അയ്യോറീ കുഞ്ഞോളെ, ഞാനൊരു കാര്യം മറന്നു. ആ കുഞ്ഞോന്റെ പേന്റ് തേച്ച് വെയ്ക്കണന്ന് ഒരു നൂറുവട്ടം പറ്ഞ്ഞീട്ടാണ് പോയേക്കണെ. ആ അന്തോണീരെ പെങ്ങള്‍ടെ കല്യാണാണ് നാളെ. ഇന്നാത്രെ വെള്ളടി പാര്‍ട്ടി. നീയൊന്നത് തേച്ചേരീ ക്ടാവേ. അതു മറന്നട്ടണ് ഞാനീ എറച്ചി നുറ്‌ക്കാനിര്ന്നേ
ഹൌ എനിക്ക് പറ്റില്യാ. അല്ലെങ്കെ ഈ സില്‍മ കഴിയട്ടെ.
അവനിപ്പോ വരൂറീ. ഇനീപ്പോ തേച്ച് വച്ചില്ലെങ്കെ ഇന്നല്‍ത്തെ ദേഷ്യാന്നും പറഞ്ഞ് മൂക്കൊലിപ്പിക്കാന്‍ തൊടങ്ങും.
രോമം! ഒരു സില്‍മ മുഴുവന്‍ കാണാന്‍ ഒരൂസം പോലും സമ്മേയ്ക്കരുത്. ഏത്‌ണ്‌നി തേയ്ക്കണ്ടേ? ഇദാ?
അല്ലറീ.. ഇന്നലെ അലക്കീറ്റില്ലെ ആ കട്ട്യള്ളത്. ശരിക്കൊണങ്ങീറ്റില്യാത്. അതൊണങ്ങാന്‍ ഒരാഴ്ച വേണം. നീ നന്നായങ്ങട് തേച്ചാമതി ഒണങ്ങിക്കോളും. ഞാനതാ മെഷ്യനിലിട്ടാണലക്യേ അതോണ്ട് നെറച്ചും ചുളിഞ്ഞട്ടൂണ്ട്.
ഈ നീല ജീന്‍സ്നീണ് പാന്റ്ന്ന് പറയണത്? ജീന്‍സ് ഇണ്ടാക്യേക്കണത്തന്നെ തേക്കണ്ടും അലക്കാണ്ടും ഇടാനിണ്. ഈ മന്‍ഷ്യത്തി ഒരൂസിടുമ്പ്‌ഴയ്ക്കും അത് അലക്കണതെന്തിനണ്?
അതവ്ടെ വെയര്‍പ്പ് മണടിച്ച് കെടക്കാര്‍ന്നു. തുണ്യോള് തേച്ച് വൃത്ത്യാക്കിന്നച്ചട്ട് ഒന്നുംവരില്യാ.
ഉവ്വുവ്വ്. അങ്ങനെ തേച്ച് വൃത്ത്യാക്കീത്‌ണ് എന്റെ റ്റൈ & ഡൈ ടെ ഷോള്. ആയിരുര്‍പ്യ കൊടുത്ത് സ്പെഷ്യലായി ചെയ്യിച്ച ചുളുക്കുകളിണ് പെണ്ണമ്മിച്ചി കുത്തിരുന്നു തേച്ച് മിനിക്കീത്. ദേ എന്നെക്കൊണ്ടൊന്നും പറേയ്ക്കണ്ടാ.
ഒരു അബദ്ധൊക്കെ ഏതു പെണ്ണമ്മയ്ക്കും പറ്റും. നീ വാചകടിക്കാണ്ട് അത് തേക്കാമ്പറ്റൂങ്കെ തേയ്ക്ക്. അല്ലെങ്കേന്‍റ്റ് പോ.. എന്നെ വെറ്‌തെ ദേഷ്യം പിടിപ്പിക്കണ്ട്.
ദേ ജീന്‍സിന്റെ പോക്കറ്റില് കുഞ്ഞുമോഞ്ചേട്ടന്റെ പേഴ്സ്. കുഞ്ഞുമോഞ്ചേട്ടന്‍ ഇന്നലെ മുഴുവന്‍ ഇവടെ തപ്പിനടക്കിണ്ടാര്‍ന്നതിതല്ലേ. പാവം അത് ആരോ പോക്കറ്റടിച്ചൂന്നും പറഞ്ഞ് പോണ്ടാര്‍ന്നു അവസാനം.
