Saturday, July 4, 2009
സോദാമികളെ ഇതിലെ.. ഇതിലെ..
എന്തേ?! എന്തേണ്ടായേ ചേച്ച്യേ?
നീയപ്പോ അറിഞ്ഞില്ലേരീ കുണ്ടമാര്ടെ പരിപാട്യോളൊക്കെ കുറ്റല്ലാണ്ടാക്കീത്രേ!
ആ അറിഞ്ഞു. അങ്ങനെ വേണം ജഡ്ജിമാരായാ. സര്ക്കാര് മനസ്സില് കാണുമ്പോ മാനത്ത് കാണണോരാവണം ജഡ്ജിമാര്. ജഡ്ജികള് ദ ഗ്രേറ്റ്. പത്തെണ്ണൂറ് വര്ഷം നിലനിന്ന വൃത്തിക്കെട്ട നെയമാണിലാണ്ടായേ. ഇമ്മക്കാഘോഷിക്കേണ്ടേ ചേച്ച്യേയ് ഇടക്കറി കുഞ്ഞോളെ ഇമ്മടെ ഇരുബന്പുളി വൈന്.
ഈ പെണ്ണമ്മിച്ചിക്കൊരു നാണോം മാനോല്യാലോ. ഹോമോസെക്ഷ്യുവാലിറ്റി നെയമ വിധേയാക്യേന് ഇവടെ കെടന്ന് കുതരകേറണതെന്തിനാ? എന്റെ സംശയം ആ ജഡ്ജിമാരു കുണ്ടമാരാനാ
ഫ! ശവി! നാണണ്ട്രാ നെനക്ക് അവന്റെ ഒരു കു&**$! എന്റെ നാവേ! ഞാനിന്ന് കുമ്പസാരിച്ചതാട്ടാ. വെറ്തെ എന്റെ നാവിന് നീ കടം വരത്തല്ലറാ കന്നാലീ. ആ വിധി നീ വായിച്ചാ? പോട്ടെ ചുരുങ്ങീത് പത്രവാര്ത്തോളെങ്കിലും വായിച്ചാ? എവടെ! ആ സെന്ററില് കൊറേണ്ണം ജോലീം കൂലീമില്ലാണ്ട് ഇരുന്ന് പറയണതന്നെ അവന്റെ വേദാന്തം. നീയും നിന്റെ കൂട്ടുക്കാരും ജയിലില് കെടന്ന് ഗോതബുണ്ട തിന്നണ ക്രിമനല് കുറ്റംണ് ഇപ്പോ ക്രിമനല് കുറ്റല്ലാണ്ടാക്കീത്. ഇദ്ണ് പറയണേ.. മനുഷ്യനൊരു നല്ല കാര്യം ചെയ്യാന് പൂവരുത്. പോണോരൊക്കെ മോശക്കാരവും.
അയ്യേ ഞാനത്തരക്കാരനൊന്നല്ല. എന്റെ മാതാവേ! ഈ പെണ്ണമ്മിച്ചിയ്ക്കെന്താ പ്രാന്തായാ? ബൈ ദി ബൈ മിസ്സീസ് പെണ്ണമ്മിച്ചി, ജയിലിപ്പോ ഗോതബുണ്ടയല്ല ഗോതബ് ചപ്പത്തിയാന്ന് ‘മായാവി’ പറഞ്ഞണ്ട്.
നീ എത്തരക്കാരനല്ലാന്ന്? ഗേയാ? ആണെങ്കില് തന്നെ അതിലെന്തൂട്ട്ണ് അയ്യേ? എടാ. നീ, ഗേയും കുണ്ടനൊന്നവണ്ടാ ആദ്യം പോയി ഐ.പി.സി. 377 എന്തൂട്ടാണെന്നു വായിക്ക്. വായിച്ചോട്ക്രി കുഞ്ഞോളേ?
“377. Unnatural Offences - Whoever voluntarily has carnal intercourse against the order of nature with any man, woman or animal, shall be punished with
imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.
Explanation - Penetration is sufficient to constitute the carnal intercourse necessary to the offence described in this section."
എന്ന്വച്ചാ പ്രകൃതീരെ കല്പനയ്ക്കെതിരായ എന്തു രതിയും കുറ്റാര്ന്നു ഇത്രനാളുംന്ന്.
എന്ന്വച്ചാ?
എന്ന്വച്ചാ കുട്ടികളീണ്ടാക്കാത്ത എന്തുതരം രതിയും കുറ്റാര്ന്നൂന്ന്. അത് ആണും ആണും എന്നില്ല, നീയും നിന്റെ ഭാര്യായിട്ടായാലും അത് കുറ്റാര്ന്നു ഇന്നലെ വരെ. 10 കൊല്ലം ഗോതബുണ്ട, സോറി ചപ്പാത്തി തിന്നു കെടക്കാന് വേറെവിടീം പോണ്ടാന്ന്. കേട്ട്റാ കുതരേ. ഇങ്ങനൊരു വിധി ഇപ്പഴെങ്കിലും വന്നേനു ആ ജഡ്ജിമാര്ക്ക് പറയണം സ്തുതി. അപ്പഴാണവന്റൊരു വര്ത്താനം. അവരു എന്ത്ട്ടാണ് പറഞ്ഞേന്ന് വായിച്ചോടക്കറീ കുഞ്ഞോളേ.
“We declare that Section 377 IPC, insofar it criminalises consensual sexual acts of adults in private, is violative of Articles 21, 14 and 15 of the Constitution. The provisions of Section 377 IPC will continue to govern non-consensual penile non-vaginal sex and penile non-vaginal sex involving minors. By 'adult' we mean everyone who is 18 years of age and above. A person below 18 would be presumed not to be able to consent to a sexual act. This clarification will hold till, of course, Parliament chooses to amend the law to effectuate the recommendation of the Law Commission of India in its 172nd Report which we believe removes a great deal of confusion. Secondly, we clarify that our judgment will not result in the re-opening of criminal cases involving Section 377 IPC that have already attained finality.“
അല്ലാ എനിക്കറിബാടില്ലാത്തൊണ്ട് ചോയ്ക്ക്യാ കല്യാണം കഴിച്ചോര് ചെയ്യാത്ത എന്തൂട്ട് കാര്യങ്ങ്ള്ണ് സ്വവര്ഗ്ഗരതിക്കാര് ചെയ്യണേ, അവരെ ഇത്ര തൊട്ടൂടാത്തോരാക്കാനായിറ്റ്? നിങ്ങള് പറയ്ന്ന്..
(നിശബ്ദത..)
*************************
ഇന്ത്യയെ തിളക്കിയ വിധി
രേഖകള് പ്രകാരം 1290 ഇല് ഇംഗ്ലണ്ടിലാണ് സോദാമി കുറ്റമായി പ്രഖ്യാപിച്ചത്. സോദാമിയുടെ വേരുകള് ബൈബിളിലെ സോദാം നിവാസികളുടെ പ്രകൃതി വിരുദ്ധ(ദൈവനിഷേധ) ലൈഗീകതയ്ക്ക് ദൈവം കൊടുത്ത ശിക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും സോദാമി നിയമത്തിന്റെ കീഴില് കുട്ടികളുടെ ജനനത്തിനു (പ്രകൃതി വിരുദ്ധ എന്ന് പറയപ്പെടുന്ന)വേണ്ടിയല്ലാത്ത എല്ലാത്തരം രതികളും ഉള്പ്പെടുന്നു.ഇതു ആണും പെണ്ണും തമ്മിലും ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും നടന്നാലും, പങ്കാളിയുടെ മനസ്സോടെയാണെങ്കിലും ഐ.പി.സി 377 ന്റെ കീഴില് ഇന്ത്യയില് കുറ്റകൃത്യമായിരുന്നു. ഈ സെക്ഷന് മൂലം ഏറ്റവും ക്ലേശമനുഭവിക്കേണ്ടത് സ്വവര്ഗ്ഗ രതിക്കാണ്. (ആണും പെണ്ണും തമ്മിലാണെങ്കില് പ്രകൃതി നിശ്ചയിച്ച പ്രകാരമുള്ള രതിയെ നടക്കൂ എന്ന് ഇന്ത്യന് നിയമവും ജനങ്ങളും ധരിച്ചു വശായിരിക്കണം.കുടുംബം എന്ന സുസ്ഥിര വ്യവസ്ഥയുടെ ആനുകൂല്യവും ഇക്കൂട്ടര്ക്കുണ്ട്.) അതിനാല് ഈ നിയമം ഭേദഗതി ചെയ്യണം എന്ന ആവശ്യം ഏറ്റവും കൂടുതല് ഉയര്ന്നത് സ്വാഭാവികമായും സ്വവര്ഗ്ഗ രതിക്കാരില് (കൃത്യമായി അവര്ക്കു വേണ്ടിയുള്ള സംഘടനകളില്നിന്നും) നിന്നുമായി. കഴിഞ്ഞ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് ആരോഗ്യമന്ത്രി ആയിരുന്ന അന്പുമണി രാമദോസ് ഹോമോസെക്ഷ്വാലിറ്റി ലീഗലൈസ് ചെയ്യുന്നതിനുള്ള യുദ്ധങ്ങള് ആരംഭിച്ചെങ്കിലും അച്ചന്മാരുടേയും, ശാന്തിമാരുടേയും മൌലവിമാരുടേയും പിടിയിലായ ഇന്ത്യയില് ഒരു ചുക്കും നടന്നില്ല. പുതിയ യു.പി.എ ഗവണ്മെന്റ് വന്നപ്പോള് നിയമമന്ത്രി വീരപ്പമൊയ്ലി ഐ.പി.സി 377 ഭേദഗതി ചെയ്യുന്നതിനു മുന്നോടിയായി ആഭ്യന്തര മന്ത്രി പി. ചിദംബരവും ആരോഗ്യമന്ത്രി ഗുലാം നബി ആസാദുമായി ചരിത്രപ്രധാനമായേക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടു. സ്വാഭാവികമായും മേലേ പറഞ്ഞ അച്ചന്മാരും, ശാന്തിമാരും, മൌലവിമാരും അലങ്കോലിട്ടു. ആ സന്ദര്ഭത്തിലാണ് രണ്ടു ചുണജഡ്ജിമാര് ( HON’BLE CHIEF JUSTICE AJIT PRAKASH SHAH and HON’BLE DR. JUSTICE S.MURALIDHAR, ഒരു പൊതുതാല്പര്യ ഹര്ജിയുടെ വിധിയില്, സ്വകാര്യതയിലെ ഉഭയസമ്മതപ്രകാരമുള്ള രതിയെ കുറ്റകരമാക്കുന്ന ഐ.പി.സി. 377 ഭരണഘടനയുടെ 21, 14, 15 ആര്ട്ടിക്കിളിന്റെ ലംഘനമാണെന്നും പ്രസ്താവിച്ച് സോദാമിയെ അതുവഴി സ്വവര്ഗ്ഗ രതിയെ നിയമപരമാക്കുന്നത്. തിളങ്ങുന്ന ഇന്ത്യ! കുതിക്കുന്ന ഇന്ത്യ!
