Tuesday, March 24, 2015

ഗു ജറാത്ത് - പാല് കുടിച്ച് അഡിക്ഷന്‍ വരുന്ന സ്ഥലം

ഉണ്ണിമോള് ജോലിക്ക് ചേര്ന്ന അന്നു തന്നെ അവിടത്തെ സെക്യൂരിറ്റി ചോയ്ച്ചൂത്രേ, ¨മാഡം  ഫോറിനറാണോ?¨
മാഡം  ഉണ്ണി മോള്‍ -¨ അല്ല ഇന്ത്യനാണു¨ ( ഇവളു സാധാരണ മലയാളി ആണു എന്നാണു പറയാറു, പുരോഗമനം  ഉണ്ട്)
സെക്യൂരിറ്റി സംശയവാസു -¨അല്ല, മാഡത്തിന്റെ പേരും  രൂപവും ഭാഷയും  കേള്ക്കുമ്പോള്‍ അങ്ങനെ തോന്നി¨
മാഡം  ഉണ്ണിമോള്‍ - ചുണ്ടുവളക്കല്‍ (ചിരി എന്നും  പറയും ) ആത്മഗതം  (പിന്നെ ഭാഷ.., എന്റെ ഹിന്ദി കേട്ടാലും  താനിതൊക്കെ തന്നെ പറയും. ഒരു സാമ്പിള്‍ കേട്ടോ) ¨ഇദര്‍ ബ്രേക്ഫാസ്റ്റ് കഹാം  മിലേഗാ¨
സെക്യൂരിറ്റി സംശയവാസു - ഞെട്ടി ആകെ പൊട്ടിത്തെറിച്ച് രണ്ട് സൈഡിലേക്കും  ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറഞ്ഞു. ഉണ്ണിമോള്ക്ക് തെറി അല്ല എന്ന് മാത്രം  മനസ്സിലായി. ഒരു മൂച്ചിനു വലത്തോട്ട് നടന്നു. നൂറു മീറ്ററില്‍ ഒരു ഡയറി ഫാം. അതും  മദര്‍ ഡയറി എന്നും  അമൂല്‍ എന്നും  ഒരുമിച്ച് എഴുതിയത് ( ബന്ധശത്രുക്കളായ ഇവരുടെ ഈ ടിപ്പണി ഇതുവരെ ഉണ്ണിമോള്ക്ക് പിടികിട്ടിയില്ലത്രേ). അത്യാവശ്യം  തീറ്റസാമാനങ്ങള്‍ വാങ്ങി ഇടത്തോട്ട് വച്ച് പിടിച്ചു. അവിടെ ഒരു ഡീഅഡിക്ഷന്‍ സെന്റര്‍
അപ്പോഴാണു സെക്യൂരിറ്റി കാണിച്ച പൊട്ടിത്തെറി ഉണ്ണിമോള്ക്ക് പിടികിട്ടിയത്.
¨വലത്  ഭാഗത്ത് പാലാണു. പക്ഷേ, ഗുജറാത്തിലെ പാലു കുടിച്ചാല്‍ അഡിക്ഷന്‍ വരും. വളരെ ശ്രദ്ധിക്കണം. പക്ഷേ ഗുജറാത്തിലായതു കൊണ്ട് സാരമില്ല. പാലിനോടുള്ള അഡിക്ഷന്‍ മാറ്റാന്‍  എല്ലാ ഡയറിയ്ക്കു സമീപവും  ഡീഅഡിക്ഷന്‍ സെറ്ററും  കാണും  എന്നായിരുന്നത്രേ അത്!!¨
(ഗുജറാത്ത് മദ്യവിമുക്ത സംസ്ഥാനമാണല്ലോ) 

Sunday, March 15, 2015

ഗുജറാത്ത് ഡയറി - കേരള്‍ ഹിന്ദുസ്ഥാന്‍ കി ബാഹര്‍ ഹേനാ!

