

‘ജീവന്റെ‘ ട്രാജഡി - ഒരു തിരക്കഥ

(കുഞ്ഞുമോള്‍ അകത്തേയ്ക്ക് കയറി വരുമ്പോള്‍ കാണുന്നത്

അടുക്കളയുടെ മുക്കിലിട്ടിരിക്കുന്ന ഉരലിന്റെ മുകളിലെ കാലിച്ചാക്കുകള്‍ക്ക് മുകളില്‍ പെണ്ണമ്മിച്ചി താടിയ്ക്ക് കയ്യും കൊടുത്ത് താഴേക്ക് നോക്കി, ഒരു കാല് മറ്റേ കാലിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കാല് വിറപ്പിക്കുന്നുണ്ട്.

ആറടി പൊക്കമുള്ള കുഞ്ഞച്ചന്‍ അല്പം കുനിഞ്ഞ് നിന്ന് ഘോരഘോരം എന്തോ പറയുന്നു. പെണ്ണമ്മിച്ചി ഒന്നുമേ മിണ്ടുന്നില്ല.

കുഞ്ഞുമോഞ്ചേട്ടന്‍ അടുക്കള ബെഞ്ചില്‍ ഇരിക്കുന്നു. കയ്യില്‍ ചുവന്ന പ്ലാസ്റ്റിക് ബക്കറ്റ്. ബക്കറ്റ് തിരിച്ചിട്ട് അതിന്റെ മൂട്ടില്‍ ഒരു പ്രായിലക്കിണ്ണം കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊട്ടുന്നു. കൊട്ടുന്നതിന്റെ ഒപ്പം ഡുംഡും ഡക്കട ഡും ഡും ഡക്കട എന്ന് വായകൊണ്ടും ഒച്ചയുണ്ടാക്കുന്നു.

ഊണുമേശയില്‍ കൈവച്ച് ഒരു പുസ്തകം വായിക്കുന്നു എന്ന വ്യാജേന അച്ചങ്കുഞ്ഞിരിക്കുന്നു. കണ്ണാടിയ്ക്ക് മുകളിലൂടെ കണ്ണുമിഴിച്ച് അടുക്കളയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.

അടുക്കളയോടടുക്കുമ്പോള്‍ കുഞ്ഞുമോള്‍ കേക്കുന്നത് കുഞ്ഞച്ചന്റെ വാക്കുകള്‍)


എന്തായിരുന്നു ഇവടെ കെടന്ന് ഒരോരുത്തര്ടെ തുള്ളല്. പള്ളീന്നാ ഓടി വരണൂ.. പാഠപുസ്തകം സംഘടിപ്പിക്കുന്നൂ.. ഫോട്ടോസ്റ്റാറ്റെടുക്കുന്നൂ.. കുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുന്നൂ. വികാര്യച്ചനോട് തല്ല് പിടിക്കുന്നു. ആയ്.. അയ് എന്താര്‍ന്നു കൂത്ത്.. ഇപ്പെന്തായി?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്തൂട്ട്‌ണ് ഇവടെ പ്രശ്നം? -(കുഞ്ഞുമോള്‍)

ഓ നീയിതൊന്നും അറിഞ്ഞില്ലേറീ കുഞ്ഞോളേ? - (കുഞ്ഞച്ചന്‍)

പിന്നീല്യാ. ഈ മൊതല്‌ണ് പെണ്ണമ്മിച്ചീനെ ചാട്ട്‌മെ കേറ്റണ ഒന്നാമത്തെ ആണി. - (കുഞ്ഞുമോഞ്ചേട്ടന്‍)

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

എന്നാ അവള്‍ക്കും കൊടക്കടാ ആ ‘ജീവന്റെ കാപ്പി‘.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

ജീവന്റെ കാപ്പ്യാ? അതെന്തൂട്ട്‌ണ്. - (കുഞ്ഞുമോള്‍)

ഈ ദിത് ആദ്യം പിടിക്ക്യങ്ങട്. കാര്യങ്ങളൊക്കെ പറഞ്ഞെരാം. ദീ കാപ്പീന് ജീവന്റെ കാപ്പി ചൂടാറനേറ്റും മുന്ന് ഊതൂതി കുടിച്ചോ. പെണ്ണമ്മിച്ചി വിതരണം ചെയ്യാന്‍ ഇടുത്ത് വച്ച ലഘുലേഖിലേ ..

