Saturday, June 14, 2008

ഇന്‍ഡി & ഇന്‍ഡ്യ

പുത്യേ ഇന്‍ഡ്യാന ജോണ്‍സിന്റെ ഡി.വി.ഡി എറങ്ങീരീ കുഞ്ഞോളെ?

ഇല്യാ.. ഞാനിന്നല്ലെ ആ കുരിശുയുദ്ധം (Indiana Jones and the Last Crusade)ഇട്ട് കണ്ടു. എനിക്കേറ്റമിഷ്ടം അത്‌ണ്.ഹോ അയില് ഹാരിസണ്‍ ഫോഡിനേക്കാളും ചുള്ളന്‍ ഷോണ്‍ കോണെറീണ്. അവ്ഉ! നേം ഓഫ് ദി റോസ്(The Name of the Rose) കാണണം. പ്രേമിച്ച് പൂവും.

മാച്ചോണ്. പക്ഷേ ആരാധിക്കാനെ കൊള്ളൂട്ട്റീ ആ ജാതി സാനങ്ങളെ. കെട്ട്യോനാക്കാനാണെങ്കെ എടയ്ക്ക് മീന്‍ നന്നാക്കിം തുണിം പാത്രൊക്കെ കഴുകിം സഹായിക്കണോരു മതീട്രീ ക്ടാവേ..

ഈ പെണ്ണമ്മിച്ചീരെ കാര്യം. ഇതൊക്കെ ജസ്റ്റ് ഫോര്‍ വീയെന്‍

മ്ം എനിക്ക് കുരിശുയുദ്ധത്തിന്റെ പടം നല്ല ഇഷ്ടാണു. ഏറ്റവും ആദ്യത്തെ ആ പത്തുകല്പനകള്‍ടെ കതേം (Raiders of the Lost Ark) ഇഷ്ടാണു. ഇമ്മടെ മന്ത്രവാദകഥകളെ വെല്ലണ കഥകള് ബൈബിളിനെ ചുറ്റിപറ്റി കാണുബോ ഒരു കൌതുകണ് കണ്ടിരിക്കാന്‍.‍പക്ഷേ ആ അമരേഷ്പുരി അഭിനയിച്ചത് ഇഷ്ടേ അല്ല.

ഏത്? രണ്ടാമത്ത്യാ? റ്റെമ്പിള്‍ ഓഫ് ഡൂമ് (Indiana Jones and the Temple of Doom )?

ആ അതെന്നേരീ എന്തൂട്ട്ണു ആ ലൂക്കോസും(George Lucas)സ്പില്‍ബര്‍ഗും കൂടി കാണിച്ചു വച്ചേക്കണെ? ഇന്‍ഡ്യാന്നു വച്ചാ ഇങ്ങന്യൊക്കീന്ന്?

എനിക്കിഷ്ടായി. നല്ല അഡ്വഞ്ചറല്ലേ? ഹൌ ആ തേളുകളുടീം പഴുതാരേടെം എടേക്ക്കൂടെ പോണകാണുമ്പോ അറക്കൂട്ടാ.. പക്ഷേ അതീ സീരീസില്‍ എല്ലാത്തിലും ഇണ്ട്. കുരിശുയുദ്ധത്തിന്റേല് നെറച്ചും എലീലെ, പത്തുകല്‍പ്പനകളില്‍ പാമ്പ്. എയ്.. പേടീനേക്കാട്ടിം ഓക്കാനാണ് വരാ അത്രേം പാമ്പോളെ കാണുമ്പോ.

ഹേയ് അതല്ലറീ രാജക്കൊട്ടാരത്തില് വിളമ്പണ ഭക്ഷണം കണ്ടാ.. ജീവന്‌ള്ള പാമ്പ്, തേള്, കൊരങ്ങനെ തലച്ചോറ്, ആടിന്റെ കണ്ണ്, ഇന്ത്യേലു ഏതു രാജകൊട്ടാരത്തിലാണ് ഇതൊക്കെ തിന്നണ്ടാര്‍ന്നത്? ഗ്രാമത്തിലുള്ളോരു തിന്നാന്‍ കൊടക്കണത് ഈച്ച പറക്കണ ചാണം പോലത്തൊരു സാധനം. ഹൌ അക്രമം! കാട്ടുജാതിക്കാരാണെങ്കെ വല്ല ചുട്ട ഇറച്ചിയോ കാട്ടു കിഴങ്ങോ കൊടുക്കും അതിലെങ്കനീണ് ഈച്ച പറക്കാ?