Sunday, June 21, 2009
രാസത്തോട്ടം (Chemical Garden)
ട്യേ കുഞ്ഞോളേച്ച്യേയ് നീ എന്തോരം കാലായി സൂവില് കൊണ്ടുവാന്ന് പറഞ്ഞട്ട് ഞങ്ങളെ പറ്റിക്ക്ണുമഴ്യോക്കല്ലടാ മോനച്ചാ. . പകരണ രോഗങ്ങളൊക്കിണ്ടാവണ സമയണിത്. ഇനി മഴക്കാലങ്ങട് കഴിയട്ടെ എന്നട്ട് പൂവാം സൂവില്ക്ക്. നീങ്ങളീ ഈ ചെട്യോള്ക്ക് വെള്ളൊഴിക്കാന് കൂട്യാ ഇന്ന് വേറൊരു സൂത്രം കാണിച്ചരാം.
ആദ്യം സൂത്രെന്തൂട്ടാന്ന് പറയ് എന്നട്ട് തീരുമാനിക്കാം വെള്ളൊഴിക്കണോ വേണ്ട്യോന്ന്.
സൂത്രെന്തുട്ടാച്ചാ ഇമ്മടെ പൂന്തോട്ടം പോലെ ഒരു രാസത്തോട്ടം ഇണ്ടാക്കി കാണിച്ചരാം
രാസത്തോട്ടാ? അതെന്തൂട്ടാണ്?
ആദ്യം നീങ്ങള് പൂന്തോട്ടത്തില് വെള്ളൊഴിക്കറാ കുതരോളേ.അതു കഴിഞ്ഞട്ട് രാസത്തോട്ടത്തിനള്ള വെള്ളം വെക്കാം.
ഒക്കെ ഡണ്. ഗയ്സ് അറ്റാക്ക്
കുഞ്ഞോളേച്ച്യേ ദേ ഈ റോസേമേ എന്തൂട്ടാ ഒരു വെളുത്തപ്പൊടി?
നോക്കട്ടെ.. ആ അത് ഒരു തരം പൂപ്പലാണെടാ. powdery Mildew ന്ന് ഇംഗ്ലീഷില് പറയും. ഇന്നാള് ഇമ്മടെ കുമ്പളത്തിലൊക്കെ വന്നിലേ അതുപോലത്ത്യെന്നെ. അത് ഇമ്മക്ക് ശര്യാക്കാം. നീ പോയി കൊറച്ച് അപ്പക്കാരോം സോപ്പും എടുത്തട്ട് വാ.(1)
വണ് ഡൌട്ട് കുഞ്ഞോളേച്ചി, വാട്ടീസ് അപ്പക്കാരം?
എന്റപ്പാ! ഈ സായിപ്പ് ക്ടാങ്ങളെക്കൊണ്ട് തോറ്റു. അപ്പക്കാരംന്ന് വച്ചാ ബേക്കിങ് സോഡാ. പെണ്ണമ്മിച്ചി ഉണ്ണ്യപ്പം സോഫ്റ്റാവാന് ഇടണ വെളുത്ത പൊടീലേ അദ്.
ആ കിട്ട്യാ.. എന്നാ ഇമ്മടെ ചെടിക്ക് മരുന്നടിക്കണ പാത്രത്തില് ഒരു ലിറ്റര് വെള്ളെടുത്തട്ട് അര ടീസ്പൂണ് അപ്പക്കരം അതിലിട്. കൊറച്ച് സോപ്പുവെള്ളോം ഒഴിച്ചോ
സോപ്പും വെള്ളം എന്തോരം വേണം?
ആ ഒരു കാല് ലിറ്റര് ഒഴിച്ചേക്ക്. എന്നട്ട് നന്നായി കുലുക്കി വെള്ളപൊടി കാണണ റോസേമ്യോക്കെ അടിച്ചോട്ക്ക്. അത് പൊക്കോളും ഇല്ല്യാച്ചാ അടുത്താഴ്ച ഒന്നൂടി അടിക്കാം.
ഇവിട്യൊക്കെ നനച്ച് കഴിഞ്ഞു. ഇനി വേഗം രാസതോട്ടണ്ടാക്കി കാണിക്കറീ കുഞ്ഞോളേച്ച്യേ ഞങ്ങളെ പറ്റിക്കണ്ട്
******************
ഒക്കെ ഗയ്സ് രാസതോട്ടം അഥവാ കെമിക്കല് ഗാര്ഡന് ഇണ്ടാക്കാനുള്ള സാധങ്ങള് നമുക്ക് ആദ്യം സംഘടിപ്പിക്കാം(2). ആദ്യായിറ്റ് ഒരു പാത്രം വേണം. കുഞ്ഞുമോഞ്ചേട്ടന്റെ പഴയ ആ ഫിഷ്ടാങ്ക് തരോന്ന് ചോയ്ച്ചോക്ക് മോനച്ചാ.
ഒക്കെ ഡണ്. കിട്ടി.
പോസ്റ്ററൊട്ടിക്കാനിണ്ടാക്കണ മൈദകുറുക്കിലിടാന് കുഞ്ഞച്ചന് കൊണ്ടന്ന് വച്ചേക്കണ തുരിശ് (copper (II) sulfate)കൊറച്ചെടുത്തോണ്ടാ പൊന്നൂസേ. കുഞ്ഞി പോയിറ്റ് ബാറ്ററീലൊഴിക്കണ ഡിസ്റ്റില്ഡ് വാട്ടര് എടുത്തോണ്ടാ. ആ സീയാപ്പീരെ പുരികം പ്ലക്കറും എടുത്തോറാ.
അപ്പോ സാധനങ്ങളൊക്ക്യായി. ബാക്കീള്ള കെമിക്കല്സ് ഞാന് സംഘടിപ്പിച്ചണ്ട്.
ആദ്യം ഇമ്മക്ക് ഈ ഫിഷ്ടാങ്കിനെ ഒന്നു സുന്ദര്യാക്കാം. അടീല് കൊറച്ച് മണലിട്ടോറാ മോനച്ചാ
ഇത്ര മത്യാ?
മതി കൊറച്ച് കക്കീം കല്ലും കൂടി ഇട്ടോ.
ആ ഗുഡ്.
ഇനി തോട്ട നിര്മ്മാണം
ഇതാണ് സോഡിയം സിലിക്കേറ്റ് ലായനി (aqueous sodium silicate or sodium metasilicate) . അതൊരു 150 മില്ലി എടുത്ത് 100 മില്ലി ഡിസിറ്റില്ഡ് വാട്ടറില് ഒഴിക്കറാ മോനച്ചാ. എന്നട്ട് നന്നായി ഇളക്ക്.
ഒക്കെ ഇനിയത് ഇമ്മടെ ഫിഷ്ടാങ്കില്ക്ക് ഒഴിക്കാം. ഇനി സൂക്ഷിച്ച് ആ തുരിശിന്റെ ഒരു കുഞ്ഞ്യേ കഷ്ണമെടുത്ത് ഈ ടാങ്കില്ക്കിട് പൊന്നൂസേ
ഞാനിടാം
എന്നാ കുഞ്ഞീട്. ആ പ്ലക്കറോണ്ട് എടുത്ത് സാവധാനത്തില് സൂക്ഷിച്ച് ഇട്.
ഒക്കെ ഇപ്പോ അത് വളരാന് തുടങ്ങും നോക്കിക്കോ.
ഹായ് എന്തു ഭംഗ്യാ നല്ല തുരിശ് കമ്പോള്
തോട്ടാവുമ്പോ പല നെറത്തില്ള്ള ചെടികളിണ്ടങ്കെ അല്ലെ രസം. അതോണ്ട് ഞാന് കൊറേ കളറിലിള്ള കെമിക്കല് കൊണ്ടന്നണ്ട്. ദേ ഇത് നോക്ക്യേന് പച്ച നെറത്തിലിള്ളത് നിക്കല് നൈട്രേറ്റ്, പിങ്ക് - മാന്ഗനീസ് ക്ലോറൈഡ്, വെള്ള - കാത്സ്യം ക്ലോറൈഡ്, മഞ്ഞ -ഫെറിക് ക്ലോറൈഡ്. ഇനി സൂക്ഷിച്ച് ഒരോന്നൊരോന്നായി ഒരോ സ്ഥലത്ത് ഇട്ടോട്ക്ക്. ഒന്നുമ്മേ ഒന്ന് തൊടാതെ ഇടണംട്ടാ. തൊട്ടാല് പിന്നെ എല്ലാം കൂടെ കലങ്ങി ചെടികള് നന്നായി വളരില്ല.
കണ്ടകണ്ടാ! ദേ എല്ലാം വെലുതാവ്ണു.
ആ ഇനി അതവടിര്ന്ന് വെല്താവട്ടെ. ഇമ്മക്കതിന്റെ കെമിസ്ട്രി എന്തൂട്ടാന്ന് നോക്കാം. ആര്ക്കാണ് അത് പറയാന് പറ്റാ?
ഞങ്ങള് ഈ കെമിക്കല് ഗാര്ഡന് തന്നെ ആദ്യായിറ്റ് കാണ്ണ് അപ്പോഴ്ണ് കെമിസ്ട്രി. കുഞ്ഞോളേച്ച്യനെ പറ.
