Showing posts with label പള്ളി. Show all posts
Showing posts with label പള്ളി. Show all posts

Saturday, January 30, 2010

നേര്‍ച്ച

കിര്‍ണീം കിര്‍ണിം ... കിര്‍ണീം കിര്‍ണീം

ദേ ആ ലാന്‍ഡ് ഫോണടിക്കുന്നു. ഒന്നെട്‌ക്കറി കുഞ്ഞോളേ. ശന്യാഴ്ച്യല്ലേ, ഉണ്ണിമോളായിരിക്കും.

ഹലോ, ഉണ്ണിമോളേച്ച്യാണോറീ. വല്യമ്മിച്ചി കുളിക്ക്യാ. എന്താ അവടെ വിശേഷം?

ഓഹ് ഇവിടെ വിശേഷമൊന്നുമില്ല. നിങ്ങള്‍ക്കെന്താ വിശേഷം?

ഞങ്ങള് എല്ലാവരും കൂടി ഇപ്രാവശ്യം ക്രിസ്തുമസ്സിന് വേളാങ്കണ്ണിയ്ക്ക് പോയല്ലോ. മോളിണ്ടായില്ലല്ലോ എന്തു രസായിരുന്നു. ഒട്ടിക്കോ.

ഒട്ടാന്‍ പശയില്ലറീ. അല്ലെങ്കില്‍ തന്നെ ഒട്ടാന്‍ പറ്റിയയൊരു സ്ഥലം! അവിടെ എന്തൂട്ടാണിത്ര കാണാന്‍? നിങ്ങളിത് നൂറ്റ്യൊന്നാമത്തെ പ്രാവശ്യല്ലേ അവടെ പോണത്.

ഒന്നും പറയണ്ട്രീ കുഞ്ഞോളേ ഞങ്ങളെല്ലാരും കൂടി വയനാട്ടില്‍ക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തതാ. ഈ വല്യമ്മച്ച്യത് കലക്കി. വല്യമ്മിച്ചിക്ക് നേര്‍ച്ചീണ്ടാര്‍ന്നത്രേ. പെണ്ണമ്മിച്ചീരെ കൈ ഒടിഞ്ഞപ്പോ നേര്‍ന്നത്ണ്ന്ന്! കൈ ശരിയായാ പെണ്ണമ്മിച്ചീനീം കൂട്ടി പോയി ഒരു വെള്ളീരെ കൈ കൊടുക്കാന്ന്. അപ്പോ കുഞ്ഞമ്മിച്ചിക്കൂണ്ട്‌ത്രേ നേര്‍ച്ച! സീയാപ്പീരെ കല്യാണം കഴിഞ്ഞേന്?

അതെന്തൂട്ടാ? കല്യാണ ഫോട്ടോ വെള്ളീല് തീര്‍ത്ത് കൊടുക്കാര്‍ന്നാര്‍ന്നു! ഒരോരോ നേര്‍ച്ചകളേ! കല്യാണം വേളാങ്കണ്ണീ പള്ളീല് വച്ച് നടത്താം എന്നൊക്കെ നേരാ‍ഞ്ഞത് ഭാഗ്യം. അല്ലെങ്കെ വീട് വിറ്റ് കല്യാണത്തിണിള്ള വണ്ടിക്കാശ് ഇണ്ടാക്കണ്ടി വന്നേനെ.

നിനക്ക് തമാശ. ഇവിടെ നേര്‍ച്ചീല്യാത്തതായി ഞാനും പെണ്ണമ്മിച്ചീം അച്ചങ്കുഞ്ഞും പിന്നെ പൊടികളുമേ ഉണ്ടാര്‍ന്നള്ളോ അറിയോ? ഇളയമ്മിച്ചിയ്ക്ക് കുട്ടന്റെ ജോലി കാര്യത്തിന്, കുഞ്ഞച്ചന് ആ ക്ടാങ്ങള്‍ടെ സ്വഭാവം നന്നാവാന്‍, എന്തിനു പറയ്‌ണു മിനിഞ്ഞാന്ന് കല്യാണം കഴിഞ്ഞ ഇമ്മടെ സിയാപ്പിയ്ക്ക് വരെ നേര്‍ച്ചീന് - അമ്മായിമ്മ പോരീന്ന് ആശ്വാസം കിട്ടാന്‍!!

ഹ ഹ ഹ! അവളോട് അമ്മായിമ്മേരെ രൂപം തങ്കത്തില്‍ ഇണ്ടാക്കി കൊട്ക്കാന്‍ പറ. നിനക്ക് പെണ്ണമ്മിച്ചിയ്ക്കും ബോധല്യാണ്ടാണ് കുഞ്ഞോളെ. നിനക്കൊരു നേര്‍ച്ച്യങ്ങട് നേരാര്‍ന്നില്ലെ. വാഗമണ്ണില്‍ക്ക്. അത് നടത്തിയില്ലെങ്കില്‍ നീ തലപൊട്ടി ചാവുന്ന് പറയണം, നിന്റെ തെസീസ് സബ്മിറ്റ് ചെയ്ത് ഡോക്ടറേറ്റ് എടുക്കാന്‍ പറ്റില്യാന്നൊക്കെ അങ്ങട് കാച്ചണം. നിനക്കോര്‍മ്മീല്ലേ പണ്ട് കുഞ്ഞോന്‍ ഒരു പ്രാര്‍ത്ഥനക്കാരി സലോമി പറഞ്ഞതും കേട്ട് 27 വയസ്സിന്റെ തലേദിവസം കല്യാണം നടത്തീത്.

ഉവ്വ് പെണ്ണമ്മിച്ചി പറഞ്ഞ് കേട്ടണ്ട്. അയിന് വാഗമണ്ണില് പള്ളീണ്ടാ

എടീ പൊട്ടിക്കാള്യേ അയിന് പള്ള്യോക്കെ വേണാ? ഇനീപ്പോ അത്ര നിര്‍ബന്ധാച്ചാ പണ്ട് തൊണ്ണൂറ്റി എട്ടില് ഞങ്ങള് പോയാപ്പോ അവിടെ ഒരു പട്ടി ചത്തിരിന്നു. അന്ന് അതിനെ കുഴിച്ചീട്ടപ്പോ ഇമ്മടെ ഉണ്ണ്യ്യോന്‍ അതിന്റെ മുകളില്‍ ഒരു കുരിശും നാട്ടീണ്ടാര്‍ന്നു. ഭാഗ്യണ്ടെങ്കെ അതിപ്പോ ഒരു കുരിശട്യാവാന്‍ ചാന്‍സ് ഇണ്ട്. ആ കുരിശ് കാണാനാന്ന് പറഞ്ഞാല്‍ മതി. ഒരു പട്ടിവിശുദ്ധനും ക്രിസ്ത്യാനികള്‍ക്കിരിക്കട്ടേരീ.

അടുത്ത പ്രാവശ്യം ട്രൈ ചെയ്ത് നോക്കാറീ. ദേ വല്യമ്മിച്ചി വരണ്‌ണ്ട്.

എന്തൂട്ടാ അവടെ വിശേഷം?

വയ്യറീ ഉണ്ണിമോളേ. വേളാങ്കണ്ണീല് കുരിശിന്റെ വഴി പതിനാല് സ്ഥലവും മുട്ടുത്തി കയറി. മണലൊരഞ്ഞ് മുട്ട് ആകെ ഒരു പരുവമ്മായി. ഇതുവരെ മാറീല്യാ.

അമ്മീച്ച്യോടൊരു നൂറ് പ്രാവശ്യം പറഞ്ഞണ്ട് ശരീരം വേദനിപ്പിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥയെല്ലാം ഒരുതരം ആത്മപീഢയാണെന്ന് അതിനെക്കാളുമപ്പുറം അതൊരു മാനസീകരോഗമാണ്. ചികിത്സിക്കണം.

കരച്ചില്‍.. മൂക്കുപിഴിയല്‍. എന്നാലും നീയെന്നെ പ്രാന്തത്തിയാക്കീലേ.

നിശബ്ധത..

നിനക്കെന്താ വിശേഷം.

ഞാനും ഒരു നേര്‍ച്ച തീര്‍ക്കാര്‍ന്നു.

ആഹാ നിനക്കും നേര്‍ച്ചേലും ദൈവത്തിലൊക്കെ വിശ്വാസം വന്ന! ഏത് പള്ളീലാര്‍ന്നു?