അതൊക്കെ ഒരു ഇഫെക്റ്റിനു വേണ്ടീട്ടല്ലേ പെണ്ണമ്മിച്ച്യേയ്

ഉവ്വറീ ഇഫെക്റ്റ്! ഏതു സിനിമിടുക്കുമ്പോഴും അയിന്റെ ചരിത്രത്തില് ഗവേഷണം നടത്തണ ആള്‌ണ് സ്പില്‍ബര്‍ഗ്. ഇന്‍ഡ്യയെ സംബന്ധിക്കുന്ന പടമെടുത്തപ്പോ അതൊന്നൂല്യാ. എന്തൂട്ടണ്ടീ ഈ ശങ്കരസ്റ്റോണ്‍!

ഇതൊക്കെ ലോകം മുഴോനും വേണ്ടീട്ടല്ലേ. അതും ഒരു പള്‍ഫ് ഫിക്ഷന്‍ കഥാപാത്രം. ഇക്കണക്കിന് ഈ ഗഡീഡെ ജൂറാസിക് പാര്‍ക്ക് കണ്ടാ ബയോളജി പഠിച്ചിട്ടൂള്ളോര് ജീവനും കൊണ്ടോടൂലോ..

ആ.. എനിക്കിഷ്ടല്ല അതും. പക്ഷേ അതിനേക്കാള്‍ കൊഴപ്പ്ണ് ഈ ഇന്‍ഡ്യന്‍ രീതികള്‍ ഇങ്ങനെ പരിഹാസ്യമായി ലോകം മൊത്തം അവതരിപ്പിക്കണത്. ഇത്ണ് സംസ്കാരിക സാമ്രാജത്വം (Cultural Imperialism). അറിയോ നിനക്ക്? സംസ്കാരങ്ങളുടെ പുറത്തുള്ള കുതിരക്കേറ്റം നടത്തണതിനള്ള ഒരു മാര്‍ഗ്ഗാണ് ഇത്തരം സിനിമോള്. നിന്നോട് ഇന്നാളൊരു സായിപ്പ് ചോദിച്ചില്ലേ നിങ്ങള് എലീനീം പാമ്പിനീം ആരാധിക്കണന്റ്തെന്താന്ന്? ഇതേ സായിപ്പാണ് ചൈനക്കാര് പാമ്പിനെ തിന്നണത് പരിഹസിക്കണതും അതേസമയത്ത് ജപ്പാങ്കാരിണ്ടാക്കണ ഹാബുസാകേ ആരാധനയോടെ നോക്കണതും വന്‍‌വിലകൊടുത്ത് വാങ്ങണതും.

റ്റെമ്പിളോഫ് ഡൂം ഇന്‍ഡ്യേല് ബാന്‍ ചെയ്തണ്ടാര്‍ന്നു.

ഉവൂവ്വ്.. കൊറച്ചീസം കഴിഞ്ഞപ്പോ കോടതി വെലക്കെടുത്ത് മാറ്റീ. ലൂക്കോച്ചായനും സ്റ്റീവച്ചായനും ആരാ മക്കള്!!

ഇന്‍‌ഡ്യാന ജോണ്‍സ് സിനിമകളുടെ നിലവാരം - തൊലിക്കല്‍

8 comments:

ഗുപ്തന്‍ said...