അതായത് ഇമ്മളിപ്പോ ഈ തുരിശും മറ്റ് കെമിക്കല് ക്രിസ്റ്റലുകളും സോഡിയം സിലിക്കേറ്റിന്റെ ലായനിയിലേയ്ക്ക് ഇട്ടല്ലോ. അപ്പോ ആ ക്രിസ്റ്റലുകള് അലിയാന് തുടങ്ങി. അതേ സമയം തന്നെ ആ ക്രിസ്റ്റലുകളുടെ അഥവാ മെറ്റല് ലവണങ്ങളുടെ (metal salts) സിലിക്കേറ്റ് ഹൈഡ്രേറ്റും (silicate hydrate) ഉണ്ടായി. ഈ സിലികേറ്റ് ഹൈഡ്രേറ്റുകള് അര്ദ്ധ സുതാര്യസ്തരങ്ങളാണ് (semipermeable membran). പുറത്തുള്ള ലായനിയും ഈ സ്തരത്തിന്റെ അകത്തുള്ള ലായനിയും തമ്മില് ഉണ്ടാകുന്ന ഗാഡതാ (concentration) വ്യത്യാസം ഉണ്ടാക്കുന്ന ഓസ്മോട്ടിക് മര്ദ്ദം (osmotic pressure) കാരണം വെള്ളം പുറത്ത് നിന്ന് സ്തരത്തിനകത്തേയ്ക്ക് ഓസ്മോസിസ് വഴി കടക്കും. അപ്പോ ക്രിസ്റ്റല് കൂടുതല് അലിയും. അകത്ത് കടക്കുന്ന വെള്ളം ഈ സ്തരത്തിനെ ദുര്ബലപ്പെടുത്തി അതിനെ അല്പ്പം മുകളിലേക്ക് തള്ളും. അങ്ങനെ അങ്ങനെ ആണ് ഈ രാസത്തോട്ടത്തിലെ ചെടികള് വളരുന്നതത്രേ.
വാട്ട്!
ആ.. സായിപ്പിനൊന്നും മനസ്സിലായില്ല്യാല്ലേ. എന്നാ നീ ദേ ദിദ് (3)വായിച്ച് പഠിക്ക്. വാടാ ക്ടാങ്ങളെ ഇമ്മക്ക് രാസത്തോട്ടം എന്തായി നോക്കാം.
നല്ല ഭംഗീണ്ട്ട്ടാ.
ഇനി ഇമ്മക്കിതിന്റെ ഈ സിലികേറ്റ് ലായനി കളഞ്ഞ് നല്ല വെള്ളം നെറച്ച് വെയ്ക്കാം. ഒരു വെള്ളത്തിന്റെ ഓസ് എടുത്ത് അത് ടാങ്കില് ഇട്ട് പതിയെ വെള്ളം നെറയ്ക്കാം. ചെടികള് പൊട്ടാതെ സൂക്ഷിക്കണം. വെള്ളം നിറഞ്ഞ് സോഡിയം സിലിക്കേറ്റ് എല്ലാം പോയി എന്ന് തോന്നിയാല് ടാങ്കെടുത്ത് ആ ടീപോയില് വച്ചട്ട് നിങ്ങള് കളിക്കാന് പൊക്കോ. ഞാനീ ചീര പാവട്ടെ.
******************
1. ബേക്കിംഗ് സോഡയും സോപ്പിന്റേയും മിശ്രിതത്തിന്റെ കൂടെ അല്പ്പം സസ്യ എണ്ണയും ഉപയോഗിക്കാം. ഇതൊരു ജൈവനിയന്ത്രണരീതിയാണ്. powdery Mildew നിയന്ത്രിക്കാന് ധാരാളം ഫഗിസൈഡുകളും മാര്ക്കറ്റില് ലഭ്യമാണ്.
2. മാജിക് റോക്സ് എന്നപേരില് കെമിക്കല് ഗാര്ഡന് ഉണ്ടാക്കുവാനുള്ള കിറ്റ് മാര്ക്കറ്റില് ലഭ്യമാണ്.
3.J. Colloid Interface Sci. 256, 351-359, 2002
******************
സ്കൂള് എക്സിബിഷനു കെമിക്കല് ഗാര്ഡന് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ച് നടന്ന കുഞ്ഞൂഞ്ഞിന് ഈ പോസ്റ്റ് സമര്പ്പണം. അവന് അത് ചോദിച്ച സമയത്ത് ഉണ്ടാക്കി കൊടുക്കാന് പറ്റാഞ്ഞതിന്റെ കുറ്റബോധം ഇങ്ങനെ തീര്ത്തു.
Thursday, June 11, 2009
തട്ടുമ്പുറത്തെ വിമാനം അഥവാ ലാവ്ലിന്റെ 400 കോടി
പെണ്ണമ്മിച്ചി സ്കൂളില് പഠിക്കുന്ന കാലം.
നുണവീരത്തി - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്
കോറസ് - ശരിയ്ക്കും (കുഞ്ഞു കണ്ണുകളില് അത്ഭുതം)
പിന്നെ കുഞ്ഞുണ്ണിയുടെ സ്കൂള് കാലം
നുണവീരന് - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്
കോറസ് - കൊറച്ച് കൊറക്കാന് പറ്റോ
നുണവീരന് -അത്ര്യല്ല ഇത്രള്ള വിമാനം
കോറസ് - ഒരിത്തിരൂടി കൊറക്കാന് പറ്റോ
നുണവീരന് - ശരിയ്ക്കും ഇത്രണ്ട്
കോറസ് - ഒരു ശിമില്ക്കും കൂടി കൊറക്കറാ പ്ലീസ്
നുണവീരന് - ദാ ദിത്രണ്ട്. ഇനി കൊറക്കാന് പറ്റില്യാ
കോറസ് - പ്ലീസ് ടാ കോറച്ചൂടെ ശ്രമിച്ചോക്ക്. ചെലപ്പോ നിനക്ക് പറ്റൂറാ
*************************
ചരിത്രം രണ്ട് തവണ ആവര്ത്തിക്കുന്നു "history tends to repeats itself" G. W. F. Hegel
*************************
പണ്ട്
ഇലക്ഷനു മുന്പ്
നുണരമ - ലവ്ലിനില് നാനൂ....റ് കോടിയുടെ അഴിമതി
കോറസ് - ശരിയ്ക്കും ( മൂക്കത്ത് വിരല്)
ഇപ്പോള് ഇലക്ഷനു ശേഷം
നുണരമ - ലവ്ലിനില് നാനൂ....റ് കോടിയുടെ അഴിമതി
കോറസ് - കൊറച്ച് കൊറയ്ക്കാന് പറ്റോ
നുണരമ - അത്ര്യല്യ നൂറ്റമ്പത്തൊമ്പത് കോടിയുടെ അഴിമതി
കോറസ് -ഒരിത്തിരൂടി കൊറക്കാന് പറ്റോ
നുണരമ - ശരിയ്ക്കും തൊണ്ണൂറ്റാറ് കോടിയുടെ അഴിമതിയാണ് നടന്നത്
കോറസ് -ഒരു ശിമിലിക്കും കൂടി കുറക്കെന്നേ പ്ലീസ്..
നുണരമ - പന്ത്രണ്ട് കോടിയുടെ അഴിമതി എന്തായാലും നടന്നീട്ടുണ്ട്.
കോറസ് - പ്ലീസ് ഒന്നൂകൂടെ ശ്രമിച്ച് നോക്ക്. ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.
*************************
[ചരിത്രം രണ്ട് തവണ ആവര്ത്തിക്കുന്നു. ] ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും - [History tends to repeat itself.] the first time as tragedy, the second time as farce. -karl marx
*************************
Tuesday, June 9, 2009
കടത്തികൊണ്ട് പോകപ്പെട്ട രാഹുല്മാര് (Changeling)
ഞങ്ങടോടത്തെ പെണ്ണുങ്ങള്ക്ക് വളര്ത്ത് മൃഗങ്ങളെ തീരെ ഇഷ്ടമല്ല. കുഞ്ഞാപ്പിക്കാണെങ്കില് അറപ്പാണ്. അവളുടെ രണ്ടാം ക്ലാസ്സിലെ വലിയ സ്കൂള്പൂട്ടിന്റെ സമയത്ത് ഞങ്ങടോടെ എവിടന്നോ ഒരു കുഞ്ഞി പൂച്ച കയറി വന്നു. വെളുത്ത ഉടലും കറുത്ത ചെവിയുമൊക്കെയായി നല്ല ഓമനത്തമുള്ള ഒന്ന്. വല്യമ്മിച്ചി കിട്ടിയ സ്പീഡില് അതിനെ ഓടിച്ച് വിടാന് നോക്കി. എന്തോ അത് പോയില്ല. ഒരൂസം നോക്കുമ്പോള് അത് കുഞ്ഞാപ്പിയുടെ കിടക്കയില് കയറി കിടക്കുന്നു. ആദ്യമാദ്യം അതിനെ അടിച്ചോടിച്ചെങ്കിലും പിന്നെ പിന്നെ അവളും അതും നല്ല കൂട്ടായി. അവളുടെ കിടപ്പു വരെ അതിന്റെ കൂടെയായി. പൂച്ചരോമം വയറ്റില് പോയാല് ക്യാന്സര് വരുമെന്നൊക്കെ പറഞ്ഞ് വല്യമ്മിച്ചി പേടിപ്പിച്ച് നോക്കിയെങ്കിലും അവള് മൈന്ഡ് ചെയ്തില്ല. മിക്കവാറും നേരം അതിനോടായി കിന്നാരം. അതിനൊരു പേരുമിട്ടു; അപ്പു. ഒരൂസം മീന്കാരന് വന്നപ്പോള് വല്യമ്മിച്ചിയുടെ കൂടെ അവളും അപ്പുവും കൂടി നടേപ്പൊറത്ത് വന്നു. വല്യമ്മിച്ചി മീനും വാങ്ങി അകത്തു കയറി കൂടെ കുഞ്ഞാപ്പിയും. അപ്പൂവിനെ അവള് കുറേ വിളിച്ചു. അതുപക്ഷേ കൂസാതെ പടിയില് തന്നെ ഇരുന്നു. ഒരഞ്ച് മിനുട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള് അപ്പൂനെ കാണാനില്ല. അവള് നോക്കാത്ത സ്ഥലമില്ല. പിന്നെ കരച്ചിലായി, ഏങ്ങലടിയായി, അവസാനം പനി വരെ വന്നു. അവളുടെ സങ്കടം കണ്ട് പെണ്ണമ്മിച്ചി അങ്ങടിയായ അങ്ങടിയും എല്ലാ വീടുകലും അരിച്ച് പെറുക്കി. എവിടെ കിട്ടാന്! അവിടെ ഒരു ചെക്കന് പൂച്ചയെ പിടിച്ച് കൊണ്ട് പോയി കൊന്നു തിന്നുന്ന സ്വഭാവമുണ്ടായിരുന്നു, അവന് പിടിച്ച് കൊണ്ട് പോയിട്ടുണ്ടാകും എന്ന് കുഞ്ഞുമോന് ചേട്ടന് പറഞ്ഞു. അതല്ല വേറൊരുത്തന് നല്ല ക്യൂട്ടായ പൂച്ചകളെ പിടിച്ചു കൊണ്ടുപോയി വളര്ത്തണ സ്വഭാവം ഉണ്ടെന്നും അപ്പു അവന്റെ വീട്ടില് ഉണ്ടെന്നും കുട്ടന് പറഞ്ഞു. ഇതൊന്നും കുഞ്ഞാപ്പി വിശ്വസിച്ചില്ല. അപ്പു വഴി തെറ്റി പോയതാവുമെന്നും ഒരൂസം വരുമെന്നും അവള് കുറേ കാലം വിശ്വസിച്ചു. ഇപ്പോഴും വെളുപ്പും കറുപ്പുമുള്ള ഏത് പൂച്ചയെ കണ്ടാലും അവള് പോയി അപ്പൂന്നൊന്ന് വിളിച്ച് നോക്കും. അതിനു ശേഷം വളര്ത്ത് മൃഗങ്ങള് എന്ന് കേട്ടാല് ഞങ്ങടോടത്തെ എല്ലാ അമ്മിച്ചിമാരും ചൂലെടുക്കും.പിന്നൊരു സ്കൂള്പ്പൂട്ടിനാണ് ഞങ്ങളെല്ലാരും കൂടി കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് കാണാന് പോയത്. അന്ന് വാവാച്ചിയ്ക്കും കാക്കോത്തിയ്ക്കുമായി ഞങ്ങടോടത്തെ പെണ്ണുങ്ങളെല്ലാം കയ്യും കണക്കുമില്ലാതെ കരഞ്ഞു. കണ്ണ് നിറഞ്ഞതൊക്കെ കണ്ണട വച്ച് അഡ്ജസ്റ്റ് ചെയ്ത് കുഞ്ഞച്ചന് പറഞ്ഞു. “എന്തൂട്ട് പടാണിത്.ഇമ്മാതി പടങ്ങള്ക്ക് മേലാല് വിളിച്ചാലുണ്ടല്ലോ. മനുഷ്യന്റെ കയ്യിലേ കാശും പോയി, ബാക്കീണ്ടാര്ന്ന സമാധാനോം പോയി.”
