Thursday, March 12, 2009

മീനച്ചൂടില്‍ അരയറാണി ബിയര്‍ - ഞങ്ങളവതരിപ്പിക്കുന്നു, പുതിയ നിക്ഷേപ പദ്ധതി “മീനമൂല”

റേഡിയോ റ്റൂണിങ്ങ് -ഉച്ച മയക്കസമയത്തെ റേഡിയോ ഗാനങ്ങള്‍

ആകാശവാണി തൃശ്ശൂര്‍ ചലച്ചിത്രഗാനങ്ങള്‍

ആദ്യ ഗാനം പാടുന്നത് ഗാനചന്ദ്രന്‍

(പാട്ട്)

$$$$ടങ് ട്ട ഡാങ്$$$$

മീന ചൂടില്‍ കുളിര്‍മ്മയ്ക്കും സമ്പാദ്യത്തിനുമായി അരയറാണി ബിയറിന്റെ മീനമൂല (സ്ത്രീശബ്ദം)

മീനമൂലയോ അതെന്താ?

അതേ ചേട്ടാ.. അരയാണി ബിയറിന്റെ മീനമൂല! മനസ്സിന്റെ കുളിര്‍മ്മയ്ക്കും ഭാവി സമ്പാദ്യത്തിനുമായി മീനമൂല

ബിയറില്‍ നിന്നും സമ്പാദ്യമോ?

അതേ ചേട്ടാ സമ്പാദ്യം തന്നെ. ചേട്ടന്‍ ഇഷ്ടം പോലെ അരയറാണി ബിയര്‍ കുടിച്ചോളൂ. ലാഭകരമായ 'മീനമൂല' നിക്ഷേപസ്കീമീല്‍ അംഗമാകുന്നതോടെ വീടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുന്നു.

ആഹാ! ഇന്നു തന്നെ ഞാന്‍ സ്വന്തമാകും അരയറാണി മീനമൂല സ്കീം!

മീനചൂടില്‍ നിന്നും രക്ഷ നേടാന്‍ അരയറാണി ബിയര്‍; നിക്ഷേപത്തിനായി മീനമൂല നിക്ഷേപ പദ്ധതി. ഇന്നു തന്നെ അംഗമാകൂ കുടിച്ച് കൂത്താടി നിക്ഷേപിക്കൂ. ഇടവമൂലയുടെ കുംഭകോണില്‍ മീനമൂല. ഐശ്വര്യം വാങ്ങി കൂട്ടൂ.. അരയറാണി ബിയറിന്റെ മീനമൂല.

$$$$ടങ് ട്ട ഡാങ്$$$$

ഈ നിക്ഷേപപദ്ധതി ആശയത്തിന്റെ പ്രചോദനങ്ങള്‍

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം ഒന്ന്

വല്യേ പെരുന്നാളിനും ചെറ്യേ പെരുന്നാളിനും ഇടയ്ക്ക് മേടത്തിലെ പൂരത്തിനു മുന്‍പ് വല്യേ മാറ്റമില്ലാതെ ഞങ്ങടോടെ അരങ്ങേറുന്ന ഒരു രംഗം


പെണ്ണമ്മിച്ചിയുടെ അടുക്കള. ഒരടുപ്പത്ത് ചാള വറന്നു കൊണ്ടിരിക്കുന്നു. മറ്റേ അടുപ്പിലെ ചെറിയ തീയില്‍ ഇരിക്കുന്ന അവിയലിലേയ്ക്ക് തൈരു ശ്രദ്ധയൊടെ ഒഴിക്കുന്ന പെണ്ണമ്മിച്ചി

(പുറത്തു നിന്നും ഒരു പെണ്‍സ്വരം )

പെണ്ണമ്മെച്ച്യേയ്... പെരന്നാളൊക്കെ കഴിഞ്ഞില്ലേ. പഴേ കുപ്പ്യോന്നും കൊട്‌ക്കണില്ലേ. പെണ്ണമ്മിച്ച്യേയ്

ട്യേ കുഞ്ഞോളേ ആ രാധോടെ പര്യാപ്പോറത്തയ്ക്ക് വരാന്‍ പറയറീ. ഇമ്മടെ ഇടവ മൂലേരപ്രത്ത്‌ള്ള ആ കുറ്റി കാണിച്ചോട്ക്ക് ഞാനീ ചാള ചിഞ്ചട്ടീനെട്‌ത്തട്ട് ദേ വര്‌ണു.

ഇടവമൂലേരപ്രത്ത്‌ള്ള കുറ്റ്യാ?

ആ ഒഴിഞ്ഞ കുപ്പ്യോളും പ്ലാസ്റ്റിക്കൊക്കെ ഇടണ സ്ഥലം

ആ മനസ്സിലായി മീന മൂല. ഇമ്മടെ മീനക്കുട്ടി ആരും കാണാണ്ട് മൂത്രം മുള്ളണ സ്ഥലാത്.

(ക്യാമറ കട്ട്)
സീന്‍ പര്യാപുറം

പഴയ മൂട് പോയ വെള്ളകുറ്റി. അതില്‍ നിറഞ്ഞ് കിടക്കുന്ന വെയിലേറ്റു 'തിളങ്ങുന്ന' ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍. കുറ്റിയ്ക്ക് പുറത്തും കുറേ എണ്ണം ഇരിക്കുന്നു.

രാധ - അമ്പാമ്പോ ഇത്തവണത്തെ പെരന്നാള് മൊത്തം നിങ്ങടൊട്യാര്‍ന്നല്ലോ. കുടിച്ച് കുന്തം മറച്ചിലായിരുന്നല്ലേ.

കുഞ്ഞുമോള്‍ - അവരു കുന്തമറഞ്ഞാലല്ലേ രാധേച്ച്യേ ഞങ്ങക്ക് ജോര്‍ജ്ജൂട്ടീണ്ടാക്കന്‍ പറ്റാ. ദേ ഇത്തവണ പറ്റ്‌ക്കാന്‍ സമ്മേയ്ക്കില്ലാട്ടാ ഒരു ബിയറു കുപ്പിയ്ക്ക് ഒന്നരു‌ര്‍പ്യ വച്ചങ്ങട് തരണം. പൂരം എക്സിബിഷനില്‍ പൊടിക്കാന്‌ള്ളത്ണ്.

പെണ്ണമ്മിച്ചി - അതന്നെ.. അതന്നെ.. നീ ഒന്നരു‌ര്‍പ്യേങ്കിലും തരണം. കഴിഞ്ഞ പ്രാവശ്യം എഴുവത്തഞ്ച് പൈസ തന്ന് നീ പറ്റിച്ചു. ആ സൈമണ്‍ ഒന്നര രൂപ തരാന്ന് പറഞ്ഞത്‌ണ്

രാധ - എന്തൂട്ട് വര്‍ത്താനെന്റെ പെണ്ണമ്മേച്ച്യേ. സൈമണ് ആ മൂന്ന് ചക്രള്ള വണ്ടീണ്ട്. ഒരു കുന്ന് സാനങ്ങള് കൊള്ളും അതില്. ഒറ്റപ്രാവശ്യം കൊണ്ടന്ന് കൊടുത്താ പകുതീം അവന് ലാഭാ. പിന്നെ കക്കൂം ചെയ്യും. എന്റീ തലേലെടക്കണതല്ലേ എനിക്ക് കൊണ്ടോട്‌ക്കാന്‍ പറ്റൂ. പെണ്ണങ്ങള് കൊടോട്‌ത്താ ആ കൊക്കാലക്കാര്‍ക്ക് ഒരു വെലീല്യാ. കാശ് കൊറച്ചേ തരൂ എപ്പ്‌ഴും. ആ പോട്ടെ.. പെണ്ണമ്മിച്ച്യായോണ്ട് 80 പൈസ തരാം.

പെണ്ണമ്മിച്ചി - പറ്റില്ലറീ രാധേ. നിനക്ക് 80 പൈസയ്ക്ക് തന്ന അച്ചങ്കുഞ്ഞും കുഞ്ഞോനും കൂടി എന്റെ മെക്കട്ട് കേറാന്‍ വരും. തൃശ്ശൂരു കൊടുത്താ രണ്ടു‌ര്‍പ്യ കിട്ടുംന്ന് പറഞ്ഞീട്ട്.

രാധ- എന്നാപോട്ടെ 90 പൈസ തരാം. ഇന്നിം കൂട്ടാന്‍ പറ്റില്യ പെണ്ണമ്മേച്ച്യേ.

കുഞ്ഞുമോള്‍ - അതു പറ്റില്യ. കൊട്‌ക്കണ്ട പെണ്ണമ്മിച്ച്യേ ഞാന്‍ സ്കൂട്ടറില്‍ കൊട് കൊട്‌ത്തോളാം

പെണ്ണമ്മിച്ചി - നീയ് എണ്ണിയെട്ക്കടീ രാധേ. ഒരു രൂപ തരണം അതിലും കൊറക്കാനൊന്നൂല്യ. അവള്‍ടൊരു സ്കൂട്ടറ്. അതോടിക്കാന്‍ പെട്രോള് നീ മുള്ളോ?

രാധ - ബിയര്‍ കുപ്പികള്‍ മാത്രം എണ്ണുന്നു മറ്റുള്ള കുപ്പികള്‍ ഗ്രീന്‍ ലേബല്‍, സീസര്‍, ഓസിആര്‍ ഒക്കെ മാറ്റി ഇടുന്നു.

കുഞ്ഞുമോള്‍ - അതെന്താ ആ വല്യേ കുപ്പികള്‍ ഇട്ക്കാത്തെ?

രാധ - അതിനു വെല കിട്ടില്ലറീ കുഞ്ഞോളേ. ഞാനിത്രേ വഴി കൊടോയാ 25 പൈസീന് കിട്ടാ. അലുമിനിയം ക്യാനോള് എട്ക്കാം. 50 പൈസ വച്ച് തരാം.

പെണ്ണമ്മിച്ചി - അതു പറ്റില്യാട്ടാ രാധേ നീ ആ കുപ്പ്യോളും എട്ക്കണം 10 പൈസ തന്നാല്‍ മതി. ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. പക്ഷേ ആ കുപ്പ്യോളും അതിലുള്ള പ്ലാസ്റ്റിക്കും നീ കൊണ്ടോണം. അല്ലെങ്കെ ചെറ്യേ പെരുന്നാള്‍ക്ക് കുപ്പ്യോളിടാന്‍ സ്ഥലണ്ടാവില്യാ.