കുഞ്ഞച്ചാ ലേഘുലേഖ്യല്ല പാഠപുസ്തകം. ഏഴാം ക്ലാസില്‍ത്തെ ‘മതമില്ലാത്ത ജീവന്‍’. -കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)

അയ്യോ സോറീട്ടാ.. തെറ്റുപറ്റിപ്പോയി ക്ഷമിക്കിസ്റ്റാ.. ആ.. പാഠപുസ്തകന്നെ. അത് ഇനി ഉപകാരല്‌ല്ലോ.അതോണ്ട് എന്തൂട്ടേങ്കിലും ഉപകാരിണ്ടാവാന്‍ വേണ്ടീറ്റ് ഞങ്ങളത് കത്തിച്ച് കാപ്പ്യാണ്ടാക്കി. അടുത്ത സമരത്തിനെറങ്ങാന്‍ നിനക്കൊക്കെ ജീവന്‍ വേണ്ടേ?

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

കാപ്പിഗ്ലാസ്സ് കയ്യില്‍ പിടിച്ച് മിഴിച്ച് നില്‍ക്കുന്ന കുഞ്ഞുമോള്‍. ആദ്യം പെണ്ണമ്മിച്ചിയെ നോക്കുന്നു. അവിടെ നോ മിണ്ടാട്ടം. നോ അനക്കം. പിന്നെ അച്ചങ്കുഞ്ഞിനെ നോക്കുന്നു.
അച്ചങ്കുഞ്ഞ് വേഗം കണ്ണാടിക്കൂടെയുള്ള നോട്ടം പിന്‍‌വലിച്ച് വാ തുറക്കുന്നു.


അന്ന് കുഞ്ഞോളിവടെ ഇണ്ടാര്‍ന്നില്ലട കുഞ്ഞച്ചാ

ഇവളിവടെ അന്നിണ്ടാര്‍ന്നില്യാച്ചാലും പിന്നെ പെണ്ണമ്മിച്ചീനെ കൊണ്ട് നടന്നതൊക്കെ ഇവളന്യീണ് - കുഞ്ഞുമോഞ്ചേട്ടന്‍

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട്.. ഡും ഡും ഡക്കട..)

കുഞ്ഞുമോള്‍ നിശബ്ദ - കൈയിലിരിക്കുന്ന ഗ്ലാസ്സിലേയ്ക്ക് നോക്കി പറയാനുള്ള വാക്കുകള്‍ ആലോചിക്കുന്നു. ഗ്ലാസ്സ് തിരിക്കുന്നു. പെണ്ണമ്മിച്ചിയുടെ അടുത്തിരിക്കുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പി ക്ലോസപ്പ്.


ആ അപ്പോ ഈ മന്‍‌ഷ്യന്റെ തൊള്ളേല് നാവ്ണ്ട്‌ല്ലേ - കുഞ്ഞച്ചന്‍ അടുക്കളേന്ന് ഊണുമേശയുടെ അവിടേയ്ക്ക് നടന്നടുക്കുന്നു.

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..


ആ മുസലിയാര് വാലുപൊക്കണ കണ്ടപ്പഴേ ഞാനച്ചങ്കുഞ്ഞിനോട് പറഞ്ഞില്ലേ ഇതൊക്കെ സംഭവിക്കൂന്ന്. അപ്പോ എന്താര്‍ന്നു ബുജിക്കളി. ഉപന്യാസെഴുതല്.. അയക്കല്..എന്റമ്മോ. വോട്ട് ബാങ്ക് കളഞ്ഞട്ടൊരു കളീം ആര്‍ക്കൂലാ മോനെ ദിനേശാ.. കമ്യൂണിസ്റ്റായാലും ഇപ്പോ വിത്യാസല്യാന്ന് മനസ്സിലായീലോ? നാളെ മേലാക്കം ചക്കിം ചങ്കരനും കമ്യൂണിസ്റ്റോള്‍ടെ കാര്യം പറഞ്ഞിറങ്ങുമ്പോ രണ്ടല്ല ഒരു പത്ത് വട്ടാ ആലോയ്‌ച്യോ. ഒരു തരക്കേടൂല്യാ.