മറ്റൊരു സ്കൂള്പ്പൂട്ടിനാണ് ആലപ്പുഴ ആശ്രമം വാര്ഡിലെ രാഹുലിനെ ക്രിക്കറ്റ് കളിച്ച് കൊണ്ട് നില്ക്കേ കാണാതായത്. അഭയക്കേസിനെക്കാളും തീവ്രതയോടെ വല്യമ്മിച്ചിയും കുഞ്ഞോളേച്ചിയും കുഞ്ഞാപ്പിയും, എന്നു വേണ്ട പത്രത്തിന്റെ ഉപയോഗം ഉണക്കമാന്തളിന്റെ ഉപ്പുകളയുന്നത് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന മറ്റെല്ലാ പെണ്ണുങ്ങളും, പെണ്ണുങ്ങള് ചരമകോളവും അപകടങ്ങളും മാത്രമേ വായിക്കൂ എന്ന് കളിയാക്കിയിരുന്ന എല്ലാ ആണുങ്ങളും ആ വാര്ത്തയെ പിന്തുടര്ന്നു. ഞാറാഴ്ചകളിലൊക്കെ രാഹുലിന്റെ അമ്മ മിനിയുടെ ദു:ഖം ഞങ്ങടോടേയും ദു:ഖമായി. 2009 ഏപ്രിലില് റോജോ കുറ്റക്കാരനല്ലായെന്നും തങ്ങള്ക്ക് കേസു തെളിയിക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞപ്പോള് എന്നെങ്കിലും രാഹുല് തിരിച്ച് വരും എന്ന് വല്യമ്മിച്ചി ആത്മഗതം നടത്തി.
മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ചേഞ്ചിലിങ് (Changeling)എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. സിനിമ മുന്വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര് ബാക്കി ഭാഗം വായിക്കരുത്.
ഇതിനുമൊക്കെ ഒരുപാട് മുന്പേ കാലിഫോര്ണിയായില് മറ്റൊരു കുട്ടി, വാള്ട്ടര്, കടത്തികൊണ്ട് പോകപ്പെടുയും കുട്ടിയെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തില് പോലീസ് ഡിപ്പാര്ട്ട്മെന്റ് വരുത്തിയ വലിയ പിഴവുകളും തെറ്റുകളും ലോസ് ആഞ്ചത്സ് പോലീസില് അക്കാലത്ത് നടന്നിരുന്ന വമ്പന് അഴിമതികളും സ്ത്രീകളോടും ദുര്ബലരവിഭാഗങ്ങളോടുമുള്ള രണ്ടാം തരം സമീപനവും പുറത്ത് കൊണ്ട് വന്നു. പോലീസിനാല് മാനസിക രോഗിയായി പീഡിപ്പിക്കപ്പെട്ട ക്രിസ്തീന പിന്നീട് പോലീസിനെതിരെ കേസു ക്കൊടുക്കുകയും കേസ് ജയിക്കുകയും ചെയ്തെങ്കിലും വാള്ട്ടര് മരിച്ചോ ഇല്ലയോ എന്നറിയാതെ തന്റെ ജീവിതം തീര്ത്തു. ഈ യഥാര്ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില് അക്കാലത്തെ പുരുഷാധികാരം രണ്ടാംതരമായി കണ്ടിരുന്ന സ്തീയുടെ അവസ്ഥയെ കേന്ദ്രീകരിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് (Clint Eastwood) സംവിധാനം ചെയ്ത സിനിമായാണ് ചേഞ്ചിലിങ് . ക്രിസ്തീന കോളിന്സിന്സായി ആഞ്ചലീന ജോളി ( Angelina Jolie) വല്യമ്മിച്ചിയെ വരെ ഉറങ്ങാതെ രണ്ടര മണിക്കൂര് പിടിച്ചിരുത്തി കളഞ്ഞു.
സ്വന്തമായി വളര്ത്തിയ ഒരു കുഞ്ഞു പൂച്ചയുടെ തിരോധാനം അല്ലെങ്കില് നമുക്കൊരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനെ കടത്തി കൊണ്ട് പോയത് പോലും നമുക്ക് സഹിക്കാന് കഴിയുന്നില്ല. സ്വന്തം വീട്ടിലും വളരുന്ന കുഞ്ഞുകളെ ഓര്ത്തായിരിക്കും ഈ ആധി. അപ്പോള് സ്വന്തം കുഞ്ഞിനെ കാണാതാകാവുകയും അതിനു പകരം മറ്റൊരു കുഞ്ഞിനെ സ്വന്തം കുഞ്ഞായി അംഗീകരിക്കാന് നിര്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു അമ്മയുടെ മനസ്സ് എന്തായിരിക്കും. ആ അമ്മയായി മാറാന് ആഞ്ജലീന ജോളിയ്ക്ക് കഴിഞ്ഞു. 2009 ലെ മികച്ച നടിയ്ക്കുള്ള ഓസ്കാര് നോമിനേഷനും നേടി. കുഞ്ഞുമോള് ആഞ്ജലീനയ്ക്ക് വേണ്ടി ബെറ്റും വച്ചു. പക്ഷേ അതിലും മികച്ച അഭിനയത്തിന് കേറ്റ് വിന്സ്ലറ്റ് ഇത്തവണ അവാര്ഡ് നേടി.
പ്രധാനമായും സ്ത്രീകള്ക്കെതിരെ (ആണ്)അധികാരം നടത്തുന്ന അവമതികളും അതിനെതിരെ നിസ്സഹായായ ഒരു സ്ത്രീയുടെ പോരാട്ടവുമാണ്, കുഞ്ഞു നഷ്ടപ്പെട്ട ഒരമ്മയുടെ കഥയേക്കാള് ചേഞ്ചിലിങ് കേന്ദ്രീകരിക്കുന്നതെന്നതിനാന് ക്രിസ്റ്റീന കോളിന്സ് പോലീസ് അധികാരികളില് നിന്നും അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങളും പീഡനങ്ങളാണ് സിനിമയുടെ അധികം ഫ്രൈമുകളും. എന്നാല് കുഞ്ഞ് മരിച്ചു എന്ന് കേള്ക്കാന് മനസ്സിനെ തയ്യാറാക്കി നിര്ത്തിയിരിക്കുന്ന അമ്മയോട് അതിനു പകരം അവനെ തിരിച്ചു കിട്ടി എന്ന് പോലീസ് അറിയിക്കുമ്പോള് എന്തൊക്കെ വികാരങ്ങളാണോ അമ്മയ്ക്കുണ്ടാകുന്നത് അതെല്ലാം ഡയലോഗില്ലാത്ത ഒറ്റൊരു ഫ്രേം കൊണ്ട് ആഞ്ജലീന പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു.
മാനസീകാരോഗ്യകേന്ദ്രത്തില് പീഡിപ്പിക്കപ്പെടുന്ന നിസ്സഹയായ സ്ത്രീയായും അധികാരത്തിനെതിരെ പോരാടാന് ഉറച്ച മനസ്സുള്ളവളായും തന്റെ മകന് എന്നെങ്കിലും തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയുള്ളവളായും അഭിനയത്തില് വളരെ മികച്ചു നിന്ന ക്രിസ്റ്റീന കോളിന്സ് എന്ന കഥാപാത്രം ആഞ്ജലീനയുടെ കാരിയറിലെ ബെസ്റ്റ് എന്ന് തന്നെ പറയാവുന്നതാണ്.
********************************
ബെറ്റ് തോറ്റു. മോരിലെ പുളീം പോയി. അതാണ് എഴുതത്രങ്ങട് ഗുമ്മാവത്തെ. അല്ലാണ്ട് കുഞ്ഞുമോള്ക്ക് ഉണ്ണിമോള്ടത്ര എഴുതാനറിയാണ്ടൊന്നല്ല.
********************************
പടം -വിക്കിയില് നിന്ന്
സിനിമാത്തരം -2 അനസൂയ
Sunday, June 7, 2009
കിണ്ടി..കിണ്ട്യേയ്
ഈ ചോദ്യത്തില് കാര്യമുണ്ടല്ലോടീ കുഞ്ഞോളേഎന്തൂട്ട് ചോദ്യം?
ഭക്ഷണപ്രിയന്റെ ചോദ്യേ. സെക്സി ആയ ആണിനെ എന്ത് വിളിക്കുംന്ന് ചോയ്ക്കണു.