ഇല്ലനക്കരിയിലെ ഒരു ചുള്ളത്തി - ഉണ്ണിമോള്- കുറച്ച് കാലമായി ഗുജറാത്തിലാണു താമസം.(ഏതോ ഒരു) മോഡിയുടെ ഫ്ലാറ്റില്‍ ജീവിക്കുന്ന ലവള്‍ ഇടയ്ക്കിടയ്ക്ക് കഥ പറയും. പണ്ട് ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍ എന്നാണു എല്ലാ കഥയുടേയും  ഒരിദ്.

കക്ഷി ഇന്സ്റ്റിയില്‍ ചേര്ന്ന ഉടനെ ഒരു അപാര്ട്ട്മെന്റ് അന്വേഷിച്ചു നടക്കുകയായിരുന്നു അത്രേ. അങ്ങനെ ഇന്സ്റ്റി വഴി ഒരു സര്‍‌‌വീസ് അപ്പാര്മെന്റ് കാണാന്‍ ചെന്നു. അവിടത്തെ കെയര്‍ ടേക്കര്‍ പണ്ഡിറ്റ്‌‌ജിയോട്  ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പണ്ഡിറ്റ്ജി
¨നീ എവടന്നാ പെണ്ണേ¨
¨ കേരളത്തീന്ന് കിഴവാ¨
¨എന്നാ നിനക്ക് വീടില്ല, ഹിന്ദുസ്ഥാനിലു വെളിയില്‍ ഉള്ളവര്ക്ക് ഇവിടെ സ്ഥലം  കൊടുക്കാറില്ല. കേരള്‍ ഹിന്ദുസ്ഥാന്‍ കി ബാഹര്‍ ഹേ നാ?¨
--------------(ഉണ്ണിമോള്‍ ഗഡി സ്റ്റാച്യു, ബാക് ഗ്രൗഡില്‍ ഹിന്ദി വാക്കുകള്‍ സെര്ച്ച് ചെയ്യുന്ന സിംപിള്)
¨കേരള്‍ ഇന്ത്യ മേ ഹേ (തെണ്ടി)¨
അപ്പോ കൂടെ ചെന്ന ഓട്ടോക്കാരന്‍
¨ഹാം  ജി കേരള്‍ ഹിന്ദുസ്ഥാന്‍ മേ ഹേ¨
¨എന്നാ ശരി വാ വന്നു പണ്ടാറമടങ്ങ്, ഇതാണു മുറി, ഈ മുറിക്ക് 8000 രൂപ വാടക¨ (അതായത് തിരിഞ്ഞ് നോക്കാതെ ഓട്രീ പെണ്ണേ)
ഉണ്ണി മോള്‍ ഓടി.
പിന്നെ ചെന്നു പെട്ടത് ഒരു പാവം  മോഡിയുടെ അടുത്ത്. എന്തായാലും  രണ്ട് ബഡ്റൂം  അപാര്റ്റ്മെന്റ് 5000 രൂപയ്ക്ക് മോഡി മോടി പിടിപ്പിച്ച്  കൊടുത്തു. ഒരു ശല്യവും  ഇല്ല. മാസാമാസം  വാടക ബാന്കിലിട്ടാല്‍ പോതും.
 

Tuesday, February 24, 2015

ചിത്രാങ്കിതമായ വാക്കുകള്‍

ചില വാക്കുകള്‍ എഴുതി കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം  വരച്ചു വച്ച് പോലെ തോന്നും. വാക്കുകളുടെ ഗ്ലിഫുകള്‍ പോലെ Glyph. മലയാളത്തില്‍ അങ്ങനെ തോന്നിയവ

1. ങേ!
2. കൗതുകം

ഇംഗ്ലീഷില്‍ (English)

1. Exceed

  അങ്ങനെ ആര്ക്കെങ്കിലും  തോന്നാറുണ്ടോ?