*നേര്‍ച്ചേലു വിശ്വാസം പണ്ടേ ഉള്ളതല്ലേ. അതുകൊണ്ടാണ് ദൈവത്തില്‍ വിശ്വാസല്യാത്തത്. ഇത്തവണ ആംസ്റ്റര്‍ഡാമിലേക്കായിരുന്നു നേര്‍ച്ച. അവടെ ‘ദേ വാലന്‍‌ല്’

ആരാടെ പേരിലുള്ള പള്ള്യാ?
ഒരു പാട് വിശൂദ്ധകളുണ്ട്. ഒരോരുത്തരും ഒരോ ചില്ലുകൂട്ടില്‍, നമ്മുടെ അല്‍‌ഫോണ്‍സാമ്യോക്കെ രൂപക്കൂട്ടില്‍ നി‍ക്കില്ലേ ഏതാണ്ടതുപോലെ, നിക്കും. നമുക്ക് ഭക്തിയുള്ള ആളുടെ അടുത്ത് പോയി പ്രാര്‍ത്ഥിക്കാം. ഭക്തരധികവും ആണുങ്ങളാണ്.

നിന്നെ കാണാന്‍ വരുമ്പോ എന്തായാലും ഇനി ആ പള്ളീലൊന്നു പോണം.

എന്നാശരി വയ്ക്കട്ടെ.

*********
കുറിപ്പ്: ദേ വാലന്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. റ്റൂറിസ്റ്റുകള്‍ക്ക് വഴികളിലൂടെ നടന്ന് കാര്യങ്ങള്‍ കാണാനുള്ള സൌകര്യമുണ്ട്. പരിചയമുള്ള ഒരാളുടെ കൂടെ പോയാല്‍ നന്ന്. അല്ലെങ്കില്‍ പണി കിട്ടിയേക്കും.

*ചില നേര്‍ച്ച ഉദാഹരണങ്ങള്‍
പരീക്ഷ പാസ്സാകുന്നവരെ കുഞ്ഞുമോഞ്ചേട്ടന് നോമ്പാണ്. പരീക്ഷ തീരുന്നത് വരെ ഉണ്ണിമോളേച്ചിയ്ക്കും. കുഞ്ഞുമോഞ്ചേട്ടനു ഉപവാസമാണെങ്കില്‍, ഉണ്ണിമോളേച്ചിയ്ക്ക് ടി.വി കാണലായിരിക്കും.
27 വയസ്സിനു മുന്ന് കല്യാണം നടന്നില്ലെങ്കില്‍ ചത്ത് പോകുമെന്നു കരുതി കുഞ്ഞുമോഞ്ചേട്ടന്റെ നേര്‍ച്ച. പഠിപ്പ് തീരുന്നതിനു മുന്ന് കെട്ടേണ്ടി വന്നാല്‍ ചത്തുകളയുമെന്നു കുഞ്ഞുമോളേച്ചീയുടെ നേര്‍ച്ച.

പടത്തിനു കടപ്പാട് വിക്കി.

Saturday, June 6, 2009

പാഷനും തൃഷ്ണയും പട്ടീരെ മൂടും

{അതിരാവിലെ എട്ടുമണി. കുഞ്ഞുമോള്‍ കിടക്കപ്പായയില്‍ നിന്നും എണീറ്റ് ആ ഉറക്കപ്പിച്ചില്‍ തന്നെ പത്രം വായിക്കുന്നു. പെണ്ണമ്മിച്ചി ചോറും കൂട്ടാനും ഉണ്ടാക്കുന്ന തത്രപ്പടില്‍. കുഞ്ഞുമോഞ്ചേട്ടന്‍ കുളി വിത് ബാക്ഗ്രൌണ്ട് മ്യൂസിക്.

“മൈനാകം കടലില്‍ നിന്നുയരുന്നുവോ..”

പെട്ടെന്ന് പെണ്ണമ്മിച്ചിയുടെ അലര്‍ച്ച}

എന്തൂട്ട് പണ്യാ മനുഷ്യനേ നിങ്ങളീ കാണിക്കണേ, ആ ക്ടാവ് എന്തോരം താലോലിച്ച് നോക്കണ ചെടീന്നീ കെടന്ന് വെട്ടണെ. ട്യേ കുഞ്ഞോളേ ഓടി വാടീ..ദേ അച്ചങ്കുഞ്ഞ് ദേ നിന്റെ ഫേഷന്‍ ഫ്രൂട്ടിന്റെ ചെടി വെട്ട്ണു.

ഫേഷനല്ലടീ പാഷന്‍. ‘ഫേഷന്‍ ഫേബ്രിക്സി’ന്റെ ഫ അല്ല ‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ പ. അഞ്ചാറ് മാസായി ഇതു പടര്‍ന്ന് പന്തലിച്ച് നിക്ക്ണു, ഇതേ വരെ ഒരു കായൂല്യാ പൂവൂല്യാ. ഫലം തരാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടുമെന്നല്ലേറീ കര്‍ത്താവീശോ മിശിഹാ പറഞ്ഞേക്കണത്. വെട്ടി തീയിലിടണേനും മുന്നേ ഒന്നു വെട്ടി പേടിപ്പിച്ച് നോക്കീത്‌ണ്.

എന്തൂട്ട് പ്‌ഫാ! ആയാലും പ്‌ഭാ! ആയാലും വേണ്ടില്ല. എന്തോരം വിറ്റാമിനും എന്തൂട്ടൊക്ക്യോ ആലക്കലോയിഡും(1) ഇള്ള കായീന്. എന്താണ്ട് ഗവേഷിക്കാനാന്ന് പറഞ്ഞ് വളര്‍ത്തണതാണാക്ടാവ്.എന്റെ തബ്‌രാനേ, അത് കട‌ക്ക‌ല്‍ന്നാ വെട്ടാന്‍ നോക്കണ കണ്ടാ. ഇന്നാ ക്ടാവ് നിങ്ങളെ ശര്യാക്കും. അതവടെ നിക്കണൊണ്ട് നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ? നിങ്ങടൊരു വെട്ടി പേടിപ്പിക്കല്.

{പത്രം വലിച്ചെറിഞ്ഞ് ഓടിവന്ന കുഞ്ഞോള്‍}

അയ്യോ അതിലു നെറച്ചും പൂവ്‌ണ്ട്. വെട്ടല്ലെ.. വെട്ടല്ലേ. പാഷന്‍ ഫ്രൂട്ട് ജൂസ് കൊടുത്താല്‍ ആസ്മയ്ക്ക് നല്ലതാന്ന് (2)ഇന്നാളൊരു പഠനം കണ്ടില്ലേ. സിയാപ്പീക്കൊന്നു പരീക്ഷിച്ച് നോക്കാന്‌ണ്.

തേങ്ങേരെ മൂട്‌ണ്. ശ്വാസം മുട്ടും ആസ്മീം മാറണങ്കെ ഡോക്ടറു പറയണ മരുന്ന് കൃത്യായിട്ട് കഴിക്കണം. ഇതെങ്ങ്‌ന്യാ.. ഒന്നെണീറ്റ് നിക്കാറാവുമ്പ്‌ഴ്‌ക്കും ഇംഗ്ലീഷ് മരുന്നാ നിര്‍ത്തി, കണ്ണീക്കണ്ട സിസ്റ്റുമാരും അച്ചന്മാരും തരണ പഞ്ചാരഗുളികേം പഞ്ചാരവെള്ളൊം കഴ്‌ച്ചാലൊന്നും ശ്വാസം‌മുട്ട് പൂവില്ല

അതല്ലാന്ന്.. അച്ചങ്കുഞ്ഞേ, ശ്വാസം മുട്ട് പോയില്ലെങ്കിലും വിറ്റാമിന്‍ സി കൊറച്ചവളുടെ വയിറ്റീ ചെല്ലൂല്ലോ. പിന്നെ ബയോടെകിലെ സ്നേഹിയ്ക്ക് ആന്റി കാന്‍സര്‍ന്റിം (3) ബ്ലഡ് പ്രഷറിന്റീം (4) ഒരു പഠനത്തിന്റെ ട്രയലു നോക്കാനും വേണം‌ന്ന് പറഞ്ഞ്‌ട്‌ന്ന് ഞാനിന്നാള് പെണ്ണമ്മിച്ച്യോട് പറഞ്ഞണ്ടാര്‍ന്നില്ലേ.

