Sunday, June 21, 2009

രാസത്തോട്ടം (Chemical Garden)

ട്യേ കുഞ്ഞോളേച്ച്യേയ് നീ എന്തോരം കാലായി സൂവില് കൊണ്ടുവാന്ന് പറഞ്ഞട്ട് ഞങ്ങളെ പറ്റിക്ക്‍ണു

മഴ്യോക്കല്ലടാ മോനച്ചാ. . പകരണ രോഗങ്ങളൊക്കിണ്ടാവണ സമയണിത്. ഇനി മഴക്കാലങ്ങട് കഴിയട്ടെ എന്നട്ട് പൂവാം സൂവില്‌ക്ക്. നീങ്ങളീ ഈ ചെട്യോള്‍ക്ക് വെള്ളൊഴിക്കാന്‍ കൂട്യാ ഇന്ന് വേറൊരു സൂത്രം കാണിച്ചരാം.

ആദ്യം സൂത്രെന്തൂട്ടാന്ന് പറയ് എന്നട്ട് തീരുമാനിക്കാം വെള്ളൊഴിക്കണോ വേണ്ട്യോന്ന്.

സൂത്രെന്തുട്ടാച്ചാ ഇമ്മടെ പൂന്തോട്ടം പോലെ ഒരു രാസത്തോട്ടം ഇണ്ടാക്കി കാണിച്ചരാം

രാസത്തോട്ടാ? അതെന്തൂട്ടാണ്?

ആദ്യം നീങ്ങള് പൂന്തോട്ടത്തില്‍ വെള്ളൊഴിക്കറാ കുതരോളേ.അതു കഴിഞ്ഞട്ട് രാസത്തോട്ടത്തിനള്ള വെള്ളം വെക്കാം.

ഒക്കെ ഡണ്‍. ഗയ്‌സ് അറ്റാക്ക്


കുഞ്ഞോളേച്ച്യേ ദേ ഈ റോസേമേ എന്തൂട്ടാ ഒരു വെളുത്തപ്പൊടി?

നോക്കട്ടെ.. ആ അത് ഒരു തരം പൂപ്പലാണെടാ. powdery Mildew ന്ന് ഇംഗ്ലീഷില്‍ പറയും. ഇന്നാള് ഇമ്മടെ കുമ്പളത്തിലൊക്കെ വന്നിലേ അതുപോലത്ത്യെന്നെ. അത് ഇമ്മക്ക് ശര്യാക്കാം. നീ പോയി കൊറച്ച് അപ്പക്കാരോം സോപ്പും എടുത്തട്ട് വാ.(1)

വണ്‍ ഡൌട്ട് കുഞ്ഞോളേച്ചി, വാട്ടീസ് അപ്പക്കാരം?

എന്റപ്പാ! ഈ സായിപ്പ് ക്ടാങ്ങളെക്കൊണ്ട് തോറ്റു. അപ്പക്കാരം‌ന്ന് വച്ചാ ബേക്കിങ് സോഡാ‌. പെണ്ണമ്മിച്ചി ഉണ്ണ്യപ്പം സോഫ്റ്റാവാന്‍ ഇടണ വെളുത്ത പൊടീലേ അദ്.

ആ കിട്ട്യാ.. എന്നാ ഇമ്മടെ ചെടിക്ക് മരുന്നടിക്കണ പാത്രത്തില് ഒരു ലിറ്റര്‍ വെള്ളെടുത്തട്ട് അര ടീസ്പൂണ്‍ അപ്പക്കരം അതിലിട്. കൊറച്ച് സോപ്പുവെള്ളോം ഒഴിച്ചോ

സോപ്പും വെള്ളം എന്തോരം വേണം?

ആ ഒരു കാല്‍ ലിറ്റര്‍ ഒഴിച്ചേക്ക്. എന്നട്ട് നന്നായി കുലുക്കി വെള്ളപൊടി കാണണ റോസേമ്യോക്കെ അടിച്ചോട്‌ക്ക്. അത് പൊക്കോളും ഇല്ല്യാച്ചാ അടുത്താഴ്ച ഒന്നൂടി അടിക്കാം.

ഇവിട്യൊക്കെ നനച്ച് കഴിഞ്ഞു. ഇനി വേഗം രാസതോട്ടണ്ടാക്കി കാണിക്കറീ കുഞ്ഞോളേച്ച്യേ ഞങ്ങളെ പറ്റിക്കണ്ട്


******************

ഒക്കെ ഗയ്സ് രാസതോട്ടം അഥവാ കെമിക്കല്‍ ഗാര്‍ഡന്‍ ഇണ്ടാക്കാനുള്ള സാധങ്ങള്‍ നമുക്ക് ആദ്യം സംഘടിപ്പിക്കാം(2). ആദ്യായിറ്റ് ഒരു പാത്രം വേണം. കുഞ്ഞുമോഞ്ചേട്ടന്റെ പഴയ ആ ഫിഷ്‌ടാങ്ക് തരോന്ന് ചോയ്‌ച്ചോക്ക് മോനച്ചാ.

ഒക്കെ ഡണ്‍. കിട്ടി.

പോസ്റ്ററൊട്ടിക്കാനിണ്ടാക്കണ മൈദകുറുക്കിലിടാന്‍ കുഞ്ഞച്ചന്‍ കൊണ്ടന്ന് വച്ചേക്കണ തുരിശ് (copper (II) sulfate)കൊറച്ചെടുത്തോണ്ടാ പൊന്നൂസേ. കുഞ്ഞി പോയിറ്റ് ബാറ്ററീലൊഴിക്കണ ഡിസ്റ്റില്‍ഡ് വാട്ടര്‍ എടുത്തോണ്ടാ. ആ സീയാപ്പീരെ പുരികം പ്ലക്കറും എടുത്തോറാ.
അപ്പോ സാധനങ്ങളൊക്ക്യായി. ബാക്കീള്ള കെമിക്കല്‍‌സ് ഞാന്‍ സംഘടിപ്പിച്ചണ്ട്.
ആദ്യം ഇമ്മക്ക് ഈ ഫിഷ്‌ടാങ്കിനെ ഒന്നു സുന്ദര്യാക്കാം. അടീല് കൊറച്ച് മണലിട്ടോറാ മോനച്ചാ

ഇത്ര മത്യാ?