അയിലിപ്പോ ചോയ്ക്കാനെന്തിരിക്കുന്നു, കിണ്ടി.
ങേ!?
കിണ്ടി.. കിണ്ട്യേയ് ന്ന് കേട്ടട്ട്ല്ലേ ആ കിണ്ട്യന്നെ
എന്ന്വച്ചാ?
ഓ എന്റെ പെണ്ണമ്മിച്ച്യേയ് ഞാന് പറഞ്ഞണ്ട് ഇത് പെണ്ണമ്മിച്ചി സ്കൂളില് പഠിപ്പിച്ചേര്ന്ന കാലൊന്നല്ലാന്ന്
സെക്സിയായ ചെക്കന്മാരെ വിളിക്കണ പേര്ണ് കിണ്ടി. ഒറ്റ പ്രശ്നൊള്ളോ. ഇങ്ങനെ വിളിക്കാന് പറ്റണ മൊതിലോളെ ക്യാമ്പസോളിലൊന്നും മഷീട്ട് നോക്യാ കിട്ടില്യാ. ഡിഗ്രിയ്ക്കാവുമ്പഴ്ക്കും എല്ലിച്ച ചെക്കമാര്ക്കും കൂടി ഒരു കുഞ്ഞ്യേ കൊടവയറെങ്കിലും കാണും.പിന്നെ ബുദ്ധികൂട്യ വകേല് വീത്യള്ള നെറ്റീം ഭാഗ്യനരേം.
എന്റെ തമ്പ്രാനെ! കാലം പോയൊരു പോക്കേ. പണ്ടൊക്കെ കൊടവയറും കഷണ്ടീമൊക്കെ പുരുഷലക്ഷണങ്ങളാര്ന്നു. ഇപ്പോ ഇതൊന്നുമായാ കിണ്ട്യാവില്യാന്ന്ണ് നീയൊക്കെ പറയണേ?
അല്ലപിന്നെ വെറ്തീന് ആമീര് ഖാന് വരെ 6 പാക് മസ്സിലൊണ്ടാക്കണെ.അല്ലാ ഏത്ണീ പണ്ടൊക്കേന്ന് പറയണ കാലം? നീയൊരു സെക്സിയാന്ന് ഏതെങ്കിലും പെണ്ണിനോട് പറഞ്ഞാല് ആ പെണ്ണ് പിന്നെ ഒരാഴ്ച പനിച്ച് കെടന്നേര്ന്ന കാലല്ലേ അത്? പറഞ്ഞോന് വായനോക്കിയും. അല്ല ..അല്ല.. വിടന്. പെങ്കുട്ട്യോളൊക്കെ മാറീലേന്റെ പെണ്ണമ്മിച്ച്യേ. അതൊക്കെ പോട്ടെ ഈ സാരി നിനക്ക് നല്ല ഭംഗീണ്ടെന്ന് ഏതെങ്കിലും മലയാളി വനിതയോട് ‘ഒരന്യപുരുഷ്യന്’ പറഞ്ഞാല് ‘ഈ പണ്ട്’എന്തായേനെ പുകില്?
പണ്ട്ന്ന്വച്ചാ പെങ്കുട്ട്യോള്ക്ക് പേട്യല്ലേ. സ്വന്തം ശരീരത്തിനോട് പോലും പേടീന്. അതോണ്ടാവും. ഇപ്പഴൂലേ അങ്ങന്ത്തെ പെങ്കുട്ട്യോള്?
അതോണ്ടായാലും, ഇതോണ്ടായാലും, ഇപ്പോ ഇണ്ടായാലും കാര്യല്യാ. മിടുക്കത്ത്യോളൊക്കെ നല്ല അസ്സലായിറ്റ് മാറി.‘ഈ ചുരിദാറില് നീ സുന്ദര്യായിണ്ട്’ന്ന് പറഞ്ഞാല് ‘താങ്ക്സ് ചുള്ളാ’ന്ന് ചമ്മാണ്ട് പറയാന് പറ്റണ അസ്സല് ചുള്ളത്ത്യോള്.
പഴേ തലമുറ്യോന്നുനി മാറില്യാ. പുത്യേ കുട്ട്യോള് മിടുക്കികളാവട്ടെ. അതു പോട്ടെ ഈ കിണ്ടിക്ക് നീയൊരുദാഹരണം പറഞ്ഞേന്.. ജയന്?
അയ്യന്റമ്മേ കൊല്ല് കൊല്ല്. ഇപ്പഴും എണ്ണ തേച്ച മസിലും വച്ച് കുതിരേന്നെ ഉഴിയണ ശരപഞ്ചരം ജയനെ മാത്രേ ഓര്മ്മീളോ?
സില്വസ്റ്റര് സ്റ്റാലന്?
ദേ പിന്നിം ശിലായുഗം. കൊറച്ച്,ഒരിത്തിരി,ഒരു ലേശം കൂടീം മുന്നില്ക്ക് പോരാന് പറ്റോ?
മമ്മൂട്ടി
തമ്പ്രാനേ! ലോകത്ത് വേറാരൂലെങ്കെ മമ്മൂട്ടി കിണ്ടീന്
എന്നാ നീ പറ
ഇമ്മടെ പണ്ടത്തെ ഷോണ് കോര്ണറി,ബ്രാഡ് പിറ്റ്. ഋത്വിക് റോഷന് തരക്കേടില്യാ. പക്ഷേ അഭിനയിക്കാനറിഞ്ഞൂടാ. പിന്നെ സൂര്യ. ഓ ചെല പോസിലു ചുള്ളന് ഒടുക്കത്തെ ഗ്ലാമറാണ്. പിന്നീണ്ട് ഇപ്പോ പറഞ്ഞാ ശര്യാവില്യാ. പിന്നെ പറയാം.
അപ്പോ മലയാളികളാരൂല്ലേറീ?
ഇണ്ടല്ലോ. പ്രഥ്വിരാജ്. പക്ഷേ കമ്മീസിടണം*. കമ്മീസിട്ടാലിണ്ടല്ലോ പൃഥി ഒരു ഒന്നൊന്നര കിണ്ടീന്.
********************************
* വെറ്തേ. ആള് ശരിയ്ക്കും കിണ്ടീണ്ന്നാണ് സിയാപ്പീം മറ്റാപ്പ്യോളും പറയണേ. ആ കഥ പിന്നൊരൂസം പറയാം.
********************************
അപ്പോ ചോദ്യം - ബോബനും മോളിയും കാര്ട്ടൂണിലെ അപ്പിഹിപ്പിയുടെ ഒറിജിനല് രൂപത്തിന് പെങ്കുട്ട്യോള് വിളിക്കുന്ന പേരെന്ത്?
Saturday, June 6, 2009
പാഷനും തൃഷ്ണയും പട്ടീരെ മൂടും
“മൈനാകം കടലില് നിന്നുയരുന്നുവോ..”
പെട്ടെന്ന് പെണ്ണമ്മിച്ചിയുടെ അലര്ച്ച}
എന്തൂട്ട് പണ്യാ മനുഷ്യനേ നിങ്ങളീ കാണിക്കണേ, ആ ക്ടാവ് എന്തോരം താലോലിച്ച് നോക്കണ ചെടീന്നീ കെടന്ന് വെട്ടണെ. ട്യേ കുഞ്ഞോളേ ഓടി വാടീ..ദേ അച്ചങ്കുഞ്ഞ് ദേ നിന്റെ ഫേഷന് ഫ്രൂട്ടിന്റെ ചെടി വെട്ട്ണു.
ഫേഷനല്ലടീ പാഷന്. ‘ഫേഷന് ഫേബ്രിക്സി’ന്റെ ഫ അല്ല ‘പാഷന് ഓഫ് ദ് ക്രൈസ്റ്റി’ന്റെ പ. അഞ്ചാറ് മാസായി ഇതു പടര്ന്ന് പന്തലിച്ച് നിക്ക്ണു, ഇതേ വരെ ഒരു കായൂല്യാ പൂവൂല്യാ. ഫലം തരാത്ത വൃക്ഷം വെട്ടി തീയില് എറിയപ്പെടുമെന്നല്ലേറീ കര്ത്താവീശോ മിശിഹാ പറഞ്ഞേക്കണത്. വെട്ടി തീയിലിടണേനും മുന്നേ ഒന്നു വെട്ടി പേടിപ്പിച്ച് നോക്കീത്ണ്.
എന്തൂട്ട് പ്ഫാ! ആയാലും പ്ഭാ! ആയാലും വേണ്ടില്ല. എന്തോരം വിറ്റാമിനും എന്തൂട്ടൊക്ക്യോ ആലക്കലോയിഡും(1) ഇള്ള കായീന്. എന്താണ്ട് ഗവേഷിക്കാനാന്ന് പറഞ്ഞ് വളര്ത്തണതാണാക്ടാവ്.എന്റെ തബ്രാനേ, അത് കടക്കല്ന്നാ വെട്ടാന് നോക്കണ കണ്ടാ. ഇന്നാ ക്ടാവ് നിങ്ങളെ ശര്യാക്കും. അതവടെ നിക്കണൊണ്ട് നിങ്ങള്ക്കെന്തിന്റെ കേടാ മനുഷ്യാ? നിങ്ങടൊരു വെട്ടി പേടിപ്പിക്കല്.
{പത്രം വലിച്ചെറിഞ്ഞ് ഓടിവന്ന കുഞ്ഞോള്}
അയ്യോ അതിലു നെറച്ചും പൂവ്ണ്ട്. വെട്ടല്ലെ.. വെട്ടല്ലേ. പാഷന് ഫ്രൂട്ട് ജൂസ് കൊടുത്താല് ആസ്മയ്ക്ക് നല്ലതാന്ന് (2)ഇന്നാളൊരു പഠനം കണ്ടില്ലേ. സിയാപ്പീക്കൊന്നു പരീക്ഷിച്ച് നോക്കാന്ണ്.