ഹോ! തമ്പുരാന്റെ.. ഇനീപ്പോ തുള്ളി തുള്ളി വരും. നീ വേഗം അതില്‍ത്തെ കാശും കടലാസോളും എട്‌ത്ത് പോറത്തിട്ടോണക്കറീ
പെണ്ണമ്മിച്ച്യോട് ഒരു നൂറ് പ്രാവശ്യം പറഞ്ഞട് പോക്കറ്റിലിള്ള സാധനങ്ങള് പുറത്തെടുക്കാണ്ട് അലക്കാരിക്കോന്ന്. ഇതിപ്പോ എത്രാമ്ത്തെ പ്രാവ്ശ്യണ്?
ഇപ്പോ എന്റ്യായാ കുറ്റം. ഈ പേഴ്സൊക്കെ എട്ത്ത് പൊറത്ത് വച്ചാ അവനെന്തൂട്ടാ വരാ? എന്റെ അപ്പന്റീം ആങ്ങളമാര്ടീം ദേ ഇപ്പോ ഈ മനുഷ്യന്റീം ഊരിട്ട ഷര്‍ട്ടിന്റെ പോക്കറ്റില് അഞ്ച് പൈസീന്റാവില്യാ. പിന്നെന്തിനിണീ പോക്കറ്റൊക്കെ തപ്പണേ. അത്കാരണം അങ്ങനൊരു ശീലല്യാണ്ടായി
ഓ! ആകെ ഇരുപത്തഞ്ച് രൂപീനള്ളേ പിച്ച! ദേ ഒരു കടലാസ്. ഇത് വല്യ അത്യാവശ്യ കടലാസാനെങ്കെ ഇന്നിവടൊരങ്കംവെട്ട് നടക്കും.
നേരം കളയാണ്ട്. അത് തേച്ചൊണക്കറീ.
അയ്യോ ഇതാ ജോയേട്ടന്റെ കത്താ.
ഏതു ജോയീ? ആ താഴത്തിന്റോടത്തെ എളേതാ? എന്നാ അവന്‍ സൌദീന്നയച്ചതാവും. അവന്‍ പോയോട് കൂടി ഇവരടെ ഗ്യാങ്ങിനെ മൂപ്പിത്തിരി കുറഞ്ഞണ്ടാര്‍ന്നു. നീയതാ വായിച്ചേ. അവന്റെ വര്‍ത്താനൊന്തൂട്ടാന്നറിയട്ടെ.
അയ്യേ മറ്റൊള്ളോരടെ കത്ത് വായിക്കണത് മര്യാദ്യല്ലാന്ന് പെണ്ണമ്മിച്ച്യന്നെല്ലേ പറയാറ്.
ഇതവന്റെ വിശേഷറിയാനല്ലേ. എന്നെ കാണിക്കാന്‍ വച്ചതന്യാവും നീ വായിക്കറീ
ഞാന്‍ വായിക്കാം പക്ഷേ ഈ പാപത്തില്‍ എനിക്ക് പങ്കില്ല. ഞാന്‍ കൈയഴികി.
എന്റെ തലക്കിരിക്കട്ടത്. നീ വായിക്കിണ്ടാ എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.
ടാ മൈ!
(നിശബ്ധത)
എന്തൂട്ടണ്ടീ മൈ.. ആവൂ എന്റെ നാവേ. മര്യാദയ്ക്ക് ഒറക്കെ വായിക്കരീ. ഇന്ന് കുമ്പസാരിച്ചട്ടൊള്ളോ. ഇന്നന്നെ എന്റെ നാവിന് കടം വരുത്തല്ലെട്ട്രീ
ടാ മൈ --മാരേ
ഞാനിവടെ --ത്തിടാ കു---ളെ ഇവടൊ- ജയിലാ-ടാ -ര-- . ഒരു തുള്ളി -ള്ള് പോലും -ട്ടാനില്യാ- -ല-- മക്കളേ.