ചലച്ചിത്രങ്ങളില്‍ മാത്രമൊന്നും അല്ല. പരസ്യങ്ങളിലും ബിബിസി പോലെയുള്ള അന്താരാഷ്ട്ര വാര്‍ത്താധിഷ്ടിത റ്റെലിചാനലുകളിലും പത്രങ്ങളിലും വരെ ഇന്ത്യയെക്കുറിച്ചുള്ള ചിത്രം 50 വര്‍ഷം പഴക്കമുള്ളതാണെന്ന് തോന്നിയിട്ടുണ്ട്.


പക്ഷെ മധ്യേന്ത്യയുടെ ചിലഭാഗങ്ങളില്‍ യാത്രചെയ്തപ്പോള്‍ 50 വര്‍ഷത്തിനപ്പുറം കുരുങ്ങി നിന്നുപോയ ഗ്രാമങ്ങളെയും കണ്ടു. :(

എല്ലാ ദിവസവും വൈകുന്നേരം കോഴിപ്പോരിനു ചന്തയില്‍ വന്നിരുന്ന് ബെറ്റ് വച്ച് കൂവുകയും തല്ലുണ്ടാക്കുകയും ചെയ്യുന്ന ഐ.എ.എസ് ഓഫീസര്‍.... ഒരുപറ അരിയും വൈകുന്നേരത്തെ കള്ളും കൂലിപറഞ്ഞ് അടിമവേല ചെയ്യുന്ന പാവങ്ങള്‍.... 15 കിലോമീറ്റര്‍ വരെ നടന്നാല്‍ മാത്രം ചെന്നെത്താവുന്ന ഗ്രാമങ്ങള്‍...... ഇടക്ക് തോടുകളിലേക്ക് വാഹനങ്ങള്‍ ഇറങ്ങിക്കടക്കുന്ന പാലം ഇല്ലാത്ത സ്റ്റേറ്റ് ഹൈവേകള്‍..... റീഫില്‍ ചെയ്യാവുന്ന ബാറ്ററിയില്‍ മാത്രം വൈദ്യുതിവെളിച്ചം എത്തിയ വീടുകള്‍... ഒരുപകര്‍ച്ച വ്യാധിയുടെ തരി എത്തിയാല്‍ മാത്രം വിറച്ചുചൂളുന്ന പതിയെ മരിച്ചൊടുങ്ങുന്ന സമൂഹങ്ങള്‍... ഒക്കെ നേരില്‍ കണ്ടതില്‍ ചിലതുമാത്രം.

ആരോടാണ് നാം രോഷം കൊള്ളേണ്ടത് ?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഹൊ ഞാനപ്പോഴേ.. പറഞ്ഞതാ....
എനിക്ക്‌ സമയമില്ലാ സമയമില്ലാന്ന്‌....
ഒടുവില്‍ സമയമില്ലാത്ത സമയത്ത്‌ അങ്ങേര്‍ക്ക്‌എന്തൊക്കെയോ..
ചില ഹിണ്റ്റ്‌ കൊടുത്തു...
അതുകൊണ്ടാ... ഇന്ത്യാനാ ജോണ്‍സെന്ന സിനിമയ്ക്ക്‌ കാര്യമായ ഗവേഷണം നടത്താനാവാതെപോയത്‌....
സംവിധായകന്‍ എണ്റ്റെ
കാലുപിടിച്ച്‌ പറഞ്ഞതാ...
ഈ പടം നിങ്ങള്‍ തന്നെചെയ്താലേ..
ശരിയാവൂ... ശരിയാവൂ...എന്ന്‌... പക്ഷേ..അന്യന്‍ വിടുമോ...
അവന്‍ എനിക്ക്‌ ഒരു രണ്ട്‌ രൂപ
അമ്പത്‌ പൈസ തരാനുണ്ട്‌....
ഇതുവരെ അതുതന്നില്ല..
പണ്ടു ഞങ്ങള്‍ കട്ടയിട്ട്‌... സാന്‍ഫ്രാന്‍സിസ്കോയില്‍പോയി
വെള്ളമടിച്ചപ്പോള്‍..
എണ്റ്റെയടുത്ത്‌ നിന്ന്‌അവന്‍
ആ പൈസ അധികം വാങ്ങിയതാ...