Saturday, February 22, 2014

നിനക്ക് വേണ്ടി ;പിന്നെ എനിക്ക് വേണ്ടി

ഇല്ലനക്കരിയിലെ ചായയിടലിന്റെ കുത്തക അച്ചന്കുഞ്ഞിനാണു. 

 രംഗം  -1
----------
വൈകീട്ട് പുറത്തുന്ന് വന്നാലുടെ ഒരു ചോദ്യമുണ്ടാകും. 

¨നിനക്ക് ചായ വേണോ പെണ്ണമ്മേ?¨

¨ഇന്തെന്തൂട്ട് മനിഷ്യനാണിത് . എന്നും  ഇടണതല്ലേ ചായ. എന്നൂം  ഇതിത്ര ചോയ്കാനിരിക്കുന്നു! ഞാന്‍ എല്ലാസോം  ചോറുണ്ടാക്കുമ്പോ ചോയ്കാറിണ്ടാ മനിഷ്യാ?¨

ചായ ഉണ്ടാക്കുന്നു ഒരുഗ്ലാസ്സ് പെണ്ണമ്മയ്ക്ക് .

 രംഗം  -2
----------

പെണ്ണമ്മ ചെന്നിക്കുത്തും  സഹിച്ച് പുതച്ചു മൂടി കിടക്കുന്നു. അച്ചന്‍കുഞ്ഞ് വക പതിവു ചോദ്യം

¨നിനക്ക് ചായ വേണോ പെണ്ണമ്മേ?¨

¨വേണ്ടാ..¨

ചായയിടുന്നു. ഒരു ഗ്ലാസ്സിലെ ചായ മേശപ്പുറത്ത് അടച്ച് വയ്ക്കുന്നു.

 രംഗം  -3
----------

ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ചെന്നിക്കുത്ത് കുറഞ്ഞ പെണ്ണമ്മ മേശപ്പുറത്ത് ചായ കാണുന്നു.

¨ഇതുന്തൂട്ട് മനിഷ്യനാണിത് എന്നും  ചായ വേണൊ എന്നു ചോദിച്ച്ട്ട് ചായ് ഇടും . ചായ വേണ്ട എന്ന് പറഞ്ഞാലും  ചായ് ഇടും . എന്നാ പിന്നെ ചോയ്ക്കാണ്ടിരുന്നൂടെ?¨

അച്ചന്‍കുഞ്ഞ് ഉവാച:
¨അതെങ്ങനെ പറ്റും? ചായ നീ വേണം  എന്ന് പറഞ്ഞാല്‍ ഞാന്‍ ഇടുന്ന ചായ നിനക്ക് വേണ്ടി. അപ്പോ ഞാന്‍ എനിക്കു വേണ്ടി കൂടി ഇടും. നീ വേണ്ട എന്ന് പറഞ്ഞാല്‍ ഞാന്‍ എനിക്ക് വേണ്ടി ചായ് ഇടും  അപ്പോ കൂട്ടത്തില്‍ നിനക്കും  വേണ്ടിയും  ഇടും .¨

ഹെന്നാലും  ഹെന്റെ ചായേ!

Sunday, February 2, 2014

ഇല്ലനക്കരി മൂവീസ് -2014

ജനുവരി 

ജനു. 5 - Secret life of Walter Mitty

Ben stiller - ന്റെ   adaption  സിനിമ എന്ന നിലക്ക് അസ്സലായിട്ടുണ്ട്. ഇതിന്റെ മൂലകഥയും   (James Thurber) പഴയ സിനിമയും         ദിവാസ്വപ്നങ്ങളില്‍ അഭിരമിക്കുന്നവരെ ചിത്രീകരിക്കുന്നതിനു പ്രാധാന്യം  കൊടുക്കുമ്പോള്‍ ബെന്‍ സ്റ്റീലര്‍ പതിപ്പ് ദിവാസ്വപ്നത്തിനൊപ്പം മറ്റു ചിലതിനു കൂടെ പ്രാധാന്യം  കൊടുക്കുന്നു. മൊത്തത്തില്‍ സിനിമയുടെ ഒഴുക്കിനൊപ്പം  പോകാന്‍ രസമായിരുന്നു.
സിനിമാത്തരം  - അനസൂയ