ഹൊ കു-ച്ച് തെറി എ-ഴുതിയ- മനസ്സി-നൊരു കുളി-മ്മ.
നിര്‍ത്തറീ ശവീ. എന്തൂട്ട്‌ണ് നീ വായിക്കണേ.
പെണ്ണമ്മിച്ചി എന്തിനണ് എന്നെ തെറി പറയണേ. അലക്കി തേച്ച കടലാസ്സീന്നു മാഞ്ഞ് പോയ അക്ഷരങ്ങള്‍ക്ക് പകര്ണ് ഡാഷ് ഡാഷ് എന്ന് വായിച്ചതൊക്കെ. എന്നാലും എനീക്ക് കാര്യം മനസ്സിലായി.
നിനക്കെന്തൂട്ട് മനസ്സ്ലായി?
മുട്ടന്‍ തെറ്യോളണ് എഴുതി വച്ചേക്കണെന്റെ പെണ്ണമിച്ച്യേയ്. സ്നേഹം പ്രകടിപ്പിക്കണ ഒരോ രീത്യോളേ! കുഞ്ഞുമോഞ്ചേട്ടന്റെ ഗ്യാങ്ങ് മുഴുവനിങ്ങന്യാ. മിണ്ടണേന്റെടയ്ക്ക് മുട്ടീന് മുട്ടിന് ‘മൈ’ വാക്ക് പറയും.
‘മൈ’ വാക്കാ? അതെന്തൂട്ട്‌ണ്?
ഈ ‘എഫ്’ വാക്ക് പോലെ ‘മൈ’ വച്ച് തൊടങ്ങണ തെറി.
ഹ ഹ എന്റെ കുഞ്ഞോളേ നിന്റമ്മ നിന്നൊരു പച്ചക്കറ്യായിറ്റാ വളര്‍ത്ത്യേക്കണേല? അവളെ കുറ്റം പറഞ്ഞട്ടും കാര്യല്യാ. മിണ്ട്യാ തെറി മാത്രം പറയണ അപ്പനെ കണ്ട് വളര്‍ന്നോള്‍ക്ക് തെറി വെറുത്ത് പോയില്ലെങ്കിലല്ലേ അതിശയണ്ടാവണ്ടൂ. പക്ഷേച്ചാ തെറി പറയണ്ടോടത്ത് തെറ്യന്നെ പറയണം.
എനിക്കിംഗീഷില് തെറി കേട്ടാ വല്യേ ഫീലിംഗില്ല. ചെലതൊക്കെ പറ്യൂം ചെയ്യും. ‘എഫ് ’വാക്കാ,ഷിറ്റാ, ബാസ്റ്റാര്‍ഡാ ഒന്നും കൊഴപ്പല്യാ. പക്ഷേ മലയാളം തെറി കേള്‍ക്കാനും പറയാനും വല്യേ പാടാ.
ജീവിക്കണ ഭാഷേടെ ഒരു ലക്ഷണണ് തെറി. മിക്ക വാക്കും എങ്ങനെ തെറി ആയി എന്നതിനൊരു ചരിത്രം കാണും. ഈ എഫ് വാക്ക് ഇത്ര വലിയ തെറ്യാനെ കുറിച്ച് പല പല കഥകളൂണ്ട്. ഇംഗ്ലീഷിനോട് നിനക്ക് ഹൃദയബന്ധല്യോത്തോടാ ഇംഗ്ലീഷ് തെറ്യോള് നിനക്ക് ഫീലിക്കാത്തെ. തെറീല്യാത്ത ഭാഷോള് ഒരു കാലത്തും മന്‍ഷ്യമാരു വികാരപ്രകടനത്തിന്‍ ഉപയോഗിച്ചണ്ടാവില്യാ. ഉദാഹരണത്തിന് സംസ്കൃതോം ഹീബ്രോക്കെ.
എന്നൊച്ചാ?
