Wednesday, February 20, 2008

എക്സിബിഷനിസം

നമുക്കാ സെക്രട്ടാര്‍ട്ടിന്റെ പൊറകില്‍ത്തെ വഴ്യേക്കോറെ കടക്കാറീ കുഞ്ഞോളെ. ടൌണ്‍ഹാളില്‍ക്ക് അതാണ് എളുപ്പം.

എയ് ആ വഴിക്ക് ഞാനില്ല പെണ്ണമ്മിച്ച്യേയ്. ആ വഴീലപ്പിടി എക്സിബിഷന്‍കാരാ.

എക്സിബിഷന്‍ ഇപ്പോ പൂരപ്പറമ്പീന്ന് ഇങ്ങട് മാറ്റ്യാ. അയിനവടെ അയിനുമാത്രം സലവെടീന്?

ഹോ, ഈ പെണ്ണമ്മിച്ചി ഇപ്പളും എഴുപതുകളിലാണൊ ജീവിക്ക്‌ണെ? എക്സിബിഷന്‍കാരു എന്ന്വച്ചാല്‍ എക്സിബിഷനിസം നടത്തണോരു.

എന്ന്വച്ചാല്‍

എന്ന്വച്ചാല്‍ മുണ്ട് പൊക്കി നിക്കണൊരു. ഹൊ ഞാന്‍ തോറ്റു, ഇനി സാധനത്തിന്റെ കൂടെ ഒരു സലത്തിക്കില്ല.

എന്നട്ട് നിങ്ങള് മിണ്ടാണ്ട് നടക്കാണ്? പോലീസിനോട് പറഞ്ഞില്ലേ.

ഹെന്റെ പെണ്ണമിച്ചിയ്, പണ്ട് ടീച്ചറമ്മയായി നടന്ന കാലൊന്നല്ലിത്. പോലീസിനോട് പറഞ്ഞാല്‍ എങ്ങനീന്ന് തെളിവ് കൊടുക്കാ? ഇനിപ്പോ അവന്മാരു ഇവരു എക്സിബിഷന്‍ നടത്തുന്ന കണ്ട് പിടിച്ചാല്‍ ഒരു ഫൈന്‍ ഇടീക്കും മാക്സിമം രണ്ട് ചവ്‌ട്ടും കിട്ട്യേക്കും. എന്തൂട്ട് കാര്യം. അവരു പോയാലുടന്‍ ഇവരു പരിപാടി തുടങ്ങും.

കേരളത്തിന്റെ ഒരു വലിയ ശാപാണിത്.

കേരളത്തിന്റെ മാത്രൊന്നല്ല. ഇന്നാളു ബാങ്കളൂരും കണ്ടു ഇങ്ങന്‌ത്തെ ഒരു ശവീനെ.

എന്നാലവന്‍ മലയാള്യാവും 98% ഒറപ്പ്.

ഒരു നൂറായിരം കാരണങ്ങള്‍ പറയാണ്ടാവും ഈ മാനസിക രോഗത്തിനു. ബസ്സില്‍ തോണ്ടലു, പിച്ചലു, ഇതിന്റൊരു വേറെ പതിപ്പന്നെ. പക്ഷെ നല്ല അസ്സല്‍ തല്ലു കിട്ടാത്തെന്റെ കൊഴപ്പണ് മെയിനായിറ്റും.

അല്ലെറീ കുഞ്ഞോളെ,കേരളത്തില്‍ വിദേശമലയാളീരെ പണത്തിനെ കുറിച്ച് പഠനം നടത്തണെന്റൊപ്പം തന്നെ പഠിക്കേണ്ട്‌ത്ണ് ലൈഗീക ദാരിദ്രം

ഉവ്വാ കുന്താണു കൊടച്ചക്രൊം

ഇനി എക്സിബിഷങ്കാരെ കണ്ടെണ്ടെങ്കെ നീ ഒരു കാര്യം ചെയ്യ് ആ സൈഡില്‍ക്ക് ഒരു സെക്കന്റ് തുറിപ്പിച്ച് നോക്കാ. എന്നട്ട് പറയാ അയ്യോ ഇത്ര ചെറുതാണോ? എന്ന്ട്ട് കിട്ടാവ്‌ന്ന സ്പീഡില്‍ വണ്ടി വിടാ. ഒരു ചെറിയ രോഗി എക്സിബിഷന്‍‌കാരനാനെങ്കില്‍ കോപ്ലക്സ് കാരണം പണ്ടാറങ്ങിക്കോളും. കൊറേ നാളത്തിക്ക് ശല്യണ്ടാവില്ല.

