Showing posts with label കുട്ടികള്‍. Show all posts
Showing posts with label കുട്ടികള്‍. Show all posts

Sunday, June 21, 2009

രാസത്തോട്ടം (Chemical Garden)

ട്യേ കുഞ്ഞോളേച്ച്യേയ് നീ എന്തോരം കാലായി സൂവില് കൊണ്ടുവാന്ന് പറഞ്ഞട്ട് ഞങ്ങളെ പറ്റിക്ക്‍ണു

മഴ്യോക്കല്ലടാ മോനച്ചാ. . പകരണ രോഗങ്ങളൊക്കിണ്ടാവണ സമയണിത്. ഇനി മഴക്കാലങ്ങട് കഴിയട്ടെ എന്നട്ട് പൂവാം സൂവില്‌ക്ക്. നീങ്ങളീ ഈ ചെട്യോള്‍ക്ക് വെള്ളൊഴിക്കാന്‍ കൂട്യാ ഇന്ന് വേറൊരു സൂത്രം കാണിച്ചരാം.

ആദ്യം സൂത്രെന്തൂട്ടാന്ന് പറയ് എന്നട്ട് തീരുമാനിക്കാം വെള്ളൊഴിക്കണോ വേണ്ട്യോന്ന്.

സൂത്രെന്തുട്ടാച്ചാ ഇമ്മടെ പൂന്തോട്ടം പോലെ ഒരു രാസത്തോട്ടം ഇണ്ടാക്കി കാണിച്ചരാം

രാസത്തോട്ടാ? അതെന്തൂട്ടാണ്?

ആദ്യം നീങ്ങള് പൂന്തോട്ടത്തില്‍ വെള്ളൊഴിക്കറാ കുതരോളേ.അതു കഴിഞ്ഞട്ട് രാസത്തോട്ടത്തിനള്ള വെള്ളം വെക്കാം.

ഒക്കെ ഡണ്‍. ഗയ്‌സ് അറ്റാക്ക്


കുഞ്ഞോളേച്ച്യേ ദേ ഈ റോസേമേ എന്തൂട്ടാ ഒരു വെളുത്തപ്പൊടി?

നോക്കട്ടെ.. ആ അത് ഒരു തരം പൂപ്പലാണെടാ. powdery Mildew ന്ന് ഇംഗ്ലീഷില്‍ പറയും. ഇന്നാള് ഇമ്മടെ കുമ്പളത്തിലൊക്കെ വന്നിലേ അതുപോലത്ത്യെന്നെ. അത് ഇമ്മക്ക് ശര്യാക്കാം. നീ പോയി കൊറച്ച് അപ്പക്കാരോം സോപ്പും എടുത്തട്ട് വാ.(1)

വണ്‍ ഡൌട്ട് കുഞ്ഞോളേച്ചി, വാട്ടീസ് അപ്പക്കാരം?

എന്റപ്പാ! ഈ സായിപ്പ് ക്ടാങ്ങളെക്കൊണ്ട് തോറ്റു. അപ്പക്കാരം‌ന്ന് വച്ചാ ബേക്കിങ് സോഡാ‌. പെണ്ണമ്മിച്ചി ഉണ്ണ്യപ്പം സോഫ്റ്റാവാന്‍ ഇടണ വെളുത്ത പൊടീലേ അദ്.

ആ കിട്ട്യാ.. എന്നാ ഇമ്മടെ ചെടിക്ക് മരുന്നടിക്കണ പാത്രത്തില് ഒരു ലിറ്റര്‍ വെള്ളെടുത്തട്ട് അര ടീസ്പൂണ്‍ അപ്പക്കരം അതിലിട്. കൊറച്ച് സോപ്പുവെള്ളോം ഒഴിച്ചോ

സോപ്പും വെള്ളം എന്തോരം വേണം?

ആ ഒരു കാല്‍ ലിറ്റര്‍ ഒഴിച്ചേക്ക്. എന്നട്ട് നന്നായി കുലുക്കി വെള്ളപൊടി കാണണ റോസേമ്യോക്കെ അടിച്ചോട്‌ക്ക്. അത് പൊക്കോളും ഇല്ല്യാച്ചാ അടുത്താഴ്ച ഒന്നൂടി അടിക്കാം.

ഇവിട്യൊക്കെ നനച്ച് കഴിഞ്ഞു. ഇനി വേഗം രാസതോട്ടണ്ടാക്കി കാണിക്കറീ കുഞ്ഞോളേച്ച്യേ ഞങ്ങളെ പറ്റിക്കണ്ട്


******************

ഒക്കെ ഗയ്സ് രാസതോട്ടം അഥവാ കെമിക്കല്‍ ഗാര്‍ഡന്‍ ഇണ്ടാക്കാനുള്ള സാധങ്ങള്‍ നമുക്ക് ആദ്യം സംഘടിപ്പിക്കാം(2). ആദ്യായിറ്റ് ഒരു പാത്രം വേണം. കുഞ്ഞുമോഞ്ചേട്ടന്റെ പഴയ ആ ഫിഷ്‌ടാങ്ക് തരോന്ന് ചോയ്‌ച്ചോക്ക് മോനച്ചാ.

