ഞാറാഴ്ച കുഞ്ഞച്ചന് വിസിറ്റ്
ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?
ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണംന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്ത്തോ.
ങേ! ഇതെന്തൂട്ട്ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്പുസ്തകൊക്യായിറ്റ്ണ് നോവല്‍ വായന?
ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.
അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ
(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)
എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്ണ്ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്ണു! പോരേ പൂരം!
ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.
ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്ക്ക് നീ കൊട്ക്കണ പെട്ടി മരുന്നല്ലേരാ?

പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്ട് തന്നാല്ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്ണ്. പോരാണ്ട് മൂലക്കുരൂന്നും.
പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്ണ്ട്. ലോകത്ത്ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.
ആ ദദന്നീന്ന് സാധനം.
അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന് ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളുമാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്ടെ ബൊക്കെ കാണാന്‍ എന്തു രസാര്ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന് പൂക്കള്‍. പിന്നെ ഒറിജിനല്‍ റോസാപൂക്കള്‍, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്ണ്ടാ!
പെണ്ണമ്മിച്ച്യെ വെറ്തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റായിക്കൂടേ?
ആണോ കൊച്ചീക്കാരെ?
******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്‍.
******************************
കുറിപ്പ്
(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”
(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള് (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.