മതി കൊറച്ച് കക്കീം കല്ലും കൂടി ഇട്ടോ.
ആ ഗുഡ്.
ഇനി തോട്ട നിര്‍മ്മാണം
ഇതാണ് സോഡിയം സിലിക്കേറ്റ് ലായനി (aqueous sodium silicate or sodium metasilicate) . അതൊരു 150 മില്ലി എടുത്ത് 100 മില്ലി ഡിസിറ്റില്‍‌ഡ് വാട്ടറില്‍ ഒഴിക്കറാ മോനച്ചാ. എന്നട്ട് നന്നായി ഇളക്ക്.
ഒക്കെ ഇനിയത് ഇമ്മടെ ഫിഷ്‌ടാങ്കില്‍‌ക്ക് ഒഴിക്കാം. ഇനി സൂക്ഷിച്ച് ആ തുരിശിന്റെ ഒരു കുഞ്ഞ്യേ കഷ്ണമെടുത്ത് ഈ ടാങ്കില്‍ക്കിട് പൊന്നൂസേ
ഞാനിടാം
എന്നാ കുഞ്ഞീട്. ആ പ്ലക്കറോണ്ട് എടുത്ത് സാവധാനത്തില്‍ സൂക്ഷിച്ച് ഇട്.
ഒക്കെ ഇപ്പോ അത് വളരാന്‍ തുടങ്ങും നോക്കിക്കോ.

ഹായ് എന്തു ഭംഗ്യാ നല്ല തുരിശ് കമ്പോള്

തോട്ടാവുമ്പോ പല നെറത്തില്‌ള്ള ചെടികളിണ്ടങ്കെ അല്ലെ രസം. അതോണ്ട് ഞാന്‍ കൊറേ കളറിലിള്ള കെമിക്കല്‍ കൊണ്ടന്നണ്ട്. ദേ ഇത് നോക്ക്യേന്‍ പച്ച നെറത്തിലിള്ളത് നിക്കല്‍ നൈട്രേറ്റ്, പിങ്ക് - മാന്‍‌ഗനീസ് ക്ലോറൈഡ്, വെള്ള - കാത്സ്യം ക്ലോറൈഡ്, മഞ്ഞ -ഫെറിക് ക്ലോറൈഡ്. ഇനി സൂക്ഷിച്ച് ഒരോന്നൊരോന്നായി ഒരോ സ്ഥലത്ത് ഇട്ടോട്‌ക്ക്. ഒന്നുമ്മേ ഒന്ന് തൊടാതെ ഇടണം‌ട്ടാ. തൊട്ടാല്‍ പിന്നെ എല്ലാം കൂടെ കലങ്ങി ചെടികള്‍ നന്നായി വളരില്ല.

കണ്ടകണ്ടാ! ദേ എല്ലാം വെലുതാവ്‌ണു.

ആ ഇനി അതവടിര്‌ന്ന് വെല്‌താവട്ടെ. ഇമ്മക്കതിന്റെ കെമിസ്ട്രി എന്തൂട്ടാന്ന് നോക്കാം. ആര്‍ക്കാണ് അത് പറയാന്‍ പറ്റാ?

ഞങ്ങള് ഈ കെമിക്കല്‍ ഗാര്‍ഡന്‍ തന്നെ ആദ്യായിറ്റ് കാണ്‌ണ് അപ്പോഴ്‌ണ് കെമിസ്ട്രി. കുഞ്ഞോളേച്ച്യനെ പറ.

അതായത് ഇമ്മളിപ്പോ ഈ തുരിശും മറ്റ് കെമിക്കല്‍ ക്രിസ്റ്റലുകളും സോഡിയം സിലിക്കേറ്റിന്റെ ലായനിയിലേയ്ക്ക് ഇട്ടല്ലോ. അപ്പോ ആ ക്രിസ്റ്റലുകള് അലിയാന്‍ തുടങ്ങി. അതേ സമയം തന്നെ ആ ക്രിസ്റ്റലുകളുടെ അഥവാ മെറ്റല്‍ ലവണങ്ങളുടെ (metal salts) സിലിക്കേറ്റ് ഹൈഡ്രേറ്റും (silicate hydrate) ഉണ്ടായി. ഈ സിലികേറ്റ് ഹൈഡ്രേറ്റുകള് അര്‍ദ്ധ സുതാര്യസ്തരങ്ങളാണ് (semipermeable membran). പുറത്തുള്ള ലായനിയും ഈ സ്തരത്തിന്റെ അകത്തുള്ള ലായനിയും തമ്മില്‍ ഉണ്ടാകുന്ന ഗാഡതാ (concentration) വ്യത്യാസം ഉണ്ടാക്കുന്ന ഓസ്മോട്ടിക് മര്‍ദ്ദം (osmotic pressure) കാരണം വെള്ളം പുറത്ത് നിന്ന് സ്തരത്തിനകത്തേയ്ക്ക് ഓസ്മോസിസ് വഴി കടക്കും. അപ്പോ ക്രിസ്റ്റല്‍ കൂടുതല്‍ അലിയും. അകത്ത് കടക്കുന്ന വെള്ളം ഈ സ്തരത്തിനെ ദുര്‍ബലപ്പെടുത്തി അതിനെ അല്‍പ്പം മുകളിലേക്ക് തള്ളും. അങ്ങനെ അങ്ങനെ ആണ് ഈ രാസത്തോട്ടത്തിലെ ചെടികള്‍ വളരുന്നതത്രേ.

വാട്ട്!

ആ.. സായിപ്പിനൊന്നും മനസ്സിലായില്ല്യാല്ലേ. എന്നാ നീ ദേ ദിദ് (3)വായിച്ച് പഠിക്ക്. വാടാ ക്ടാങ്ങളെ ഇമ്മക്ക് രാസത്തോട്ടം എന്തായി നോക്കാം.

നല്ല ഭംഗീണ്ട്ട്ടാ.

ഇനി ഇമ്മക്കിതിന്റെ ഈ സിലികേറ്റ് ലായനി കളഞ്ഞ് നല്ല വെള്ളം നെറച്ച് വെയ്ക്കാം. ഒരു വെള്ളത്തിന്റെ ഓസ് എടുത്ത് അത് ടാങ്കില്‍ ഇട്ട് പതിയെ വെള്ളം നെറയ്ക്കാം. ചെടികള്‍ പൊട്ടാതെ സൂക്ഷിക്കണം. വെള്ളം നിറഞ്ഞ് സോഡിയം സിലിക്കേറ്റ് എല്ലാം പോയി എന്ന് തോന്നിയാല്‍ ടാങ്കെടുത്ത് ആ ടീപോയില് വച്ചട്ട് നിങ്ങള് കളിക്കാന്‍ പൊക്കോ. ഞാനീ ചീര പാവട്ടെ.