ഒക്കെ ഡണ്‍. കിട്ടി.

പോസ്റ്ററൊട്ടിക്കാനിണ്ടാക്കണ മൈദകുറുക്കിലിടാന്‍ കുഞ്ഞച്ചന്‍ കൊണ്ടന്ന് വച്ചേക്കണ തുരിശ് (copper (II) sulfate)കൊറച്ചെടുത്തോണ്ടാ പൊന്നൂസേ. കുഞ്ഞി പോയിറ്റ് ബാറ്ററീലൊഴിക്കണ ഡിസ്റ്റില്‍ഡ് വാട്ടര്‍ എടുത്തോണ്ടാ. ആ സീയാപ്പീരെ പുരികം പ്ലക്കറും എടുത്തോറാ.
അപ്പോ സാധനങ്ങളൊക്ക്യായി. ബാക്കീള്ള കെമിക്കല്‍‌സ് ഞാന്‍ സംഘടിപ്പിച്ചണ്ട്.
ആദ്യം ഇമ്മക്ക് ഈ ഫിഷ്‌ടാങ്കിനെ ഒന്നു സുന്ദര്യാക്കാം. അടീല് കൊറച്ച് മണലിട്ടോറാ മോനച്ചാ

ഇത്ര മത്യാ?

മതി കൊറച്ച് കക്കീം കല്ലും കൂടി ഇട്ടോ.
ആ ഗുഡ്.
ഇനി തോട്ട നിര്‍മ്മാണം
ഇതാണ് സോഡിയം സിലിക്കേറ്റ് ലായനി (aqueous sodium silicate or sodium metasilicate) . അതൊരു 150 മില്ലി എടുത്ത് 100 മില്ലി ഡിസിറ്റില്‍‌ഡ് വാട്ടറില്‍ ഒഴിക്കറാ മോനച്ചാ. എന്നട്ട് നന്നായി ഇളക്ക്.
ഒക്കെ ഇനിയത് ഇമ്മടെ ഫിഷ്‌ടാങ്കില്‍‌ക്ക് ഒഴിക്കാം. ഇനി സൂക്ഷിച്ച് ആ തുരിശിന്റെ ഒരു കുഞ്ഞ്യേ കഷ്ണമെടുത്ത് ഈ ടാങ്കില്‍ക്കിട് പൊന്നൂസേ
ഞാനിടാം
എന്നാ കുഞ്ഞീട്. ആ പ്ലക്കറോണ്ട് എടുത്ത് സാവധാനത്തില്‍ സൂക്ഷിച്ച് ഇട്.
ഒക്കെ ഇപ്പോ അത് വളരാന്‍ തുടങ്ങും നോക്കിക്കോ.

ഹായ് എന്തു ഭംഗ്യാ നല്ല തുരിശ് കമ്പോള്

തോട്ടാവുമ്പോ പല നെറത്തില്‌ള്ള ചെടികളിണ്ടങ്കെ അല്ലെ രസം. അതോണ്ട് ഞാന്‍ കൊറേ കളറിലിള്ള കെമിക്കല്‍ കൊണ്ടന്നണ്ട്. ദേ ഇത് നോക്ക്യേന്‍ പച്ച നെറത്തിലിള്ളത് നിക്കല്‍ നൈട്രേറ്റ്, പിങ്ക് - മാന്‍‌ഗനീസ് ക്ലോറൈഡ്, വെള്ള - കാത്സ്യം ക്ലോറൈഡ്, മഞ്ഞ -ഫെറിക് ക്ലോറൈഡ്. ഇനി സൂക്ഷിച്ച് ഒരോന്നൊരോന്നായി ഒരോ സ്ഥലത്ത് ഇട്ടോട്‌ക്ക്. ഒന്നുമ്മേ ഒന്ന് തൊടാതെ ഇടണം‌ട്ടാ. തൊട്ടാല്‍ പിന്നെ എല്ലാം കൂടെ കലങ്ങി ചെടികള്‍ നന്നായി വളരില്ല.

കണ്ടകണ്ടാ! ദേ എല്ലാം വെലുതാവ്‌ണു.

ആ ഇനി അതവടിര്‌ന്ന് വെല്‌താവട്ടെ. ഇമ്മക്കതിന്റെ കെമിസ്ട്രി എന്തൂട്ടാന്ന് നോക്കാം. ആര്‍ക്കാണ് അത് പറയാന്‍ പറ്റാ?

