Saturday, April 26, 2008

ഭാരതസ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി

പെണ്ണമ്മിച്ച്യേയ് കാപ്പി.

ആ നീ ഏന്റ്റാ? എങ്ങനീണ്ടാര്‍ന്നു നിന്റെ യാത്ര? വിമാനം പൊങ്ങുമ്പോ പേട്യാവോ?

ഹേയ് പേട്യാവൊന്നുമില്ല. ആദ്യം വിമാനം പൊങ്ങ്യേപ്പോ ഒരു ആന്തലു തോന്നി. ഇമ്മളീ ജയ്ന്റ് വീലിലൊക്കെ കേറുമ്പോ ഇണ്ടാവില്ലെ അതുപോലെ. പിന്നെ പരമ ബോറ്. ആകെ മൊത്തം നരച്ച മേഘത്തുണ്ടുകള്‍. ആദ്യം വെളുത്ത പഞ്ഞിത്തുണ്ടുകള്‍ കണ്ടപ്പോ ഞാന്‍ 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്നൊക്കെ പാടി കാല്പനികയാവാന്‍ നോക്കി. പിന്നെ ബോറടിച്ചു. നമ്മുട ഇന്ത്യന്‍ റെയില്‍‌വേയിലെ യാത്ര തന്നെയാണു ഏറ്റം ബെസ്റ്റ്.

എനിക്കൊന്നു പറക്കണ വിമാനത്തില്‍ കേറണം. പണ്ട് ഞാന്‍ എന്റെ വല്യാങ്ങളേടെ കൂടെ കൊച്ചിയ്ക്ക് പോയീണ്ട് വിമാനം കാണാന്‍. ചുവന്ന പരവതാനി ഒക്കെ വിരിച്ച് അതു കാണാന്‍ നല്ല ശേലായിരുന്നു.

ചുവന്ന പരവതാനി വിരിച്ച വിമാനമോ? അതു വല്ല കണ്ടം ചെയ്ത വിമാനാവും. :)

ആ ..എന്നട്ട് പെണ്ണമ്മിച്ചി ഞാന്‍ പറേണ കേക്ക്.

ഇങ്ങട് വരുമ്പോഴില്ലേ എയര്‍ പോര്‍ട്ടില്‍ വച്ച് രണ്ട് സ്ത്രികള് എന്റെടുത്ത് വന്നു ചോയ്ച്ചു, ഞാന്‍ ഒറ്റയ്ക്കാണോ എന്ന്. എന്റെ ബാഗ് സെക്യൂരിറ്റി ചെക്കിംങ് നടക്കുമ്പോഴാണു. എന്റെ കൂടെ ആരും ഇല്ലാന്ന് മനസ്സിലാക്കിണ്ടാവും. മടിച്ച് മടിച്ചാനെങ്കിലും അതേന്നു പറഞ്ഞു. അപ്പോ കൂട്ടത്തില്‍ പ്രായം കുറഞ്ഞ സ്ത്രീ ചോയ്ക്ക്യാണ് അവരും ഒറ്റയ്ക്കാണു അവരുടെ അടുത്തിരിക്കമോ എന്നു.

ഞാന്‍ നിന്നോട് പ്രത്യേകം പറഞ്ഞതല്ലേ ആരോടും ഒരു ഡീറ്റൈത്സും പറയരുതെന്ന്?

ഇവരു എല്ലാം നിരീക്ഷിച്ച് നിന്നു ചോദിക്കുമ്പോ എന്താ ചെയ്യാ? അവരു റോം കാണാന്‍ പോയതാത്രെ. ബോംബെയില്‍ നിന്ന് പോയ ഒരു തീര്‍ത്ഥാടന സംഘം. അവരുടെ കൂടെ ഉള്ള സ്ത്രീ കുടുമ്പമായിട്ടാണു വന്നെക്കണെ. ഇവരു ഒറ്റയ്ക്ക്. അപ്പോ തൊട്ടടുത്ത് ആണുങ്ങള്‍ ഇരിക്കാതിരിക്കാണു ഒറ്റയ്ക്കുള്ള പെണ്ണുങ്ങളെ അന്വേഷിക്കുന്നത്.

എല്ലാവരും പറേണത് വിശ്വസിച്ചോളും ഇവരൊക്കെ എന്തു ഉദ്ദേശിച്ചാന്ന് ആര്‍ക്കറിയാം.