(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)

അത്.. (അച്ചങ്കുഞ്ഞ് എന്തോ ബുജി വാചകം ഓര്‍ത്തട്ട് പെട്ടെന്ന് വിഴുങ്ങി. കുഞ്ഞച്ചന്റേം കുഞ്ഞുമോഞ്ചേട്ടന്റേം മുന്നില്‍ ഇപ്പോ അത് വെലപ്പോവില്ല്യാന് അച്ചങ്കുഞ്ഞിന് മനസ്സിലായി. അടുത്ത കള്ളടിയില്‍ അത് പുറത്തെടുക്കും ഒറപ്പ്. അപ്പോ മറ്റ് രണ്ടാളും തലേം കുലുക്കി കേട്ടിരിക്കുകയും ചെയ്യും. അച്ചങ്കുഞ്ഞ് വീണ്ടും തല പുസ്തകത്തിലേയ്ക്കിട്ടു)

നിങ്ങക്കൊക്കെ ഒരു ഞാറാഴ്ച പള്ളി കഴിഞ്ഞ് ഇവടെ പുസ്തകോം വായിച്ചിര്ന്നാ മതി. നിങ്ങടെ ഒരോ കാര്യം കാരണം ഞാന്‌ണ് പള്ളിക്കമ്മിറ്റീലും വിന്‍സന്റിപ്പോളിലൊക്കെ നാണം കെടണെ. നിങ്ങടെ യൂണിറ്റിലെ കുടുംബസമ്മേളനം കഴിഞ്ഞട്ടാര്‍ന്നു ഞങ്ങടവടത്തെ. ആ വികാര്യച്ചന്‍ എന്നെ എന്തോരിട്ട് വാരീന്നറിയോ? മിണ്ടാന്‍ പറ്റോ? സ്വന്തം ചേച്ച്യായി പോയിലേ

(നോട്ടം വീണ്ടും പെണ്ണമ്മിച്ചിയില്‍ മുട്ടി നില്‍ക്കുന്നു. പെണ്ണമ്മിച്ചി പഴേപോലെ ഒരനക്കവും കുലുക്കവുമില്ലാതിരിക്കുന്നു
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)


അയ്‌ശരി അപ്പോ കള്യാക്കീതാണ് കുഞ്ഞച്ചന്‍ വെഷമം? അല്ലാണ്ട് പാഠപുസ്തകത്തിലെ കൊഴപ്പങ്ങളല്ല - (കുഞ്ഞുമോള്‍ വളരെ പതിയെ ചുണ്ടിനു താഴെ.)

എന്തൂട്ട്.. എന്തൂട്ടണ്ടീ നീ പറഞ്ഞേ?.. അതേതേ പാഠപുസ്തകത്തില് കൊഴപ്പല്യാത്തോണ്ടണല്ലോ ഇപ്പോ പാഠപുസ്തകം മാറ്റാന്‍ പോണെ. -(കുഞ്ഞച്ചന്‍>

കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


അതൊക്കെ സര്‍ക്കാരും മറ്റുള്ളവരും തമ്മിലിള്ള ഒത്തുകളീന്ന്. അങ്ങനെ വല്യകാര്യായിറ്റൊന്നും മാറ്റണില്യാ. ചെറിയ ചില തിരുത്തോള് അത്രന്നെ - (കുഞ്ഞുമോള്‍)

അതേ ഒത്തുക്കളീന്ന്. ഇപ്പോ വെളിവില്‍ ഇത്ര ഒത്തുക്കളീണ്ടാര്‍ന്നങ്കേ പാഠപുസ്തകം ഇണ്ടാക്കുമ്പോ എന്തോരം ഒത്തുക്കളീണ്ടാവും? ഇതോണ്ടൊന്നും ഞങ്ങള് വിടില്യാ. ആ പുസ്തകം പിന്‍‌വലിപ്പിച്ചേ അടങ്ങൂ - (കുഞ്ഞച്ചന്‍)

ഒരു ഒത്തുക്കളീല്യാ.(കടുത്ത സ്വരത്തില്‍) പിന്നെ കൊറേ പിന്‍‌വലിപ്പിക്കും. ഇനിപ്പോ ആര്‍ക്കും എന്തും പറയാലോ. (ചങ്ക് തിങ്ങി) - ( കുഞ്ഞുമോള്‍ പതിയെ സ്കൂട്ടാവാന്‍ തുടങ്ങുന്നു. കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..