ഞങ്ങള് ഈ കെമിക്കല്‍ ഗാര്‍ഡന്‍ തന്നെ ആദ്യായിറ്റ് കാണ്‌ണ് അപ്പോഴ്‌ണ് കെമിസ്ട്രി. കുഞ്ഞോളേച്ച്യനെ പറ.

അതായത് ഇമ്മളിപ്പോ ഈ തുരിശും മറ്റ് കെമിക്കല്‍ ക്രിസ്റ്റലുകളും സോഡിയം സിലിക്കേറ്റിന്റെ ലായനിയിലേയ്ക്ക് ഇട്ടല്ലോ. അപ്പോ ആ ക്രിസ്റ്റലുകള് അലിയാന്‍ തുടങ്ങി. അതേ സമയം തന്നെ ആ ക്രിസ്റ്റലുകളുടെ അഥവാ മെറ്റല്‍ ലവണങ്ങളുടെ (metal salts) സിലിക്കേറ്റ് ഹൈഡ്രേറ്റും (silicate hydrate) ഉണ്ടായി. ഈ സിലികേറ്റ് ഹൈഡ്രേറ്റുകള് അര്‍ദ്ധ സുതാര്യസ്തരങ്ങളാണ് (semipermeable membran). പുറത്തുള്ള ലായനിയും ഈ സ്തരത്തിന്റെ അകത്തുള്ള ലായനിയും തമ്മില്‍ ഉണ്ടാകുന്ന ഗാഡതാ (concentration) വ്യത്യാസം ഉണ്ടാക്കുന്ന ഓസ്മോട്ടിക് മര്‍ദ്ദം (osmotic pressure) കാരണം വെള്ളം പുറത്ത് നിന്ന് സ്തരത്തിനകത്തേയ്ക്ക് ഓസ്മോസിസ് വഴി കടക്കും. അപ്പോ ക്രിസ്റ്റല്‍ കൂടുതല്‍ അലിയും. അകത്ത് കടക്കുന്ന വെള്ളം ഈ സ്തരത്തിനെ ദുര്‍ബലപ്പെടുത്തി അതിനെ അല്‍പ്പം മുകളിലേക്ക് തള്ളും. അങ്ങനെ അങ്ങനെ ആണ് ഈ രാസത്തോട്ടത്തിലെ ചെടികള്‍ വളരുന്നതത്രേ.

വാട്ട്!

ആ.. സായിപ്പിനൊന്നും മനസ്സിലായില്ല്യാല്ലേ. എന്നാ നീ ദേ ദിദ് (3)വായിച്ച് പഠിക്ക്. വാടാ ക്ടാങ്ങളെ ഇമ്മക്ക് രാസത്തോട്ടം എന്തായി നോക്കാം.

നല്ല ഭംഗീണ്ട്ട്ടാ.

ഇനി ഇമ്മക്കിതിന്റെ ഈ സിലികേറ്റ് ലായനി കളഞ്ഞ് നല്ല വെള്ളം നെറച്ച് വെയ്ക്കാം. ഒരു വെള്ളത്തിന്റെ ഓസ് എടുത്ത് അത് ടാങ്കില്‍ ഇട്ട് പതിയെ വെള്ളം നെറയ്ക്കാം. ചെടികള്‍ പൊട്ടാതെ സൂക്ഷിക്കണം. വെള്ളം നിറഞ്ഞ് സോഡിയം സിലിക്കേറ്റ് എല്ലാം പോയി എന്ന് തോന്നിയാല്‍ ടാങ്കെടുത്ത് ആ ടീപോയില് വച്ചട്ട് നിങ്ങള് കളിക്കാന്‍ പൊക്കോ. ഞാനീ ചീര പാവട്ടെ.


******************
1. ബേക്കിംഗ് സോഡയും സോപ്പിന്റേയും മിശ്രിതത്തിന്റെ കൂടെ അല്‍പ്പം സസ്യ എണ്ണയും ഉപയോഗിക്കാം. ഇതൊരു ജൈവനിയന്ത്രണരീതിയാണ്. powdery Mildew നിയന്ത്രിക്കാന്‍ ധാരാളം ഫഗിസൈഡുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

2. മാജിക് റോക്സ് എന്നപേരില്‍ കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുവാനുള്ള കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

3.J. Colloid Interface Sci. 256, 351-359, 2002

******************

സ്കൂള്‍ എക്സിബിഷനു കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കി തരാമോ എന്ന് ചോദിച്ച് നടന്ന കുഞ്ഞൂഞ്ഞിന് ഈ പോസ്റ്റ് സമര്‍പ്പണം. അവന്‍ അത് ചോദിച്ച സമയത്ത് ഉണ്ടാക്കി കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കുറ്റബോധം ഇങ്ങനെ തീര്‍ത്തു.

Friday, July 4, 2008

മരീചിക (Mirage) മനസ്സിന്റെ മായയോ?