അയ്ശരി, അപ്പോ ഉറക്കല്യാത്തോര്‍ക്കള്ള സിറപ്പിണ്ടാക്കണ പണി നിര്‍ത്ത് ക്ടാങ്ങളേന്ന് പറഞ്ഞപ്പോ നീയൊക്കെ കൂടി ഗവേഷണാ തൊടങ്ങീലേ. എന്റെ പൊന്നബ്രാനെ ഈ ബുദ്ധി ആയുര്‍വേദ ഗുണ്ടഡി ചികിത്സേല് വന്നെങ്കെ എന്തോരം ഗുണണ്ടായേനെ! (5)
സത്യം‌പറഞ്ഞാ ഞാനതില് പൂവൊന്നും കണ്ടില്ല. അയിന്റെ ചോട്ടില്‍ നിക്കണ കുരുമൊളകിന് കൊറച്ച് വെളിച്ചം കിട്ടട്ടെ എന്ന്വച്ച് വെട്ടീതാണ്. ഇത്രക്കെ വിശേഷള്ള ചെട്യാച്ചാ വെട്ട്‌ണില്യാ. അവിട്യാ നിക്കട്ടെ

ഈ മനുഷ്യന്റെ ഒരു കാര്യം. ജാതീം കുരുമൊളകും തേങ്ങേരെ മൂടും. ഒരു കായേങ്കിലും ഇണ്ടായിട്ടാണെങ്കെ വേണ്ടില്ലില്ലാര്‍ന്നു. മിറ്റത്തു നെറച്ചും എലീം കൊമ്പും മാത്രണ്ട്. ഒരു തുണി ഒണങ്ങി കിട്ടണങ്കെ പെരപ്പെറത്ത് കൊണ്ടോയിടണം.

{അത്യാഹിതം സംഭവിച്ചു എന്ന് കരുതി കുളിമുറിയില്‍ നിന്നും അര്‍ദ്ധനഗ്നനായി തോത്തുമുണ്ടില്‍ ഓടിവന്ന കുഞ്ഞോന്‍ സീനുകളെല്ലാം കണ്ട് മനസ്സിലാക്കിയ ശേഷം}

നന്നായോള്ളോ! നിനക്കിതന്നെ വരണം. മിനിഞ്ഞാന്ന് അതീന്ന് ഞാനൊരു പൂവ് പൊട്ടിച്ചേന് എന്നെ നീയെന്തൊക്കെ പറഞ്ഞു!
ബൈ ദി ബൈ മിസ്സീസ്സ് പെണ്ണമ്മിച്ചി, മിസ്റ്റര്‍ അച്ചങ്കുഞ്ഞ് പറഞ്ഞതാണ് കറക്റ്റ്. “പാഷന്‍ ഫ്രൂട്ട് മ്‌ഹും നല്ല പേര്” എന്ന് തൃഷ്ണയിലെ(6) സ്വപ്നയെന്ന ചരക്ക്(7) ഗോപനെന്ന കൊച്ചെറുക്കനോട് (8) പറയുന്ന അതേ പാഷന്‍ ഫ്രൂട്ട്.
“മൈനാകം കടലില്‍ നിന്നുയരുന്നുവോ..” എന്ന ബിച്ചു തിരുമല വരികള്‍ക്ക് ശ്യാമിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ നടന്ന് വരുന്ന മമ്മൂട്ടി.

ആ പാഷനല്ലട കുഞ്ഞോനേ ഈ പാഷന്‍. ഇത് പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ പാഷന്‍ തന്നീണ്. എം.ടി ചെലപ്പൊ തൃഷ്ണ എന്ന് പേരിന് പറ്റ്യോരു ഡയലോഗിണ്ടാക്കീതാവും(9). സംഗതി പക്ഷേ പീഡാനുഭവത്തിലാണ് കെടക്കണേ.

പ്രേമപീഡേലെ പീഡ തന്ന്യലേ പീഡാനുഭവത്തിലേ പീഡ?

അതന്നെ. തെക്കേ അമേരിക്കയില്‍ പോയ സ്പാനീഷ് കത്തോലിക്കാ മിഷണറിമാര്, അവ്ടത്തെ നാട്ടാര് വേദാനാസംഹാരിയായി ഉപയോഗിച്ചേര്‍ന്ന ഈ പഴത്തിന്റെ പൂവിന് പാഷന്‍ ഫ്ലവര്‍ എന്ന് പേരിട്ടത്. ആ പൂവിന്റെ കായ പാഷന്‍ ഫ്രൂട്ട്. ഈ പൂവ് കണ്ടപ്പോ അവര്‍ക്ക് കര്‍ത്താവിന്റെ പീഡാനുഭവം അതില്‍ കാണാന്‍ പറ്റീത്രേ! അതീനാണ് ഇതിനു പാഷന്‍ ഫ്രൂട്ട് എന്ന പേരിണ്ടായത്. അതിന്റെ ഏറ്റോം മോളിലത്തെ മൂന്നു കേസരതുമ്പോള് കര്‍ത്താവിന്റെ കയ്യിലും കാലിലും തറച്ച മൂന്ന് ആണ്യോള്‍, അയിന്റെ താഴെ ഉള്ള കേസരങ്ങള് അഞ്ച് തിരുമുറിവോള്, അയിന്റെ താഴീള്ള നൂല് പോലത്തെ പൂഭാഗം മുള്‍ക്കിരീടം, താഴെ ഉള്ള ദളങ്ങളും പുറമിതളുകളും കര്‍ത്താവിന്റെ 10 ശിഷ്യന്മാര്‍, ചെടിടെ ചുറ്റുവള്ളികള്‍ ചാട്ടവാര്‍.(10) എങ്ങനീണ്ട് അവ‌്‌ര്‌ടെ കാഴ്ച?

10 ശിഷ്യമാരാ? 12 അല്ലേ അച്ചങ്കുഞ്ഞേ?

അത് പണ്ടല്ലേരാ. പീഡാനുഭവസമയത്ത് യൂദാസ് ഒറ്റിക്കൊടുത്തില്ലേ, പത്രോസ് തള്ളീം പറഞ്ഞു. അപ്പോ 12-2 =10 എപ്പടീ?

ആഹാ എന്തൊരു പാഷന്‍! എന്തൊരു പീഡ! അപ്പോ പാറേലും വെള്ളത്തിലും ദോശേലും മൊട്ടാബ്ലേറ്റിലൊക്കെ പടച്ചതമ്പ്‌രാനെ കാണാന്‍ തൊടങ്ങീത് ഇബട്യൊന്നൊടങ്ങ്യാണല്ലേ!

അങ്ങിനെ പറയാന്‍ പാട്‌ല്യാ. പൂവിലും പുല്ലും തൂണിലു തുരുമ്പിലും കര്‍ത്താവുറങ്ങുന്നു എന്ന് പറയണം

തേങ്ങേരേ മൂട്‌ണ്. വെറ്‌തെ ഗുണ്ടടിക്കാണ്ട് ഒന്നു പോയേന്റെ മനുഷ്യാ.

അല്ലറീ പെണ്ണമ്മേ, പട്ടീരെ മൂട്ണ്. പാഷന്‍ ഫ്ലവറിലെ പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞ് ഉത്ഥാനം നടന്നത് പട്ടിരെ മൂട്ടിലാര്‍ന്നു. സംശയണ്ടങ്കെ ദേ നോക്ക്. പട്ടീരെ മൂട്ടീന് കര്‍ത്താവ് ഇറങ്ങി വരണത്!(11)


**************************
1a. പ്രധാനമായും രണ്ട് തരം പാഷന്‍ ഫ്ര്യൂട്ട് (Passiflora edulis) ആണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. പര്‍പ്പിളും (Passiflora edulis L) മഞ്ഞയും (P. edulis f. flavicarpa).ഹാര്‍മാല ആല്‍ക്കലോയിഡുകളും ഫ്ലേവണൊയിഡുകളും കരോട്ടിനോയിഡുകളും ഈ ചെടിയില്‍ (കുറഞ്ഞ അളവില്‍ )കണ്ടു വരുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ മരുന്നുപയോഗ ഗവേഷണത്തില്‍ ധാരാളമായി ഉപയോഗിച്ച് വരുന്നു.
1b. C.O. Chichester, Advances in Food Research, vol.27, Elsevier.

2.R.R Watson et al, Nutri. Res., 28(3),166-171 (2008) "Oral administration of the purple passion fruit peel extract reduces wheeze and cough and improves shortness of breath in adults with asthma"

3.C. A. Rowe et al, J. Med.l Food, 7(4),402-407 (2004) "Inhibition of Neoplastic Transformation of Benzo[α]pyrene-Treated BALB/c 3T3 Murine Cells by a Phytochemical Extract of Passionfruit Juice"

4.R.R Watson et al, Nutri. Res., 27(7),408-416(2007) "Oral administration of purple passion fruit peel extract attenuates blood pressure in female spontaneously hypertensive rats and humans."