കുഞ്ഞച്ചന്‍ പെണ്ണമ്മിച്ചിയെ നോക്കി അടുത്ത വാചകം പറയാന്‍ നാവുയര്‍ത്തുമ്പോഴേക്കും പെണ്ണമ്മിച്ചി കൊടുങ്കാറ്റ് പോലെ എഴുന്നേല്‍ക്കുന്നു. എഴുന്നേല്‍ക്കലില്‍ കാപ്പി തട്ടിമറിഞ്ഞ് പോയി.)


(പെണ്ണമ്മിച്ചി ഉറക്കെ) ഇവടാരും ഒരു സര്‍ക്കാരിനും ഒപ്പാരം പറഞ്ഞട്ട്‌ല്യാ. എനിക്ക് ശരീന്ന് തോന്നീത് ചെയ്തു. അതിപ്പഴും ശര്യന്നെ. പുസ്തകം പിന്‍‌വലിക്കാതിരിക്കാന്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും. പിന്നെ സര്‍ക്കാര്‌! അവരെ അടുത്ത എലക്ഷനില്‍ കണ്ടോളാം. അയിനിപ്പോ നീയും അവനും ഇത്ര കെടന്നങ്ങട് മദിക്ക്‌ണ്ടാ.

(ഒറ്റശ്വാസത്തിലതും പറഞ്ഞ് കൊടുങ്കാറ്റ് പോലെ തന്നെ പാഞ്ഞു പോയി മുറിയില്‍ കയറി വാതിലടച്ചു. മിക്കതും അവിടിന്നു പലതും പൊട്ടാനുള്ള ചാര്‍സുണ്ട്

കുഞ്ഞച്ചനും കുഞ്ഞുമോഞ്ചേട്ടനും അട്ടഹസിക്കുന്നു. കൊട്ടിത്തകര്‍ക്കുന്നു
ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)


(കുഞ്ഞോള്‍ ആത്മഗതം പതിയെ) - അപ്പോ അട്ത്ത എലക്ഷനില്‍ കമ്യൂണിസ്റ്റോള്‍ക്ക് പത്തമ്പത് വോട്ട് നഷ്ടം. എന്നാലെന്താ മലപ്പൊറത്തെ ഒരു വോട്ട് ബാങ്ക് കിട്ടീലേ!!
*************
വായനക്കരോട് - ഇന്ത്യന്‍ നാഷണല്‍ കങ്കാരൂസ് മുതല്‍ തക്കാളി സേവാ സംഘ് വരെ സര്‍വ്വകക്ഷികളും ചേര്‍ന്നട്ടള്ള കൂട്ടികക്ഷി ഗവണ്മെന്റ് ഭരിക്കണ ഞങ്ങടോടെ ഇതൊക്കെ നിത്യസംഭവം.

6 comments:

Inji Pennu said...

മോളമ്മേച്ചിയേ, ഒരു കീച്ചാ വെച്ചേരുംട്ടാ.
ഞങ്ങടെ പൊന്നോമന പാര്‍ട്ടി വോട്ട് ബാ‍ങ്ക് നോക്കീന്നാ പാഠപുസ്തക കാര്യത്തില്‍? ചങ്കീ കൊള്ളണ വര്‍ത്താനോം കൊണ്ടിറങ്ങിക്കോളും. അങ്ങ് ആണവം മുതല്‍ ഇങ്ങ് പാഠപുസ്തകം വരെ ഞങ്ങള്‍ അധികാരം ഊപ്പ്സ് സോറി ആദര്‍ശമേ നോക്കീട്ടുള്ളൂ. അല്ലെങ്കില്‍ ആ നെഹ്രു കുടുംബവും ഞങ്ങളും തമ്മിലെന്ത് വ്യത്യാസം? ങ്ങാ! ബൌദ്ധികമടവാള്‍ എടുപ്പിക്കരുത്ട്ടാ!