രാധ - സ്ഥലണ്ടോന്ന് നോക്കട്ടെ. ദേ 68 ബിയറു കുപ്പീന്റ്. 58 ക്യാന്‍. 25 വല്യേ കുപ്പി. പിന്നെ ഈ ടിന്നോള്‍ക്കും പ്ലാസ്റ്റികിനും ഒക്കെ കൂടി 5 രൂപ തരാം. അപ്പോ 68ഉം 24ഉം 92. പിന്നെ ഏഴെ അമ്പതും 99.50 ഇന്നാ ഈ നൂറാപിടിച്ചോ?ഞാനായിറ്റ് പറ്റീച്ചൂന്ന് പറയ്‌ല്ലല്ലോ.

(വല്യമ്മിച്ചി പര്യേപ്പൊറത്തേയ്ക്ക് )

വല്യമ്മിച്ചി - ഇതെന്തൂട്ട്ണ് നടേപ്പൊറത്തെ വാതിലൊക്കെ തൊറന്നിട്ട്ട്ട് ഈ പെണ്ണങ്ങള് മന്ദലമയങ്ങി ഇവടെ നിക്കണത്

പെണ്ണമ്മിച്ചി -അയ് ചേച്ച്യെന്താ ഈ നേരത്ത് അപ്പോ അച്ചങ്കുഞ്ഞില്ലേ ഉമ്മാറത്ത്

വല്യമ്മിച്ചി -ആ അങ്ങോരൊരു പുസ്തകോം പിടിച്ചിരുന്നാ വല്ലതറിയോ?

പെണ്ണമിച്ചി -ആ അറിയണ്ടതൊക്കറിയും. ട്യേ കുഞ്ഞോളേ നീ ഈ കുപ്പി പെറുക്കീട്ട് കൊട്‌ക്ക്‍ട്ടാ. ഞാനാ ചാള വറ്‌ത്ത് മുഴുവനാക്കട്ടെ.

(പെണ്ണമ്മിച്ചീരെ പിന്നാലേ പോകുന്ന വല്യമ്മിച്ചി പെണ്ണമ്മിച്ചിയോട് കുശുശുക്കുന്നു.)

വല്യമ്മിച്ചി - നിനക്ക് വട്ട്‌ണ്ടാ പെണ്ണമ്മേ ആ കുപ്പ്യോള് കുഞ്ഞോന്റേലു കൊട്‌ത്തയച്ചാ ഒരെണ്ണത്തിനു രണ്ടുര്‍പ്യ വച്ച് കിട്ടില്ലേറീ

പെണ്ണമ്മിച്ചി -ആ കിട്ടും കിട്ടും പക്ഷേ എനിക്കെന്തൂട്ടാ ലാഭം ആ കാശിനു അവന്‍ കള്ളുകുടിക്കും. ഇതിവള്‍ക്ക് കൊടുത്താ അവക്കതൊരു ഉപകാരാവും, എനിക്ക് കാശും കിട്ടും.

വല്യമ്മിച്ചി - എന്നാപ്പിന്നെ നിനക്കത് അവള്‍ക്ക് വെറ്‌ത്യാ കൊടുത്തൂടേ? അല്ലെങ്കിലും ഇവട്‌ത്തെ ഓലീം മടലൊക്കെ നീയവള്‍ക്ക് വെറ്‌ത്യല്ലേ കൊടക്കണേ. അല്ലാച്ചാ ആ കുപ്പ്യൊളൊക്കെ ആ കാനാലില്‍ക്കാ എറിഞ്ഞൂടേ? എന്നട്ടവള്‍ക്ക് പെരന്നാളിന്റെ സന്തോഷത്തിന് ഒരു നൂറുര്‍പ്യാ കൊടുക്കണം.

പെണ്ണമ്മിച്ചി - കുപ്പി കച്ചോടം അവള്‍ടെ ജോല്യല്ലേ ചേച്ച്യേ. പെരന്നാളിന്റെ സന്തോഷൊക്കെ അവള്‍ക്ക് കൊടുക്ക്‍ണ്ട്. ദാനത്തിനേക്കാലും നല്ലതല്ലെ ഒരു ജോലി ചെയ്ത് ജീവിക്കാന്‍ സഹായിക്കല്. അതോണ്ടല്ലേ കുഞ്ഞോള്‍ടെ സ്കൂട്ടറില് കൊടുത്ത് വിടാണ്ട് ഇതൊക്കെ കൂട്ടീട്ട് രാധയ്ക്കന്നെ കൊടക്കണത്. അല്ലെങ്കെ ആ ഭാര്യേ തല്ലി സൈമണ് കൊടുത്താലും ഒന്നരുര്‍പ്യ കിട്ടില്ലേ. അല്ലീപ്പോ ആര്‍ക്കും വേണ്ടാത്ത ഓലീം മടലും ഇനീപ്പോ ഞാനവള്‍പ്പ് കാശ്‌ന് കൊട്‌ക്കണാ? അതെട്ത്തോണ്ട് പോയി ഇവടെ വൃത്ത്യാക്കിടണേന് അവള്‍ക്ക് അങ്ങ്‌ട് കൊടക്കണം കാശ്. പിന്ന്യേയ് ഒരു കാര്യം ചേച്ച്യോട് പറയാന്‍ മറന്നൂട്ടാ. ഇമ്മള്‍ക്കിന്നാള് 'എടവമൂലേനെ കുറിച്ച് പറഞ്ഞന്ന ആ പ്രൊഫസറിവിടെ പെരന്നാള്‍ക്ക് വന്നണ്ടാര്‍ന്നൂട്ടാ. വല്യേ പെരന്നാളായോണ്ട് കള്ള് കുട്യൊക്കെ ആ പ്ലാവിന്റെ മൂട്ടിലാര്‍ന്നു. അപ്പോ അയാളീ കുപ്പ്യോള് കൂട്ടീട്ടേക്കണ കണ്ടൂട്ടാ. അയാള് അതിശയിച്ച് ചോയ്ക്യാ ഈ മീനമൂലേനെ കുറിച്ച് നിങ്ങള്‍ക്കാരാ പറഞ്ഞന്നേന്നു! ഞാന്‍ പറ്ഞ്ഞു, ഇവിടെ മീനോം മേടോം മൂല്യോന്നൂല്യാന്ന്. അപ്പോ അയാള്‍ പറയ്‌ണേ എടവമൂലേരവ്ടെ ഇങ്ങനെ കാലിക്കുപ്പ്യോള് കൂട്ടീടണത് ഭയങ്കര ഐശ്വര്യാന്ന്. അയിനീന് മീനമൂലാന്ന് പറയാന്ന്.

കുഞ്ഞുമോള്‍ - പെണ്ണമ്മിച്ച്യേ അതു ഇമ്മ്ടെ മീനു ...

പെണ്ണമ്മിച്ചി - നീയൊന്നു മിണ്ടാണ്ടിരിക്കറീ. അവ്‌ള്‍ ചേച്ചീനെ കള്യാക്കാന്‍ പറയ്‌ണ്‌ത്ണ്. ഇനി അയ്‌ന്റെ പിന്നാലെ പോണ്ടാ. വീട്ടില്‍‌ത്തെ ഒഴിഞ്ഞ കുപ്പ്യോക്കെ വല്ലോര്‍‌ടെ പറമ്പില്‍ക്കെറിഞ്ഞ് അവര്‍ക്ക് ഐശ്വര്യണ്ടാക്കണ്ട് പോയൊരു മീനമൂലിണ്ടാക്കാന്‍ നോക്ക്.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം രണ്ട്

സാമ്പത്തീക മാന്ദ്യകാലത്തെ ഫോര്‍വേഡ് മെയില്‍

അമേരിക്കന്‍ വേര്‍ഷന്‍

If you purchased $1,000 of Delta Airlines stock 1 year ago, you would have $49 today.


If you purchased $1,000 of AIG stock 1 year ago, you would have $33 today.

If you purchased $1,000 of Lehman Brothers stock 1 year ago, you would have $0.0 today.

But, if you purchased $1,000 worth of beer 1 year ago, drank all the beer, returned the aluminum cans for a recycling refund, you would have $214.


ഇന്ത്യന്‍ വേര്‍ഷന്‍


If you purchased Rs1, 00,000 of Delta Airlines stock 1 year ago, you would Have Rs 4,900 today.

If you purchased
Rs1, 00,000 of AIG stock 1 year ago, you would have Rs 3,300 today.

If you purchased
Rs1, 00,000 of Lehman Brothers stock 1 year ago, you would Have Rs 0.0 today.

But, if you purchased
Rs1, 00,000 worth of beer 1 year ago, drank all the Beer, returned the aluminum cans for a recycling refund, you would have Rs21, 400!!!


അമേരിക്കേല് കിട്ടണത്ര കാശൊന്നും ഇമ്മടവടെ കിട്ടിലെങ്കിലും ബിയറു കുപ്പി ഒന്നിനു കൊക്കാല രണ്ടുര്‍പ്യ കിട്ടും.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം മൂന്ന്

സാമ്പത്തിക മാന്ദ്യ കാലത്ത് യാതൊരു തട്ടും തടവുമില്ലാതെ കൂടുതല്‍ ഉശിരായി ഒടുന്ന ബിസ്സിനസ്സ് കള്ള്കച്ചവടമത്രേ

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം നാല്

അരയറാണി - കിങ് ഫിഷര്‍ - ഗാന്ധി കണ്ണട

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

Wednesday, February 25, 2009

അജ്ഞതയെന്ന തെറ്റ് ; അറിവെന്ന പാപം (The Reader)

ദേ കുഞ്ഞോളെ നിന്റെ ഫോണിപ്പോ രണ്ടാമ്മത്തെ പ്രാവശ്യാണടിക്കണേ.

ആ..അതു ഉണ്ണിമോളാ. അവള്‍ടെ ബെറ്റ് ജയിച്ചേന്റെ പത്രാസ് കാണിക്കാന്‌ണ്.

നീ ഫോണെടുക്കെടീ. ഇതിലൊക്കെ എന്തൂ‍ട്ട് പത്രാസ്. അവള് പിടിച്ച സിനിമ്യോന്നല്ലല്ലോ.

ഹലോ..

ട്യേ കുഞ്ഞോളേ സ്പീക്കര്‍ മോഡിലിഡടീ. നിനക്കെന്താടീ നാവില്ല്യാത്തേ. നീയ് കേറ്റിന്റെ ഓസ്കാര്‍ പ്രസംഗം കേട്ട്‌റീ?

