
ഒക്കെ ഗയ്സ്.. സൂര്യന് അസ്തമിക്കാറായി. എല്ലാവരും വെള്ളത്തീന്ന് കേറ്. ഒരു കാര്യം കാണിച്ചരാനാണ് നിങ്ങളെ ഇങ്കട് കൊണ്ടന്നത്.
കുഞ്ഞോളേച്ചേയ് പ്ലീസ് സൂര്യന് അസ്തമിക്കണവരെ കളിക്കട്ടെ.
നോ.. നോ.. സൂര്യന് അസ്തമിച്ചാല് പിന്നത് കാണാന്‍ പറ്റില്യാ. എല്ലാവരും കേറി ഇരിക്ക്
ഈ കുഞ്ഞേളേച്ചീരെ ഒരു കാര്യം എപ്പളും പഠിപ്പും പഠിപ്പിക്കലും. ഹും!
യാ സ്മാര്‍ട്ട് ഗയ്സ് .. ഇനി പറഞ്ഞേന്..
കടലിനും പകലാകാശത്തിനും നീലനിറമാകാന്‍ കാരണമെന്ത്?
നീ പറയടാ മോനച്ചാ നിനക്കല്ലേ അത് പഠിക്കാനള്ളത്.
കടലിലെ ജലതന്മാത്രകളും അന്തരീക്ഷത്തിലെ വാതക തന്മാത്രകളും (ഓക്സിജന്‍, നൈട്രജന്‍) വെളിച്ചത്തെ ചിതറിക്കുന്നു (Scattering). ഈ തന്മാത്രകള് വളരെ ചെറുതായതിനാല്‍ ചിതറപ്പെടുന്ന വെളിച്ചത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ കൂടുതല്‍ ചിതറപ്പെടുകയും അങ്ങനെ ആകാശം നീലാകാശമായും കടല്‍ നീലക്കടലായും കാണപ്പെടുകയും ചെയ്യുന്നു.
മിടുക്കന്. ദാ..പിടി.. ഒരു ഫൈവ്സ്റ്റാര്‍
അടുത്ത ചോദ്യം. ഉദയാസ്തമയ വേളകളില്‍ ചക്രവാളം ചുവന്ന് കാണപ്പെടുന്നതെന്തുകൊണ്ട്? നീ പറയെടീ കുഞ്ഞാപ്പ്യേ
ഉദയാസ്തമയ സമയത്ത് വെളിച്ചത്തിന് കാണുന്ന ഒരാളിലേക്കെത്താന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ ചിതറി നഷ്ടപ്പെടുകയും തരംഘദൈര്‍ഘ്യം കൂടിയ ഓറഞ്ചും, ചുവപ്പും നിറങ്ങള്‍ മാത്രം കാഴ്ചക്കാരനിലെത്തുകയും ചെയ്യുന്നു. അതിനാല്‍ ഉദയാസ്തമയ സമയത്ത് ചക്രവാളം ചുവന്ന് കാണപ്പെടുന്നു.
മിടുക്കി നിനക്ക് ദേന്നാ..ഡയറി മില്‍ക്ക്.
അപ്പോ ദേ സൂര്യന് അസ്തമിക്കാറായി എല്ലാവരും സൂക്ഷിച്ച് സൂര്യനെ നോക്യേന്. ചോപ്പലാണ്ട് എന്തേലും നെറം കാണുന്നുണ്ടോന്ന് സൂക്ഷിച്ച് നോക്ക്. കണ്ണ് വെട്ടിക്കരുത്.. ദേ സൂര്യന് വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി.
ദേ.. കറുപ്പ് ..
അതൊരു കിളിയാണെടാ പൊട്ടാ
ദേ പച്ച!
ആ.. അതന്നെ സൂക്ഷിച്ച് നോക്ക് ആരൊക്കെ പച്ച കാണുന്നുണ്ട്?
ദേ മുങ്ങി കഴിഞ്ഞു.
മോനച്ചന് നൊണ പറഞ്ഞതാണ്. ഞങ്ങളാരും പച്ച കണ്ടില്ല.
മോനച്ചന് നൊണ പറഞ്ഞതൊന്നല്ല. സൂര്യാസ്തമയത്തിന്റെ അവസാനം സൂര്യനു മുകളില്‍ ഇങ്ങനെ പച്ചനിറം കാണുന്നതിനെയാണ് മരതക മിന്നല്‍ (Green Flash) എന്ന് പറയുന്നത്. സൂക്ഷിച്ച് നോക്കിയാലേ അതു കാണൂ.
എന്തുകൊണ്ടായിരിക്കും ഈ മരതക മിന്നല്‍ ഉണ്ടാകുന്നതെന്ന് ആര്‍ക്കെങ്കിലും ആലോചിച്ച് പറയാമോ?
......