5. തെക്കേ അമേരിക്കന്‍ നാട്ടു വൈദ്യത്തില്‍ ഉറക്കമില്ലയ്മക്കും വേദനാസംഹാരിയായും ഉപയോഗിച്ചിരുന്നതിനാല്‍ വ്യാപകമായ തോതില്‍ പാഷന്‍ഫ്രൂട്ട് സിറപ്പ് ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടു. എന്നാല്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ഈ സിറപ്പിനു വലിയ സ്വാധീനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിറപ്പുണ്ടാക്കി വില്‍ക്കുന്നത് പാശ്ചാത്യരാജങ്ങളില്‍ നിരോധിച്ചു. ഇപ്പോള്‍ ധാരളം ഗവേഷണങ്ങള്‍ അതിലെ ആല്‍ക്കലോയിഡുകളിലും മറ്റും നടക്കുന്നു. കൂടുതല്‍

6. ഈ വീഡിയോയിലെ ഏഴാം മിനിട്ടു തുടങ്ങി കാണുക. തൃഷ്ണ- സംവിധാനം-ഐ.വി.ശശി. കഥ, തിരക്കഥ, സംഭാഷണം- എം.ടി വാസുദേവന്‍ നായര്‍. ഗാനങ്ങള്‍ -ബിച്ചുതിരുമല.സംഗീതം-ശ്യാം

7. ചരക്ക് - സെക്സിയായ പെണ്ണ്

8. കൊച്ചെറുക്കന്‍ - കൊച്ചുപുസ്തകം വായിക്കുന്ന പ്രായത്തിലുള്ള/അവസ്ഥയിലുള്ള ചെറുക്കന്‍

9. പാഷന്‍ ഫ്രൂട്ടിലെ പാഷന്‍ ഒട്ടനവധി പേരെ തെറ്റിദ്ധരിപ്പിച്ചീട്ടുണ്ട്. കൂടുതല്‍

10. വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്, ഇലയും, കായും, വേരും പീഡനുഭവത്തിനകത്ത് വരും. വായനക്കാര്‍ക്കും ശ്രമിച്ചു നോക്കാവുന്നതാണ്. കൂടുതല്‍.

11. ഈ പടത്തിനു കടപ്പാട് Bay of Fundie

12. മറ്റുചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

**************************
തൃഷ്ണ സിനിമാത്തരം -4 തൊലിക്കല്‍

Monday, July 7, 2008

ചുട്ടുക്കരിക്കപ്പെടേണ്ടിയിരുന്ന റോസാപ്പൂവിന്റെ പേരെന്താണ്? (The Name of the Rose)

ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തെ കുറിച്ച് പുസ്തകമെഴുതുകയും ദരിദ്രനായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? കുറച്ച് പേര്‍ അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി വണങ്ങും അതിനിരട്ടി പേര്‍ അദ്ദേഹത്തെ പാഷാണ്ഡനായി കാണും, തീര്‍ച്ചയായും പേപ്പല്‍ കൊട്ടാരത്തിന്റെ അപ്രീതിയുണ്ടാകും, പുസ്തകം എഴുതിയ വൈദീകന്‍ ഒളിച്ച് താമസിക്കാന്‍ നിര്‍ബന്ധിതനാകും, പുസ്തകത്തെ പ്രതി ചൂടന്‍ സംവാദങ്ങള്‍ നടക്കും, എങ്കിലും അവസാന തീരുമാനം പേപ്പല്‍ ആസ്ഥാനത്തിന്റേതായിരിക്കും.

ക്രിസ്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നോ അഥവാ ക്രിസ്തു ദരിദ്രജീവിതമായിരുന്നോ നയിച്ചിരുന്നത് എന്നു ചോദിക്കുമ്പോള്‍, ക്രിസ്തു പാവപ്പെട്ടവനായിരുന്നോ അല്ലയോ എന്നതല്ല ചോദ്യം മറിച്ച് പള്ളി ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം എന്ന മറുചോദ്യമാണ് കിട്ടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ ഇല്ലാതാക്കണമെന്നും അതിന്റെ ഏക്കറുകണക്കിനുള്ള ഫലഭൂയിഷ്ഠമായ ഭൂമി അടിമപണിക്കാര്‍ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നത് പള്ളിയുടെ അത്യാവശ്യ ദ്രവ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി അവിശ്വാസികളുള്ള യുദ്ധം പ്രതിഫലമായി വാങ്ങുകയും ചെയ്യുമെന്നു സഭ ഭയക്കുന്നത്രേ.

Your eminence, venerable brothers.. at last we met for this long-awaited debate. We have all journeyed great distances in order to put an end to the dispute... that has so gravely impaired the unity of our Holy Mother church.
Good people thought the Christendom... are directing their gaze at these venerable walls...anxiously awaiting our answer to the vexed question: Did Christ...or did he not...own the clothes that he wore?

Beloved brotheren of Franciscan order.Our Holy Father, the pope, has authorized me and these, his faithful servants...to speak on his behalf. The question is not whether Christ was poor...but whether the church should be poor. You Franciscan wish to see the clergy renounce its possessions...and surrender its riches... the abbeys dissipate their sacred treasures...and hand over their fertile acres to the serfs...Thereby depriving the church of the resources needed...to combat unbelievers and wage war on the infidel. You forget that even the greatest monument to Our Lord ...is but a pale reflection of his infinite majesty and glory ...

ക്രിസ്തുവിനൊരു പേഴ്സ് സ്വന്തമായിരുന്നെന്നും, സന്ന്യാസമഠത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അസ്വാഭിവമരണങ്ങള്‍ക്ക് കാരണം പാഷാണ്ഡതയെന്നും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയ്ക്ക് വീണ്ടുമൊരു അസ്വാഭിവക മരണം! സാത്താനാ‍ല്‍ പ്രേരിതരായി അത് ചെയ്തവരെല്ലാം, അവന്റെ (Adso of Melk) പേരറിയാ റോസാപ്പൂ‍വുള്‍പ്പെടെ, പിടിക്കപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടവരെല്ലാം ചുട്ടുക്കരിക്കപ്പെടുമെന്നുറപ്പുള്ള മതവിചാരണ. അവന്‍ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ അയാള്‍ (William of Baskerville), ഒരിക്കലിതുപോലൊരു മതവിചാരണയെ എതിര്‍ത്തതിനു പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ കിടക്കുകയും ചെയ്തയാള്‍ തന്നെ, ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. അവളെ ഉമിത്തീയില്‍ നിന്ന് രക്ഷിക്കാന്‍ ദയക്കാവില്ലെന്ന് ഉത്തമബോധ്യമുള്ളൊരാള്‍

Then try using your head instead of your heart...and we might make some progress.
...
But pity won't save her from the fire

ആത്മീയത എന്നാല്‍ എന്താണ്? അതിലേയ്ക്ക് പ്രാര്‍ത്ഥനയുടെ ഒറ്റവഴി മാത്രമെയുള്ളൂ? പ്രാര്‍ത്ഥന മാത്രമല്ലാതെയും ചിലവഴികളുണ്ടെന്ന് കാണിച്ച് തന്നവരിലൊരാളാണ് ഒക്കാമിലെ വില്യം (William of Ockham). തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കുന്നതിന്റെയും, ചിന്തയുടേയും, അക്ഷരത്തിന്റേയും ആത്മാര്‍ത്ഥമായ വഴികള്‍ നടന്നെത്തുന്നത് ആത്മീയതിലേയ്ക്ക് തന്നെ. ബാസ്കര്‍വില്ലിലെ വില്യമും ചിന്തകളുടേയും അക്ഷരത്തിന്റെയും, വഴിയെ ആത്മീയതയിലേയ്ക്ക് നടക്കുന്നവനാണ്.

അറിവ് സംരക്ഷിക്കപ്പെടേണ്ടതെന്തിനു വേണ്ടിയാണ്? ഒളിച്ച് സൂക്ഷിക്കുന്ന അറിവിന്റെ രാഷ്ട്രീയം എന്താണ്? എല്ലാക്കാലത്തും അധികാരത്തിന്റെ കൂടെയായിരുന്നു അറിവ്‌. ഒളിച്ച്‌ വച്ച അറിവ്‌ സംരക്ഷിക്കുന്നത്‌ അതു ഒളിച്ച്‌ വച്ചവരുടെ അധികാരത്തെ തന്നെയാണ്‌. ‘സംരക്ഷിക്കപ്പെടുന്ന വിശ്വാസമാണ്‌‘ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരം. അതുകൊണ്ട്‌തന്നെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ചില അറിവുകള്‍ ഒളിച്ചു വയ്ക്കേണ്ടതത്യാവശ്യമാണ്‌. അവയെല്ലാം വെറും സംരക്ഷണമേ അര്‍ഹിക്കുന്നുള്ളൂ. വായനയോ ഗവേഷണമോ അര്‍ഹിക്കുന്നില്ല എന്നവര്‍ വാദിച്ചു.