ഓഹ് ഞാനൊന്നും കേട്ടില്ല. കേറ്റിനാന്നറിഞ്ഞപ്പോ ഞാനേന്‍‌റ്റ് പോയി

ഞാന്‍ കേട്ടൂറീ ഉണ്ണ്യോളെ. ഏറ്റോം നല്ല പ്രസംഗം കേറ്റിന്റ്യായിരുന്നു. വികാരോം ആത്മാര്‍ത്ഥതയും കട്ടയ്ക്ക് കട്ടയ്ക്ക്.റഹ്മാനും പൂക്കുട്ട്യോക്കെ വികാരം പരമാവധി നിയന്ത്രിച്ച് പരമസ്വാത്വികരെ പോലെ.

എട്ടാം വയസ്സില്‍ തൊട്ട് ഷാമ്പൂ കുപ്പീം പിടിച്ച് കണ്ണാടീടെ മുന്നില്‍ അവരു ഓസ്കാര്‍ പ്രസംഗം നടത്താറുണ്ടായിരുന്നൂന്ന് കേട്ടപ്പോ എനിക്ക് വരെ ശ്വാസം മുട്ടി.

ആ എന്നാലും അഞ്ചാം തവണ കിട്ടീലോ അതന്നെ വല്യേ കാര്യം

അഞ്ചല്ല ആറാം തവണ. നാല് തവണ ബെസ്റ്റ് നടി, ഒരു തവണ ബെസ്റ്റ് സഹനടി അങ്ങിനെ ആറ് നോമിനേഷനാണ് തട്ടിപോയത്. ആ കുശുമ്പത്തി കുഞ്ഞോളോട് എന്റെ ഇമെയില് ഇന്യേങ്കിലും വായിച്ചോക്കാന്‍ പറ. എന്നട്ട് ബ്ലോഗിലിട്.

ഉവ്വേ.. ചെയ്തോളാമേ..
**************
മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ദ റീഡര്‍ എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഡയലോഗുകളും ഉണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് മനുഷ്യനും ദൈവത്തെ പോലെ നന്മ തിന്മകളെ അറിഞ്ഞു എന്നതായിരുന്നു മനുഷ്യന്‍ ആദ്യമായി ചെയ്ത പാപം. അറിവിന്റെ ഫലം തിന്നപ്പോഴാണ് മനുഷ്യനു നന്മയും (ശരിയും) തിന്മയും (തെറ്റും) എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യനു താന്‍ നഗ്നനാനെന്നു ബോധ്യം വന്നതും നാണം വന്നതും അറിവിന്റെ ഫലം തിന്നതിനു ശേഷമാണു. അറിവില്ലാതിരിക്കുമ്പോള്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ പ്രാപ്തനല്ലായിരുന്നു. ഇത്രയും ബൈബിള്‍ പറയുന്നു. അപ്പോള്‍ തനിക്കു അറിവില്ല എന്ന വസ്തുതയാണോ അതോ താന്‍ തെറ്റു ചെയ്തു എന്ന വസ്തുതയാണൊ കൂടുതല്‍ നാണം ഉണ്ടാക്കുന്നത്? (തെറ്റെന്തു എന്ന് അറിയാന്‍ കഴിവില്ലാത്ത അഞ്ജാതയുടെ കാലത്ത് )ആദ്യത്തേതാണ് കൂടുതല്‍ അപമാനകരം എന്നും അജ്ഞത മൂലവും അജ്ഞത ഒളിപ്പിക്കാനുമായി ഹന്ന ഷ്മിറ്റ്‌സ് (കേറ്റ് വിന്‍സ്ലെറ്റ്) ചെയ്യുന്ന തെറ്റുകള്‍ കാലത്തിനനുസരിച്ച് എത്ര മാത്രം ഗൌരവമാര്‍ന്നതുമാണെന്നാണ് 'ദ റീഡര്‍' എന്ന സിനിമ.

നാസി ഭരണക്കാലത്ത് ഹിറ്റ്‌ലര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ജര്‍മന്‍ ജനത നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ തലമുറ ,അക്കാലത്തെ ജൂതക്കൂട്ടക്കൊലകള്‍ക്കും (ഹോളൊകോസ്റ്റ്) രണ്ടാം ലോകയുദ്ധ തോല്‍‌വിക്കും ശേഷമുള്ള കാലയളവില്‍ മാനസ്സികമായി വല്ലാതെ സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനുശേഷം വന്ന ജര്‍മന്‍ തലമുറ തങ്ങളുടെ മുന്‍‌തലമുറയെ, തങ്ങളുടെ മാതാപിതാക്കളെ, ഗുരുക്കന്മാരെ, നാസിഭരണത്തില്‍ പങ്കാളികളായി എന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നത് ഒരു കടമയായി കണ്ടു പോന്നു. എന്നാല്‍ മൂന്നാം തലമുറ ജര്‍മന്‍ക്കാരില്‍ ചിലരെങ്കിലും നാസി തലമുറയെ അടച്ചാക്ഷേപിക്കണമോ അതോ അവരെ മനസ്സിലാക്കേണ്ടതുണ്ടോ എന്നൊരു മാനസീക സംഘര്‍ഷം അനുഭവിച്ചിരുന്നു. അത്തരമൊരു അവസ്ഥയിലുള്ള പ്രധാന കഥാപാത്രം മിഖായേല്‍ ബെര്‍ഗിനു (ഡേവിഡ് ക്രോസ്സ് & റാല്‍ഫ് ഫിയാനെസ്സ്) നാസി കാലത്ത് ഒരു കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹന്ന ഷ്മിറ്റ്‌സിനോടുണ്ടാകുന്ന പ്രേമബന്ധമാണു സിനിമയുടെ പശ്ചാത്തല കഥ.

‘ദ്‌യ ഫോര്‍ലേസേര്‍ ’എന്ന ജര്‍മന്‍ വാക്കിനര്‍ത്ഥം ഉറക്കെ വായിക്കുന്നവന്‍ അഥവാ പാരായണക്കാരന്‍ എന്നാണ്. ചുരുങ്ങിയ കാലത്തേതെങ്കിലും തീവ്രമായതും മിഖായിലിന്റെ ലൈംഗീക ജീവിതത്തില്‍ എക്കാലത്തും ഇടപ്പെടുന്നതും ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതുമായ പ്രേമക്കാലത്ത് മിഖായേല്‍ ഹന്നയ്ക്കു വേണ്ടി ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൊടുത്തിരുന്നു. തന്റെ പ്രിയപ്പെട്ട സമ്പാദ്യങ്ങള്‍ വിറ്റുപോലും ഹന്നയ്ക്കായി പുസ്തകങ്ങള്‍ വാങ്ങുന്നതിലും അവള്‍ക്കൊപ്പം പുറത്ത് ചിലവിടുന്നതിലും മിഖായേല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഒന്നും വിട്ടു പറയാത്ത പ്രകൃതക്കാരിയായിരുന്നു ഹന്ന. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ പോലും ഹന്നയുടെ വൈകാരികതലം മിഖായേലിന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

മൂന്നു വ്യത്ഥസ്ത കാലങ്ങളില്‍, മൂന്നു പ്രത്യേക വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന ഹന്നയായി ‘ദ റീഡറില്‍’ അഭിനയിച്ചു കൊണ്ടാണ് കേറ്റ് വിന്‍സ്ലെറ്റ്, അഞ്ച് തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നും വഴുതിപോയ ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

1.ഭൂതക്കാലം ഒളിച്ചു വയ്ക്കുന്ന അഥവാ അങ്ങിനെയൊന്നില്ലെന്നു കരുതുന്ന, ആരും മാപ്പു ചോദിക്കേണ്ടവരല്ല എന്ന് തുറന്ന് പറയുന്ന സുന്ദരിയായ, മാനസികമായി ശക്തയായ ഹന്ന.
2.പിന്നീട് വെളിവാക്കപ്പെടുന്ന ഭൂതക്കാലത്തിനു മുന്‍പില്‍ പകച്ചു പോയ ഹന്ന ഹോളൊകോസ്റ്റ് കുറ്റവിചാരണയില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ വിചാരണയെ നേരിടാന്‍‍ ശ്രമിച്ചുവെങ്കിലും തന്റെ നിരക്ഷരത വെളിപ്പെടുമെന്ന ഘട്ടത്തില്‍ ഏറ്റവുമധികം നാണിക്കുകയും അധീരയാവുകയും ജീവിതത്തെ തന്നെ നഷ്ടപ്പെടുത്തികൊണ്ട് അറിവില്ലായ്മ മറച്ചു വയ്കുകയും ചെയ്യുന്ന നിസ്സഹായായ ഹന്ന.
3.മിഖായേല്‍ ജയിലിലേക്ക് അയച്ചു കൊടുക്കുന്ന പുസ്തകങ്ങളുടെ ശബ്ദരേഖറ്റേപ്പുകളിലൂടെ തനിയെ ആര്‍ജ്ജിക്കുന്ന സാക്ഷരതയും അതിനുശേഷം വായനയിലൂടെ നേടിയ അറിവും മുഖേന തന്റെ ഭൂതക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും തന്റെ തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന വയസ്സായി ക്ഷീണിച്ച മാനസ്സികമായി തകര്‍ന്ന ഹന്ന. തെറ്റിനെ മനസ്സിലാക്കാനായി അറിവിന്റെ വെളിച്ചം തന്ന പുസ്തകങ്ങളുടെ മുകളില്‍ കയറി തൂങ്ങി മരിക്കുന്ന ഹന്ന.

[എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)]

have you spent a lot of time thinking about the past?
you mean with you?
No, no.. I Didn't mean with me.
before the trail I never thought about the past, I never had to.
now.. what you feel now?
It doesn't matter what I feel, doesn't matter what I think, the dead are still dead
I wasn't show what you would learnt
well, I haven't learnt kid. I have learnt to read

നാസി ക്യാമ്പില്‍ ജൂതസ്ത്രീകള്‍ കൊള്ളാവുന്നതിലും അധികമാകുമ്പോള്‍ ചിലരെ കൊല്ലാനയക്കാന്‍ തിരഞ്ഞെടുക്കുമായിരുന്നു. ക്യാമ്പിലെ ഏറ്റവും മനുഷ്യപ്പറ്റുള്ള ഗാര്‍ഡായിരുന്ന ഹന്ന, തിരഞ്ഞെടുക്കന്നവരെ കൊണ്ട് പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുക പതിവായിരുന്നു. അറിവ് പകരുന്നതിനു കിട്ടുന്ന ഫലം അവിടെയും മരണമാണ്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ മകള്‍ എഴുതിയ പുസ്തകമാണു ഹന്നയുടെ കുറ്റവിചാരണയ്ക്ക് വഴിയൊരുക്കിയത്. എഴുത്തുകാരി,ഹന്നയുടെ മരണശേഷം അവളുടെ സമ്പാദ്യം സ്വീകരിക്കാതെ വയസ്സായ ജൂതരുടെ സാക്ഷരതയ്ക്കായി നീക്കി വയ്ക്കുന്നിടത്തും അറിവ് എന്നത് പരമ പ്രധാനമെന്ന് സിനിമ വെളിപ്പെടുത്തുന്നു.