തേങ്ങേരെ മൂട്ണ്. ശ്വാസം മുട്ടും ആസ്മീം മാറണങ്കെ ഡോക്ടറു പറയണ മരുന്ന് കൃത്യായിട്ട് കഴിക്കണം. ഇതെങ്ങ്ന്യാ.. ഒന്നെണീറ്റ് നിക്കാറാവുമ്പ്ഴ്ക്കും ഇംഗ്ലീഷ് മരുന്നാ നിര്ത്തി, കണ്ണീക്കണ്ട സിസ്റ്റുമാരും അച്ചന്മാരും തരണ പഞ്ചാരഗുളികേം പഞ്ചാരവെള്ളൊം കഴ്ച്ചാലൊന്നും ശ്വാസംമുട്ട് പൂവില്ല
അതല്ലാന്ന്.. അച്ചങ്കുഞ്ഞേ, ശ്വാസം മുട്ട് പോയില്ലെങ്കിലും വിറ്റാമിന് സി കൊറച്ചവളുടെ വയിറ്റീ ചെല്ലൂല്ലോ. പിന്നെ ബയോടെകിലെ സ്നേഹിയ്ക്ക് ആന്റി കാന്സര്ന്റിം (3) ബ്ലഡ് പ്രഷറിന്റീം (4) ഒരു പഠനത്തിന്റെ ട്രയലു നോക്കാനും വേണംന്ന് പറഞ്ഞ്ട്ന്ന് ഞാനിന്നാള് പെണ്ണമ്മിച്ച്യോട് പറഞ്ഞണ്ടാര്ന്നില്ലേ.
അയ്ശരി, അപ്പോ ഉറക്കല്യാത്തോര്ക്കള്ള സിറപ്പിണ്ടാക്കണ പണി നിര്ത്ത് ക്ടാങ്ങളേന്ന് പറഞ്ഞപ്പോ നീയൊക്കെ കൂടി ഗവേഷണാ തൊടങ്ങീലേ. എന്റെ പൊന്നബ്രാനെ ഈ ബുദ്ധി ആയുര്വേദ ഗുണ്ടഡി ചികിത്സേല് വന്നെങ്കെ എന്തോരം ഗുണണ്ടായേനെ! (5)
സത്യംപറഞ്ഞാ ഞാനതില് പൂവൊന്നും കണ്ടില്ല. അയിന്റെ ചോട്ടില് നിക്കണ കുരുമൊളകിന് കൊറച്ച് വെളിച്ചം കിട്ടട്ടെ എന്ന്വച്ച് വെട്ടീതാണ്. ഇത്രക്കെ വിശേഷള്ള ചെട്യാച്ചാ വെട്ട്ണില്യാ. അവിട്യാ നിക്കട്ടെ
ഈ മനുഷ്യന്റെ ഒരു കാര്യം. ജാതീം കുരുമൊളകും തേങ്ങേരെ മൂടും. ഒരു കായേങ്കിലും ഇണ്ടായിട്ടാണെങ്കെ വേണ്ടില്ലില്ലാര്ന്നു. മിറ്റത്തു നെറച്ചും എലീം കൊമ്പും മാത്രണ്ട്. ഒരു തുണി ഒണങ്ങി കിട്ടണങ്കെ പെരപ്പെറത്ത് കൊണ്ടോയിടണം.
{അത്യാഹിതം സംഭവിച്ചു എന്ന് കരുതി കുളിമുറിയില് നിന്നും അര്ദ്ധനഗ്നനായി തോത്തുമുണ്ടില് ഓടിവന്ന കുഞ്ഞോന് സീനുകളെല്ലാം കണ്ട് മനസ്സിലാക്കിയ ശേഷം}
നന്നായോള്ളോ! നിനക്കിതന്നെ വരണം. മിനിഞ്ഞാന്ന് അതീന്ന് ഞാനൊരു പൂവ് പൊട്ടിച്ചേന് എന്നെ നീയെന്തൊക്കെ പറഞ്ഞു!
ബൈ ദി ബൈ മിസ്സീസ്സ് പെണ്ണമ്മിച്ചി, മിസ്റ്റര് അച്ചങ്കുഞ്ഞ് പറഞ്ഞതാണ് കറക്റ്റ്. “പാഷന് ഫ്രൂട്ട് മ്ഹും നല്ല പേര്” എന്ന് തൃഷ്ണയിലെ(6) സ്വപ്നയെന്ന ചരക്ക്(7) ഗോപനെന്ന കൊച്ചെറുക്കനോട് (8) പറയുന്ന അതേ പാഷന് ഫ്രൂട്ട്.
“മൈനാകം കടലില് നിന്നുയരുന്നുവോ..” എന്ന ബിച്ചു തിരുമല വരികള്ക്ക് ശ്യാമിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കില് നടന്ന് വരുന്ന മമ്മൂട്ടി.
ആ പാഷനല്ലട കുഞ്ഞോനേ ഈ പാഷന്. ഇത് പാഷന് ഓഫ് ദി ക്രൈസ്റ്റിന്റെ പാഷന് തന്നീണ്. എം.ടി ചെലപ്പൊ തൃഷ്ണ എന്ന് പേരിന് പറ്റ്യോരു ഡയലോഗിണ്ടാക്കീതാവും(9). സംഗതി പക്ഷേ പീഡാനുഭവത്തിലാണ് കെടക്കണേ.
പ്രേമപീഡേലെ പീഡ തന്ന്യലേ പീഡാനുഭവത്തിലേ പീഡ?

അതന്നെ. തെക്കേ അമേരിക്കയില് പോയ സ്പാനീഷ് കത്തോലിക്കാ മിഷണറിമാര്, അവ്ടത്തെ നാട്ടാര് വേദാനാസംഹാരിയായി ഉപയോഗിച്ചേര്ന്ന ഈ പഴത്തിന്റെ പൂവിന് പാഷന് ഫ്ലവര് എന്ന് പേരിട്ടത്. ആ പൂവിന്റെ കായ പാഷന് ഫ്രൂട്ട്. ഈ പൂവ് കണ്ടപ്പോ അവര്ക്ക് കര്ത്താവിന്റെ പീഡാനുഭവം അതില് കാണാന് പറ്റീത്രേ! അതീനാണ് ഇതിനു പാഷന് ഫ്രൂട്ട് എന്ന പേരിണ്ടായത്. അതിന്റെ ഏറ്റോം മോളിലത്തെ മൂന്നു കേസരതുമ്പോള് കര്ത്താവിന്റെ കയ്യിലും കാലിലും തറച്ച മൂന്ന് ആണ്യോള്, അയിന്റെ താഴെ ഉള്ള കേസരങ്ങള് അഞ്ച് തിരുമുറിവോള്, അയിന്റെ താഴീള്ള നൂല് പോലത്തെ പൂഭാഗം മുള്ക്കിരീടം, താഴെ ഉള്ള ദളങ്ങളും പുറമിതളുകളും കര്ത്താവിന്റെ 10 ശിഷ്യന്മാര്, ചെടിടെ ചുറ്റുവള്ളികള് ചാട്ടവാര്.(10) എങ്ങനീണ്ട് അവ്ര്ടെ കാഴ്ച?
10 ശിഷ്യമാരാ? 12 അല്ലേ അച്ചങ്കുഞ്ഞേ?
അത് പണ്ടല്ലേരാ. പീഡാനുഭവസമയത്ത് യൂദാസ് ഒറ്റിക്കൊടുത്തില്ലേ, പത്രോസ് തള്ളീം പറഞ്ഞു. അപ്പോ 12-2 =10 എപ്പടീ?
ആഹാ എന്തൊരു പാഷന്! എന്തൊരു പീഡ! അപ്പോ പാറേലും വെള്ളത്തിലും ദോശേലും മൊട്ടാബ്ലേറ്റിലൊക്കെ പടച്ചതമ്പ്രാനെ കാണാന് തൊടങ്ങീത് ഇബട്യൊന്നൊടങ്ങ്യാണല്ലേ!
അങ്ങിനെ പറയാന് പാട്ല്യാ. പൂവിലും പുല്ലും തൂണിലു തുരുമ്പിലും കര്ത്താവുറങ്ങുന്നു എന്ന് പറയണം
തേങ്ങേരേ മൂട്ണ്. വെറ്തെ ഗുണ്ടടിക്കാണ്ട് ഒന്നു പോയേന്റെ മനുഷ്യാ.
അല്ലറീ പെണ്ണമ്മേ, പട്ടീരെ മൂട്ണ്. പാഷന് ഫ്ലവറിലെ പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞ് ഉത്ഥാനം നടന്നത് പട്ടിരെ മൂട്ടിലാര്ന്നു. സംശയണ്ടങ്കെ ദേ നോക്ക്. പട്ടീരെ മൂട്ടീന് കര്ത്താവ് ഇറങ്ങി വരണത്!(11)

**************************
1a. പ്രധാനമായും രണ്ട് തരം പാഷന് ഫ്ര്യൂട്ട് (Passiflora edulis) ആണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. പര്പ്പിളും (Passiflora edulis L) മഞ്ഞയും (P. edulis f. flavicarpa).ഹാര്മാല ആല്ക്കലോയിഡുകളും ഫ്ലേവണൊയിഡുകളും കരോട്ടിനോയിഡുകളും ഈ ചെടിയില് (കുറഞ്ഞ അളവില് )കണ്ടു വരുന്നതിനാല് ഭക്ഷ്യവസ്തുക്കളുടെ മരുന്നുപയോഗ ഗവേഷണത്തില് ധാരാളമായി ഉപയോഗിച്ച് വരുന്നു.
1b. C.O. Chichester, Advances in Food Research, vol.27, Elsevier.
2.R.R Watson et al, Nutri. Res., 28(3),166-171 (2008) "Oral administration of the purple passion fruit peel extract reduces wheeze and cough and improves shortness of breath in adults with asthma"
3.C. A. Rowe et al, J. Med.l Food, 7(4),402-407 (2004) "Inhibition of Neoplastic Transformation of Benzo[α]pyrene-Treated BALB/c 3T3 Murine Cells by a Phytochemical Extract of Passionfruit Juice"
4.R.R Watson et al, Nutri. Res., 27(7),408-416(2007) "Oral administration of purple passion fruit peel extract attenuates blood pressure in female spontaneously hypertensive rats and humans."