എന്നാപിന്നെ ഇമ്മക്ക് ആവഴി തന്നെ പൂവാം പെണ്ണമ്മിച്ചേയ്

വേണ്ട്രീ എന്തിനാണു വെറ്തെ ഇമ്മക്ക് ഓട്ടര്‍ഷേല് പൂവാം

ഏയ് ഓട്ടര്‍ഷേ..

Tuesday, February 19, 2008

നല്ല സൌഹൃദങ്ങള്‍ പ്രതീക്ഷിക്കുന്നു മൊബൈല്‍:9645678012

കേട്ട്‌റീ കുഞ്ഞോളെ, ഇമ്മടെ സിയാപ്പിയ്ക്ക് ലൈനുണ്ടെന്ന്?

ലൈനാ ആ കടുകുമണിയ്ക്കാ. ആരാണപ്പ അവളെ കണ്ടിഷ്ടപ്പെട്ട ചുള്ളന്‍ ഒന്നു കാണണമല്ലോ.

എടീ ഇതു കണ്ട്‌ള്ള ലപ്പല്ലാന്നു. എസ്.എം.എസ്. ലൈനാണു എസ്.എം.എസ്

അതെന്തൂട്ട് ലൈന്‍?

നിനക്കൊക്കെ എന്നു ബോധം വയ്ക്കെറീ കുഞ്ഞോളേ. നീ. റ്റി. വി ല് പാട്ടൊക്കെ വരുമ്പോ അട്യേക്കോടെ. rinku i lov u mobile: 9973487806 chinku ninne kaanathe innurakam varunnilla mobile 9863769917. nalla sauhridam pratheekshikkunnu mobile 9645678012.എന്നൊന്നും നീ കാണാറില്ലേ?

ഉണ്ട്. സീയാപ്പി ആ ചാനലെ വെയ്ക്കൂ

ആ അതന്യാണു കാര്യം. അങ്ങനെ കണ്ട ഒരു നമ്പറുകാരനോട് പ്രേമാത്രേ.

അയ്യന്റമ്മേ! ശര്യാട്ടാ അവള്‍ക്ക് ഇങ്ങനത്തെ നമ്പറുകള്‍ കാണാണ്ട് പഠിക്കാന്‍ ഭയങ്കര കഴിവാ. ഇന്നാളിന്നട്ട് എന്തൂട്ടങ്ങണ്ട് പറഞ്ഞ് തര്‍ക്കം മൂത്തപ്പോ അവള്‍ പൃഥ്വിരാജിന്റെ നമ്പറ് വിളിച്ചു. കാലക്കേടിന് അയാള് ഫോണെടുത്തു. എല്ലവരും കൂടി ആപ്പിലായപ്പോ ഞാന്‍ അയാളോടെ സോറി പറഞ്ഞു. .

എന്നട്ട് നീയെന്താ ആകാര്യം എന്നോട് പറയാഞ്ഞെ?

ഞാന്‍ കരുതി തമാശയാന്ന്. അവള്‍ക്ക് 17 വയസ്സല്ലേ ആയുള്ളൂ.

എടീ കുഞ്ഞോളേ നീയൊക്കെ ഏതു കാലത്താറീ ജീവിക്കണെ? മൊബൈലില്‍ വിളിച്ച് വിളിച്ച് ഇപ്പോ അവര്‍ക്ക് പിരിയാന്‍ പറ്റില്യാന്ന്. ഞാന്‍ അന്നേ പറ്ഞ്ഞതാ. ഡിഗ്രിക്കാര്‍ക്കൊന്നും മൊബൈലിന്റെ ആവശില്ലാന്ന്.

ഇതെങ്ങന്യാ കുഞ്ഞമ്മിച്ചി അറ്‌ഞ്ഞേ?

അതല്ലേറീ രസം. ഇമ്മടെ വല്യമ്മിച്ചീരെ കുഞ്ഞോനില്ലേ അവനാണിത് വെളിച്ചത്താക്യേ. വല്യമ്മിച്ചിരെ വീട്ടില്‍ ഫോണ്‍ ബില്ലു കൂട്യേപ്പൊ ആ പിശ്‌ക്കി കുഞ്ഞോനേം, അവന്റെ ലൈനിനേം, കൂട്ടുകാരേം ഒക്കെ തെറിയോട് തെറി. സഹിക്കെട്ട് അവന്‍ ബില്ലിന്റെ ഡിറ്റൈത്സ് എടുത്തു നോക്ക്യേപ്പോ അവനറിയാത്ത കുറേ നമ്പറുകള്‍. പിന്നെ കുഞ്ഞോന്നും, ഉണ്ണിമോനും കുട്ടനും ഇവളുമാരടെ പുറകെ നടന്നു.ഇവളുമാരു വല്യമ്മച്ചിരെ വീട്ടില്‍ ആരൂല്യാത്തപ്പോ അവ്ടന്നും വിളിക്കാറുണ്ടെന്ന്.