സിനിമ മുന്നോട്ട് വയ്ക്കുന്നത് പ്രധാനമായും മൂന്ന് ആശങ്ങളാണ്.

1. അജ്ഞത വരുത്തുന്ന തെറ്റുകള്‍ എത്രത്തോളം ഭീകരമെന്നത് അറിയാത്ത അവസ്ഥയും അറിയുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം. - താന്‍ അജ്ഞയാണെന്നത് വെളിവാക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഹന്ന സിമന്റ് ഫാക്ടരിയിലെ ജോലി ഉപേക്ഷിച്ച് നാസി സര്‍ക്കാരില്‍ ഗാര്‍ഡായി ജോലിക്ക് കയറുന്നത്. അതാണ് പിന്നീട് ഹന്നയെ ഒരു കൂട്ടക്കൊലയിലെ കൂട്ടുപ്രതിയാക്കുന്നത്. വിചാരണയെ നേരിടുമ്പോള്‍ പോലും ഗാര്‍ഡ് എന്നാല്‍ തടവുകാര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതെ കാക്കേണ്ടവള്‍ എന്ന് മാത്രമായിരുന്നു ഹന്ന ധരിച്ചിരുന്നത്. ആ ഹന്നയില്‍ നിന്ന് മരിച്ചവരെല്ലാം ഇപ്പോഴും മരിച്ചവര്‍ തന്നെ എന്ന ഹന്നയിലേക്കുള്ള രൂപാന്തരീകരണം അറിവിന്റെ വെളിച്ചത്തിലൂടെയാണ് നടക്കുന്നത്.

2. തെറ്റിനെ നിര്‍വചിക്കുന്നത് തെറ്റാണ് ചെയ്യുന്നതെന്ന അറിവും കാലവുമാണ്- നാസി ക്യാമ്പില്‍ നിന്നും സ്ത്രീകളെ തിരഞ്ഞെടുത്ത് കൊല്ലാനയക്കുന്നവര്‍ക്ക് അറിയാമായിരുന്നു അവരെ കൊല്ലാനാണ് അയക്കുന്നതെന്ന്. തീപ്പടര്‍ന്ന പള്ളിയില്‍ പൂട്ടിയിടപ്പെട്ടവര്‍ മരിക്കുമെന്നും അത് പൂട്ടിയവര്‍ക്കറിയാമായിരുന്നു. വര്‍ത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും കൊല തെറ്റാണ്.

3.സദാചാരം - നിയമം, ശരിതെറ്റുകള്‍ - നിയമവിരുദ്ധത - അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവത്ത സദാചാരമല്ല, അതിര്‍വരമ്പില്‍ കുടുസ്സായിക്കിടക്കുന്ന നിയമമാണ് സമൂഹത്തെ പ്രവര്‍ത്തന നിരതമാക്കുന്നതെന്ന നീതിബോധം.

society think they are operate by something called morality but they don't they are operate by something called law. you are not guilty of anything merely by working at Auschwitz. 8000 people worked at Auschwitz. precisely 19 have been convicted on 600 murder to prove murder you have to prove the intent that is the law. the question is never was it wrong, was it illegal and not by our law, not. By the laws of time

സിനിമ മൂലരൂപം, ‘ദ്‌യ ഫോര്‍ലേസേര്‍’ എന്ന ജര്‍മന്‍ നോവലിനു ലഭിച്ച പ്രധാന വിമര്‍ശനം മിഖായേലിനു ഹന്നയുടെ നാസിക്കാലത്തെ പ്രവത്തിയോട് തോന്നുന്ന കുഴമറിച്ചിലാണ്. ഹന്നയുടെ പ്രവര്‍ത്തികളെ അജ്ഞതയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയം സിനിമയില്‍ മുകളിലെ ഡയലോഗിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചീട്ടുണ്ട്. നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് അപരാധികളായി നടന്ന ഒരു തലമുറയോട് അതുകൊണ്ട് മാത്രം നിങ്ങള്‍ ‘നിയമത്തി’ന്റെ മുന്നില്‍ അപരാധികളാകുന്നില്ലെന്ന് സിനിമ പറയുന്നു. സദാചാരം - ശരിതെറ്റുകള്‍ എന്നിങ്ങനെ വിശാലമായ, നിര്‍വചിക്കാനാവത്ത തലത്തിലെത്തുന്നതിനു മുന്‍പേ നിയമം, നിയമ വിരുദ്ധത എന്നിവ ‘അറിയാനും’ അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞിരിക്കണം. എന്നാല്‍ ഹന്നയ്ക്കു ലഭിയ്ക്കുന്ന അറിവിലൂടെ അവള്‍ മരണത്തിലേയ്ക്ക് നടന്ന് കയറുന്നിടത്തും ഹന്നയുടെ കുറ്റവിചാ‍രണയ്ക്ക് വഴിയൊരുക്കിയ പുസ്തകം എഴുതിയ സ്ത്രീയുമായുള്ള മിഖായേലിന്റെ കണ്ടുമുട്ടലിലും ശരിതെറ്റുകളെ നിര്‍വചിക്കുന്നതില്‍ നിയമത്തിലുപരി ‘അറിവി’നും അതുവഴി ഒരാളില്‍ ഉണ്ടാകുന്ന ധാര്‍മ്മികതയ്ക്കും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.

********************

ഹോ എന്തൊരു ബോറാണല്ലേ, ഉണ്ണിമോളെഴുതിയാ എപ്പോഴും ഇങ്ങനീണ്. ഭയങ്കര സീരിയസ്. ഇനി കുഞ്ഞോള്‍ടെ ചേഞ്ചിലിങ്ങ് നോക്കിക്കോ ചെത്തായ്‌രിക്കും

പടത്തിനു കടപ്പാട് - വിക്കിപീഡിയ
********************
സിനിമാത്തരം - 1.ത്വരഗം

Sunday, February 22, 2009

ചുവന്ന പരവതാനിയിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ചില പെണ്ണുങ്ങള്‍

പെണ്ണമ്മിച്ചി നാളെ ഏതു കുര്‍ബാനയ്ക്കാ പോണെ?

ഒന്നാ‍മ്മത്തേനു നീ വര്‌ണ്ടാ നാളെ?

പിന്നേ.. എനിക്ക് പ്രാന്തല്ലേ പുലര്‍ച്ചേന്‍‌റ്റ് പള്ളീല്‍ക്ക് കെട്ടിട്ക്കാന്‍ നാളത്തെ ഓസ്കാര്‍ കാണാന്. കാലത്ത് ആറരയ്ക്കാണ് സ്റ്റാറില്‌ന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. പെണ്ണമ്മിച്ചി പള്ള്യേ പൂവുമ്പോ എന്ന് വിളിച്ചേന്‍പ്പിച്ചട്ട് പോയ്ക്കോളാട്ടാ.

അപ്പോ എനിക്ക് കാണണ്‌ട്രീ കുഞ്ഞോളേ. ഇമ്മക്കൊരിമ്മിച്ച് കാണാം. നാളത്തെ കുര്‍ബാന്യാങ്ങട് പോട്ടെ.നീ ഉണ്ണ്യോളെ വിളിച്ചാ? ഏതിനാ കിട്ടാന്നാ അവ്‌ള് പറഞ്ഞേ.

ഞാന്‍ ചോയ്ചിലാ. ദിപ്പോ ചോയ്ക്കാം


ഹലോ.. ട്യേ കുഞ്ഞോളേ ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പടങ്ങള് നീ കണ്ടാ? ഏതിനാണ് സ്കോപ്പ്?

ഞാനെല്ലാതൊന്നും കണ്ടില്ലറി കുഞ്ഞോളേ. ഇത്തവണ ബെസ്റ്റ് പടത്തിനു റ്റൈറ്റ് കോമ്പറ്റീഷനാന്നു ഉണ്ണി പറയിണ്ടാര്‍ന്നു.പിന്നെ സ്ലം ഡോഗിന് കിട്ടണേ കിട്ടണേന്ന് പറഞ്ഞോണ്ട് നടക്കണീം കണ്ടു. പക്ഷേ ബെസ്റ്റ് നടി ‘കേറ്റ് വിന്‍സ്ലെറ്റ്‘ തന്നെ. എന്തൂട്ടാ സിനിമ, എന്തൂട്ടാ അഭിനയം! റ്റൈറ്റാനികില് കണ്ട കേറ്റ് എവടെ റീഡറില്‍ കണ്ട കേറ്റെവടെ. നിനക്കോര്‍മ്മീണ്ടാ കുഞ്ഞൊളേ കുഞ്ഞച്ചന്റെ കൂടെ ഇമ്മള് രാഗത്തില്‍ റ്റൈറ്റാനിക് കാണാന്‍ പോയീത്. അയിലെ അമ്മാമ്മേരെ മോത്ത്‌ന്ന് ക്യാമറ റോസിന്റെ മോത്ത് വന്ന് നിന്നപ്പോ ഹോ എന്തു സുന്ദര്യാ ഈ പെണ്ണീന്ന് ഉണ്ണിമോന്‍ വരെ പറഞ്ഞതോര്‍മ്മിണ്ടാ

ഹോ റ്റൈറ്റാനിക് കാണാന്‍ പോയീത് എങ്ങനെ മറക്കൂറീ ഉണ്ണ്യോളെ. രണ്ടു വട്ടാണ് അന്നാപടം കണ്ടത് പകുതിവരെ കണ്ട് കരണ്ട് പോയാപ്പോ കൂക്കി വിളിച്ച് രാഗംകാര് പിന്നിം ആദ്യമ്പൂത്യമിട്ടു. ഇമ്മക്കൊക്കെ കൂവാനറിയൂന്ന് കുഞ്ഞച്ചനു മനസ്സിലായതും അതിലെ മഞ്ഞുമല ഇടിക്കണേനും മുന്ന്‌ള്ള സീന്‍ കണ്ട് കണ്ണടച്ചിരിക്കറീ‍ ക്ടാങ്ങളേന്ന് കുഞ്ഞച്ചന്‍ പറഞ്ഞതൊക്കേ ദേ മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ തോന്നണൂറീ കുഞ്ഞോളേ. എന്നാടീ ഇനി അങ്ങന്യോക്കെ പൂവാ

‘ദ റീഡറി‘ല്‍ തിരിച്ചാണു സംഗതി നല്ല സുന്ദരിയായ കേറ്റില്‍ നിന്ന് വയസ്സിയായി തകര്‍ന്ന കേറ്റിലേക്കാണ് ക്യാമറ

അപ്പോ കുഞ്ഞോന്‍ ചേട്ടന്റെ ഹാര്‍ട്ട് ത്രോബ് ‘ആഞ്ജലീന ജോളി‘ ചേച്ചിയ്ക്ക് സ്കോപ്പില്ലാന്നാ. ഞാന്‍ സമ്മേയ്ക്കില്ല. അതു നല്ല പടാ. ഞങ്ങളിവടെ റ്റൊറന്റില്‍ കണ്ടു. 'ഹീ ഇസ് എലൈവ്' എന്ന് ആ പോലീസുകാരന്‍ പറയുമ്പോ ആഞ്ജലീന ചേച്ചീരെ ആ ഒരു കരച്ചിലിനു കൊടുക്കണം കാശ്.