******************
1. ബേക്കിംഗ് സോഡയും സോപ്പിന്റേയും മിശ്രിതത്തിന്റെ കൂടെ അല്‍പ്പം സസ്യ എണ്ണയും ഉപയോഗിക്കാം. ഇതൊരു ജൈവനിയന്ത്രണരീതിയാണ്. powdery Mildew നിയന്ത്രിക്കാന്‍ ധാരാളം ഫഗിസൈഡുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

2. മാജിക് റോക്സ് എന്നപേരില്‍ കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുവാനുള്ള കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

3.J. Colloid Interface Sci. 256, 351-359, 2002

******************

സ്കൂള്‍ എക്സിബിഷനു കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കി തരാമോ എന്ന് ചോദിച്ച് നടന്ന കുഞ്ഞൂഞ്ഞിന് ഈ പോസ്റ്റ് സമര്‍പ്പണം. അവന്‍ അത് ചോദിച്ച സമയത്ത് ഉണ്ടാക്കി കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കുറ്റബോധം ഇങ്ങനെ തീര്‍ത്തു.

Thursday, June 11, 2009

തട്ടുമ്പുറത്തെ വിമാനം അഥവാ ലാവ്‌ലിന്റെ 400 കോടി

പണ്ട് പണ്ട്

പെണ്ണമ്മിച്ചി സ്കൂളില്‍ പഠിക്കുന്ന കാലം.
നുണവീരത്തി - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - ശരിയ്ക്കും (കുഞ്ഞു കണ്ണുകളില്‍ അത്ഭുതം)


പിന്നെ കുഞ്ഞുണ്ണിയുടെ സ്കൂള്‍ കാലം
നുണവീരന്‍ - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - കൊറച്ച് കൊറക്കാന്‍ പറ്റോ

നുണവീരന്‍ -അത്ര്യല്ല ഇത്രള്ള വിമാനം

കോറസ് - ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണവീരന്‍ - ശരിയ്ക്കും ഇത്രണ്ട്

കോറസ് - ഒരു ശിമി‌ല്‌ക്കും കൂടി കൊറക്കറാ പ്ലീസ്

നുണവീരന്‍ - ദാ ദിത്രണ്ട്. ഇനി കൊറക്കാന്‍ പറ്റില്യാ

കോറസ് - പ്ലീസ് ടാ കോറച്ചൂടെ ശ്രമിച്ചോക്ക്. ചെലപ്പോ നിനക്ക് പറ്റൂറാ

*************************
ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു "history tends to repeats itself" G. W. F. Hegel
*************************

പണ്ട്

ഇലക്ഷനു മുന്‍പ്
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - ശരിയ്ക്കും ( മൂക്കത്ത് വിരല്‍)


ഇപ്പോള്‍ ഇലക്ഷനു ശേഷം
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - കൊറച്ച് കൊറയ്ക്കാന്‍ പറ്റോ

നുണരമ - അത്ര്യല്യ നൂറ്റമ്പത്തൊമ്പത് കോടിയുടെ അഴിമതി

കോറസ് -ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണരമ - ശരിയ്ക്കും തൊണ്ണൂറ്റാറ് കോടിയുടെ അഴിമതിയാണ് നടന്നത്

കോറസ് -ഒരു ശിമി‌ലിക്കും കൂടി കുറക്കെന്നേ പ്ലീസ്..

നുണരമ - പന്ത്രണ്ട് കോടിയുടെ അഴിമതി എന്തായാലും നടന്നീട്ടുണ്ട്.

കോറസ് - പ്ലീസ് ഒന്നൂകൂടെ ശ്രമിച്ച് നോക്ക്. ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.

*************************
[ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു. ] ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും - [History tends to repeat itself.] the first time as tragedy, the second time as farce. -karl marx
*************************

Tuesday, June 9, 2009

കടത്തികൊണ്ട് പോകപ്പെട്ട രാഹുല്‍‌മാര്‍ (Changeling)

ഞങ്ങടോടത്തെ പെണ്ണുങ്ങള്‍ക്ക് വളര്‍ത്ത് മൃഗങ്ങളെ തീരെ ഇഷ്ടമല്ല. കുഞ്ഞാപ്പിക്കാണെങ്കില്‍ അറപ്പാണ്. അവളുടെ രണ്ടാം ക്ലാസ്സിലെ വലിയ സ്കൂള്‍പൂട്ടിന്റെ സമയത്ത് ഞങ്ങടോടെ എവിടന്നോ ഒരു കുഞ്ഞി പൂച്ച കയറി വന്നു. വെളുത്ത ഉടലും കറുത്ത ചെവിയുമൊക്കെയായി നല്ല ഓമനത്തമുള്ള ഒന്ന്. വല്യമ്മിച്ചി കിട്ടിയ സ്പീഡില്‍ അതിനെ ഓടിച്ച് വിടാന്‍ നോക്കി. എന്തോ അത് പോയില്ല. ഒരൂസം നോക്കുമ്പോള്‍ അത് കുഞ്ഞാപ്പിയുടെ കിടക്കയില്‍ കയറി കിടക്കുന്നു. ആദ്യമാദ്യം അതിനെ അടിച്ചോടിച്ചെങ്കിലും പിന്നെ പിന്നെ അവളും അതും നല്ല കൂട്ടായി. അവളുടെ കിടപ്പു വരെ അതിന്റെ കൂടെയായി. പൂച്ചരോമം വയറ്റില്‍ പോയാല്‍ ക്യാന്‍സര്‍ വരുമെന്നൊക്കെ പറഞ്ഞ് വല്യമ്മിച്ചി പേടിപ്പിച്ച് നോക്കിയെങ്കിലും അവള് മൈന്‍‌ഡ് ചെയ്തില്ല. മിക്കവാറും നേരം അതിനോടായി കിന്നാരം. അതിനൊരു പേരുമിട്ടു; അപ്പു. ഒരൂസം മീന്‍‌കാരന്‍ വന്നപ്പോള്‍ വല്യമ്മിച്ചിയുടെ കൂടെ അവളും അപ്പുവും കൂടി നടേപ്പൊറത്ത് വന്നു. വല്യമ്മിച്ചി മീനും വാങ്ങി അകത്തു കയറി കൂടെ കുഞ്ഞാപ്പിയും. അപ്പൂവിനെ അവള്‍ കുറേ വിളിച്ചു. അതുപക്ഷേ കൂസാതെ പടിയില്‍ തന്നെ ഇരുന്നു. ഒരഞ്ച് മിനുട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അപ്പൂനെ കാണാനില്ല. അവള്‍ നോക്കാത്ത സ്ഥലമില്ല. പിന്നെ കരച്ചിലായി, ഏങ്ങലടിയായി, അവസാനം പനി വരെ വന്നു. അവളുടെ സങ്കടം കണ്ട് പെണ്ണമ്മിച്ചി അങ്ങടിയായ അങ്ങടിയും എല്ലാ വീടുകലും അരിച്ച് പെറുക്കി. എവിടെ കിട്ടാന്‍! അവിടെ ഒരു ചെക്കന് പൂച്ചയെ പിടിച്ച് കൊണ്ട് പോയി കൊന്നു തിന്നുന്ന സ്വഭാവമുണ്ടായിരുന്നു, അവന്‍ പിടിച്ച് കൊണ്ട് പോയിട്ടുണ്ടാകും എന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. അതല്ല വേറൊരുത്തന് നല്ല ക്യൂട്ടായ പൂച്ചകളെ പിടിച്ചു കൊണ്ടുപോയി വളര്‍ത്തണ സ്വഭാവം ഉണ്ടെന്നും അപ്പു അവന്റെ വീട്ടില്‍ ഉണ്ടെന്നും കുട്ടന്‍ പറഞ്ഞു. ഇതൊന്നും കുഞ്ഞാപ്പി വിശ്വസിച്ചില്ല. അപ്പു വഴി തെറ്റി പോയതാവുമെന്നും ഒരൂസം വരുമെന്നും അവള്‍ കുറേ കാലം വിശ്വസിച്ചു. ഇപ്പോഴും വെളുപ്പും കറുപ്പുമുള്ള ഏത് പൂച്ചയെ കണ്ടാലും അവള് പോയി അപ്പൂന്നൊന്ന് വിളിച്ച് നോക്കും. അതിനു ശേഷം വളര്‍ത്ത് മൃഗങ്ങള്‍ എന്ന് കേട്ടാല്‍ ഞങ്ങടോടത്തെ എല്ലാ അമ്മിച്ചിമാരും ചൂലെടുക്കും.