Adso, Do you realize...we're in one of the greatest libraries in the whole of the Christendom... ... How many more rooms? huh, How many more books? No one should be forbidden to consult these books freely perhaps they thought to be too precious, too fragile. No. its not that, Adso. Its because they often contain a wisdom different from ours... and ideas that could encourage us to doubt...the infallibility of the word of the God

The preservation of knowledge. "Preservation," I say, not "search for" because there is no progress in the history of knowledge... merely a continuous and sublime recapitulation

വികാരങ്ങളെ നിയന്ത്രിക്കേണ്ടതും വിശ്വാസസംരക്ഷണത്തിനു ആവശ്യമാണെന്ന്‌ പൗരോഹ്യത്തിന്റെ കാവലാളുകള്‍ കരുതുന്നു. വിശ്വാസത്തെ ഇല്ലാതാക്കുമെന്ന വിചാരത്തില്‍ അവര്‍ ചിരിയെ, ഹാസ്യത്തെ ഭയക്കുകയും ചെയ്യുന്നു. കുരങ്ങന്മാര്‍ മാത്രമേ ചിരിയ്ക്കൂ എന്നും ചിരിയ്ക്കുന്നവരുടെ മുഖത്തിന്റെ ആകൃതി മാറുമെന്നു അവര്‍ വിശ്വസിപ്പിച്ചു.കോമഡിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ രണ്ടാം പോയെറ്റ്റിക് (Aristotle's Second Book of Poetics) പുസ്തകത്തിന്റെ ഒളിച്ചുവയ്പ്പിനു പിന്നിലെ വില്ലനും ചിരിതന്നെ. തങ്ങളുടെ യുക്തിക്കു ചേരാതിരുന്ന ഇത്തരം ചിന്തകളെ യുക്തിസഹമായി നേരിട്ടവര്‍ പാഷാണ്ഡരെന്ന് മുദ്രകുത്തി ശിക്ഷിക്കപ്പെട്ടു.

Laughter is a devilish wind which deforms, uh, the lineaments of the face and makes men look like monkeys.
Monkeys do not laugh. Laughter is particular to men.
As is sin. Christ never laughed.
Can we be so sure?
There is nothing in the Scriptures to say that he did.
And there's nothing in the Scriptures to say that he did not. Why, even the saints have been known to employ comedy, to ridicule the enemies of the Faith. For example, when the pagans plunged St. Maurice into the boiling water, he complained that his bath was too cold. The Sultan put his hand in... scalded himself.

But what is so alarming about laughter?
Laughter kills fear, and without fear there can be no faith, because without fear of the Devil there is no more need of God.

അധികാരത്തെ കുറിച്ച്‌ ചിന്തയില്ലാത്തവരാകട്ടെ അറിവുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിട്ടാന്‍ യത്നിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസത്തിന്റെ പിശാചിനെ തകര്‍ക്കാനും എല്ലാ യാതനകളും എല്ലായ്പ്പോഴും സഹിക്കേണ്ടിവരുന്ന പേരറിയാ റോസപ്പൂക്കളെ രക്ഷിക്കാനും ഒളിച്ചു വയ്ക്കപ്പെട്ട അറിവുകളും പുസ്തകങ്ങളും കണ്ടുപിടിച്ചേ തീരൂ.

If only I could find the book and prove that Bernardo Gui was wrong.

ചിലര്‍, മറ്റുള്ളവര്‍ ചിരിക്കാതിരിക്കാന്‍ ചിരിയെ കുറിച്ചുള്ള സകല അറിവും ചുടാന്‍ ശ്രമിച്ച് സ്വയം ചുട്ടുക്കരിക്കപ്പെടും മറ്റു ചിലരാകട്ടെ ചിരിയെ സംരക്ഷിക്കാനും ചിരിക്കുന്ന അറിവുകള്‍ തുറന്നിടാനുമായി തീയിലെടുത്തു ചാടും. അഗ്നിശുദ്ധീ‍കരിച്ചിറങ്ങുന്ന അവരുടെ കൈയാല്‍ അറിവും ചുട്ടുക്കരിക്കപ്പെടുമായിരുന്ന റോസാപ്പൂക്കളും സംരക്ഷിക്കപ്പെടും.

അഗ്നിക്കിരയാക്കാനുള്ളതല്ല അറിവ് അഗ്നിയാക്കേണ്ടതാണെന്ന് ബോധ്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം; ഷോണ്‍ കോര്‍ണറി (Sean Connery) യും ക്രിസ്റ്റ്യന്‍ സ്ലേറ്ററും (Christian Slater ) അഭിനയിച്ച സിനിമ ദി നേം ഓഫ് ദി റോസ് (The Name of the Rose). സംവിധാനം ജീന്‍ ജാക്കസ് അനാദ് (Jean-Jacques Annaud).

*****************************************
ഞാനെഴുതാണെങ്കെ ആഡ്ജോടെ വ്യൂവില്‍ നിന്നാവും എഴ്താ. വിശപ്പ് - ശരീരത്തിന്റെ, ബുദ്ധിയുടെ, ആത്മാ‍വിന്റെ വിശപ്പ്. വിശപ്പിന്റെ തൃത്വം, അയിന്റെ അഗ്നി, ആ ലൈനില്‍.

ആ നോട്ടവും കൊഴപ്പല്യാത്ത്‌ത്‌ണ്. പക്ഷേ മാസ്റ്റര്‍ പീസോളൊക്കെ സമകാലീന സംഭവങ്ങളായിറ്റ് താരതമ്യം ചെയ്യുമ്പഴണൊരിത് കിട്ടാറീ ക്ടാവേ.

ഇതിലെന്തൂട്ടാ ഒക്കാമിലെ വില്യത്തിനെ കുറിച്ച് എഴുതി വച്ചേക്കണെ

ഷോണ്‍ കോര്‍ണറിരെ കഥാപാത്രത്തിന്റെ പകുതി ഉമ്പെര്‍ട്ടോ എക്കൊ ഇണ്ടാക്കേക്കണത് ഒക്കാമിലെ വില്യമിന്റെ ജീവിതത്ത്‌നെ ബേസീതാണ്. ബാക്കി പകുതി ഏതാവും?

ബാസ്ക്കര്‍വില്ലിലെ വേട്ടനായ- ഷെര്‍ലക്ക് ഹോംസ്!!

അദന്നെ.

****************************************

സിനിമാത്തരം: 1.ത്വരഗം

Sunday, June 29, 2008

ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..

ദേ മന്‍ഷ്യാ.. ഇങ്ക്ട് ഏന്‍‌റ്റേനിങ്ങട്.

എന്തൂട്ടണ്ടി പെണ്ണമ്മേ കെടന്നലറണേ.. ഞാറാഴ്ച്യായാലും മനുഷ്യനിത്തിരി നേരം കെടെന്നൊറങ്ങാന്‍ സമ്മേയ്ക്കില്ലല്ലോ ഈ സാനം.

ഇങ്ക്ട് ഏന്‍‌ക്കെന്റെ മന്‍‌ഷ്യാ. ദേ ഈ 'മതമില്ലാത്ത ജീവന്റെ'പാഠങ്ങള് കൊണ്ടോയി ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടന്നേ

നിനക്കാ കുഞ്ഞോളോട് പറഞ്ഞൂടെ. അവള്‍ക്ക് വണ്ടീള്ളതല്ലേ.

അവള് രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോയേക്ക്‌ണ്. അവളിന് മന്ദലം മയങ്ങി എപ്പ വരാന്‍‌ന് നിങ്ങള്‍ പോയി ഇതെടുത്ത് കൊണ്ടിരിണ്ടാ?

എന്തൂട്ട്‌ണ് നിനക്കിത്ര ധൃതി? നീയിനീം പഠിപ്പിക്കാന്‍ പോണ്‌ണ്ടാ?

ഈ മനുഷയനെ കൊണ്ട് ഞാന്‍ തോറ്റു! നിങ്ങളീ ലോകത്തൊന്നല്ലേ ഈയിട്യായിറ്റ്? ഇങ്ങന്യൊക്ക്യാണ് കാര്യങ്ങള്‍ടെ പോക്ക്‌ന്ന്‌ച്ചാ ഞാന്‍ ചെലപ്പോ പഠിപ്പിക്കാനും പോയീന്ന് വരും. അയിന് നിങ്ങ‍ക്കെന്താ മനുഷ്യാ?

നീ കാര്യങ്ങള് മനുഷ്യന് മന്‍സ്സിലാവുന്ന പോലെ പറയറീ.

ഓ ഇങ്ങനൊരു മനുഷ്യന്‍! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ചുട്ടുക്കരിച്ചത് നിങ്ങളറിഞ്ഞില്ലേ? പിന്നെ ഇന്ന് പള്ളീല് പ്രസംഗത്തില് ആ വികാര്യച്ചന്‍ പറയിന്നേ.. പുതിയ പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന്റെ രൂപരേഖ ഇന്നത്തെ കുടുംബസമ്മേളനത്തില് ചര്‍ച്ച ചെയ്യുംന്ന്

ആ അതൊക്കെ ഞാനറിഞ്ഞു. ഞാനിന്നലെ ആന്‍ഡ്രൂസ് പിതാവിനൊരു കത്തെഴുതീന്റ് വിമോചനസമരക്കാലത്തെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചും പുതിയ ഒരു വിമോചന സമരത്തിന്‍ കോപ്പു കൂട്ടുന്നതിന്റെ നിഷ്ഫലതയെ കുറിച്ചും.