എന്തൂട്ട് ആഞ്ജലീനാ കേറ്റന്നെ ഇത്തവണത്തെ നടി. ഞാന്‍ വേണങ്കെ പോയന്റ് ബൈ പോയന്റ് എഴുതി മെയിലയക്കാം

റെഡി ബെറ്റ്. ഞാനും എഴുത്യയക്കാം ചേഞ്ചിലിങ്ങിനെ കുറിച്ച്

വരട്ടെ വരട്ടെ ബെറ്റ് ഒറപ്പിക്കാന്‍ വരട്ടെ. ഫ്രോസണ്‍ റിവറിലെ ‘മെലീസാ ലിയോ‘യ്ക്ക് അപ്പോ ഒന്നും കിട്ടില്ലേറീ ക്ടാങ്ങളേ?

ഉവ്വാ മെലീസാ.. ഒരു വയസ്സത്തി

അയ്ശരി, ആ തണുത്തുറഞ്ഞ നദീരെ പൊറത്ത്ന്ന് ആ കുഞ്ഞിനെ എടുത്തോടരണ സീനും ആ സിനിമേലെ ആദ്യത്തെ സീനും മതി. എന്റെ ബെറ്റ് മെലീസയ്ക്ക്. ഞാനും എഴുതാം. വെറും ബെറ്റല്ല അടുത്ത തവണ ഉണ്ണ്യോള് വരുമ്പോ അപ്പോ കളിക്കണേല് നല്ല പടം എന്റെ വക പ്ലസ് ഇന്ത്യന്‍ കോഫീ ഹൌസീന്നു ഫ്രൂട്ട്സലാഡ്.

ഒക്കെ ഡണ്‍
ഡണ്‍
അപ്പോ ശരി
******************

അപ്പോശരി ഓസ്കാര്‍ കണ്ട് കഴിഞ്ഞ് ഒരൊരുത്തരുടെ മെയിലുകള്‍ ഒരോ പോസ്റ്റ് ആയി ഇട്‌ണ്ട്. ഈ ബെറ്റ് പ്രാ‍ന്ത് കണ്ട് ഉണ്ണ്യോള്‍ടെ കൂട്ടുകാരി ക്രിസ്റ്റീന ‘പെനിലോപ്പ് ക്രൂസ്സി‘നു (വിക്കി ക്രിസ്റ്റീന ബാഴ്സലോണ) സഹനടിയ്ക്കുള്ള ബെറ്റ് വച്ചു. അവള്‍ക്ക് വേണ്ടത് പെണ്ണമ്മിച്ചി സ്പെഷല്‍ പരിപ്പ് പായസം.

പ്രധാന നടിയ്ക്ക് രണ്ട് പേര്‍ക്കു കൂടെ നോമിനേഷന്‍ കിട്ടീണ്ട്. ആനീ ഹാത്‌വേ - റേച്ചല്‍ ഗെറ്റിങ്ങ് മാരീഡ്, മെറില്‍ സ്ട്രീപ്പ് - ഡൌട്ട്

ഞങ്ങടോടത്തെ ആരും ആ സിനിമോള് കണ്ടട്ടില്ല. വായനക്കാരു കണ്ടോരുണ്ടെങ്കില്‍ ബെറ്റ് വയ്ക്കുന്നോ? ശേഷിക്കുന്നത് ആറു മണിക്കൂറുകള്‍ മാത്രം.

Saturday, February 7, 2009

കാല്പനികതയില്‍ നിന്ന് ആധുനികതയിലേക്കുള്ള ദൂരം

ഇതെന്തൂട്ട് പോക്കാണെന്റെ പെണ്ണമിച്ച്യേ? ഒന്ന് പറഞ്ഞട്ടാ പൊക്കൂടെ? എന്തെങ്കിലൂണ്ടായാ എങ്ങടാങ്ച്ചട്ടാ ഒന്നറിയ്‌ക്യാ? എവട്യാര്‍ന്നു ഇത്ര നാള്?!

ഒന്നും പറയ്ട്ര്യെന്റെ തെയ്യാമ്മേ. പെട്ടെന്ന് ഉണ്ണ്യോളു വന്നൂന്ന് കേട്ടപ്പോ ചേച്ചീരോടയ്ക്ക് ഓടി പോയീത്ണ്. പിന്നെ, അവളേം പറഞ്ഞ് വിട്ട്, വല്യാപ്പീരെ പ്രസവോം കഴിഞ്ഞ്, അവളെ കെട്ട്യോന്റെ കൂടെ വിട്ടട്ടാണ് വരാന്‍ പറ്റ്യേ.

പെണ്ണമ്മിച്ചീരെ ഭാഗ്യം ഒരു തട്ടും തടവൂല്യാണ്ട് ഇങ്ങനെ ഓടി നടക്കാന്‍ പറ്റ്ണ്ടല്ലോ. ആ.. ഉണ്ണ്യോള്‍ക്ക് എന്തൂട്ടാ പറ്റ്യേ?

അതൊക്കെ വല്യേ കഥീന്. പിന്നെ വിശദായിറ്റ് പറയാം. ഇപ്പോ പോയി ഞങ്ങടെ ബ്ലോഗൊക്കൊന്നു നോക്കട്ടെട്രീ കൊറേ കാലായി അങ്ങ്‌ട് കടന്നട്ട്. അതു ചെതലരിച്ച് പോയീന്റവും. വാന്‍ഡ്‌‌ല്‍‌ന്ന് പറയണ ചെതലിനു ഭയങ്കരിഷ്ടാത്രേ ബ്ലോഗ്! മദലം മയങ്ങി നിക്കാണ്ട് വാതിലു തൊറക്ക്റി കുഞ്ഞോളെ

പ്ലോഗോ? വാന്റ‌ല്‍‌ന്ന് പറയണ ചെതലാ!! ആ എന്തൂട്ടേങ്കിലാവട്ടെ..
*****************

അങ്ങിനെ വായനക്കാരെ, പെണ്ണമ്മച്ചി ചായീണ്ടാക്കന്‍ പോയ നേരത്ത് ചെതലിന്യൊക്കെ തട്ടി, ബ്ലോഗുകള്‍‌ടിടേലൊക്കെ തട്ടീം മുട്ടീം നടന്നപ്പോ കുഞ്ഞോളു കണ്ട കാഴ്‌ച്യന്തൂട്ടാ?!
*****************

എന്തൂട്ടാടീ കുഞ്ഞോളേ ബൂലോഗത്തെ ബിശേഷം? ( രണ്ട് കോപ്പ കട്ടന്‍ മേശപ്പുറത്ത്)

ഹെന്റെ പെണ്ണമ്മിച്യേ ദേ നോക്ക്യേന്‍! നടക്കാന്‍ പറ്റണില്യാ. ബൂലോഗത്തൊക്കെ ‘തല മുട്ടുണു’.

വായന .. കാപ്പി. കാപ്പി..വായന ..

ആഹ്, ഇത്രേം ഉയരമേ ബൂലോഗത്തിനിണ്ടാര്‍‌ന്നോള്ളൊ! ഇനി പൊളിച്ച് പണിയട്ടെ എല്ലാരും കൂടി. തലകളൊക്കെ മുട്ടുമ്പോഴാണല്ലോ ഇമ്മള് വല്‌ത്യായീന്ന് ഇമ്മ്‌ള്‍ക്കന്നെ മനസ്സിലാവാ. വേറെന്തൂട്ടാ വിശേഷം?

'തല മുട്ടി, തല മുട്ടി' പോയ് നോക്കെന്റെ പെണ്ണമ്മിച്ച്യേ. ചിലരെങ്കിലും മോഡേണ്‍ ആര്‍ട്ട് വാങ്ങുന്നത് 'benign masochism' എന്ന് പറയാവുന്ന മനസികാവസ്ഥയോടെയാണ്!

ചെലപ്പോ ആധുനിക കലേരെ അര്‍ത്ഥം മനസ്സിലാക്ക്യേന്റെ കൊഴപ്പാവും.എല്ലാ രംഗത്തും കള്ളനാണയങ്ങളുണ്ടാകും. എന്ന്വച്ച് മോഡേണ്‍ ആര്‍ട്ട് മൊത്തം കള്ളനാണയങ്ങളാണെന്നു പറ്‌യണ്‌ത് കടന്ന കൈയെന്നെ. സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനെ സ്വന്തമാക്കാന്‍ നീയെത്ര കൊടുക്കും?

സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനും കണ്ടബററിയിലുള്ള I Like Color ഉം ഏതെങ്കിലും ഒന്നെടുത്തോ എന്ന് പറഞ്ഞാ പെണ്ണമ്മിച്ചി ഏതാ എട്‌ക്കാ ;)

അമ്പ്ടീ..

അത്‌വിട്. എല്ലാ രംഗത്തും മോഡേണിറ്റി കടന്ന് വന്നണ്ട്. അതെല്ല്ലാം മലയാളി മനസ്സിലാക്കുകേം ഉപയോഗിക്കുകേം തന്റേതായ സംഭാവന നല്‍കേം ഒക്കെ ചെയ്തണ്ട്. മോഡേണ്‍ സയന്‍സ്, മോഡേണ്‍ കള്‍ച്ചര്‍, മോഡേണ്‍ ആര്‍ട്ട്,മോഡേണ്‍ ലൈഫ്, മോഡേണ്‍ പാട്ട്,മോഡേണ്‍ വസ്ത്രം, മോഡേണ്‍ ഡാന്‍സ്, മോഡേണ്‍ വാസ്തു, മോഡേണ്‍ ജാതകം,മോഡേണ്‍ പാചകം, മോഡേണ്‍ സ്കൂള്.. എന്തിനേറെ പറയുന്നു മോഡേണ്‍ ബ്രെഡ് വരീണ്ട് ഇമ്മക്ക്. പക്ഷേ..
ഒരൊറ്റ ഫീല്‍ഡില്‍ മാത്രം മലയാളി ഇപ്പോഴും കാല്‌പനികതേടെ അതിപ്രസരത്തില്‍ ഭ്രമിച്ചിരിക്യാണ്. അതേതാന്നു നിനക്ക്‌റിയോ? ഉത്തരം പറഞ്ഞാ ഞാന്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പൂവാം. അല്ലെങ്കില്‍ നീയെനിക്ക് ഇന്ത്യന്‍കോഫീഹൌസീന്നു ഫ്രൂട്ട്സലാഡ് വാങ്ങ്യെരണം.