ഒക്കെ ഗയ്സ് നമ്മള്‍ ഇവടന്നങ്ങോട്ട് വെലങ്ങന്‍‌കുന്നിന്റെ മോളില്‍‌ക്ക് നടന്ന് കേറാന്‍ പൂവാണ്, പൊന്നൂസേ സൂക്ഷിച്ചിറങ്ങറീ.

ഈ നട്ടപ്പറ വെയിലത്ത് ടാറിട്ട റോട്ടേയ്ക്കോടെ നടക്കാനാ? ഒരു മരം കൂടീല്യാ. കുഞ്ഞോളേച്ചിയ്ക്ക് പ്രാന്ത്‌ണ്ടാ?

വെലങ്ങനില്ക്ക് നിങ്ങളെ കൊണ്ടന്നതെന്തിനാ? മരതകമിന്നല് പഠിച്ചപ്പോ ഞാനെന്തൂട്ടാ പറഞ്ഞേരാ മോനച്ചാ?

മരീചികയെ കുറിച്ച് പഠിക്കാനാന്ന്.

ആഹാ.. ഇവിടീം പഠിത്തണ്‌? ഞാനില്ലീ പണിക്ക്.

നീ വാടീ പൊന്നൂസേ നല്ല രസാ. മോനച്ചന്‍ ഗ്യാരണ്ടി.

ഓക്കെ. വരാത്തൊരൊക്കെ വണ്ടീലിരുന്നോട്ടെ. പക്ഷേ കുന്നിന്റെ മോളിലെത്തോണോര്‍ക്ക് മാത്രേ ചോക്കോബാറ് കിട്ടൂ. മോനച്ചന്‍ പറ മരീചകയുടെ ഏറ്റവും സാധാരണമായ ഉദാഹരണമെന്തൂട്ട്‌ണ്?

ചൂടുപിടിച്ചു കിടക്കുന്ന ടാറിട്ട റോട്ടില്‍ വെള്ളം പോലെ തോന്ന‌ണത്.

കറക്റ്റ്. അപ്പോ എല്ലാരും വഴിയില്‍ സൂക്ഷിച്ച് നോക്കി നടക്ക്. വെള്ളം പോലെയോ ഓയല് പോലെയോ എന്തെങ്കിലും ആരെങ്കിലും കണ്ടാല്‍ മറ്റുള്ളോരെ കാണിച്ച് കൊടുക്ക്.

കുഞ്ഞുമോളേച്ച്യേ.. ദേ റോട്ടില് വെള്ളം!

അതിന്നലെ മഴ ചാറ്യേന്റെ വെള്ളണ്. അതല്ല. വേറെ കാണുന്നുണ്ടോന്ന് നോക്ക്.

ദേന്നാ.. അവിടെ ദൂരെ വെള്ളം പോലെ.

ഓക്കെ. ഇമ്മക്കത് പോയി നോക്കാം.

ഇവിടെത്ത്യേപ്പോ വെള്ളം കാണാനില്ലല്ലോ. അപ്പോ ഇത് മരീചികയായിരുന്നുല്ലേ?

അപ്പോ മരീചിക വെറും തോന്നലാണോ കുഞ്ഞോളേച്ച്യേ? അത് ശരിയ്ക്കും ഇല്ലേ?

നമുക്കീ ചോദ്യം എല്ലാരോടും ചോയ്ക്കാം.

പൊന്നൂസെന്തുപറയുന്നു? മരീചിക തോന്നലാണോ?

ആ അതേയതേ തോന്നലാണ്. മരുഭൂമിയിലെ സഞ്ചാരികളെ പറ്റിക്കുന്ന ഭൂതത്തിന്റെ തട്ടിപ്പാണെന്ന് ഞങ്ങടെ അമ്മാമ്മ പറഞ്ഞന്നണ്ട്. അവിടെ കൊളാന്നച്ചട്ട് ആള്‍ക്കാര് അവടയ്ക്ക് ചെല്ലുമ്പോ കൊളം പിന്നീം മുന്നില്‍ക്ക് പൂവൂത്രേ. അങ്ങനെ മുന്നില്‍ക്ക് പോയി പോയി കുറേ പോയാലും കുളം പിന്നിം കൊറേ ദൂരെന്നെ. അവസാനം ആള്‍ക്കാര് വെള്ളം കിട്ടാണ്ട് തളര്‍ന്ന് വീഴുമ്പോ ഭൂതം പിടിച്ച് തിന്നും. ഇതൊക്കെ ഭൂതത്തിന്റെ ട്രിക്കാണ്‌ന്ന്.

പൊന്നൂസ് പറഞ്ഞ കഥ വിശ്വസിക്കുന്നൂന്ന് വയ്ക്ക്. അപ്പോ ഇവിടിപ്പോ നമ്മള് കണ്ട മരീചിക ഭൂതത്തിന്റെ ട്രിക്കാ?