പിന്നൊരു സ്കൂള്‍‌പ്പൂട്ടിനാണ് ഞങ്ങളെല്ലാരും കൂടി കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍‌താടികള്‍ കാണാന്‍ പോയത്. അന്ന് വാവാച്ചിയ്ക്കും കാക്കോത്തിയ്ക്കുമായി ഞങ്ങടോടത്തെ പെണ്ണുങ്ങളെല്ലാം കയ്യും കണക്കുമില്ലാതെ കരഞ്ഞു. കണ്ണ്‍ നിറഞ്ഞതൊക്കെ കണ്ണട വച്ച് അഡ്ജസ്റ്റ് ചെയ്ത് കുഞ്ഞച്ചന്‍ പറഞ്ഞു. “എന്തൂട്ട് പടാണിത്.ഇമ്മാതി പടങ്ങള്‍ക്ക് മേലാല്‍ വിളിച്ചാലുണ്ടല്ലോ. മനുഷ്യന്റെ കയ്യിലേ കാശും പോയി, ബാക്കീണ്ടാര്‍ന്ന സമാധാനോം പോയി.”

മറ്റൊരു സ്കൂള്‍പ്പൂട്ടിനാണ് ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുലിനെ ക്രിക്കറ്റ് കളിച്ച് കൊണ്ട് നില്‍ക്കേ കാണാതായത്. അഭയക്കേസിനെക്കാളും തീവ്രതയോടെ വല്യമ്മിച്ചിയും കുഞ്ഞോളേച്ചിയും കുഞ്ഞാപ്പിയും, എന്നു വേണ്ട പത്രത്തിന്റെ ഉപയോഗം ഉണക്കമാന്തളിന്റെ ഉപ്പുകളയുന്നത് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന മറ്റെല്ലാ പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ ചരമകോളവും അപകടങ്ങളും മാത്രമേ വായിക്കൂ എന്ന് കളിയാക്കിയിരുന്ന എല്ലാ ആണുങ്ങളും ആ വാര്‍ത്തയെ പിന്തുടര്‍ന്നു. ഞാറാഴ്ചകളിലൊക്കെ രാഹുലിന്റെ അമ്മ മിനിയുടെ ദു:ഖം ഞങ്ങടോടേയും ദു:ഖമായി. 2009 ഏപ്രിലില്‍ റോജോ കുറ്റക്കാരനല്ലായെന്നും തങ്ങള്‍ക്ക് കേസു തെളിയിക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞപ്പോള്‍ എന്നെങ്കിലും രാഹുല്‍ തിരിച്ച് വരും എന്ന് വല്യമ്മിച്ചി ആത്മഗതം നടത്തി.

മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ചേഞ്ചിലിങ് (Changeling)എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

ഇതിനുമൊക്കെ ഒരുപാട് മുന്‍പേ കാലിഫോര്‍ണിയായില്‍ മറ്റൊരു കുട്ടി, വാള്‍ട്ടര്‍, കടത്തികൊണ്ട് പോകപ്പെടുയും കുട്ടിയെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വരുത്തിയ വലിയ പിഴവുകളും തെറ്റുകളും ലോസ് ആഞ്ചത്സ് പോലീസില്‍ അക്കാലത്ത് നടന്നിരുന്ന വമ്പന്‍ അഴിമതികളും സ്ത്രീകളോടും ദുര്‍ബലരവിഭാഗങ്ങളോടുമുള്ള രണ്ടാം തരം സമീപനവും പുറത്ത് കൊണ്ട് വന്നു. പോലീസിനാല്‍ മാനസിക രോഗിയായി പീഡിപ്പിക്കപ്പെട്ട ക്രിസ്തീന പിന്നീട് പോലീസിനെതിരെ കേസു ക്കൊടുക്കുകയും കേസ് ജയിക്കുകയും ചെയ്തെങ്കിലും വാള്‍ട്ടര്‍ മരിച്ചോ ഇല്ലയോ എന്നറിയാതെ തന്റെ ജീവിതം തീര്‍ത്തു. ഈ യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അക്കാലത്തെ പുരുഷാധികാരം രണ്ടാംതരമായി കണ്ടിരുന്ന സ്തീയുടെ അവസ്ഥയെ കേന്ദ്രീകരിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് (Clint Eastwood) സംവിധാനം ചെയ്ത സിനിമായാണ് ചേഞ്ചിലിങ് . ക്രിസ്തീന കോളിന്‍സിന്‍‌സായി ആഞ്ചലീന ജോളി ( Angelina Jolie) വല്യമ്മിച്ചിയെ വരെ ഉറങ്ങാതെ രണ്ടര മണിക്കൂര്‍ പിടിച്ചിരുത്തി കളഞ്ഞു.

സ്വന്തമായി വളര്‍ത്തിയ ഒരു കുഞ്ഞു പൂച്ചയുടെ തിരോധാനം അല്ലെങ്കില്‍ നമുക്കൊരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനെ കടത്തി കൊണ്ട് പോയത് പോലും നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. സ്വന്തം വീട്ടിലും വളരുന്ന കുഞ്ഞുകളെ ഓര്‍ത്തായിരിക്കും ഈ ആധി. അപ്പോള്‍ സ്വന്തം കുഞ്ഞിനെ കാണാതാകാവുകയും അതിനു പകരം മറ്റൊരു കുഞ്ഞിനെ സ്വന്തം കുഞ്ഞായി അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു അമ്മയുടെ മനസ്സ് എന്തായിരിക്കും. ആ അമ്മയായി മാറാന്‍ ആഞ്ജലീന ജോളിയ്ക്ക് കഴിഞ്ഞു. 2009 ലെ മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും നേടി. കുഞ്ഞുമോള്‍ ആഞ്ജലീനയ്ക്ക് വേണ്ടി ബെറ്റും വച്ചു. പക്ഷേ അതിലും മികച്ച അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് ഇത്തവണ അവാര്‍ഡ് നേടി.