5. തെക്കേ അമേരിക്കന് നാട്ടു വൈദ്യത്തില് ഉറക്കമില്ലയ്മക്കും വേദനാസംഹാരിയായും ഉപയോഗിച്ചിരുന്നതിനാല് വ്യാപകമായ തോതില് പാഷന്ഫ്രൂട്ട് സിറപ്പ് ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായി വാണിജ്യാടിസ്ഥാനത്തില് വില്ക്കപ്പെട്ടു. എന്നാല് ക്ലിനിക്കല് ട്രയലുകളില് ഈ സിറപ്പിനു വലിയ സ്വാധീനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്ന്ന് സിറപ്പുണ്ടാക്കി വില്ക്കുന്നത് പാശ്ചാത്യരാജങ്ങളില് നിരോധിച്ചു. ഇപ്പോള് ധാരളം ഗവേഷണങ്ങള് അതിലെ ആല്ക്കലോയിഡുകളിലും മറ്റും നടക്കുന്നു. കൂടുതല്
6. ഈ വീഡിയോയിലെ ഏഴാം മിനിട്ടു തുടങ്ങി കാണുക. തൃഷ്ണ- സംവിധാനം-ഐ.വി.ശശി. കഥ, തിരക്കഥ, സംഭാഷണം- എം.ടി വാസുദേവന് നായര്. ഗാനങ്ങള് -ബിച്ചുതിരുമല.സംഗീതം-ശ്യാം
7. ചരക്ക് - സെക്സിയായ പെണ്ണ്
8. കൊച്ചെറുക്കന് - കൊച്ചുപുസ്തകം വായിക്കുന്ന പ്രായത്തിലുള്ള/അവസ്ഥയിലുള്ള ചെറുക്കന്
9. പാഷന് ഫ്രൂട്ടിലെ പാഷന് ഒട്ടനവധി പേരെ തെറ്റിദ്ധരിപ്പിച്ചീട്ടുണ്ട്. കൂടുതല്
10. വ്യാഖ്യാനങ്ങള്ക്കനുസരിച്ച്, ഇലയും, കായും, വേരും പീഡനുഭവത്തിനകത്ത് വരും. വായനക്കാര്ക്കും ശ്രമിച്ചു നോക്കാവുന്നതാണ്. കൂടുതല്.
11. ഈ പടത്തിനു കടപ്പാട് Bay of Fundie
12. മറ്റുചിത്രങ്ങള്ക്ക് കടപ്പാട് വിക്കിപീഡിയ
**************************
തൃഷ്ണ സിനിമാത്തരം -4 തൊലിക്കല്
Thursday, March 12, 2009
മീനച്ചൂടില് അരയറാണി ബിയര് - ഞങ്ങളവതരിപ്പിക്കുന്നു, പുതിയ നിക്ഷേപ പദ്ധതി “മീനമൂല”
ആകാശവാണി തൃശ്ശൂര് ചലച്ചിത്രഗാനങ്ങള്
ആദ്യ ഗാനം പാടുന്നത് ഗാനചന്ദ്രന്
(പാട്ട്)
$$$$ടങ് ട്ട ഡാങ്$$$$
മീന ചൂടില് കുളിര്മ്മയ്ക്കും സമ്പാദ്യത്തിനുമായി അരയറാണി ബിയറിന്റെ മീനമൂല (സ്ത്രീശബ്ദം)
മീനമൂലയോ അതെന്താ?
അതേ ചേട്ടാ.. അരയാണി ബിയറിന്റെ മീനമൂല! മനസ്സിന്റെ കുളിര്മ്മയ്ക്കും ഭാവി സമ്പാദ്യത്തിനുമായി മീനമൂല
ബിയറില് നിന്നും സമ്പാദ്യമോ?
അതേ ചേട്ടാ സമ്പാദ്യം തന്നെ. ചേട്ടന് ഇഷ്ടം പോലെ അരയറാണി ബിയര് കുടിച്ചോളൂ. ലാഭകരമായ 'മീനമൂല' നിക്ഷേപസ്കീമീല് അംഗമാകുന്നതോടെ വീടിന്റെ ഐശ്വര്യവും വര്ദ്ധിക്കുന്നു.
ആഹാ! ഇന്നു തന്നെ ഞാന് സ്വന്തമാകും അരയറാണി മീനമൂല സ്കീം!
മീനചൂടില് നിന്നും രക്ഷ നേടാന് അരയറാണി ബിയര്; നിക്ഷേപത്തിനായി മീനമൂല നിക്ഷേപ പദ്ധതി. ഇന്നു തന്നെ അംഗമാകൂ കുടിച്ച് കൂത്താടി നിക്ഷേപിക്കൂ. ഇടവമൂലയുടെ കുംഭകോണില് മീനമൂല. ഐശ്വര്യം വാങ്ങി കൂട്ടൂ.. അരയറാണി ബിയറിന്റെ മീനമൂല.
$$$$ടങ് ട്ട ഡാങ്$$$$
ഈ നിക്ഷേപപദ്ധതി ആശയത്തിന്റെ പ്രചോദനങ്ങള്
*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല് സില്ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്)
*************************
പ്രചോദനം ഒന്ന്
വല്യേ പെരുന്നാളിനും ചെറ്യേ പെരുന്നാളിനും ഇടയ്ക്ക് മേടത്തിലെ പൂരത്തിനു മുന്പ് വല്യേ മാറ്റമില്ലാതെ ഞങ്ങടോടെ അരങ്ങേറുന്ന ഒരു രംഗം
പെണ്ണമ്മിച്ചിയുടെ അടുക്കള. ഒരടുപ്പത്ത് ചാള വറന്നു കൊണ്ടിരിക്കുന്നു. മറ്റേ അടുപ്പിലെ ചെറിയ തീയില് ഇരിക്കുന്ന അവിയലിലേയ്ക്ക് തൈരു ശ്രദ്ധയൊടെ ഒഴിക്കുന്ന പെണ്ണമ്മിച്ചി
(പുറത്തു നിന്നും ഒരു പെണ്സ്വരം )
പെണ്ണമ്മെച്ച്യേയ്... പെരന്നാളൊക്കെ കഴിഞ്ഞില്ലേ. പഴേ കുപ്പ്യോന്നും കൊട്ക്കണില്ലേ. പെണ്ണമ്മിച്ച്യേയ്
ട്യേ കുഞ്ഞോളേ ആ രാധോടെ പര്യാപ്പോറത്തയ്ക്ക് വരാന് പറയറീ. ഇമ്മടെ ഇടവ മൂലേരപ്രത്ത്ള്ള ആ കുറ്റി കാണിച്ചോട്ക്ക് ഞാനീ ചാള ചിഞ്ചട്ടീനെട്ത്തട്ട് ദേ വര്ണു.
ഇടവമൂലേരപ്രത്ത്ള്ള കുറ്റ്യാ?
ആ ഒഴിഞ്ഞ കുപ്പ്യോളും പ്ലാസ്റ്റിക്കൊക്കെ ഇടണ സ്ഥലം
ആ മനസ്സിലായി മീന മൂല. ഇമ്മടെ മീനക്കുട്ടി ആരും കാണാണ്ട് മൂത്രം മുള്ളണ സ്ഥലാത്.
(ക്യാമറ കട്ട്)
സീന് പര്യാപുറം
പഴയ മൂട് പോയ വെള്ളകുറ്റി. അതില് നിറഞ്ഞ് കിടക്കുന്ന വെയിലേറ്റു 'തിളങ്ങുന്ന' ഒഴിഞ്ഞ ബിയര് കുപ്പികള്. കുറ്റിയ്ക്ക് പുറത്തും കുറേ എണ്ണം ഇരിക്കുന്നു.
രാധ - അമ്പാമ്പോ ഇത്തവണത്തെ പെരന്നാള് മൊത്തം നിങ്ങടൊട്യാര്ന്നല്ലോ. കുടിച്ച് കുന്തം മറച്ചിലായിരുന്നല്ലേ.
കുഞ്ഞുമോള് - അവരു കുന്തമറഞ്ഞാലല്ലേ രാധേച്ച്യേ ഞങ്ങക്ക് ജോര്ജ്ജൂട്ടീണ്ടാക്കന് പറ്റാ. ദേ ഇത്തവണ പറ്റ്ക്കാന് സമ്മേയ്ക്കില്ലാട്ടാ ഒരു ബിയറു കുപ്പിയ്ക്ക് ഒന്നരുര്പ്യ വച്ചങ്ങട് തരണം. പൂരം എക്സിബിഷനില് പൊടിക്കാന്ള്ളത്ണ്.
പെണ്ണമ്മിച്ചി - അതന്നെ.. അതന്നെ.. നീ ഒന്നരുര്പ്യേങ്കിലും തരണം. കഴിഞ്ഞ പ്രാവശ്യം എഴുവത്തഞ്ച് പൈസ തന്ന് നീ പറ്റിച്ചു. ആ സൈമണ് ഒന്നര രൂപ തരാന്ന് പറഞ്ഞത്ണ്
രാധ - എന്തൂട്ട് വര്ത്താനെന്റെ പെണ്ണമ്മേച്ച്യേ. സൈമണ് ആ മൂന്ന് ചക്രള്ള വണ്ടീണ്ട്. ഒരു കുന്ന് സാനങ്ങള് കൊള്ളും അതില്. ഒറ്റപ്രാവശ്യം കൊണ്ടന്ന് കൊടുത്താ പകുതീം അവന് ലാഭാ. പിന്നെ കക്കൂം ചെയ്യും. എന്റീ തലേലെടക്കണതല്ലേ എനിക്ക് കൊണ്ടോട്ക്കാന് പറ്റൂ. പെണ്ണങ്ങള് കൊടോട്ത്താ ആ കൊക്കാലക്കാര്ക്ക് ഒരു വെലീല്യാ. കാശ് കൊറച്ചേ തരൂ എപ്പ്ഴും. ആ പോട്ടെ.. പെണ്ണമ്മിച്ച്യായോണ്ട് 80 പൈസ തരാം.
പെണ്ണമ്മിച്ചി - പറ്റില്ലറീ രാധേ. നിനക്ക് 80 പൈസയ്ക്ക് തന്ന അച്ചങ്കുഞ്ഞും കുഞ്ഞോനും കൂടി എന്റെ മെക്കട്ട് കേറാന് വരും. തൃശ്ശൂരു കൊടുത്താ രണ്ടുര്പ്യ കിട്ടുംന്ന് പറഞ്ഞീട്ട്.
രാധ- എന്നാപോട്ടെ 90 പൈസ തരാം. ഇന്നിം കൂട്ടാന് പറ്റില്യ പെണ്ണമ്മേച്ച്യേ.
കുഞ്ഞുമോള് - അതു പറ്റില്യ. കൊട്ക്കണ്ട പെണ്ണമ്മിച്ച്യേ ഞാന് സ്കൂട്ടറില് കൊട് കൊട്ത്തോളാം
പെണ്ണമ്മിച്ചി - നീയ് എണ്ണിയെട്ക്കടീ രാധേ. ഒരു രൂപ തരണം അതിലും കൊറക്കാനൊന്നൂല്യ. അവള്ടൊരു സ്കൂട്ടറ്. അതോടിക്കാന് പെട്രോള് നീ മുള്ളോ?