അത്.. പിന്നെ.. ഇമ്മളിത്ര ആള്‍ക്കാരില്ലേ.. അപ്പോ ഭൂതം വരില്യാ. ഒറ്റയ്ക്കാണെങ്കിലെ ഭൂതം വരള്ളോ.

അയ്ശരി.. ഭൂതത്തിനെ കണ്ട ആരെങ്കിലും ഉണ്ടൊ ഇപ്പോ നിങ്ങടെ നാട്ടില്?

പണ്ടൊള്ളൊരൊക്കെ കണ്ടണ്ട്ന്ന് അമ്മാമ്മ പറഞ്ഞണ്ട്.

അപ്പോ എന്താ ഇപ്പോ ഇള്ളോര് കാണാത്തെ?

അത് .. പിന്നെ..

ഓക്കെ. പൊന്നൂസ് ഉത്തരം ആലോചിക്ക്

കുഞ്ഞിക്ക് എന്താണഭിപ്രായം? മരീചിക തോന്നലാണോ?

അതേയതേ. പണ്ട് പണ്ട് പാണ്ഡവര്‍ക്ക് മായന്‍ ഇണ്ടാക്കി കൊടുത്ത കൊട്ടാരത്തില്‍ ഇങ്ങനെ വെള്ളാന്ന് കരുതി കൌരവര്‍ മുണ്ടുപൊക്കി നടന്നൂന്നും പിന്നെ ശരിയ്ക്കുള്ള വെള്ളം കണ്ട് അതു തറയാന്ന് കരുതി നടന്ന് അതില്‍ വീണൂന്നും അപ്പോ ഭീമന്‍ കളിയാക്കി ചിരിച്ചെന്നും അമര്‍ചിത്രകഥേല് വായിച്ചണ്ട്.അങ്ങനെ പരിഹസിച്ചതിന്റെ പകരം വീട്ടീത്‌ണ് ചൂതുകളി.

മായന്റെ കൊട്ടാരത്തിലെ പ്രതിഭാസം മരീചികയായിരുന്നോടാ മോനച്ചാ?

അല്ല. അത് സ്ഫടിക നിര്‍മ്മിതമായ തറകളായിരുന്നു. ആ സ്ഫടിക തറകളില്‍ പ്രകാശം പ്രതിഫലനം ചെയ്താണ് വെള്ളത്തിന്റെ അല്ലെങ്കില്‍ കുളത്തിന്റെ പ്രതീതി ഉണ്ടായത്.

അപ്പോ മോനച്ചന്റെ അഭിപ്രായം എന്താണ്? മരീചിക നമ്മുടെ തോന്നലാണോ?

അല്ല. മരീചിക ഒരു പ്രകാശിക പ്രതിഭാസമാണ്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം പോലെയും, തടസ്സപ്പെട്ട പ്രകാശം ഉണ്ടാക്കുന്ന നിഴലിനെ പോലെയും ഉള്ള യഥാര്‍ത്ഥ പ്രതിഭാസമാണ് മരീചിക.

ഞാന്‍ വിശ്വസിക്കില്ല മോനച്ചന്‍ ചേട്ടാ. എന്നട്ടിപ്പോ നമ്മള് അടുത്ത് വന്ന് നോക്ക്യേപ്പോ കാണാത്തതെന്താ?

അപ്പോ കണ്ണാടിയില്‍ കാണുന്ന രൂപം നമ്മള്‍ മാറുമ്പോള്‍ പിന്നേയും കാണാത്തതെന്താ പൊന്നൂസേ?

അത്.. കണ്ണാടിയില്‍ കാണുന്നത് നമ്മുടെ പ്രതിബിംബം അല്ലേ? ഇമള്ള് മാറിയാ അതും പൂവും.

പൊന്നൂസേ , എല്ലാ പ്രകാശിക പ്രതിഭാസങ്ങളും അവയുടെ പ്രകാശ സ്രോതസ്സ് മാറ്റപ്പെറ്റുകയോ തടസ്സപ്പെടുകയോ ചെയ്താല്‍ ഇല്ലാതാവുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യും. അപ്പോള്‍ മോനച്ചന്‍ പറയ്. മരീചിക എന്ന പ്രകാശപ്രതിഭാസത്തില്‍ എന്താണ് സംഭവിക്കുന്നത്?

പ്രകാശത്തിന്റെ അപവര്‍ത്തനം (Refraction). താഴ്ഭാഗം ചൂടുപിടിച്ചും മേല്‍ഭാഗം താരതമ്യേനെ തണുത്തും കിടക്കുന്ന വായുവില്‍ പ്രകാശത്തിനു സംഭവിക്കുന്ന അപവര്‍ത്തനമാണ് മരീചികയുടെ കാരണം.

പൊന്നൂസിനോര്‍മ്മയുണ്ടോ നമ്മള്‍ അപവര്‍ത്തനം എങ്ങനെയാണ് പഠിച്ചതെന്ന്?