പ്രധാനമായും സ്ത്രീകള്‍ക്കെതിരെ (ആണ്‍)അധികാരം നടത്തുന്ന അവമതികളും അതിനെതിരെ നിസ്സഹായായ ഒരു സ്ത്രീയുടെ പോരാട്ടവുമാണ്, കുഞ്ഞു നഷ്ടപ്പെട്ട ഒരമ്മയുടെ കഥയേക്കാള്‍ ചേഞ്ചിലിങ് കേന്ദ്രീകരിക്കുന്നതെന്നതിനാന്‍ ക്രിസ്റ്റീന കോളിന്‍സ് പോലീസ് അധികാരികളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങളും പീഡനങ്ങളാണ് സിനിമയുടെ അധികം ഫ്രൈമുകളും. എന്നാല്‍ കുഞ്ഞ് മരിച്ചു എന്ന് കേള്‍ക്കാന്‍ മനസ്സിനെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന അമ്മയോട് അതിനു പകരം അവനെ തിരിച്ചു കിട്ടി എന്ന് പോലീസ് അറിയിക്കുമ്പോള്‍ എന്തൊക്കെ വികാരങ്ങളാണോ അമ്മയ്ക്കുണ്ടാകുന്നത് അതെല്ലാം ഡയലോഗില്ലാത്ത ഒറ്റൊരു ഫ്രേം കൊണ്ട് ആഞ്ജലീന പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു.

മാനസീകാരോഗ്യകേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെടുന്ന നിസ്സഹയായ സ്ത്രീയായും അധികാരത്തിനെതിരെ പോരാടാന്‍ ഉറച്ച മനസ്സുള്ളവളായും തന്റെ മകന്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയുള്ളവളായും അഭിനയത്തില്‍ വളരെ മികച്ചു നിന്ന ക്രിസ്റ്റീന കോളിന്‍സ് എന്ന കഥാപാത്രം ആഞ്ജലീനയുടെ കാരിയറിലെ ബെസ്റ്റ് എന്ന് തന്നെ പറയാവുന്നതാണ്.

********************************
ബെറ്റ് തോറ്റു. മോരിലെ പുളീം പോയി. അതാണ് എഴുതത്രങ്ങട് ഗുമ്മാവത്തെ. അല്ലാണ്ട് കുഞ്ഞുമോള്‍ക്ക് ഉണ്ണിമോള്‍ടത്ര എഴുതാനറിയാണ്ടൊന്നല്ല.

********************************
പടം -വിക്കിയില്‍ നിന്ന്
സിനിമാത്തരം -2 അനസൂയ

Sunday, June 7, 2009

കിണ്ടി..കിണ്ട്യേയ്

ഈ ചോദ്യത്തില്‍ കാര്യമുണ്ടല്ലോടീ കുഞ്ഞോളേ

എന്തൂട്ട് ചോദ്യം?

ഭക്ഷണപ്രിയന്റെ ചോദ്യേ. സെക്സി ആയ ആണിനെ എന്ത് വിളിക്കുംന്ന് ചോയ്‌ക്കണു.

അയിലിപ്പോ ചോയ്ക്കാനെന്തിരിക്കുന്നു, കിണ്ടി.

ങേ!?

കിണ്ടി.. കിണ്ട്യേയ് ന്ന് കേട്ടട്ട്‌ല്ലേ ആ കിണ്ട്യന്നെ

എന്ന്വച്ചാ?

ഓ എന്റെ പെണ്ണമ്മിച്ച്യേയ് ഞാന്‍ പറഞ്ഞണ്ട് ഇത് പെണ്ണമ്മിച്ചി സ്കൂളില്‍ പഠിപ്പിച്ചേര്‍ന്ന കാലൊന്നല്ലാന്ന്
സെക്സിയായ ചെക്കന്മാരെ വിളിക്കണ പേര്‌ണ് കിണ്ടി. ഒറ്റ പ്രശ്‌നൊള്ളോ. ഇങ്ങനെ വിളിക്കാന്‍ പറ്റണ മൊതിലോളെ ക്യാമ്പസോളിലൊന്നും മഷീട്ട് നോക്യാ കിട്ടില്യാ. ഡിഗ്രിയ്ക്കാവുമ്പ‌ഴ്ക്കും എല്ലിച്ച ചെക്കമാര്‍ക്കും കൂടി ഒരു കുഞ്ഞ്യേ കൊടവയറെങ്കിലും കാണും.പിന്നെ ബുദ്ധികൂട്യ വകേല് വീത്യള്ള നെറ്റീം ഭാഗ്യനരേം.

എന്റെ തമ്പ്‌രാനെ! കാലം പോയൊരു പോക്കേ. പണ്ടൊക്കെ കൊടവയറും കഷണ്ടീമൊക്കെ പുരുഷലക്ഷണങ്ങളാര്‍ന്നു. ഇപ്പോ ഇതൊന്നുമായാ കിണ്ട്യാവില്യാന്ന്ണ് നീയൊക്കെ പറയണേ?

അല്ലപിന്നെ വെറ്‌തീന് ആമീര്‍ ഖാന്‍ വരെ 6 പാക് മസ്സിലൊണ്ടാക്കണെ.അല്ലാ ഏത്‌ണീ പണ്ടൊക്കേന്ന് പറയണ കാലം? നീയൊരു സെക്സിയാന്ന് ഏതെങ്കിലും പെണ്ണിനോട് പറഞ്ഞാല്‍ ആ പെണ്ണ് പിന്നെ ഒരാഴ്ച പനിച്ച് കെടന്നേര്‍ന്ന കാലല്ലേ അത്? പറഞ്ഞോന്‍ വായനോക്കിയും. അല്ല ..അല്ല.. വിടന്‍. പെങ്കുട്ട്യോളൊക്കെ മാറീലേന്റെ പെണ്ണമ്മിച്ച്യേ. അതൊക്കെ പോട്ടെ ഈ സാരി നിനക്ക് നല്ല ഭംഗീണ്ടെന്ന് ഏതെങ്കിലും മലയാളി വനിതയോട് ‘ഒരന്യപുരുഷ്യന്‍’ പറഞ്ഞാല് ‘ഈ പണ്ട്’എന്തായേനെ പുകില്?