ഇവളുമാരാ? അപ്പോ മൂന്നാള്‍ക്കും ഉണ്ടാ?

ഉണ്ടൊന്ന് ഇന്നാളവരു നിനക്ക് കത്തെഴുതീലേ അത് വെറ്‌തെ ഒന്നല്ല. മൂന്നാള്‍ക്കും ഉണ്ട് ഒരോരുത്തര്‍. റ്റി.വി ല് കാണണ നമ്പറിലേയ്ക്ക് എസ്.എം.എസ് അയക്കലാത്രെ ഇവരടെ ഹോബി.


ദേ കുഞ്ഞോളെ നിന്റെ ഫോണ്‍ അടിക്കുണു. ഞാനീ മീന്‍ നന്നാക്കി തീര്‍ക്കട്ടെ.

ഹലോ ... ഇത് നൈന്‍ സിക്സ് ഫൌര്‍ ഫൈവ് സിക്സ് സെവന്‍ എയിറ്റ് സീറോ വണ്‍ റ്റു ആണോ? കിരണ്‍ റ്റി.വി യില്‍ ഈ നമ്പര്‍ കണ്ടു. കുഞ്ഞോളല്ലേ? ഞാന്‍ കുഞ്ഞച്ഛന്‍. നമുക്ക് ഫ്രന്‍‌ണ്ട്സാവാം..

കുഞ്ഞോള്‍ ആത്മഗതം.

അതെന്താ ആ പൊടികള്‍ക്കൊക്കെ ആവാമെങ്കില്‍ എനിക്ക് എസ്.എം.എസ് അയക്കാന്‍ ഒരാളെ കിട്ടിയാല്‍ കയ്ക്കോ?

Monday, February 18, 2008

എരപ്പാളീരെ മോള്

പെണ്ണമ്മിച്ച്യേയ്.. ഇതു നോക്ക്യേന്‍ ഇമ്മടെ സുനാപ്പികള്‍ടെ കത്ത്. ഞാന്‍ ചിര്‍‌ച്ചിര്‍ച്ച് ചത്തു.

ഞാനീ പുളിശ്ശേരി കൂട്ടാന്‍ ഇണ്ടാക്ക്‌ട്ട്‌റീ കുഞ്ഞോളേ. നീ വായ്‌ക്ക്.

ഇതെങ്ങെന്യാ പെണ്ണമ്മിച്ചിയ്ക്ക് ഇത്ര കട്ടതൈര് ഇണ്ടാക്കാന്‍ പറ്റ്ണെ? വീട്ടില്‍ അമ്മിച്ചി ഇണ്ടാക്ക്യാ എപ്പളും മൂത്രവെള്ളം പോലീണ്ടാവും.

അത് എളുപ്പലേരി. നിന്റമ്മ പാലുകാച്ചി തണുപ്പിച്ച്, അയില്‍ക്ക് മോരൊഴിച്ച് എളക്കി വെക്കിണ്ടാവും. അങ്ങനെ ഒന്നും ചെയ്യണ്ടാ. രണ്ട് സ്പൂണ്‍ മോരെടുത്ത് ഒറ ഒഴിക്കണ പാത്രത്തില്‍ക്ക് ഒഴിച്ച് പാത്രത്തിന്റെ എല്ലാട്‌ത്തിയ്ക്കും ചുറ്റിക്യാ. എന്നട്ട് കാച്ചിയ പാലു എളം ചൂടില് അയില്‍ക്ക് ഒഴിക്കാ. പിന്നെ തൊടാന്‍ പൂവരുത്. പിറ്റേസം നല്ല കട്ടത്തൈരായീന്റാവും.