ഉവ്വ്. ഒരു ഇസ്കെയില്‍ വെള്ളത്തില്‍ ഇട്ടാല്‍ അത് ഒടിഞ്ഞത് പോലെ തോന്നും.

അതായത് ഇസ്കെയിലിന്റെ സ്ഥാനം വെള്ളത്തില്‍ കാണുമ്പോള്‍ അല്പം മാറിയതായി നമുക്ക് തോന്നും അല്ലേ?

ഉം.. അതാണ് ഒടിഞ്ഞതായി തോന്നണത്.

അതുപോലെ താപവ്യതിയാനമുള്ള വായുവില്‍ പ്രകാശത്തിന്റെ അപവര്‍ത്തനം മൂലം ഒരു വസ്തുവില്‍ നിന്നും വരുന്ന പ്രകാശ രശ്മികള്‍ അല്‍പ്പം വളഞ്ഞാണ് നമ്മുടെ കണ്ണില്‍ തട്ടുന്നത്. ആ രശ്മികളുടെ നേര്‍‌രേഖയില്‍ നാം നോക്കുമ്പോള്‍ കാണുന്നത് വസ്തുവിനെ അല്ല വസ്തുവിന്റെ അപവര്‍ത്തന പ്രതിബിംബത്തെ ആ‍ണ്. അത്തരത്തില്‍ ഉണ്ടാകുന്ന പ്രതിബിംബങ്ങള്‍ ആണ് നമ്മള്‍ റോട്ടില്‍ കണ്ടത്.

അവിടെ നമ്മള്‍ വെള്ളം പോലെ അല്ലേ കണ്ടത്, വസ്തുക്കള്‍ അല്ലല്ലോ?

വസ്തുകളുടെ അപവര്‍ത്തനം മൂലമുണ്ടായ പ്രതിബിംബം എപ്പോഴും പ്രതിഫലനം മൂലം കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തിന്റെയത്ര വ്യക്തമായിരിക്കണം എന്നില്ല. എന്നാല്‍ ആ പ്രതിബിംബങ്ങള്‍ ആണ് അവിടെ വെള്ളമുണ്ട് എന്ന പ്രതീതി ജനിപ്പിച്ചത്. നമ്മള്‍ റോട്ടില്‍ കണ്ട്ത് ആകാശത്തിന്റെ അവ്യക്തമായ പ്രതിബിംബമായിരുന്നു. മരുഭൂമിയിലിലെ മണ്ണല്‍ പരപ്പിലും പലപ്പോഴും സഞ്ചാരികള്‍ കാണുന്നത് ആകാശത്തിന്റെ പ്രതിഫലനമാണ്, വെള്ളമോ കുളമോ ഒക്കെയായി തെറ്റിദ്ധരിക്കപ്പെടുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബവും നിഴലുമൊന്നും മനസ്സിന്റെ തോന്നല്ലല്ലാത്തത് പോലെ മരീചികയും മനസ്സിന്റെ വെറും തോന്നലല്ല. പൊന്നൂസിനു മനസ്സിലായോ?

ഉവ്വാ. ഇനി അമ്മാമ്മ മരുഭൂമിയിലെ ഭൂതത്തിന്റെ കഥ പറയുമ്പോ ഞാനിതൊക്കെ പറഞ്ഞ് കൊടുക്കും.

ഗുഡ് ഗേള്‍. ചോക്കോബാറ് പിടി.

മരീചിക ഒരു പ്രകാശിക മിഥ്യാബോധം (Optical illusion) ആണെന്നും ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അതും തെറ്റാണെന്ന് മനസ്സിലായല്ലോ. വ്യക്തമായും ഫോട്ടോ എടുക്കാന്‍ പറ്റുന്ന ഒരു പ്രാകാശ പ്രതിഭാസമാണ് മരീചിക. അത് തോന്നലോ, മിഥ്യാബോധമോ അല്ല.

മരീചിക എന്ന പ്രകാശിക പ്രതിഭാസം അധോവൃത്തി (inferior mirage), ഊര്‍ധ്വവൃത്തി (superior mirage) പ്രതിബിംബങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നത് ഹോംവര്‍ക്കായി ചെയ്യണം. അവയുടെ പടങ്ങളും ശേഖരിക്കണം. പിന്നെ മരീചിക എന്ന ബിംബം മലയാള സാഹിത്യത്തില്‍ എങ്ങനെയാണ് കാണപ്പെടുന്നത് എന്ന് വായിച്ചു മനസ്സിലാക്കണം. ഓക്കെ?

ഓക്കെ.

അപ്പോ അടുത്ത ക്ലാസ്സ് മാരീചനെ കുറിച്ച്. എവിടെ വേണം?

സൂവില്‍ മതി.. സൂവില്‍മതി..