എന്നൊച്ചാ വര്‍ത്താനം പറയണ ഭാഷായിറ്റ് ഉപയോഗിച്ചണ്ടാവില്യാന്ന്. പലതരത്തിലും അറിവ് ശേഖരിച്ച് വയ്ക്കാന്‍ മാത്രാവും ആ ഭാഷോളിണ്ടായേക്ക്‌ണേ. നല്ല ദേഷ്യം വരുമ്പോ എനിക്ക് ദേഷ്യവര്ണ്ട്ട്ടാ എന്നല്ലേ നീ പറയാ? കുഞ്ഞോനാന്നച്ചാലാ ഒരു ‘മൈ’വാക്കാ പറയും. ഏത്ണ് ഷോക്കിംഗ്?
ഉം.. അത് കുഞ്ഞുമോഞ്ചേട്ടന്റെ തെറ്യന്നെ. പിന്നെ തിരിച്ച് അതിലും കൂടീതലക്കണം. അങ്ങനെ പറ്റാത്തോണ്ട് മിണ്ടാണ്ടിക്യന്നെ നല്ലത്.
തണ്ടന്‍ തെറിയ്ക്ക് മുണ്ടന്‍ തെറീന്നും, തെറിയ്ക്കുത്തരം മുറിപത്തല്ന്നൊക്കെ നീ കേട്ടട്ടില്ലേ.
ഉം.പിന്നൊരു കാര്യം. ഹീബ്രൂ ഇപ്പോ ആള്‍ക്കാര് സംസാരിക്കണിണ്ടല്ലോ.
അത് ഇപ്പഴലേ. ഇപ്പഴ്ത്തെ ഹീബ്രൂ ശരിയ്ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാഷീന്. അതോണ്ട് ഇന്നത്തെ ഹീബ്രൂ തെറ്യൊക്കെ യിദ്ദീഷീന്നാണെടുത്തേക്കണെ.
മലയാളത്തിലൊക്ക്യള്ള തെറിയ്ക്ക് പകരം സംസ്കൃതത്തിലെ വാക്കോള് പറഞ്ഞാല് നല്ല രസായിരിക്കും. നീ നേരത്തെ വായ്ച്ചില്ലെ, അതേപോലെ തെറി അലക്കി തേച്ച് മിനുക്കി പറയണ പോലീണ്ടാവും. ചിലോടത്ത് ‘മൈ’ വാക്കിന് പകരം രോമന്ന് പറഞ്ഞാ നിന്റെ റ്റൈ & ഡൈ ഷോള് തേച്ച് മിനുക്യാ പോല്യാവേം ചെയ്യും.
അപ്പോ തെറി പഠിക്കണംന്നാ പെണ്ണമ്മിച്ചി പറയണേ?
കൊറച്ച് പഠിച്ചിരിക്കണത് നല്ലതനീണ്. നെന്നെ കല്യാണം കഴിക്കാന്‍ പോണോന്‍ മുട്ടന്‍ തെറി പറഞ്ഞാ നിനക്കും രണ്ടെണ്ണം പറയാന്‍ കിട്ടണ്ടെ. അതോണ്ട് പൊന്നുമോള്‍ നേരം കിട്ടുമ്പോ മൂന്നാല് ചെറ്യേ തെറ്യൊക്ക്യാങ്ങട് പഠിച്ച് വച്ചോ ഒരു കൊഴപ്പൂല്യാ
**************
വായനക്കാരോട് - ഈ പോസ്റ്റ് എഴുതി കഴിഞ്ഞാണ് ക്ലസ്റ്റര്‍ യോഗത്തിനിടെ ഉണ്ടായ മര്‍ദ്ദനത്തില്‍ ജെയിംസ് അഗസ്റ്റ്യന്‍ എന്ന അദ്ധ്യാപകന്‍ മരിച്ചതറിഞ്ഞത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ആ കുടുംബത്തിന് ശക്തി കൊടുക്കണേ തമ്പുരാനെ.
അതിനിടയാക്കിയ എല്ലാ സമൂഹ്യവിരുദ്ധര്‍ക്കും അലക്കി തേയ്ക്കാത്ത, വിയര്‍പ്പുമണവും അഴുക്കും, വിസര്‍ജ്ജ്യങ്ങളുമുള്ള തെറികള്ടെ ചെരുപ്പുമാല.
Showing posts with label സംസ്കാരം. Show all posts
Showing posts with label സംസ്കാരം. Show all posts
Saturday, July 19, 2008
Subscribe to:
Posts (Atom)