അയല്‍ക്കാരന്‍ said...

പാഠപുസ്തകത്തില്‍ വരുത്താന്‍ പോകുന്ന മാറ്റം ഇതാണത്രെ. ഒരു പുതിയ ചോദ്യം വരുന്നു എക്സര്‍സൈസായിട്ട്. “നിങ്ങളുടെ ജാതിയില്‍പ്പെട്ടവര്‍ ഏതു പാര്‍ട്ടിക്കാണ് സ്ഥിരമായി ഓട്ട് ചെയ്യുന്നതെന്ന് കണ്ടെത്തുക?”

sreeja said...

ഇതിപ്പ എഴുതിയേതാണാ അതാ നുമ്മടെ ബേവിസാറ് ചെയ്തേ പോലെ കാലേക്കൂട്ടി ഈയ്തിയേതാണാ പെണ്ണമച്ച്യേ ?

ഭൂമിപുത്രി said...

"ഡുംഡും ഡക്കട.. ഡും ഡും ഡക്കട..." ഇന്നൊറക്കത്തിലും ഇതാവും തലയ്ക്കുള്ളില്‍ താരാട്ട്.

(കഴിഞ്ഞ ചോദ്യത്തിനുത്തരം-പിന്നേ..ഒല്ലൂരെപ്പഴും വരും,അവരെക്കാണാന്‍)

ബഹുവ്രീഹി said...

:)


പെണ്ണമ്മച്ചിഭാഷ്യം ഞാൻ ഒന്നു കോപ്പിയടിച്ചിട്ടുണ്ട് ട്ടോ.

മോളമ്മ said...

ഇഞ്ചിപെണ്ണേ - ജനാധിപത്യത്തില്‍ ആദര്‍ശത്തോളം തന്നെ വലുതാണ് വോട്ടും. അതില്‍ തെറ്റൊന്നൂല്യാ. എന്നാല്‍ വോട്ടിനു വേണ്ടി എന്തും ചെയ്യാനൊച്ചാ ജനങ്ങള്‍ സമ്മേയ്ക്കരുത്. വോട്ട് വകതിരിവോടെ പവറായി തന്നെ ഉപയോഗിക്കുന്ന വളരെ കുറച്ച് ശതമാനം ജനങ്ങള്‍ തന്നെയാണ് ജനാധിപത്യത്തെ നിയന്ത്രിക്കുന്നത്. എന്നും കുന്നും കൈപ്പത്തിയ്ക്കോ അരിവാളിനോ കുത്തുന്നവര്‍ക്ക് ജനാധിപത്യത്തിലെ റോള് അവരേക്കാള്‍ കുറവാണ്.

അയക്കാരന്‍ - സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുന്നു എന്ന് പറയുന്നത് തന്നെ മുന്‍‌തീരുമാനത്തില്‍ നിന്നു പിന്നോട്ട് പോയി എന്നാണ്. എന്നീട്ടും ഇപ്പോള്‍ എന്തുണ്ടായി? ഒരദ്ധ്യാപകന്‍ രക്തസാക്ഷിയായി. കൈപ്പത്തിയ്ക്ക് ചായ്‌വുള്ള അദ്ധ്യാപകന്‍ അരിവാളിന് ചായ്‌വുള്ളവര്‍ക്ക് രക്തസാക്ഷി. ചരിത്രം ഇത്തരം കൌതുകങ്ങള്‍ എപ്പോഴും കാത്ത് വച്ചിരിക്കും.

ഹ ഹ രാധേ അതൊരു ചെത്തലക്കായി. എന്തൂട്ടാ പറയാ മറ്‌പടി?

ഭൂമിപുത്രി - ഇതു താരാട്ടാ. ഞങ്ങക്ക് രണ്ടാള്‍ക്കും ഇടിവെട്ടാര്‍ന്നു അത്. അവരെ ശര്യക്കാം. ദിപ്പോ കണ്ടില്ലേ അക്രമത്തിന്റെ സ്വഭാവം.

ബഹുവ്രീഹ്യേ - ഒക്കെ അവടെ പറഞ്ഞണ്ട്. സംഗതി ജോറായിന്റ്