(എന്തായാലും...അവതരണം കൊള്ളാം....ട്ടോ... അല്ല സത്യത്തില്‍ ആ പടം കണ്ടിരുന്നോ.. ആവോ.. :)

ഹൊ ഈ സാംസ്കാരിക അധിനിവേശവുംസാമ്പത്തിക അധിനിവേശവും... കൊണ്ട്‌തോറ്റല്ലോ... അല്ലേ... :)

മലമൂട്ടില്‍ മത്തായി said...

Sorry for commenting in English this time.

I believe that everything we say about India is true. And everything we say about India is false as well. I do believe that India is a great country, but one cannot deny the very bad conditions in which a majority of the country live. It is only recently that I read about dalit people being forced to eat human excrement - as a punishment but then that is not far off from the depiction in the picture.

Cultural imperialism is a kind of bugbear words used by the communists, when it suits them. Fact of the matter is every culture looks down on others. We ourselves are not free from it - we always point out about the decadant west and never even think about the good things over in the West. For the record, women can walk freely anytime of the day/ night without fear.

Anyways, a movie is just a movie, it is not a documentary. So the director does have some freedom to express his ideas.

Siju | സിജു said...

ഇത് മുമ്പത്തെ കഥയല്ലേ..
ഗ്ലോബലൈസേഷന്‍ വന്നേപിന്നെ അമേരിക്കക്കാര്‍ക്ക് ഇന്ത്യയെന്താണെന്ന് കുറച്ചൊക്കെ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതു പോലെ അമേരിക്കക്കാര്‍ പകുതിയും മണ്ടന്‍മാരാണെന്ന് ഇന്ത്യക്കാര്‍ക്കും അറ്റ് ലീസ്റ്റ് കോള്‍ സെന്ററില്‍ പണിയെടുക്കുന്നവര്‍ക്കെങ്കിലും മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

ഗുപ്തന്‍ said...

ന്യൂയോര്‍ക്ക് റ്റൈംസിലെ ഈ ലേഖനവും നേരിട്ടല്ലെങ്കിലും പ്രസക്തമാണെന്ന് തോന്നുന്നു:

http://www.nytimes.com/2008/06/09/world/asia/09gated.html?_r=3&th&emc=th&oref=slo&oref=slogin&oref=slogin

ഇന്ന് ഇതു വീണ്ടും ശ്രദ്ധയില്പെടുത്തിയത് ബ്ലോഗര്‍ മൂര്‍ത്തിയാണ്.

മോളമ്മ said...

ഗുപ്താ - ഇന്ത്യ വര്‍ണ്ണവെറിയില്‍(റേസിസം) ഒട്ടും തന്നെ പിന്നിലല്ലാത്ത രാജ്യമാണെന്ന് നന്നായി അറിയാം. പറയാന്‍ ഉദ്ദേശിച്ചത് ഒരു സംസ്ക്കാരം മോശം എന്ന് ധ്വനിപ്പിക്കുന്ന ചിന്തകള്‍ നല്ലതല്ലെന്നായിരുന്നു. ഇന്ത്യയില്‍ തന്നെ ധാരളം ഉദാഹരണങ്ങള്‍ ഉണ്ട്. പശുമാംസം തിന്നവരെ പീഡിപ്പിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ നമ്മുടെ സ്വന്തമല്ലെ. എന്നാലും ആ സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ വന്ന ചിന്തകള്‍ ആ സിനിമയുടെ പശ്ചാത്തലത്തില്‍ തന്നെ എഴുതീന്നെ ഉള്ളൂ. ന്യൂയോര്‍ക്ക് റ്റൈംസ്ന്റെ ലേഖനം കണ്ടിരുന്നു. നന്ദി.

അന്യങ്കുട്ടീനെ പോലെ കൊറേ ക്ടാങ്ങള് കുഞ്ഞോളടക്കം ഇമ്മടോടെ ഇണ്ട്. ഒക്കെത്തിനും ഒരു വണ്ടിക്ക് പൂട്ടാം. എന്നാലും പടം കണ്ടിരുന്നോന്നൊക്കെ എന്തൂട്ട് ചോദ്യാ ഗഡ്യേ? കാണാണ്ട് ഇതൊക്കെ പറയോ.. എന്തൂട്ടിസ്റ്റാ ഇങ്ങനെ..