പണ്ട്ന്ന്വച്ചാ പെങ്കുട്ട്യോള്‍ക്ക് പേട്യല്ലേ. സ്വന്തം ശരീരത്തിനോട് പോലും പേടീന്. അതോണ്ടാവും. ഇപ്പഴൂലേ അങ്ങന്‌ത്തെ പെങ്കുട്ട്യോള്?

അതോണ്ടായാലും, ഇതോണ്ടായാലും, ഇപ്പോ ഇണ്ടായാലും കാര്യല്യാ. മിടുക്കത്ത്യോളൊക്കെ നല്ല അസ്സലായിറ്റ് മാറി.‘ഈ ചുരിദാറില്‍ നീ സുന്ദര്യായിണ്ട്‌’ന്ന് പറഞ്ഞാല്‍ ‘താങ്ക്സ് ചുള്ളാ’ന്ന് ചമ്മാണ്ട് പറയാന്‍ പറ്റണ അസ്സല് ചുള്ളത്ത്യോള്.

പഴേ തലമുറ്യോന്നുനി മാറില്യാ. പുത്യേ കുട്ട്യോള് മിടുക്കികളാവട്ടെ. അതു പോട്ടെ ഈ കിണ്ടിക്ക് നീയൊരുദാഹരണം പറഞ്ഞേന്‍.. ജയന്‍?

അയ്യന്റമ്മേ കൊല്ല് കൊല്ല്. ഇപ്പഴും എണ്ണ തേച്ച മസിലും വച്ച് കുതിരേന്നെ ഉഴിയണ ശരപഞ്ചരം ജയനെ മാത്രേ ഓര്‍മ്മീളോ?

സില്‍‌വസ്റ്റര്‍ സ്റ്റാലന്‍?

ദേ പിന്നിം ശിലായുഗം. കൊറച്ച്,ഒരിത്തിരി,ഒരു ലേശം കൂടീം മുന്നില്‍ക്ക് പോരാന്‍ പറ്റോ?

മമ്മൂട്ടി

ത‌മ്പ്‌രാനേ! ലോകത്ത് വേറാരൂലെങ്കെ മമ്മൂട്ടി കിണ്ടീന്

എന്നാ നീ പറ

ഇമ്മടെ പണ്ടത്തെ ഷോണ്‍ കോര്‍ണറി,ബ്രാഡ് പിറ്റ്. ഋത്വിക് റോഷന്‍ തരക്കേടില്യാ. പക്ഷേ അഭിനയിക്കാനറിഞ്ഞൂടാ. പിന്നെ സൂര്യ. ഓ ചെല പോസിലു ചുള്ളന് ഒടുക്കത്തെ ഗ്ലാമറാണ്. പിന്നീണ്ട് ഇപ്പോ പറഞ്ഞാ ശര്യാവില്യാ. പിന്നെ പറയാം.

അപ്പോ മലയാളികളാരൂല്ലേറീ?

ഇണ്ടല്ലോ. പ്രഥ്വിരാജ്. പക്ഷേ കമ്മീസിടണം*. കമ്മീസിട്ടാലിണ്ടല്ലോ പൃഥി ഒരു ഒന്നൊന്നര കിണ്ടീന്.

********************************

* വെറ്‌തേ. ആള് ശരിയ്ക്കും കിണ്ടീണ്‌ന്നാണ് സിയാപ്പീം മറ്റാപ്പ്യോളും പറയണേ. ആ കഥ പിന്നൊരൂസം പറയാം.

********************************

അപ്പോ ചോദ്യം - ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പിഹിപ്പിയുടെ ഒറിജിനല്‍ രൂപത്തിന് പെങ്കുട്ട്യോള്‍ വിളിക്കുന്ന പേരെന്ത്?

Saturday, June 6, 2009

പാഷനും തൃഷ്ണയും പട്ടീരെ മൂടും

{അതിരാവിലെ എട്ടുമണി. കുഞ്ഞുമോള്‍ കിടക്കപ്പായയില്‍ നിന്നും എണീറ്റ് ആ ഉറക്കപ്പിച്ചില്‍ തന്നെ പത്രം വായിക്കുന്നു. പെണ്ണമ്മിച്ചി ചോറും കൂട്ടാനും ഉണ്ടാക്കുന്ന തത്രപ്പടില്‍. കുഞ്ഞുമോഞ്ചേട്ടന്‍ കുളി വിത് ബാക്ഗ്രൌണ്ട് മ്യൂസിക്.

“മൈനാകം കടലില്‍ നിന്നുയരുന്നുവോ..”

പെട്ടെന്ന് പെണ്ണമ്മിച്ചിയുടെ അലര്‍ച്ച}

എന്തൂട്ട് പണ്യാ മനുഷ്യനേ നിങ്ങളീ കാണിക്കണേ, ആ ക്ടാവ് എന്തോരം താലോലിച്ച് നോക്കണ ചെടീന്നീ കെടന്ന് വെട്ടണെ. ട്യേ കുഞ്ഞോളേ ഓടി വാടീ..ദേ അച്ചങ്കുഞ്ഞ് ദേ നിന്റെ ഫേഷന്‍ ഫ്രൂട്ടിന്റെ ചെടി വെട്ട്ണു.

ഫേഷനല്ലടീ പാഷന്‍. ‘ഫേഷന്‍ ഫേബ്രിക്സി’ന്റെ അല്ല ‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ . അഞ്ചാറ് മാസായി ഇതു പടര്‍ന്ന് പന്തലിച്ച് നിക്ക്ണു, ഇതേ വരെ ഒരു കായൂല്യാ പൂവൂല്യാ. ഫലം തരാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടുമെന്നല്ലേറീ കര്‍ത്താവീശോ മിശിഹാ പറഞ്ഞേക്കണത്. വെട്ടി തീയിലിടണേനും മുന്നേ ഒന്നു വെട്ടി പേടിപ്പിച്ച് നോക്കീത്‌ണ്.

എന്തൂട്ട് പ്‌ഫാ! ആയാലും പ്‌ഭാ! ആയാലും വേണ്ടില്ല. എന്തോരം വിറ്റാമിനും എന്തൂട്ടൊക്ക്യോ ആലക്കലോയിഡും(1) ഇള്ള കായീന്. എന്താണ്ട് ഗവേഷിക്കാനാന്ന് പറഞ്ഞ് വളര്‍ത്തണതാണാക്ടാവ്.എന്റെ തബ്‌രാനേ, അത് കട‌ക്ക‌ല്‍ന്നാ വെട്ടാന്‍ നോക്കണ കണ്ടാ. ഇന്നാ ക്ടാവ് നിങ്ങളെ ശര്യാക്കും. അതവടെ നിക്കണൊണ്ട് നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ? നിങ്ങടൊരു വെട്ടി പേടിപ്പിക്കല്.