രാധ - ബിയര് കുപ്പികള് മാത്രം എണ്ണുന്നു മറ്റുള്ള കുപ്പികള് ഗ്രീന് ലേബല്, സീസര്, ഓസിആര് ഒക്കെ മാറ്റി ഇടുന്നു.
കുഞ്ഞുമോള് - അതെന്താ ആ വല്യേ കുപ്പികള് ഇട്ക്കാത്തെ?
രാധ - അതിനു വെല കിട്ടില്ലറീ കുഞ്ഞോളേ. ഞാനിത്രേ വഴി കൊടോയാ 25 പൈസീന് കിട്ടാ. അലുമിനിയം ക്യാനോള് എട്ക്കാം. 50 പൈസ വച്ച് തരാം.
പെണ്ണമ്മിച്ചി - അതു പറ്റില്യാട്ടാ രാധേ നീ ആ കുപ്പ്യോളും എട്ക്കണം 10 പൈസ തന്നാല് മതി. ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. പക്ഷേ ആ കുപ്പ്യോളും അതിലുള്ള പ്ലാസ്റ്റിക്കും നീ കൊണ്ടോണം. അല്ലെങ്കെ ചെറ്യേ പെരുന്നാള്ക്ക് കുപ്പ്യോളിടാന് സ്ഥലണ്ടാവില്യാ.
രാധ - സ്ഥലണ്ടോന്ന് നോക്കട്ടെ. ദേ 68 ബിയറു കുപ്പീന്റ്. 58 ക്യാന്. 25 വല്യേ കുപ്പി. പിന്നെ ഈ ടിന്നോള്ക്കും പ്ലാസ്റ്റികിനും ഒക്കെ കൂടി 5 രൂപ തരാം. അപ്പോ 68ഉം 24ഉം 92. പിന്നെ ഏഴെ അമ്പതും 99.50 ഇന്നാ ഈ നൂറാപിടിച്ചോ?ഞാനായിറ്റ് പറ്റീച്ചൂന്ന് പറയ്ല്ലല്ലോ.
(വല്യമ്മിച്ചി പര്യേപ്പൊറത്തേയ്ക്ക് )
വല്യമ്മിച്ചി - ഇതെന്തൂട്ട്ണ് നടേപ്പൊറത്തെ വാതിലൊക്കെ തൊറന്നിട്ട്ട്ട് ഈ പെണ്ണങ്ങള് മന്ദലമയങ്ങി ഇവടെ നിക്കണത്
പെണ്ണമ്മിച്ചി -അയ് ചേച്ച്യെന്താ ഈ നേരത്ത് അപ്പോ അച്ചങ്കുഞ്ഞില്ലേ ഉമ്മാറത്ത്
വല്യമ്മിച്ചി -ആ അങ്ങോരൊരു പുസ്തകോം പിടിച്ചിരുന്നാ വല്ലതറിയോ?
പെണ്ണമിച്ചി -ആ അറിയണ്ടതൊക്കറിയും. ട്യേ കുഞ്ഞോളേ നീ ഈ കുപ്പി പെറുക്കീട്ട് കൊട്ക്ക്ട്ടാ. ഞാനാ ചാള വറ്ത്ത് മുഴുവനാക്കട്ടെ.
(പെണ്ണമ്മിച്ചീരെ പിന്നാലേ പോകുന്ന വല്യമ്മിച്ചി പെണ്ണമ്മിച്ചിയോട് കുശുശുക്കുന്നു.)
വല്യമ്മിച്ചി - നിനക്ക് വട്ട്ണ്ടാ പെണ്ണമ്മേ ആ കുപ്പ്യോള് കുഞ്ഞോന്റേലു കൊട്ത്തയച്ചാ ഒരെണ്ണത്തിനു രണ്ടുര്പ്യ വച്ച് കിട്ടില്ലേറീ
പെണ്ണമ്മിച്ചി -ആ കിട്ടും കിട്ടും പക്ഷേ എനിക്കെന്തൂട്ടാ ലാഭം ആ കാശിനു അവന് കള്ളുകുടിക്കും. ഇതിവള്ക്ക് കൊടുത്താ അവക്കതൊരു ഉപകാരാവും, എനിക്ക് കാശും കിട്ടും.
വല്യമ്മിച്ചി - എന്നാപ്പിന്നെ നിനക്കത് അവള്ക്ക് വെറ്ത്യാ കൊടുത്തൂടേ? അല്ലെങ്കിലും ഇവട്ത്തെ ഓലീം മടലൊക്കെ നീയവള്ക്ക് വെറ്ത്യല്ലേ കൊടക്കണേ. അല്ലാച്ചാ ആ കുപ്പ്യൊളൊക്കെ ആ കാനാലില്ക്കാ എറിഞ്ഞൂടേ? എന്നട്ടവള്ക്ക് പെരന്നാളിന്റെ സന്തോഷത്തിന് ഒരു നൂറുര്പ്യാ കൊടുക്കണം.
പെണ്ണമ്മിച്ചി - കുപ്പി കച്ചോടം അവള്ടെ ജോല്യല്ലേ ചേച്ച്യേ. പെരന്നാളിന്റെ സന്തോഷൊക്കെ അവള്ക്ക് കൊടുക്ക്ണ്ട്. ദാനത്തിനേക്കാലും നല്ലതല്ലെ ഒരു ജോലി ചെയ്ത് ജീവിക്കാന് സഹായിക്കല്. അതോണ്ടല്ലേ കുഞ്ഞോള്ടെ സ്കൂട്ടറില് കൊടുത്ത് വിടാണ്ട് ഇതൊക്കെ കൂട്ടീട്ട് രാധയ്ക്കന്നെ കൊടക്കണത്. അല്ലെങ്കെ ആ ഭാര്യേ തല്ലി സൈമണ് കൊടുത്താലും ഒന്നരുര്പ്യ കിട്ടില്ലേ. അല്ലീപ്പോ ആര്ക്കും വേണ്ടാത്ത ഓലീം മടലും ഇനീപ്പോ ഞാനവള്പ്പ് കാശ്ന് കൊട്ക്കണാ? അതെട്ത്തോണ്ട് പോയി ഇവടെ വൃത്ത്യാക്കിടണേന് അവള്ക്ക് അങ്ങ്ട് കൊടക്കണം കാശ്. പിന്ന്യേയ് ഒരു കാര്യം ചേച്ച്യോട് പറയാന് മറന്നൂട്ടാ. ഇമ്മള്ക്കിന്നാള് 'എടവമൂലേനെ കുറിച്ച് പറഞ്ഞന്ന ആ പ്രൊഫസറിവിടെ പെരന്നാള്ക്ക് വന്നണ്ടാര്ന്നൂട്ടാ. വല്യേ പെരന്നാളായോണ്ട് കള്ള് കുട്യൊക്കെ ആ പ്ലാവിന്റെ മൂട്ടിലാര്ന്നു. അപ്പോ അയാളീ കുപ്പ്യോള് കൂട്ടീട്ടേക്കണ കണ്ടൂട്ടാ. അയാള് അതിശയിച്ച് ചോയ്ക്യാ ഈ മീനമൂലേനെ കുറിച്ച് നിങ്ങള്ക്കാരാ പറഞ്ഞന്നേന്നു! ഞാന് പറ്ഞ്ഞു, ഇവിടെ മീനോം മേടോം മൂല്യോന്നൂല്യാന്ന്. അപ്പോ അയാള് പറയ്ണേ എടവമൂലേരവ്ടെ ഇങ്ങനെ കാലിക്കുപ്പ്യോള് കൂട്ടീടണത് ഭയങ്കര ഐശ്വര്യാന്ന്. അയിനീന് മീനമൂലാന്ന് പറയാന്ന്.
കുഞ്ഞുമോള് - പെണ്ണമ്മിച്ച്യേ അതു ഇമ്മ്ടെ മീനു ...
പെണ്ണമ്മിച്ചി - നീയൊന്നു മിണ്ടാണ്ടിരിക്കറീ. അവ്ള് ചേച്ചീനെ കള്യാക്കാന് പറയ്ണ്ത്ണ്. ഇനി അയ്ന്റെ പിന്നാലെ പോണ്ടാ. വീട്ടില്ത്തെ ഒഴിഞ്ഞ കുപ്പ്യോക്കെ വല്ലോര്ടെ പറമ്പില്ക്കെറിഞ്ഞ് അവര്ക്ക് ഐശ്വര്യണ്ടാക്കണ്ട് പോയൊരു മീനമൂലിണ്ടാക്കാന് നോക്ക്.
*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല് സില്ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്)
*************************
പ്രചോദനം രണ്ട്
സാമ്പത്തീക മാന്ദ്യകാലത്തെ ഫോര്വേഡ് മെയില്
അമേരിക്കന് വേര്ഷന്
If you purchased $1,000 of Delta Airlines stock 1 year ago, you would have $49 today.
If you purchased $1,000 of AIG stock 1 year ago, you would have $33 today.
If you purchased $1,000 of Lehman Brothers stock 1 year ago, you would have $0.0 today.
But, if you purchased $1,000 worth of beer 1 year ago, drank all the beer, returned the aluminum cans for a recycling refund, you would have $214.
ഇന്ത്യന് വേര്ഷന്
If you purchased Rs1, 00,000 of Delta Airlines stock 1 year ago, you would Have Rs 4,900 today.
If you purchased Rs1, 00,000 of AIG stock 1 year ago, you would have Rs 3,300 today.
If you purchased Rs1, 00,000 of Lehman Brothers stock 1 year ago, you would Have Rs 0.0 today.
But, if you purchased Rs1, 00,000 worth of beer 1 year ago, drank all the Beer, returned the aluminum cans for a recycling refund, you would have Rs21, 400!!!
അമേരിക്കേല് കിട്ടണത്ര കാശൊന്നും ഇമ്മടവടെ കിട്ടിലെങ്കിലും ബിയറു കുപ്പി ഒന്നിനു കൊക്കാല രണ്ടുര്പ്യ കിട്ടും.
*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************
പ്രചോദനം മൂന്ന്
സാമ്പത്തിക മാന്ദ്യ കാലത്ത് യാതൊരു തട്ടും തടവുമില്ലാതെ കൂടുതല് ഉശിരായി ഒടുന്ന ബിസ്സിനസ്സ് കള്ള്കച്ചവടമത്രേ
*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************
പ്രചോദനം നാല്
അരയറാണി - കിങ് ഫിഷര് - ഗാന്ധി കണ്ണട
*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************