ഒക്കെ അടുത്ത തവണത്തെ യാത്ര കാഴ്ച ബംഗ്ലാവില്‍‌ക്ക്. എല്ലാവരും കൊറച്ചേരം അമ്പസ്താനി കളിക്ക്. ഒരു അഞ്ചരയാവുമ്പോ ഇമ്മക്ക് തിരിച്ചിറങ്ങാം.

*********************************
വായനക്കാരോട് - ഇതു അപ്പര്‍പ്രൈമറി കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്. മരീചിക മനസ്സിന്റെ തോന്നല്‍ അല്ല എന്ന് മുതിര്‍ന്ന വായനക്കാര്‍ക്കെല്ലാം അറിയുന്നുണ്ടായിരിക്കും.
വിമര്‍ശനാത്മക ബോധനശാസ്ത്രത്തില്‍ (Critical pedagogy)ഒരു കുട്ടി ശാസ്ത്രം പഠിക്കുന്ന രീതി മനസ്സിലാക്കാനും ഒരുപരിധി വരെ ഈ പോസ്റ്റ് സഹായിക്കും.
പടങ്ങള്‍ വിക്കിയില്‍ നിന്ന്

Monday, June 16, 2008

...സൂര്യന്‍ പച്ച! മരതക മിന്നല്‍ (Green Flash)


ഒക്കെ ഗയ്സ്.. സൂര്യന്‍ അസ്തമിക്കാറായി. എല്ലാവരും വെള്ളത്തീന്ന് കേറ്. ഒരു കാര്യം കാണിച്ചരാനാണ് നിങ്ങളെ ഇങ്കട് കൊണ്ടന്നത്.

കുഞ്ഞോളേച്ചേയ് പ്ലീസ് സൂര്യന്‍ അസ്തമിക്കണവരെ കളിക്കട്ടെ.

നോ.. നോ.. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നത് കാണാന്‍ പറ്റില്യാ. എല്ലാവരും കേറി ഇരിക്ക്

ഈ കുഞ്ഞേളേച്ചീരെ ഒരു കാര്യം എപ്പളും പഠിപ്പും പഠിപ്പിക്കലും. ഹും!

യാ സ്മാര്‍ട്ട് ഗയ്സ് .. ഇനി പറഞ്ഞേന്‍..
കടലിനും പകലാകാശത്തിനും നീലനിറമാകാന്‍ കാരണമെന്ത്?

നീ പറയടാ മോനച്ചാ നിനക്കല്ലേ അത് പഠിക്കാനള്ളത്.

കടലിലെ ജലതന്മാത്രകളും അന്തരീക്ഷത്തിലെ വാതക തന്മാത്രകളും (ഓക്സിജന്‍, നൈട്രജന്‍) വെളിച്ചത്തെ ചിതറിക്കുന്നു (Scattering). ഈ തന്മാത്രകള്‍ വളരെ ചെറുതായതിനാല്‍ ചിതറപ്പെടുന്ന വെളിച്ചത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ കൂടുതല്‍ ചിതറപ്പെടുകയും അങ്ങനെ ആകാശം നീലാകാശമായും കടല്‍ നീലക്കടലായും കാണപ്പെടുകയും ചെയ്യുന്നു.

മിടുക്കന്‍. ദാ..പിടി.. ഒരു ഫൈവ്സ്റ്റാര്‍

അടുത്ത ചോദ്യം. ഉദയാസ്തമയ വേളകളില്‍ ചക്രവാളം ചുവന്ന് കാണപ്പെടുന്നതെന്തുകൊണ്ട്? നീ പറയെടീ കുഞ്ഞാപ്പ്യേ

ഉദയാസ്തമയ സമയത്ത് വെളിച്ചത്തിന് കാണുന്ന ഒരാളിലേക്കെത്താന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ ചിതറി നഷ്ടപ്പെടുകയും തരംഘദൈര്‍ഘ്യം കൂടിയ ഓറഞ്ചും, ചുവപ്പും നിറങ്ങള്‍ മാത്രം കാഴ്ചക്കാരനിലെത്തുകയും ചെയ്യുന്നു. അതിനാല്‍ ഉദയാസ്തമയ സമയത്ത് ചക്രവാളം ചുവന്ന് കാണപ്പെടുന്നു.

മിടുക്കി നിനക്ക് ദേന്നാ..ഡയറി മില്‍ക്ക്.

അപ്പോ ദേ സൂര്യന്‍ അസ്തമിക്കാറായി എല്ലാവരും സൂക്ഷിച്ച് സൂര്യനെ നോക്യേന്‍. ചോപ്പലാണ്ട് എന്തേലും നെറം കാണുന്നുണ്ടോന്ന് സൂക്ഷിച്ച് നോക്ക്. കണ്ണ് വെട്ടിക്കരുത്.. ദേ സൂര്യന്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി.

ദേ.. കറുപ്പ് ..

അതൊരു കിളിയാണെടാ പൊട്ടാ

ദേ പച്ച!