മത്തായികുട്ട്യ- കമ്യൂണിസ്റ്റുകളുടെ വാക്കായാലും ഇത്തരം പ്രവണതകളെ അവതരിപ്പിക്കാന്‍ അതൊരു കൊള്ളാവുന്ന വാക്കായി തോന്നീ. പടം സെറ്റ് ചെയ്തിരിക്കുന്ന 1935 ഇല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജക്കൊട്ടാരത്തില്‍ ഈ വകകള്‍ സെര്‍വ് ചെയ്യും എന്ന് കരുതാന്‍ വയ്യ. ദളിതര്‍ക്ക് തോട്ടിപണിയും, തീട്ടം തീറ്റിക്കല്‍ ശിക്ഷയും ഉണ്ട് സത്യം. പശ്ചാത്യലോകത്തിന്റെ സംസ്കാരത്തെ കുറിച്ച് കുറ്റം പറയുന്നില്ല, മാത്രമല്ല പലതും അവരില്‍ നിന്നു പഠിക്കേണ്ടതാണ് എന്ന് കരുതുകയും ചെയ്യുന്നു. എലും മറ്റുള്ളവയോട് ബഹുമാനം കാണിക്കാത്തതെന്തേ എന്നേ ചോദിക്കുന്നുള്ളൂ.

സിജു പറഞ്ഞത് ശരിയാണ്. സംസ്കാരങ്ങള്‍ക്ക് പരസ്പരം കുറേകൂടി കൃത്യമായി അറിയാന്‍ സാധിച്ചു എന്നത് ഗ്ലോബലൈസെഷന്റെ ഒരു ഗുണമാണ്,

ഗുപ്തന്‍ said...

ഈശ്വരാ പെണ്ണുങ്ങള് പറയണകേട്ട് പടം കാണാന്‍ പോവൂല്ലാന്ന് പണ്ടേ തീരുമാനിച്ചതാ.. എന്നിട്ടീഞാന്‍ ആ മണ്ടത്തരം കാണിച്ചൂ...

ആ ലാസ്റ്റ് ക്രൂസേഡിന്റെ ഡിവിഡി വാങ്ങിച്ചു. അമേരിക്കന്‍ ചാരന്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കുന്നതൊക്കെ കണ്ടിച്ച് ചിരിച്ചുചിരിച്ചെന്റെ അമ്മച്ചീ....

എന്തായാലും മിസ്റ്റര്‍ ‘ഷോണ്‍സ്’ കിടു. കിടുവല്ല കിക്കിടു. ഫോര്‍ഡിന്റെ കേട് ഷോണറി കൊണ്ട് തീര്‍ന്നു :)

മോളമ്മ said...

ഗുപ്താ - പള്‍പ്പ് ഫിക്ഷന്‍ എന്ന് ‘കറുത്ത‘ മലയാളത്തില്‍ എഴുതീത് വായിക്കുമ്പോള്‍ കണ്ണില്‍ മത്തക്കുത്ത്യേക്കാര്‍ന്നു :). എന്നട്ട് പെണ്ണുങ്ങള്‍ക്ക് കുറ്റോം. വേണ്ടാ. വേണ്ടാ‍ാ.

കണ്ണില്‍ മത്തകുത്തി ഇനി വരാന്‍ സാധ്യതയുള്ളോര്‍ക്ക് വേണ്ടി തരം ഉള്‍പ്പെടുത്തിണ്ട്. എന്തൊക്കെ പറഞ്ഞാലും ടാര്‍സനും, ഫാന്റവും, യോദ്ധയുമൊക്കെ ഉള്ളി തൊണ്ട് കളയണ സമയത്ത് കാണാന്‍ ഉഗ്രനാണ് :)ഷോണ്‍ കോണറീനെ കണ്ടാ തന്നെ സമയം മൊതലാവൂലോ.