മോഡേണ്‍ ഡെത്ത്.

ഹേയ് അതൊന്നല്ല. അതിലിപ്പോ എന്തോരം പരീഷണങ്ങളാണ്. മരിച്ച കഴിഞ്ഞാല്‍ ആറടി മണ്ണിന്റെ സ്ഥാനത്ത് കല്ലറ അപ്പാര്‍ട്ട്മെന്റ് വരെ ആയി. പിന്നെ ഇമ്മളന്നെ മരണത്തീന് കാശിണ്ടാക്കാനള്ള ഐഡിയ പറഞ്ഞോട്‌ത്തണ്ട്. പിന്നെ ആത്മഹത്യേടെ കാര്യാന്നുവച്ചാ റെയില്‍പ്പാളം എന്ന നൂതന വിദ്യ എറ്റവും അധികം ഉപയോഗിക്കണത് ഇമ്മളാവും. ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്നു ആത്മഹത്യ ചെയ്യുണത് ദേ ദിപ്പോ തുടങ്ങും മലയാളി.

മ്‌..മ്.. അറിയില്ല.

തോറ്റാ?

തോറ്റു.

അപ്പോ ഫ്രൂട്ട്‌സലാഡ്?

ദേ പൂവായി.

എന്നാ കേട്ടോ. മോഡേണ്‍ കള്ളുകുടി.

ഉവ്വാ!

അതേറീ. നിന്റെ പോല്‍ത്തെ ഗവേഷണല്ല, ഞാനിത് 60 കൊല്ലായിറ്റ് കണ്ട്, കൊണ്ട് എഴിത്യ പ്രബന്ധാണ്.
ദേ ദിദാണ് കല്പനിക വെള്ളമടി രീതികള്‍ അഥവാ നിയമങ്ങള്‍

1. ഒറ്റയ്ക്ക് വെള്ളമടി -വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ - കള്ള്ഷാപ്പ്, വീട്, റോഡ്, പുഴ(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ബോറ്, ദുഖം, വിഷാദം, മറക്കല്‍, സുഖമായ ഉറക്കം, സങ്കടം, ഡിപ്രെഷന്‍, മരണം ..ഒരു പെഗ് ഒറ്റവലിയ്ക്ക് കുടിയ്ക്കുന്നു. പിന്നേയും കുടിയ്കുന്നു..(ചിലര്‍ വീട്ടിലെ കലം, ചട്ടി പൊട്ടിക്കുന്നു, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെ തല്ലാന്‍ പറ്റിയവരെ തല്ലുന്നു, ചിലര്‍ക്ക് അതിസ്നേഹം) പിന്നേയും കുടിക്കുന്നു..വാള് വച്ച് കീഴടങ്ങുന്നു. ബോധം പോകുന്നു. പിറ്റേന്ന് നിര്‍ജ്ജലീകരണം കാരണം തലവേദന.

2. കൂട്ടായ വെള്ളമടി - വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ -കള്ള്ഷാപ്പ്, വീട്ടിലെ പെണ്ണുങ്ങള്‍ കയറാത്ത സ്ഥലം(സമയം), റോഡ്, പുഴയ്(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ആഹ്ലാദം, സന്തോഷം, കൂട്ടായ്മ, ചര്‍ച്ച, ഓണം, പെരുന്നാള്, കല്യാണം, മാമോദീസാ,ജനനം..കുടിയ്ക്കുന്നു.. സാമ്പത്തീക മാന്ദ്യം, സാമ്രാജത്വം, ഇലക്ഷന്‍, വലതുപപക്ഷം-ഇടതുപക്ഷം, പലസ്തീന്‍..കുടിയ്ക്കുന്നു..ശാസ്ത്രീയസംഗീതം, സിനിമാപാട്ട്, നാടന്‍ പാട്ട്, (ഡാന്‍സ്).. കുടിയ്ക്കുന്നു(മിക്കവാറും ഒറ്റവലി).. ചെറിയ അടിപിടി (വലിയ അടിപിടി).. ഒറ്റവലിക്കു കുടിക്കുന്നു. കരയുന്നു, ചിരിക്കുന്നു, വാളുവയ്ക്കുന്നു, സ്കൂട്ടായി തുടങ്ങുന്നു.. കുടിക്കുന്നു..നിശബ്ധതയില്‍ ടി.വി (സ്റ്റീരിയോ)..പിറ്റേന്നും അതിന്റെ പിറ്റേന്നും നിര്‍ജ്ജലീകരണം കാരണം തലവേദന

3.ഷാപ്പിനെ (വെള്ളമടി സ്ഥലങ്ങളെ) കുറിച്ചും,വെള്ളമടി കൂട്ടങ്ങളെ കുറിച്ചും, ചര്‍ച്ചകളെ കുറിച്ചും ഇടക്കിടയ്ക്ക് നൊസ്റ്റാള്‍ജിക്കാവുക.

ചിരപുരാതനകാലം മുതലുള്ള ഈ കള്ളുകുടീന്ന് മാറ്റള്ള വല്ല കള്ളുകുടിം നീ ഇവടെ കണ്ടെണ്ടെങ്കെ പറയ്രീ.
ഒരു കുപ്പി കിങ്ഫിഷറുമായി സ്ലംഡോഗ് മില്ല്യെണെയന്റെ ഡി.വി.ഡി കാണുന്ന ഒരു മലയാളി, ഒരു പെഗ് ഓസീയാറുമെടുത്ത് ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍‘ വായിക്കുന്ന മലയാളി, ആണവ ചില്ലിനെ കുറിച്ചുള്ള ഔദ്യോദിക ചര്‍ച്ചയില്‍ വട്ടമേശയില്‍ ഇരിക്കുന്ന ഒരോ ഗ്ലാസ്സ് മധുരക്കള്ള്‍..മോഡേണ്‍ കള്ളുകുടിയിലേക്ക് മൈല്‍‌സ് റ്റു ഗോ ഉണ്ടെന്റെ കുഞ്ഞോളേ.

*****************
ദീ പറഞ്ഞതൊക്കെ ദിവരെ കുറിച്ചാണ്. എക്സപ്ഷന്‍സ് ഉണ്ടാകും. എക്സെപ്ഷന്‍സ് ആര്‍ ഓണ്‍ലി എക്സെപ്ഷന്‍സ്.

കള്ളുകുടിയില്‍ കാല്പനികതയില്‍ കുടുങ്ങി കിടക്കുകയും എന്നാല്‍ മോഡേണാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളിയ്ക്കായിതാ മോഡേണ്‍ കുടിയന്‍ മാഗസിന്‍.

പടം -ഉണ്ണിമോള്‍ വക

Tuesday, August 19, 2008

‘ഇടവ'മൂല

ട്യേയ് പെണ്ണമ്മേ ഇതെന്തൂട്ടണ്ടീ ഈ കാണണിവടെ? ഒരു ചെരുപ്പ് കടേല്‍ക്കിള്ള ചെരുപ്പിണ്ടല്ലോ നിന്റെ ഉമ്മാറ്ത്ത്?

അയിന്റെ പാതീം മുക്കാലും കളയാനിള്ളതാണ്. ആ ഉമ്മാറ്ത്തെ മുറി കുഞ്ഞോളെടുത്തേപ്പോ പഴേ ചെരുപ്പിടാന്‍ സലല്യാണ്ടായി.

അല്ലറിവളെ ഈ ചെരുപ്പ് കൂട്ടീട്ടേക്കണ സലല്ലേ നിങ്ങടെ വീടിന്റെ കന്നി മൂല്യായിറ്റ് വരാ? ഭയങ്കര ഐശ്വര്യക്കേടാണ് കന്നിമൂലേല് ശുദ്ധില്യാത്ത സാധനങ്ങല് ഇടണത്. നീയതൊക്കെ അവടന്ന് മാറ്റീറ്റ് അവിടൊരു സ്റ്റൂളില് ഒരു ഈശോന്റെ പടാ വയ്ക്ക്. എല്ലാ ഏന്നക്കേടങ്ങടാ മാറും.

ഓ! ഒരിത്തിരി ഏന്നക്കേടീ വീടിനിരിക്കട്ടെ അല്ലെങ്കിലെന്തൂട്ടാണ് രസം? അതെന്തൂട്ട്‌ണ് ഒരു പുത്യേ മൂല, കന്നിമൂല്യാ? കന്നി, എടവം വൃശ്ചികൊക്കെ മലയാളമാസല്ലെ അയിനൊക്കിപ്പോ മൂലീം ഇണ്ടാ?

ഇവളീതേത് ലോകത്താ? ചിങ്ങം, കന്നി, ത്‌ലാം അതില്‍‌ത്തെ കന്ന്യോന്നല്ല ഈ കന്നിമൂല. ഇത് വാസ്തൂണ്.. വാസ്തൂ. വാസ്തൂല്, തെക്ക് പടിഞ്ഞാറ് മൂലീന് കന്നിമൂലാത്രേ! നീയ് ഇതേവരെ വാസ്തൂന്ന് കേട്ട്‌ട്ടില്ലേ?

അതീ മനോരമക്കാര് ആളെ പറ്റിക്കാന്‍ എഴുതണ സാനല്ലേ?

ആളെ പറ്റിക്കാനാ? ഇവള്‍ക്ക് എന്ത് പറഞ്ഞാലും പറ്റിക്കലാണ്. ഇത് പറ്റിക്കലൊന്നല്ല. ശാസ്ത്രാണ്.. ശാസ്ത്രം. വാസ്തുശാസ്ത്രം!

അയ്‌ശരി. ഇതെന്നു തൊട്ടാണ് ശാസ്ത്രായേ ഞാനറിഞ്ഞില്ലാട്ടാ!!അതുപോട്ടെ, ചേച്ചിയ്ക്കിപ്പോ ഈ കന്നിമൂലാന്നൊക്കെള്ള സംഗതിയോള് എവടനാണ് കിട്ട്യേ?