ആ.. അതന്നെ സൂക്ഷിച്ച് നോക്ക് ആരൊക്കെ പച്ച കാണുന്നുണ്ട്?

ദേ മുങ്ങി കഴിഞ്ഞു.

മോനച്ചന്‍ നൊണ പറഞ്ഞതാണ്. ഞങ്ങളാരും പച്ച കണ്ടില്ല.

മോനച്ചന്‍ നൊണ പറഞ്ഞതൊന്നല്ല. സൂര്യാസ്തമയത്തിന്റെ അവസാനം സൂര്യനു മുകളില്‍ ഇങ്ങനെ പച്ചനിറം കാണുന്നതിനെയാണ് മരതക മിന്നല്‍ (Green Flash) എന്ന് പറയുന്നത്. സൂക്ഷിച്ച് നോക്കിയാലേ അതു കാണൂ.

എന്തുകൊണ്ടായിരിക്കും ഈ മരതക മിന്നല്‍ ഉണ്ടാകുന്നതെന്ന് ആര്‍ക്കെങ്കിലും ആലോചിച്ച് പറയാമോ?

......

മ്ം ഒക്കെ. അതു ഇത്തിരി കുഴപ്പിക്കുന്ന കാര്യാണ്. ചൂട് വ്യതിയാനമുള്ള അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ അപവര്‍ത്തനം മൂലമാണ് മരതക മിന്നല്‍ ഉണ്ടാകുന്നത്. നീല, പച്ച എന്നീ തരംഘദൈഘ്യം കുറഞ്ഞ (കൂടിയ ആവര്‍ത്തിയുള്ള) നിറങ്ങള്‍ക്ക് കൂടുതലും മഞ്ഞ, ചുവപ്പ് തുടങ്ങിയ തരഘദൈര്‍ഘ്യം കൂടിയ (ആവര്‍ത്തി കുറഞ്ഞ)നിറങ്ങള്‍ക്ക് കുറച്ചും അപവര്‍ത്തനമാണ് സംഭവിക്കുന്നത് എന്നതിനാല്‍ ഭൂമിയൂടെ വളവിനോട് താരതമ്യപ്പെടുത്താവുന്നത്ര അപവര്‍ത്തനം സംഭവിക്കുന്ന പച്ച, നീല നിറങ്ങളുടെ മിന്നല്‍ മാത്രമെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരു റ്റെലെസ്കോപിലൂടെ നോക്കിയാല്‍ സൂര്യനുചുറ്റും ആദ്യം ചുവപ്പ് പിന്നെ മഞ്ഞ പിന്നെ പച്ച, പിന്നെ നീല എന്നിങ്ങനെയുള്ള നിന്നലുകള്‍ കാണാം. വെളിച്ചത്തിന്റെ ഇത്തരം അപവര്‍ത്തവും മരീചിക എന്ന പ്രതിഭാസവും ചേര്‍ന്നാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന മരതക മിന്നല്‍ സാധ്യമാകുന്നത്.

എന്നട്ട് ഇമ്മള് നീല മിന്നല്‍ കണ്ടില്യാലോ

അത് ഇവിടെ കാലാവസ്ഥ ഇത്തിരി മോശം ആയോണ്ടാടാ. നല്ല കാലാവസ്ഥയില്‍ നീല മിന്നലും വെറും കണ്ണോണ്ട് കണ്ടട്ടള്ളവരുണ്ട്‌.

അപ്പോ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്, മരീചിക എങ്ങനെയാണുണ്ടാകുന്നത് എന്നൊക്കെ കണ്ട് പിടിച്ച് വച്ചാല്‍ അടുത്ത യാത്ര വെലങ്ങന്‍കുന്നില്‍ക്ക്.

ഒക്കെ.. ഒക്കെ.. എല്ലാവരും വണ്ടീല് കേറ്..

****************************************

ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന വായനക്കാര്‍ ഗ്രീന്‍ ഫ്ലാഷ് ഒക്കെ കണ്ടിട്ടുണ്ടാകും. കാണാത്തവര്‍ ഇനി ഉദാസ്തമയ സമയത്ത് നോക്കുക. നഗ്നനേത്രം കൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും നല്ല കാലാവസ്ഥയില്‍ ഒരു സെക്കന്റ് നേരം കാണാന്‍ സാധിക്കും.Green Flash വിവിധയിനം ഉണ്ട്. അതിനെല്ലാം വിവിധ തരം വിശദീകരണമാണ്. കൂടുതല്‍ വായിച്ച് മനസ്സിലാക്കുക.

കൂടുതല്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക്

http://mintaka.sdsu.edu/GF/
http://www.meteoros.de/flash/flashe.htm
http://www.exo.net/~pauld/physics/atmospheric_optics/green_flash.html

ഫോട്ടോയ്ക്ക് കടപ്പാട് വിക്കി