ഹെന്റെ പെണ്ണമ്മിച്ച്യേയ് ഞാന്‍ പറേണതൊന്ന് കേക്ക്. ഹോ! ഞാന്‍ ചെക്കിംഗ് കഴിഞ്ഞു മുങ്ങാംന്ന് കരുതി. ബോര്‍ഡ് ചെയ്യണവരെ അവരെ കാണാതിരിക്ക്യേം ചെയ്തു. വിമാനത്തില്‍ കയറി ഒരു ചേട്ടായീടെ അപ്പുറത്ത് എന്റെ സീറ്റ്. വിന്‍ഡൊ സീറ്റല്ലെങ്കിലും സൈഡ് സീറ്റല്ലേ എന്ന് സമാധാനിച്ച് പെട്ടിയൊക്കെ ആ ചേട്ടായിയേകൊണ്ട് മുകലില്‍ വപ്പിച്ച് സുഖായി പാട്ടും കേട്ടീരിക്കുമ്പോ പിന്നിലൊരു ബഹളം.
തിരിഞ്ഞ് നോക്യേപ്പൊ ദേ നിക്കണു ആ പഴേ ചേടത്തി. ചേടത്തി എന്നെ കണ്ടതും എന്റെ അടുത്തുള്ള ചേട്ടായിയോട് വന്ന് ചേടത്തീടെ സീറ്റിലേയ്ക്ക് മാറി ഇരിക്കാമോന്നു ചോദിച്ചു. എന്നട്ട് ആ ചേട്ടായി നോക്യേപ്പോ ആ ചേടത്തീടെ വിന്‍ഡോ സീറ്റല്ല, മാത്രല്ല മിഡില്‍ സീറ്റ്! ചേട്ടായി കൂളായി പറഞ്ഞു പറ്റില്ലാന്ന്. കര്‍ത്താവേ രക്ഷപ്പെട്ടല്ലോ എന്നു കരുതി ഞാന്‍ വേഗം കയ്യിലുള്ള പുസ്തകം തുറന്ന് വായിക്കുകയാണെന്ന് ഭാവിക്കാന്‍ തുടങ്ങി.

നിനക്ക് പറഞ്ഞൂടാര്‍ന്നോ നിനക്ക് അവിടെ തന്നെ ഇരുന്നാ മതീന്നു.

എന്റെ പെണ്ണമ്മിച്ച്യേ, ആയമ്മേടെ ബഹളം കണ്ട് എനിക്ക് നാണക്കേടും മാനക്കേടും ഒക്കെ വന്നാര്‍ന്നു. അടുത്തൊരു ആണ്‍കൊച്ച് ഇരിക്കുന്നത് ആണു ആ 50 വയസ്സു കഴിഞ്ഞ ചേടത്തിയ്ക്ക് പിടിക്കാഞ്ഞത്. വിദേശികളൊക്കെ അവരുണ്ടാക്കുന്ന ബഹളം കണ്ട് അന്തം വിട്ടിരിക്ക്യാണു. അതും പോരാഞ്ഞ അവരു ഉറക്കെ വിളിച്ചു കൂവാണു ഞാന്‍ അവരുടെ ഫ്രെന്‍‌ഡ് ആണെന്ന്. നിഷേഷിച്ചാല്‍ പിന്നെ അവരു കൂടുതല്‍ ബഹളം ഉണ്ടാക്കും. അവരുടെ റ്റൂര്‍ മാനേജരും അവര്‍ക്ക് സീറ്റന്വേഷിച്ച് ഓടി നടക്കാണ്. അവരുടെ പെരുമാറ്റം കണ്ടീട്ട് ഫ്രോഡ് ആണെന്ന് തോന്നില്യാ. മാത്രല്ല. ഏകദ്ദേശം ഒരു 25 പേരുണ്ട് ആ സംഘത്തില്‍.

ഒഹ്! എന്റെ പൊട്ടിക്കാളി കൊച്ചേ, കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ അല്ലെ കൂടുതല്‍ ശ്രദ്ധിക്കണ്ടേ?

ആ അന്നേരം ഒന്നും തോന്നീല്യാ. പിന്നീം തോക്കിണ്ടെ എടേ കേറി വെടി വയ്ക്കണ്ട് ഞാന്‍ പറേണ കേക്കിണ്ടാ?

ആ പറയ് പറയ്..

അങ്ങനെ അവസാനം ബഹളത്തിന്റെ ഒടുവില്‍. അവരു അവരുടെ അടുത്തുള്ള ചെക്കനെ എന്റെ സീറ്റ്ലേക്കും എന്നെ അവരുടെ അടുത്തും ഇരുത്തി. ഞാന്‍ ആരേം നോക്കാണ്ട് വേഗം ആ സീറ്റില്‍ പോയിരുന്ന് വായന തുടങ്ങി.