ഇതന്നീന്ന് നിങ്ങടെ പതിവ് പരിപാടി. കൊറേ വായിക്കൊള്ളാത്ത വാക്കോളും മനുഷ്യനു മന്‍‌സ്സിലാവാത്ത എഴുത്തോളും. കഷ്ടം!നിങ്ങളെഴുതേ.. അയക്കേ.. എന്തൂട്ടേങ്കിലും ചെയ്യ്. അമ്പത്തൊമ്പതിലെ വിമോചനസമരത്തിന്റെ കാല്‍ത്ത് നിങ്ങടെ അപ്പന്‍ ഇങ്ങനെ എഴുതീറ്റ് വല്ല ഗുണണ്ടായ? എന്റെ അപ്പന്യൊക്ക്യാ കണ്ട് പഠിക്കണം, നിങ്ങടപ്പനും നിങ്ങളും? സമരത്തിനെറങ്ങ്യോരടെ മുന്നില് നിന്ന് തടഞ്ഞേന് മഹറോന്‍ വരെ നേരിടാന്‍ തയ്യാറായ്‌താണ് എന്റപ്പന്‍. നിങ്ങടപ്പന്‍ ആ സമയത്ത് കള്ളപ്പേരിലിരുന്നെഴുതലാര്‍ന്നാ? എനിക്കെന്റപ്പന്റെ ചോരീന്. ബോധല്യാത്ത കുഞ്ഞാടോളെ മുന്‍നിര്‍ത്തി പള്ളിക്കാര് നടത്തണ ഈ പോക്രിത്തത്തിനെ അവസാനം വരെ പെണ്ണമ്മ എതിര്‍ക്കും. ആഹാ..

കൊറേ നേരായീലോ ഈ വിമോചനസമരംന്നൊക്കെ കേക്കണു എന്തൂട്ട്‌ണീ സംഗതി?

"തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ"

എന്നൊരു മുദ്രാവാക്യം കേട്ട്‌ണ്ട്രാ നീ കുഞ്ഞോനെ?

ഇല്യാ എന്തൂട്ടാണ്‌ത്? സംഭവം കിടിലനാണലോ?

സംഭവൊക്കെ കിടിലനാ. പക്ഷേ വേറേയും കൊറേ മുദ്രാവാക്യങ്ങളിണ്ട്. നീ അതൊക്കെ അച്ചങ്കുഞ്ഞിനോട് ചോയ്ച്ച് പഠിക്ക്. അച്ചങ്കുഞ്ഞിന് അയ്‌നൊക്കെ ബെസ്റ്റ്. എനിക്ക് ക്ഷമകിട്ടില്യാ പറഞ്ഞോടങ്ങ്യാ. ആദ്യം നീയിത് ഫോട്ടോസ്റ്റാറ്റാറ്റെടുത്തോണ്ടാ. ഒരു നൂറ് കോപ്യാ എട്‌ത്തോ

നീയിത് എന്തിന്‌ള്ള പൊറപ്പാട്‌ണ്.

എന്തൂട്ടിണീ മനുഷ്യന്‍ പൊട്ടന്റെ പോലെ വര്‍ത്താനം പറയണെ? ഇന്നത്തെ കുടുംബസമ്മേളനത്തിന്‍ നിങ്ങള് പോണ്ടാന്നന്നെ പറയണത്. അവടെ പോയി ആര്‍ക്കും മനസ്സിലാവാത്ത കൊറേ വാചകങ്ങള് ശര്‍ദ്ദിച്ച്‌ട്ട് വരാനല്ലേ?

നീയ് പിന്നെ എന്തൂട്ട് മലമറിക്കാനാണ് പോണെ?

ദേ.. പിന്നിം മലമറിക്കണ കാര്യം പറയ്ണ്ട്‌ലോ ഈ മനുഷ്യന്‍. ഞാന്‍ ഇന്നാള് പറഞ്ഞില്ലേ മനുഷ്യാ എന്റെ പണി മല മറിക്കലല്ല, മനം‌മറിക്കലാന്ന്.

നീ ക്ലിയറായി പറ. എനിക്ക് നിന്നത്ര വിശ്വാസം പോരാ. ആ വികാര്യച്ചനാനെങ്കീ നിന്റെ വീട്ട്‌ക്കാരെ കണ്ണെടുത്താ കണ്ടൂടാ.

അച്ചന്റെ കണ്ടൂടായ്മ്യൊക്കെ കയ്യിലിരിക്കേള്ളോ. ചര്‍ച്ച തൊടങ്ങുമ്പോ ഞാനീ പാഠപുസ്തകങ്ങട് വിതരണം ചെയ്യും. എന്നട്ട് നാലക്ഷരം ആദ്യം വായിച്ചോക്കറ പിള്ളേരേന്നാ പറയും. ഇത് വായിച്ചോക്കീന്റങ്ങ്യേ ബോധള്ള ഏതെങ്കിലൊരുത്തന്‍ ഇതിനെ എതിര്‍ക്കോ?

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ പെണ്ണമ്മേ; കൂട്ടത്തില്‍ ഞങ്ങളേയും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക തോമയുടെ മകനേ.
******************

വായനക്കാരോട് - ഇന്ന് നിങ്ങളുടെ യൂണീറ്റിലെ കുടുംബ സമ്മേളനങ്ങള്‍ക്ക് പോകുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍‘ എന്ന പാഠഭാഗത്തിന്റെ കോപ്പികള്‍ കൊണ്ട് പോകാന്‍ മറക്കാതിരിക്കുക. എന്നീട്ട് ഇതൊക്കെ വായിച്ച് ചര്‍ച്ച ചെയ്യുക. എന്‍.എസ്.എസ് ശാഖാ മീറ്റിങ്ങിലും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.

Thursday, June 19, 2008

മനംമറിക്കല്‍ കോഴ്സ്

ങേ! നീയിതെങ്ങടണ്ടീ പെണ്ണമ്മേ കാലത്തെണീറ്റൊടനെ പൊറപ്പാട്?

നിങ്ങളിന്നലെ പേപ്പറ് വായിച്ചില്ലേ മനുഷ്യാ? എന്നട്ടെനോടെന്താ ഒരക്ഷരം മിണ്ടാഞ്ഞെ?

അയിന് നീ രാത്രി മരണകോളം വായിക്കണേറ്റും മുന്നേ പറയാന്‌ള്ള വാര്‍ത്ത്യോന്നും ഇല്ലാര്‍ന്നല്ലോടീ മനുഷ്യത്ത്യേ

ഇല്യാ‍ന്നാ? അപ്പൊ നിങ്ങളിന്നലത്തെ മെത്രാന്മാരുടെ പ്രസ്താവന വായിച്ചില്ലേ?

ആ.. അതു വായിച്ചു. അതിത്ര പറയാനൊന്തൂട്ടാണ്? ഞാനിന്നലെ മാതൃഭൂമിക്കൊരു പ്രതിഷേധ കത്തയച്ചണ്ട്.

നിങ്ങള് കത്തയച്ചട്ടവട്‌രിക്ക്‌ട്ടാ മനുഷ്യാ. ഇതിനീണ് വീട് കത്തുമ്പീള്ള വീണ വായനാന്ന് പറേണെ. ഇതെന്തൂട്ടാ കാര്യന്ന് മന്‍സ്സിലായാ നിങ്ങക്ക്? രാജ്യദ്രോഹ്ണ് രാജദ്രോഹം!

അതെങ്ങനീണ്‌റീ രാജദ്രോഹാവണെ? കഴിവുള്ളോരു കുട്ട്യോളിണ്ടാക്കട്ടെ.

അതേതേ.. ജനപ്പെരുപ്പം മൂലം മൂക്കുക്കുത്തികൊണ്ടിരിക്കണ ഒരു രാജ്യത്തിന്റെ സര്‍ക്കാര് ജനസംഖ്യ നിയന്ത്രിക്കാന്‍ പദ്ധതികളും ബോധവത്ക്കരണോം കൊണ്ട് ചക്രശ്വാസം വലിക്യാ. അപ്പോ അയിനെതിരെ ചെയ്യണത് രാജ്യദ്രോഹല്ലാല്ലേ..
പിന്നേ..കഴിവുകള്.. ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറീപ്പിക്യണ്ടാട്ടാ.

ട്യേ കുഞ്ഞോളേ എന്നെ അങ്ങടൊന്നാക്ക്യേടീ. നിങ്ങക്കള്ള മരുന്നും കഞ്ഞീം മേശപ്പൊറത്തെടുത്ത് വച്ചണ്ട്. അയ്‌നിനി ഞാന്‍ വരാന്‍ കാത്ത്‌രിക്ക്‌ണ്ടാ.