ജനു. 12- Wolf of Wall Street
മൊത്തം  കഥയും  കഥാപാത്ര അവതരണവും  പൊളിറ്റികലി ഇന്‍കറക്റ്റ് ആകുമ്പോഴും  ഒരു സിനിമയ്ക്ക് ഒട്ടും  ആവശ്യമില്ലാത്ത ´അവസാന സന്ദേശം ´ നെഗറ്റീവ് ആയിരിക്കുമ്പോഴും  ഒരു സിനിമ സിനിമയാകുന്ന വിധം!   ഈ സിനിമയ്ക്കു ശേഷം  അച്ചന്മ്കുഞ്ഞ്  Matthew McConaughey യുടെ കട്ട ഫാന്‍ ആണു. സ്ഥിരം  ഒരു സിനിമ വച്ച് കണ്ടു കൊണ്ടിരിക്കുന്നു.
സിനിമത്തരം  - ത്വരഗം

ജനു. 18 - Julie & Julia

സിനിമയല്ല; അതിലെ കഥാപാത്രങ്ങളുമായി താത്മ്യപ്പെടുകയും  അല്ല. എന്നീട്ടും  നിത്യജീവിതത്തിലെ ചില ഏടുകളെ മുഴുമിപ്പിക്കുന്നു എന്നൊരു വലിയ കാര്യം  ഈ സിനിമ ചെയ്യുന്നു.
സിനിമാത്തരം  - ത്വരഗം

ജനു.19 - 24 കാതം നോര്ത്ത്
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഹരികൃഷ്ണനു ചുറ്റുമാണു സിനിമ. പലപ്പോഴും  തദ്ഭവമാണു സിനിമ ഇഷ്ടപ്പെട്ടതിനു കാരണം  എന്നീട്ടും  സ്വാതി റെഡ്ഡിയുടെ കഥാപാത്രം  അവതരിപ്പിക്കുന്ന നാണി തലയുയര്ത്തി നില്ക്കുന്നുണ്ട്. ബൈക്ക് യാത്രയ്ക്കു ശേഷം  എന്താപറ്റീത് എന്ന ചോദ്യത്ത്തിനു ´ഇതു പൊട്ടി´ എന്ന നിസ്സാര മറുപടിയിലൂടെയും കള്ളുഷാപില്‍ കയറാന്‍ ´എനിക്കു നന്നായി വിശക്കുന്നുണ്ട്´ എന്ന പറച്ചിലിലൂടെയും  മറ്റും. അനില്‍ രാധാകൃഷ്ണന്‍ ആശിപ്പിക്കുന്നുണ്ട്.
സിനിമാത്തരം  - അനസൂയ

ഡേറ്റ് ഓര്മ്മയില്ല - ഗ്യാംസ്റ്റര്‍
ഇത്ര മനോഹരമായ ഒരു വെടിപടം  മലയാളത്തില്‍ കണ്ടീട്ടില്ല. ഭാര്യക്ക് കൊടുക്കുന്ന ഗിഫ്റ്റ്  തോക്കാണു തോക്ക്!
സിനിമാത്തരം  -  ത്വരഗം

സിനിമാത്തരം

Thursday, February 11, 2010

അയിത്തം - മല്ലൂസ് Vs പാണ്ടീസ്

പെണ്ണമ്മിച്ചി & വല്യമ്മിച്ചി -1

പെണ്ണമ്മിച്ചി: ദേ പിന്നീം തമിഴ്‌നാട്ടില് ഒരു അയിത്തമതിലും കൂടി പൊളിച്ച് മാറ്റീന്ന്. വെള്ളം എടക്കണേനു വരെ പലോടത്തും അയിത്താത്രേ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടന്യല്ലേന്നാണിപ്പോ സംശ്യം.