മ്ം ഒക്കെ. അതു ഇത്തിരി കുഴപ്പിക്കുന്ന കാര്യാണ്. ചൂട് വ്യതിയാനമുള്ള അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ അപവര്‍ത്തനം മൂലമാണ് മരതക മിന്നല്‍ ഉണ്ടാകുന്നത്. നീല, പച്ച എന്നീ തരംഘദൈഘ്യം കുറഞ്ഞ (കൂടിയ ആവര്‍ത്തിയുള്ള) നിറങ്ങള്‍ക്ക് കൂടുതലും മഞ്ഞ, ചുവപ്പ് തുടങ്ങിയ തരഘദൈര്‍ഘ്യം കൂടിയ (ആവര്‍ത്തി കുറഞ്ഞ)നിറങ്ങള്‍ക്ക് കുറച്ചും അപവര്‍ത്തനമാണ് സംഭവിക്കുന്നത് എന്നതിനാല്‍ ഭൂമിയൂടെ വളവിനോട് താരതമ്യപ്പെടുത്താവുന്നത്ര അപവര്‍ത്തനം സംഭവിക്കുന്ന പച്ച, നീല നിറങ്ങളുടെ മിന്നല്‍ മാത്രമെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരു റ്റെലെസ്കോപിലൂടെ നോക്കിയാല്‍ സൂര്യനുചുറ്റും ആദ്യം ചുവപ്പ് പിന്നെ മഞ്ഞ പിന്നെ പച്ച, പിന്നെ നീല എന്നിങ്ങനെയുള്ള നിന്നലുകള്‍ കാണാം. വെളിച്ചത്തിന്റെ ഇത്തരം അപവര്‍ത്തവും മരീചിക എന്ന പ്രതിഭാസവും ചേര്‍ന്നാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന മരതക മിന്നല്‍ സാധ്യമാകുന്നത്.
എന്നട്ട് ഇമ്മള് നീല മിന്നല്‍ കണ്ടില്യാലോ
അത് ഇവിടെ കാലാവസ്ഥ ഇത്തിരി മോശം ആയോണ്ടാടാ. നല്ല കാലാവസ്ഥയില്‍ നീല മിന്നലും വെറും കണ്ണോണ്ട് കണ്ടട്ടള്ളവരുണ്ട്.
അപ്പോ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്, മരീചിക എങ്ങനെയാണുണ്ടാകുന്നത് എന്നൊക്കെ കണ്ട് പിടിച്ച് വച്ചാല്‍ അടുത്ത യാത്ര വെലങ്ങന്‍കുന്നില്‍ക്ക്.
ഒക്കെ.. ഒക്കെ.. എല്ലാവരും വണ്ടീല് കേറ്..
****************************************
ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന വായനക്കാര്‍ ഗ്രീന്‍ ഫ്ലാഷ് ഒക്കെ കണ്ടിട്ടുണ്ടാകും. കാണാത്തവര്‍ ഇനി ഉദാസ്തമയ സമയത്ത് നോക്കുക. നഗ്നനേത്രം കൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും നല്ല കാലാവസ്ഥയില്‍ ഒരു സെക്കന്റ് നേരം കാണാന്‍ സാധിക്കും.Green Flash വിവിധയിനം ഉണ്ട്. അതിനെല്ലാം വിവിധ തരം വിശദീകരണമാണ്. കൂടുതല്‍ വായിച്ച് മനസ്സിലാക്കുക.
കൂടുതല്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക്
http://mintaka.sdsu.edu/GF/
http://www.meteoros.de/flash/flashe.htm
http://www.exo.net/~pauld/physics/atmospheric_optics/green_flash.html
ഫോട്ടോയ്ക്ക് കടപ്പാട് വിക്കി
4 comments:
ചെറിയ ക്ലാസ്സില്‍ പഠിച്ചതാണെങ്കിലും പഠിപ്പിന്റെ വലിപ്പം കൊണ്ട് അത് മറന്നു പോയിരുന്നു, നന്ദി, തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഈ വായന.
യാക്കോവ് പെരെല്‍മാന്റെ “ഭൌതികകൌതുകം” (Physics can be entertainment) എന്ന റഷ്യന്‍ പുസ്തകത്തില്‍ ഇതു വായിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈ “പച്ച രശ്മി” നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ അങ്ങനെയൊരു സംഭവം ഉണ്ടു്, അല്ലേ?
വിത്യസ്തമായ ഈ ബ്ലോഗും പോസ്റ്റുകളും വായിച്ചു..
സരസമായ രീതിയില്‍ ഈ പഠനവും നന്നായി
ആശംസകള്‍
ഫസല്‍ - ആവശ്യമില്ലാത്ത കാര്യങ്ങള്‍ സൂക്ഷിച്ച് തലയിലെ ഡിസ്ക് സ്പേസ് വേസ്റ്റാക്കണോ? :)
ഉമേഷ് - നല്ല കാഴ്ച ശക്തി ഉണ്ടെങ്കില്‍, നല്ല അന്തരീക്ഷമാണെങ്കില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം. പെണ്ണമ്മിച്ചി ഇതേ വരെ കണ്ടട്ടില്യാ. നല്ല സൂം ലെന്‍സ് ഉള്ള ക്യാമറയില്‍ കൂടി നോക്കിയാലും കാണാം.
ബഷീര്‍ - മറ്റ് പോസ്റ്റുകളിലെ കമന്റ്സും കണ്ടു. താങ്ക്സ്.
Post a Comment