ആ മിഡില്‍ സീറ്റില്‍ എന്റെ തൊട്ടപ്പുറത്ത് ഏകദ്ദേശം ഒരു 65 വയസ്സായ വല്യമ്മ. അതിനപ്പുറത്ത് പഴയ ചേടത്തി. വിമാനം പൊങ്ങണവരെ ഒറ്റയ്ക്കു യാത്ര ചെയ്യുബോള്‍ അപ്പുറത്തിരിക്കുന്ന ആണു സൃഷ്ടിക്കുന്ന കുഴപ്പങ്ങളേ കുറിച്ച് പ്രഭാ‍ഷണം. ഇടയ്ക്ക് ഞാന്‍ എത്രനാളായി ആ നാട്ടില്‍ എന്നുള്ള അന്വേഷണം.അവരുടെ യാത്രയുടെ വിവരങ്ങള്‍. റോമിലും ഇറ്റലിയിലുമുള്ള വിശുദ്ധ സ്ഥലങ്ങള്‍ കാണാന്‍ അന്‍പതിനായിരം രൂപ. വിമാന റ്റിക്കറ്റ്, താമസ്സം, ലോക്കല്‍ യാത്ര എന്നിവ ഉള്‍പ്പെടും. ഭക്ഷണം അവരവരു വാങ്ങണം.

അപ്പോ ഇവരാണു ഇമ്മടെ ഒരു മന്ത്രിക്കെതിരെ കേസു കൊടുത്തത് ;). ഈ തീര്‍ത്ഥാടന റ്റൂര്‍ നല്ല വരുമാനമുള്ള ഏര്‍പ്പാടാണല്ലേ.

വിമാനം പൊങ്ങി ഹോസ്റ്റസുമാര്‍ ഡ്രിങ്ക്സ് കൊണ്ടുവരാന്‍ തുടങ്ങിയപ്പോ അപ്പുറത്തിരിക്കുന്ന ചേടത്തീടെ വക ചോദ്യം

ഇവിടത്തെ ഏറ്റവും നല്ല വൈന്‍ ഏതാ?

ഞാന്‍ അറിയണ കുറച്ച് പേരൊക്കെ പറഞ്ഞു.

ഡ്രിങ്ക്സ് അടുത്തെത്തിയപ്പോ ചേടത്തി ഹോസ്റ്റസിനോട് പറയാണ്. വണ്‍ ബിയര്‍ പ്ലീസ്. പ്ലിസ് പോര്‍ സം വൈന്‍ റ്റൂ.

എന്നട്ട് എന്നെ നോക്കി. ഇങ്ങനെ യാത്ര ചെയ്യുമ്പോഴല്ലേ നമുക്കിതൊക്കെ റ്റേസ്റ്റ് ചെയ്യാന്‍ പറ്റൂ.

3 comments:

Unknown said...

ഇത് ഇപ്പഴാ കാണുന്നത് വളരെ രസമുള്ള രചന

രാജേഷ് ആർ. വർമ്മ said...

ബിയറു കുടിച്ചാല്‍ ചെലര്‍ക്കങ്ങനാ. സ്വല്‍പം വൈനും പൊറകേ കൊര്‍ച്ച്‌ റമ്മും ആകാംന്നു തോന്നും. നല്ല ഫിറ്റായാപ്പിന്നെ അടുത്തിരിക്കുന്ന ആണുങ്ങളുടെ തോളേല്‍ തൂങ്ങാനും. അതുകൊണ്ടുണ്ടാവുന്ന കുഴപ്പങ്ങളോ? അങ്ങനെയുള്ളവരപ്പം ഇങ്ങനെ സുരക്ഷിതമായിട്ടൊള്ള ഒരിടത്തിരുന്നു ബിയറു കുടിക്കുന്നതല്ലിയോ നല്ലത്‌? കൊച്ചു പറ.

മോളമ്മ said...

അനൂപ്, നന്ദി.

രാജേഷ്, പറഞ്ഞത് വളരെ ശരിയാണ്. അപ്പുറത്തിരിന്ന അമ്മച്ചി ബീറു, വൈന്‍ കുടീ‍ം കഴിഞ്ഞ് എന്റെ തോളേല്‍ തൂങ്ങി ഉറങ്ങാന്‍ തുടങ്ങി. എനിക്ക് വന്ന കലിയ്ക്ക്! മാത്രല്ല, നമ്മളുപയോഗിക്കാത്ത സ്നാക്സ്, ഉപയോഗിച്ച ഗ്ലാസ്, നാപ്കിന്‍ സെറ്റ് എന്നു വേണ്ടാ സഞ്ചിയില്‍ ആക്കാ‍ന്‍ പറ്റുന്നതൊക്കെ ചോദിച്ചു വാങ്ങിക്കൊണ്ടിരുന്നു. ഒരു സാധാരണ വീട്ടമ്മയാണ് ഈ പണി ചെയ്യുന്നതെങ്കില്‍ കുറച്ച് കൌതുകത്തോടെ നോക്കിയിരുന്നേനെ.അവര്‍ എന്തോ കൂടിയ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച സ്ത്രീയായിരുന്നു.