ആ.. നീ ചിര്‍ച്ച കാര്യം വായിക്ക്

... പിന്നെ കുഞ്ഞോളെ, ഞാനും കുഞ്ഞാപ്പിയും, വല്യാപ്പിയും കൂടി ജീവിതത്തെ വേറൊരു രീതിയില്‍ സ്വപ്നം കണ്ടു.പറമ്പില്‍ പണീട്ക്കണ അപ്പന്മാരും, ജോലിയില്ലാത്ത അമ്മമാരും, പഠിക്കാന്‍ മിടുക്കരല്ലാത്ത ചേട്ടന്മാരും. ബോറടിക്കില്ലേ. അതുകൊണ്ട് ഞങ്ങളവരെയൊക്കെ ഒന്നു മാറ്റി. സ്വപ്നത്തില്‍ എന്റെ അച്ഛനും അമ്മയും ഗള്‍ഫിലാണ്. ചേട്ടന്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. അതാണ് എന്റെ ഫാമിലി. അതില്‍ ഞാന്‍ എര്‍ണാകുളത്ത് ബി.എ സൈക്കോളജി സെക്കന്റ് ഇയര്‍ പഠിക്കുന്ന ഒരു അടിച്ചു പൊളി വിദ്യാര്‍ത്ഥിനി. വല്യാപ്പിയുടെ അച്ഛനും അമ്മയ്ക്കും ബാങ്കില്‍ ജോലി. ചേട്ടന്‍ ആലപ്പാട്ടില്‍ മാനേജര്‍. അവളും എന്നോടൊപ്പം എര്‍ണാകുളത്ത് ബി.എ. ഹിസ്റ്ററി തേര്‍ഡ് ഇയര്‍. കുഞ്ഞാപ്പിയുടെ അച്ഛനും അമ്മയും ജര്‍മനിയില്‍ വര്‍ക്ക് ചെയ്യുന്നു. ചേട്ടന്‍ ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു. ഇപ്പോള്‍ രണ്ടാം വര്‍ഷം. അവള്‍ ബി.എ. ഇംഗ്ലീഷ് ഒന്നാം വര്‍ഷം. ഞങ്ങള്‍ മൂന്നാളും ഒരുമിച്ച് ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു. അവിടെ ഒരു സെര്‍വന്റും ഉണ്ട്. മൂന്നാള്‍ക്കും ഒരോ ബോയ്‌ഫ്രെന്‍ഡും ഉണ്ട് കേട്ടൊ. ഇനി ഞങ്ങടെ പേരറിയണ്ടെ? ഒരാള്‍ അപര്‍ണ്ണ (സീയാപ്പി) ദിവ്യ (വല്യാപ്പി) അശ്വതി (കുഞ്ഞാപ്പി). ഇത് ഞങ്ങള്‍ ഇവിടെ എല്ലാവരോടും പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ കളിയാക്കി. എന്താ ഇങ്ങനെയൊക്കെ സംഭവിച്ചു കൂടെ? അടുത്ത ജന്മത്തിലെങ്കിലും ഉണ്ടാകും.....

പെണ്ണമ്മിച്ച്യേയ്.. ഏയ്.. എന്ത് പറ്റി? കാറ്റ് പോയാ?

അയ്യടീ മനമേ.. ഇവളുമാരു ഈയടുത്താണോ മഴയെത്തുംമുന്‍പേ കണ്ടത്?

വെറ്ത്യല്ല ആ സുനാപ്പികളൊരക്ഷരം പഠിക്കണ്ടെ മന്ദലം‌മയങ്ങി നടക്കണ്‌ത്.

എന്റെയൊക്കെ ചെറുപ്പത്തില് എങ്ങനെ അപ്പന്റേം ആങ്ങളേടേം തണലീന്ന് സ്വന്തം കാലില് നിക്കാന്നാര്‍ന്നു വിചാരം. നിന്റൊക്കെ തലമുറയായപ്പോ ഞാങ്കരുതി ഇപ്പോ വരും സ്ത്രീ സമത്വം‌ന്ന്. എവടെ? കണ്ടില്ലേ,ഇപ്പഴ്ത്തെ ക്‍ടാങ്ങള്‍ടെ കാര്യം.സ്വന്തം തന്തതള്ളാരെ മാറ്റി, പേരും മാറ്റി. പക്ഷേ സ്വന്തം സ്വത്വബോധം മാത്രം ദേ കെട്ക്ക്‌‍ണ് പാതാളത്തില്. കല്യാണോളജി പഠിക്കണു മൂന്നെണ്ണോം.. . അവളുമാര്‍ക്കാര്‍ക്കും ഡോക്ടറും എഞ്ചിനീറും മാനേജരുമൊന്നുമാവണ്ടാ..കഷ്ടം.പണ്ട്‌ള്ളോര് പറയണതെത്ര ശര്യാ

പിശൂക്കീരെ മോള് അറുപിശുക്കി
അറുപിശുക്കീരെ മോള് ധാരാളി
ധാരാളീടെ മോള് എരപ്പാളി
എരപ്പാളീരെ മോള്...