ഇമ്മടെ കുഞ്ഞോനില്ലേ അവന്റെ കമ്പനി പുത്യേ ആള്‍ക്കാര് ഏറ്റെത്തേപ്പോ അവര് വാസ്തു നോക്കിച്ചൂന്ന്. കന്നിമൂല ക്ഷയിച്ചിരുന്നോണ്ടാന്ന് പഴേ ആള്‍ക്കാര്‍ക്ക് ഗതി പിടിക്കാഞ്ഞത്‌ന്ന്. പഴേ ആള്‍ക്കാര്‍ക്ക് ചാത്തന്‍സേവീം ഇണ്ടാര്‍ന്നൂത്രേ!

ഈ ചേച്ചീരെ ഒരു കാര്യം. നൂറുതവണ ഞാന്‍ പറഞ്ഞണ്ട് ഈ ചാത്തന്‍ കീത്തന്‍ എന്നൊക്കിള്ള അന്ധവിശ്വാസം എന്നോട് വെളമ്പരുതെന്ന്. ഈ അന്ധവിശ്വാസം നിര്‍ത്താര്‍ണ്ട് ആ കുഞ്ഞോന്‍ ഈ ജന്മത്ത് ഗതിപിടിക്കൂല അവന്റൊരു കന്നിമൂലം ത്‌ലാ മൂലേം. മിണ്ടാണ്ട് പൊക്കോ അവട്‌ന്ന്. ഇത്രനാളും കന്നിമൂലരെ കൊഴപ്പം കൊണ്ടാര്‍ന്നൂലോ അവനിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടന്നത്?

അതേരീ, അതൊക്കെ കാരണാത്രേ. അവനെന്തായാലും ഒരു വാസ്തു നോക്കണ ആളെ കൊണ്ടന്ന് ഞങ്ങടെ കന്നിമൂല കണ്ട് പിടിച്ച് അവിടെ ശുദ്ധ്യാക്കി ഇട്ടു. ഇനി അയിന്റെ കൊറവോണ്ടൊരു ഗതികേട് വരണ്ടാന്ന് ഞാനങ്ങട് വിചാരിച്ചു.

ബെസ്റ്റ്. ഇനി നിങ്ങടോടെ സ്വര്‍ണ്ണ മഴ്യായിര്ക്കും. ഒരു രണ്ട് ഗ്രാം സ്വര്‍ണ്ണം എനിക്ക് തന്നോള്ളോട്ട ചേച്ച്യേ. എന്റെ ഒരു പല്ലിന്റെ ഓട്ടടയ്ക്കാനിടാര്‍ന്നു.

നിനക്കെന്തു പറഞ്ഞാലും തമാശീം പരിഹാസോം. എന്റെ ക്ടാവും ഒരൂസം നന്നാവൂറീ. അപ്പോ നീ നോക്കിക്കോ.

ആ അപ്പോ നോക്കാം. ആദ്യമവനോട് ഇച്ചിരെ ആത്മവിശ്വാസത്തില്‍ ഒരു ജോലീല് ഒറച്ച് നിക്കാമ്പറ. പിന്ന്യോക്കെ തന്നെ ശര്യായ്ക്കോളും. ഒരു കന്നിമൂലക്കാര് വന്നേക്ക്‌ണു.
ചേച്ചിയ്ക്ക് ഇക്കൊല്ലത്തെ അവസാനത്തെ ചക്ക വേണങ്കെ വാ. ആ വടക്കേലെ പ്ലാവില് രണ്ടെണ്ണ് കൂടീണ്ട്. എന്നെകൊണ്ട് ഒറ്റയ്ക്ക് പൊട്ടിക്യാന്‍ പറ്റില്യാ.

ഒവ്! ഈ പ്ലാവ് മുക്കാലും മഠത്തിന്റെ പറമ്പില്‍ക്കാണലോടീ ചാഞ്ഞ് കെടക്കണെ.
ഇതെന്തൊട്ടണ്ടീ പെണ്ണമ്മേ ഇത്ര വിശാലായിറ്റ് ഒരു പറമ്പ് വെറ്‌തേ കെടക്കുമ്പോ നീയീ ചവരൊക്കെ ഈ പ്ലാവിന്റെ മൂട്ടീലന്നെ കൂട്ടീട്ടേക്കണേ. അടിച്ച്‌വാരി ആ മഠത്തിന്റെ പറമ്പില്‍‌ക്ക്യാ ഇട്ടൂടങ്ങട്? എന്റെ പറമ്പിലൊരു ചവറ് ഞാനിടില്യാ. ഒക്കീം ആ പാറായീരെ പറമ്പില്‍ക്കിടും.

എന്റെ തമ്പുരാനെ! ചേച്ചീരെ ആ വൃത്തിക്കെട്ട ശീലം ഇതേ വരെ നിര്‍ത്തീലേ? ഇന്നാള് ഞാനവടീള്ളപ്പഴല്ലേ ആ പാറായിരെ കാര്യസ്ഥന്‍ വന്ന് ചേച്ചിനെ ചീത്ത പറഞ്ഞത്?

ഓ! വല്ലപ്പൊഴൊക്കെ അവര് ചീത്ത പറയും അതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? ഇമ്മക്ക് ഇമ്മടെ പറമ്പ് വൃത്ത്യായിറ്റ് കെടക്കണം അത്രന്നെ.

ഓ! ചേച്ച്യേ ഞാനൊരു കാര്യം പറയാന്‍ മറന്നു. ഇന്നാള് കുഞ്ഞോള്‍ടെ ഒരു പ്രൊഫസ്സറ് ഇവടെ വന്നില്ലേ? ആളൊരു എഞ്ചിനീയറും കൂട്യാത്രേ. ആള് പറയണെ.. ഇമ്മള് അടിച്ച് വാരി വല്ലോരടേം പറമ്പില്‍ക്കിടണത് ഐശ്വര്യക്കേടാത്രേ!

അമ്പടീ.. ഇതു നീ എന്നെ കള്യാക്കാന്‍ പറയണതല്ലേ. തൊടങ്ങ്യവള്‍ടെ പരിഹാസം.

അല്ലാന്ന്.. കാര്യായിറ്റ്ണ്. എനിക്കിതിലൊന്നും വിശ്വാസല്ല്യാത്തോണ്ട് ഞാനതത്ര ശ്രദ്ധിച്ചില്ല. ഇതിപ്പോ ചേച്ചി കന്നിമൂലാ‍ന്ന് പറഞ്ഞപ്പ്‌ഴ്‌ണ് ഞാനിതോര്‍ത്തതന്നെ. പണ്ട് ചേച്ച്യന്നെല്ലേ പറയാറ് അടിച്ച് വാരി അടുപ്പിലിടരുതെന്ന്? ഞാനെന്നും അടുപ്പിലിടുമ്പോ ചേച്ച്യെന്നെ കണ്ണുപ്പൊട്ടണ ചിത്തേം പറയാറ്‌ണ്ട്, ഇല്ല്യേ?

ആ.. അടിച്ചു വാരി അടുപ്പിലിടാന്‍ പാടില്യാന്ന് പണ്ട് ഇമ്മടെ അമ്മ പറയാര്‍ന്നു.

അതുപോല്യെന്നെത്രേ ഇമ്മടെ പറമ്പിലെ ചവറ് അടിച്ചു വാരി വല്ലോന്റെ പറമ്പില്‍‌ക്കിട്ടാല് ഐശ്വര്യം മുഴുവന്‍ അവര്‍ക്ക് പോവൂന്ന്. ആ‍ പാറായിക്കാര്‍ക്കിപ്പോ എന്തോരം സ്വത്താന്ന വിചാരം. ഒക്കിം ചേച്ചിങ്ങനെ അടിച്ച് വാരീട്ട് ഐശ്വര്യം വരുത്തീറ്റാവും.

പിന്നീ ചവറൊക്കെ എന്തു ചെയ്യും?

അതിന്‌ണ് ‘എടവമൂല’. വീടിന്റെ വടക്ക് കിഴക്കേ മൂലേല് ഒരു കുഴിയെടുത്ത് ചവറൊക്കെ അവടെ കൂട്ടിടണം.. മഴക്കാലത്ത് അതവടെ കെടന്ന് ചീഞ്ഞോളും. വേനക്ക് എടക്കൊന്നു തീയിട്ട് കൊടുക്കാ. ഈ കുഴീല്‍ത്തെ മണ്ണ് എടുത്ത് ചെട്യോള്‍ക്കിട്ടാ ബെസ്റ്റാത്രേ! ഞാന്‍ നോക്ക്യേപ്പോ ഞങ്ങടോടത്തെ ചവറ് കുഴി വടക്ക് കിഴക്കെന്യണ്. പിന്നെ എനിക്കിതിലൊന്നത്ര വിശ്വാസോംമില്യാ. അപ്പോ പിന്നെ മൈന്റാക്കീല്യാ ചേച്ചിയ്ക്ക് വേണങ്കെ കുഴീടെ കണക്കൊക്കെ ഞാന്‍ ആ പ്രൊഫസറോട് ചോയ്ച്ച് പറഞ്ഞരാം.

അപ്പോ ഫ്ലാറ്റിലൊക്കെന്തൂട്ടാ ചിയ്യണെ?

ഫ്ലാറ്റിലൊക്കെ എല്ലാവര്‍ക്കും കൂടീറ്റൊരു ‘എടവമൂലീ’ട്ത്രേ. അയിനെ കമ്പോസ്റ്റ് കുഴീന്നും വെവരല്യാത്തോര് പറയും.

ആ.. ശര്യാണ്, കമ്പോസ്റ്റ് കുഴീന്ന് ഞാന്‍ കേട്ടണ്ണ്ട്. അന്നാ നീയൊന്നു ചോയ്ക്കറീ പെണ്ണമ്മേ. ചെലപ്പോ അതൊക്ക്യാവും ഐശ്വര്യക്കേട്.

ഏറ്റു. തല്‍ക്കാലം ദേ ചക്ക കെട്ട്യ ഈ കയറ് പിടി. ഞാന്‍ തോട്ടി വച്ച് കുത്താന്‍ പൂവാട്ടാ.