{പത്രം വലിച്ചെറിഞ്ഞ് ഓടിവന്ന കുഞ്ഞോള്‍}

അയ്യോ അതിലു നെറച്ചും പൂവ്‌ണ്ട്. വെട്ടല്ലെ.. വെട്ടല്ലേ. പാഷന്‍ ഫ്രൂട്ട് ജൂസ് കൊടുത്താല്‍ ആസ്മയ്ക്ക് നല്ലതാന്ന് (2)ഇന്നാളൊരു പഠനം കണ്ടില്ലേ. സിയാപ്പീക്കൊന്നു പരീക്ഷിച്ച് നോക്കാന്‌ണ്.

തേങ്ങേരെ മൂട്‌ണ്. ശ്വാസം മുട്ടും ആസ്മീം മാറണങ്കെ ഡോക്ടറു പറയണ മരുന്ന് കൃത്യായിട്ട് കഴിക്കണം. ഇതെങ്ങ്‌ന്യാ.. ഒന്നെണീറ്റ് നിക്കാറാവുമ്പ്‌ഴ്‌ക്കും ഇംഗ്ലീഷ് മരുന്നാ നിര്‍ത്തി, കണ്ണീക്കണ്ട സിസ്റ്റുമാരും അച്ചന്മാരും തരണ പഞ്ചാരഗുളികേം പഞ്ചാരവെള്ളൊം കഴ്‌ച്ചാലൊന്നും ശ്വാസം‌മുട്ട് പൂവില്ല

അതല്ലാന്ന്.. അച്ചങ്കുഞ്ഞേ, ശ്വാസം മുട്ട് പോയില്ലെങ്കിലും വിറ്റാമിന്‍ സി കൊറച്ചവളുടെ വയിറ്റീ ചെല്ലൂല്ലോ. പിന്നെ ബയോടെകിലെ സ്നേഹിയ്ക്ക് ആന്റി കാന്‍സര്‍ന്റിം (3) ബ്ലഡ് പ്രഷറിന്റീം (4) ഒരു പഠനത്തിന്റെ ട്രയലു നോക്കാനും വേണം‌ന്ന് പറഞ്ഞ്‌ട്‌ന്ന് ഞാനിന്നാള് പെണ്ണമ്മിച്ച്യോട് പറഞ്ഞണ്ടാര്‍ന്നില്ലേ.

അയ്ശരി, അപ്പോ ഉറക്കല്യാത്തോര്‍ക്കള്ള സിറപ്പിണ്ടാക്കണ പണി നിര്‍ത്ത് ക്ടാങ്ങളേന്ന് പറഞ്ഞപ്പോ നീയൊക്കെ കൂടി ഗവേഷണാ തൊടങ്ങീലേ. എന്റെ പൊന്നബ്രാനെ ഈ ബുദ്ധി ആയുര്‍വേദ ഗുണ്ടഡി ചികിത്സേല് വന്നെങ്കെ എന്തോരം ഗുണണ്ടായേനെ! (5)
സത്യം‌പറഞ്ഞാ ഞാനതില് പൂവൊന്നും കണ്ടില്ല. അയിന്റെ ചോട്ടില്‍ നിക്കണ കുരുമൊളകിന് കൊറച്ച് വെളിച്ചം കിട്ടട്ടെ എന്ന്വച്ച് വെട്ടീതാണ്. ഇത്രക്കെ വിശേഷള്ള ചെട്യാച്ചാ വെട്ട്‌ണില്യാ. അവിട്യാ നിക്കട്ടെ

ഈ മനുഷ്യന്റെ ഒരു കാര്യം. ജാതീം കുരുമൊളകും തേങ്ങേരെ മൂടും. ഒരു കായേങ്കിലും ഇണ്ടായിട്ടാണെങ്കെ വേണ്ടില്ലില്ലാര്‍ന്നു. മിറ്റത്തു നെറച്ചും എലീം കൊമ്പും മാത്രണ്ട്. ഒരു തുണി ഒണങ്ങി കിട്ടണങ്കെ പെരപ്പെറത്ത് കൊണ്ടോയിടണം.

{അത്യാഹിതം സംഭവിച്ചു എന്ന് കരുതി കുളിമുറിയില്‍ നിന്നും അര്‍ദ്ധനഗ്നനായി തോത്തുമുണ്ടില്‍ ഓടിവന്ന കുഞ്ഞോന്‍ സീനുകളെല്ലാം കണ്ട് മനസ്സിലാക്കിയ ശേഷം}

നന്നായോള്ളോ! നിനക്കിതന്നെ വരണം. മിനിഞ്ഞാന്ന് അതീന്ന് ഞാനൊരു പൂവ് പൊട്ടിച്ചേന് എന്നെ നീയെന്തൊക്കെ പറഞ്ഞു!
ബൈ ദി ബൈ മിസ്സീസ്സ് പെണ്ണമ്മിച്ചി, മിസ്റ്റര്‍ അച്ചങ്കുഞ്ഞ് പറഞ്ഞതാണ് കറക്റ്റ്. “പാഷന്‍ ഫ്രൂട്ട് മ്‌ഹും നല്ല പേര്” എന്ന് തൃഷ്ണയിലെ(6) സ്വപ്നയെന്ന ചരക്ക്(7) ഗോപനെന്ന കൊച്ചെറുക്കനോട് (8) പറയുന്ന അതേ പാഷന്‍ ഫ്രൂട്ട്.
“മൈനാകം കടലില്‍ നിന്നുയരുന്നുവോ..” എന്ന ബിച്ചു തിരുമല വരികള്‍ക്ക് ശ്യാമിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ നടന്ന് വരുന്ന മമ്മൂട്ടി.

ആ പാഷനല്ലട കുഞ്ഞോനേ ഈ പാഷന്‍. ഇത് പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ പാഷന്‍ തന്നീണ്. എം.ടി ചെലപ്പൊ തൃഷ്ണ എന്ന് പേരിന് പറ്റ്യോരു ഡയലോഗിണ്ടാക്കീതാവും(9). സംഗതി പക്ഷേ പീഡാനുഭവത്തിലാണ് കെടക്കണേ.

പ്രേമപീഡേലെ പീഡ തന്ന്യലേ പീഡാനുഭവത്തിലേ പീഡ?