വല്യമ്മിച്ചി: കര്‍ത്താവേ! തമിഴ്‌നാട്ടിലൊക്കെ ഇപ്പഴും അയിത്തണ്ടാ! (മൂക്കത്ത് കയ്യ് വച്ച്)ഈ പാണ്ടികള്‍‌ടെ ഒരു കാര്യം!
ആ ട്യേ പെണ്ണമ്മേ, വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പഴാ വേറൊരു കാര്യം ഓര്‍ത്തേ. നിന്നോട് ഒരു കാര്യം ചോയ്‌ക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീറ്റ് കൊറേ ദൂസായ്. നീയെന്തിനാ ആ കനാലുമത്തെ രാധയ്ക്ക് ഇവടന്ന് വെള്ളം കൊടക്കണെ? അതും മോട്ടറടിച്ചട്ട്!. സൂക്ഷിച്ചോട്ടാ.. വിശ്വസിക്കാന്‍ കൊള്ളാത്ത ജാതികളാ. കണ്ണുതെറ്റ്യാ ആ മോട്ടറും, എന്തിന് ആ കെണറ് വരെ, അവറ്റ എട്‌ത്തോണ്ട് പൂവും!!!

(ഠാങ്!! എസ്കേപ്പ്...)

Monday, February 1, 2010

സുഖപ്രസവം - ഒരു ഓക്സിമോറന്‍

അമ്മിച്ച്യേയ് ജിന്‍സി പ്രസവിച്ചൂട്ടാ, പെണ്‍‌കുട്ടി.

സുഖപ്രവസവായിരുന്നോടീ?

ആ.. പിന്നല്ലേ! ചിക്കന്‍ ബിരിയാണി കഴിക്കണ സുഖാര്‍ന്നൂത്രേ! 17 മണിക്കൂര്‍ പ്രസവവേദന ആറു സ്റ്റിച്ചും! ‘ഭയങ്കര’സുഖാര്‍ന്നൂന്നണ് അവള്‍ പറഞ്ഞേ.

********************************

ഞങ്ങടോടെ മൂന്നു ഗര്‍ഭിണികളാണ് “ഓര്‍മ്മയുണ്ട് മിണ്ടിക്കൂടാ“, “മധുരിച്ചിട്ട് തുപ്പാനും കയ്ചീട്ട് ഇറക്കാനും വയ്യ“ എന്നൊക്കെയുള്ള ഈ ‘സുഖകരമായ’ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. സിയാപ്പീക്ക് ആദ്യമാസങ്ങളിലെ കുടല് പറിഞ്ഞ് പുറത്ത് വരുന്നത് പോലുള്ള ശര്‍ദ്ദി, ക്ഷീണം. (അതേന്ന് മൂന്നേ മൂന്ന് മാസായിട്ടേ ഉള്ളൂ കല്യാണം കഴിഞ്ഞീട്ട്). വല്യാപ്പിയ്ക്ക് ഇത് ഏട്ടാം മാസം കൂടെ ഹെര്‍ണിയ. കക്കൂസില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥ.വേറൊരുത്തിയ്ക്ക് ഉള്‍വയറാത്രേ!! എന്തൂട്ടാണാവോ ആ സംഗതി. എന്തായാലും രാത്രിയായാ എരിപൊരി സഞ്ചാരമാണ്. ഉറക്കവുമില്ല. ഇതൊക്കെ കഴിഞ്ഞ് ഒമ്പതുമാസം ഈ വയറും താങ്ങി നടന്ന്, പ്രസവവേദനയും, തുന്നലും, ഒക്കെ കഴിഞ്ഞ് മുലപ്പാല്‍ നിറഞ്ഞ് മാറ് കഴച്ചിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കാന്‍ പറ്റിയ ബെസ്റ്റ് ചോദ്യമാണ് “സുഖപ്രസവമായിരുന്നോടീ”?

* ഓക്സിമോറന്‍