ഏലസാ ഏലസാ
അവസാന ചക്ക ഏലസാ
ഇടവ മൂല ഏലസാ
ഏലസാ ഏലസാ
**********************************

വായനക്കാരോട്- ദയവായി ആരും 'പെണ്ണമ്മ സ്പെഷന്‍ ഇടവമൂലയ്ക്ക് വേണ്ടി മറ്റ് വാസ്തുശാസ്ത്രക്കാരനെ സമീപിക്കരുത്. അതു പെണ്ണമ്മ സ്പെഷലാണ്. അവരുടെ ഉപദേശം ശാസ്ത്രീയമായിരിക്കണമെന്നില്ല. പെണ്ണമ്മ സ്പെഷല്‍ ഉപദേശം വേണ്ടവര്‍ കത്തുകളയക്കേണ്ട വിലാസം:
മിസ്സീസ് പെണ്ണമ്മ അച്ചന്‍‌കുഞ്ഞ്
പെണ്ണമ്മ ഭവനം
പയറങ്ങാടി പി.ഒ
തൃശ്ശൂര്‍ -1

Saturday, August 2, 2008

മരിക്കൂ.. കോടീശ്വരനാകൂ‍!!

ഇന്നും നീയ് സീര്യല് കാണാനിരിക്ക്‌ണ്. ന്യൂസേതെങ്കിലും വയ്ക്കറീ കുഞ്ഞോളെ. സുര്‍ജിത്ത് സിങ്ങ് മരിച്ചതിന്റെ വാര്‍ത്തോ‍ള് കാണട്ടെ.

രോമം! ഇനി ചെവിതല കേള്‍പ്പിക്കില്ല. ഇന്നലെ വരെ സുര്‍ജിത്ത് വെറ്ക്കപ്പെട്ടാനായിരുന്നൂന്ന് പറഞ്ഞോരീപ്പോ കരയണ കേക്കാം സുര്‍ജിത്ത് ആനയായിരുന്നു.. സുര്‍ജീത്ത് ചേനയായിരുന്നു. സുര്‍ജിത്തിന്റത്ര വിശുദ്ധന്‍ ഈ ഭൂലോകത്ത് വേറൊരാളില്ലായിരുന്നു. സുര്‍ജിത്തിന് മിനിമം അഞ്ച് ചില്ല് കൂ‍ടെങ്കിലും പണിയണ്ടതാര്‍ന്നു.. നാണല്യലോ ഇവറ്റോള്‍ക്ക്. ഇതൊക്കെ കേള്‍ക്കാന്‍ കൊറേ പെണ്ണമ്മിച്ച്യോളും.

ഔവ്! നീ കലിപ്പിലാണല്ലോറീ. 'മരണം കൂടുതല്‍ ബന്ധുക്കളെ ഉണ്ടാക്കുന്നു' എന്നാറീ ക്ടാവേ. നീയാ വാര്‍ത്ത വയ്ക്കറീ

ഐഡിയ! ഒരു സെലിബ്രിറ്റി മരിച്ചാല്‍ അതോണ്ട് ഇപ്പോഴത്തെ മാധ്യമങ്ങള്‍ എന്തോരം കാശിണ്ടാക്കിണ്ടാവും. പണ്ടാര്‍ന്നെങ്കെ ദൂരദര്‍ശന്റെ ഒര്രു മോങ്ങല്ല് മാത്രം. ഇപ്പഴാണെങ്കിലോ..എന്റമ്മോ ആദ്യാഴ്ച ഓര്‍മ്മക്കുറിപ്പുകളുടെ ഒഴുക്ക്. ലേഖനം, ഡോക്യുമെന്റി, പാട്ട്, കൂത്ത്.. എസ്.എം.എസ് അയക്കൂ ആദരാഞ്ജലി രേഖപ്പെടുത്തൂ.. പിന്നെല്ലാ കൊല്ലവും ഓര്‍മ്മ പുതുക്കല്‍. ഇതിന്റീടയ്ക്ക് കാണിക്കണ പരസ്യങ്ങളെന്നെ എത്ര വരും? അപ്പോ‍ പെണ്ണമ്മിച്ച്യേ ഈ പ്രശസ്തരുടെ മരണം അവര്‍ക്ക് ജീവിച്ചിരിക്കുമ്പോ തന്നെ വിറ്റ് കാശാക്യാലെന്താ? ഏന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇപ്പോ എല്ലാരും പറയണത്.

മരണം വിക്കേ?

അതേന്നേ ഇപ്പോ ഈ ക്രിക്കറ്റ് കളി, പന്തുകളി കള്യോക്കെ വിക്കണില്ലേ. അതേപോലെ പ്രശസ്തരുടെ കല്യാണങ്ങളും, മക്കള്‍ടെ പടങ്ങളൊക്കെ വിക്കിണില്ലേ. ഇമ്മടെ ആഷ്-അഭി കല്യാണസമയത്തല്ലേ അയിന്റെ വീഡീയോ കവറേജ് റൈറ്റ് വിവാദായത്. അത്പോലെ മരണത്തിന്റെ കം‌പ്ലീറ്റ് കവറേജ് അങ്ങട് വിക്കാ. എങ്ങനീഡൈഡിയാ?!

അയ് കൊള്ളാലോ വീഡിയോണ്! വീഡിയോ കവറേജ്, ഫോട്ടോ പിടുത്തം, ലേഖനെഴുത്ത് അമ്പമ്പോ എല്ലാം കൂടി നല്ലൊരു തൊക കിട്ടൂലോറീ.

ഇതെല്ലാം കൂടി ഒരു ചാനലിനു വമ്പന്‍ തൊകയ്ക്ക് കൊട്‌ത്താലും മതി. സില്‍മാത്താരങ്ങള്‍ക്കൊക്കെ ആ വകേലെന്നെ എന്തോരം കാശിണ്ടാക്കാം!

ഓ ഇതൊക്കെ പ്രശസ്തര്‍ക്കല്ലെ കിട്ടള്ളോ. ഇമ്മളെ പോലെ നാലും മൂന്നേഴാളറിയാത്തോര്‍ക്ക് ഇതോണ്ടെന്ത് കാര്യം.

ഈ പെണ്ണമ്മിച്ചിയ്ക്കൊരു ചുക്കറിയില്യാ.ഇപ്പോ ഇമ്മട്യോക്കെ മരണത്തിനു പ്രശസ്തി കിട്ടാന്‍ എന്തോരം നേരം വേണം?ആരുഷീടെ മരണം, പാലക്കാട്ടെ കുട്ട്യോള്‍ടെ മരണം ഒക്കെ മാധ്യമങ്ങളാഘോഷിക്യല്ലേ. ഒക്കെ പോട്ടെ പാഠപുസ്തക വിവാദത്തിനിടെ നടന്ന ജെയിംസ് മാസ്റ്ററുടെ മരണോ?

ഹോ ദുഷ്ടത്തി. മനസ്സിലൊക്കെ എന്തോരം ദുഷ്ടത്തരം ഇണ്ടായിട്ട് വേണം ഇങ്ങന്യൊക്കെ ചിന്തിക്കാന്‍!

ഇതിലെന്തൂട്ടാണ് ദുഷ്ടത്തരം. എന്തായാലും മരിക്കും. ആ മരണം കൊണ്ട് ജീവിച്ചിരിക്കുമ്പോ ഒരു ഉപകാര്‌ണ്ടാവോന്ന് ചിന്തിക്കണ്ത്ണ് ദുഷ്ടത്തരം? പ്രശ്സ്തരല്ലാത്തോര്ക്ക് മരണത്തെ വില്‍ക്കാന്‍ പേട്യാണെങ്കെ ഒരു വില്പത്രെഴുതി വെച്ചാലും മതിലോ. മരണംകൊണ്ട് വാര്‍ത്ത്യായാല്‍ അത് വില്‍ക്കാനായിറ്റ് ബന്ധുക്കളെ അനുവദിക്കുന്ന തരത്തിലൊരു വില്പത്രം. ബന്ധുക്കള്‍ക്കൊരുപകാരാവൂലോ.

ശര്യന്യാണ്. ഇപ്പഴത്തെ കാലത്ത് ‍ഇമ്മളൊക്കെ എന്നാണൊരു ആരുഷിയോ, അഭയയോ ആവാന്‍ പോണേനാര്‍ക്കറിയാം. അങ്ങന്യങ്ങാനായാ അതോണ്ടൊരു ഗുണം കുടും‌ബക്കാര്‍ക്കിണ്ടാവട്ടേലറീ കുഞ്ഞോളേ. നിന്റെ തല കാറ്റ് കൊള്ളിക്കണ്ടാട്ടാ. ബുദ്ധ്യോ‍ക്കെ ആവ്യായാലാ.


അപ്പോ വായനക്കാരെ

1.നിങ്ങള്‍ പ്രശസ്ത/നാണോ? എങ്കില്‍ നിങ്ങളുടെ മരണത്തിന്റെ വിതരണാവകാശം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ല തുകയ്ക്ക് വിറ്റ് ആ കാശുകൊണ്ട് പുട്ടടിക്കുക.

2. നിങ്ങള്‍ മരണശേഷം പ്രശസ്തരാവുമെന്ന് ഏതാണ്ട് ഉറപ്പുള്ളവരാണോ? എങ്കില്‍ അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന എല്ല പ്രശസ്തിയുടേയും വിതരണാവകാശം അടുത്ത ബന്ധുക്കളുടെ പേരില്‍ ഇന്‍ഷ്യുര്‍ ചെയ്യുക.

3. നിങ്ങള്‍ കൂടുതല്‍ റിസ്കി മേഖലയില്‍ ജീവിച്ച് ശ്രദ്ധേയമായി മരിക്കാന്‍ ചാന്‍സ് കൂടുതലുള്ളവരാണോ? എങ്കില്‍ ആ റിസ്ക് ഫാക്ടേഴ്സിന്റെ വില കണക്കാക്കി മരണത്തിന്റെ വിതരണാവകാശം വില്‍ക്കുന്നു എന്ന് കാണിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കുക.

4. വിവാദങ്ങള്‍ക്കിടയിലേക്കോ ഹര്‍ത്താലുകള്‍ക്കിടയിലേയ്ക്കോ നടന്ന് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും മരണത്തിന്റെ വിതരണാവകാശം വന്‍‌തുകയ്ക്ക് വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് നടന്ന് പോവുക.

5. നിങ്ങള്‍ കടം കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്ന ബ്ലോഗറാണോ? ആഡ്സെന്‍സ് ഇട്ടതിനു ശേഷം വിശദമായ ആത്മഹത്യാകുറിപ്പ് മുന്‍‌കൂട്ടി ഷെഡ്യൂള്‍ ചെയ്ത പോസ്റ്റായിടുക.

മരിക്കൂ.. കോടീശ്വരനാകൂ‍!!
**************************************

ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് ആദരാഞ്ജലികള്‍

Saturday, July 26, 2008

ഏതു മതക്കാരെയാണ്‌ കൂടുതല്‍ ബാധിക്കുക?

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത്‌ മതത്തില്‍ പെട്ടവരെയാണ്‌ കൂടുതല്‍ ബാധിക്കുക?

വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