അതന്നെ. തെക്കേ അമേരിക്കയില്‍ പോയ സ്പാനീഷ് കത്തോലിക്കാ മിഷണറിമാര്, അവ്ടത്തെ നാട്ടാര് വേദാനാസംഹാരിയായി ഉപയോഗിച്ചേര്‍ന്ന ഈ പഴത്തിന്റെ പൂവിന് പാഷന്‍ ഫ്ലവര്‍ എന്ന് പേരിട്ടത്. ആ പൂവിന്റെ കായ പാഷന്‍ ഫ്രൂട്ട്. ഈ പൂവ് കണ്ടപ്പോ അവര്‍ക്ക് കര്‍ത്താവിന്റെ പീഡാനുഭവം അതില്‍ കാണാന്‍ പറ്റീത്രേ! അതീനാണ് ഇതിനു പാഷന്‍ ഫ്രൂട്ട് എന്ന പേരിണ്ടായത്. അതിന്റെ ഏറ്റോം മോളിലത്തെ മൂന്നു കേസരതുമ്പോള് കര്‍ത്താവിന്റെ കയ്യിലും കാലിലും തറച്ച മൂന്ന് ആണ്യോള്‍, അയിന്റെ താഴെ ഉള്ള കേസരങ്ങള് അഞ്ച് തിരുമുറിവോള്, അയിന്റെ താഴീള്ള നൂല് പോലത്തെ പൂഭാഗം മുള്‍ക്കിരീടം, താഴെ ഉള്ള ദളങ്ങളും പുറമിതളുകളും കര്‍ത്താവിന്റെ 10 ശിഷ്യന്മാര്‍, ചെടിടെ ചുറ്റുവള്ളികള്‍ ചാട്ടവാര്‍.(10) എങ്ങനീണ്ട് അവ‌്‌ര്‌ടെ കാഴ്ച?

10 ശിഷ്യമാരാ? 12 അല്ലേ അച്ചങ്കുഞ്ഞേ?

അത് പണ്ടല്ലേരാ. പീഡാനുഭവസമയത്ത് യൂദാസ് ഒറ്റിക്കൊടുത്തില്ലേ, പത്രോസ് തള്ളീം പറഞ്ഞു. അപ്പോ 12-2 =10 എപ്പടീ?

ആഹാ എന്തൊരു പാഷന്‍! എന്തൊരു പീഡ! അപ്പോ പാറേലും വെള്ളത്തിലും ദോശേലും മൊട്ടാബ്ലേറ്റിലൊക്കെ പടച്ചതമ്പ്‌രാനെ കാണാന്‍ തൊടങ്ങീത് ഇബട്യൊന്നൊടങ്ങ്യാണല്ലേ!

അങ്ങിനെ പറയാന്‍ പാട്‌ല്യാ. പൂവിലും പുല്ലും തൂണിലു തുരുമ്പിലും കര്‍ത്താവുറങ്ങുന്നു എന്ന് പറയണം

തേങ്ങേരേ മൂട്‌ണ്. വെറ്‌തെ ഗുണ്ടടിക്കാണ്ട് ഒന്നു പോയേന്റെ മനുഷ്യാ.

അല്ലറീ പെണ്ണമ്മേ, പട്ടീരെ മൂട്ണ്. പാഷന്‍ ഫ്ലവറിലെ പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞ് ഉത്ഥാനം നടന്നത് പട്ടിരെ മൂട്ടിലാര്‍ന്നു. സംശയണ്ടങ്കെ ദേ നോക്ക്. പട്ടീരെ മൂട്ടീന് കര്‍ത്താവ് ഇറങ്ങി വരണത്!(11)


**************************
1a. പ്രധാനമായും രണ്ട് തരം പാഷന്‍ ഫ്ര്യൂട്ട് (Passiflora edulis) ആണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. പര്‍പ്പിളും (Passiflora edulis L) മഞ്ഞയും (P. edulis f. flavicarpa).ഹാര്‍മാല ആല്‍ക്കലോയിഡുകളും ഫ്ലേവണൊയിഡുകളും കരോട്ടിനോയിഡുകളും ഈ ചെടിയില്‍ (കുറഞ്ഞ അളവില്‍ )കണ്ടു വരുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ മരുന്നുപയോഗ ഗവേഷണത്തില്‍ ധാരാളമായി ഉപയോഗിച്ച് വരുന്നു.
1b. C.O. Chichester, Advances in Food Research, vol.27, Elsevier.

2.R.R Watson et al, Nutri. Res., 28(3),166-171 (2008) "Oral administration of the purple passion fruit peel extract reduces wheeze and cough and improves shortness of breath in adults with asthma"

3.C. A. Rowe et al, J. Med.l Food, 7(4),402-407 (2004) "Inhibition of Neoplastic Transformation of Benzo[α]pyrene-Treated BALB/c 3T3 Murine Cells by a Phytochemical Extract of Passionfruit Juice"

4.R.R Watson et al, Nutri. Res., 27(7),408-416(2007) "Oral administration of purple passion fruit peel extract attenuates blood pressure in female spontaneously hypertensive rats and humans."

5. തെക്കേ അമേരിക്കന്‍ നാട്ടു വൈദ്യത്തില്‍ ഉറക്കമില്ലയ്മക്കും വേദനാസംഹാരിയായും ഉപയോഗിച്ചിരുന്നതിനാല്‍ വ്യാപകമായ തോതില്‍ പാഷന്‍ഫ്രൂട്ട് സിറപ്പ് ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടു. എന്നാല്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ഈ സിറപ്പിനു വലിയ സ്വാധീനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിറപ്പുണ്ടാക്കി വില്‍ക്കുന്നത് പാശ്ചാത്യരാജങ്ങളില്‍ നിരോധിച്ചു. ഇപ്പോള്‍ ധാരളം ഗവേഷണങ്ങള്‍ അതിലെ ആല്‍ക്കലോയിഡുകളിലും മറ്റും നടക്കുന്നു. കൂടുതല്‍

6. ഈ വീഡിയോയിലെ ഏഴാം മിനിട്ടു തുടങ്ങി കാണുക. തൃഷ്ണ- സംവിധാനം-ഐ.വി.ശശി. കഥ, തിരക്കഥ, സംഭാഷണം- എം.ടി വാസുദേവന്‍ നായര്‍. ഗാനങ്ങള്‍ -ബിച്ചുതിരുമല.സംഗീതം-ശ്യാം

7. ചരക്ക് - സെക്സിയായ പെണ്ണ്

8. കൊച്ചെറുക്കന്‍ - കൊച്ചുപുസ്തകം വായിക്കുന്ന പ്രായത്തിലുള്ള/അവസ്ഥയിലുള്ള ചെറുക്കന്‍

9. പാഷന്‍ ഫ്രൂട്ടിലെ പാഷന്‍ ഒട്ടനവധി പേരെ തെറ്റിദ്ധരിപ്പിച്ചീട്ടുണ്ട്. കൂടുതല്‍

10. വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്, ഇലയും, കായും, വേരും പീഡനുഭവത്തിനകത്ത് വരും. വായനക്കാര്‍ക്കും ശ്രമിച്ചു നോക്കാവുന്നതാണ്. കൂടുതല്‍.

11. ഈ പടത്തിനു കടപ്പാട് Bay of Fundie

12. മറ്റുചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

**************************
തൃഷ്ണ സിനിമാത്തരം -4 തൊലിക്കല്‍