എന്നാലും നീ എങ്ങടാ പോണേന്നൊന്നു പറഞ്ഞട്ട് പോടീ. എന്തൂട്ടാണ് നീയിത്ര മലമറിക്കാന്‍ പോണെ.

ഇതു മലമറിക്കലല്ല, മനംമറിക്കലാണെന്റെ മനുഷ്യാ. ഇമ്മടെ ചിരിയങ്കടന്റോടത്തെ കുഞ്ഞിപ്പെണ് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ന്ന് ഇന്ന്. പള്ളിക്കാര് അവള്‍ടെ മനം‌മറിക്കണേനു മുന്നേ ഞാനൊന്ന് നോക്കട്ടെ അത് മറിക്ക്യാന്‍ പറ്റോന്ന്.

അയിനിപ്പോ നീ എന്തൂട്ടാ ചിയ്യാന്‍ പോണെ?

അതൊക്കെ ഞാന്‍ അവളോട് പറഞ്ഞോളാം. നിങ്ങളോടൊന്നും അത് പറഞ്ഞട്ട് കാക്കാശിന്റെ ഗുണല്യാ. നീ സ്കൂട്ടറെറക്കടീ കുഞ്ഞോളെ.

***************************************************

കുഞ്ഞിപ്പെണ്ണേ നീയിന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവാന്ന് കേട്ടൂലോ.

ആ.. കല്യാണം ചിങ്ങത്തില്‌ണ് പെണ്ണമിച്ച്യേയ്. പക്ഷേ ചെറുക്കനും എനിക്കും ഈമാസേ ഒരുമിച്ച് ലീവൊള്ളോ. ഈയിടെയായിറ്റ് പെണ്ണും ചെക്കനും ഒരുമിച്ച് കോഴ്സ് കൂടണംന്നാണ് പള്ളിക്കാര് പറയണേ.

ആ അതൊക്കെ നല്ല്‌ത്‌ണ്. കൊറച്ച് സൊള്ളാനുള്ള അവസരം കിട്ടണത് കളയണ്ടാ. പക്ഷേഇല്ലേരീ കല്യാണം കഴിക്കാത്ത ആ കത്തനാരുമാരും കന്യാസ്ത്ര്യോളും സ്റ്റേജില്‍ കേറി നിന്നട്ട് പലതും പ്രസംങ്ങിക്കും. അതൊരു ചെവ്യേക്കോടെ കേക്കാ, മറ്റേ ചെവ്യേക്കോടെ കളയാ. അല്ലെങ്കെ ജീവിതം കുത്തുപാളീണ്‌ട്രീ മോളെ.

പെണ്ണമിച്ചി ഒന്ന് പത്ക്കെ പറ്യ് ആ കൊച്ചച്ചന്‍ ഇപ്പോ വീട് വെഞ്ചിരിക്കാന്‍ വരും

കേക്കട്രീ, അവരങ്ങടാ കേക്കട്ടേ. എന്തൂട്ട്‌ണ് അവരെന്നെ മൂക്കില് കേറ്റോ? മഹറോന്‍ ചൊല്യാലും എനിക്ക് പുല്ല്‌ണ്. നീയിങ്ങ്‌ട് നോക്കറീ കുഞ്ഞിപ്പെണ്ണേ, അച്ചന്‍മാര്‍ക്കും സിസ്റ്റുമാര്‍ക്കും അഞ്ച്പൈസേരെ എക്സ്പീരിയന്‍സില്യാത്ത കാര്യങ്ങ്‌ള്ണ് അവരു പ്രസംങ്ങിക്കണെ. ഒരു ചാര്‍ട്ട് തന്നട്ട് അവരാ പറയും. ഇതു സയന്‍സ്‌ണ്. തിയറീണ്. സുരക്ഷിതമായ കാലത്ത് ബന്ധപ്പെട്ടാ കുട്ടീണ്ടാവില്യാനൊക്കെ. ഇതലാണ്ട്‌ള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊക്കെ ഈശോയ്ക്കും, പ്രകൃതിയ്ക്കും,പള്ളിക്കുമൊക്കെതിരാന്ന്.

ആ ചാര്‍ട്ട് സത്യന്യാണ്.

നീ മിണ്ടാണ്ടിരിക്ക്‌ടീ ഗവേഷകേ.
അത് സത്യല്ലാന്ന് ഞാന്‍ പറഞ്ഞാ? പക്ഷേ അതൊക്കെ പുസ്തകത്തില് നടക്കേര്ക്കും. ജീവിതത്തില്‍ നടക്കില്യാട്ട്‌റീ. ദീ ചാര്‍ട്ടും വച്ച് തേനമ്പ്ളീ ദുരിതമാക്കിയ എത്ര ഉദാഹരണങ്ങള് വേണം നിങ്ങക്ക്? ഞങ്ങടോടത്തെ കുഞ്ഞച്ചന്‍, കുഞ്ഞോന്‍, പിന്നെ വല്യമ്മായിരെ മൂത്തപ്പെണ്ണ്. കുഞ്ഞച്ചനാണെങ്കെ ആ മൂത്ത ക്ടാവിനെ വേണ്ടാന്നാര്‍ന്നു. എന്നട്ട് ഇപ്പോ അയിന്റെ സ്വഭാവം കണ്ടാ? അത്രേം മൂശാട്ടത്തരം വേറെ ആര്‍ക്കൂണ്ടാവില്യാ. ശാസ്ത്രം വളരണത് മനുഷ്യനെ സഹായിക്കാന്ണ് ഉപദ്രവിക്കാനല്ലറീ.

നീ കേക്കറീ കുഞ്ഞിപ്പെണ്ണേ, അവരു പറയും ദൈവം തരണ മക്കളൊക്കെ മഹത്തായ ദാനാന്ന്. പട്ടിപെറണപോലെ പെറാന്‍ നീയെന്താ പേറ്‌യന്ത്രാ? ഒരു ക്ടാവ്. കൂട്യാ രണ്ടെണ്ണം. അയില്‍ കൂടുതല്‍ മക്കളെ ഇണ്ടാക്കണത് രാജ്യദ്രോഹാണെടീ.രാജ്യദ്രോഹം മാത്രല്ല, ആ കുട്ട്യോളോടും ചെയ്യണ ക്രൂരത്യാണ്. രണ്ടില്‍ കൂടുതല്‍ കുട്ട്യോള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസൊക്കെ കൊടുക്കാന്‍ ഒരു സാധാരണക്കാരന് പറ്റോ? നീയോക്കെ നല്ലോണം പഠിച്ചോള്ളലേ. നല്ലോണം കുത്തീര്ന്ന് ആലോചിക്ക്. ഞാനിറങ്ങാണ്.

പെണ്ണമ്മേ നിക്ക്‌റീ, ചായ കുടിച്ചട്ട് പൂവാം.

ഇല്ലറീ തെയ്യാമ്മേ, ഇമ്മടെ പാണക്കാടന്റോടത്തെ ചെക്കനും ഇന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ട്. പോണേനും മുന്നേ അവനീം കാണണം.
***********************************************
വായനക്കാരേ - നാമൊന്ന് നമുക്കൊന്ന് അങ്ങന്യല്ലേ?

Wednesday, June 18, 2008

കല്ലറ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്!

കഴിഞ്ഞ ഞാറാഴ്ച്ചത്തെ വികാര്യച്ചന്റെ പ്രസങ്ങം കേട്ട്‌റീ കുഞ്ഞോളേ നീ?

ഞാന്‍ പ്രസങ്ങൊന്നും കേക്കാറില്യാ. വേറേ പണീല്യാണ്ടിരിക്കല്ലേ. കഴിഞ്ഞാഴ്ച മുന്നിലിരുന്ന പെണ്ണിന്റെ ചുരിദാറിന്റെ ഡിസൈന്‍ നോക്കാര്‍ന്നു. ഉഗ്രന്‍ ഡിസൈന്‍ അതുപോലൊരെണ്ണം തയ്ക്കണം.

എന്റെ മുന്നിലിരുന്ന പെണ്ണിന്റെ സാരീം പുത്യേ ഫാഷനാര്‍ന്നു. അത് നോക്കി നോക്കി ഒറങ്ങി പോയീരീ. തൂക്കം പിടിച്ച് വീഴണേന്റെടേല് കേട്ടത്ണ്, ബാക്കി കുഞ്ഞച്ചനും പറഞ്ഞന്നു. ഇമ്മടെ പള്ളില് പുത്യേ അപ്പാര്‍ട്ട്മെന്റ് കല്ലറ വരുണൂന്ന് അതിനു എടവകക്കാര് സഹായിക്കണം പോലും!

അപ്പാര്‍ട്ട്മെന്റ് കല്ലറ്യാ? അതെന്തൂട്ടാണ് സംഗതി?

ഇമ്മടെ പള്ളീലിപ്പോ ആള്‍ക്കാരെ കുഴിച്ചിടാന്‍ സലല്യലോ. ഇള്ള സലത്തൊക്കെ കാശ്ള്ളോര് കുടും‌ബ കല്ലറ കെട്ടീട്ടേക്കല്ലേ. ഇനിം കാശുള്ളോര് ചത്താ അവര്‍ക്കെവിടീന് കുടുംബ കല്ലറയ്ക്ക് സ്ഥലം കൊടുക്കാ? അതോണ്ട് അസ്ഥിക്കെണറിനോട് ചേര്‍ന്നള്ള സ്ഥലത്ത് അപ്പാര്‍ട്ട്മെന്റ് കല്ലറകള്‍ കെട്ടാന്‍ പൂവാന്ന്. ഫ്ലാറ്റ് പോലെ ഏഴ് നില പണിയാന്ണ് തിരുമാനം.

അയ്യോ അപ്പോ ആ‍ അസ്ഥിക്കെണറെന്തൂട്ടാ ചിയ്യാ?

അതു അടച്ച് കെട്ടീട്ട് എല്ലിടാന്‍ മാത്രള്ള ഓട്ടിടും‌ന്ന്.

അയ്യോ! ശന്യാഴ്ച്ച നൊവാനയ്ക്ക് പൂവുമ്പോ അസ്ഥിക്കെണറ്റില് എത്തിച്ച് നോക്കണതൊരു സുഖാര്‍ന്നു. :(. അപ്പോ ..ഇനിതൊട്ട് മണ്ണൊന്നിടില്ലേ ശവക്കല്ലറേല്?

ഇല്യാത്രേ. ഒരു കുടുംബക്കറയില്‍‌‌ക്ക് ഒരാള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി വരുമ്പോ അതില്‍ ഇണ്ടാര്‍ന്ന ആളെ അപ്പാര്‍ട്ട്മെന്റ് കല്ലറേടെ പിന്നിലള്ള കുഴീല്‍ക്ക് തള്ളൂത്രേ. ലൂര്‍ദ്ദ് പള്ളീലള്ള അടിപള്ളീലെ? അത്‌പോലീണ്ന്ന്. ടൌണിലൊക്കെ ഇമ്മിണി പള്ള്യോളില്‍ ഇപ്പോ ഇങ്ങനത്തെ അപ്പര്‍ട്ട്മെന്റ് കല്ലറ്യാത്രേ.

അപ്പോ ഇനി നമ്മളൊക്കെ ചത്താ ഈ കല്ലറേലാ വയ്ക്യാ?

അല്ലറീ ക്ടാവേ. ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും. നൂറാള്‍ മരിച്ച് കഴിയുമ്പോ ആദ്യം അടക്യ ആളെ എടുത്ത് അസ്ഥികുഴീല്‍ക്കിടും.

അപ്പോ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്കും കാശുകൊടുക്കണാ?

പിന്നേ വേണ്ട‌്‌റീ. ഇതെന്തൂട്ട് പെണ്ണ്ണ്? 'എ'ക്ലാസ് കല്ലറ മണ്ണിലിള്ളത്. അയിന് ഒരുലക്ഷത്തി അന്‍പതിനായിരുര്‍പ്യാ കൊട്‌ക്കണം. ഒരോ അടക്കിനും അന്‍പതിനായിരമുര്‍പ്യാ എക്സ്ട്രാ. 'ബി' ക്ലാസ്‌ണ് അപ്പാര്‍ട്ട്മെന്റ് കല്ലറ. അയിന് ഒരു ലക്ഷുര്‍പ്യാ. ഒരോ അടക്കിനും അമ്പതിനായിരം വേറെ. ‘സി’ ക്ലാസണ് കാശില്യാത്തോര്‍ക്ക്. അതിന് അടക്കാന്‍ പള്ളിക്ക് കൊടുക്കണ്ട കാശ് മാത്രം കൊടുത്താ മതി.

അയ്‌ശരി നല്ല എടവാട്‌ണ്‌ലോ. കല്ലറപണിയാന്‍ കാശുകൊടുക്ക്ണടത് എടവകക്കാര്. എന്നട്ട് ചത്താ അതില്‍ കേറി കെടക്കാനും ഇമള് കാശ് കൊടുക്കണംന്ന്. അപ്പോ എന്തോരം കാശ്‌ണ് ഈ വകുപ്പില് ഈ പള്ളിക്കാര് ഇണ്ടാക്കണെ.

പിന്നെ മണ്ണിനൊക്കെ പൊന്നു വില്യല്ലേറീ. ഞാന്‍ 'എ' ക്ലാസ് കല്ലറ എണ്ണി. ഇപ്പൊ നൂറ്റെഴുപത്തഞ്ചണ്ണണ്ട്. ഇരുനൂറ് അപ്പാര്‍ട്ട്മെന്റ് കല്ലറ പണിയുംന്ന്.ഞാന്‍ മരണപത്രം എഴുതാന്‍ പൂവാണ്റീ കുഞ്ഞോളെ. എനിക്കീ പള്ളീല്‍ത്തെ ആറടി മണ്ണ് വേണ്ടാന്ന്. മട്‌ത്തു ഈ പള്ളിക്കാരടെ കള്ളത്തരങ്ങള്.

ആ പെണ്ണമ്മിച്ചിയ്ക്ക് ഇങ്ങന്യോക്കെ പറയാം. ഇനി കെട്ടാനൊന്നും പോണില്യല്ലോ

കെട്ടാത്തോര്‍ക്ക് എന്താടീ രജിസ്ടര്‍ കല്യാണം കഴിച്ചൂടെ?

പെണ്ണമ്മിച്ചി നടത്ത്യോട്ക്കോ അവര്ട്യോക്കെ കല്യാണം?

ആ..എന്റട്ത്ത് വരണോര്ടെ ഞാന്‍ നടത്ത്യേട്ക്കും. ആഹാ.. വാശിക്ക് വാശീന്.

എന്നാ എട്‌ക്ക്ങ്ങ്‌ട് മുദ്രപത്രം.

മരണപത്രം അഥവാ സത്യവാങ്ങ് മൂലം

ഞങ്ങള്‍ (കുഞ്ഞുമോള്‍ & പെണ്ണമ്മ ) മരിച്ചാല്‍ പള്ളിയില്‍ അടക്കുകയാണെങ്കില്‍ ഞങ്ങളുടെ ആത്മാക്കള്‍ക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) ശുദ്ധീകരണസ്ഥലത്തിലെ കെടാത്ത അഗ്നിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധാഗ്നിയിലേക്ക് ഒരിക്കലും പ്രവേശനം കിട്ടില്ല എന്ന് ഇതിനാല്‍ തര്യപ്പെടുത്തി കൊള്ളുന്നു. ആയതിനാല്‍ ഞങ്ങള്‍ മരിച്ചാല്‍ തൃശ്ശൂരിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കേണ്ടതാണ്. ചാരം പുഴയിലൊഴുക്കി പുഴ വൃത്തികേടാക്കുന്ന പക്ഷം ഞങ്ങളുടെ നരക പ്രവേശനം ത്വരിതപ്പെടും. ആതിനാല്‍ ചാരം ശ്മശാനത്തില്‍ തന്നെ കളയുക. ചാരം കളഞ്ഞീട്ടു പോരാന്‍ കഴിയാത്ത വിധം ആരെങ്കിലും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ ചാരം ശേഖരിച്ച് മുറ്റത്തിന്റെ തെക്കേ മൂലയ്ക്ക് കുഴിയെടുത്ത് ചാരം അതിലിട്ട് ഒരു റ്റിxഡി തെങ്ങ് വയ്ക്കുക. തെങ്ങ് കായ്ക്കുമ്പോള്‍ ‍ആ നാളികേര പാലെടുത്ത് പീനെ കൊളാഡ ഉണ്ടാക്കി കുടിക്കുക. ഈ പീനെ കൊളാഡ കുടിയ്ക്കുന്ന ആള്‍ക്ക് യതി പറഞ്ഞതുപോലെയുള്ള ചെമ്പുകമ്പി പ്രഭാവം പോലെയും, മാധവിക്കുട്ടി(കമലസുരയ്യ) പറഞ്ഞതുപോലുള്ള പക്ഷിയുടെ മണം പോലെയും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടും.

ഈ മരണപത്രം അഥവാ സത്യവാങ്ങ്മൂലം സംയുക്തമായി ഒപ്പുവയ്ക്കുന്നത്

ഒപ്പ് (കുഞ്ഞുമോള്‍)
ഒപ്പ് (പെണ്ണമ്മ)